പ്രണയം
Story written by Neelima
===============
ബസ്സ് ഇറങ്ങി വീട്ടിലേയ്ക്ക് നടക്കുമ്പോൾ ആ കാലടിയൊച്ച എന്നെ പിന്തുടരുന്നത് അറിയുന്നുണ്ടായിരുന്നു. അറിയാതെ ചുണ്ടൊരു പുഞ്ചിരി പൂവായി വിടർന്നു.
ഇതിപ്പോൾ പതിവാണ്. ആദ്യമൊക്കെ വല്ലാത്ത ദേഷ്യം തോന്നിയിരുന്നു. എന്തിനാണ് എന്നും എന്റെ പിറകെ ഇങ്ങനെ വരുന്നതെന്ന് ചിന്തിച്ചിരുന്നു. പക്ഷെ, ഇപ്പോൾ ആ പദചലനത്തിന്റെ ആഭാവമാണെന്നെ നോവിക്കാറ്.
ആരാണെന്നറിയില്ല. പേരോ, വീടോ, നാടോ ഒന്നുമറിയില്ല. എന്തിനാണിങ്ങനെ എന്റെ പിറകെ കൂടിയിരിക്കുന്നതെന്നുകൂടി അറിയില്ല. ഒരിക്കൽപ്പോലും അയാളെന്റെ മുന്നിലേയ്ക്ക് വന്നിട്ടില്ല. എന്നോടൊരു വാക്ക് പോലും സംസാരിച്ചിട്ടില്ല. ഒരുതരത്തിലുമെന്നെ ശല്യം ചെയ്തിട്ടില്ല.
തനി നാട്ടിൻ പുറമാണ്. ബസ്സ് സ്റ്റോപ്പിൽ നിന്നും വീട്ടിലേയ്ക്ക്, ഏതാണ്ട് പതിനഞ്ചു മിനിറ്റോളം നടക്കാനുണ്ട്. ബസ് ഇറങ്ങിയാൽ കവലയിലെ കൃഷ്ണൻ മാമന്റെ ചായക്കട വരെ എന്റെ പിറകെ ഇങ്ങനെ നടക്കും, കൃത്യമായ ഒരകലം പാലിച്ചു കൊണ്ട്. അവിടെ നിന്നും വീട്ടിലേയ്ക്കുള്ള ഇടവഴി കയറിക്കഴിഞ്ഞാൽ പിന്തുടരുന്ന കാലടികൾ അകന്ന് പോകും. അപ്പോൾ മാത്രം ഞാനൊന്ന് തിരിഞ്ഞ് നോക്കും. എന്റെ ഹൃദയത്തിലെവിടെയോ ഒരു കുഞ്ഞ് പുളിയനുറുമ്പ് കടിച്ചു പിടിക്കും.
വീട്ടിലേയ്ക്ക് നടക്കുമ്പോൾ ചിന്തകളിൽ അയാളായിരുന്നു. ഇരുനിറത്തിൽ മെലിഞ്ഞു നീണ്ടൊരു മനുഷ്യൻ! പേരുടുത്തു പറയാനായി പ്രത്യേകതകളേതുമില്ല. ആ മുഖത്തെപ്പോഴും തെളിഞ്ഞു കാണാറുള്ള നനുത്ത പുഞ്ചിരിയല്ലാതെ…..ഇരുപത് വയസിനടുത്തു പ്രായമുണ്ടായിരിക്കണം. ഊഹമാണ്….
ആദ്യമായി ആളെന്നെ പിന്തുടരുകയാണെന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ പരിഭ്രമമിപ്പോൾ പൂർണമായും വിട്ട് പോയിരിക്കുന്നു.
ബസ് ഇറങ്ങിയ ശേഷം മുന്നോട്ടുള്ള ഒരോ കാലടിയിലും, പിറകിൽ ആ പദചലനത്തിനായാണ് ഞാൻ കാതോർക്കാറ്.
സ്ലിപ്പർ ആണ് ധരിക്കാറുള്ളതെന്ന് തോന്നുന്നു. നടക്കുമ്പോഴുള്ള ആ ടപ്പ് ടപ്പ് ശബ്ദം അത്ര വ്യക്തതയോടെ കേൾക്കുന്നത് അതിനാലാകണം. എന്തായാലും, ഒരു ദിവസം ആ ശബ്ദം കേൾക്കാതായാൽ മനസ്സിനൊരു വിങ്ങലാണ്. പിറ്റേന്ന് ബസ്സ് ഇറങ്ങി മുന്നോട്ട് നടക്കുമ്പോഴും, കേൾക്കാൻ കൊതിക്കുന്ന ആ ശബ്ദത്തിനായി കാതുകൾ ജാഗരൂകരായിരിക്കും.
ആശ്ചര്യം തോന്നിയിട്ടുണ്ട്.
മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ എന്റെ മനസ്സ് ആ പദചലനത്തിന് കാതോർക്കുന്നത് എന്തിനായിരിക്കുമെന്നോർത്ത്….പിന്നീട്, കാതിലേയ്ക്കെത്തുന്ന കാലടിശബ്ദത്തിൽ മനം, മഴയിൽ കുതിർന്ന മയൂരത്തെപ്പോലെ ആനന്ദനൃത്തമാടുന്നതിന്റെ കാരണമെന്താവുമെന്നോർത്ത്….
കുറേ ഏറെ ചോദ്യങ്ങൾ….
കാണണമെന്ന് ആശിക്കുമ്പോഴും കണ്ണുകളെ പിറകിലേയ്ക്ക് പായാതെ ഞാൻ പിടിച്ചു വയ്ക്കുന്നത് എന്തിന് വേണ്ടിയാണെന്നോർത്ത് അത്ഭുതപ്പെടും!
അതിന്റെ ഉത്തരം സ്പഷ്ടമാണ്. ആ മനുഷ്യൻ എന്നിൽ സ്വാധീനം ചെലുത്തുന്നുണ്ട്. അത് പക്ഷെ, സമ്മതിച്ചു തരാൻ മനസ്സ് ഒരുക്കമല്ല. ആള് ഒരുതരത്തിലും എന്നെ സ്വാധീനിക്കുന്നില്ല എന്ന് എന്നെത്തന്നെ വിശ്വസിപ്പിക്കാനായാണ് കണ്ണുകൾക്ക് വിലങ്ങിടുന്നത്. മനസ്സിന്റെ കാപട്യം!
മനസ്സൊരു കള്ളനാണ്. ചിലതൊക്കെ മനസ്സിലായാലും, മനസ്സിലായില്ല എന്നവൻ നടിച്ചു കളയും!
വീടിന്റെ ഗേറ്റ് കടന്ന് ഉള്ളിലേയ്ക്ക് ചെല്ലുമ്പോൾ, അമ്മ ചെടികൾ നനച്ചു കൊണ്ട് മുറ്റത്ത് തന്നെയുണ്ടായിരുന്നു.
“എന്താ അമ്മൂസേ ഒരു ചിരി? “
“മ്ച്ചും “
അമ്മയെ നോക്കി കണ്ണ് ചിമ്മി, ചുമൽകൂച്ചി ഒരു കള്ളച്ചിരി ചിരിച്ചു കൊണ്ട് വീടിനുള്ളിലേയ്ക്ക് ഓടിക്കയറി.
“ചിരിച്ചു കളിച്ചു നടക്കാതെ നന്നായി പഠിക്കണം കേട്ടോ. പ്ലസ് ടൂ ആണ്. പരീക്ഷ ഇങ്ങെത്താറായി. “
അമ്മ വിളിച്ചു പറയുന്നത് കേട്ടു. മറുപടി നൽകിയില്ല.
മുറിയിലേയ്ക്ക് കയറുമ്പോഴും പിറകിൽ ആ പദനിസ്വനം കേൾക്കുന്നത് പോലെ…വെറുതെ ഒന്ന് തിരിഞ്ഞു നോക്കി. നോക്കിയിടം ശൂന്യമായിരുന്നു.
അറിയാതെ ചിരിച്ചു പോയി…..
*************
ദിനങ്ങൾ കൊഴിഞ്ഞു വീണു….
ഒരോ ദിവസവും ആളെന്റെ മുന്നിൽ വന്ന് നിൽക്കുമെന്ന് ഞാൻ പ്രതീക്ഷിക്കും. എന്നോട് സംസാരിക്കുമെന്നും, ഇഷ്ടമാണെന്ന് പറയുമെന്നും പ്രതീക്ഷിക്കും. ആ പ്രതീക്ഷ എന്നിൽ ഒരേ സമയം പരിഭ്രമവും സന്തോഷവും നിറയ്ക്കും.
പ്രതീക്ഷിച്ചതൊന്നും സംഭവിച്ചില്ല എന്ന് മാത്രം.
പ്ലസ് ടു പരീക്ഷ കഴിഞ്ഞു. ഒരുവിധം നന്നായിത്തന്നെ എഴുതാനായത് മനസ്സിന് ആശ്വാസം പകർന്നു. അതുവരെ അനുഭവപ്പെട്ടിരുന്ന പിരിമുറുക്കത്തിന് അയവ് വന്നു.
പരീക്ഷയുണ്ടായിരുന്ന ദിവസങ്ങളിലൊന്നും ആളിനെ കണ്ടതേയില്ല. സ്കൂളിൽ നിന്നും തിരികെ വരുന്നത് പതിവ് സമയത്ത് അല്ലാത്തതിനാലാകുമെന്ന് സ്വയം ആശ്വസിച്ചു.
വീട്ടിലായിരുന്ന ഒരോ ദിനവും പിറകിൽ ആ കാലൊച്ച കേൾക്കാനായെങ്കിലെന്ന് വല്ലാതെ കൊതിച്ചു. അതിന്റ അഭാവം എന്നെയാകെ തളർത്തി. അമ്മയോടും അനിയനോടും പോലും അനാവശ്യമായി ദേഷ്യം കാണിച്ചു.
അതൊരു തിരിച്ചറിവായിരുന്നു. പേര് പോലുമറിയാത്തൊരാളെന്റെ പ്രണയമായി മാറിയിരിക്കുന്നു എന്ന തിരിച്ചറിവ്!
നിയന്ത്രിക്കണമായിരുന്നു എന്റെ മനസിനെ. അതിനായി പരിശ്രമിക്കണമായിരുന്നു. അപ്പോഴും എന്നിലെ ഇഷ്ടത്തെ വിട്ടുകളയാനെനിക്ക് കഴിയുമായിരുന്നില്ല.
എന്റെ പ്രണയം…അങ്ങനെ തന്നെ ഞാൻ അതിനെ വിശേഷിപ്പിച്ചു, അങ്ങനെ വിളിക്കാമോ എന്നറിയുമായിരുന്നില്ല, എങ്കിലും…അതിനെ ഞാനെന്റെ ഹൃദയത്തിലേയ്ക്ക് ചേർത്തുവച്ചു. ഇടയ്ക്കതെന്റെ ഹൃദയഭിതിയിൽ സുഖമുള്ള പ്രകമ്പനം തീർത്തു. ഹൃദയം വിറച്ചു. ഒരു കാഴ്ചയ്ക്കായി മനസ്സ് കൊതിച്ചു. നേർത്ത ദലമർമ്മരം പോലെ ആ കാലൊച്ചയും എന്റെ സ്വപ്നങ്ങൾക്ക് കൂട്ടുവന്നു…
ഒരു പതിനേഴുകാരിയുടെ ചാപല്യമായിരുന്നിരിക്കാം. പക്ഷെ, ഞാനത് ആസ്വദിച്ചിരുന്നു. എന്റേത് മാത്രമായ നിമിഷങ്ങളിൽ….അല്ലാത്തപ്പോഴൊക്കെയും എന്റെ ഹൃദയത്തിൽ മാത്രമായി ചിന്തകളെ തളച്ചിടാൻ ഞാൻ ശീലിച്ചു കഴിഞ്ഞിരുന്നു.
**************
കുഞ്ഞ് നാളിൽ സപ്ത സ്വരങ്ങളോട് തോന്നിയൊരിഷ്ടം പതിയെ പുസ്തകങ്ങളോടുള്ള പ്രണയമായി പരിണമിച്ചിരുന്നു. അത് കൊണ്ടുതന്നെയാണ് ഡിഗ്രിയ്ക്ക് ഐശ്ചിക വിഷയമായി മലയാളസാഹിത്യം തിരഞ്ഞെടുത്തതും. അതിനും എത്രയോ മുൻപ് തന്നെ പുസ്തകങ്ങൾ എന്റെ സുഹൃത്തുക്കളായി മാറിക്കഴിഞ്ഞിരുന്നു.
സ്കൂൾ മാഗസീനിലാണ് എന്റെ കഥ ആദ്യമായി അച്ചടി മഷി പുരണ്ടത്. അക്ഷരങ്ങൾ കഥകളും കവിതകളുമായി എന്റെ പുസ്തകത്താളുകളിൽ നിറയാൻ തുടങ്ങിയത് ആളിനോട് ഉള്ളിലൊരിഷ്ടം തോന്നിത്തുടങ്ങിയതിനു ശേഷമാണെന്ന് മാത്രം…!അക്ഷരമുത്തുകളെ പ്രണയനൂലിൽ കോർത്ത് വാക്കുകളും വാക്യങ്ങളുമാക്കി രചിച്ച എത്രയോ കവിതകൾ ഇന്നുമെന്റെ പുസ്തകത്താളുകളിൽ പ്രണയത്തിന്റെ മാസ്മരിക സുഗന്ധം ആസ്വദിച്ച് വിശ്രമം കൊള്ളുന്നുണ്ട്….
എഴുതുന്ന കഥകളിലും കവിതകളിലും ഇതിവൃത്തം പ്രണയം മാത്രമായത് ഉള്ളിൽ ആ മുഖം ഒളിമങ്ങാതെ ശോഭിച്ചത് കൊണ്ടാകണം.
ഉള്ളിലെ പ്രണയം എഴുതി തീർക്കാമെന്ന് എന്നോ വ്യാമോഹിച്ചിരുന്നു. എഴുതി തുടങ്ങിയപ്പോഴാണ് എന്റെ ഹൃദയമൊരു മഷി വറ്റാത്ത തൂലികയാണെന്ന് തിരിച്ചറിയുന്നത്. ആ തൂലികയിൽ പ്രണയം നിറച്ചെഴുതുന്ന ഒരോ അക്ഷരങ്ങളിലും തെളിയുന്നത് ഒരാളിന്റെ മാത്രം പുഞ്ചിരിയായിരുന്നു….അപ്പോഴൊക്കെയും ഒരുമാത്ര കാണാൻ, ഒരുവേള ആ പദനിസ്വനത്തിന് കാതോർക്കാൻ ഉള്ളം വല്ലാതെ കൊതിച്ചിരുന്നു….
***************
ആർക്കു വേണ്ടിയും കാത്ത് നിൽക്കാതെ കാലചക്രം പിന്നെയും കറങ്ങി.
ഡിഗ്രിയും ബി എഡും പൂർത്തിയാക്കി. രണ്ട് വർഷത്തോളം പി എസ് സി യുമായി മൽപ്പിടിത്തം നടത്തിയ ശേഷമാണ് ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ, നാട്ടിൽത്തന്നെയൊരു ഗവണ്മെന്റ് സ്കൂളിൽ ഹൈസ്കൂൾ അദ്ധ്യാപികയായി ജോലിയ്ക്ക് കയറുന്നത്.
അപ്പോഴേയ്ക്കും സോഷ്യൽ മീഡിയയിലെ ചില എഴുത്ത് ഗ്രൂപ്പുകളിൽ കഥകളെഴുതാൻ തുടങ്ങിയിരുന്നു. എന്റെ അക്ഷരങ്ങളെ സ്നേഹിക്കുന്ന കുറേയേറെ സൗഹൃദങ്ങൾ ലഭിക്കുകയും ചെയ്തു.
***************
സ്കൂളിൽ നിന്നും വീട്ടിലെത്തുമ്പോൾ അന്നും വല്ലാതെ ക്ഷീണിതയായിരുന്നു. കുളിച്ച് വസ്ത്രം മാറി ഡൈനിംഗ് റൂമിൽ ചെല്ലുമ്പോൾ അമ്മയും അമ്മൂമ്മയും ചായയുമായി കാത്തിരിപ്പുണ്ട്. ചൂട് ചായ ചുണ്ടോടടുപ്പിക്കുമ്പോഴേയ്ക്കും വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങി. മനസ്സ് മടുത്താണ് മുറിയിലേയ്ക്കെത്തിയത്. മൊബൈലെടുത്ത് ഏറെ പ്രിയമുള്ള പാട്ട് വച്ചു. ഹെഡ് സെറ്റ് ചെവിയിലേയ്ക്ക് തിരുകി കട്ടിലിലേയ്ക്ക് ചാഞ്ഞു. യേശുദാസിന്റെ സ്വരമാധുരിയിൽ ആ സുന്ദരഗാനം കാതിലൂടെ ഹൃദയത്തിൽ വീണലിഞ്ഞു….
“പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം “
ഏതോ സുന്ദര സ്വപ്നത്തിൽ മുഴുകി കണ്ണുകളടച്ചു കിടക്കുമ്പോഴാണ് മൊബൈൽ ചെറുതായി വിറയ്ക്കുന്നത്. എഫ് ബിയിലെ ഏതോ സാഹിത്യഗ്രൂപ്പിൽ നിന്നുള്ള നോട്ടിഫിക്കേഷനാണ്. വെറുതെ തുറന്ന് നോക്കി.
ചെറുകഥ രചനാമത്സരം. വിഷയം “ആദ്യപ്രണയം….” എന്നെയും ടാഗ് ചെയ്തിട്ടുണ്ട്.
സാധാരണ മത്സരങ്ങളിൽ പങ്കെടുക്കാറില്ല. ഇതിൽ എന്ത് കൊണ്ടോ പങ്കെടുക്കണമെന്ന് തോന്നി. കണ്മുന്നിൽ പുഞ്ചിരിക്കുന്നൊരു മുഖം തെളിഞ്ഞപ്പോൾ അറിയാതെ ചുണ്ടുകൾ വിടർന്നു.
നോട്ട് ബുക്കും പേനയും എടുത്ത് വച്ചു.
പറയാൻ മറന്ന പ്രണയം….
പേജിനു മുകളിലായി എഴുതി അടിവരയിട്ടു.
*****************
പെറ്റു പെരുകാനായി കുഞ്ഞ് നാളിലെന്നോ പുസ്തകത്താളിൽ സൂക്ഷിച്ചു വച്ച മയിൽപീലി പോലെ, എന്റെ പ്രണയത്തെ ഞാനെന്റെ ഹൃദയപുസ്തകത്തിൽ സൂക്ഷിച്ചു വച്ചു. ഇന്നുമത് പ്രണയത്തിന്റെ മയിൽപീലി കണ്ണുകൾ തുറന്നു വച്ച് ആ പുസ്തകത്താളുകളിൽ ഒളിഞ്ഞിരിപ്പുണ്ട്. നാളെയുടെ പ്രഭാതയത്തിൽ, വിടർന്ന കണ്ണുകളോടെ എന്റെ പ്രണയാകാശത്തെ നോക്കുവാനായി മാത്രം!
ഇന്നും, ഒരു മറവിയ്ക്കും മായ്ക്കാനാകാത്തൊരു പുഞ്ചിരിയുണ്ടെന്റെയുള്ളിൽ….കണ്ണുകളിലൂടെ ഹൃദയത്തിൽ പതിഞ്ഞു പോയൊരു പുഞ്ചിരി!
മനസ്സിൽ തെളിയുന്ന, ആ പുഞ്ചിരിക്കുന്ന മുഖമാണെന്റെ ചൊടികളിൽ ഏറ്റവും സുന്ദരമായ പുഞ്ചിരി വിരിയിച്ചിട്ടുള്ളത്. അതേ മുഖമാണെന്റെ ഹൃദയത്തിന് ഏറ്റവും വലിയ വേദന സമ്മാനിച്ചിട്ടുള്ളതും….ഒന്നെനിക്കറിയാം….പ്രണയമാണവനോടെനിക്ക്….ഈ നിമിഷവും ഞാനവനെ പ്രണയിക്കുന്നു!
‘അവസാനിച്ചു’ എന്നെഴുതി അതിനു താഴെയായി രണ്ട് വാക്കുകൾ കൂടി എഴുതി ചേർത്തു.
നിന്റെ ഓർമ്മയ്ക്ക്….
എഴുതി നിർത്തുമ്പോൾ കണ്ണിൽ നിന്നും രണ്ട് തുള്ളി അടർന്ന് മൊബൈൽ സ്ക്രീനിലേയ്ക്ക് വീണ് ചിതറി.
പോസ്റ്റ് ചെയ്തുകഴിഞ്ഞ് മൊബൈൽ ഓഫ് ആക്കി വച്ച് കണ്ണുകളടച്ചു കിടന്നു. ഏറെ നേരത്തിനു ശേഷമാണ് പിന്നീടത് ഓൺ ചെയ്തു നോക്കിയത്. എഫ് ബിയിൽ നോട്ടിഫിക്കേഷൻസ് നിറഞ്ഞു കിടപ്പുണ്ട്.
‘കവിത പോലെ മനോഹരം’ എന്ന് തുടങ്ങി ഖണ്ഡികകൾ നീളമുള്ള അഭിപ്രായങ്ങളും അഭിനന്ദനങ്ങളും. കണ്ട് കണ്ണും മനസ്സും നിറഞ്ഞു. ഓരോന്നിനും മറുപടി നൽകിയ ശേഷമാണ് മെസ്സഞ്ചർ തുറന്നത്. അവിടെയുമുണ്ട് സുഹൃത്തുക്കളുടേതും അല്ലാത്തതുമായി ഒരുപാട് സന്ദേശങ്ങൾ.
വായിച്ച് പോകുന്നേരം ഒന്നിൽ എന്റെ മിഴികൾ ഉടക്കി. അത് ഇപ്രകാരമായിരുന്നു.
‘ഒരു കൈയ്യകലത്തിനിപ്പുറം നിന്റെ നിഴലായി നടക്കാൻ ഞാനിന്നും കൊതിക്കുന്നു. പ്രണയമാണ്…അന്നും…ഇന്നും…എന്നും…നിന്നോട് മാത്രം!’
ഹൃദയത്തിൽ എന്തോ കൊളുത്തി വലിച്ചത് പോലെ. കൃഷ്‌ണമണികൾ സന്ദേശകന്റെ പേര് തിരയുന്ന നേരം ഹൃദയതാളം വല്ലാതെ മുറുകിയിരുന്നു.
സായ് കൃഷ്ണ!
ആ പ്രൊഫൈൽ തുറക്കാനായി നീണ്ട വിരൽ പോലും വല്ലാതെ വിറച്ചിരുന്നു. ഒരു പുസ്തകവും അതിനുള്ളിൽ തുറന്ന് വച്ചൊരു പേനയുമായിരുന്നു പ്രൊഫൈൽ പിക്ചർ. അധികം ആക്റ്റീവ് അല്ലാത്തൊരു പ്രൊഫൈലാണെന്ന് തോന്നി. വിരലുകൾ പ്രിയമുള്ളതെന്തോ കണ്ടെത്താനുള്ള വ്യഗ്രതയോടെ ധൃതിയിൽ തിരഞ്ഞു കൊണ്ടിരുന്നു.
ഒടുവിൽ അത് കണ്ടെത്തുമ്പോൾ മനവും മിഴിയും ഒരുപോലെ നിറഞ്ഞു പോയിരുന്നു.
കൈകൾ മാറിൽ പിണച്ചു കെട്ടി ബൈക്കിൽ ചാരി നിൽക്കുന്ന രൂപം. എന്റെ മനം കവർന്ന അതേ പുഞ്ചിരിയോടെ…..
എത്ര നേരം അതിലേക്ക് നോക്കിയിരുന്നുവെന്നറിയില്ല. കണ്ണുകൾ നിറഞ്ഞതും ചുണ്ടുകൾ വിതുമ്പിയതും സങ്കടം കൊണ്ടായിരുന്നില്ല. നഷ്ടമായി എന്ന് കരുതിയിരുന്ന നിധി തിരികെ കിട്ടിയ സന്തോഷം മാത്രമായിരുന്നു ഉള്ളിൽ.
ആ സന്ദേശത്തിന് എന്ത് മറുപടി നൽകണമെന്ന് എനിക്കറിയില്ലായിരുന്നു. ഒരു ഹൃദയ ചിഹ്നം അയക്കാൻ മാത്രമേ അപ്പോഴെന്റെ കൈകൾക്ക് ശക്തിയുണ്ടായിരുന്നുള്ളൂ….പക്വതയുള്ള ഒരദ്ധ്യാപികയിൽ നിന്നും ചാപല്യങ്ങൾ നിറഞ്ഞൊരു പതിനേഴുകാരിയിലേയ്ക്ക് എന്റെ മനസ്സ് ഇതിനോടകം ചേക്കേറിയിരുന്നു.
***************
പിറ്റേന്ന് ധൃതി പിടിച്ച് ബസ് സ്റ്റോപ്പിൽ എത്തുമ്പോഴേയ്ക്കും പതിവ് ബസ് പോയിക്കഴിഞ്ഞിരുന്നു. ഓട്ടോയിൽ പോകേണ്ടി വരുമല്ലോ എന്ന് ചിന്തിച്ചപ്പോഴേയ്ക്കും ഒരോട്ടോ മുന്നിൽ കൊണ്ട് വന്ന് നിർത്തി. ഡ്രൈവിംഗ് സീറ്റിലെ ആളിനെക്കണ്ട് നന്നായി ഞെട്ടി.
” ടീച്ചറിനെ നോക്കി വന്നതാ. പോയിക്കാണുമോയെന്ന് പേടിയുണ്ടായിരുന്നു.”
പരിചിതനെപ്പോലെയാണ് സംസാരം.
ഓട്ടോയിലേയ്ക്ക് കയറിയിരിക്കുമ്പോഴും ഹൃദയം ദ്രുതഗതിയിൽ മിടിക്കുന്നുണ്ടായിരുന്നു.
“ടീച്ചറിന് എന്നെ ഓർമ്മയുണ്ടോ?”
മുന്നിൽ നിന്നും ചോദ്യം വരുമ്പോഴേയ്ക്കും എന്റെ ഹൃദയതാളം സാധാരണ ഗതിയിലേയ്ക്കെതിയിരുന്നു.
“മറക്കില്ല.”
അറിയാതെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു.
പെട്ടെന്നുള്ള തിരോധാനത്തിന്റെ കഥ ചോദിക്കാതെ തന്നെ ആള് പറഞ്ഞു തന്നു.
“അച്ഛൻ ഓട്ടോ ഡ്രൈവറാണ്. ഞാൻ ഡിഗ്രി കഴിഞ്ഞ സമയത്ത് അച്ഛനൊരു ആക്‌സിഡന്റ് പറ്റി. കാലൊടിഞ്ഞു. വേറെ വരുമാനം ഒന്നും ഇല്ലായിരുന്നത് കൊണ്ട് പിന്നീട് ഏതാണ്ട് ഒരു വർഷത്തോളം ഞാനാ ഓട്ടോ ഓടിച്ചത്. ഒരു ദിവസം അനിയത്തിയെ സ്കൂളിൽ ആക്കാൻ പോയപ്പോഴാ ആദ്യമായിട്ട് ടീച്ചറിനെ കാണുന്നത്. പിന്നെ അവളെ വിളിക്കാൻ ബസ് സ്റ്റോപ്പിൽ വരുമ്പോഴും ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്. ഒരിക്കൽ ഇവിടെ ഒരൊട്ടം വന്നപ്പോ യാദൃശ്ചികമായി ടീച്ചർ ഇവിടെ ബസ് ഇറങ്ങുന്നത് കണ്ടു. എന്തോ ഒരിഷ്ടം തോന്നിയിരുന്നു. ബസ്സിന്റെ സമയമാകുമ്പോ കുറച്ചു മാറി ഓട്ടോ ഇട്ട് കാത്ത് നിൽക്കാൻ തുടങ്ങി. കവല വരെ പിറകെ വരുമ്പോ തിരിഞ്ഞു നോക്കുമെന്ന് പ്രതീക്ഷിക്കും. അതുണ്ടായിട്ടില്ലല്ലോ?ശല്യപ്പെടുത്തണമെന്ന് ഒരിക്കലും കരുതിയിട്ടില്ല. “
ആളൊരു ദീർഘ നിശ്വാസമെടുക്കുന്നതറിഞ്ഞു.
“പിന്നീടാണ് ബാങ്ക് മാനേജർ ശ്രീധരന്റെ മകളാണെന്നറിഞ്ഞത്. ഒരു അപകർഷതാബോധം പിടികൂടിയത് അപ്പോൾ മുതലാണ്. പിന്നീട് എന്തോ പിറകെ വരാൻ തോന്നിയില്ല. എന്നെ ഇഷ്ടമാവില്ല എന്നൊരു തോന്നൽ. ഞാൻ എന്നും കാണാറുണ്ടായിരുന്നു. പിറകെ വരാറില്ല എന്ന് മാത്രം. ആയിടയ്ക്കാണ് കെ എസ് എഫ് ഈയിൽ ജൂനിയർ അസിസ്റ്റന്റ് ആയിട്ട് ജോലി കിട്ടിയത്. തിരുവനന്തപുരത്ത്. മാസത്തിൽ ഒരിക്കലേ വരവുണ്ടായുള്ളൂ. എന്നാലും വരുമ്പോഴൊക്കെ ടീച്ചറിന്റെ വീടിനരികിൽ വരാറുണ്ട്. വെറുതെ ഒന്ന് കാണാൻ….
മുന്നിൽ വന്ന് ഇഷ്ടം പറയണമെന്ന് പലപ്പോഴും കരുതിയിരുന്നു. ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത ഒരാളിന് തിരികെ ഇഷ്ടം ഉണ്ടെന്ന് വിശ്വസിക്കാൻ പ്രയാസമായിരുന്നല്ലോ? സത്യം പറഞ്ഞാൽ ഒരു ചിരിയെങ്കിലും എനിക്ക് തന്നിരുന്നുവെങ്കിൽ ഉറപ്പായും മുന്നിൽ വന്ന് നിന്ന് ചോദിച്ചേനെ ഞാൻ….”
മിററിലൂടെ ആളിനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു ഞാൻ.
“എന്നിട്ട് ഇപ്പൊ എന്ത് പറ്റി?”
ചോദിക്കുമ്പോൾ ചുണ്ടിൽ വിരിഞ്ഞ കുസൃതി ചിരി മറയ്ക്കാൻ തോന്നിയില്ല.
“ഈ ചോദ്യത്തിനുള്ള ഉത്തരം ഇന്നലെ വായിച്ച കഥയിലുണ്ടായിരുന്നു.”
ആള് ചിരിച്ചു. ഞാനും…..
“വായനയോടുള്ള ഇഷ്ടം കൊണ്ടാ ആ ഗ്രൂപ്പിൽ മെമ്പർ ആയത്. യാദൃശ്ചികമായി കണ്ടതാ ടീച്ചറിന്റെ കഥ. പേര് കണ്ടപ്പോൾത്തന്നെ ആളിനെ മനസ്സിലായി. പിന്നെ, ഒറിജിനൽ അക്കൗണ്ട് ആയിരുന്നല്ലോ? പിന്നീട് ഒരെണ്ണവും വിടാതെ വായിച്ചിട്ടുണ്ട്. ഇന്നലത്തേതും… “
“ഞാൻ വീട്ടിലേയ്ക്ക് വരട്ടെ? അച്ഛൻ സമ്മതിക്കുമോ? “
സ്കൂളിന് മുന്നിൽ ഓട്ടോ നിർത്തിയായിരുന്നു ചോദ്യം.
“വന്നോ…” തെല്ലും ആലോചിക്കാതെ മറുപടി നൽകി.
ആളിന്റെ മുഖത്ത് സംശയത്തിന്റെ ലാഞ്ചനയുള്ളൊരു ആശ്ചര്യഭാവമായിരുന്നു. ഞാനൊരു ചിരിയോടെ ഇറങ്ങി നടന്നു.
പണത്തിനെക്കാൾ മൂല്യം സ്നേഹത്തിനാണെന്ന് ചൊല്ലിപ്പഠിപ്പിച്ച എന്റെ അച്ഛനെ ഞാനെങ്ങനെ സംശയിക്കാനാണ്?
******************
“ഈ വയസ്സ് കാലത്തെന്താ ഇപ്പൊ ഇങ്ങനൊരു ഭ്രാന്ത്? “
പഴയ സ്കൂളിന് മുന്നിലൂടെ പോകുമ്പോൾ, ഓട്ടോയുടെ പിൻ സീറ്റിലേക്ക് ചാഞ്ഞിരുന്നു കൊണ്ട്, മുന്നിലിരിക്കുന്ന ആളിനോടായി ചോദിച്ചു.
“ശരീരത്തിനേ പ്രായമായിട്ടുള്ളെടോ, മനസിപ്പോഴും ആ പഴയ കള്ളക്കാമുകൻ തന്നെയാ..അല്ലേലും എഴുപത്തിയഞ്ച് വയസ്സൊക്കെ ഒരു പ്രായമാണോ? നമ്മുക്ക് സെഞ്ച്വറി അടിക്കണ്ടെടോ? “
ആള് ഉറക്കെ ചിരിച്ചു.
ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുള്ള എല്ലാ പ്രതിസന്ധികളെയും ചിരിയോടെ, തികഞ്ഞ ലാഘവത്തോടെ നേരിട്ടിട്ടുള്ള ഈ മനുഷ്യൻ എനിക്കെന്നുമൊരത്ഭുതമാണ്!
“ആദ്യമായി തന്നോട് സംസാരിച്ചത് ഈ ഓട്ടോയിൽ വച്ചല്ലേ? അതും ഇതേ പോലെ തന്നെയും പിറകിലിരുത്തി ഈ വഴിയിലൂടെ പോകുമ്പോൾ…അപ്പൊ ഇത് വഴി തന്നെ തനിയ്ക്ക് ഏറ്റവും പ്രിയമുള്ള ഒരിടത്തേയ്ക്ക് പോകാമെന്നു കരുതി. പഴയ ചില ഓർമ്മകൾക്കൊക്കെ മധുരം കൂടുന്നത് പ്രായമാകുമ്പോഴാടോ. അന്നേരം ഇത് പോലെ ചില വട്ടുകളൊക്കെ തോന്നും. ഒരു രസം…..”
എന്റെ മനസ്സുമപ്പോൾ വർഷങ്ങൾ പിറകിലേയ്ക്ക് സഞ്ചരിക്കുകയായിരുന്നു….
***************
ഓട്ടോ ചെന്ന് നിന്നതൊരു കടൽത്തീരത്താണ്. ആള് പറഞ്ഞത് പോലെ എനിക്ക് ഏറെ പ്രിയമുള്ളൊരിടം.
മണലിലൂടെ നടക്കാൻ ഞാൻ നന്നേ പ്രയാസപ്പെട്ടു. ആ കയ്യിൽ തൂങ്ങി, നല്ല ബലം കൊടുത്തു നടക്കുമ്പോൾ കുഞ്ഞിലേ അച്ഛനൊപ്പം നടക്കുന്നത് ഓർമ വന്നു.
വാർദ്ധക്യം രണ്ടാം ബാല്യമാണ്. എത്ര സത്യം!
മണൽപ്പരപ്പിൽ ആളിനരികിലായി ചെന്നിരിക്കുമ്പോൾ വല്ലാതെ കിതച്ചു പോയിരുന്നു.
“ടീച്ചറമ്മയ്ക്ക് ആരോഗ്യം തീരെ പോരാ….എഴുപത്തിരണ്ടിലും നൂറിന്റെ ക്ഷീണമാണ്. വല്ലതുമൊക്കെ കഴിക്കണം. നമ്മുടെ ടാർഗറ്റ് നൂറാണെന്ന് മറക്കരുത്? ” തമാശയായി പറയുമ്പോഴുള്ള ആ മുഖഭാവം കണ്ട് ചിരിച്ചു പോയി.
“കടലിനു വല്ലാത്ത ഭംഗിയാണല്ലേടോ? ഈ പ്രായത്തിലാണത് കൂടുതൽ ആസ്വാദ്യകരമാകുന്നതെന്ന് തോന്നുന്നു…. “
ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. അതേ ചിന്തയിലായിരുന്നു ഞാനും….
“വിവാഹം കഴിഞ്ഞിട്ട് നാല്പത്തിയഞ്ച് വർഷങ്ങൾ! മക്കളെയും കൊച്ചു മക്കളെയും കണ്ടു. നമ്മുടെ ചിറകിനടിയിൽ ഒളിച്ചിരുന്നവരൊക്കെ സ്വന്തം ചിറക് വിരിച്ചു പറന്ന് പോയി. നമുക്ക് വീണ്ടും നമ്മൾ മാത്രമായല്ലേ? “
പുഞ്ചിരിയോടെ ഞാനുമാ വാക്കുകൾ കേട്ടിരുന്നു.
“ആദ്യ പ്രണയം ഓർമ്മകൾ മാത്രമായി അവശേഷിക്കുമെന്ന് കരുതിയിടത്തു നിന്നാണ് താനെനിക്ക് സ്വന്തമായത്. ഒരിക്കലും നഷ്ടമാകരുത് എന്നാഗ്രഹിച്ച ഒരിഷ്ടമായിരുന്നു താൻ..പലപ്പോഴും താൻ എന്റേതായി എന്നുള്ളത് ആവിശ്വസനീയമായി തോന്നിയൊരു സത്യമായിരുന്നു….ഒരിക്കലും സ്വന്തമാക്കാനാകില്ല, ഇനിയുള്ള കാലം തന്റെ ഓർമകളിൽ ജീവിക്കാം എന്നൊക്കെ ചിന്തിച്ചുകൂട്ടി അന്ന് നെടുവീർപ്പിട്ടിരുന്നതോർക്കുമ്പോൾ ചിരി വരുന്നുണ്ട്…അല്ലെങ്കിലും ആദ്യപ്രണയത്തിന്റെ ഓർമകൾക്ക് വല്ലാത്തൊരു ചന്തമാണല്ലേ? ചിലർക്ക് പിന്നീട് ഓർത്ത് ചിരിക്കാനും, മറ്റുചിലർക്ക് ഓർത്ത് കരയാനും പാകത്തിൽ അതിലെന്തെങ്കിലുമൊക്കെ ഉണ്ടാവും.”
ആളിന്റെ നോട്ടം കടലിലേയ്ക്കാണ്. ചുണ്ടിലൊരു ചിരിയുണ്ട്. വാർദ്ധക്യം ബാധിക്കാത്ത ചന്തമുള്ളൊരു ചിരി!
“ആദ്യമായും അവസാനമായും ഒരു പ്രണയമേ ഉണ്ടായിട്ടുള്ളൂ. അതിന്റെ ഓർമ്മകൾക്കെന്നും ഏഴഴക് തന്നെയായിരിക്കും…..”
നിറഞ്ഞ ചിരിയോടെ ഞാനത് പറയുമ്പോൾ ആ ചിരി കൂടുതൽ മനോഹരമായത് പോലെ….
ആളിന്റെ നോട്ടം ചക്രവാളസീമയിലേയ്ക്ക് നീണ്ടു. എന്റെ കൃഷ്ണമണികളും ആ പാത പിന്തുടർന്നു. തല, അറിയാതെ ആ തോളിലേയ്ക്ക് ചേർന്ന് പോയി. മനസ്സ് വീണ്ടുമൊരു പ്രണയിനിയായി മാറുകയാണെന്ന് തോന്നി. അല്ലെങ്കിലും പ്രണയത്തിനു പ്രായമില്ലലോ?
അങ്ങ് ദൂരെ ഒരു കാമുകൻ കവിളിണകൾ ചുവന്നു തുടുത്ത അവന്റെ പ്രണയിനിയെ ഗാഢമായി പുണരുന്നത് നോക്കി, ചുളിവുകൾ വീണ് തുടങ്ങിയ ആ വലം കൈ വിരലുകളിലേയ്ക്ക്, അതിലുമധികം ചുളിവുകൾ സ്വന്തമാക്കിയ എന്റെ വിരലുകൾ കോർത്തു വച്ചു. മരണത്തിലുമവ അഴിഞ്ഞു മാറരുതേ എന്ന പ്രാർത്ഥനയോടെ….!
അവസാനിച്ചു
(കഥയിലെ അവസാന സന്ദർഭങ്ങൾ ഭാവി കാലമാണെന്ന് സങ്കൽപ്പിക്കുമല്ലോ…. 😊)