ഞാൻ നിന്റെ ഏട്ടന്റെ ജീവിതത്തിലേക്ക് കടന്ന് വരുമ്പോൾ നിനക്ക് പ്രായം വെറും പതിനൊന്നു വയസാണ്…

_upscale

നിള

Story written by Sayana Gangesh

============

പരസ്പരം തുളസിമാല അവർ അണിയിക്കുന്നതും, അഭി നിരഞ്ജനയുടെ സീമന്തരേഖയിൽ കുംങ്കുമം ചാർത്തുന്നതും അകലെയായി നിന്ന് നിള കണ്ടു, ദിവസങ്ങൾക്കപ്പുറം തന്റെ ഭർത്തവായിരുന്നയാൾ, അയാളുടെ വിവാഹം അതാണ് മുൻപിൽ നടന്നുകൊണ്ടിരിക്കുന്നത് ആളുകളും ആർപ്പുവിളികളും ആരവങ്ങളുമൊന്നുമില്ലാതെ ഉള്ള കല്യാണം. ഒരു ദീർഘനിശ്വാസം അവളിൽ നിന്നുയർന്നു….

അഭിയുടെയും നിരഞ്ജനയുടെയും മുഖത്തുള്ളതിനേക്കാൾ സന്തോഷം അവർക്ക് നടുവിലായി നിന്നിരുന്ന ആവണി മോളുടെ കുഞ്ഞു മുഖത്തായിരുന്നു, അന്നും ഇന്നും ഞാൻ എടുത്ത തീരുമാനം ശരിയായിരുന്നു എന്ന് മനസിലാകുന്നത് ആ കുഞ്ഞു മുഖത്തിൽ പ്രതിഫലിക്കുന്ന സന്തോഷം കാണുമ്പോളാണ്, ജീവിതത്തിൽ ആദ്യമായി തന്റെതായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുള്ളതും ആ കുരുന്നിനെ ആണ്.

അമ്പലത്തതിന് പുറത്തേക്ക് അവർ വരുന്നത് കണ്ടപ്പോൾ വേഗം നിള കാറിന്റെ ഡോർ തുറന്നു ഉള്ളിലേക്ക് കയറി കുറച്ചു കൂടെ പുറകിലേക്ക് റിവേഴ്‌സ് വച്ചു..ഒരു കൈയ്യിൽ ആവണിമോളെ എടുത്തു മറു കൈ കൊണ്ട് നിരഞ്ജനയെ ചേർത്ത് പിടിച്ചു കൊണ്ട് അഭി അവരുടെ കാറിനടുത്തേക്ക് നടന്ന് നീങ്ങി.

ഫ്രണ്ട് ഡോർ തുറന്ന് കയറിയ നിരഞ്ജനയുടെ മടിയിലേക്ക് മോളേ നൽകി ഡോർ അടച്ച് ഡ്രൈവിങ് സീറ്റിലേക്ക് നടക്കുമ്പോളും നോട്ടം നിരഞ്ജനയുടെയും മോളുടെയും അടുത്തേക്കായിരുന്നു. അവരുടെ കാർ തിരിച്ചു പോകുന്നത് കാറിനുള്ളിൽ ഇരുന്ന് നോക്കവേ ആ കാറിനൊപ്പം അവരും തന്റെ ജീവിതത്തിൽ നിന്ന് എന്നുന്നേക്കുമായി പോകുന്നത് ചെറു മരവിപ്പോടെ അവൾ നോക്കി നിന്നു.

ഒരു നിമിഷം നിള തന്റെ ഭൂതകാലത്തേക്ക് സഞ്ചരിച്ചു….

അദ്ധ്യാപക ദമ്പതികളായ ഉണ്ണി മാഷിന്റെയും നിർമലടീച്ചറിന്റെയും നിവേദ് എന്ന ആദ്യപുത്രന് പതിനേഴ് വർഷതിന് ശേഷം ലഭിച്ച സന്താനം. അച്ഛന്റെ അധ്യാപനവും രാഷ്ട്രീയവും അമ്മയുടെ മൂളിപ്പാട്ടുകളും ഏട്ടന്റെ വാത്സല്യവും നിറഞ്ഞ ബാല്യം, അക്ഷരങ്ങളായിരുന്നു കൂട്ട് എന്നും പ്രണയം ആയിരുന്നു അക്ഷരങ്ങളോട്.

ഏട്ടത്തി ജീവിതത്തിലേക്ക് കടന്ന് വരുന്നത് ആറാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തതാണ്, സാധാരണ ഗതിൽ അതിന് ശേഷവും ജീവിതം മുൻപോട്ടു പൊയ്ക്കൊണ്ടേയിരുന്നു അമ്മയുടെ അപ്രതീക്ഷിതമായ വേർപാട് വരെ.

അന്ന് രാവിലെ  സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യണം എന്ന അമ്മയുടെ നിയമം മാറ്റിവച്ച് എല്ലാവരുടെയും കാര്യങ്ങൾ അമ്മ തന്നെ ആണ് ചെയ്തത്. അച്ഛന്റെയും ഏട്ടന്റെയും എന്റെയും ഏട്ടത്തിയുടെയും എല്ലാവരെയും നിറഞ്ഞ ചിരിയോടെ പൂമുഖത്ത് നിന്ന് യാത്രയാക്കി അമ്മ, പക്ഷേ തിരികെ ഞങ്ങൾ ചെല്ലുന്നത് കാണാനായി അമ്മ കാത്തുനിന്നില്ല.

അമ്മയുടെ വിയോഗത്തിൽ നിന്ന് പതിയെ കരകേറി വരുമ്പോളേക്കും അച്ഛനും വാർദ്ധക്യം പേറി മരണത്തിലേക്ക് നടന്നകന്നു, അന്ന് എന്റെ പ്രായം ഇരുപത്തിൻജ്. അമ്മയും അച്ഛന്നുമില്ലാത്ത വീട് എന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു എന്ന് മനസിലാക്കിയപ്പോളാണ് ഏട്ടൻ തുടർപഠനത്തിനായി ഹോസ്റ്റലിലേക്ക് അയച്ചത്, ഏറെ കുറേ ഏട്ടന്റെ ആ തീരുമാനം ശരിയുമായിരുന്നു.

ഇൻഡിപെൻഡൻസ് ആയി ജീവിക്കുവാനും തീരുമാനങ്ങൾ എടുക്കാനും ആ ജീവിതം പഠിപ്പിച്ചു എന്ന് തന്നെ വേണം പറയാൻ. പഠനം പൂർത്തിയാക്കി ജോലിയ്ക്ക് കയറുമ്പോൾ വയസ്സ് ഇരുപത്തി ഒൻപതു എത്തി, എന്നിരുന്നാലും ജീവിതം മെല്ലെ തിരിച്ചു ട്രാക്കിലേക്ക് വന്നുകൊണ്ടിരുന്നു. സ്കൂളും കുട്ടികളും എല്ലാം മാഞ്ഞു പോയ പുഞ്ചിരി പതിയെ തിരിച്ചു കൊണ്ട് വന്നു.

ജോലി എന്ന വാശിയുടെ മേൽ എന്നും അകറ്റിനിർത്തിയ വിവാഹ കാര്യം ഈ പ്രാവശ്യം ഏട്ടൻ കർശനമാക്കി, പക്ഷേ പെണ്ണിന് വയസ്സ് മുപ്പത് എന്നത് സർക്കാർ ജോലി, സ്വഭാവം, കുടുംബ മഹിമ എന്നതിനെയെല്ലാം തേച്ചു മാച്ച് കളയുന്ന ഒന്നായി മാറി.

ബ്രോക്കർമാരകട്ടെ, മാട്രിമോണി ആകട്ടെ വയസ്സ് മുപ്പത് എന്ന് പറയുമ്പോളേക്കും എന്റെ മുഖതേക്ക് ഒന്ന് നെറ്റി ചുളിച്ച് നോക്കും, എന്നിട്ട് പറയും “ആ നമുക്ക് നോക്കാം”, എന്ന്….

പെണ്ണുകാണൽ ചടങ്ങ് തകൃതിയായി നടന്ന് കൊണ്ടിരുന്നു, വന്നർക്ക് ഏവർക്കും വിഷയം എന്റെ പ്രായം തന്നെ. ഞായറാഴ്ചകൾ വീട്ടിൽ ഇത് തന്നെ പരിപാടി, ആദ്യം ചെക്കന്റെ കുടുംബം മുതൽ ജാതകം വരെ പൊക്കി പിടിച്ച്നിന്ന ഏട്ടൻ ദിവസങ്ങൾ പോയപ്പോൾ എനിക്ക് ചേരുന്ന ഒരാൾ എന്ന ആഗ്രഹത്തിലേക്ക് എത്തി.

അങ്ങനെ ഒരു ശനിയാഴ്ച ബ്രോക്കർ ഏട്ടനെ വിളിച്ചു പറഞ്ഞു നാളെ ഒരു കൂട്ടർ വരുന്നുണ്ടെന്ന്, പക്ഷേ ഏട്ടന്റെ മുഖം ആകെ മ്ലാനം ആയിരുന്നു. കാരണം തിരക്കിയപ്പോൾ വരുന്നത് രണ്ടാം കേട്ട് ആണ് എന്ന് മുഖത്ത് നോക്കാതെ പറഞ്ഞു ഏട്ടൻ. പെട്ടന്ന് അങ്ങനെ കേട്ടപ്പോൾ എന്തോപോലെ തോന്നി. ഏട്ടനും നല്ല വിഷമം ഉണ്ടെന്ന് ആ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു.

പെട്ടന്ന് തോന്നിയ ഉൾപ്രേരണയാൽ പതിയെ ഏട്ടന്റെ കസേരയ്‌ക്കരികിലായി ഇരുന്ന് ഏട്ടന്റെ കൈ പിടിച്ചു ചോദിച്ചു, “ഏട്ടാ, എന്തിനാണ് ഏട്ടൻ എന്നെ ഓർത്ത് ഇങ്ങനെ വിഷമിക്കുന്നത്, ഞാൻ ഇപ്പോൾ എനിക്കുള്ള ജീവിതത്തിൽ ഹാപ്പി ആണ്, അത് ഏട്ടനും നന്നായറിയാം. പിന്നെ ഇത്രയും നാൾ എനിക്ക് തോന്നിയിട്ടില്ല ജീവിതത്തിൽ ഒരു ആൾ വേണം എന്ന്, പിന്നെ എന്തിനാണ് ഏട്ടാ, അതോ ഏട്ടനോ ഏടത്തിക്കോ ഞാൻ കാരണം വിഷമം ഉണ്ടോ? ഈ പെണ്ണ് കാണൽ ചടങ്ങ് ഇത്ര നാളായി ഞാൻ കൂട്ടി വച്ചിരുന്ന എന്റെ കോൺഫിഡൻസ് എല്ലാം കളയുന്നു ഏട്ടാ, “

എന്റെ ചോദ്യം കേട്ട് ഏട്ടത്തി ആണ് ആദ്യം മറുപടി പറഞ്ഞു തുടങ്ങിയത്. “നീ ഒരിക്കലും എനിക്കോ നിന്റെ ഏട്ടനോ ഒരു ഭാരം അല്ല നിള, ഞാൻ നിന്റെ ഏട്ടന്റെ ജീവിതത്തിലേക്ക് കടന്ന് വരുമ്പോൾ നിനക്ക് പ്രായം വെറും പതിനൊന്നു വയസാണ്, അന്നും ഇന്നും നീ എന്റെയും ഏട്ടന്റെയും ജീവിതത്തിന്റെ ഭാഗമാണ്. ഇനി നീ വിവാഹം കഴിഞ്ഞ് പോയാലും അങ്ങനെ തന്നെ ആയിരിക്കും. ഒരിക്കലും മോൾ അങ്ങനെ ഒന്നും ചിന്തിക്കരുത്.”

ഏടത്തി നിർത്തിയിടത്തുനിന്ന് ഏട്ടൻ തുടർന്നു “നിളാ, നിനക്ക് നമ്മുടെ അച്ഛനമ്മമാരുടെ കുറവ് ഇല്ലാതിരിക്കാൻ ഏട്ടൻ കഴിയുന്നതും ശ്രമിച്ചിട്ടുണ്ട്, അവർ ഉണ്ടായിരുന്നു എങ്കിൽ മോൾക്ക്‌ വേണ്ടി എന്ത് ചെയ്യുമായിരുന്നോ ഇന്ന് അവരുടെ അഭാവത്തിൽ ഏട്ടൻ ചെയ്യുന്നു. അത് കടമയായി കണ്ടല്ല ചെയ്യുന്നത്, മോളുടെ ജീവിതത്തിൽ ഒരു കുറവ് ഉണ്ടാകരുത്, എന്ന് കരുതിയാണ്.പോട്ടെ നാളത്തേത് കൂടെ നടക്കട്ടെ മോളേ, ബാക്കി നമുക്ക് പിന്നീട് ആലോചിക്കാം.”

ഏട്ടൻ പതിയെ പുറത്തേക്കിറങ്ങി, ഒന്ന് നിന്നതിനു ശേഷം തിരിഞ്ഞു നിന്ന് എന്നോടായി ഒന്നൂടെ പറഞ്ഞു,”ഒന്നും മോൾടെ ഇഷ്ട്ടത്തിനെതിരായി ആരും അടിച്ചേല്പിക്കില്ല, ഒക്കെ മോളേ “…

അങ്ങനെ പിറ്റേന്ന് ഞായറാഴ്ച ബ്രോക്കെറിന്റെ കൂടെ ചെക്കൻ വന്നു, ചെക്കൻ മാത്രം തന്റേതല്ലാത്ത കാരണങ്ങളാൽ മുൻ വിവാഹ ബന്ധം വേർപെടുത്തിയ ചെക്കൻ.

“അഭി “……

കൂടെ വന്ന ബ്രോക്കർ ആദ്യം അഭിയെ പരിചയപ്പെടുത്തി, പിന്നെ ജോലി സ്ഥലം കുടുംബം എല്ലാം പറഞ്ഞു ആ സമയമത്രയും അഭി നിശബ്ദനായിരുന്നു. അവരുടെ മുൻപിലേക്ക് ചെന്ന നേരം ഒരു വട്ടം നോക്കി എന്നല്ലാതെ ഒരു നോട്ടം എന്റെ നേർക്ക് വന്നില്ല അഭിയുടെ ഭാഗത്ത്‌ നിന്ന്. വെറും പത്ത് മിനിറ്റിന്റെ ചടങ്ങ് മാത്രായിരുന്നു അത്. അവർ വിവരം അറിയിക്കാം എന്ന് പറഞ്ഞു മടങ്ങി, പിറ്റേന്ന് ഞാനും ഹോസ്പിറ്റലിലേക്ക് തിരിച്ചു വന്നു. പിന്നെയും രണ്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം ആണ് അഭിക്ക് എന്നെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞുള്ള ഏട്ടന്റെ ഫോൺ കാൾ എന്നെ തേടി എത്തുന്നത്. “ഏട്ടൻ മുന്പോട്ട് കൊണ്ട് പോകട്ടെ” എന്ന് ചോദിച്ചപ്പോൾ എതിർക്കാൻ എന്തുകൊണ്ടോ തോന്നിയില്ല.

പിന്നീട് ഏട്ടൻ വിളിക്കുമ്പോൾ ഏട്ടന്റെ വാക്കുകളിൽ മുഴുവൻ അഭി ആയിരുന്നു, അഭിയുടെ സ്വഭാവം ജോലി വീട്, ആ വാക്കുകളിൽ നിന്ന് ഏട്ടന് അഭിയെ നല്ലവണ്ണം ഇഷ്ട്ടമായി എന്ന് മനസിലായി. പക്ഷേ ഒരു കുറവായി ഏട്ടന് പറയാൻ ഉണ്ടായിരുന്നത് അഭിയുടെ ആദ്യ വിവാഹത്തിൽ അഭിയ്ക്കുള്ള മകൾ ആയിരുന്നു. മോൾ അഭിയുടെ കൂടെ ഇല്ലെങ്കിലും എന്നും മോൾക്ക് അഭിയുടെ ജീവിതത്തിൽ ഏറ്റവും ഉയർന്ന സ്ഥാനം തന്നെ എന്നും ഉണ്ടായിരിക്കും എന്ന് അഭി വീട് കാണാൻ ചെന്നപ്പോൾ ഏട്ടനോട് നേരിട്ട് പറഞ്ഞത്രേ…

കാര്യങ്ങൾ ഏകദേശം ഉറയ്ക്കും എന്നായപ്പോൾ ആണ് ഒരു ശനിയാഴ്ച അഭി എന്നെ കാണാൻ വന്നത്.

“നിളയോട് കുറച്ചു സംസാരിക്കാൻ ഉണ്ട്,വിരോധം ഇല്ലെങ്കിൽ നമുക്ക് അടുത്തുള്ള റെസ്റ്റോറന്റ് ഇൽ ഒന്ന് പോകാം “കണ്ട മാത്രയിൽ അഭി വന്ന കാര്യം വ്യക്തമാക്കി. റെസ്റ്റോറന്റിൽ ചെന്നിരുന്ന് ആദ്യ അഞ്ചു മിനിറ്റിന്റെ മൗനത്തിന് ശേഷം അഭി പറഞ്ഞു തുടങ്ങി. ” നിളക്കറിയാമല്ലോ ഇത് എന്റെ രണ്ടാം വിവാഹം ആണ്. ആദ്യ വിവാഹത്തിൽ എനിയ്ക്കൊരു മകളുണ്ട് ആവണി. ഇപ്പോൾ മൂന്ന് വയസ്സാണ് ആവണിയ്ക്ക്. നിരഞ്ജനയും ഞാനും ഒരു കമ്പനിയിൽ വർക്ക് ചെയ്തിരുന്നവരാണ്. ഒരു ലവ് അറേഞ്ച് മാര്യേജ് ആയിരുന്നു ഞങ്ങളുടേത്. മൂന്ന് വർഷത്തെ ദമ്പത്യം ആയിരുന്നു ഞങ്ങളുടേത് ഇപ്പോൾ നിയമപരമായി ഞങ്ങൾ വേർപിരിഞ്ഞു എങ്കിലും ആവണി മോൾ എന്നും എന്റെ ഫസ്റ്റ് പ്രയോരിറ്റി തന്നെ ആണ്. തുടർന്നും അങ്ങനെ തന്നെ ആകുകയും ചെയ്യും.”

“എന്ത്‌ കൊണ്ടാണപ്പോൾ നിരഞ്ജനയുമായി ഡിവോഴ്സ് നേടിയത്?” അഭി പറയുന്നതിനിടയിൽ പൊടുന്നനെ ഞാൻ ചോദിച്ചത് കൊണ്ട് ആദ്യം അഭി ഒന്ന് ഞെട്ടി പിന്നെ ഒരു ദീർഘനിശ്വാസം എടുത്തു കൊണ്ട് പറഞ്ഞു “നിളാ, ഞങ്ങൾക്കിടയിൽ അല്ല സംഭവിച്ചത്, നിരഞ്ജനയ്ക്കും മറ്റുള്ളവർക്കും ഇടയിലാണ്, അത് പതിയെ വലുതായി ഞങ്ങൾ സ്വയം അകലുകയായിരുന്നു. പക്ഷേ മോളേ കാണാനായി ഞാൻ പോകാറുണ്ട് അവിടെ.ആഴ്ച്ചയിൽ ഒരു ദിവസം മോൾ എന്റേതാണ് “അത്രയും പറഞ്ഞു കൊണ്ട് അഭി ഫോണിൽ ആവണിയുടെ ഫോട്ടോ എടുത്ത് എന്റെ നേർക്ക് നീട്ടി.

ഡാർക്ക് ബ്ലൂ കളർ ഫ്രോക്കിൽ ആരെയും മയക്കുന്ന പുഞ്ചിരിയോടെ നിൽക്കുന്ന ആരും ഒന്ന് വാത്സല്യത്തോടെ നോക്കിപോകുന്ന മോൾ അതായിരുന്നു ആ ഫോട്ടോ കണ്ടപ്പോൾ ആദ്യം മനസ്സിൽ തോന്നിയത്. “മോൾ സുന്ദരി ആണ്” എന്ന് പറഞ്ഞു ഫോൺ തിരികെ നൽക്കാനാജ്ഞപ്പോളാണ് അടുത്ത ഫോട്ടോ വന്നത്.

ആവണി മോളും അവളെ എടുത്ത് നിൽക്കുന്ന ഒരു യുവതിയും, ഫോൺ അഭിയ്ക്ക് നൽകി കൊണ്ട് ചോദിച്ചു “ഇതാണോ നിരഞ്ജന?”ഫോൺ സ്‌ക്രീനിൽ നോക്കി കൊണ്ട് തന്നെ അഭി ഉത്തരം പറഞ്ഞു “അതെ, ഇതാണ് നിരഞ്ജന “

ആ കൂടി കാഴ്ചയ്ക്ക് ശേഷം വിവാഹ ഒരുക്കങ്ങൾ മുൻപോട്ട് പോയി. ആർഭാടമായി ഒരു വിവാഹം വേണ്ട എന്ന് ആദ്യം പറഞ്ഞത് ഞാൻ ആണ് എങ്കിലും അഭിയ്ക്കും അങ്ങനെ തന്നെ ആയിരുന്നു താല്പര്യം. വിവാഹത്തിന്റെ അന്ന് തന്നെ അഭിയുടെ അമ്മയും മറ്റ് റിലേറ്റീവ്സും പോയത് എന്തേ എന്ന് അഭിയോട് ചോദിച്ചപ്പോൾ “ഇതൊക്കെ ജീവിതം പഠിപ്പിച്ച പാഠങ്ങളാണ്, പതിയെ തനിക്കും മനസിലായിക്കോളും” എന്ന് പറഞ്ഞു അഭി പതിയെ റൂമിൽ തന്നെ ഉണ്ടായിരുന്ന സോഫയിലേക്ക് തലയിണയും എടുത്ത് കിടന്നു. ഒന്ന് കൂടെ അഭി കിടന്നിടത്തേക്ക് നോക്കി ഞാൻ ബെഡിൽ കിടന്നു.

പിറ്റേന്ന് രാവിലെ ഞാൻ എണീയ്ക്കുബോൾ അഭി വീട്ടിൽ ഉണ്ടായിരുന്നില്ല. എങ്കിലും കിച്ചണിൽ കയറി രാവിലത്തേയ്ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിനിടയിൽ ആണ് അഭിയുടെ അമ്മ അടുക്കളയിൽ വന്നത്.

“ആ മോൾ ഭക്ഷണം ഉണ്ടാക്കി തുടങ്ങിയോ ഞാൻ നിങ്ങൾക്ക് രാവിലേക്കുള്ള ഭക്ഷണം കൊണ്ട് വന്നതാണ് “, അമ്മ കയ്യിലുള്ള കാസ്രോൾ വച്ചുകൊണ്ട് പറഞ്ഞു. അപ്പോളേക്കും അനിയത്തിയും ഒരു കാസ്രോളുമായ് കടന്നു വന്നു.

“ഏട്ടൻ എന്തിയേ ചേച്ചി ഉറക്കമാണോ?” അടഞ്ഞു ബെഡ്റൂമിലേക്ക് പതിയെ കണ്ണുകൾ പായിച്ചുകൊണ്ട് അവൾ ചോദിച്ചു,

“അല്ല, അഭി പുറത്ത് പോയിരിക്കയാണ്”, എന്ന് ഞാൻ അവൾക്ക് മറുപടി നൽകി.

“മോളെ, അഭിയ്ക് എന്നോടും ആമിയോടുമൊക്ക ദേഷ്യം ആണ്, നിരഞ്ജന മൂലമാണ് അങ്ങനെ ഒക്കെ. ഇനി മോൾ പതിയെ അതൊക്കെ മാറ്റി തരണം കേട്ടോ”, അമ്മ എന്റെ അടുത്ത് വന്ന് നിന്ന് പറഞ്ഞു തുടങ്ങി. അമ്മ പറഞ്ഞതെല്ലാം ശരി ആണെന്ന മട്ടിൽ ആമിയും തലയിട്ടുന്നുണ്ടായിരുന്നു.

“പിന്നെ മോളേ ആവണി..” അമ്മ ബാക്കി പറയുന്നതിന് മുൻപ് പുറത്ത് കാർ വന്ന് നില്കുന്നതിന്റെ ശബ്ദം കേട്ടു. അഭി വന്നു എന്ന് തോന്നിയതും പെട്ടന്ന് അമ്മയും ആമിയും വേഗം പുറത്തേക്ക് ഇറങ്ങി. കാറിൽ അഭി ഒറ്റയ്ക്കായിരുന്നില്ല കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നു,”ആവണി “

വീടിന്റെ ഉമ്മറത്ത് എന്റെ അരികിൽ നിൽക്കുന്ന അമ്മയെയും ആമിയെയും കണ്ടതും അഭിയുടെ മുഖം മാറി, അത് മനസിലായെന്നപോൽ അമ്മ അഭിയോടായി പറഞ്ഞു “അമ്മ പറഞ്ഞത് ശ്രദ്ധിയ്ക്കാതെ ആവണിമോളെ എടുത്ത് കൊണ്ട് അഭി ഉള്ളിലേക്ക് നടന്നു, എന്നിട്ട് പുറത്ത് നിന്ന എന്നോടായ് പറഞ്ഞു, “നിളാ നീ വരുന്നില്ലേ നിന്നെ മാത്രം കാണാൻ ആണ് ആവണി മോൾ വന്നിരിക്കുന്നത്”

അഭി പറഞ്ഞത് എന്നോടാണെങ്കിലും ആ വാക്കുകൾ അമ്മയ്ക്കും ആമിക്കുമുള്ള താക്കീത് ആണെന്ന് മനസിലായി എനിക്ക്. ആവണി പെട്ടന്ന് അടുക്കുന്ന പ്രകൃതം ആയിരുന്നത് കൊണ്ട് ഒരു അകൽച്ച തോന്നിയില്ല ആ കുരുന്നുമായിട്ട്. കൂടെയുണ്ടായിരുന്ന സമയമത്രയും നിർത്താതെ അവൾ അവളുടെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു. അഭി ഞങ്ങൾ ക്കായി ഐസ്ക്രീം വാങ്ങിയപ്പോൾ. “അമ്മയ്ക്കും വാങ്ങണം “എന്ന് എന്റെ കൈയ്യിൽ പിടിച്ചു കൊഞ്ചുന്ന ആവണിയേ കണ്ടപ്പോൾ അറിയാതെ എന്റെ നെഞ്ച് ഒന്ന് വിങ്ങി.

പകൽ മുഴുവനും അവൾക്കൊപ്പം ചിലവഴിച്ച് ഈവെനിംഗ് ആവണിയെ തിരികെ അവളുടെ അമ്മയുടെ വീട്ടിൽ എത്തിയ്ച്ച് തിരിച്ചു പോരുമ്പോൾ മുഴുവൻ അഭി നിശബ്ദനായിരുന്നു.ആ കണ്ണുകൾ നിറഞ്ഞിരുന്നു.

വിവാഹം കഴിഞ് ദിവസങ്ങൾ കഴിഞ്ഞെങ്കിലും ഞങ്ങൾക്കിടയിൽ സംസാരിയ്ക്കാൻ ടോപ്പിക്കുകൾ ഉണ്ടായിരുന്നില്ല. അമ്മയും അനിയത്തി ആമിയും ഇടയ്ക്ക് വന്ന് പോകുമെങ്കിലും ഒരു നിശ്ചിത അകലം അവർ പാലിക്കുന്നതായി തോന്നി എപ്പോളും. അതേ കുറിച്ച് അഭിയോട് ചോദിച്ചപ്പോൾ ബന്ധങ്ങളിൽ അതിരുകൾ നല്ലതാണ് എന്ന് പറഞ്ഞു എണീറ്റ് പോയി. ആ വീട് ഒന്നുണരുന്നത് ആവണി മോൾ വരുമ്പോൾ മാത്രം ആയിരുന്നു. ഒന്ന് രണ്ട് വട്ടം കണ്ടപ്പോളേക്കും മോളുമായി വല്ലാത്ത ഒരടുപ്പം തോന്നി എനിയ്ക്ക്. ആന്റി ആന്റി എന്ന് വിളിച്ച് ചുറ്റും നടക്കുമ്പോളും ഭക്ഷണം നൽകുന്ന സമയത്തെ അവളുടെ കുഞ്ഞു വാശികളും അവളുടെ കളിയും പിണക്കങ്ങളുമെല്ലാം എന്നെ ആ കുരുന്നിലേക്ക് കൂടുതൽ അടുപ്പിക്കുന്ന പോലെ തോന്നി, എപ്പോളൊക്കെയോ ആവണി മോൾ എന്റെ മോൾ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി മനസ്സിൽ ഞാൻ…

കുറച്ചു ദിവസങ്ങൾക്ക് ശേഷം രാത്രി ഭക്ഷണം കഴിക്കാനായി അഭിയെ വിളിയ്ക്കാൻ റൂമിലേക്ക് ചെന്നപ്പോൾ ഒരു ഫോട്ടോഫ്രെയിം നെഞ്ചോടെടാക്കി പിടിച്ച് ആർത്ത് കരയുന്ന അഭിയെ ആണ് കണ്ടത്. ആദ്യത്തെ ഞെട്ടലിൽ നിന്നും പുറത്ത് വന്നപ്പോൾ അഭിയുടെ അടുത്തത്തി “എന്ത്‌ പറ്റി അഭി, അഭി എന്തിനാ ഇങ്ങനെ കരയുന്നേ ” എന്ന് ചോദിച്ചതും “നിളാ എന്റെ മോൾ..”എന്നും പറഞ്ഞു അഭി നിലത്തതോട്ടിരുന്നു. മോൾ എന്ന് പറഞ്ഞതും എന്റെ തലച്ചോറിലൂടെ ഒരു മിന്നൽ കടന്നു പോയി, അഭിയെ കുലുക്കി കൊണ്ട് ചോദിച്ചു” ആവണി മോൾക്കെന്ത് പറ്റി അഭി? “

തന്റെ കരച്ചിലിൽ എന്നോട് മറുപടി പറയാൻ അഭി എടുത്ത ഓരോ സെക്കൻഡിലും ആവണിമോളുമായി ചിലവഴിച്ച നിമിഷങ്ങൾ എന്റെ  ഉള്ളിൽ കടന്നു പോവുകയായിരുന്നു. എന്റെ കണ്ണും നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു ആ സമയത്ത്.

നിളാ മോളേ ഇനി എന്റെ കൂടെ വിടില്ലെന്ന് പറഞ്ഞു നിരഞ്ജന “ഒന്ന് പതിയെ ശ്വാസം എടുത്ത് അഭി പറഞ്ഞു.”ഹോ “എന്ന് പറഞ്ഞു അടുത്തുള്ള കാസരയിലേക്ക് ഇരുന്ന് പോയി ഞാൻ, ആവണിമോൾക്ക് ആപത്തതൊന്നും വരാത്തത്തിൽ ആയിരം വട്ടം മനസ്സിൽ ദൈവത്തോട് നന്ദി പറഞ്ഞു അപ്പോൾ.

“ഇന്ന് മോളുടെ ബർത്ഡേ ആണ്,അത് കൊണ്ട് മോളെ ഇന്ന് ഇവിടെക്ക് കൊണ്ട്  വരാനായി ഞാൻ അവിടെ പോയിരുന്നു, പക്ഷേ നിരഞ്ജന പറഞ്ഞു എനിയ്ക്ക് ഇപ്പോൾ പുതിയ ജീവിതം ആയില്ലേ ഇനി അവൾക്ക് അവളുടെ ജീവിതം എന്ന് പറയുന്നത് ആവണി മോൾ ആണ് അവളിൽ നിന്ന് അകറ്റരുത് മോളെ എന്ന്, ഞാൻ ഞാൻ അങ്ങനെ ചെയ്യുമോ നിളാ ഞാൻ അകറ്റുമോ അവളെയും മോളെയും…

അവർ അവരാണ് ഇതിനെല്ലാത്തിനും കാരണം, അല്ല നിളാ ഞാൻ തന്നെ ആണ് സ്വന്തം കുടുംബം അല്ലേ പ്രസവിച്ചു വളർത്തിയ അമ്മയല്ലേ എടുത്ത് നടന്ന് വളർത്തിയ പെങ്ങളല്ലേ എന്നൊക്കെ വിചാരിച്ച് അവർ ചെയ്യുന്നതിനെല്ലാം കണ്ണടച്ചു. ആദ്യം ആദ്യം സ്നേഹത്തോടെ സാന്ത്വനിപ്പിക്കുമായിരുന്ന ഞാൻ പതിയെ നിരഞ്ജനയെ കുറ്റപ്പെടുത്തുവാനും വഴക്ക് പറയുവാനും തുടങ്ങി. അത് ഞങ്ങൾക്കിടയിൽ അകലം സൃഷ്ടിച്ചു. മോൾക്ക് ഒരു വയസ്സ് തികയുന്നതിന് മുൻപ് ഒരു ദിവസം മോൾ ഒന്ന് വീണു. ചെറുതായി മോളുടെ കാൽ മുറിഞ്ഞു ചോ ര വന്നു ഞാൻ കണ്ടു നിൽക്കുമ്പോളാണ് മോൾ വീണത്, അമ്മയുടെ ചെറിയൊരു അശ്രദ്ധ. മോളെ വന്നെടുത്ത് കൊണ്ട് മുറിവ് കണ്ടപ്പോൾ എങ്ങനെയാ മോൾ വീണത് എന്ന് ഒന്ന് നിരഞ്ജന അമ്മയോട് ചോദിച്ചു, അത് അമ്മയും ആമിയും കൂടെ വലിയൊരു ഇഷ്യൂ ആക്കി. ആദ്യം മിണ്ടാതെ നിന്ന നിരഞ്ജന ക്ഷമ കേട്ടപ്പോൾ അമ്മയോട് കയർത്തു സംസാരിച്ചു. അത് എന്നെ ചൊടിപ്പിച്ചു. പെട്ടന്നുണ്ടായ ദേഷ്യത്തിൽ ഞാൻ അവളെ അടിച്ചു. അന്ന് പോയതാണ് എന്റെ ജീവിതത്തിൽ നിന്നും നിരഞ്ജന.

ആദ്യം വിചാരിച്ചു അവൾ സ്വയം തിരിച്ചു വരുമെന്ന് പിന്നെ മോൾക്ക് വേണ്ടി വരുമെന്ന് കരുതി പിന്നെ എപ്പോളോ എനിയ്ക്കും അവളില്ലാതെ പറ്റില്ല എന്ന് മനസിലാക്കി തിരികെ വിളിയ്ക്കാനായി ചെന്നു. അപ്പോളേക്കും കുറേ വൈകി പോയിരുന്നു.

എന്റേതായിരുന്നു തെറ്റ് നിളാ…അകറ്റി നിർത്താതെ, സാരമില്ല എന്ന് മാത്രം പറഞ്ഞിരുന്നു എങ്കിൽ….. ” അത്രയും പറഞ്ഞു കൊണ്ട് അഭി വീണ്ടുംനെഞ്ചിൽ പിടിച്ചിരുന്ന ഫ്രെയിം നേരെയാക്കി അതിലേക്ക് നോക്കി എങ്ങി ഏങ്ങി കരയുവാൻ തുടങ്ങി. അത്രയും തകർന്നു അഭി കരയുന്ന കണ്ടപ്പോൾ പതിയെ എഴുന്നേറ്റ് ചെന്ന് ഞാൻ എന്റെ കൈ അഭിയുടെ ഷോൾഡറിലേക്ക് നീട്ടുന്ന സമയത്താണ് പെട്ടന്ന് “എന്നെ ഒറ്റയ്ക്ക് വിടൂ നിളാ കുറച്ചു സമയത്തേക്ക് ഒറ്റയ്ക്ക് വിടൂ “എന്ന് അഭി പറഞ്ഞത്. അഭിയുടെ നേർക്ക് നീണ്ട വിരലുകളെ പകുതിക്ക് മുൻപേ വയ്ച്ഛ് മടക്കി തിരിച് വലിച്ച് ഒരു നിമിഷം അഭിയെ നോക്കിയതിനു ശേഷം റൂമിന് വെളിയിലേക്ക് ഇറങ്ങുമ്പോൾ ആണ് പെട്ടന്ന് അഭിയുടെ കൈയ്യിലെ ഫ്രെയിം കണ്ടത്.ആവണി മോളുടെ ഫോട്ടോ ആകും അഭി നെഞ്ചോട് ചേർത്ത് കരയുന്നതെന്ന് വിചാരിച്ച എന്റെ തോന്നലുകളെ കീഴ്മേൽ മറച്ച് കൊണ്ട് അഭിയുടെ കൈകൾ മുറുക്കി പിടിച്ചിരുന്നത് അഭിയുടെയും നിരഞ്ജനയുടെയും ഫോട്ടോ ആയിരുന്നു.

റൂമിന് പുറത്തേക്ക് ഓരോ അടി വയ്ക്കുമ്പോളും എന്റെ മനസ്സ് വിവാഹം കഴിഞ്ഞുള്ള ഓരോ സംഭവങ്ങളും മുൻപിൽ തെളിഞ്ഞു വരുകയായിരുന്നു. ഞാൻ സ്വയംമനസ്സിൽ ചോദിച്ചു  ഒരു മാസത്തത്തിനടുത്തായിട്ടും ഞങ്ങൾക്കിടയിൽ ഒരു ഫ്രണ്ട്ഷിപ്പ് പോലും കടന്ന് വരാതായപ്പോൾ, ആവണി മോളോടൊത്തുള്ള നിമിഷങ്ങൾ മാത്രം ആസ്വദിയ്ക്കാൻ ശ്രമിയ്ക്കുന്നത് കണ്ടപ്പോൾ ഓരോ പ്രാവശ്യവും മോളെ തിരികെ കൊണ്ട് വന്നാക്കുമ്പോൾ മോൾക്ക് വേണ്ടി മാത്രമല്ലാതെ ചുറ്റും തിരയുന്ന കണ്ണുകൾ കാണുമ്പോൾ നിരഞ്ജന ഒരു വട്ടം പോലും മുൻപിൽ വരാതിരുന്നത് അഭിയുടെ കൂടെ അഭിയുടെ താലിയ്ക്കും സിന്ദൂരത്തിനും മറ്റൊരു അവകാശിയെ കാണാൻ പറ്റാത്തത് കൊണ്ടല്ലെ എല്ലാം തോന്നിയിട്ടില്ലേ അഭിയ്ക്ക് എന്നെ ഒരു ശതമാനം പോലും ഉൾക്കൊള്ളാൻ ആയിട്ടില്ല എന്നത് എനിയ്ക്ക് മനസ്സിലായിരുന്നില്ലേ എന്ന്, അഭിയുടെ ഉള്ളിൽ ഇപ്പോളും നിറഞ്ഞു നിന്നിരുന്നത് നിരഞ്ജന മാത്രം ആയിരുന്നു എന്ന്.ആ കാരണങ്ങൾക്ക് ഒക്കെ മുകളിൽ ആവണി മോൾ, അവളുടെ സന്തോഷം, അവൾക്ക് നഷ്ട്ടമാകുന്ന അഭിയുടെ സ്നേഹം കരുതൽ അച്ഛന്റെയും അമ്മയുടെയും കൂടെയുള്ള ജീവിതം…

മനസ്സിനെ ഒരു നിമിഷത്തേയ്ക്ക് ഒന്ന് പിടിച്ച് നിർത്തി മറിച് ചിന്തിച്ചു, അഭിയുമായി അകലുന്നതിൽ തനിയ്ക്ക് എന്താണ് നഷ്ട്ടപെടുന്നത്?…..നെറുകയിലെ സിന്ദൂരവും കഴുത്തിൽ അണിഞ്ഞിരിയ്ക്കുന്ന താലിയും. പെട്ടന്ന് മനസ്സിൽ തെളിഞ്ഞ ഉത്തരം അതാണ്. ലഭിയ്ക്കുന്നത് ഡിവോഴ്സി എന്ന പേരും, ഏട്ടൻ…ഏട്ടനും ഏടത്തിയ്ക്കും മനസിലാകും അതിനപ്പുറം നഷ്ടപ്പെടാനയൊന്നുമില്ല. സ്നേഹിയ്ച്ച് തുടങ്ങുന്നതിന് മുൻപേ അംഗീകരിച്ചു തുടങ്ങുന്നതിന് മുൻപേയുള്ള പിരിയൽ. അതാണ് അതിന്റെ ശരി.

റൂമിലേക്ക് തിരിച്ചു ചെന്നപ്പോൾ അഭി ബെഡിൽ ഇരിക്കുകയായിരുന്നു, എന്നെ കണ്ടതും “നിളാ,”എന്ന് പറഞ്ഞു കൊണ്ട് എന്റെ നേർക്ക് വന്നു. അഭി എന്നോട് പറഞ്ഞു തുടങ്ങിയതിനെ ഇടയ്ക്ക് മുറിച്ചു ഞാൻ അഭിയോടായി പറഞ്ഞു “അഭി, ഞാൻ പോവുകയാണ്. എന്നെ ഒരിയ്ക്കലും അഭിയ്ക്ക് ഉൾക്കൊള്ളാൻ ആകില്ല. വെറുതേ നമ്മൾ രണ്ടാളുടെയും ജീവിതം കളയുന്നതിൽ അർത്ഥം ഇല്ല അഭി, അഭിയ്ക്ക് നഷ്ട്ടപെട്ടു എന്ന് അഭി കരുതുന്ന ജീവിതം ഇനീയും അഭിയ്ക്ക് ലഭിക്കും. ഒന്ന് താഴ്ന്നു കൊടുക്കണം നിരഞ്ജനയ്ക്ക് മുന്നിൽ, അത്രയേ വേണ്ടൂ. ആവണി മോളെ എനിക്ക് ഒരുപാടിഷ്ട്ടമാണ്, അവൾക്ക് വേണ്ടി നിരഞ്ജനക്ക് വേണ്ടി അഭിയ്ക്കും എനിയ്ക്കും വേണ്ടി നമുക്ക് പിരിയാം അഭി, എന്റെ കാര്യം ഓർത്ത് ഒരു ഗിൾട്ട് അഭിക്ക് വേണ്ട ഞാൻ എന്റെ ലൈഫിൽ ഹാപ്പി ആയിരുന്നു. അങ്ങനെ തന്നെ തുടരുകയും ചെയ്യും. ഒരുമിയ്ച്ചു സഹിച്ച് ജീവിക്കുന്നതിൽ അർത്ഥമില്ല അഭി “

ആ വീട്ടിൽ നിന്ന് ഞാനുമായി റിലേറ്റഡ് ആയുള്ള എല്ലാം എടുത്ത് മടങ്ങുമ്പോൾ ഒരു വിഷമവും തോന്നിയില്ല. ഏട്ടനോട് പതിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി പതിയെ ഞാൻ എന്റെ ജീവിതത്തിലേക്ക് തിരിച്ചു നടന്നു.

എടുത്ത തീരുമാനം ശരി ആണെന്ന് കാലം തെളിയിച്ചു. ഒരു കണിക പോലും വിഷമം ആ ദിവസമോ തുടർ ദിനങ്ങളിലൊ തോന്നിയില്ല. വീണ്ടും സ്കൂളിൽ പോയ്‌ തുടങ്ങി, കുട്ടികൾ സ്കൂൾ വീട് അങ്ങനെ ജീവിതം വീണ്ടും ശരിയായ ദിശയിലേക്ക് വന്നു.

അതിനിടയിൽ ആണ് അഭി നിരഞ്ജനയെ വിവാഹം കഴിയ്ക്കുന്ന വിവരം ഏട്ടൻ പറയുന്നത്. അപ്പോൾ തോന്നി ആ ചടങ്ങ് ഒന്ന് നേരിൽ കാണണം എന്ന്. അങ്ങനെ ആണ് ഈ ആൽമര ചുവട്ടിൽ അവരിൽ നിന്നകലെ അവരെ കണ്ട് കൊണ്ട് നിന്നത്.

ഓർമ്മകളിൽ നിന്നും പതിയെ ഉണർന്നപ്പോളേക്കും നിളയുടെ കണ്മുന്നിൽ നിന്നും എന്നന്നേക്കുമായി അവരുടെ കാർ പൊയ്ക്കഴിഞ്ഞിരുന്നു, നടന്നതെല്ലാം ഒരു സ്വപ്നമെന്നപോൽ മറന്നു കൊണ്ട് കൊണ്ട് നിള കാർ വീണ്ടും സ്റ്റാർട്ട് ചെയ്തു കൊണ്ട് അവളുടെ പുതിയ ജീവിതത്തിലേയ്ക്കായി ഡ്രൈവ് ചെയ്ത് നീങ്ങി….

നിള ഇവിടെ അവസാനിയ്ക്കുന്നു…

~സയന