വിശ്വാസം അവിടെ നിക്കട്ടെ, താൻ വാ എനിക്കൊരു കമ്പനി ആയിട്ട്..രാവിലെ ആറുമണിക്ക് നമുക്ക് പുറപ്പെടണം..

മദ്യപാനം ആരോഗ്യത്തിന് ഹാനികരം…

Story written by Sai Bro

=============

വേലായുധേട്ടാ ഒന്ന് വേഗം ആയികൊട്ടെ..

അമ്പലമുറ്റത്തെ പുല്ല് ചെത്തികൊണ്ടിരുന്ന വേലായുധേട്ടൻ അതുകേട്ട് എന്നെയൊന്നു തറപ്പിച്ചുനോക്കി..

ഞാനിത് തിന്നല്ല എന്നൊരു പിറുപിറുക്കലും പുള്ളിക്കാരനിൽനിന്നു  കേട്ടു.

പുല്ല്തിന്നാൻ ഇയാളാരാ പശുവോ..ഞാനും വിട്ടുകൊടുത്തില്ല..

അമ്പലമുറ്റത് വാക്കുകൾകൊണ്ട് ഞാനും വേലായുധേട്ടനും പടവെട്ടുമ്പോഴാണ് പൂഴിമണ്ണ് അന്തരീക്ഷത്തിൽ പരത്തി ഒരു പഴയ വില്ലീസ് ജീപ്പ് ചീറിപ്പാഞ്ഞു വരുന്നത് കണ്ടത്..

ഒതുക്കി പാർക്കുചെയ്ത ജീപ്പിൽനിന്നും ഒരുപെൺകുട്ടി ഇറങ്ങി അമ്പലത്തിലേക്ക് നടന്നുപോകുന്നത് കണ്ടു..

അപ്പോഴാണ് ഡ്രൈവർസീറ്റിൽ നിന്നും ഇറങ്ങിയ ആളെ ശ്രദ്ധിച്ചത്…

നരച്ച ജീൻസും ബനിയനും ഇട്ട ഒരു പെൺകുട്ടി..

ഒറ്റനോട്ടത്തിൽ കണ്ടാൽ പെണ്ണാണെന്ന് തോന്നില്ല..ഞാനവളെ അടിമുടി ഒന്ന് നോക്കി..

തോളറ്റം മുറിച്ചിട്ട ചെമ്പൻ തലമുടി അലസമായി ഒഴുകികിടക്കുന്നു..ചെവിൽ ഒരു കമ്മലോ നെറ്റിയിൽ ഒരു പൊട്ടോ ഇല്ല..ആണുങ്ങൾ ഉപയോഗിക്കുന്ന തരം സ്റ്റീലിന്റെ ഒരു വലിയ വള അവളുടെ വലതുകൈയ്യിൽ കിടപ്പുണ്ട്..

ഞാനും വേലായുധേട്ടനും മുഖത്തോട് മുഖം നോക്കിനിൽക്കുമ്പോൾ ഞാനിരിക്കുന്ന ആൽതറക്ക് സമീപത്തേക്ക് അവൾ നടന്നടുത്തു..

എന്റെ തൊട്ടപ്പുറത് ആൽത്തറയിൽ അവളും ചാടിക്കേറി കുത്തിയിരുന്നു..

പെട്ടെന്ന് മ ദ്യത്തിന്റെ ഒരു രൂക്ഷഗന്ധം അനുഭവപെട്ടപോലെ… !!

ഞാൻ ആ പെണ്കുട്ടിയെ ഒന്ന് തറപ്പിച്ചു നോക്കി..

ഏയ്‌, ഇവളിൽ നിന്നാവില്ല..

വേലായുധാ, രാവിലെതന്നെ ക ള്ളടിച്ചു കിറുങ്ങി വന്നിരിക്കുവാലെ..അതും അമ്പലമുറ്റത്തെ പണിക്ക്..

ഞാനത് മനസ്സിൽ പറഞ്ഞുകൊണ്ട് അയാളെ രൂക്ഷമായി ഒന്നുനോക്കി..

ആശാനെ, മുറുക്കാൻ ഉണ്ടോ കയ്യിൽ.. ?

തൊട്ടപ്പുറത് ഇരിക്കുന്ന പെൺകുട്ടി വേലായുധേട്ടനോട് ചോദിച്ചത് കേട്ട് ഞാൻ ഞെട്ടിപോയി..

പിന്നെ നോക്കുമ്പോൾ വേലായുധേട്ടൻ തൂമ്പ ഉപേക്ഷിച്ചു അവൾക്കു മുറുക്കാൻ കൂട്ടുകൊടുക്കുന്നു..

ഇന്നലെ കഴിച്ചതിന്റെ ഹാങ്ങോവർ..തല പെരുക്കുന്നു..

അവളതും പറഞ്ഞു വേലായുധേട്ടൻ മിക്സ് ചെയ്തുകൊടുത്ത മുറുക്കാൻ വായിലേക്ക് തള്ളി ആസ്വദിച്ചു ചവക്കുന്നു..

ഇത് പെണ്ണ് തന്നെയാണോ…?

അതാലോചിച്ചു ഞാൻ നിക്കുമ്പോഴേക്കും, അവൾക്കൊപ്പം ജീപ്പിൽ വന്ന പെൺകുട്ടി അമ്പലത്തിൽ നിന്നും തൊഴുത്തിറങ്ങി ജീപ്പിനു സമീപത്തേക്ക് എത്തിയിരുന്നു..

നിരൻ..വാ പോകാം..

എന്നവൾ വിളിച്ചുപറഞ്ഞപ്പോൾ വായിൽ ഇരുന്ന മുറുക്കാൻ തുപ്പിക്കളഞ്ഞു വേലായുധേട്ടനെ കൈയും കാണിച്ചു അവൾ ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി..

നിരൻ.. !! അപ്പൊ ഇത് ആണാണോ വേലായുധെട്ടാ..?

താടി ഉഴിഞ്ഞുകൊണ്ട് അതിനൊരു മറുപടി തരാതെ വേലായുധേട്ടൻ തൂമ്പയുമെടുത്തു പണിക്കിറങ്ങി..

ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോൾ നാട്ടിലെ പ്രസ്തമായ ക ള്ളുഷാപ്പിന് മുൻപിൽ ആ വില്ലീസ്ജീപ്പ് ഞാൻ പിന്നെയും കണ്ടു..

ഈ സാധനം ഷാപ്പിലും കേറിയോ.. ?

അതൊന്നുകാണണമല്ലോ എന്നോർത്ത് താപ്പും തരവും നോക്കി ഞാനും ഷാപ്പിലേക്ക് കേറി..

ഉച്ചസമയം ആയതുകൊണ്ട് ആളുകൾ കുറവായിരുന്നു ഉള്ളിൽ..

മുളംകുറ്റിയിൽ തണുപ്പിച്ചു കിട്ടുന്ന ക ള്ള് ആ ഷാപ്പിലെ മാത്രം സ്പെഷ്യൽ ആണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്..

ഞാനങ്ങിനെ പരത്തിനോക്കുമ്പോൾ അതാ ഇരിക്കുന്നു ആളൊഴിഞ്ഞ മൂലയിൽ അവൾ..

അമ്പലത്തിൽ കണ്ട അതെ വേഷം..ക ള്ള് ഏറെ കുടിച്ചതിനാലാവണം കണ്ണ് ചുവന്നു കലങ്ങിയിട്ടുണ്ട്..

മറ്റൊന്നും ശ്രദ്ധിക്കാതെ മുൻപിലിരിക്കുന്ന മുളംകുറ്റിയിൽ നിന്നും ക ള്ള് ഗ്ലാസിലേക്ക് പകർന്നു കുടിക്കുന്നു..

ഒന്നുരണ്ട് കുടിയന്മാർ അവളെ ഏന്തിവലിഞ്ഞു നോക്കിപോയി..

ഈ കോലത്തിൽ ഇവൾ എങ്ങിനെ ജീപ്പ്ഡ്രൈവ് ചെയ്ത് പോകും.. ?

ഒരു പെണ്ണ് ക ള്ളുകുടിച്ചു പൂസായി റോഡ്‌സൈഡിൽ കിടക്കുക എന്നൊക്കെ പറഞ്ഞാൽ..

രണ്ടും കല്പിച്ചു ഞാനവളെ തട്ടിവിളിച്ചു..

ഹലോ..മതിയാക്കികൂടെ,  ജീപ്പ് ഡ്രൈവ് ചെയ്യാനുള്ളതല്ലേ.. ?

അവളൊരു നിമിഷം മുഖമുയർത്തി എന്നെനോക്കി..

നിർവികാരമായ നോട്ടം..

ഗ്ലാസിൽ അവശേഷിച്ച ക ള്ള് വലിച്ചു കുടിച്ചിട്ട് രണ്ടുകൈകൊണ്ടും  ഡെസ്ക്കിൽകുത്തികൊണ്ട് അവൾ വേച്ചു വേച്ചു എഴുന്നേറ്റു..

എന്റെ തോളിലൂടെ കയ്യിട്ട് കാലിടറിനടക്കുന്ന അവളെയും കൊണ്ട് ജീപ്പിനടുത്തേക് നടക്കുമ്പോൾ ഒരുത്തൻ കുറുകെവന്ന് ചോദിച്ചു..

എങ്ങോട്ടാടാ ഈ ചരക്കിനെയും കൊണ്ട്.. ?

എന്ത് മറുപടിപറയണമെന്ന് എന്റെ തലച്ചോറ് തിരുമാനിക്കുമ്പോഴേക്കും പടക്കംപൊട്ടുന്ന പോലെ ഒരു ശബ്ദം കേട്ടു..

മുന്നിൽ നിന്നവൻ അടിവ യറുപൊത്തി താഴെക്കിരുന്നു..

ചരക്ക് നിന്റെ….അവൾ കിതച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു…

താൻ ഡ്രൈവ് ചെയ്യോടൊ?

ല ഹരികൊണ്ട് അടഞ്ഞുപോകുന്ന കണ്ണുകൾ ആയാസപ്പെട്ട് തുറന്നുകൊണ്ടവൾ ചോദിച്ചു..

പഴയതെങ്കിലും പെട്ടെന്ന് കൈക്കിണങ്ങി ആ വാഹനം..ഗിയർ മാറികൊണ്ട് ഞാൻ അവളോട്‌ ചോദിച്ചു..

വീടെവിടെയാ.. ? പറഞ്ഞാൽ അങ്ങോട്ട്‌ പോകാം..

അതിനൊരു മറുപടി കിട്ടിയില്ല എനിക്ക്..

നിരൻ എന്നാണോ പേര്. ?

അല്ല, ഞാൻ നിരഞ്ജന..

“നിരൻ ” എന്നത് വിളിപ്പേരാണ്,

നിരഞ്ജനയെ വെട്ടിക്കുറച്ചു “നിരൻ” എന്നാക്കി ചിലർ..

അവൾ ഒരു പുച്ഛത്തോടെ പറഞ്ഞു..

നിരഞ്ജന ഈ നാട്ടിൽ പുതിയ താമസക്കാരാണ് അല്ലേ.. ?

ഹും..അതെ…

എന്തിനാ ഇങ്ങനെ കുടിക്കണേ താൻ.. ?

എന്നെ ഒരാൾ നൈസ് ആയിട്ട് ഒന്ന് തേച്ചു..അന്ന് തോന്നിയ സങ്കടം മാറ്റാനായി തുടങ്ങിയ ശീലം ആണിത്..അതിപ്പോഴും തുടരുന്നു..

അവൾ പറഞ്ഞു നിർത്തി..

ഞാൻ നിരഞ്ജനയെ വിസ്മയത്തോടെ ഒന്ന് നോക്കി..

സാധാരണ ആൺകുട്ടികൾ പറയുന്ന വാക്കുകൾ..

നഷ്ടപ്രണയം മൂലം ല ഹരിയിലേക്ക് തിരിയുന്ന ഒരുപാട് ആൺകുട്ടികളെ കണ്ടിട്ടുണ്ട്..പക്ഷെ ഒരാൺകുട്ടി  പ്രണയിച്ചു പറ്റിച്ചു എന്നുപറഞ്ഞു മ ദ്യപാനത്തിലേക്ക് തിരിഞ്ഞ ഒരു പെണ്കുട്ടിയെ ആദ്യമായിട്ടാണ് കാണുന്നത്..

കുറച്ചുദൂരം കഴിഞ്ഞപ്പോഴേക്കും മ ദ്യലഹരിയിൽ അവൾ ഉറക്കത്തിലേക്കമർന്നു..

തല എന്റെ തോളിലേക്ക് ചാഞ്ഞുവന്നു…

ആളൊഴിഞ്ഞിടത് ഒരു മരത്തണലിൽ ഞാൻ ജീപ്പ് ഒതുക്കിനിർത്തി..

ഏകദേശം അരമണിക്കൂർ കടന്നുപോയി..

ഞാനവളെ തട്ടിവിളിച്ചു..

പെട്ടെന്ന് കണ്ണ് തുറന്ന് അവൾ ചുറ്റും നോക്കി..

ഞാൻ ഉറങ്ങിപോയിലെ.. ?

ഉം..

ഞാൻ വെറുതെ മൂളി..

അവളുടെ വീടെത്തുന്നത് വരെ ഞാൻ അവളെക്കുറിച്ചു അറിഞ്ഞുകൊണ്ടിരുന്നു..

ഗവണ്മെന്റ് ജോലിക്കാനായിരുന്ന അച്ചൻ ചെറുപ്പത്തിലേ മരിച്ചു…

രണ്ട് പെണ്കുട്ടികളെ അമ്മ കഷ്ടപ്പെട്ട് വളർത്തി..

ചെറുപ്പം മുതൽക്കേ പഠനത്തിലും മറ്റും  അനിയത്തിയേക്കാൾ ഏറെ മുന്നിലായിരുന്നു നിരഞ്ജന..

അതിനടക്കെപോഴോ ഒരു പ്രണയം കടന്നുവന്നു ജീവിത്തിലേക്ക്..

പ്രണയപുഴയിൽ കാമുകനോടൊപ്പം നീന്തിത്തുടിച്ച നാളുകൾ..

പ്രായപൂർത്തി ആയപ്പോൾ അച്ഛന്ടെ ജോലി അവളെതേടിയെത്തി..

പഠനത്തിൽ മിടുക്കിയായതു കൊണ്ട് നിരഞ്ജനക്ക് മറ്റൊരു ജോലി ലഭിക്കാൻ ഏറെ ആയാസപ്പെടേണ്ടിവരില്ലെന്നു തിരിച്ചറിഞ്ഞ അമ്മ അച്ഛന്ടെ  ജോലി അനിയത്തിക്ക് കൊടുക്കാൻ നിരഞ്ജനയെ നിര്ബന്ധിച്ചു..

സന്തോഷത്തോടെ തന്നെ അവളത് അംഗീകരിക്കുകയും ചെയ്തു….

അങ്ങനെ അനിയത്തി ഗവൺമെന്റ് ജോലിക്കാരിയായി…

അത്രയും പറഞ്ഞു നിരഞ്ജന നിർത്തി…

അപ്പോൾ തന്റെ പ്രണയം…അതിനെന്തു പറ്റി.. ?

ഞാൻ ആകാംക്ഷയോടെ ആ മുഖത്തേക്ക് നോക്കി ചോദിച്ചു..

എന്റെ കാമുകൻ എന്നേക്കാൾ ഇഷ്ടപ്പെട്ടിരുന്നത് എനിക്ക് ലഭിക്കാനിരിക്കുന്ന വലിയ ശമ്പളമുളള ആ ജോലിയെ ആയിരുന്നു..

ഞാൻ ആ ജോലി ഒഴിവാക്കിയപ്പോൾ അയാൾ എന്നെയും പതുക്കെ ഒഴിവാക്കി..

അവൾ കിതച്ചുകൊണ്ട് പറഞ്ഞു…

എന്നിട്ടയാൾ എന്റെ അനിയത്തിയെ പ്രണയിച്ചു..അവളെ വിവാഹം കഴിച്ചു..

എല്ലാമറിയാവുന്ന എന്റെ സ്വന്തം അമ്മ അതിന് കൂട്ടുനിന്നു..

അല്പനേരത്തേക്ക് ഞാനൊന്നും മിണ്ടിയില്ല..

അല്ല, എനിക്ക് മിണ്ടാനായി ഒന്നുമില്ലായിരുന്നു…

വീടിന്ടെ പോർച്ചിൽ ജീപ്പ് നിർത്തി ചാവി അവളെ ഏല്പിച്ചു തിരിഞ്ഞു നടക്കുമ്പോൾ നിരഞ്ജന പിറകിൽ നിന്നും വിളിച്ചുപറഞ്ഞു…

നമുക്കിനീം കാണാട്ടോ ഭായ്..

കുറച്ചുനാളുകൾ കൊണ്ട് നിരഞ്ജന ഞാനുമായി പെട്ടെന്ന് കമ്പനി ആയി..

പക്ഷെ അവളുടെ മ ദ്യപാനത്തെ അവസാനിപ്പിക്കാൻ മാത്രം എനിക്ക് കഴിഞ്ഞില്ല.

ഒരൂസം അങ്ങനെ ചുമ്മാ കുത്തിയിരിക്കുമ്പോൾ ഞാൻ നിരഞ്ജനയോട് ചോദിച്ചു..

ഭായ് നമുക്ക് നാളെ രാവിലെ തൃശൂർ വടക്കുംനാഥനിൽ ഒന്നു പോയാലോ.. ?

എനിക്കി ദൈവങ്ങളിലൊന്നും വലിയ വിശ്വാസമില്ല..

അവൾ അലക്ഷ്യമായി എങ്ങോട്ടോ നോക്കികൊണ്ട് പറഞ്ഞു..

വിശ്വാസം അവിടെ നിക്കട്ടെ, താൻ വാ എനിക്കൊരു കമ്പനി ആയിട്ട്..രാവിലെ ആറുമണിക്ക് നമുക്ക് പുറപ്പെടണം..

എന്തുകൊണ്ടോ പറ്റില്ല എന്നവൾ പറഞ്ഞില്ല..

പിന്നേയ്, ഈ കോലത്തിൽ അമ്പലത്തിൽ കേറ്റില്ല ട്ടാ..

ജീൻസ് ഒന്ന് മാറ്റിപ്പിടി ഭായ് നാളെ ഒരു ദിവസത്തേക്ക്..

അതിനൊരു മറുപടി എനിക്ക് കിട്ടിയില്ല..

പിറ്റേന്ന് രാവിലെ അമ്പലത്തിലേക്ക് പോകാൻ തയ്യാറായി ഇറങ്ങിയ നിരഞ്ജനയെ ഞാൻ അതിശയത്തോടെ നോക്കിനിന്നുപോയി..

സെറ്റുസാരി ഉടുത്തു…കയ്യിലെ സ്റ്റീൽ വളക്കു പകരം നിറയെ കുപ്പിവളകൾ അണിഞ്ഞു…നെറ്റിയിൽ ചുവന്ന പൊട്ടും കുത്തി നില്കുന്ന നിരഞ്ജന..

വാപൊളിച്ചു നിൽക്കാതെ വണ്ടിയെടുക്ക് മാഷെ..

ജീപ്പിന്റെ ചാവി എനിക്കുനേരെ എറിഞ്ഞു അവൾ പറഞ്ഞു..

വടക്കുംനാഥന് മുന്നിലെ പൂക്കടയിൽനിന്നും മുല്ലപ്പൂവ് വാങ്ങി നിരഞ്ജന എനിക്ക് നേരെ നീട്ടി..

മുടിയിൽ തിരുകിതാ ഭായ്..

ദൈവത്തിൽ വിശ്വാസമില്ലാത്ത നിരഞ്ജന ഏറെ നേരമെടുത്ത് ഓരോയിടത്തുനിന്നും തൊഴുതിറങ്ങുന്നത് ഞാനൊരു പുഞ്ചിരിയോടെ നോക്കി നിന്നു…

വടക്കുംനാഥന്റെ ചന്ദനകുറി നെറ്റിയിൽ ചാർത്തി ചെത്തിയും തുളസിക്കതിരും മുടിയിൽ തിരുകി അവൾ നടന്നുവരുന്നത് കണ്ടപ്പോൾ മനസൊന്നു കുളിർത്തു..

ഇവൾ ഇപ്പോഴാണ് ഒരു പെണ്ണായത്…ഞാൻ മനസ്സിൽ പറഞ്ഞു..

ജീപ്പിന് അടുത്തെത്തിയപ്പോൾ നിരഞ്ജന എന്റെ നെറ്റിയിലേക്ക് നോക്കികൊണ്ട്‌ പറഞ്ഞു,

ഭായ് ചന്ദനം തൊട്ടിരിക്കുന്നത് ശരിയായിട്ടില്ല..ഞാനിപ്പോ ശരിയാക്കിതരാം..

ഉപ്പൂറ്റി മുകളിലേക്കുയത്തി അവൾ ഏന്തിവലിഞ്ഞു നെറ്റിയിൽ ചന്ദനം തൊടീച്ചു തരുമ്പോൾ ചുടുനിശ്വാസം എന്റെ മുഖത്തു ഏൽക്കുന്നുണ്ടായിരുന്നു.

ജീപ്പ് ഡ്രൈവ് ചെയ്യുമ്പോൾ അരികിലിരിക്കുന്ന നിരഞ്ജനയെ ഞാനൊന്ന് പാളി നോക്കി..

ആദ്യം കണ്ടുമുട്ടുമ്പോൾ അവളുടെ മുഖത്തുകണ്ട അലസത ഇപ്പോഴില്ല, മുഖംനിറയെ ഐശ്വര്യം തുളുമ്പുന്നു…

ഓർക്കാപുറത് അവളുടെ നോട്ടം എന്റെ മുഖത്തേക്ക് വന്നു…

എന്താടോ, ആദ്യം കാണുന്നപോലെ നോക്കുന്നേ… ?

ആ ചോദ്യത്തിനു മറുപടിയായി നെറ്റിയിലേക്ക് കൈ ചൂണ്ടി പൊട്ട് തൊട്ടത് നന്നായിട്ടുണ്ടെന്ന് ഞാനൊരു ആക്യം കാണിച്ചു…

കണ്ണുകൾ വിടർത്തി അവളൊരു ആശ്ചര്യം പ്രകടിപ്പിച്ചു..

എന്നിട്ടൊന്ന് ചിരിച്ചു..

മനസുകുളിർപ്പിക്കുന്ന ചിരി..

മ ദ്യശാലയുടെ മുന്നിൽ ജീപ്പ് നിന്നപ്പോൾ നിരഞ്ജന ചോദ്യഭാവത്തിൽ എന്നെനോക്കി…

മേടിക്കണ്ടേ… ?

ഞാൻ കുപ്പികൾക്കുനേരെ കൈചൂണ്ടി ചോദിച്ചു..

വടക്കുംനാഥനെ തൊഴുത് വരുന്നവഴിയല്ലേ, ഇന്നേതായാലും വേണ്ട..ഭായ്, വണ്ടി വിട്..

മനസ്സിൽ നുരഞ്ഞ സന്തോഷം ഒരു ചെറുചിരിയിൽ ഒതുക്കി ഞാൻ ഗിയർ മാറി..

ജീപ്പ് പോർച്ചിൽ ഒതുക്കി നിർത്തി നിരഞ്ജനയോട് യാത്രപറഞ്ഞു പുറത്തേക്ക് നടന്ന എന്നെ പുറകില്നിന്നും അവൾ വിളിച്ചു നിർത്തി..

മുഖത്തു ഗൌരവം നിറച്ചു എന്റെ അരികിലേക്ക് നടന്നടുക്കുന്ന നിരഞ്ജനയെ ഞാൻ അല്പം ആശങ്കയോടെ നോക്കി..

അപ്രതീക്ഷിതമായി എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുവലിച്ചു മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു..

നിനക്ക് എന്നെ കെട്ടാൻ പറ്റോ..?

ഒരാണ് പെണ്ണിനോട് ചോദിക്കേണ്ട ചോദ്യം നിരഞ്ജന എന്നോട് ചോദിച്ചിരിക്കുന്നു…

ഷർട്ടിൽനിന്നും അവളുടെ പിടി വിടുവിച്ചിട്ട് ഞാനാ വിടർന്ന മിഴികൾ നോക്കി പറഞ്ഞു..

ഭായ്…ഇത് ഞാൻ അങ്ങോട്ടാണ് ചോദിക്കേണ്ടത്…

മുത്ത് ചിതറുംപോലെ പൊട്ടിച്ചിരിച്ചുകൊണ്ട് നിരഞ്ജന എന്റെ കൈകളിൽ കൈചേർത്തപ്പോൾ ഞാനാ കൈകളിൽ ഒന്നിറുക്കിപിടിച്ചു….

ഇനിയെന്നും കൂടെയുണ്ട് എന്ന അർത്ഥത്തിൽ…