അടിച്ചുപൊളിക്കാൻവേണ്ടി തന്നെയാണ് ഒരു ബുധനാഴ്ച ഞങ്ങൾ ഗോവയിലേക്ക് ട്രെയിൻ കയറിയത്…

നമ്പർ 20 മംഗള എക്സ്പ്രസ്സ്‌….

Story written by Sai Bro

================

അടിച്ചുപൊളിക്കാൻവേണ്ടി തന്നെയാണ് ഒരു ബുധനാഴ്ച ഞങ്ങൾ ഗോവയിലേക്ക് ട്രെയിൻ കയറിയത്…

ട്രെയിനിൽ കയറിപ്പോളാണ് അപകടം മനസിലായത്..പന്ത്രണ്ടുപേരിൽ ഞാൻമാത്രം വേറൊരു ബോഗിയിൽ…

ഭാഗ്യത്തിന് വിൻഡോസീറ്റ്‌ തന്നെ കിട്ടി..

ലഗേജ് എല്ലാം ഭദ്രമായി ഒതുക്കിവെച്ചതിനുശേഷമാണ് എതിർവശത് ഇരിക്കുന്നയാളെ ശ്രദ്ധിച്ചത്..

ഒരു പെൺകുട്ടി…

ഗംഭീര പത്രംവായനയിൽ മുഴുകി ഇരിക്കുന്നതിനാൽ മുഖം വ്യക്തമല്ല..

അവളുടെ ശ്രദ്ധ ആകർഷിക്കാനായി ഒന്നുരണ്ട് തവണ ചുമച്ചുനോക്കി,

ചുമച്ചു തൊണ്ട പൊട്ടാത്തത് ഭാഗ്യം, അവൾ പത്രത്തിൽ നിന്നും മുഖമെടുത്തതേ ഇല്യ..

അവളെയുംനോക്കി അങ്ങിനെ കുത്തിയിരുന്ന് എപ്പോഴാണ് ഉറങ്ങിയതെന്ന് ഓർമയില്ല..

ഇടക്കെപോഴോ കണ്ണ്തുറന്ന് നോക്കുമ്പോൾ എതിർ സീറ്റിൽ അവളില്ല…

ഒന്ന് പരതിനോക്കിയപ്പോൾ അവൾ വായിച്ചുകൊണ്ടിരുന്ന പത്രം സീറ്റിൽ കിടക്കുന്നത് കണ്ടു..

താടിക്ക് കൈകൊടുത്തു അങ്ങനെ ഇരിക്കുമ്പോഴാണ് ബാത്റൂമിൽ നിന്നും ഓള് ഇറങ്ങിവരുന്നത് കണ്ടത്..

അവളെ കണ്ടതും ചങ്കിനുള്ളിൽ ഒരു  ഗിരിരാജൻകോഴി ചിറകടിച്ചു, ഒന്ന് നീട്ടി കൂകി…

എതിർവശം ഇരുന്ന് അവൾ എന്നെനോക്കിയൊന്നു ചിരിച്ചു…

അടിപൊളി, ഓൾടെ നോട്ടവും ചിരിയും ഒരുമിച്ചു കണ്ടപ്പോ നെഞ്ചിൽ തൃശൂർപൂരത്തിന്റെ അമിട്ടുകൾ ഓരോന്നോരോന്നായി പൊട്ടി വിരിഞ്ഞു തുടങ്ങി…

അവളുടെ പുഞ്ചിരിക്ക് പകരമായി ഒരു നെടുനീളൻ ചിരി ഞാനും പാസാക്കി…

പുറത്തെ കാഴ്ചകളിലേക്ക് ഉറ്റുനോക്കിയിരിക്കുന്ന അവളെ ഞാൻ അടിമുടി വീക്ഷിച്ചു..

അവളുടെ നെറ്റിയിലെ വട്ടത്തിലുള്ള വലിയ ചുവന്ന പൊട്ട്….ഇടയ്ക്കിടെ ചിമ്മിയടയുന്ന  വെള്ളാരം കണ്ണുകൾ…കാറ്റ് അലോസരപ്പെടുത്തുമ്പോൾ നെറ്റിയിലേക്ക് പാറി വീഴുന്ന ചുരുണ്ട മുടിയിഴകൾ.. ആ മുടിയിഴകളെ ചെവിക്കരുകിലേക്ക് ഒതുക്കിവെക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന വലിയ ജിമിക്കി കമ്മലുകൾ….ലക്ഷണമൊത്ത ചുണ്ടിന് മുകളിലെ നനുനനുത്ത മീശരോമങ്ങൾ ചെറുതായി തെളിഞ്ഞ് കാണാം…

ആകെപ്പാടെ ഒരാനചന്തം… !

അവളെ എങ്ങിനെ പരിചയപെടും എന്നാലോചിച്ചു ഞെരിപിരി കൊള്ളുമ്പോഴാണ് അവളുടെ കയ്യിലിരിക്കുന്ന പുസ്തകങ്ങൾ ശ്രദ്ധയിൽ പെട്ടത്..

വിരോധമില്ലെങ്കിൽ ആ ബുക്കുകളിൽ ഒന്ന് വായിക്കാൻ തരാമോ…. ?

അതിനെന്താ, ദാ നോക്കിക്കോളൂ എന്ന് പറഞ്ഞുകൊണ്ട് രണ്ടുമൂന്ന് ബുക്കുകൾ അവൾ എനിക്ക് നേരെ നീട്ടി…

“വൈലറ്റ് പൂക്കൾ”

എന്നെഴുതിയ പുസ്തകം ഞാനതിൽ നിന്നും തിരഞ്ഞെടുത്തു…

അവളെയൊന്ന് ആകർഷിക്കാൻ വേണ്ടി ഞാൻ പതിയെ പുസ്തകവായനയിൽ ശ്രദ്ധതിരിച്ചു…

പ്രണയമായിരുന്നു കഥയുടെ  ഇതിവൃത്തം..

ആദ്യത്തെ രണ്ടുമൂന്ന് താളുകൾ വെറുതെ വായിച്ചുപോയെങ്കിലും പിന്നീടങ്ങോട്ട് വരികളിൽ നിന്നും കണ്ണെടുക്കാൻ കഴിയാതെയായി..

അത്രക്കും മനോഹരമായാണ് രചയിതാവ് ഓരോവരികളും എഴുതിചേർത്തിരിക്കുന്നത്.

ഒറ്റയിരുപ്പിന് ആ ബുക്ക്‌ മുഴുവനും വായിച്ച് തീർത്തു…

കഥാപാത്രങ്ങൾ  അന്തരീക്ഷത്തിൽ എനിക്കുചുറ്റും ഒഴുകി നടക്കുന്നതുപോലൊരു തോന്നൽ…

ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം…

രചയിതാവിന്റെ പേരറിയാനുള്ള അതിയായ ആഗ്രഹത്താൽ ആദ്യപേജ്‌ മറിച്ചു നോക്കിയപ്പോൾ കണ്ടു..

മിഴി മാധവ്….

ആ പേര് ഒന്നുരണ്ട് തവണ മനസ്സിൽ ഉരുവിട്ട് കൊണ്ട് പുസ്തകം അവളെ തിരിച്ചേൽപിക്കുമ്പോൾ അറിയാതെ പറഞ്ഞുപോയി

ഈ എഴുത് ഗംഭീരം തന്നെ… !

“താങ്ക്സ് ” എന്നൊരു മറുപടി അവൾ തന്നപ്പോൾ അല്പം നീരസത്തോടെ പറഞ്ഞു..

അഭിനന്ദനം അറിയിച്ചത് തനിക്കല്ല, ഈ പുസ്തകം എഴുതിയ മിഴി എന്ന എഴുത്തുകാരിക്കാണ്…

ഓ, സോറി..

എന്നൊരു മറുപടി അവൾ തിരിച്ചും തന്നു…

വൈകുന്നേരം ആയപ്പോഴേക്കും ആകാശം ഇരുണ്ട് തുടങ്ങി…

എവിടെയോ ഒരു മഴ പെയ്യുന്നുണ്ടാകാം…

അങ്ങനെ തണുത്ത കാറ്റിനെ മനസിലേക്ക് ആവഹിച്ചു,  മുന്നിലിരിക്കുന്ന സുന്ദരിയുടെ വെള്ളാരം കണ്ണുകളുടെ സൗന്ദര്യവും നുകർന്നിരിക്കെ അ ടിവ യറ്റിൽ നിന്നും ഒരു ഓർമപെടുത്തൽ തലച്ചോറിലേക്ക് ഇരമ്പിയെത്തി…

വിശപ്പ്… !!

മുന്നിലിരിക്കുന്നവളോട് ഈ ബാഗ്‌ ഒന്ന് നോക്കിയേക്കണേ ദിപ്പൊ വരാം എന്നും പറഞ്ഞു തൊട്ടപ്പുറത്തെ ബോഗിയിലുള്ള കൂട്ടുകാരുടെകൂടെ കൂടി മൂക്കുമുട്ടെ ചപ്പാത്തിയും കോഴിക്കറിയും കഴിച്ചു വീണ്ടും സീറ്റിലെത്തിയപ്പോൾ അവൾ ഭക്ഷണം കഴിക്കാനുള്ള പുറപ്പാടിലായിരുന്നു…

എന്നെക്കണ്ടതും, അത്താഴം ഷെയർ ചെയ്യാം എന്ന് ഒരു ആക്യത്തോടെ അവൾ പറയാതെ പറഞ്ഞു..

ഏയ്‌, വേണ്ട…ഞാൻ രാത്രി ഭക്ഷണം കഴിക്കാറില്ല..ഡയറ്റിങ് ആണ്..

ഞാൻ ചുമ്മാ തട്ടിവിട്ടു..

അത് നന്നായി…ഫുഡ്‌ കണ്ട്രോൾ ചെയ്താൽ ഈ കുടവയർ കുറയും എന്ന് എന്റെ വയറ്റിലേക്ക് നോക്കി അവൾ പറഞ്ഞപ്പോൾ, ഞാനറിയാതെ ഒന്ന് മസ്സിൽ പിടിച്ചു വയർ ഉള്ളിലോട്ട് വലിച്ചു….

വാഴയിലയിൽ പൊതിഞ്ഞ കുത്തരി ചോറും,..മണം കേട്ടിട്ട് മാമ്പഴപുളിശ്ശേരി ആണെന്ന് തോനുന്നു,

ആ ചാറും, കൂട്ടി കുഴച് ഉരുളയാക്കി…ഇലയുടെ അരികിലുള്ള കണ്ണിമാങ്ങാ അച്ചാറിൽ ഒന്ന് തൊട്ടുനക്കി..ഗുമാ ഗുമ വാരി വാരി കഴിക്കുന്ന അവളെ കണ്ടപ്പോൾ അറിയാതെ എന്റെ ചിറിയിലൂടെ തേനൊഴുകി…

ഉറക്കം വരുന്നു എന്ന് പറഞ്ഞുകൊണ്ട് അവൾ സീറ്റിലേക്ക് ചാഞ്ഞപ്പോൾ ഞാൻ മുകളിലെ ബെർത്തിലേക്ക് അള്ളിപ്പിടിച്ചു കയറികിടന്നു..

അടിമുടി മൂടിപുതച്ചു കിടക്കുന്ന അവളെ നോക്കി തീവണ്ടിയുടെ തൊട്ടിലാട്ടവും ഏറ്റുവാങ്ങി ഞാനങ്ങിനെ കിടന്നു..

അപ്രതീക്ഷിതമായി പെട്ടന്നവൾ മുഖത്തെ പുതപ്പ് നീക്കി….

നോട്ടങ്ങൾ കൂട്ടിമുട്ടി…

എന്താ….എന്ന ഭാവത്തിൽ അവൾ മിഴികൾ കൂർപ്പിച്ചു..

ഒന്നുല്യ എന്ന് പറഞ്ഞു തിരിഞ്ഞ് കിടന്ന് ഞാൻ ഒരുറക്കം അങ്ങ് വെച്ചുകൊടുത്തു…

ഗാഢനിദ്രക്കിടയിലും മിഴി മാധവിന്റെ വൈലറ്റ് പൂക്കൾ എന്നെ അലോസരപ്പെടുത്തികൊണ്ടിരുന്നു….

ഡാ…ഗോവ എത്താറായി എഴുന്നേൽക്ക്…

കൂട്ടുകാർ തട്ടിവിളിച്ചപ്പോഴാണ് കണ്ണുംതിരുമ്മി ചാടി എണീറ്റത്…

എണീറ്റ് ആദ്യം നോക്കിയത് അവളെയായിരുന്നു…

പഴയപോലെതന്നെ മൂടിപുതച്ചു മുഖംപോലും പുറത്തോട്ടു കാണാത്തവിധം അവൾ അവിടെത്തന്നെ കിടപ്പുണ്ടായിരുന്നു…

ബാഗും തൂക്കിപിടിച്ചു റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ പെട്ടെന്നൊരു വെളിപാട് പോലെ ജനാലക്ക് ഉള്ളിലേക്ക് ഞാനൊന്ന് എത്തി നോക്കി…

അതാ, താടിക്ക് കൈകുത്തി എന്നെയും നോക്കി അവൾ ഇരിക്കുന്നു…

ഇറങ്ങുമ്പോ ഒന്ന് പറഞ്ഞിട്ട് പോണ്ടേ മനുഷ്യാ.. ?

നിങ്ങൾ ഇവിടെ ഉള്ള ധൈര്യത്തിലാണ് ഞാനിങ്ങനെ ബോധംകെട്ട് ഉറങ്ങിയത്..എണീറ്റ് നോക്കുമ്പോൾ ആളെ കാണാനില്ല…

അതുപിന്നെ,…ഉറക്കത്തിൽ ശല്യപെടുത്തണ്ട എന്ന് കരുതി,…..

ഞാൻ പറഞ്ഞൊപ്പിച്ചു…

എന്നാ നാട്ടിലേക്ക് തിരികെ പോണേ.. ?

നാളെ കഴിഞ്ഞു മറ്റന്നാൾ വൈകീട്ട്..

ഏതാ ട്രെയിൻ.. ?

മംഗള എക്സ്പ്രസ്സ്‌..

അപ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങി….

അതേയ്, ഒരുകാര്യം ചോദിക്കാൻ മറന്നു…എന്താ പേര്….. ?

മുന്നോട്ട് നീങ്ങുന്ന ബോഗിക്ക് ഒപ്പം നടന്ന് ഞാൻ പറഞ്ഞു..

ഒരു പേരിൽ എന്തിരിക്കുന്നു മാഷെ എന്ന്  ചിരിച്ചുകൊണ്ട് മറുപടി കിട്ടി..

ന്നാലും…പറയിഷ്ട്ടാ.

മറ്റന്നാൾ വൈകീട്ട് മംഗളയിൽ ഞാനും  തിരിച്ചുപോരും അപ്പൊ കാണുവാണേൽ പറയാം. എന്നവൾ മറുപടി നൽകി..

ബോഗികൾ ഇളകികുതിച്ചു മുന്നോട്ട് നീങ്ങിതുടങ്ങിയപ്പോൾ അഴികൾക്കിടയിലൂടെ അവൾ കൈവീശുന്നത് എനിക്ക് കാണാമായിരുന്നു…

ഗോവയിലെ ബീച്ചുകൾക്കിടയിലും, നുരയുന്ന ഫെനിയുടെ ല ഹരിക്കിടയിലും പേരറിയാത്ത അവളെ ഞാൻ ഓർത്തുകൊണ്ടിരുന്നു…

രണ്ടുദിവസം കഴിഞ്ഞു ഗോവയിൽ നിന്നും മംഗള എക്സ്പ്രസ്സിൽ കാലെടുത്തുവെച്ചപ്പോൾ കണ്ണുകൾ  ആദ്യം പരതിയത്  അവളെയായിരുന്നു…

സീറ്റിലെത്തി ബാഗ്‌ ഇറക്കി വെച്ചതിനുശേഷം ഞാൻ അവളെത്തിരക്കിയിറങ്ങി…

ആൾത്തിരക്കില്ലാത്ത ഒരു ബോഗിയിൽ വിൻഡോസീറ്റിൽ പുറത്തേക്ക് നോക്കിയിരിക്കുന്ന അവളെ അകലെനിന്നേ ഞാൻ കണ്ടു..

ഭാഗ്യത്തിന് എതിർസീറ്റ് കാലിയായിരുന്നു..

അതിൽ കയറി ഇരുന്നപ്പോഴാണ് അവൾ എന്നെകണ്ടത്…

ആഹാ, വീണ്ടും കണ്ടുമുട്ടിയല്ലേ നമ്മൾ…

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..

കണ്ടുമുട്ടാതിരിക്കാൻ ആവില്ലലോ..

ഞാനത് മനസിലും പറഞ്ഞു..

ഇനിപറയു,  എന്താ പേര്.. ?

ഞാൻ ആകാംഷയോടെ ചോദിച്ചു…

എന്റെ പേര്  മിഴി,  “മിഴി മാധവ്..”

ങേ… !!

വാ പൊളിച്ചു നില്കുന്ന എന്നെനോക്കി വെള്ളാരംകണ്ണുകൾ ഇറുക്കി ചിരിച്ചുകൊണ്ട് അവൾ പിന്നെയും പറഞ്ഞുകൊണ്ടിരുന്നു..

ഞാൻ എഴുതിയ പുസ്തകമാണ് “വൈലറ്റ് പൂക്കൾ “…. ഇപ്പൊ കൊച്ചിയിൽ ഒരു  സ്കൂൾ ടീച്ചറായി ജോലിചെയ്യുന്നു,…

ഇത്രയും അറിഞ്ഞാൽ പോരെ മാഷെ തല്കാലം.. ?

ഞാൻ ചുമ്മാ തലകുലുക്കി..

വീണ്ടും നിശബ്ദത ഞങ്ങൾക്കിടയിൽ…

അവൾ കയ്യിലിരിക്കുന്ന വൈറ്റ് പേപ്പറിൽ എന്തോ കോറിയിടുന്നത് ഇടക്ക് ഞാൻ ശ്രദ്ധിച്ചു..

ഇടയ്ക്കിടെ നോട്ടം പാളി എന്റെ മുഖത്തേക്കും വരുന്നുണ്ട്…

അതൊന്നും കാണാത്ത ഭാവത്തിൽ ഞാൻ പുറംകാഴ്ചകളിലേക്ക് നോക്കി അങ്ങനെയിരുന്നു.

എന്റെ കാലക്കേടിന് ഞാനിരിക്കുന്ന സീറ്റിന്റെ ശരിക്കുമുള്ള അവകാശി അടുത്ത സ്റ്റേഷനിൽ നിന്നും കയറി,..

അങ്ങനെ സീറ്റ്‌ ഒഴിഞ്ഞുകൊടുത് അപ്പുറത്തെ ബോഗിയിലേക്ക് പോകാൻ തുനിയുമ്പോൾ അവൾ ഒരു കാര്യം ചോദിച്ചു..

ഇയാൾ ഏത് സ്റ്റേഷനിലാ ഇറങ്ങുന്നെ.. ?

ഞാൻ തൃശ്ശൂരിൽ ഇറങ്ങും..

ഇറങ്ങുന്നതിനു മുൻപ് ഇങ്ങോട്ടൊന്നു വന്നോളു ട്ടോ, ഒരു കൂട്ടം കാണിച്ചു തരാം..

കൂട്ടുകാരോട് സൊറപറഞ്ഞു ഇരിക്കുമ്പോഴും പെട്ടെന്ന് തൃശൂർ എത്താൻ മനസ്സുകൊണ്ട്  പ്രാർത്ഥിക്കുകയായിരുന്നു…

അവൾ എന്തിനാണാവോ അങ്ങോട്ട്‌ വിളിച്ചത്…. ?

ആകെപ്പാടെ ഒരു തിക്കുമുട്ടൽ..

ഷോർണൂർ എത്തിയപ്പോൾ ബാഗുമെടുത്തു അവളുടെ സീറ്റിനരികിലേക്ക് ചെന്നു..

എന്നെ കണ്ടപാടെ നാലായിമടക്കിയ ഒരു വെള്ളപേപ്പർ എനിക്ക് നേരെ നീട്ടി അവൾ..

തൊട്ടപ്പുറത്തെ വാതിലിനടുത്തേക്ക് മാറിനിന്ന്‌ മിടിക്കുന്ന ഹൃദയത്തോടെ ഞാനത് തുറന്ന് നോക്കി…

പെൻസിൽ കൊണ്ട് വരച്ച ഒരു മുഖം…അതായിരുന്നു ആ പേപ്പറിൽ..

അത് ഞാനാണ് എന്ന് മനസിലാക്കാൻ അധികം സമയം വേണ്ടിവന്നില്ല..

വരയുടെ താഴെ,

“സ്നേഹത്തോടെ മിഴി “

എന്നും എഴുതിയിരുന്നു..

കടലാസ് മടക്കി കീശയിൽ ഇട്ടുകൊണ്ട്‌ ഞാനവളുടെ അടുത്തേക്ക് ചെന്നു….

കുനിഞ്ഞു നിന്ന് ജനാലയിലൂടെ പുറത്തേക്ക് നോക്കികൊണ്ട്‌ അവളോടായി ഞാൻ ചോദിച്ചു…

നെറ്റിയിലെ ഈ വലിയ ചുവന്ന പൊട്ട്  കുങ്കുമമാണോ ?

അതേലോ..

ഉത്തരം അപ്പൊതന്നെ കിട്ടി..

ഒന്ന് ശ്വാസം വലിച്ചുവിട്ടുകൊണ്ട് ഞാൻ വീണ്ടും ചോദിച്ചു..

ഒരു ഡപ്പി സിന്ദൂരം വാങ്ങി തരട്ടെ ഞാൻ ഈ നെറ്റിക്ക് മുകളിലായി തൊടാൻ… ?

ഇത്രക്കും സിമ്പിൾ ആയൊരു പ്രൊപോസൽ അവൾ ഈ ജന്മത്തിൽ പ്രതീക്ഷിച്ചു കാണില്ലെന്ന്  എനിക്കറിയാമായിരുന്നു…

************************

ആറു മാസത്തിനുശേഷം ഒരു ബുധനാഴ്ച മംഗള എക്സ്പ്രസ്സ്‌ ഗോവയിലേക്ക് കുതിക്കുമ്പോൾ ഒരു വിൻഡോ സീറ്റിൽ ഞാനും മിഴിയും ഉണ്ടായിരുന്നു,.

ഗോവയിലെ ഞങ്ങളുടെ ഹണിമൂണിനായി……

~Sai Bro