എനിക്ക് ആരേം കാണണ്ട. വേണമെങ്കിൽ അമ്മ പോയി കണ്ടോളു. എനിക്ക് കാണാൻ താല്പര്യമില്ലന്ന് പറയാൻ എന്റേതായ കാരണങ്ങൾ ഉണ്ട്…

Story written by Sajitha Thottanchery

================

“അവനു ഇപ്പൊ നല്ല മാറ്റമുണ്ട് നീതാ…ചെയ്തതൊക്കെ തെറ്റാണെന്നു അവനു മനസ്സിലാകുന്നുണ്ട്. നിന്നേം മോളെയും തിരിച്ചു ജീവിതത്തിലേക്ക് കൂട്ടികൊണ്ട് വന്നാൽ കൊള്ളാമെന്നുണ്ട്.”

പ്രവീണിന്റെ വാക്കുകൾ കേട്ട് നീതയ്ക്ക് ചിരി വന്നു.

നീതയുടെ ഭർത്താവായ കിരണിന്റെ ആത്മാർത്ഥ സുഹൃത്താണ് പ്രവീൺ. പ്രവീണിന് അയാളോട് ആത്മാർത്ഥത ഉണ്ടെന്നു പറയുന്നതാണ് സത്യം. ജീവിതത്തിൽ തന്നോട് പോലും ആത്മാർത്ഥത കാണിക്കാനാവാത്ത ഒരു മനുഷ്യനാണ് കിരൺ. അങ്ങനെ ഒരാളോടൊപ്പം പലതും സഹിച്ചു വർഷങ്ങൾ തള്ളി നീക്കേണ്ടി വന്നിട്ടും ആ ത്മഹത്യ ചെയ്യാതെ പിന്നേം നീത ജീവിച്ചത് സ്വന്തം മോളെ ഓർത്തു മാത്രമാണ്. ജീവിക്കണോ മരിക്കണോ എന്ന ഘട്ടം വന്നപ്പോൾ സ്വന്തം മോളേം കൂട്ടി അയാളിൽ നിന്നും എന്നേക്കുമായി ഇറങ്ങി പോരുമ്പോൾ മുന്നിൽ പെരുവഴി മാത്രമായിരുന്നു. കഷ്ടപ്പെട്ട് പഠിച്ചതിനാൽ ഒരു ജോലി കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടായില്ല. ജീവിതത്തിൽ ഒന്നിനും ആരെയും ആശ്രയിച്ചു ജീവിച്ചു ശീലമില്ലാത്തതും ഒരു തുണയായി എന്ന് പറയാം. പൂജ്യത്തിൽ നിന്നും തുടങ്ങി ഒന്ന് നേരെ നിൽക്കേണ്ട അവസ്ഥയിലേക്ക് അവൾ എത്തി. എല്ലാത്തിലും ഉപരി ജീവിതത്തിൽ ഇന്ന് വരെ അറിയാത്ത സമാധാനവും സന്തോഷവും അവൾ അറിഞ്ഞു കൊണ്ടിരിക്കുന്നു.

നീത….ഫോൺ വച്ചിട്ട് പോയോ…

പ്രവീണിന്റെ വാക്കുകൾ അവളെ ചിന്തയിൽ നിന്നും ഉണർത്തി…

ഇല്ല പ്രവീണേട്ടാ….ഞാൻ കേൾക്കുന്നുണ്ട്, പറഞ്ഞോളൂ….

“അവനു നിങ്ങളെ ഒന്ന് നേരിൽ കണ്ടാൽ കൊള്ളാമെന്നുണ്ട്. നിനക്ക് ഒരിക്കലും തിരിച്ചു വരാൻ കഴിയില്ലെങ്കിൽ അവസാനമായി ഒരു ബൈ പറയാൻ എങ്കിലു…അവന്റെ മോളെ ഒന്ന് കാണാൻ എങ്കിലും നീ അവനു അവസരം നൽകണം.” പ്രവീൺ പറഞ്ഞു നിറുത്തി.

“എനിക്ക് ഇനി പുള്ളിയോട് പറയാൻ ഒന്നുമില്ല. പറയാൻ ഉള്ളതെല്ലാം പറഞ്ഞു തീർന്നിട്ട് തന്നെയാ ഞാൻ അവിടന്ന് ഇറങ്ങി പോന്നത്. പിന്നെ മോൾടെ കാര്യം. അവൾ ചെറിയ കുട്ടി ഒന്നുമല്ല. അവൾക്ക് തെറ്റും ശെരിയും മനസ്സിലാകുന്ന പ്രായത്തിലാണ് അവളും ഞാനും അവിടന്ന് ഇറങ്ങി പോരുന്നത്. ആ പ്രായം വരെ കൂടെ ജീവിച്ചിട്ട് ഒരു അച്ഛൻ എന്ന സ്ഥാനം അവളുടെ മനസ്സിൽ നേടാൻ ആൾക്ക് സാധിച്ചില്ലെങ്കിൽ അത് എന്റെ തെറ്റ് അല്ലല്ലോ. അവൾക്കിപ്പോ പതിനാറു വയസ്സായി. അവളോട് അവളുടെ അച്ഛനെ കാണാനോ കാണരുതെന്നോ ഞാൻ പറയില്ല. അത് അവളുടെ തീരുമാനം ആണ്. താല്പര്യമില്ലാത്ത അവളെ കയ്യും കാലും കെട്ടിയിട്ട് മുന്നിലേക്ക് കൊണ്ട് വരാൻ എനിക്ക് പറ്റില്ലല്ലോ. ഞാൻ ഫോൺ വയ്ക്കാണ് പ്രവീണേട്ടാ. ഓഫീസിൽ തിരക്കുണ്ട്.” മറുപടിക്ക് കാത്തു നിൽക്കാതെ അവൾ ഫോൺ വച്ചു.

“എനിക്ക് ആരേം കാണണ്ട. വേണമെങ്കിൽ അമ്മ പോയി കണ്ടോളു. എനിക്ക് കാണാൻ താല്പര്യമില്ലന്ന് പറയാൻ എന്റേതായ കാരണങ്ങൾ ഉണ്ട്. ഒരു രീതിയിലും ഉപകാരം ഇല്ലാതിരുന്ന ഒരാളെ ഞാൻ എങ്ങനെ അച്ഛൻ എന്ന് വിളിക്കും. അമ്മയ്ക്ക് എന്തെങ്കിലും നല്ല കാര്യങ്ങൾ എനിക്ക് പറഞ്ഞു തരാനുണ്ടോ ആളെ പറ്റി. ഈ ഒരു കാര്യത്തിൽ ഞാൻ അമ്മയെ അനുസരിക്കില്ല. അവിടന്ന് ഇറങ്ങി പോന്നത് പോലും എന്റെ നിർബന്ധം കൊണ്ടല്ലേ അമ്മേ. ആ പ്രായത്തിൽ കണ്ടതും ചെയ്തതും ഒക്കെ ഇന്ന് കുറച്ചു കൂടി എനിക്ക് മനസ്സിലാകും. അത് കൊണ്ട് നമുക്ക് ഈ സംസാരം നിറുത്താം.”

ഫോൺ വന്ന കാര്യം പറഞ്ഞപ്പോൾ അഥിതി മോളുടെ മറുപടി കേട്ട നീത തിരിച്ചു ഒന്നും പറഞ്ഞില്ല. പറയാൻ ഒന്നും ഇല്ല എന്നതാണ് സത്യം. അവളുടെ ഈ പ്രായത്തിൽ ഇത് പോലെ സംസാരിക്കാൻ ഉള്ള ധൈര്യം തനിക്ക് ഇല്ലാതെ പോയത് ഓർത്തു അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി. അല്ലേലും ആരോട് പറയാൻ. അച്ഛനും അമ്മയും നേരത്തെ അങ്ങ് രക്ഷപ്പെട്ടില്ലേ. പിന്നെ ആരോട് എന്ത് പറഞ്ഞിട്ടെന്താ. പിന്നെ ഇപ്പോഴത്തെ കുട്ടികളും അവരുടെ ചിന്താഗതികളും ഒക്കെ ഒരുപാട് മാറ്റമില്ലേ. ഈ സ്വാതന്ത്ര്യം അന്നത്തെ കുട്ടികൾക്ക് ഇല്ലല്ലോ. ഉണ്ടായിരുന്നേൽ ജീവിതം മാറിയേനെ. അങ്ങനെ ഓരോന്നു ഓർത്തു അവൾ അവളുടെ പണികളിൽ മുഴുകി.

പിറ്റേന്ന് ജോലി കഴിഞ്ഞു തിരികെ മടങ്ങുമ്പോൾ പരിചയമുള്ള ഒരു കാർ വഴിയരികിൽ കിടക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു.അടുത്തെത്തിയപ്പോൾ മനസ്സിലായി അത് പ്രവീണേട്ടന്റെ കാർ ആണെന്ന്. പ്രവീണിനോട്  വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ പരിചയമുള്ള ഒരു വിളി പുറകിൽ നിന്നും അവൾ കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ പ്രതീക്ഷിച്ച ആൾ തന്നെ. കിരൺ…..

അയാളുടെ ശബ്ദവും സാമീപ്യവും തന്നിൽ ഒരു അനക്കവും സൃഷ്ട്ടിക്കുന്നില്ലല്ലോ എന്നവൾ മനസ്സിലോർത്തു.

“നീതാ….എന്റെ തെറ്റ് ഞാൻ മനസിലാക്കുന്നു. നീയില്ലാത്ത ഈ മൂന്ന് വർഷം ആണ് ഞാൻ അത് തിരിച്ചറിഞ്ഞത്. ഇനി ഒരു തെറ്റും ഞാൻ ആവർത്തിക്കില്ല. എനിക്ക് ജീവിതത്തിൽ ഒരു ചാൻസ് കൂടി തന്നു കൂടെ. നമ്മുടെ മോൾക്ക് വേണ്ടിയെങ്കിലും നമ്മുടെ തെറ്റുകൾ മറന്നു നമുക്ക് ഇനിയും ഒന്നിച്ചു കൂടെ.” മുഖവുരയില്ലാതെ പിന്നെയും എന്തൊക്കെയോ കിരൺ പറഞ്ഞു കൊണ്ടിരുന്നു.

“ഞാൻ മാത്രം പറഞ്ഞു കൊണ്ടിരിക്കുന്നു. നീ ഒന്നും പറഞ്ഞില്ല. മറുപടി എന്താണെങ്കിലും നിനക്ക് പറയാം.” കിരൺ പറഞ്ഞു നിറുത്തി.

“പറയാനും കേൾക്കാനും തെറ്റ് മനസ്സിലാക്കാനും തിരുത്താനും എല്ലാം ഒരുപാട് സമയം തന്നതിന് ശേഷം മാത്രമേ ഞാൻ നിങ്ങളുടെ ജീവിതത്തിൽ നിന്നും ഇറങ്ങി പോന്നിട്ടുള്ളു. എന്റെ ക്ഷമയ്ക്കും സഹനത്തിനും കഷ്ടപ്പാടിനും നിങ്ങൾ തന്ന മൂല്യം ഞാൻ മറന്നിട്ടില്ല. അന്നൊക്കെ പുച്ഛത്തോടെ പറഞ്ഞതും ഓർക്കുന്നുണ്ട്. നിങ്ങളുടെ എല്ലാ തെറ്റുകളും ഞാൻ മോശമായത് കൊണ്ട് സംഭവിച്ചതാണെന്ന ന്യായം പോലും പലപ്പോഴും നിങ്ങൾ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഞാൻ പിടിച്ചു നിന്നത് നേരത്തെ പറഞ്ഞ പോലെ മോളെ കരുതി തന്നെയാ. ആ അവൾ തന്നെയാ ഇറങ്ങി പോരാൻ എന്നെ നിർബന്ധിച്ചതും. ഞാൻ ഇറങ്ങി പോന്നതിനു ശേഷവും എന്നെ പറ്റി നിങ്ങൾ പറഞ്ഞു പരത്തിയതും ഞാൻ അറിഞ്ഞിട്ടുണ്ട്. എന്ത് ചെയ്താലും ഞാൻ തോൽക്കില്ല എന്ന തിരിച്ചറിവാണ് ഇപ്പോൾ നിങ്ങൾക്ക് വന്നു എന്ന് പറയുന്ന ഈ മാറ്റം. കൂടെ ജീവിച്ച കാലം അത്രയും നിങ്ങൾ എനിക്ക് ഒന്നും ആയിരുന്നില്ല എന്നതിനുള്ള തെളിവാണ് ഒറ്റയ്ക്ക് ഇറങ്ങിയത് ശേഷം ഒരിക്കൽ പോലും ഞാൻ പകച്ചു നിന്നിട്ടില്ല എന്നുള്ളത്. ഏതെങ്കിലും നിമിഷത്തിൽ നിങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഓർത്തിട്ടില്ല എന്നുള്ളത്. അത്രയും നിങ്ങൾ എന്നെ ജീവിക്കാൻ പഠിപ്പിച്ചിരുന്നു. വെറുപ്പില്ല എനിക്ക് നിങ്ങളോട്. കാരണം വെറുക്കാൻ പാകത്തിൽ പോലും നിങ്ങൾ എന്റെ മനസ്സിൽ ഇന്നില്ല. നിങ്ങളുടെ എല്ലാ വൃത്തികേടുകളും സഹിച്ചു നിന്ന എന്നോട് നിങ്ങൾക്ക് അന്ന് പുച്ഛമായിരുന്നു. അല്ലെങ്കിൽ എന്റെ അവസ്ഥ കൊണ്ട് ഞാൻ സഹിച്ചു നിന്നോളും എന്ന ധൈര്യം. പക്ഷെ നിങ്ങൾ യഥാർത്ഥത്തിൽ നന്നായാൽ പോലും ഉൾക്കൊള്ളനാവാത്ത വിധം ആയതിനു ശേഷമാണു ഞാൻ അവിടെ നിന്നും ഇറങ്ങിയത്. അത് കൊണ്ട് ഇനി ഇതിൽ ഒരു സംസാരം ആവശ്യമില്ല. എന്റെ സമാധാനം ഉള്ള ഒരു നിമിഷം പോലും നിങ്ങൾ അർഹിക്കുന്നില്ല.” നീത വളരെ ശാന്തമായി എന്നാൽ ഉറപ്പിച്ചു തന്നെ പറഞ്ഞു നിറുത്തി.

“എന്നാൽ ഞാൻ ഡിവോഴ്സ് നു കൊടുക്കാൻ പോകുകയാണ്.” കിരൺ പറഞ്ഞു.

“ഞാൻ അതിനു തയ്യാറാണെന്നു നേരത്തെ പ്രവീണേട്ടനോട് പറഞ്ഞിട്ടുണ്ടല്ലോ. എനിക്ക് ഒരു ഡിമാൻഡും ഇല്ല. ഞാൻ പൈസയെക്കാൾ മൂല്യം കാണുന്ന ചിലതൊക്കെ ഉണ്ട് ജീവിതത്തിൽ. അത് മനസ്സിലാക്കാൻ പോലും നിങ്ങൾക്ക് സാധിക്കില്ല. പിന്നെ മോൾടെ കാര്യം തീരുമാനിക്കാൻ ഉള്ള മെച്ചൂരിറ്റി അവൾക്ക് ആയിട്ടുണ്ട്.ഞാൻ പറഞ്ഞത് മനസ്സിലായെന്നു വിചാരിക്കുന്നു “

അത്രയും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു.

പിന്നിൽ നിൽക്കുന്നവരുടെ മറുപടിയോ ചിന്തകളോ എന്താണെന്നു അറിയേണ്ട ആവശ്യം അവൾക്ക് ഇല്ലായിരുന്നു. ഒരിക്കൽ എല്ലാ വൃത്തികേടുകളും ചെയ്തതിനു ശേഷവും അത് തിരിച്ചറിഞ്ഞു പ്രതികരിച്ചപ്പോൾ തന്നെ പി ഴച്ചവൾ ആയി മുദ്ര കുത്തിയ ഒരാളോട് ഇതിനേക്കാൾ മാന്യത ആവശ്യമില്ലെന്നു അവൾ സ്വയം പറഞ്ഞു തല ഉയർത്തി നടന്നു.

അത് അഹങ്കാരത്തിന്റെ കാൽവയ്പ്പുകൾ ആയിരുന്നില്ല. തന്നിലെ സ്ത്രീയോടുള്ള ബഹുമാനത്തിന്റെ ആയിരുന്നു….

~സജിത