കരഞ്ഞു തളർന്നിരിക്കുന്ന എന്നെ ഏട്ടൻ്റെ അമ്മ ഒന്നേ നോക്കിയുളളൂ. ഒന്നും പറഞ്ഞില്ല…

എൻ്റെ മാത്രം അമ്മ…

Story written by Suja Anup

================

“അമ്മേ, ഉണ്ണിക്കു വയ്യ. ഉടനെ തന്നെ ആശുപത്രിയിൽ കൊണ്ട് പോകണം”

ജനിച്ചിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. രാവിലെ മുതൽ ചെറിയ പനി പോലെ തോന്നിയിരുന്നൂ…

“ഞാനും ഒന്ന് പെറ്റതാണ്. കുട്ടികളൊക്കെ ആകുമ്പോൾ കുറച്ചു കരച്ചിലും ശാഠ്യവും ഒക്കെ കാണിക്കും. മൂക്കടപ്പിന് ഇത്തിരി വിക്സ് തേച്ചു കൊടുത്താൽ മതി. ഈ രാത്രിയിൽ അച്ഛനെ ബുദ്ധിമുട്ടിക്കുവാൻ വയ്യ. ഇനിയും ഉറക്കത്തിനിടയിൽ ഈ കുഞ്ഞിനേയും കൊണ്ട് വന്നു ശല്യം ചെയ്യരുത്. നിനക്ക് വേറെ പണിയൊന്നുമില്ലേ. ശല്യം……”

തിരിഞ്ഞു നടക്കുമ്പോൾ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ മകൻ്റെ മുഖത്താണ് വീണത്.

എല്ലാം എൻ്റെ തെറ്റാണു. അദ്ദേഹം എത്ര വട്ടം പറഞ്ഞതാണ്.

“മോളെ, നീ പ്രസവത്തിനു വീട്ടിൽ പോകേണ്ട. അവിടെ നിന്നെ നോക്കുവാൻ അമ്മയില്ലല്ലോ. രണ്ടാനമ്മ നിന്നെ നന്നായി നോക്കില്ല….”

*******************

എനിക്കും ഇഷ്ടമില്ലായിരുന്നൂ ഈ വീട്ടിലേയ്ക്കു വരുവാൻ….

പത്താം വയസ്സിൽ അമ്മ മരിച്ചതാണ്. അമ്മയുടെ ആണ്ടു കഴിഞ്ഞ ഉടൻ അച്ഛൻ വേറെ വിവാഹം കഴിച്ചൂ. അതിലും ഉണ്ട് ഒരു പെൺകുട്ടി.

ഭക്ഷണത്തിലും വസ്ത്രത്തിലും പോലും എന്നും വേർതിരിവ് മാത്രമേ ഉണ്ടായിട്ടുള്ളൂ….

പത്താം തരത്തിൽ നല്ല മാർക്ക് വാങ്ങിയിട്ടും വീട്ടുപണി ചെയ്യുവാൻ ആളില്ല എന്ന് പറഞ്ഞു എൻ്റെ പഠനം നിർത്തിച്ചൂ. നല്ല മാർക്കില്ലാതിരുന്നിട്ടു കൂടി അനിയത്തി കോളേജിൽ പഠിക്കുന്നൂ.

കഷ്ടപ്പാടുകൾക്കിടയിൽ നെഞ്ച് നീറി കഴിയുമ്പോഴാണ് ഏട്ടൻ്റെ ആലോചന വരുന്നത്.

അയല്പക്കത്തെ വീട്ടിൽ (കൂട്ടുകാരി സുഷമയുടെ) കല്യാണത്തിന് വന്ന ഏട്ടൻ്റെ അമ്മയ്ക്ക് എന്നെ കണ്ടപ്പോൾ ഇഷ്ടമായി. എൻ്റെ കഷ്ടപ്പാടുകൾ എൻ്റെ കൂട്ടുകാരി സുഷമ വഴി ഏട്ടൻ്റെ അമ്മ അറിഞ്ഞു. അങ്ങനെയാണ് എന്നെ തന്നെ മരുമകളായി മതി എന്ന് അമ്മ തീരുമാനിച്ചത്.

വിവാഹം എല്ലാത്തിൽ നിന്നുമുള്ള ഒരു മോചനം ആകുമെന്ന് ഞാൻ കരുതി. ഏട്ടന് എന്നോട് സ്നേഹം മാത്രമേ ഉള്ളൂ. വലിയ സാമ്പത്തികമില്ലാത്ത കുടുംബം. സ്ത്രീധനം വേണം എന്ന് അവർ നിർബന്ധം പറഞ്ഞില്ല എന്ന ഒറ്റകാരണത്താലാണ് ഈ വിവാഹം നടന്നത്. ശല്യം ഒഴിഞ്ഞു എന്ന് വീട്ടുകാർ കരുതിക്കാണും. നല്ല സാമ്പത്തികം ഉണ്ടായിരുന്നിട്ടും ആകെ തന്നത് അഞ്ചു പവൻ മാത്രം ആയിരുന്നൂ. പേരിനൊരു കല്യാണവും നടത്തി.

സ്ത്രീധനത്തെ പറ്റി ഏട്ടൻ്റെ അമ്മ ഒന്നും ഇതുവരെ ചോദിച്ചിട്ടില്ല….

ഏട്ടന് ഒരു പെങ്ങൾ ഉണ്ട്. നാല് വർഷം കാത്തിരുന്നിട്ടാണ് അവൾ ഗർഭിണി ആയത്. ഗർഭിണി ആയപ്പോൾ മുതലേ അമ്മ അവളെ വീട്ടിൽ കൊണ്ട് വന്നു നിർത്തിയാണ് നോക്കുന്നത്. അവളുടെ പ്രസവവും എൻ്റെ പ്രസവവും തമ്മിൽ ഒരു മാസത്തെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ.

അവളുടെ പ്രസവവും എൻ്റെതും ഒരുമിച്ചു ചെലവ് താങ്ങുവാൻ അവർക്കാവില്ല എന്ന് എനിക്ക് മനസ്സിലായത് കൊണ്ട് മാത്രമാണ് ഞാൻ വീട്ടിലേയ്ക്കു വന്നത്. അല്ലെങ്കിലും ആദ്യത്തെ പ്രസവം പെൺവീട്ടുകാർ നോക്കണം എന്നുള്ള നാട്ടുനടപ്പ് ഉണ്ടല്ലോ. മീനുവിൻ്റെ പ്രസവം കുറച്ചു പ്രശ്നങ്ങൾ നിറഞ്ഞതും ആയിരുന്നല്ലോ….

ഞാൻ വന്നതിനു ശേഷം എല്ലാം നല്ലതു മാത്രമേ നടക്കുന്നുള്ളു എന്ന് ഏട്ടൻ്റെ അമ്മ എപ്പോഴും പറയുമായിരുന്നു….

എനിക്കും മീനുവിനും ഒരു പോലെ തന്നെയാണ് ഏട്ടൻ്റെ അമ്മ ആഹാരം വിളമ്പിയിരുന്നത് പോലും. അവർ എനിക്ക് അമ്മയായിരുന്നൂ. അവളുടെ ഭർത്താവു കൊണ്ട് വന്നു തരുന്ന എല്ലാ സ്പെഷ്യൽ പലഹാരങ്ങളും എനിക്ക് കൂടി അവൾ പകുത്തു തരുമായിരുന്നു.

*********************

ഏട്ടനെ ഫോൺ ചെയ്തിട്ടു കിട്ടിയില്ല.

“എല്ലാം, എൻ്റെ തെറ്റാണു വൈകുന്നേരം തന്നെ ഏട്ടനെ വിളിക്കണമായിരുന്നൂ. പാവം ഇപ്പോൾ ക്ഷീണിച്ചു ഉറങ്ങുകയായിരിക്കും.”

അനിയത്തിയുടെ മുറിയിലേയ്ക്കു ചെന്നൂ. അവളോട് സഹായം ചോദിചൂ.

“അതിൻ്റെ കാറൽ കേട്ടില്ലേ, നശൂലം ഒന്ന് ചത്തു കിട്ടിയാൽ നന്നായിരുന്നൂ. ശല്യപ്പെടുത്താതെ പോകുന്നുണ്ടോ….”

അവളുടെ വാക്കുകൾ എൻ്റെ ഹൃദയത്തിലാണ് തുളഞ്ഞു കയറിയത്.

കരഞ്ഞു കൊണ്ട് കുഞ്ഞിനേയും കൊണ്ട് നടക്കുമ്പോൾ ഞാൻ പ്രാർത്ഥിചൂ

“എൻ്റെ ദൈവമേ, എനിക്ക് ഒരു അമ്മയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ. നീ എനിക്ക് തന്ന കഷ്ട്ടപ്പാടുകളെല്ലാം ഞാൻ സഹിച്ചില്ലേ. ഇതുവരെ ഒരു പരാതിയും പറഞ്ഞിട്ടില്ലല്ലോ. എൻ്റെ കുഞ്ഞിനെ കൂടി നീ തട്ടി എടുക്കരുത്.”

“അമ്മേ, എൻ്റെ അമ്മ എല്ലാം കാണുന്നുണ്ടെങ്കിൽ, എന്നെ ഒന്ന് സഹായിക്കൂ. ആത്മാവായി അമ്മ കൂടെ ഉണ്ട് എന്ന് എപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. എന്നെ സഹായിക്ക് എൻ്റെ അമ്മേ..”

കരഞ്ഞു കരഞ്ഞു എൻ്റെ കണ്ണുനീർ മൊത്തം വറ്റിയിരുന്നൂ. കുഞ്ഞു കരച്ചിൽ നിർത്തി. അതിനു ശ്വാസം കിട്ടുവാൻ പ്രയാസം ഉള്ളത് പോലെ എനിക്ക് തോന്നി. രാവിലെ പനി ഉണ്ടായിരുന്നൂ. സമയം കടന്നു പോകുന്തോറും ആധി കൂടി കൂടി വന്നൂ.

പെട്ടെന്ന് കാളിങ് ബെല്ല് അടിച്ചൂ….

വാതിൽ തുറക്കുമ്പോൾ ഏട്ടനും അമ്മയും ഓട്ടോയുമായി നിൽക്കുന്നു.

കരഞ്ഞു തളർന്നിരിക്കുന്ന എന്നെ ഏട്ടൻ്റെ അമ്മ ഒന്നേ നോക്കിയുളളൂ. ഒന്നും പറഞ്ഞില്ല…

ഏട്ടൻ കുഞ്ഞിനേയും എടുത്തു കൊണ്ട് ഓട്ടോയിൽ കയറി. കുഞ്ഞിനെ അപ്പോൾ തന്നെ ICU വിലേക്കു മാറ്റി.

സമയത്തു എത്തിച്ചത് കൊണ്ട് മാത്രം രക്ഷപെട്ടൂ എന്ന് ഡോക്ടർ എന്നോട് പറഞ്ഞു.

“കുട്ടിക്കു ശ്വാസകോശത്തിൽ അണുബാധ ഉണ്ട്. ശ്വസിക്കുവാൻ പ്രയാസപ്പെടുന്നൂ. ഇപ്പോൾ വേണ്ടതൊക്കെ ചെയ്തിട്ടുണ്ട്. പേടിക്കുവാനില്ല. രാവിലെ ശിശുരോഗ വിദഗ്ധൻ വന്നു നോക്കി കൊള്ളും.”

പിന്നെ പുച്ഛത്തോടെ തെറ്റ് ചെയ്യാത്ത ഏട്ടനെ നോക്കി ഡോക്ടർ പറഞ്ഞു “വേണ്ട, എന്നുണ്ടെങ്കിൽ ഉണ്ടാക്കുവാൻ പോകരുത്. ചാവാൻ കാത്തിരിക്കുകയായിരുന്നോ..”

ഏട്ടൻ ഒന്നും മിണ്ടിയില്ല. കാരണം ഡോക്ടർ അത്രമാത്രം മോന് വേണ്ടി കഷ്ട്ടപെട്ടു എന്ന് ഏട്ടനറിയാം. കുഞ്ഞിൻ്റെ ആ അവസ്ഥ കണ്ടാൽ ആരും ദേഷ്യപ്പെട്ടു പോകുമായിരുന്നൂ.

എനിക്കപ്പോഴും സംശയം “അവർ എങ്ങനെ ആ സമയത്തു അവിടെ വന്നൂ എന്നതായിരുന്നൂ….”

എന്നെ മനസ്സിലാക്കിയത് പോലെ അമ്മ പറഞ്ഞു

രാത്രിയിൽ പെട്ടെന്ന് അവൻ സ്വപ്നം കണ്ടു എഴുന്നേറ്റു.

“കുഞ്ഞിന് വയ്യ അമ്മേ, എനിക്ക് അവിടം വരെ പോകണം.”

“നാളെ പോകാം” എന്ന് ഞാൻ എത്ര പറഞ്ഞിട്ടും അവൻ കേട്ടില്ല…

“നിനക്കറിയാമല്ലോ അവിടെ മീനുവും കുഞ്ഞും പ്രസവം കഴിഞ്ഞു തനിച്ചാണെന്നു. അച്ഛൻ ഉണ്ടെങ്കിൽ സാരമില്ല. പിന്നെ അവനെ രാത്രി ഒറ്റയ്ക്ക് വിടുവാൻ വയ്യല്ലോ.”

മീനുവാണ് പറഞ്ഞത്.

“നാത്തൂന് ആരുമില്ലല്ലോ അമ്മേ, ഏട്ടൻ്റെ സങ്കടം കണ്ടില്ലേ. ഏട്ടൻ പൊക്കോട്ടെ”

പിന്നെ ഞാൻ അയല്പക്കത്തു നിന്നും സുഷമയെ കൂട്ടി കൊണ്ട് വന്നു വീട്ടിലാക്കി. രാവിലെ വരെ കൂട്ടിരുന്നോളാം എന്ന് സുഷമ പറഞ്ഞിട്ടുണ്ട്.

ഞാൻ ഏട്ടൻ്റെ അടുത്തേയ്ക്കു ചെന്നൂ..

ഏട്ടൻ എന്നോട് പറഞ്ഞു..

“രാത്രിയിൽ സ്വപ്നത്തിൽ വന്നു നിൻ്റെ അമ്മ കരഞ്ഞു. അമ്മയുടെ കൈയ്യിൽ നമ്മുടെ മോൻ ഉണ്ടായിരുന്നൂ. ഇതുവരെ നിൻ്റെ  അമ്മയെ ഞാൻ നീ കാത്തു സൂക്ഷിക്കുന്ന ആ ഫോട്ടോയിൽ മാത്രമല്ലെ കണ്ടിട്ടുള്ളു. പെട്ടെന്ന് എഴുന്നേറ്റു നോക്കുമ്പോൾ ആ ഫോട്ടോ നിലത്തു കിടക്കുന്നൂ. അത് എങ്ങനെ അവിടെ വന്നൂ എന്ന് എനിക്കറിയില്ല. പിന്നെ ഞാൻ ഒന്നും ചിന്തിച്ചില്ല. അമ്മയെയും കൂട്ടി ഇറങ്ങി.”

ആ നിമിഷം എനിക്ക് മനസ്സിലായി…..

മരണത്തിനു പോലും പിരിക്കുവാൻ കഴിയാത്ത ഒരു ബന്ധമേ ലോകത്തിലുള്ളൂ.

“അമ്മ”

അമ്മയെ പോലെ അമ്മ മാത്രമേ ഉണ്ടാകുകയുള്ളൂ….