ടെസ്സ എന്നെ അത്രയുമധികം സ്നേഹിക്കുന്നു. ഞാൻ മാത്രമാണ് അവളുടെ ലോകം..എന്നിട്ടും, പലതവണ ഞാനിവിടെ…

തെറ്റ്…

എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്

================

“ബെറ്റീ, ഞാനിറങ്ങുകയാണ്. ഇനി നമ്മൾ തമ്മിൽ കാണില്ല. നമ്മൾ ഒരുപോലെ തെറ്റുകാരാണ്. തീർച്ച. പക്ഷേ, ഇന്നിവിടെയിങ്ങനേ നിൽക്കുമ്പോൾ എനിക്കു കുറ്റബോധം തോന്നുന്നു. ഇന്നു രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോഴും എൻ്റെയുള്ളിൽ അസുരചിന്തകളായിരുന്നു. നമുക്കൊന്നിച്ചു ജീവിക്കാൻ ഇനിയൊരിക്കലും സാധിക്കില്ല. പതുക്കേ, ഞാനാ സത്യം ഉൾക്കൊള്ളാൻ തുടങ്ങിയിരിക്കുന്നു.”

അലക്സ്, ബെറ്റിയുടെ വീടിൻ്റെ ഉമ്മറത്തേക്കിറങ്ങി..വാതിൽപ്പടിക്കൽ ചാരി ബെറ്റി നിന്നു. അവളുടെ മുഖം വിക്ഷോഭത്താൽ ചുവന്നിരുന്നു. അവളുടെ രാത്രിവസ്ത്രത്തിൻ്റെ സുതാര്യത ഇത്തവണ അലക്സിനെ മോഹിപ്പിച്ചില്ല. ആ നയനങ്ങളുടെ തീഷ്ണതയിലേക്കു മിഴികൾ കൊരുക്കാതെ അലക്സ് തുടർന്നു. ബെറ്റിയുടെ നാലുവയസ്സുകാരി മകൾ പകച്ചിട്ടെന്നോണം രണ്ടുപേരെയും മാറിമാറി നോക്കി.

“നാലു മാസം കഴിഞ്ഞിരിക്കുന്നു വിവാഹം കഴിഞ്ഞിട്ട്,.ടെസ്സ എന്നെ അത്രയുമധികം സ്നേഹിക്കുന്നു. ഞാൻ മാത്രമാണ് അവളുടെ ലോകം..എന്നിട്ടും, പലതവണ ഞാനിവിടെ അന്തിയുറങ്ങി. ബിസിനസ് യാത്രകൾ എന്ന് ടെസ്സയെ ബോധിപ്പിച്ച്. ഇനി വയ്യ, ബെറ്റീ, ലോക്ഡൗൺ കാലം കഴിഞ്ഞാൽ ജോർജ് തിരികേ വരും. മോള്, എൻ്റെ വരവുകളേക്കുറിച്ച് ജോർജിനോടു പറഞ്ഞേക്കാം. അത്, നിൻ്റെ കുടുംബജീവിതത്തിനും എനിക്കും പ്രശ്നമാകും. ജോർജിനേയും കുഞ്ഞിനേയും നിനക്കുപേക്ഷിക്കാൻ കഴിയുമോ? നിനക്കു കഴിഞ്ഞാൽ തന്നേ, ടെസ്സയേ ഉപേക്ഷിക്കാൻ എനിക്കാവില്ല. ഇന്ന്, ടെസ്സയുടെ ജീവിതത്തിലെ അവസാന രാത്രിയാണ് എന്നുറപ്പിച്ചാണ് ഞാൻ പകലിൽ ഇങ്ങോട്ടു വന്നത്. സോറി ബെറ്റീ, എനിക്കതിനു സാധിക്കുന്നില്ല. ഞാനിറങ്ങുകയാണ്. ജോർജും, നീയും കുഞ്ഞും സുഖമായി ജീവിക്കുക. നമുക്കിനി കാണാതിരിക്കാം”

അലക്സ് മുറ്റത്തേക്കിറങ്ങി..പോർച്ചിലെ കാറിനു ജീവൻ വച്ചു..തുറന്നിട്ട ഗേറ്റിലൂടെ അതു നിരത്തിലേക്കിറങ്ങി പാഞ്ഞുപോയി. കുറേ ദൂരം, കാർ മുന്നോട്ടു പോയി. വഴിയരികിലെവിടെയോ വണ്ടി നിർത്തി അലക്സ്, ടെസ്സയേ വിളിച്ചു. സമയമപ്പോൾ രാത്രി എട്ടു കഴിഞ്ഞിരുന്നു.

“ടെസ്സാ, ഭക്ഷണം കഴിക്കുകയാണോ?ഞാൻ വരും. ഇന്നത്തെ ട്രിപ്പ് കാൻസൽ ചെയ്തു. ഞാൻ, എത്തിക്കൊണ്ടിരിക്കുന്നു.”

ടെസ്സയുടെ ആർദ്രസ്വരം അലക്സിൻ്റെ കാതുകളിലേക്കൊഴുകി വന്നു.

“അലക്സ്,.ഞാൻ കിടന്നു..ഭക്ഷണം ഒരു ജ്യൂസിൽ ഒതുക്കി..ഒരു തലവേദന പോലെ, അലക്സ് ഏൽപ്പിച്ച ടാബ്‌ലറ്റ്സ് പാലിൽ ഇട്ടു വച്ചിട്ടുണ്ട്..ഒരു മണിക്കൂർ കഴിഞ്ഞു വേണ്ടേ കുടിക്കാൻ..ഇനി, നമുക്കിത്തരം ‘മുൻകരുതൽ’ വേണ്ടാട്ടോ..വേറെയെന്തെങ്കിലും നോക്കാം. ഞാൻ, കമ്പ്യൂട്ടറിൽ ഒരു സിനിമ കാണുകയാണ്. വാതിലൊക്കെ അടച്ചു.

“ടെസ്സാ, ആ പാൽ കളഞ്ഞേക്കൂ. അതിനൊരുപാട് സൈഡ് എഫക്റ്റ്സ് ഉണ്ടെന്നു എൻ്റെ കൂട്ടുകാരൻ പറഞ്ഞു. സിങ്കിൽ ഒഴിച്ചുകളഞ്ഞേക്കൂ. അത് കഴിക്കരുത് ട്ടാ,.ഞാൻ ഉടനേയെത്തും”

കാർ ഗേറ്റിലെത്തിയപ്പോൾ ടെസ്സയാണു തുറന്നു കൊടുത്തത്..കാർ പാർക്കു ചെയ്ത്, ടെസ്സയുടെ കൈയ്യും പിടിച്ച് അലക്സ് അകത്തേക്കു നടന്നു..വീണ്ടും വാതിലുകളടഞ്ഞു. കിടപ്പുമുറിയിലെത്തിയതും, ടെസ്സയേ നെഞ്ചോടു ചേർത്ത് അലക്സ് ചോദിച്ചു.

“ആ പാൽ കളഞ്ഞില്ലേ? നമുക്ക് മുൻകരുതലുകൾ തൽക്കാലം വേണ്ടെന്നു വക്കാം. ഒരു കുഞ്ഞായിട്ടു, അടുത്തതിനു മതി കരുതൽ “

ടെസ്സയൽപ്പം നാണത്തോടെയാണ് മറുപടി പറഞ്ഞത്.

“സിങ്കിൽ ഒഴിച്ചല്ലാട്ടോ കളഞ്ഞത്. ജനൽ തുറന്നു പുറത്തേക്കൊഴിച്ചു. ജനൽ തുറന്നപ്പോൾ, ഇരുട്ടത്തു രണ്ടു പച്ചക്കണ്ണുകൾ താഴെക്കണ്ടു ഞാനാദ്യം പേടിച്ചു. നമ്മുടെ കുറുഞ്ഞിപ്പൂച്ചയായിരുന്നു..ഞാനത് അവൾക്കൊഴിച്ചു കൊടുത്തു. അവൾക്കീയിടെ കുറേ പൂച്ചകളുടെ പ്രേമം നേരിടേണ്ടി വരുന്നുണ്ട്. അവൾക്കിരിക്കട്ടേയൊരു പ്രിക്വോഷൻ”

അലക്സ് അവളെ നെഞ്ചോടു ചേർത്തു..കിടപ്പറവിളക്കുകളണഞ്ഞു..അനാവൃത ശരീരങ്ങൾക്കു മേലെ ഇരുട്ടു കരിമ്പടം പുതച്ചു..മേളനങ്ങൾക്കപ്പുറം ഇരുവരും ഉറക്കത്തിലേക്കു വീണു.

പുലർച്ചേ അഞ്ചുമണിക്കു തന്നേ അലാം ശബ്ദിച്ചു..അലക്സ് പ്രഭാതസവാരിക്കൊരുങ്ങി.അന്തം വിട്ടുറങ്ങുന്ന ടെസ്സയിൽ അപ്പോളും ഒരു പുഞ്ചിരി ശേഷിച്ചിരുന്നു..വാതിൽ ചാരി, ട്രാക്ക് സ്യൂട്ടുമണിഞ്ഞ് അലക്സ് മുറ്റത്തേക്കിറങ്ങി..കയ്യിലൊരു പ്ലാസ്റ്റിക് കവർ കരുതിയിരുന്നു. ശബ്ദമുണ്ടാക്കാതെ കിടപ്പുമുറിയുടെ ജനലരികിലേക്കു വന്നു. ഊഹം തെറ്റിയിരുന്നില്ല. ജനലരികിൽ നിന്നും തെല്ലു നീങ്ങി കുറുഞ്ഞിപ്പൂച്ച ചത്തു കിടന്നിരുന്നു. അലക്സ്, അതിനേ ഒരു കമ്പുകൊണ്ട് പ്ലാസ്റ്റിക് കവറിലാക്കി. അതും കയ്യിലേന്തി, ഗേറ്റു തുറന്ന് പുറത്തേയിരുട്ടിലേക്കു മറഞ്ഞു.

നേരം പുലരുന്നതേയുണ്ടായിരുന്നുള്ളൂ..വഴിയരികിലെ കലുങ്കിൻ ചുവട്ടിലേക്കു പ്ലാസ്റ്റിക് കവർ വലിച്ചെറിഞ്ഞു മുന്നോട്ടു നടക്കുമ്പോൾ,.അലക്സ് വല്ലാതെ കിടുകിടുക്കുന്നുണ്ടായിരുന്നു. എങ്കിലും അയാൾ മുന്നോട്ടു ചുവടുകൾ വച്ചു. പുതിയൊരു പുലരി പിറക്കുകയായി. നേർവഴിയിലേക്കു വെളിച്ചം വീശുന്ന പുലരി….