വിവാഹത്തിന്റെയന്ന് വധൂഗൃഹത്തിലാണ് താമസിക്കേണ്ടത്. തീർത്തും അപരിചിത സാഹചര്യങ്ങളുള്ള വീട്ടിലെ കിടപ്പുമുറിയിൽ അയാൾ….

ആദ്യരാത്രി…

എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്

===============

ശങ്കരനാരായണന്റെ ആദ്യരാത്രി…

വിവാഹത്തിന്റെയന്ന് വധൂഗൃഹത്തിലാണ് താമസിക്കേണ്ടത്. തീർത്തും അപരിചിത സാഹചര്യങ്ങളുള്ള വീട്ടിലെ കിടപ്പുമുറിയിൽ അയാൾ ഒറ്റക്കിരിക്കാൻ തുടങ്ങിയിട്ട് മുക്കാൽ മണിക്കൂറോളമായി.

ചുവരിലെ ക്ലോക്കിലെ സൂചികൾ ഒമ്പതരയെന്നറിയിച്ചു കൊണ്ട് പിന്നേയും സഞ്ചരിക്കാൻ തുടങ്ങി. മുറിയിലെ സകല വസ്തുക്കളിലും പുതുമ കുടിയേറിയിരുന്നു. വലിയ കട്ടിലിൽ കിടന്ന പുത്തൻ കിടക്കയും, അതിൻമേൽ വിരിച്ചിട്ട ഇളംനീല വിരിയും നവ്യമായൊരു സൗരഭ്യം ചുരത്തുന്നു.

കട്ടിലിനു താഴെയായി, വർണ്ണക്കടലാസുകളിൽ പൊതിഞ്ഞ ചതുരാകൃതി പൂണ്ട പെട്ടികൾ വലുതും ചെറുതുമായി കൂട്ടിയിട്ടിരിക്കുന്നു. ഒപ്പം…നിലവിളക്കുകളും, രാധാകൃഷ്ണ സങ്കൽപ്പത്തിലുള്ള ഛായാച്ചിത്രവും….ജയന്തിക്കു പ്രിയപ്പെട്ടവർ നൽകിയ ഉപഹാരങ്ങളാണവ….

ജയന്തി എവിടെയാണ്….? കുളിച്ചു വരാമെന്ന് പറഞ്ഞിട്ടു പോയതാണ്.

ഒറ്റക്കിരിക്കുമ്പോളാണ് ഏറെ വിരസത തോന്നുന്നത്…പക്ഷേ….

ജയന്തി ഇനിയും വൈകി വന്നാൽ മതിയെന്നാണ് മനസ്സു പറയുന്നത്…കൂടെയുറങ്ങാൻ ഇന്നുമുതൽ ഒരു പെണ്ണുണ്ടാകുന്നു…ജീവിതത്തിൽ ഒരിക്കലും സംഭവിക്കില്ലായെന്നു നിനച്ച സംഗതിയാണ്…..

കാലം, വിവാഹമെന്ന അനിവാര്യതയിലേക്കെത്തിക്കുമ്പോൾ വയസ്സ് നാൽപ്പതു പിന്നിട്ടിരിക്കുന്നു…ജയന്തിയും തീരെ ചെറുപ്പമല്ല….മുപ്പത്തിരണ്ട് വയസ്സെന്നത് സ്ത്രീകൾക്ക് വിവാഹപ്രായത്തിന്റെ അറ്റമെത്തിയ കാലമാണ്…

സീലിംഗ് ഫാൻ മുഴുവേഗത്തിൽ കറങ്ങുന്നുണ്ടായിരുന്നു. കാറ്റലകൾ ജാലകങ്ങളിലെ ഇളംനീല വിരികളെ ചലിപ്പിച്ചു കൊണ്ടേയിരുന്നു.

ശങ്കരനാരായണൻ എഴുന്നേറ്റ് ജനാലക്കരികിലെത്തി…വിരി നീക്കി, ഒരു ജാലകവാതിലിന്റെ തഴുതു തുറന്നു….

ശീതം ചേർത്തുപിടിച്ച് ചെറുകാറ്റ് അകത്തേക്കു പ്രസരിച്ചു. തൊട്ടപ്പുറത്തേ തൊടിയിലേ വിവാഹപ്പന്തലിൽ വെളിച്ചമിപ്പോഴും കാണാം….

ആരുടെയൊക്കെയോ ഉച്ചത്തിലുള്ള സംസാരം കാതുകളിലെത്തുന്നു…കല്യാണത്തിന്റെ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചവർ വിജയമാഘോഷിക്കുകയാണ്….ല ഹരി നുകർന്നു കൊണ്ട്….

വാതിൽക്കൽ കാൽപ്പെരുമാറ്റം കേട്ടു. അയാൾ ജനാലപ്പാളി ചേർത്തടച്ചു. തിരിഞ്ഞു നോക്കി…വാതിൽ തുറന്ന് ജയന്തി അകത്തു പ്രവേശിച്ചു. വലിയ സ്ഫടിക ഗ്ലാസ് നിറയേ പാലുമായാണ് വരവ്…ഗ്ലാസ് മേശമേൽ വച്ചശേഷം, അവൾ കതകുകൾ ബന്ധിച്ചു….

പകലിലെ ചമയങ്ങളുടെയും ആഭരണങ്ങളുടേയും അതിപ്രസരത്തിൽ നിന്നും വിടുതൽ നേടിയതിനാലാകാം, ജയന്തിക്കിപ്പോൾ കൂടുതൽ ശാലീനത തോന്നുന്നു…കൺതടങ്ങൾക്കു മേലെയും കവിളുകളിലും ഇത്രനേരം മിനുങ്ങിയ കൃത്രിമത്വങ്ങൾ തീർത്തും വിരസമായിരുന്നു. ചുട്ടുപഴുത്ത കനൽപോലിരുന്ന അധരങ്ങൾക്കിപ്പോൾ സാധാരണ പെണ്ണിന്റെതായ പുതുനിറം…

കഴുത്തിറക്കി വെട്ടിയ, സ്ലീവ്ലസ് രാത്രിയുടുപ്പിൽ അവൾ കൂടുതൽ മനോഹരിയായിരിക്കുന്നു. കഴുത്തിലെ താലിമാല തിളങ്ങുന്നു….ഉച്ചിയിൽ കെട്ടിവച്ച മുടിയുടെ സമൃദ്ധിയെ കറുത്ത റിബൺ കൊണ്ടു ബന്ധിച്ചിരിക്കുന്നു…ആലഭാരങ്ങളൊഴിഞ്ഞെങ്കിലും, ലജ്ജയൊരുക്കിയ ശോണിമ അവളുടെ കപോലങ്ങളിൽ പടർന്നിരുന്നു. മിഴികളിലെ, നിബിഢമായ ഇമകൾ അതിവേഗം കൂട്ടിമുട്ടിക്കൊണ്ടിരുന്നു…

അവൾ അയാൾക്കരികിൽ നിന്നു….

“ഇരിക്കൂ….ജയന്തിക്കെന്തിനാണ് ശങ്ക….?ജയന്തീടെ വീടല്ലേ….ഓരോ മുക്കും മൂലയും സുപരിചിതം…ഞാനോ…..എത്രയോ വർഷങ്ങൾക്കു ശേഷമാണ് ഞാൻ മറ്റൊരു വീട്ടിൽ തങ്ങുന്നത്….വേറൊരു ബാത്ത് റൂം ഉപയോഗിക്കുന്നത്…പാലു കുടിച്ചേക്കാം…അതിന്റെ ചൂടു കളയേണ്ട…ചടങ്ങുകൾ നടക്കട്ടേ….”

അവർ കട്ടിൽത്തലക്കലിരുന്നു….

“ജയന്തിക്കു ക്ഷീണമുണ്ടാകും ല്ലേ…?എനിക്കറിയാം….പുലർച്ചെ മുതലുള്ള ഒരുക്കങ്ങളും, വീഡിയോക്കാരുടെ സംവിധാനങ്ങളും കൽപ്പനകളും, തീർത്തും അപരിചിതരായ ബന്ധുക്കളുടെ പരിചയപ്പെടലും ഒക്കെയായി തികച്ചും വിരസത മുറ്റിയ പകലായിരുന്നു….കിടക്കണമെങ്കിൽ കിടന്നോളൂ….ഒന്നുറങ്ങിയെണീറ്റാൽ ഈ മുഷിച്ചിലൊക്കെ പോകും….”

“സാരമില്ല….എനിക്കുറക്കം വരുന്നില്ല….ചേട്ടന് അസ്വസ്ഥത തോന്നുന്നുവെങ്കിൽ കിടന്നോളൂ…”

അവളുടെ ശബ്ദത്തിൽ താരള്യം അലിഞ്ഞു ചേർന്നിരുന്നു….

“എന്തായാലും ഫസ്റ്റ് നൈറ്റ് അല്ലേ….നമുക്ക് തെല്ലുനേരം സംസാരിച്ചിരുന്നാലോ….?”

അവൾ തല കുലുക്കി….മിഴികൾ വിടർത്തി അയാളെ കടാക്ഷിച്ചു…

ശങ്കരനാരായണന്റെ മിഴികൾ കൂമ്പിയടഞ്ഞ പോലെ തോന്നിച്ചു…ഇന്നലെകളെ ഓർത്തെടുക്കുകയാണെന്ന് അവൾക്കു വ്യക്തമായി….

അയാൾ പറഞ്ഞു തുടങ്ങി…..

“സൗഹൃദങ്ങളില്ലാത്തതായിരുന്നു എന്റെ ബാല്യവും കൗമാരവും…സ്വതേ അന്തർമുഖനായിരുന്നു ഞാൻ…എനിക്ക് ഏറെ ഇഷ്ടം ഏകാന്തതയായിരുന്നു…ദിവാസ്വപ്നങ്ങളും…..സമ്പത്തും, പ്രതാപവുമുള്ള തറവാട്ടിലെ ഏക ആൺതരിയായിട്ടും ഞാനതിൽ അന്നുമിന്നും ഊറ്റം കൊണ്ടിട്ടില്ല….”

അയാൾ പറഞ്ഞു നിർത്തി, അവളെ നോക്കി…അവൾ, അയാളെ സാകൂതം വീക്ഷിച്ചു കൊണ്ടിരുന്നു….അവളുടെ ശ്രദ്ധയിൽ തൃപ്തി ബോധിച്ചെന്നോണം അയാളൊന്നു പുഞ്ചിരിച്ചു…മിഴികൾ ജാലകവിരികളിലേക്കു പായിച്ചുകൊണ്ട് തുടർന്നു….

“ഹൈസ്കൂൾ ക്ലാസുകളിലാണ് എനിക്കേറ്റവും സമ്മർദ്ധമുണ്ടായിട്ടുള്ളത്…ആൺകുട്ടികൾ മാത്രമുള്ള ക്ലാസ്മുറികൾ..ഏറെപ്പേരും വികൃതികൾ…അവർ പകർന്നു തന്ന മുറി അറിവുകളുടെ വികലതകൾ എന്നെ തീർത്തും ഉത്കണ്ഠാകുലനാക്കിക്കൊണ്ടിരുന്നു…

പെൺകുട്ടികൾ സ്ത്രീയാകുന്നത് ലോകം ആഘോഷമാക്കുറുണ്ട്…പക്ഷേ…ഒരാൺകുട്ടി പൂർണ്ണ പുരുഷനാകുന്നത് എന്നായിരുന്നു…ആരുടേയും ഓർമ്മകളിലും ശ്രദ്ധയിലും ഒരിക്കലും ഉൾപ്പെടാത്ത കാര്യം…ആൺകുട്ടികൾക്ക് കലണ്ടർ ദിനങ്ങൾ ഇല്ലായിരുന്നുവല്ലോ….”

ശങ്കരനാരായണൻ ചുവരരികിലേക്കു ചേർന്നിരുന്നു…അയാളുടെ തോളുരുമ്മി അവളും…

“അവനവൻ പുരുഷനായെന്ന് ഓരോ കൂട്ടുകാരും പറയുമ്പോൾ ഞാൻ തീർത്തും അസ്വസ്ഥനാകുകയായിരുന്നു…ഇത്ര നാളായിട്ടും നിനക്കിതൊന്നും വരുന്നില്ലേയെന്ന ചോദ്യം കേട്ട് എനിക്ക് മരിക്കാൻ തോന്നിയിട്ടുണ്ട്…പെരുപ്പിച്ചു പറയുന്ന നീളവും, രേതസ്സിന്റെ അളവും എന്നിൽ നിരാശ തീർത്തു….പിന്നേയും ഏറെക്കഴിഞ്ഞ്, പത്താംക്ലാസ് കാലത്താണ് ഞാനെന്നിലെ പുരുഷനേ അറിയുന്നത്…”

ജയന്തിക്ക് അലോസരമില്ലാതെ ശ്രദ്ധിക്കാൻ കഴിയുന്നതിൽ ശങ്കരനാരായണന് ഏറെ സംതൃപ്തി തോന്നി…

“പ്രീ ഡിഗ്രീല് പഠിപ്പ് അവസാനിപ്പിച്ചു…കൃഷീം, കാര്യങ്ങളുമായി വലിയ വരുമാനസാധ്യത അന്നേയുണ്ടായിരുന്നു…ഇന്നതെല്ലാം ശാസ്ത്രീയമാക്കിയെന്നുമാത്രം….ബയോ – ഡാറ്റയിൽ ഫാം നടത്തിപ്പ് എന്നു രേഖപ്പെടുത്തിയത് കല്യാണമാർക്കറ്റിനു വേണ്ടിയാണ്…അടിസ്ഥാനപരമായി ഞാനൊരു സാധാരണ കർഷകനാണ്….ജയന്തി ഭയപ്പെടണ്ടാട്ടോ…അവിടെ എല്ലാറ്റിനും ജോലിക്കാരുണ്ട്..”

അവൾ പുഞ്ചിരിച്ചു….

“ഇരുപത്തിനാലാം വയസ്സിലാണ് ആദ്യമായി പെണ്ണുകാണാൻ പോയത്…ഇരുപത് തികയാത്ത ഒരു കുട്ടിയേ…ഒപ്പം വന്നത് കൂട്ടുകാരെന്നു പറയാവുന്ന രണ്ട് ബന്ധുക്കളായിരുന്നു…. രണ്ടാളും വിവാഹിതർ…സ്വതേ എനിക്കു ചങ്ങാത്തങ്ങൾ കുറവായിരുന്നു….നല്ല തണ്ടും തടിയുള്ള പെണ്ണാണല്ലോ…ശങ്കരനേ അവളൊരു പാഠം പഠിപ്പിക്കും…അതായിരുന്നു ആദ്യം കേട്ട അഭിപ്രായം…സ്കൂളിൽ നിന്നും, പ്രീഡിഗ്രിക്കാലത്തു നിന്നും കിട്ടിയിട്ടുള്ള അവയവങ്ങളുടെ അളവും വ്യാപ്തിയും എന്നെ കൈവിട്ടിരുന്നില്ല….

എനിക്ക് ഒരു സ്ത്രീയേ സംതൃപ്തയാക്കാൻ സാധിക്കുമോ…?

എന്നും ആ ചോദ്യം എന്നെ കുഴക്കി…രാവിലെ ഉണരുമ്പോൾ ഞാൻ നിലക്കണ്ണാടിയിൽ നോക്കും…രാത്രി കിടക്കാൻ നേരത്ത് മാത്രമാണ് ദേഹത്തു നിന്നും ഷർട്ട് ഒഴിവാക്കുന്നത്..കണ്ണാടിയിൽ തെളിഞ്ഞ പ്രതിബിംബം കണ്ട് നെടുവീർപ്പിടും…നെഞ്ചിൽ രോമക്കാടുകളില്ലാത്ത് എനിക്കു മാത്രമാണോ….? ഞാൻ തികഞ്ഞ ഒരു പുരുഷനാണോ…?

പിന്നീടും പല സ്ഥലത്തും പെണ്ണുകാണാൻ പോയെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് അതെല്ലാം ഞാൻ ഒഴിവാക്കി…നീണ്ട പതിനഞ്ചു വർഷങ്ങൾ പിന്നിട്ടു. നാൽപ്പതിനോടടുത്തപ്പോൾ പിന്നേ ബ്രോക്കർമാർക്കും എന്നിലുള്ള കമ്പം നിലച്ചു. എന്റെ വിവാഹവും, പേരക്കുട്ടികളും എന്നത് മരിക്കും വരേ അച്ഛനമ്മമാരുടെ മോഹമായിരുന്നു…ജീവിതത്തിൽ തനിച്ചായപ്പോളാണ് വിവാഹമെന്ന ഞാണിൻമേൽ കളിക്ക് ഞാൻ സമ്മതിച്ചത്….

ജയന്തിക്കും വീട്ടുകാർക്കും എന്നേ തീർത്തും ബോധ്യപ്പെടുകയും ചെയ്തിരുന്നു….പക്ഷേ….ഇപ്പോഴും, ഞാൻ ആ പഴയ ഭീരുതന്നെയാണ്…..”

അയാൾ പറഞ്ഞു നിർത്തി….

പെയ്തൊഴിഞ്ഞ ആകാശം പോലെ അയാളുടെ മുഖം പ്രസന്നമായിരുന്നു…തുറന്നു പറച്ചിലുകളുടെ പെരുമഴയുടെ അനന്തരഭാവം…..

ജയന്തി പുഞ്ചിരിച്ചു…പതിയേ സംസാരിക്കാൻ തുടങ്ങി….

“എനിക്ക് സൗഹൃദങ്ങൾ ഏറെയുണ്ടായിരുന്നു…കൗമാരത്തിൽ തന്നേ മികച്ച ലൈം ഗിക അവബോധവുമുണ്ടായിരുന്നു…കോളേജിലും, ഉപരിപഠനത്തിനുമായി ഒരുപാട് വർഷം ഹോസ്റ്റൽ മുറികളിൽ താമസിച്ചിട്ടുണ്ട്…പെൺപടകൾ താമസിച്ചു വിലസുന്ന ഹോസ്റ്റൽ മുറികളിൽ പറയാത്തതും കാണാത്തതുമായ പരസ്പര രഹസ്യങ്ങൾ കുറവായിരുന്നു….

മറ്റു പെൺകുട്ടികളേ അപേക്ഷിച്ച്, എന്റെ മാ റി ടങ്ങളിലൊന്നിന് അൽപ്പം വലുപ്പ വ്യത്യാസമുണ്ടായിരുന്നു…ഇടത്തേ മാ റിന്….ഒറ്റനോട്ടത്തിൽ തന്നേ തിരിച്ചറിയാം…കൂട്ടുകാരികൾ പറയും…കല്യാണം കഴിഞ്ഞാൽ, പുരുഷന് വേണ്ട പ്രധാനഭാഗങ്ങളിലൊന്ന് നിനക്ക് ചെറുതാണല്ലോയെന്ന്…അത് എന്നെ ചെറുതായല്ല വിഷമിപ്പിച്ചത്..ആ ഒരൊറ്റക്കാരണം കൊണ്ട് ഞാൻ വിവാഹത്തേ ഭയന്നു….വെറുത്തു…ചിന്തകളിലെന്നും, ആദ്യരാത്രിയിൽ പരിഹസിക്കപ്പെടുന്ന എന്റെ നിസ്സാഹായവസ്ഥയായിരുന്നു…മാർക്കച്ച കൊണ്ട് പരിഹരിക്കാൻ കഴിയാത്ത സന്ദർഭങ്ങളെ ഓർക്കാൻ കൂടി വയ്യായിരുന്നു….

പിന്നീടാണ് പലരിൽ നിന്നും എനിക്ക് ബോധ്യപ്പെട്ടത്, സ് ത നങ്ങളുടെ വളർച്ചയിൽ പലർക്കും ഏറ്റക്കുറച്ചിലുകളുണ്ടെന്നുള്ളത്…അപ്പോഴെക്കും മുപ്പതു പിന്നിട്ടിരുന്നു..അതിപ്പോൾ ഭാഗ്യമായെന്നു തോന്നുന്നു..തുറന്നു പറയാനും, പറയുന്നതു മനസ്സിലാക്കാനും പക്വതയുള്ള ഒരാളെ എനിക്കു കിട്ടിയില്ലേ….? ശരിയല്ലേ, ഞാൻ പറഞ്ഞത്….?”

അവൾ പറഞ്ഞു നിർത്തി…ക്ലോക്കിലെ സൂചികൾ, സമയത്തേ പാതിരാവു കടത്തിയിരുന്നു…

“നമുക്ക് കിടന്നാലോ….?”

ശങ്കരനാരായണൻ ചോദിച്ചു…മുറിയിലെ വിളക്കണഞ്ഞു…അന്ധകാരം പുതപ്പാക്കി അവർ ചേർന്നുകിടന്നു…പരസ്പരം പകർന്ന ഉടൽച്ചൂടുകളിൽ പുതിയൊരു രാഗമുണരുകയായിരുന്നു…ശൃംഗാരം വഴിയുന്ന രാഗം…..

പുലരി…..

ഉണർന്നെഴുന്നേറ്റ് കട്ടിലിന്നറ്റത്തിരിക്കുന്ന ശങ്കരനാരായണന്റെയരികിലേക്ക് ജയന്തിയെത്തി…അവൾ കുളിച്ചു സുന്ദരിയായിരിക്കുന്നു..മിഴികളും, കവിൾത്തടങ്ങളും തിളങ്ങുന്നു..കയ്യിലെ കപ്പിലെ ചുടുചായ നീട്ടിക്കൊണ്ട് അവൾ ചോദിച്ചു…..

“എന്തൂട്ടാ ആലോചിക്കണത്….? ഉറക്കം വരണുണ്ടാ….?”

അയാൾ ചിരിച്ചു….പതിയേ പറഞ്ഞു….

“ജീവിതത്തിലെ പത്തുപതിനഞ്ചു.വർഷങ്ങൾ വെറുതേ കളഞ്ഞ നമ്മളേ തല്ലിക്കൊല്ലണം…ല്ലേ….?”

“ഹേയ്… അതു ഭാഗ്യമായില്ലേ….അതുകൊണ്ട് ഒരേ പാഠങ്ങൾ നമുക്കൊരുമിച്ചു പഠിക്കാറായില്ലേ…”

അവൾ ചായ പകർന്നുകൊടുത്തു….ചുടുചായ നുകർന്നു കുടിക്കുമ്പോൾ, അയാളുടെ മനസ്സിൽ പുതിയൊരു പറുദീസക്കായുള്ള ദാഹമായിരുന്നു….കൊതി തീരാത്ത ദാഹം…..