സന്തോഷം അടക്കാനാവാതെ ശരത്തിന്റെ ഓരം ചേർന്ന് അവനെ കെട്ടിപ്പുണർന്നു കിടന്നു.

Story written by Saji Thaiparambu

=================

“ശ്യാമേ…അങ്ങോട്ട് നീങ്ങിയിരിക്ക് അമ്മയെങ്ങാനും കാണും “

ടിവി കണ്ട് കൊണ്ടിരുന്ന ശരത്തിന്റെ അരികിലേക്ക് വന്നിരുന്ന ഭാര്യയോട് അയാൾ പറഞ്ഞു.

രണ്ടാഴ്ച്ച മുമ്പായിരുന്നു അവരുടെ കല്യാണം.

സ്വന്തം വീട്ടിലാണെങ്കിൽ സാധാരണ ഉച്ചയൂണ് കഴിഞ്ഞ് ശ്യാമയ്ക്ക് ഒരു ഉറക്കമുള്ളതാണ്

പക്ഷേ, പുതു മോടിയിൽ ഭർത്താവിന്റെ വീട്ടുകാർക്ക് നീരസമുണ്ടാക്കണ്ടന്ന് കരുതിയാണ് ശരത്തിന്റെയൊപ്പം വന്നിരുന്നത്.

“അതിനെന്താ ശരത്തേട്ടാ..നമ്മൾ അന്യരൊന്നുമല്ലല്ലോ?ഭാര്യാഭർത്താക്കൻമാരല്ലേ?

“എന്ന് വച്ച് എല്ലാവരുടെയും മുന്നിൽ വച്ചാണോ റൊമാൻസ് കാണിക്കുന്നത് “

ശരത്തിന്റെ മുഖത്തെ കടുപ്പം കണ്ട് അവൾ എഴുന്നേറ്റ് അടുത്ത കസേരയിൽ
പോയിരുന്നു.

“ആഹാ..ശ്യാമ ഇവിടെ വന്നിരിക്കുവാണോ, അപ്പുറത്ത് അമ്മ തിരക്കുന്നുണ്ട് “

ശരത്തിന്റെ മൂത്ത പെങ്ങൾ, ശരണ്യ, അവളോട് വന്ന് പറഞ്ഞു.

അത് കേട്ട് ആകാംക്ഷയോടെ അവൾ അടുക്കളയിലേക്ക് ചെന്നു.

”എല്ലാവരും കഴിച്ചിട്ട് എച്ചിൽ പാത്രം കൊണ്ടിട്ടിട്ട് പോയിരിക്കുന്നത് കണ്ടില്ലേ, അതൊക്കെ ഒന്ന് തേച്ച് കഴുകി വയ്ക്ക്”

അടുക്കളയിലെ വാഷ് ബെയ്സനിൽ കുന്ന് കൂടി കിടക്കുന്ന പാത്രങ്ങൾ ചൂണ്ടിക്കാണിച്ച് കൊണ്ട് അമ്മായിഅമ്മ പറഞ്ഞു.

അത് ശരി ഇതിനായിരുന്നോ? ഇത് ശരണ്യയ്ക്ക് ചെയ്യാമായിരുന്നില്ലേ ?

മനസ്സിൽ പറഞ്ഞു കൊണ്ട് ശ്യാമ പാത്രങ്ങൾ കഴുകാൻ തുടങ്ങി

അടുക്കള ഒതുക്കി ഹാളിലേക്ക് തിരിച്ച് വരുമ്പോൾ ശരത്തിനെ അവിടെ കണ്ടില്ല

അവൾ നേരെ ബെഡ്റൂമിലേക്ക് വന്നപ്പോൾ ശരത്ത് അവിടെ കട്ടിലിൽ കിടപ്പുണ്ട്.

സന്തോഷം അടക്കാനാവാതെ ശരത്തിന്റെ ഓരം ചേർന്ന് അവനെ കെട്ടിപ്പുണർന്നു കിടന്നു.

”ഏട്ടാ നാളെ ഞായറാഴ്ചയല്ലേ, നമുക്ക് എന്റെ വീട്ടിലൊന്ന് പോയാലോ?

പുറം തിരിഞ്ഞ് കിടക്കുന്ന അവന്റെ വലത് കവിളിൽ മുഖം ചേർത്ത് വച്ച് അവൾ ചോദിച്ചു.

”നീ അമ്മയോട് ചോദിക്ക്, അമ്മസമ്മതിച്ചാൽ പോകാം”

ആ മറുപടി കേട്ട് ശ്യാമയ്ക്ക് അരിശം വന്നു.

”എല്ലാ കാര്യങ്ങളും അമ്മയാണോ തീരുമാനിക്കുന്നത്, അപ്പോൾ ശരത്തേട്ടന് സ്വന്തമായിട്ടഭിപ്രായമൊന്നുമില്ലേ?”

“പണ്ട് മുതലേ ഞാനങ്ങനാ ശീലിച്ചത്, അച്ഛനില്ലാത്ത ഞങ്ങളെ ഒത്തിരി കഷ്ടപ്പെട്ടാണ് അമ്മ വളർത്തിയത്, അത് കൊണ്ട് അമ്മയ്ക്കിഷ്ടമില്ലാത്തത് ഒന്നും ഞാൻ ചെയ്യില്ല ”

“അങ്ങനെയാണെങ്കിൽ നാളെ എന്നെ ഉപേക്ഷിക്കാൻ അമ്മ പറഞ്ഞാൽ നിങ്ങളതും ചെയ്യുമല്ലോ?”

സങ്കടവും ദേഷ്യവും സഹിക്കാതെ ശ്യാമ ചോദിച്ചു.

”വെറുതെ ഒച്ച വയ്ക്കണ്ട, നിനക്ക് നാളെ വീട്ടിൽ പോകണം അത്രയല്ലേയുളളു. അതിന് വഴിയുണ്ടാക്കാം “

പിറ്റേന്ന് പ്രാതൽ കഴിച്ചിട്ട് ശ്യാമ വേഗം മുറിയിൽ പോയി റെഡിയായി വന്നു.

അപ്പോഴേക്കും ശരത്ത് പോർച്ചിൽ നിന്നും കാറിറക്കി.

“അല്ലാ ഇതെങ്ങോട്ടാ രാവിലെ രണ്ടാളും കൂടി?

ഉറക്കമെഴുന്നേറ്റ് വന്ന ശരണ്യ അപ്പോഴാണ് അവരുടെ യാത്രയെ കുറിച്ച് അറിയുന്നത്.

“ഞങ്ങൾ എന്റെ വീട് വരെ ഒന്നു പോകുവാ…കുറച്ച് ദിവസമായില്ലേ അമ്മേം അച്ഛനേം ഒക്കെ കണ്ടിട്ട് “

ശ്യാമ പുഞ്ചിരിച്ച് കൊണ്ട് ശരണ്യയോട് പറഞ്ഞു

“അതിന് കഴിഞ്ഞാഴ്ചയല്ലേ അവരിവിടെ വന്നിട്ട് അങ്ങോട്ട് പോയത്, ഇനി അടുത്ത മാസമെങ്ങാനും പോകാം, ഡാ ശരത്തേ..നീയെന്റെ മക്കളെയും കൊണ്ട് സിനിമ കാണിക്കാൻ പോകാമെന്ന് പറഞ്ഞിട്ട് എത്ര ദിവസമായി, ഞാൻ പെട്ടെന്ന് അവരെ ഒരുക്കിത്തരാം, നീ പിള്ളാരേം കൊണ്ട് പോയിട്ട് വാ, ശ്യാമയ്ക്കിവിടെ പിടിപ്പത് പണിയുണ്ട് “

അത് കേട്ടപ്പോൾ ശ്യാമയ്ക്ക് ദേഷ്യം സഹിക്കാനായില്ല.

“എൻറച്ഛനേം, അമ്മയേം കാണാൻ പോകാൻ ശരണ്യേച്ചീടെ സമ്മതം വേണോ? ശരത്തേട്ടൻ പറയട്ടെ, എങ്കിൽ ഞാനീ ഡ്രസ്സ് അഴിച്ചിടാം”

അവൾ ശരത്തിന്റെ മുഖത്തേയ്ക്ക് നോക്കി…

”ശരണ്യ പറഞ്ഞത് ശരിയല്ലേ ? ആ കുട്ടികളുടെ അച്ഛൻ ഗൾഫിലായത് കൊണ്ടല്ലേ അവൾ നിന്റെ കാല് പിടിക്കുന്നത് “

മോൾക്ക് വക്കാലത്തുമായി അമ്മ ഇറങ്ങി വന്നു.

എല്ലാം കേട്ടിട്ടും മറുപടി പറയാതെ നില്ക്കുന്ന, ശരത്തിനെക്കണ്ട് ശ്യാമയുടെ കോപം വർദ്ധിച്ചു.

അവൾ ഒരു കൊടുങ്കാറ്റ് പോലെ അകത്തേക്ക് കയറി പോയി.

“ശ്യാമേ…നില്ക്കവിടെ “

ശരത്തിന്റെ അലർച്ച കേട്ടവൾ തിരിഞ്ഞ് നിന്നു.

“നീ വന്ന് കാറിൽ കയറ്, പിന്നെ, ചേച്ചീ…അളിയൻ ഗൾഫിലാണെന്നു പറഞ്ഞ് വർഷങ്ങളായി ഇവിടെ വന്ന് അട്ടിപ്പേറായ് കിടക്കുന്ന ചേച്ചിക്ക് ഒരിക്കലും സ്വന്തം വീട്ടുകാരെ മിസ്സ് ചെയ്യില്ല. ഭർത്താവിന്റെ വീട്ടിൽ നിന്നാൽ ജോലി ചെയ്യണമെന്ന ഒറ്റക്കാരണം കൊണ്ടല്ലേ? മെയ്യനങ്ങാതെ ഇരുന്ന് തിന്നാനായിട്ട് ഇവിടെ വന്നിങ്ങനെ നില്ക്കുന്നത്. ഇത്രയും നാളും ഭർത്താവ് അയച്ച് തരുന്ന കാശ് ഒരണ പോലും ചിലവാക്കാതെ സൂക്ഷിച്ച് വച്ചിട്ട് എന്റെ ചിലവിലല്ലേ ഇത് വരെ അമ്മയും മക്കളും കഴിഞ്ഞത്. ഇനിമുതൽ ഞാനൊന്ന് ജീവിക്കട്ടെ, എന്റെ ഭാര്യയെ മരണം വരെ ഒരു കുറവും കൂടാതെ സംരക്ഷിച്ചോളാമെന്ന് പറഞ്ഞ് ഞാൻ താലികെട്ടി കൊണ്ട് വന്നത്, എല്ലാവർക്കും കൂടി ഇവിടെയിട്ട് പീ ഡിപ്പിക്കാനല്ല, മനസ്സിലായോ?

ആദ്യമായിട്ട് ശരത്തിന്റെ ശബ്ദം അത്രയും ഉയരുന്നത് കേട്ട് സരസ്വതി അമ്മ പോലും ഒന്ന് ഞെട്ടി.

“ഞാനിനി ഒരു നിമിഷം ഇവിടെ നില്ക്കില്ലമ്മേ, ഞാൻ പോകുവാ, എന്റെ ശ്രീനിയേട്ടന്റെ വീട്ടിലേക്ക്, അവരെന്നെ പൊന്ന് പോലെ നോക്കും”

അത്രയും പറഞ്ഞ് ചാടിതുള്ളി ശരണ്യ അകത്തേക്ക് പോയി.

“നന്നായി മോനേ…നീ പറഞ്ഞത്, കെട്ടിച്ച് വിട്ട പെണ്ണുങ്ങൾ ഭർത്താവിന്റെ വീട്ടിലെ കാര്യങ്ങൾ നോക്കി, അവിടെ തന്നെയാ നില്ക്കേണ്ടത്…ഞാൻ പറയുമ്പോഴൊക്കെ അവൾ എന്നെ സോപ്പിട്ട് ഇവിടെ നില്ക്കും, ഇപ്പോൾ കുറച്ച് വിഷമം തോന്നിയാലും, ഇടയ്ക്കിടെ നിങ്ങൾ രണ്ടാളും കൂടി അവിടെ പോയി, അവളെയും കുട്ടികളെയും കണ്ട് വിശേഷങ്ങൾ അന്വേഷിക്കുമ്പോൾ, അവളുടെ പിണക്കമൊക്കെ മാറിക്കൊള്ളും”

”അത് അമ്മേ…ഞാൻ പെട്ടെന്നുണ്ടായ ദേഷ്യത്തിലെന്തൊക്കെയോ പറഞ്ഞതാ…”

“അത് സാരമില്ലടാ നീ ശ്യാമയേം കൊണ്ട് പോയിട്ട് വാ, ആഹ് പിന്നെ മോളേ..വൈകുന്നേരമിങ്ങ് വന്നേക്കണേ, മോള് വന്നതിൽ പിന്നെയാ , അമ്മയ്ക്ക് ഒരു കൈ സഹായമായത് ”

ആ സംസാരം കേട്ട് ശ്യാമയ്ക്ക് അത്ഭുതമായി. താൻ വെറുതെ പാവം അമ്മയെ തെറ്റിദ്ധരിച്ചു, എന്തായാലും വീട്ടിൽ പോയി തിരിച്ച് വന്നിട്ട്, അമ്മയെ കുറച്ച് കൂടി സ്നേഹിക്കണം, ഈ വീട്ടിലെ ജോലിയൊക്കെ തനിക്ക് ഒറ്റയ്ക്ക് ചെയ്യാവുന്നതേയുള്ളു…അമ്മ പ്രായമായില്ലേ? ഇനി വിശ്രമിക്കട്ടെ….

പുതിയ തീരുമാനവുമായിട്ടാണ് അവൾ കാറിലേക്ക് കയറിയത്.

~സജിമോൻ തൈപറമ്പ്