വൈകി വന്ന വസന്തം…
എഴുത്ത്: നിഷ പിള്ള
============
തുടർച്ചയായി ഫോൺ ബെല്ലടിച്ചപ്പോളാണ് ചന്ദ്രിക കൈകഴുകി അകത്തേക്ക് വന്നത്. പൂന്തോട്ട പരിപാലനത്തിലായിരുന്നു..വിരമിച്ച ശേഷം പൂന്തോട്ടവും പുസ്തകങ്ങളും മാത്രമാണ് ലോകം. കൈകഴുകി സാരിത്തുമ്പിൽ തുടച്ചു ഫോൺ കയ്യിലെടുത്തപ്പോഴേക്കും കാൾ കട്ടായി.
ആരാണീ സമയത്തു വിളിക്കാൻ..?
ആരുഷി ആകില്ല. അവിടെ ഇപ്പോൾ വെളുപ്പാൻ കാലമാണ്..അവൾ ചുരുണ്ടു കൂടി കിടന്നു ഉറങ്ങുകയാകും. പിന്നെയാരാ വിളിക്കാൻ എന്നോർത്തപ്പോഴേക്കും വീണ്ടും കാൾ വന്നു. ഇതൊരു പരിചയമില്ലാത്ത നമ്പർ ആണ്.
“ഹലോ, ചന്ദ്രു മാഡം, ചന്ദ്രികാജി സുഖമല്ലേ ?”
നല്ല പരിചയമുള്ള ശബ്ദം. പക്ഷെ ആളെ പിടികിട്ടിയില്ല.
“ആരാ,.ആരാണാവോ സുഖവിവരം തിരക്കാൻ.”
അവളുടെ ശബ്ദം പരുക്കനായത് കൊണ്ടാകും മറുവശത്തു ഒരു അങ്കലാപ്പ്.
“ടീ,ഇത് ജോൺ ആണ്, പഴയ കൂട്ടുകാരൻ, നമ്മളെ ഒക്കെ മറന്നോ. മോൾ വിദേശത്തു…മാഡം റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കുകയാണല്ലേ.”
“ടാ,ജോണേ, ദൈവമേ എന്തൊരു അത്ഭുതം..ഇന്നും കൂടി പഴയ ആൽബം എടുത്തു നോക്കിയതേയുള്ളു. ഇന്ന് നിന്നെ പറ്റി ഓർത്തിരുന്നു. സുഖമായിരിക്കുന്നു…നമ്പർ എവിടുന്നു കിട്ടി.”
“വാസുകി, എന്റെ മരുമകൾ ഒപ്പിച്ചു തന്നതാണ് നിന്റെ നമ്പർ. ഫേസ് ബുക്കിൽ നിന്നും ഒരു കോമൺ ഫ്രണ്ടിനെ കണ്ടെത്തി,.അവരുടെ കയ്യിൽ നിന്ന് നമ്പർ ഒപ്പിച്ചു. നമ്പർ കിട്ടിയിട്ട് നാലഞ്ചു മാസമായി. വിളിക്കാൻ ഒരു മടി.”
“പിന്നെന്തിനാ ഇപ്പോൾ വിളിച്ചത്,.ഞാൻ ജീവനോടെ ഉണ്ടോന്നു ടെസ്റ്റ് ചെയ്യാനോ. ചത്തിട്ടില്ല.”
“നീ ചൂടാവാതെ, ഓരോരുത്തരുടെയും മാനസികാവസ്ഥ നമുക്കറിയില്ലല്ലോ. ഞാൻ നിനക്കൊരു വാക്ക് തന്നിരുന്നു പണ്ട് കോളേജ് ദിനങ്ങളിൽ….നീ ഒരു പക്ഷെ മറന്നിരിക്കാം. പക്ഷെ ഞാൻ ഓരോ വർഷവും ആ ഓർമകളെ തുടച്ചു മിനുക്കി വയ്ക്കും. ഇടയ്ക്ക് ട്രെയിനിൽ വച്ചു കണ്ടപ്പോഴും നീ പറഞ്ഞിരുന്നു. ഇപ്പോൾ സമയമായി എന്ന് തോന്നി. അതാ നിന്നെ വിളിച്ചത്.”
“അതെന്താ?”
“അതാ ഞാൻ പറഞ്ഞത്, അന്ന് നീ തമാശയായി പറഞ്ഞതാകും. പക്ഷെ അത് ഞാൻ എത്ര ഗൗരവത്തോടെയാണ് കണ്ടത്. ഒരു പക്ഷെ നിന്റെ ആഗ്രഹം നടത്തി തരാൻ വേണ്ടിയാകും ഞാനിന്നു ജീവനോടിരിക്കുന്നതെന്നു തോന്നുന്നു. ജെസ്സി മരിച്ചതിനു ശേഷം ഒറ്റപ്പെട്ട ജീവിതമായിരുന്നു. മകനും മരുമകളും ചെന്നൈയിൽ ആണെങ്കിലും എല്ലാമാസവും ഓടി എന്നെ കാണാൻ കുട്ടികളുമായി വരും. വാസുകി ഇല്ലേ, ബിനോയുടെ ഭാര്യ, എന്നെ എന്ത് കാര്യമാണെന്നറിയുമോ. ഞാനാണ് അവരുടെ വിവാഹത്തെ അന്ന് എതിർത്തത്..ഹിന്ദു തമിഴ് പെൺകുട്ടി, ഇവന്റെ മുരടൻ സ്വഭാവം. അതൊന്നും അവന്റെ കുറ്റമല്ല.
ബിനോയിക്ക് ഏഴെട്ടു വയസായപ്പോഴല്ലേ ജെസ്സിയെ ഞാൻ കല്യാണം കഴിക്കുന്നത്. രണ്ടാനച്ഛനോടുള്ള എല്ലാ എതിർപ്പും അവനെന്നോടുണ്ടായിരുന്നു. അവളുടെ നഴ്സിംഗ് ജോലി വഴി വിദേശത്തെത്തുക. ഒരു ജോലി തരപ്പെടുത്തുക. പെങ്ങന്മാരെ കെട്ടിച്ചു വിടുക. അതൊക്കെയായിരിക്കുന്നു അന്നത്തെ സ്വപ്‌നങ്ങൾ. അതിനിടക്ക് എപ്പോഴോ വഴി തെറ്റി ഓർമകളിൽ വന്നു നിറയുന്ന കോളേജും കൂട്ടുകാരും….
ഒരു വർഷം കൊണ്ട് ഞാൻ ബിനോയിയുടെ അപ്പനായി മാറി. പിന്നെ ഞാൻ കഴിഞ്ഞേയുള്ളു ജെസ്സി പോലും അവന്. അവളു പോയപ്പോൾ ആദ്യം ഞാൻ ഒന്ന് തകർന്നതാണ്, പക്ഷെ എന്റെ മോൻ, അവനെന്നെ സ്നേഹിച്ചു പരിചരിച്ചു ഈ നിലയിലാക്കി. അവനെക്കാൾ എനിക്കിപ്പോൾ വാസുകിയെ ആണിഷ്ടം, നല്ല കൊച്ചാ.
അത് പിന്നെ ഞാൻ പറയാൻ വന്നത്. നമ്മൾ പണ്ട് സ്റ്റഡി ടൂറിനു നെല്ലിയാമ്പതി പോയതോർക്കുന്നോ നീ?മരത്തിൽ കയറിയത് , ചുവന്നു പഴുത്ത പേരക്ക പറിച്ചു കഴിച്ചത്. അന്ന് എല്ലാരും നടന്നപ്പോൾ നീ എന്നെ പിടിച്ചു നിർത്തി പറഞ്ഞത്. ജോണേ നമുക്ക് ഒരിക്കൽ കൂടി ഇങ്ങോട്ടു വരണം, നീ എന്നെ കൊണ്ട് വരണം. വാക്ക് താ….എന്ന്….ഓർക്കുന്നോ , നീ അത്….പിന്നെ പലപ്പോഴും അവിടെ പോകാൻ എനിക്കവസരങ്ങൾ വന്നപ്പോഴും ഞാൻ വേണ്ടെന്നു വെച്ചു. ഇനി ഒരു പോക്കുണ്ടെങ്കിൽ നിന്റെ കൂടെയേ ഉള്ളു എന്ന്.”
“ശരിയാ , ഞാനും പിന്നെ പോയില്ല. ആ കാട് അതിന്റെ വിജനത. അതൊക്കെ ഇപ്പോൾ മാറി കാണും..മുപ്പതു മുപ്പത്തഞ്ചു വർഷങ്ങൾ ആയി കാണില്ലേ. എന്നാലും നീ അതോർത്തു വച്ചല്ലോ. ഇന്നാകെ നല്ല ദിവസമാണ്. രാവിലെ തുടങ്ങിയത് പഴയ ഓർമകളിലാണ്. ഇപ്പോൾ നിന്റെ വിളിയും വന്നു. ഞാൻ ആ ചുവന്ന സ്വെറ്റർ ഇട്ട പയ്യനെ ഒന്ന് നോക്കിയിരുന്നു പോയി. നമ്മൾ കണ്ടിട്ട് കുറെ നാളായല്ലോ, ഒരു ഇരുപത്തഞ്ചു വർഷം കഴിഞ്ഞിട്ടുണ്ടാകും അല്ലെ ?കണ്ടാൽ ഞാൻ നിന്നെ തിരിച്ചറിയുമോ. എന്തോ ?”
“നമ്മൾ ഒരു പത്തു പതിനഞ്ചു വർഷം മുൻപ് ട്രെയിനിൽ വെച്ചു കണ്ടത് നിനക്കോർമ്മയില്ലേ. നീയും മോളും മുംബയിൽ നിന്ന് വരികയായിരുന്നു. ഞാൻ ചാലക്കുടിയിൽ നിന്ന് കയറി. അന്ന് ഞാനെങ്ങനെ നിന്നെ തിരിച്ചറിഞ്ഞു എന്നറിയുമോ. നിന്റെ ചുണ്ടിന്റെ വലതു വശത്തെ മറുക് നോക്കി. വേറെ ഒരു സ്ത്രീക്കും ആ വശത്തു അങ്ങനെ ഒരു മറുക് ഞാൻ കണ്ടിട്ടില്ല. പിന്നെ നിന്റെ വിശാലമായ നീല കണ്ണുകൾ. അന്ന് നീ നെല്ലിയാമ്പതിയിൽ വച്ച് ചിത്രീകരിച്ച അപരിചിതന്നെന്ന മമ്മൂട്ടിയുടെ സിനിമയെ കുറിച്ച് പറഞ്ഞു. അതിൽ ആ കുട്ടികൾ പോകുന്ന കാടിന്റെ വന്യതയെ കുറിച്ചും , സിനിമയിലെ വില്ലൻ മുങ്ങി താണ ചതുപ്പിനെക്കുറിച്ചും പറഞ്ഞു. അവിടെ പോകണമെന്ന് നീ മകൾ കേൾക്കാതെ ശബ്ദം താഴ്ത്തി പറഞ്ഞു. ഓർക്കുന്നുണ്ടോ.”
“ജോണേ , എനിക്കെല്ലാം ഓർമയുണ്ട്. ഒരിക്കലും നടക്കില്ലെന്നു കരുതി ഞാൻ കുഴിച്ചു മൂടിയ ഒരു സ്വപ്നം. അതിനെ അതിന്റെ കല്ലറ തുറന്നു നീ പുറത്തെടുത്തു. നമുക്ക് പോയാലോ….എനിക്ക് ആരുഷിയോട് ചോദിക്കണം. അവളെയുള്ളു എനിക്ക്. അവൾ എതിർത്താലോ എന്നൊരു പേടിയുണ്ട്. എന്തായാലും ഞാനൊന്നു ശ്രമിയ്ക്കട്ടെ .”
“എൻ്റെ പൊന്നുമമ്മീ, മമ്മി ഏതു യുഗത്തിൽ ആണ് ജീവിയ്ക്കുന്നത്? പോയിട്ടു വാ, ജോണങ്കിൾ മമ്മിയുടെ ക്ലോസ് ഫ്രണ്ടല്ലേ, മമ്മി അടിച്ച് പൊളിച്ചു വാ. എന്നിട്ട് വിമാനം കയറി ഇവിടെ വാ. കാലിഫോർണിയ കാണാം.”
“എടീ പുരോഗമനവാദി നീ എൻ്റെ വയറ്റിൽ തന്നെയുണ്ടായതാണോ.”
അങ്ങനെ പറഞ്ഞെങ്കിലും അവളുടെ പെറ്റമ്മ താനല്ലല്ലോ, താൻ വെറും വളർത്തമ്മ മാത്രമല്ലേയെന്നവളോർത്തു. സ്നേഹം നഷ്ടപെടുമോയെന്നു പേടിച്ചു അവളെയറിയിക്കാത്ത രഹസ്യം.
“ഹഹ , വയറ്റിൽ വച്ചു ജനിതക നവീകരണം സംഭവിച്ചതാ, എനിക്കു മമ്മിയും മമ്മിയ്ക്ക് ഞാനും മാത്രമല്ലേ ഉള്ളൂ.മമ്മിയുടെ സന്തോഷമാണ് എൻ്റെ സന്തോഷം.”
അവൾ ഫോൺ വച്ചതും ജോണിനെ വിളിച്ചു.
“നമ്മൾ എന്നാ പോകുന്നത്, എനിയ്ക്ക് ധൃതിയായി.”
“എപ്പോൾ വേണമെങ്കിലും പോകാം, നാളെയെങ്കിൽ നാളെ.ഇരുപത്തഞ്ചിന് മുൻപ് തിരികെ വരണം. ബിനോയിയും കുടുംബവും വരും. പിള്ളേരെ കാണാൻ കൊതിയായി.”
“നമുക്ക് ഈ വ്യാഴാഴ്ച പോയാലോ?ഞാൻ റെഡി.”
“അതായത് നാളെ കഴിഞ്ഞ്, ശരി. രാവിലെ ആറിന് കാറുമായി തൻ്റെ വീട്ടുമുറ്റത്ത് എത്തും. തൻ്റെ ലൊക്കേഷൻ അയയ്ക്കണേ.”
“ഓകെ,ശുഭസ്യ ശീഘ്റം എന്നാണല്ലോ.”
പറഞ്ഞ ദിവസം രാവിലെ തന്നെ ജോൺ എത്തി. ഗേറ്റ് പൂട്ടി കൂടെ യാത്രയാകുമ്പോൾ അവളുടെ മനസ്സിൽ സന്തോഷവും സങ്കടവും ഒരേ പോലെ നിറഞ്ഞു. ആഹ്ലാദ കണ്ണുനീർ അവൻ കാണാതിരിക്കാൻ പുറത്തു നോക്കിയിരുന്നു. ഇടയ്ക്കു ചാറ്റൽ മഴയുടെ ആഗമനം..അവൾ പുറത്തു നോക്കി രസം പിടിച്ചിരുന്നു.
“പഴയപോലല്ല , മഴത്തു ഡ്രൈവ് ചെയ്യാൻ എനിക്ക് പാടാണ്. നീ ഏതെങ്കിലും നല്ല റെസ്റ്റോറന്റ് നോക്കിക്കോ , പ്രാതൽ കഴിക്കണ്ടേ.”
“എനിക്ക് ഹോട്ടൽ ഒന്നും വേണ്ട, ചെറിയ ചായക്കട ഏതേലും മതി. വൃത്തിയുള്ള ഭക്ഷണം കിട്ടിയാൽ മതി.”
ഇടയ്ക്കു കണ്ട ഒരു കടയിൽ അവർ പ്രാതൽ കഴിക്കാൻ നിർത്തി. ഒരു അപ്പച്ചനും അമ്മമ്മയും നടത്തുന്ന കട. നല്ല വെള്ളയപ്പവും ബീഫ് കറിയും കഴിച്ചു. അവളൊരു അഞ്ഞൂറിന്റെ നോട്ട് എടുത്തു കൊടുത്തു.
“ബാക്കി തരാൻ ചില്ലറയില്ലല്ലോ കുഞ്ഞേ..രാവിലെ കച്ചവടം തുടങ്ങിയതേയുള്ളു. ചായ കുടിച്ചതൊക്കെ പറ്റുകാരാ.”
“ബാക്കി അവിടെ കിടന്നോട്ടെ അപ്പച്ചാ, ഞങ്ങൾ തിരികെ വരുമ്പോഴും ഫുഡ് ഇവിടെ നിന്ന് തന്നെ. ലോനപ്പൻ എന്നല്ലേ പേര് .”
കടയുടെ നമ്പർ അവൾ ഫോണിൽ സേവ് ചെയ്തു.
“അയ്യോ കുഞ്ഞേ ലോനപ്പന്റെ കട എന്നാ, ലോനപ്പൻ അപ്പനായിരുന്നു, മരിച്ചിട്ടു വർഷങ്ങളായി.”
തിരികെ കാറിൽ കയറുമ്പോൾ ചന്ദ്രിക ജോണിനോട് ചോദിച്ചു.
“എങ്ങനുണ്ടായിരുന്നു ചങ്ങാതീ പ്രാതൽ?”
“അടിപൊളി, അമ്മച്ചിയുടെ ഭക്ഷണത്തിന്റെ രുചി ഓർമ വന്നു. നല്ല നാടൻ ഭക്ഷണം.”
“വലിയ ഹോട്ടലിൽ പോയാൽ അടുക്കള എങ്ങനാണോ എന്തോ, കൊണ്ട് തരണവരുടെ വേഷം തൂവെള്ളയായിരിക്കും. ഇത്രേം രുചിയും സ്നേഹവും അവിടെ കിട്ടില്ല. ആ അമ്മച്ചി സ്നേഹത്തോടെ കറി വിളമ്പി തന്നത് കണ്ടോ .”
“സത്യമാടോ ,.വയറും മനസ്സും നിറഞ്ഞു..നിനക്കിപ്പോഴും ഒരു മാറ്റവും ഇല്ലല്ലോ.സഹാനുഭൂതി, കരുണ .”
ഇടയ്ക്കു ബിനോയിയും വാസുകിയുടെയും വീഡിയോ കാൾ വന്നു. അവർ യാത്രക്ക് ആശംസകൾ പറഞ്ഞു , ഫോൺ വച്ചു .ആരുഷിയോടു സംസാരിക്കാൻ തോന്നി. പക്ഷെ അവിടെ ഇപ്പോൾ അവൾ ഉറക്കത്തിലായിരിക്കും.
“ഞാൻ എല്ലാം മക്കളോട് തുറന്നു പറയും, അത് കൊണ്ടിപ്പോൾ ഒരു ടെൻഷൻ ഇല്ല..ടെൻഷൻ ഫ്രീ…താനോ?”
“എല്ലാം പറയും..പക്ഷെ അവളെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം ഞാൻ പറഞ്ഞിട്ടില്ല..നിനക്കറിയുമോ ഞാൻ അവളുടെ വളർത്തമ്മയാണെന്നു അവൾക്കു അറിയില്ല.”
അവളുടെ ശബ്ദം ഗൗരവത്തിലായി. ജോൺ അകെ ആശയ കുഴപ്പത്തിലായി.
“താൻ എന്തായീ പറയുന്നത്..അപ്പോൾ ആരുഷി ആരുടെ മകൾ ആണ്.”
“അതൊക്കെ ഒരു കഥയാണ്. കോളേജ് കഴിഞ്ഞ സമയം, ഞാൻ എന്റെ പ്രണയം തുറന്നു പറഞ്ഞതിന്റെ പേരിൽ അച്ഛനുമായി ഉടക്കി. അപ്പോഴാണ് എനിക്ക് ഐ ബി യിൽ ജോലി കിട്ടി മുംബൈയിലേക്ക് വണ്ടി കയറിയത്. പിന്നെ കുറെ നാള് വീടുമായി ഒരു ബന്ധവും ഉണ്ടായില്ല. നാലഞ്ചു പെണ്ണുങ്ങൾ ഒന്നിച്ചായിരുന്നു അന്ന് ക്വാർട്ടേഴ്സിൽ…എന്റെ കൂടെ ബാങ്കിൽ ജോലി ചെയ്യുന്ന നോർത്ത് ഈസ്റ്റ്കാരി പെൺകുട്ടിയുണ്ടായിരുന്നു. ചെറിയ കണ്ണും ചപ്പിയ മൂക്കും ഒക്കെയായി ഒരു മെലിഞ്ഞ സുന്ദരി. ഒരിക്കൽ ജോലി കഴിഞ്ഞു മടങ്ങിയെത്തിയ ഞാൻ കണ്ടത് അവൾ മരിക്കാൻ ശ്രമിക്കുന്നതാണ്. അവളെ ഒരു മലയാളി പയ്യൻ ചതിച്ചതാണ്..ഞാൻ അവളെ കുറെ ഉപദേശിച്ചു. അവൾ ആ കുഞ്ഞിനെ വളർത്താൻ തീരുമാനിച്ചു..പ്രസവം കഴിഞ്ഞു കുട്ടിയെ കാണുമ്പോൾ അവന്റെ മനസ്സ് മാറുമെന്ന് പാവം കരുതി.പക്ഷെ അതിനിടയിൽ എന്ത് സംഭവിച്ചു എന്നറിയില്ല. ഒരാഴ്ച പ്രായമുള്ള കുട്ടിയെ എന്നെ ഏല്പിച്ചു അവൾ മുങ്ങി കളഞ്ഞു. ആദ്യം ഞാൻ വിഷമിച്ചു പോയെങ്കിലും പിന്നെ ഞാൻ അവളെ തിരക്കി നടന്നു. അവൾ ജോലി റിസൈന്‍ ചെയ്തു പോയിരുന്നു. ബാങ്കിൽ കൊടുത്ത് കള്ള വിലാസം ആയിരുന്നു. ഞാനാണെങ്കിലോ ഒരു അവിവാഹിത. ആദ്യത്തെ അങ്കലാപ്പ് മാറിയപ്പോൾ കുഞ്ഞിനെ വളർത്താൻ ഞാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ അവൾ എന്റെ മോളായി വളർന്നു. അവളുടെ കണ്ണുകൾ മാത്രമേ അമ്മയുടെ പോലെ ഉണ്ടായിരുന്നുള്ളു. ഞാൻ അവളെ എന്നെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ ഒരു നോർത്ത് ഇന്ത്യൻ അച്ഛന്റെ കഥ പറഞ്ഞു പഠിപ്പിച്ചു. സത്യം പറയാൻ പേടിയാണ്, ഒരു പക്ഷെ അവളെന്നെ വെറുത്താലോയെന്നു ഭയമാണ്. അവൾക്കു മൂന്നാലു വയസു പ്രായമായപ്പോളാണ് ഞാൻ നാട്ടിൽ മടങ്ങിയെത്തിയത്. ആദ്യത്തെ ദേഷ്യമൊക്കെ മറന്നു അച്ഛൻ എന്നെയും മകളെയും സ്വീകരിച്ചു.”
അവിശ്വസനീയ കഥ കേട്ടപോലെ ജോൺ അവളെ നോക്കിയിരുന്നു.
“അപ്പോൾ നിന്റെ കല്യാണം?,ഭർത്താവു.”
“ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കാനായി ഞാൻ മുംബയിൽ തന്നെ ജീവിച്ചത്. അവസാനത്തെ അഞ്ചു വർഷം മാത്രമാണ് ഞാൻ കേരളത്തിൽ ജോലി ചെയ്തത്. അപ്പോൾ ആരൊക്കെയോ എനിക്കൊരു വിധവയുടെ വേഷം ചാർത്തി തന്നിരുന്നു.”
“താൻ എന്താ കല്യാണം കഴിക്കാതിരുന്നത്? ആരുഷി കാരണമാണെന്ന് പറയരുത്. ഞാൻ വിശ്വസിക്കില്ല.”
“ആരുഷി രണ്ടാമത്തെ കാരണം മാത്രം. ആദ്യ കാരണം നിനക്കറിയില്ലെന്നു നടിക്കരുത് ജോൺ.”
ജോൺ നെടുവീർപ്പിട്ടു കൊണ്ട് വണ്ടി മുന്നോട്ടെടുത്തു. അവളുടെ ജീവിതം താൻ കാരണം ഇങ്ങനെയായി എന്നോർത്തപ്പോൾ ദുഖം തോന്നി. യാത്രയുടെ സന്തോഷം തീർന്നു എന്നാണ് കരുതിയെങ്കിലും ചന്ദ്രിക വളരെ ഹാപ്പിയായിരുന്നു. നെല്ലിയാമ്പതിയിലെ യാത്ര അവർക്കിരുവർക്കും ഒരു പുനർജീവനം നൽകി. രാത്രിയിൽ തങ്ങാൻ മുറികൾ തെരഞ്ഞെടുക്കാനും അവൾക്കു സ്വാതന്ത്രം നൽകി.
“മുറികളെന്തിനാ , ഒരു മുറി പോരേ, തനിക്കെന്നെ പേടിയാണോ. താനൊരു ടിപ്പിക്കൽ സദാചാര വാദി മല്ലുവാണോ. അതോ നിനക്ക് നിന്നെ തന്നെ വിശ്വാസമില്ലേ. ഞാൻ കുറെ നാൾ മുംബയിൽ അല്ലാരുന്നോ. ഇത്തരം ജാഡകൾ ഒന്നും എനിക്കില്ല. നമുക്ക് ഷെയർ ചെയ്യാം മുറി. ഫിഫ്റ്റി ഫിഫ്റ്റി .”
“അയ്യോ നീ തെറ്റിദ്ധരിച്ചു, എനിക്ക് രാത്രിയിൽ ഉറങ്ങണേൽ രണ്ടു അടിക്കണം. അത് കൊണ്ടാണ്.”
പുറകുവശത്തെ സീറ്റിലിരിക്കുന്ന ബാഗ് കാണിച്ചു തന്നു.
“ഇന്ന് നീ അടിയ്ക്കണ്ട, എനിക്ക് വേണ്ടി അത്രയെങ്കിലും ചെയ്യൂ.”
രണ്ട് ദിവസം അവിടെ തങ്ങി പഴയ സ്ഥലങ്ങളൊക്ക പോയി കണ്ടു. വ്യൂ പോയൻ്റിൽ പോയി മടങ്ങുമ്പോൾ ജോൺ അവളുടെ കയ്യിൽ പിടിച്ചു ചോദിച്ചു.
“ഈ സ്ഥലം തനിയ്ക്കോർമയുണ്ടോ? ഇവിടെ വച്ചാണ് താനെന്നോട് ഒന്നിച്ചുള്ള യാത്ര ആവശ്യപ്പെട്ടത്.”
ഓർമ്മയുണ്ടെന്ന് അവൾ തലകുലുക്കി. മടക്കയാത്രയിൽ ഇനിയൊരു യാത്രകൂടി ഉടനെ വേണം എന്നയാൾ പറഞ്ഞു. അവളയാളെ അതിശയത്തോടെ നോക്കി.
“ഒരു തെങ്കാശി യാത്ര, അതോർമ്മയില്ലേ, തമിഴ്നാടിൻ്റെ ഭംഗിയിൽ , റയിൽപാളത്തിലൂടെ ചാറ്റ മഴയത്ത് നടക്കണമെന്ന് അന്നെന്നോട് പറഞ്ഞത്.”
“”അന്ന് നീ വന്നില്ലല്ലോ, ഞാൻ നിർബദ്ധിച്ചിട്ട്.”
“അന്ന് നീ ശർദിച്ച് തളർന്നതല്ലേ, അതാ വരാഞ്ഞത് നടക്കാൻ. നീ പറഞ്ഞില്ലെങ്കിലും എനിയ്ക്കത് മനസ്സിലായിരുന്നു.”
രണ്ട് ദിവസമായി യൗവനം തിരിച്ചു കിട്ടിയ അവസ്ഥയിലാണ് അവർ മടങ്ങിയത്.
ഗേറ്റിനു മുൻപിൽ കാറു നിർത്തി,അവൾ യാത്ര പറഞ്ഞു മടങ്ങുമ്പോൾ അവൾ തിരികെ വരുമെന്ന് അയാൾ കൊതിച്ചു. അയാളിനിയെങ്കിലും തന്നെ കൂടെ വിളിക്കുമെന്ന് അവളും കരുതി.
ഇനിയും നിന്നെ തനിച്ചാക്കാൻ വയ്യ എന്ന ജോണിൻ്റെ മെസ്സേജ് വന്നപ്പോഴാണ് അവൾ ആരുഷിയോട് തൻ്റെ ആഗ്രഹം പറഞ്ഞത്. അവളുടെ സമ്മതം മറുപടിയായി വന്നപ്പോൾ അടുത്ത യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു.
~നിശീഥിനി