അഗ്നിസാക്ഷിയാക്കി താലി കെട്ടിയ ജാനകിയെ തന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്ന കാര്യം പോലും മറന്നാണ്…

Story written by Sajitha Thottanchery

=================

ഹോസ്പിറ്റലിൽ പുതിയതായി ചാർജ് എടുത്ത ഡോക്ടർ റൗണ്ട്സിനിടയിൽ തന്നെ വല്ലാതെ ശ്രദ്ധിക്കുന്നതായി ജയപാലന് തോന്നി.

“എന്താടോ തന്റെ കാര്യങ്ങൾ ഒക്കെ പുതിയ ഡോക്ടർ നേഴ്സിനോട് ചോദിക്കുന്ന കേട്ടല്ലോ .തനിക്ക് നേരത്തെ പരിചയമുള്ള ആളാണോ ആ പുതിയ ഡോക്ടർ?”ക്യാന്റീനിൽ നിന്ന് ചായ വാങ്ങി വന്ന രാമകൃഷ്ണൻ ചോദിച്ചു.

“ഞാനും അതാ ഓർക്കുന്നെ .എന്നെ വല്ലാതെ ശ്രദ്ധിക്കുന്ന പോലെ എനിക്കും തോന്നി.മുന്നേ കണ്ടിട്ടുള്ള ഓര്മ എനിക്കില്ല.എന്നാലും ആ മുഖം……..”അത്രയും പറഞ്ഞു ജയപാലൻ നിറുത്തി.

“നല്ല കൈപുണ്യമുള്ള ഡോക്ടർ ആണെന്ന എല്ലാരും പറയുന്നേ .പാവങ്ങളോടൊക്കെ ഭയങ്കര അലിവാത്രെ.സിദ്ധാർഥ് എന്നാണ് ഡോക്ടറുടെ പേര്.ക്യാന്റീനിൽ പറയുന്ന കേട്ടതാ.”അത്രയും പറഞ്ഞു ഉച്ചത്തേയ്ക്കുള്ള ഭക്ഷണം കൊണ്ടുവരാമെന്നു പറഞ്ഞു രാമകൃഷ്ണൻ വീട്ടിലേക്ക് പോയി.

ആകെക്കൂടി ഒരു സഹായത്തിനു ഉള്ളത് ഇപ്പൊ രാമകൃഷ്ണൻ മാത്രമാണെന്ന് ജയപാലൻ ഓർത്തു.ആയകാലത്തു ചെയ്തുകൂട്ടിയതിന്റെ ഒക്കെ ഫലം ആണെന്ന് മനസ്സിൽ പറഞ്ഞു.

അഗ്നിസാക്ഷിയാക്കി താലി കെട്ടിയ ജാനകിയെ തന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്ന കാര്യം പോലും മറന്നാണ് മറ്റൊരാളുടെ ഭാര്യയുടെ സ്നേഹം കൊതിച്ചു താൻ ഉപേക്ഷിച്ചത് .തന്റെ ജോലിയും പൈസയും കണ്ടാണ് അവൾ അടുത്തതെന്ന് മനസ്സിലാക്കുമ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിരുന്നു.പുതിയ ഭാര്യയുടെ ആഡംബരങ്ങൾക്കായി കൈക്കൂലി വാങ്ങാൻ തുടങ്ങിയപ്പോൾ അത് തന്റെ ജോലിയും ജീവിതവും എന്നെന്നേക്കുമായി നഷ്ടപ്പെടാനുള്ള വഴിയാണെന്ന് അറിഞ്ഞില്ല . ശിക്ഷ കഴിഞ്ഞു പുറത്തു വന്ന തന്നെ അവളും അവളുടെ ആദ്യ വിവാഹത്തിലെ മക്കളും സ്വീകരിക്കാൻ തയ്യാറായില്ല.സ്വന്തം സമ്പാദ്യം മുഴുവൻ അവൾ അതിനുള്ളിൽ അവളുടേതാക്കി മാറ്റിയിരുന്നു. പലയിടത്തായി അലഞ്ഞു. പല ജോലികൾ ചെയ്തു.അവിടെയും ഒരു ശിക്ഷ കഴിഞ്ഞു പുറത്തു വന്നവനോടുള്ള അകൽച്ച എല്ലാവര്ക്കും ഉണ്ടായിരുന്നു .നല്ല പ്രായത്തിൽ കൂടെ ഉണ്ടായ ആരും വയസ്സായപ്പോൾ തിരിഞ്ഞു നോക്കിയില്ല.ജാനകിയേയും കുഞ്ഞിനേയും തിരക്കി പോയി മാപ്പു പറയണം എന്നുണ്ടായിരുന്നെങ്കിലും മനസ്സിലെ കുറ്റബോധം അനുവദിച്ചില്ല.എന്തൊക്കെയോ പണികൾ ചെയ്തു അന്നന്നത്തേയ്ക്കുള്ള വക കണ്ടെത്തി ജീവിച്ചു കുറച്ചു കാലം.ഒടുവിൽ റോഡരികിൽ തളർന്നു വീണപ്പോൾ രാമകൃഷ്ണൻ ആണ് ആശുപത്രിയിൽ എത്തിച്ചത്. ഇനി ഇവിടുന്നു ഇറങ്ങിയാൽ എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയാത്ത അവസ്ഥയിലാണ്.

“എന്താ കരയാണോ?” നേഴ്സ് മരുന്ന് തരാനായി വന്നപ്പോൾ ചോദിച്ചു.

“ഏയ് ഓരോന്നു ഓർത്തപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി” മുഖത്തു ഒരു ചിരി തേച്ചു പിടിപ്പിച്ചു കൊണ്ട് മറുപടി പറഞ്ഞു.

“നാളെ ഡിസ്ചാർജ് ചെയ്യും ട്ടോ ,നല്ല ഭക്ഷണം കഴിക്കണം.ശരീരം നന്നായി ശ്രദ്ധിക്കണം.വേറെ ആരും ഇല്ലേ കൂടെ ” നേഴ്സ് ചോദിച്ചു.

“എല്ലാരും ഉണ്ട് .”ഒരു ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു കണ്ണടച്ച് കിടന്നു .

മനസ്സിൽ മുഴുവൻ നാളെ ഡിസ്ചാർജ് ആയതിനു ശേഷമുള്ള കാര്യങ്ങൾ ആയിരുന്നു.രാമകൃഷ്ണന്റെ വീട്ടിലേക്ക് പോകാമെന്നു അവൻ പറയുന്നുണ്ട് .അത് എങ്ങനെ ശെരിയാകും.പണ്ടത്തെ കളിക്കൂട്ടുകാരൻ ആണ് രാമകൃഷ്ണൻ.അവന്റെ മകനാണ് വീട്ടിലെ കാര്യങ്ങൾ ഒക്കെ നോക്കുന്നെ.ഇവിടെ അഡ്മിറ്റ് ആയ അന്ന് മുതൽ അവനാണ് കൂടെ .ഇനി അവന്റെ വീട്ടിൽ പോയി നില്ക്കാന്നു വച്ചാൽ അത് അവന്റെ മകനൊക്കെ ഒരു ബുദ്ധിമുട്ടാകില്ലേ.സ്വന്തം അച്ഛനേം അമ്മേം പോലും നോക്കാത്ത മക്കളുടെ കാലമാണ്.അങ്ങനെ ഓരോന്നു ഓർത്തു കിടന്നു .

പിറ്റേന്ന് ഡിസ്ചാർജ് ചെയ്തു.ഹോസ്പിറ്റൽ ബില്ലിന്റെ കാര്യം ചോദിച്ചപ്പോൾ അതൊന്നും നീ അന്വേഷിക്കേണ്ടെന്നു രാമകൃഷ്ണൻ പറഞ്ഞു.

“കൂട്ടിക്കൊണ്ട് ചെല്ലാൻ സർ അയച്ച വണ്ടിയാണ്.”ഒരു കാർ നിറുത്തി അതിന്റെ ഡ്രൈവർ രാമകൃഷ്ണനോട് പറഞ്ഞു.

“നീ ഇതിൽ കയറിക്കോ .”ഒരു പുഞ്ചിരിയോടെ രാമകൃഷ്ണൻ പറഞ്ഞു.

“ഇതിൽ എങ്ങോട്ടാ “പരിഭ്രമത്തോടെ ജയപാലൻ ചോദിച്ചു.

“നീ കയറ്,എന്തായാലും നിന്റെ നല്ലതിനാ.”അത്രയും പറഞ്ഞു രാമകൃഷ്ണൻ ജയപാലിനെ നിർബന്ധിച്ചു കാറിൽ കയറ്റി.

ജയപാലനെയും കയറ്റി ആ കാർ ചെന്ന് നിന്നത് വലിയൊരു വീടിന്റെ പോർച്ചിലായിരുന്നു.ഡ്രൈവർ ഡോർ തുറന്നു കൊടുത്ത ശേഷം അകത്തേക്ക് കയറി പൊയ്ക്കോളാൻ പറഞ്ഞു. ഒന്നും മനസ്സിലാവാതെ ഒന്ന് ശങ്കിച്ചു നിന്നതിനു ശേഷം അയാൾ മെല്ലെ ആ വീടിന്റെ പടികൾ കയറി.ഒരല്പം സംശയത്തോടെ വീടിനകത്തേക്ക് കയറി ചെന്ന ജയപാലിന്റെ കണ്ണുകൾ അവിടെ ഫ്രെയിം ചെയ്തു മാലയിട്ടു വച്ചിരിക്കുന്ന ഒരു ഫോട്ടോയിൽ ഉടക്കി.

“എന്താ….വല്ല പരിചയവും തോന്നുന്നുണ്ടോ?” പുറകിൽ നിന്നും ശബ്ദമുയർന്നു.

തിരിഞ്ഞു നോക്കിയപ്പോൾ ഹോസ്പിറ്റലിൽ കണ്ട പുതിയ ഡോക്ടർ സർ ആണ്.ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയോടെ അയാൾ ജയപാലിനോട് ഇരിക്കാൻ ആഗ്യം കാണിച്ചു.മടിച്ചു മടിച്ചു ജയപാൽ ഇരുന്നു.മനസ്സിൽ സംശയങ്ങളുടെ ഒരു കടലിരമ്പുന്നുണ്ടായിരുന്നു.

“ആ ഫോട്ടോയിൽ കാണുന്ന ആളെ എവിടെയെങ്കിലും കണ്ടു പരിചയം തോന്നിയോ ?”ചോദ്യം പിന്നെയും ഉയർന്നു .

“ജാനകി അല്ലെ അത്”.പതിഞ്ഞ ശബ്ദത്തിൽ ജയപാൽ പറഞ്ഞു.

“പേര് മറന്നിട്ടില്ല അല്ലെ.ഭാഗ്യം…….ഇനി എന്നെ മനസ്സിലായോ.”വാക്കുകളിൽ പരിഹാസം ഉണ്ടായിരുന്നു.

മറുപടിക്കായി ജയപാൽ പരതി.

“ആ ജാനകിയുടെ മകനാണ് ഞാൻ .ഇപ്പൊ കാര്യങ്ങൾ ഏകദേശം പിടികിട്ടി കാണുമല്ലേ?”തലയും താഴ്ത്തി ഇരിക്കുന്ന ജയപാലിനെ നോക്കി ഡോക്ടർ സിദ്ധാർഥ് പറഞ്ഞു.

“മോനേ ….”ജയപാലിന്റെ കണ്ഠമിടറി.

“നിങ്ങളെ എന്നെങ്കിലും കണ്ടാൽ ഉപദ്രവിക്കാവുന്നതിന്റെ പരമാവധി ഉപദ്രവിക്കണമെന്നു ഓർത്തു ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. അമ്മയുടെ കണ്ണുനീര് തോരാത്ത രാത്രികളും,അസുഖം വന്നു അമ്മ മരിച്ചപ്പോൾ ഒറ്റപ്പെട്ടു പോയ ദിനങ്ങളും,അനാഥാലയത്തിലെ കഷ്ടപ്പാടിന്റെ ദിനങ്ങളും. ഒരു പക്ഷെ നിങ്ങളോടുള്ള ആ ദേഷ്യവും വാശിയുമൊക്കെ തന്നെ ആകാം ജീവിതത്തിൽ എന്തെങ്കിലും നേടാൻ എന്നെ പ്രേരിപ്പിച്ചതും .പോകുന്ന സ്ഥലങ്ങളിൽ എല്ലാം ഞാൻ തിരയുന്നത് നിങ്ങളുടെ സാമ്യമുള്ള മുഖം ആയിരുന്നു . ആശുപത്രിയിൽ കണ്ടെത്തിയപ്പോഴും സംശയമായിരുന്നു .കൂടെ ഉണ്ടായിരുന്ന ആളോട് അന്വേഷിച്ചപ്പോൾ മനസ്സിലായി ഞാൻ തിരഞ്ഞു നടന്ന ആൾ ഇത് തന്നെ ആണെന്ന്.കിട്ടാവുന്നതിന്റെ പരമാവധി ശിക്ഷയും കിട്ടിക്കഴിഞ്ഞു എന്നും.”

“ഇല്ലാ മോനെ ;എത്ര അനുഭവിച്ചാലും നിന്നോടും നിന്റെ അമ്മയോടും ചെയ്തതിനു പകരമാവില്ല. നിനക്ക് എന്നെ എന്ത് വേണമെങ്കിലും ചെയ്യാം.” മകന്റെ മുഖത്തു നോക്കാനാവാതെ ജയപാൽ പറഞ്ഞു.

“എന്റെ മുന്നിൽ നിങ്ങൾ ഇങ്ങനെ നിൽക്കുന്നതിനേക്കാൾ വലിയ മറ്റെന്ത് കിട്ടാനാ ഇനി “

“അച്ഛനെയാണോ നിങ്ങൾ എന്ന് വിളിക്കുന്നെ “സിദ്ധാർത്ഥിന്റെ ഭാര്യ അഞ്ജന സിദ്ധാർഥ് ഈ വാക്കുകൾ കേട്ട് അങ്ങോട്ട് വന്നു.

“ആ വിളി ഇനി ശീലമായി വന്നിട്ട് വേണം അഞ്ജന “സിദ്ധാർഥ് അഞ്ജനയോടായി പറഞ്ഞു.

“അച്ഛൻ വരൂ .മുകളിൽ അച്ഛന് മുറി ഒരുക്കിയിട്ടുണ്ട്,ബാക്കി എല്ലാം നമുക്ക് കുളിച്ചു എന്തെങ്കിലും കഴിച്ചതിനു ശേഷം സംസാരിക്കാം” സിദ്ധാർത്ഥിന്റെ മറുപടി ശ്രദ്ധിക്കാതെ അഞ്ജന ജയപാലിനെ നിർബന്ധിച്ചു വിളിച്ചു കൊണ്ട് പോയി.

ഒരല്പം മടിയോടെ ജയപാൽ അഞ്ജനയുടെ കൂടെ അകത്തേക്ക് കയറിപ്പോയി.സിദ്ധാർഥ് എഴുന്നേറ്റ് അമ്മയുടെ ഫോട്ടോയ്ക്ക് മുന്നിൽ ചെന്ന് നിന്നു.

“മോനെ;പ്രതികാരമൊന്നും വേണ്ടെടാ….”അമ്മ തന്നോട് പറയുന്നതായി സിദ്ധാർത്ഥിന് തോന്നി .

“ഇല്ലമ്മേ….അച്ഛൻ ഇനി എന്റെ കൂടെ ഇവിടെ ഉണ്ടാകും.ഒരിക്കലും തനിച്ചാക്കില്ല .കാരണം തനിച്ചാവുന്നതിന്റെ വേദന അനുഭവിച്ചർക്കെ അറിയൂ.”സിദ്ധാർഥ് അമ്മയോടായി മനസ്സിൽ പറഞ്ഞു ……

~സജിത