അത് കണ്ടപ്പോൾ അവളാണോ, അതോ താനാണോ പുതുപ്പെണ്ണ് എന്ന് മുംതാസിന് സംശയമുണ്ടായി…

കല്യാണ പിറ്റേന്ന്….

Story written by Saji Thaiparambu

=================

വാതിലിൽ ആരോ മുട്ടുന്നത് കേട്ടാണ് മുംതാസ് വന്ന് കതക് തുറന്നത്.

മുന്നിൽ ഇത്താത്ത മാജിത മുഖം നിറയെ ചിരിയുമായി നില്ക്കുന്നു.

“എന്താടീ മനുഷേന ഒറക്കത്തില്ലേ?

ഒറക്കച്ചടവ് മാറാത്ത കണ്ണുകൾ തിരുമ്മി കൊണ്ട് മുംതാസ് ഈർഷ്യയോടെ ചോദിച്ചു.

“ടീ നിന്നെ ഉമ്മ വിളിക്കുന്നു.”

അതും പറഞ്ഞിട്ട് നാണം കൊണ്ട് ചുവന്ന മുഖവുമായി മാജിത അടുക്കളയിലേക്കോടി പോയി.

അത് കണ്ടപ്പോൾ അവളാണോ, അതോ താനാണോ പുതുപ്പെണ്ണ് എന്ന് മുംതാസിന് സംശയമുണ്ടായി.

അടുക്കളയിലേക്ക് ചെല്ലുമ്പോൾ നേരത്തെ, ഇത്താത്തയുടെ മുഖത്തുണ്ടായിരുന്ന അതേ ചിരി അവിടെ നിന്നവരുടെ മുഖത്തും നിറഞ്ഞ് നില്പുണ്ടായിരുന്നു.

“ഓഹ് ഒരൊറ്റ രാത്രി കൊണ്ട് കൊച്ചങ്ങ് വാടിയ വാഴത്തണ്ട് പോലായി അല്ലേ മാജീ..?

അത് മൂത്ത നാത്തൂന്റെ വക കമെൻറായിരുന്നു.

“ഉം ഉം എങ്ങനുണ്ടായിരുന്നെടീ ഇന്നലെ, അടിച്ച് പൊളിച്ചോ?

ഇത്താത്തയ്ക്ക് തലേ രാത്രിയിലെ കാര്യങ്ങൾ അറിയാൻ തിടുക്കമായി

മാജിത, മുംതാസിനെക്കാൾ രണ്ട് വയസ്സിന് മൂത്തതാണെങ്കിലും കൂട്ടുകാരെ പോലെയായിരുന്നു ഇരുവരും.

“നിന്റെ കല്യാണം രണ്ട് കൊല്ലം മുൻപ് കഴിഞ്ഞതല്ലേ? അന്നത്തെ പോലെ തന്നെ ഇപ്പോഴും. പുതിയ വേർഷൻ ഒന്നും വന്നിട്ടില്ല.”

അരിശം മൂത്ത മുംതാസ് പരിഹാസരൂപേണ പറഞ്ഞു.

“ഹി ഹി ഹി വടി കൊടുത്ത് അടി മേടിച്ചു “

എല്ലാം കേട്ട് നിന്ന ഉമ്മ മൈമൂന പ്രതികരിച്ചു.

“ദേ മുംതാസേ..നീയീ പാലും മുട്ട പുഴുങ്ങിയതും കൊണ്ട് പുതിയാപ്ളയ്ക്ക് കൊടുക്ക് “

ഇത്താത്തയോടും നാത്തൂനോടും പോരിനൊരുങ്ങി നിന്ന മുംതാസിന് നേരെ മൈമൂന, പാലും മുട്ടയും വച്ച് നീട്ടി.

“ഉം.. കൊണ്ട് കൊടുക്ക് നഷ്ടപ്പെട്ട, പ്രോട്ടീനും വിറ്റാമിനുമൊക്കെ ഇങ്ങ് തിരിച്ച് വരട്ടെ “

ചിക്കൻ കറിയുടെ ഉപ്പ് നോക്കിക്കൊണ്ടിരുന്ന, നാത്തൂന്റെ വക കമന്റ്

പാലും മുട്ടയുമായി മണിയറയിലേക്ക് കയറി ചെല്ലുമ്പോൾ പുതിയാപ്ള കാലിന്റെ ഇടയിൽ കൈകൾ തിരുകി കൂർക്കം വലിച്ചുറങ്ങുകയാണ്.

ശബ്ദമുണ്ടാക്കാതെ അവൾ പാത്രം മേശപ്പുറത്ത് വച്ച് അടുത്ത് കിടന്ന കസേരയിലിരുന്നു.

ഒരു കൊച്ച് കുട്ടിയെ പോലെ കിടന്നുറങ്ങുന്ന ഷഹീറിനെ നോക്കിയിരുന്നപ്പോൾ തലേ രാത്രിയിലെ സംഭവങ്ങൾ അവളുടെ മനസ്സിലേക്ക് ഓടി വന്നു.

സാധാരണ പോലെ തന്നെയായിരുന്നു ആദ്യരാത്രിയുടെ തുടക്കം

താൻ കൊണ്ട് കൊടുത്ത പാല് പകുതി കുടിച്ചിട്ട് ബാക്കി പകുതി തനിക്ക് തന്നു.

“ഷഹീറിന് ഞങ്ങളുടെ വീടും വീട്ടുകാരെയുമൊക്കെ ഇഷ്ടമായോ?

ഷഹീർ, ഒരു മുഖവുരയ്ക്കായി മൗനം ദീർഘിപ്പിച്ചപ്പോൾ താൻ തന്നെയാണ് ആദ്യം സംസാരിച്ച് തുടങ്ങിയത്.

“ഉം, പിന്നേ…എല്ലാരേം എനിക്കിഷ്ടായി. അന്ന് ഞാൻ നിന്നെ പെണ്ണ് കാണാൻ വന്നപ്പോഴെ എല്ലാവരുമായി പരിചയപ്പെട്ടിരുന്നല്ലോ? എല്ലാവരും നല്ല സഹകരണമുള്ളയാൾക്കാരാണെന്ന് മനസ്സിൽ കരുതുകയും ചെയ്തു”

“എങ്കിൽ പറ, ഈ വീട്ടിൽ ഏറ്റവും ഇഷ്ടപ്പെട്ടതാരെയാണെന്ന്.”

ഷഹീർ, തന്റെ പേര് മാത്രമേ പറയു എന്ന അമിത വിശ്വാസത്തിലാണ് താനങ്ങനെ ചോദിച്ചത്

“സത്യം പറയാമല്ലോ ,അന്ന് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയത്, തന്റെ ഇത്താത്തയോടായിരുന്നു.അത് വേറൊന്നുമല്ല. സൗന്ദര്യം തന്നെ പ്രധാനം, അന്ന് വരെ എന്റെ മനസ്സിലുണ്ടായിരുന്ന സൗന്ദര്യ സങ്കല്പങ്ങൾക്ക് യോജിച്ച പെണ്ണായിരുന്നു, മാജിത. കുറച്ച് ലേറ്റായി പോയല്ലോ എന്ന് വരെ ഒരു നിമിഷം ഞാൻ ചിന്തിച്ചു. “

തന്നെ ഒന്ന് ചൊടിപ്പിക്കാനായിരുന്നു ഷഹീർ അങ്ങനെ പറഞ്ഞത് എന്ന് അപ്പോൾ മനസ്സിലായില്ലായിരുന്നു.

ഓർക്കാപ്പുറത്ത് വെള്ളിടി വെട്ടിയത് പോലെയായിരുന്നു, അപ്പോഴത്തെ തന്റെ അവസ്ഥ.

“ഉം, ഇനി മുംതാസ് പറയു, എന്റെ വീട്ടുകാരൊക്കെ അന്ന് നിന്നെ കാണാൻ വന്നിരുന്നല്ലോ എന്റെ ഉമ്മയെ കണ്ടപ്പോൾ എന്ത് തോന്നി ,വെറും പാവമല്ലേ അവർ “

തന്റെ മുഖത്ത് നോക്കി തന്നെക്കാൾ ഇഷ്ടം തന്റെ ചേട്ടത്തിയെ ആയിരുന്നു എന്ന് പറഞ്ഞ ഷഹീറിനോട് കടുത്ത വൈരാഗ്യമായിരുന്നു അപ്പോൾ തനിക്ക് തോന്നിയത്

“എനിക്കും നിങ്ങടെ അനുജനെയായിരുന്നു ഏറെ ഇഷ്ടപ്പെട്ടത്. എന്ത് ചെയ്യാനാ, വിധിച്ചതല്ലേ നടക്കൂ, ഇനി അനുഭവിക്കുക തന്നെ “

താനത് പറയുമ്പോൾ തന്റെ മനസ്സിലുള്ള സകല വിദ്വേഷവും മുഖത്ത് പ്രതിഫലിപ്പിച്ചിരുന്നു.

“ഓഹോ അപ്പോൾ നീ മറ്റൊരുത്തനെ മനസ്സിൽ വച്ചോണ്ടാണല്ലേ, എനിക്ക് കഴുത്ത് നീട്ടി തന്നത് “

ഷഹീർ പൊട്ടി വന്ന ചിരി താനറിയാതെ ഒളിപ്പിച്ചിരുന്നു.

“എന്റെ മനസ്സിൽ അങ്ങനെ ഒരുത്തനെയും കുടിയിരുത്തിയിട്ടില്ല. എന്റെ മാതാപിതാക്കൾ എന്നെ അങ്ങനെയല്ല വളർത്തിയത്. അവർ എനിക്ക് ചേർന്ന ഒരു ചെക്കനെ കണ്ടെത്തിയപ്പോൾ, ഞാൻ സമ്മതിച്ചു. എനിക്ക് ദോഷം വരുന്നത് ഒന്നും അവർ ചെയ്യില്ലെന്ന് എനിക്കുറപ്പുണ്ട്. മാത്രമല്ല ,എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തേയും പുരുഷൻ ,എന്നെ നിക്കാഹ് ചെയ്യുന്നയാൾ മാത്രമായിരിക്കുമെന്ന്, ഞാൻ നിയ്യത്ത് ചെയ്ത കാര്യമാ”

അരിശത്തോടെ പറഞ്ഞ ,അവളുടെ ആ വാക്കുകൾ ദൃഡനിശ്ചയത്തിന്റെ താണെന്ന് അവന് മനസ്സിലായിരുന്നു .

“ഹ ഹ ഹ ,മതി, എനിക്ക് ഇത്, കേട്ടാൽ മതിയായിരുന്നു. ഇത് പുതിയൊരു വെർഷനാ, സാധാരണ ആദ്യരാത്രിയിൽ പരസ്പരം, എല്ലാവരും ചോദിക്കുന്നൊരു ചോദ്യമുണ്ട്. കല്യാണത്തിന് മുൻപ് നീയാരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ? എന്ന് ,അതിന് പലരും തന്റെ ഭാഗം സുരക്ഷിതമാക്കിയിട്ട്, പാതി മാത്രമേ പറയാറുള്ളു. പിന്നീടെന്നെങ്കിലും ,സത്യാവസ്ഥ മനസ്സിലാക്കുമ്പോഴായിരിക്കും ദാമ്പത്യം തകരാൻ തുടങ്ങുന്നത് “.

അവൻ പറഞ്ഞത് കേട്ട് അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി .

“അപ്പോൾ എന്റെ മനസ്സറിയാൻ ചോദിച്ചതാണല്ലേ? എന്നാൽ കേട്ടോ, ഈ ലോകത്ത് പ്രണയിക്കാത്തവരായിട്ട് ആരുമില്ല .ഞാനും പ്രണയിച്ചിട്ടുണ്ട്, സ്കൂളിലും, കോളേജിലുമൊക്കെ വച്ച് ,പക്ഷേ പിന്നീട്, പക്വത വന്നപ്പോൾ, അതൊക്കെ ആ പ്രായത്തിന്റെ ചാപല്യമാണെന്ന് മനസ്സിലായി. നിങ്ങളും പ്രണയിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങൾ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുമ്പോൾ ,ഞങ്ങളുടെ സ്കൂളിലേക്ക് എല്ലാ വെള്ളിയാഴ്ച ദിവസവും ഉച്ചയ്ക്ക് പ്ളസ് വണ്ണിന് പഠിക്കുന്ന റെസ്നി യെ കാണാൻ വരുന്നത് ഓർക്കുന്നുണ്ടോ ?

അത് കേട്ടപ്പോൾ ഷഹീറിന്റെ മുഖം വിളറി വെളുത്തു.

“ആ ,റെസ്നി എന്റെ കൂട്ടുകാരിയായിരുന്നു. ഇതൊക്കെ അറിയാമായിരുന്നിട്ടും നിങ്ങളുമായിട്ടുള്ള വിവാഹത്തിന് ഞാൻ സമ്മതിച്ചത് എന്തിനാണെന്നറിയാമോ, അത് നിങ്ങളുടെ പ്രായത്തിന്റെ വെറും ചപലത മാത്രമാണെന്ന് എനിക്ക് അനുഭവമുള്ളത് കൊണ്ട്. പരസ്പരമുള്ള പരിമിതികൾ മറന്ന് ,വിട്ട് വീഴ്ചയോടെ ജീവിക്കാൻ ഞാൻ തയ്യാറാണ് ,അതിന് നിങ്ങൾ തയ്യാറാണെങ്കിൽ ഞാനീ ലൈറ്റ് ഓഫ് ചെയ്യാം “

അത് പറയുമ്പോൾ ,നാണം കൊണ്ട് മുംതാസിന്റെ കവിളിൽ നുണക്കുഴി വിരിയുന്നത് ഷഹീർ കണ്ടു.

ഇവൾ വെറുമൊരു പെണ്ണല്ല. കാലം മാറിയിരിക്കുന്നു. കടുത്ത നിലപാടുകളും ,ഉറച്ച തീരുമാനങ്ങളുമുള്ള, ഇവളാണ് യഥാർത്ഥ പെണ്ണ് .ഇവൾ തന്നെയാണ് തന്റെ സങ്കല്പത്തിലെയും ഭാര്യ, എന്ന് അവൻ മനസ്സിൽ പറഞ്ഞു.

പിന്നെ ഒട്ടും താമസിച്ചില്ല.

അവരുടെ സ്വകാര്യതയ്ക്ക് തടസ്സമായി നില്ക്കുന്ന ട്യൂബ് ലൈറ്റിന്റെ സ്വിച്ച് ഷഹീർ ഓഫ് ചെയ്തു.

പിന്നീടുണ്ടായ കാര്യങ്ങളോർത്ത് മുംതാസ് അവിടിരുന്ന്പൊട്ടിച്ചിരിച്ച് പോയി.

~സജിമോൻ തൈപറമ്പ്