അവനും ഇതേ ചിന്തകളിൽ തന്നെ ആയിരുന്നെന്നു അറിഞ്ഞത് തന്റെ വിവാഹത്തിന്റെ തലേന്ന് ആയിരുന്നു

Story written by Sajitha Thottanchery

==============

“കാവ്യാ…ഈ ഞാറാഴ്ച അല്ലെ ഇർഫാന്റെ കല്യാണം?”

ടീവി കാണുന്നതിനിടയിൽ ജിഷ്ണു അത് വിളിച്ചു ചോദിച്ചപ്പോൾ കാവ്യ മറുപടി ഒന്നും പറഞ്ഞില്ല.

ജിഷ്ണു വീണ്ടും അടുക്കളയിലേക്ക് വന്നു ഇതേ ചോദ്യം ആവർത്തിച്ചപ്പോൾ അതെ എന്ന് ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ മറുപടി പറഞ്ഞു ഒഴിഞ്ഞു കളഞ്ഞു അവൾ.

“നമുക്ക് പോവണ്ടേ?” ജിഷ്ണു ചോദിച്ചു

“വേണോ..ജിഷ്ണു? നമുക്ക് പോണോ?” ഒരിത്തിരി സംശയത്തോടെ കാവ്യ തിരിച്ചു ചോദിച്ചു.

“പോവാടോ, തന്റെ ക്ലാസ്സ്മേറ്റ് അല്ലെ. ഇപ്പൊ നമ്മുടെ ഫാമിലി ഫ്രണ്ട് കൂടി അല്ലെ അവൻ, നമുക്ക് പോവാം.”

അതും പറഞ്ഞു ജിഷ്ണു പോയപ്പോൾ ഒന്നും മിണ്ടാനില്ലാതെ നിന്ന് പോയി കാവ്യ .

ഇർഫാൻ…കോളേജിലെ എല്ലാവരുടെയും ആരാധനാപാത്രം ആയിരുന്നു അവൻ. പ്രായത്തിന്റെ പക്വതകൾ ഇല്ലാത്ത ഏതോ നിമിഷത്തിൽ അവനോട് തോന്നിയ ആരാധന പ്രണയമായി മൊട്ടിട്ടതും അവനില്ലാതെ ഒരു ജീവിതമില്ലെന്നും ചിന്തിച്ചു കൂട്ടിയ ദിനങ്ങൾ. തുറന്നു പറഞ്ഞാൽ അവന്റെ ഫ്രണ്ട്ഷിപ് പോലും നഷ്ടപ്പെട്ടാലോ എന്ന് പേടിച്ചു എല്ലാം ഉള്ളിൽ ഒതുക്കി. അവനും ഇതേ ചിന്തകളിൽ തന്നെ ആയിരുന്നെന്നു അറിഞ്ഞത് തന്റെ വിവാഹത്തിന്റെ തലേന്ന് ആയിരുന്നു. അവന്റെ അനിയത്തികുട്ടിയുടെ വായിൽ നിന്ന്  കല്യാണത്തിന്റെ തലേന്ന് അത് അറിയാതെ വീണു പോയപ്പോൾ ഒന്ന് കരയാൻ പോലുമാവാതെ ഇരുന്നു പോയത് അവളോർത്തു.

കല്യാണം കഴിഞ്ഞ അടുത്ത നാളുകളിൽ ടൗണിൽ ചുറ്റിയടിക്കുന്നതിനിടയിൽ ഇർഫാനെ കണ്ടപ്പോൾ സംസാരിച്ചതും ജിഷ്ണുവിനെ പരിചയപ്പെടുത്തിയതും ഒരുമിച്ച് ഇർഫാന്റെ വീട്ടിലേക്ക് പോയതും ആകസ്മികമായിരുന്നു

“നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നല്ലേ?” തിരിച്ചു വന്നു ഡ്രസ്സ് മാറുന്നതിനിടയിൽ പെട്ടെന്നുള്ള ജിഷ്ണുവിന്റെ ചോദ്യം കേട്ട കാവ്യ ഒന്ന് വിളറി.

“ജിഷ്ണു എന്താ അങ്ങനെ ചോദിച്ചേ?” ചെറിയ പരിഭ്രമത്തോടെ കാവ്യ ചോദിച്ചു.

“ഒന്നുല്യാടോ, നിങ്ങളുടെ പെരുമാറ്റത്തിൽ അങ്ങനെ തോന്നി. താൻ പേടിക്കൊന്നും വേണ്ട. ഒരു പ്രണയമൊക്കെ ഉണ്ടാകാത്ത ആരാടോ  ഉള്ളെ…കൗമാരത്തിൽ അങ്ങനെ ആരോടും തോന്നാത്തവരെ ആണ് ശ്രദ്ധിക്കേണ്ടത്. അത് വിചാരിച്ചു എന്റെ പെണ്ണിനെ സംശയത്തിന്റെ മുൾമുനയിൽ നിറുത്തുന്ന ഒരു കോന്തൻ ഭർത്താവൊന്നും അല്ലാട്ടോ ഞാൻ” തമാശയായി ജിഷ്ണു അത് പറഞ്ഞപ്പോൾ അറിയാതെ കാവ്യയുടെ കണ്ണുകൾ നിറഞ്ഞു.

സ്നേഹത്തോടെ നെഞ്ചോട്  നിറുത്തി അവൻ ആശ്വസിപ്പിച്ചപ്പോൾ എല്ലാം തുറന്നു പറഞ്ഞു

“സാരല്യാന്നേ, അത് ഒരു നഷ്ടമായി തനിക്ക് ഇപ്പോഴും തോന്നുന്നുണ്ടോ ” എന്ന് കണ്ണിൽ നോക്കി ചോദിച്ചപ്പോൾ മറുപടി ഉണ്ടായില്ല

പക്ഷെ ഈ ഒരു വര്ഷത്തിനിടയ്ക്ക് പഴയ പ്രണയത്തെ ഓർക്കാൻ പോലും ഒരു സമയം ജിഷ്ണു തനിക്ക് തന്നില്ല. അത്രയേറെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുകയായിരുന്നു. ഇർഫാനെ ഒരു ഫാമിലി ഫ്രണ്ട് ആയി കൂടെ കൂട്ടിയതും അവനോട് സംസാരം താൻ കുറച്ചപ്പോൾ “എന്തിനാടോ മിണ്ടാതിരിക്കുന്നെ? അയാളോട് അകലം പാലിച്ചാൽ എന്റെ സംശയം കൊണ്ടാണെന്നല്ലേ കരുതു” എന്നൊക്കെ പറഞ്ഞു ഞങ്ങളിലെ ഫ്രണ്ട്ഷിപ് പിന്നേം വളർത്തിയതും ജിഷ്ണു തന്നെ ആയിരുന്നു. ഇപ്പോഴിതാ അവന്റെ കല്യാണത്തിന് പോകാനും തന്നെ നിർബന്ധിക്കുന്നത് ജിഷ്ണു തന്നെയാണ്.

അങ്ങനെ ഇർഫാന്റെ കല്യാണദിവസം വന്നെത്തി. കൊടുക്കാനുള്ള സമ്മാനം സെലക്ട് ചെയ്തതും ഒരുമിച്ച് പോയിട്ടായിരുന്നു. തന്റെ ഭാര്യ ആദ്യം പ്രണയിച്ച ആളാണെന്നറിഞ്ഞിട്ടും സ്വന്തം അനിയന്റെ കല്യാണത്തിന് ചെയ്യുന്ന പോലെ കാര്യങ്ങൾ ചെയ്യുന്ന ജിഷ്ണുവിനെ അത്ഭുതത്തോടെ മാത്രമേ കാവ്യയ്ക്ക് നോക്കാനായുള്ളു.

ഒരിക്കൽ നെഞ്ചോട് ചേർത്ത ഇഷ്ടം മറ്റൊരു പെണ്ണിന്റെ സ്വന്തമാക്കുന്നത് കണ്ടിട്ട് തനിക്ക് ഒട്ടും സങ്കടം തോന്നുന്നില്ലല്ലോ എന്ന് അവളോർത്തു. സ്റ്റേജിൽ കയറി അവരെ വിഷ് ചെയ്ത് പ്രേമത്തിലെ മലരിനെപോലെ സൂപ്പർ ജോഡിയെന്നു പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ ജിഷ്ണുവിനെപോലെ ഒരു ഭർത്താവിനെ കിട്ടിയതിൽ അവൾ അഭിമാനിക്കുകയായിരുന്നു. ഭാര്യയുടെ കഴിഞ്ഞു പോയ ഇഷ്ടങ്ങളെ മാനിച്ചും, സുഖത്തിലും ദുഖത്തിലും ഞാനില്ലേ കൂടെ എന്ന് പറഞ്ഞും, സംശയത്തിന്റെ നിഴൽ വീഴാതെ നെഞ്ചോട് ചേർത്ത് പിടിച്ചും കൊണ്ടുപോകാൻ ഇത് പോലൊരു ഭർത്താവുണ്ടേൽ ഒരിക്കലും ഒരു പെണ്ണും വഴി തെറ്റി പോകില്ലെന്ന് അവളോർത്തു. എന്നിട്ടും പോകുന്ന പെണ്ണുങ്ങൾ ഉണ്ടേൽ അവളെ ഒന്നും ഒരു പെണ്ണായി കൂട്ടാൻ പറ്റില്ലെന്ന് സ്വയം പറഞ്ഞു.

അഭിമാനത്തോടെ അതിലേറെ സ്നേഹത്തോടെ ജിഷ്ണുവിന്റെ കയ്യും പിടിച്ചു അവൾ നടന്നു നീങ്ങി……..

~സജിത