അമ്മ വിളിച്ചതിനു ശേഷം മാത്രമാണ് ഞാൻ അവരുടെ മുന്നിലേയ്ക്ക് ചെന്നത്. അവർ ഒരു പത്തുപേരുണ്ടായിരുന്നൂ

മനഃപൊരുത്തം…

Story written by Suja Anup

=============

“അമ്മ വിഷമിക്കേണ്ട, എല്ലാം ശരിയാകും”

മുന്നിൽ കണ്ണ് നിറഞ്ഞു നിൽക്കുന്ന അമ്മയോട് അത്ര മാത്രമേ എനിക്ക് പറയുവാൻ കഴിഞ്ഞുള്ളു..ആ പാവത്തിൻ്റെ ദുഃഖം അവർ കണ്ടില്ല….

മുപ്പതാമത്തെ ചെറുക്കനാണ് “വേണ്ട” എന്ന് പറഞ്ഞു തിരിച്ചു പോകുന്നത്.

ചൊവ്വാദോഷക്കാരി ആയതുകൊണ്ടു മാത്രം ആയിരുന്നില്ല വിവാഹം മുടങ്ങിയിരുന്നത്. അമ്മയ്ക്ക് വെള്ളപ്പാണ്ട് ഉണ്ടായിരുന്നൂ. അതുമൂലം ഒത്തിരി പേര് കല്യാണം കഴിക്കുവാൻ വിസമ്മതിച്ചൂ..

പ്രത്യേകം പറഞ്ഞു സമ്മതം ഉള്ളവർ മാത്രമേ പെണ്ണ് കാണുവാൻ വരുമായിരുന്നുള്ളൂ..

കൂടുതൽ വിഷമിച്ചു പോയത് ഈ അവസാനത്തെ ആലോചനയിൽ മാത്രമാണ്.

അമ്മ വിളിച്ചതിനു ശേഷം മാത്രമാണ് ഞാൻ അവരുടെ മുന്നിലേയ്ക്ക് ചെന്നത്. അവർ ഒരു പത്തുപേരുണ്ടായിരുന്നൂ. നാലു പെണ്ണുങ്ങളും അഞ്ചു ആണുങ്ങളും..

അമ്മയുടെ മൂന്ന് അനിയത്തിമാർ ആണത്രേ. പിന്നെ അവരുടെ ഭർത്താക്കൻമാർ, ചെറുക്കൻ്റെ അച്ഛൻ, ചെറുക്കൻ…

കണ്ടു കഴിഞ്ഞ ഉടനെ തന്നെ ഞാൻ മുറിയിലേയ്ക്കു തിരിച്ചു പോന്നൂ…

എൻ്റെ സമ്മതം പോലും ചോദിക്കാതെ പെട്ടെന്ന് അവർ നാലുപേരും തള്ളിക്കയറി എൻ്റെ മുറിയിലേയ്ക്കു വന്നൂ..സ്തബ്ധയായി നിന്ന എൻ്റെ തുണി അവർ അഴിച്ചൂ. എനിക്ക് ദേഹത്തു ഒരുപാടു പോലും ഇല്ല  എന്നവർ ഉറപ്പു വരുത്തി…

ഞാൻ ഒന്നും മിണ്ടിയില്ല. ഹൃദയം നുറുങ്ങി പോയ എൻ്റെ ശബ്ദം പുറത്തേയ്ക്കു വന്നില്ല..

അമ്മ വന്നു പറഞ്ഞു “അവർക്കു നിന്നെ ഇഷ്ടം ആയി”

എനിക്ക് പക്ഷേ അവരോടു ദേഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. പെരുമാറ്റത്തിൽ പോലും മര്യാദ പാലിക്കാത്തവരോടുള്ള ബന്ധുത്ത്വം ഒരിക്കലും ശരിയാകില്ല.

ഞാൻ പറഞ്ഞു…

“വേണ്ട അമ്മേ, അവർക്കൊരിക്കലും എൻ്റെയോ അമ്മയുടേയോ മനസ്സ് കാണുവാൻ കഴിയില്ല. എല്ലാം അറിഞ്ഞു ഒരിക്കൽ ആരെങ്കിലും വരും. നമുക്ക് അത് മതി…”

പിന്നീട് അങ്ങോട്ട് ഞാൻ ഒരിക്കലും വിധിയെ ഓർത്തു കരഞ്ഞിട്ടില്ല. എൻ്റെ ജോലിയുമായി സന്തോഷത്തോടെ മുന്നോട്ടു പോയി. എനിക്ക് വലുത് എന്നും എൻ്റെ അമ്മയായിരുന്നൂ..

ആയിടയ്ക്കാണ് കൂട്ടുകാരിയുടെ കല്യാണവീട്ടിൽ വെച്ച് അവളുടെ ഏട്ടൻ എന്നെ കാണുന്നത്, കൂടെ എൻ്റെ  അമ്മയുണ്ടായിരുന്നൂ…

കൂട്ടുകാരിക്ക് അങ്ങനെ ഒരു ഏട്ടൻ ഉള്ളത് പോലും എനിക്ക് അറിയില്ലായിരുന്നൂ. ഓഫീസിൽ ഒരുമിച്ചു ജോലി ചെയ്യുന്നൂ എന്നല്ലാതെ വലിയ അടുപ്പം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല…

പിറ്റേന്ന്  ആ ആലോചന എന്നെ തേടി വന്നൂ.

കൂട്ടുകാരിയുടെ എട്ടൻ്റെ…അതും ഒരു നിബന്ധനകൾ പോലും ഇല്ലാതെ ജാതകം പോലും നോക്കാതെ…

എനിക്ക് വിവാഹത്തിന് സമ്മതം അല്ലായിരുന്നൂ..

പക്ഷേ…ഏട്ടൻ ഓഫീസിൽ വന്നു എന്നെ കണ്ടു. കൈയ്യിലുള്ള ഏട്ടൻ്റെ അച്ഛൻ പെങ്ങളുടെ ഫോട്ടോ എന്നെ കാണിച്ചു തന്നിട്ട് പറഞ്ഞു..

“ഈ അസുഖം മൂലം അവർക്കു വിവാഹം നടന്നില്ല. അന്നൊക്കെ ആളുകൾ ഒത്തിരി യാഥാസ്ഥിതികർ അല്ലെ. സ്വന്തം പെങ്ങളെ ഓർത്തു വേദനിക്കുന്ന ഒരു അച്ഛൻ എനിക്കുണ്ട്. ആ ആന്റിയുടെ ദുഃഖം ഞാൻ കണ്ടതാണ്. അവരാണ് എന്നെ വളർത്തിയതും പഠിപ്പിച്ചതും ഞാൻ താമസിക്കുന്നതും അവരുടെ കൂടെ ആണ്. നിനക്ക് സമ്മതമാണെങ്കിൽ ഞാൻ നിന്നെ വിവാഹം കഴിക്കാം..”

ചൊവ്വാദോഷത്തിലൊന്നും ഏട്ടന് വിശ്വാസം ഉണ്ടായിരുന്നില്ല…

ഞാൻ വിവാഹത്തിന് സമ്മതം പറഞ്ഞു..

“എന്നെയും എൻ്റെ കുടുംബത്തെയും സ്നേഹിക്കുവാനും മനസ്സിലാക്കുവാനും അദ്ദേഹത്തിന് മാത്രമേ കഴിയൂ..അവിടെ എനിക്ക് ജാതകത്തിൻ്റെ പത്തിൽ പത്തു പൊരുത്തം വേണ്ട. മനഃപൊരുത്തം മതി”

~Suja Anup