മിസ്സിന്റെ സംശയേനെയുള്ള ചോദ്യങ്ങൾ കേട്ട് ലക്ഷ്മി ആകെ ടെൻഷൻ ആയി കൈ വിറക്കാൻ തുടങ്ങിയിരുന്നു….

എഴുത്ത്: വൈദേഹി വൈഗ

=============

“ദേവപ്രിയാ….66 ഔട്ട്‌ ഓഫ് 100, രാഹുൽ…. 47 ഔട്ട്‌ ഓഫ് 100….”

റീത്താ മിസ്സ്‌ മാത്‍സ് പേപ്പർ കൊടുക്കുകയായിരുന്നു, ഓരോ കുട്ടികൾക്കായി പേപ്പർ കൊടുത്ത് വേണ്ടാ നിർദ്ദേശവും നല്കുന്നുണ്ടായിരുന്നു.

“ഇനി ആർക്കെങ്കിലും പേപ്പർ കിട്ടാനുണ്ടോ…?” എല്ലാ പേപ്പറും കൊടുത്തു കഴിഞ്ഞ് മിസ്സ്‌ ചോദിച്ചു,

“മിസ്സ്‌…..” ലക്ഷ്മി സീറ്റിൽ നിന്ന് എഴുന്നേറ്റു നിന്നു,

“മിസ്സ്‌ എന്റെ പേപ്പർ കിട്ടീട്ടില്ല….”

“പരീക്ഷ എഴുതിയിരുന്നോ….?”

“ആ മിസ്സ്‌ എഴുതിയിരുന്നു…”

“ഉറപ്പാണോ…”

മിസ്സിന്റെ സംശയേനെയുള്ള ചോദ്യങ്ങൾ കേട്ട് ലക്ഷ്മി ആകെ ടെൻഷൻ ആയി കൈ വിറക്കാൻ തുടങ്ങിയിരുന്നു.

“അതേ മിസ്സ്‌, ഉറപ്പാണ് ഞാൻ എക്സാം എഴുതിയിരുന്നു….”

“കഴിഞ്ഞ എക്സാമിന് എത്രയായിരുന്നു മാർക്ക് ലക്ഷ്മിക്ക്….”

റീത്താ മിസ്സ്‌ വിടാൻ ഭാവമില്ലെന്ന് തോന്നി,

“89 മിസ്സ്‌….”

“ഹ്മ്മ്…..”

ഒന്ന് ഇരുത്തി മൂളിയിട്ട് മിസ്സ്‌ ഹാൻഡ്ബാഗിൽ നിന്നും ലക്ഷ്മിയുടെ പേപ്പർ തിരഞ്ഞെടുത്തു,

“17 ഔട്ട്‌ ഓഫ് 100…ക്ലാസ്സ്‌ ടോപ്പർ ആവേണ്ട ഒരു കുട്ടിയുടെ സ്കോർ ആണ് 17, എന്താ ഇത്രേം മാർക്ക് കുറഞ്ഞത്…പഠിക്കാൻ നേരമില്ലാഞ്ഞിട്ടാണോ, അതോ ഇനി വേറെ വല്ല ചിന്തയും ഉണ്ടോ….”

ലക്ഷ്മിക്ക് ആകെ സങ്കടം തോന്നി, ഇന്നെ വരെ ആരും തന്നെ വഴക്ക് പറഞ്ഞിട്ടില്ല, ആദ്യമായ് അതും ക്ലാസിൽ വച്ച്….അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി,

“കണ്ണുനീർ ഒളിപ്പിച്ചിട്ടൊന്നും ഒരു കാര്യവുമില്ല…കൈയും കാലും കാണിച്ച് മേക്കപ്പും വാരി തേച്ച് റീൽസ് ചെയ്യാൻ നേരമുണ്ടല്ലോ മഹാറാണിക്ക്…പഠിച്ചു പരീക്ഷ എഴുതാനാണോ സമയമില്ലാത്തത്…

അതെങ്ങനെ…മനസ്സിൽ വേറെ പല ചിന്തകളും അല്ലേ…പിന്നെങ്ങനെയാ പഠിക്കാൻ തോന്നുന്നേ…ലൈബ്രറിയുടെ മൂലയിലും കോറിഡോറിലും ആമ്പിള്ളേരോട് ഒട്ടിനിന്ന് കുറുകാൻ നല്ല മിടുക്കാണല്ലോ….ഇന്നാ, നാളെ പേരെന്റ്സിനെ കൊണ്ടുവന്നിട്ട് ക്ലാസിൽ കേറിയാൽ മതി….”

അതും പറഞ്ഞ് റീത്താ മിസ്സ്‌ ആൻസർ ഷീറ്റ് ലക്ഷ്മിയുടെ മുഖത്തേക്ക് എറിഞ്ഞു, ക്ലാസിൽ അത്രയും കുട്ടികളുടെ മുന്നിൽ വച്ച് അപമാനിക്കപ്പെട്ടപ്പോൾ ലക്ഷ്മിക്ക് തീരെ സഹിക്കാൻ കഴിഞ്ഞില്ല.

വീട്ടിലെത്തിയിട്ടും മിസ്സ്‌ പറഞ്ഞതൊക്കെ അവളുടെ കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു, ആഹാരം കഴിക്കാൻ പോലും നിക്കാതെ അവൾ റൂമിലേക്ക് പോയി, അമ്മയോടും അച്ഛനോടും എന്ത് പറയണമെന്ന് അവൾക്ക് അറിയില്ലായിരുന്നു. മാർക്ക്‌ കുറഞ്ഞതറിഞ്ഞാൽ അവരും….

സങ്കടം സഹിക്കാനാകാതെ അവൾ പൊട്ടിക്കരഞ്ഞു, കറങ്ങുന്ന ഫാനിലേക്ക് ലക്ഷ്മിയുടെ നോട്ടം പതിഞ്ഞു, ലോകം ഒരു ബിന്ദുവിലേക്ക് തന്നെ ചേരുന്നത് പോലെ തന്റെ ജീവിതം ആ ഫാനിലേക്ക് ചേരുന്നത് പോലെ അവൾക്ക് തോന്നി…..

***************

“മിസ്സിനെ പ്രിൻസിപ്പൽ വിളിക്കുന്നുണ്ട്….”

സ്റ്റാഫ് റൂമിൽ ഫോണും നോക്കിയിരിക്കുകയായിരുന്നു റീത്താ മിസ്സ്‌, അപ്പോഴാണ് പ്യൂൺ വന്ന് വിവരം പറഞ്ഞത്, അപ്പോൾ തന്നെ മിസ്സ്‌ പ്രിൻസിയുടെ റൂമിലേക്ക് നടന്നു.

“മേ ഐ കമിൻ മാം…”

അനുവാദം ചോദിച്ചു ഡോർ തുറന്നു ഉള്ളിൽ കയറിയപ്പോൾ തന്നെ കണ്ടു ലക്ഷ്മിയെയും അവളുടെ അച്ഛനെയും അമ്മയെയും, ഒരു ചിരി മിസ്സിന്റെ മുഖത്തു വിരിഞ്ഞു.

“മിസ്സിനെ വിളിപ്പിച്ചത് എന്തിനാണെന്ന് അറിയോ…” പ്രിൻസിപ്പൽ ഗൗരവത്തോടെ ചോദിച്ചു,

“ഞാൻ ഇന്നലേ ലക്ഷ്മിയോട് പറഞ്ഞിരുന്നു പേരെന്റ്സ്നെ കൂട്ടി വരാൻ….”

“മിസ്സ്‌ വേറെന്തെങ്കിലും ആ കുട്ടിയോട് പറഞ്ഞിരുന്നോ….?”

“മാം….എനിക്ക് മനസിലായില്ല…”

“മിസ്സ്‌ ആ കുട്ടിയെ വേറെന്തെങ്കിലും പറഞ്ഞിരുന്നോ എന്ന്…..”

ഇത്തവണ പ്രിൻസിപ്പസലിന്റെ സ്വരം ഉയർന്നിരുന്നു, റീത്താ മിസ്സിന്റെ മനസിലൂടെ കഴിഞ്ഞദിവസത്തെ ക്ലാസ്സിലെ രംഗങ്ങൾ കടന്നുപോയി,

“അത്….മാം…ഞാൻ…”

“എന്ത് അർത്ഥത്തിലാ മിസ്സ്‌ അനാവശ്യ കാര്യങ്ങൾ കുട്ടികളോട് പറയുന്നത്, അതും ക്ലാസിൽ വച്ച്….മാർക്ക്‌ കുറവാണെങ്കിൽ അത് സ്റ്റാഫ്റൂമിൽ വിളിച്ചു പറയണം. അതും കുട്ടികളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയാണ് വേണ്ടത്, അല്ലാതെ അനാവശ്യങ്ങൾ കുട്ടികളെ പറയുകയല്ല….

കുട്ടികളുടെ രൂപം വച്ചോ ഇടുന്ന ഡ്രസ്സ്‌ വച്ചോ അല്ല അവരെ അളക്കേണ്ടത്, കുട്ടികൾ ക്ലാസിൽ എങ്ങനെയാണെന്ന് നോക്കുക, അതനുസരിച്ചു പെരുമാറുക….

കുട്ടികൾ പരസ്പരം സംസാരിക്കാൻ വരെ പേടിക്കുന്നത് നിങ്ങളെ പോലുള്ള ടീച്ചേഴ്‌സ് കാരണമാണ്….

ഇതിപ്പോ ലക്ഷ്മിയുടെ പേരെന്റ്സ് റിപ്പോർട്ട്‌ ചെയ്തത് കൊണ്ട് അറിഞ്ഞു, ഇതുപോലെ എത്ര സംഭവങ്ങൾ എന്ന് വല്ല ധാരണയുമുണ്ടോ മിസ്സിന്….?”

ഒരക്ഷരം പോലും മിണ്ടാനാവാതെ തല കുനിച്ചു നിൽക്കാനേ റീതാമിസിന് കഴിഞ്ഞുള്ളു….

******************

നമ്മുടെ സ്കൂൾ കാലഘട്ടത്തിലും ഡ്രെസ്സിന്റെ പേരിൽ മാർക്കിന്റെ പേരിൽ രൂപത്തിന്റെ പേരിൽ ഭംഗിയില്ലായ്മയുടെയോ നിറത്തിന്റെയോ ഒക്കെ പേരിൽ ക്ലാസ്സിൽ ടീച്ചറിന്റെ ശകാരവാക്കുകൾ കേട്ട് അപമാനപ്പെട്ട് നിന്നിട്ടുണ്ടാവാം, ഗുരുക്കൾ ദൈവതുല്യരാണ്, എന്നാൽ ദൈവങ്ങൾ തന്നെ തെറ്റ് ചെയ്താലോ…….????