വീട്ടിൽ എത്തിയിട്ടും അവളുടെ മനസ്സിൽ എന്തോ ഒരു വിഷമം കൂടുകൂട്ടിയിരുന്നു. ഹരിശങ്കറിന്റെ ചോദ്യങ്ങൾക്ക്…

Story written by Sajitha Thottanchery

================

“ഇന്നെന്താടോ ആനിചേച്ചി  വന്നില്ലേ?” കാലത്തു അടുക്കളയിൽ ഹിമ മല്ലിടുന്നത് കണ്ട് ഹരിശങ്കർ ചോദിച്ചു.

“ഇല്ല ഹരിയേട്ടാ, എന്താണെന്ന് അറിയില്ല. ഇന്നലെയും ഉണ്ടായിരുന്നില്ല. തിരക്കൊഴിഞ്ഞിട്ട് ഒന്ന് വിളിച്ചു നോക്കണം” പണികൾക്കിടയിൽ ഹിമ മറുപടി പറഞ്ഞു.

തൊടുന്നതെല്ലാം പൊന്നാക്കുന്ന കഷ്ടപ്പാടിൽ നിന്നും ഉയർന്നു വന്ന ഒരു ബിസിനസ്സുകാരനാണ് ഹരിശങ്കർ. ഭാര്യ ഹിമ കോളേജ് പ്രൊഫസ്സർ ആണ്. ഒരേ ഒരു മകൾ നീലാംബരി ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു.

ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ട് അമ്മാവന്റെ കാരുണ്യത്തിൽ ഒരു വേലക്കാരനു സമം ആയിരുന്നു ഹരിശങ്കറിന്റെ ബാല്യം..അത്രയേറെ കഷ്ടപ്പെട്ട് വളർന്നത്കൊണ്ട് തന്നെ ചിലവാക്കുന്ന ഓരോ അഞ്ചു പൈസയും സൂക്ഷിച്ചേ ചിലവാക്കുകയുള്ളു. ചുണ്ടിൽ എപ്പോഴും ഒരു പുഞ്ചിരി സൂക്ഷിക്കുന്ന എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു മനുഷ്യൻ കൂടിയാണ് അയാൾ. അനാഥാലയത്തിൽ നിന്നാണ് അയാൾ ഹിമയെ വിവാഹം ചെയ്തത്. കടത്തിൽ മുങ്ങി ഭാര്യയ്ക്കും മക്കൾക്കും ഒപ്പം ആത്മഹത്യ ചെയ്ത ഒരു അച്ഛന്റെ മകളാണ് ഹിമ. ആയുസ്സിൽ എന്തൊക്കെയോ ബാക്കി ഉള്ളത് കൊണ്ട് അന്ന് ഹിമ മാത്രം മരിക്കാതെ രക്ഷപ്പെട്ടു. അമ്മയും അനുജത്തിയും അച്ഛനും നഷ്ടപ്പെട്ട അവളെ ബന്ധുക്കൾ അനാഥാലയത്തിൽ ഏൽപ്പിച്ചു. വിവാഹത്തിന് ശേഷമാണ് തുടർന്ന് പഠിച്ചു ജോലി നേടുന്നത്.

കോളേജിൽ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടയ്ക്കാണ് ഹിമയ്ക്ക് ആനിചേച്ചിയുടെ കാര്യം ഓര്മ വന്നത്. അവരുടെ വീട്ടിൽ പണിക്ക് വരുന്ന ആളാണ് ആനി. ഭർത്താവ് സെബാസ്റ്യൻ ഒരു വശം തളർന്നു കിടപ്പായതിന് ശേഷമാണ് അവൾ വീട്ടുജോലിക്ക് പോകാൻ തുടങ്ങിയത്. പത്തിലും ഏഴിലും പഠിക്കുന്ന രണ്ടു പെണ്മക്കളാണ് അവർക്ക്.

“ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ലാലോ” ഹിമ സ്വയം പിറുപിറുത്തു.

അപ്പോഴാണ് കോളേജിലെ സ്വീപ്പർ ലീനച്ചേച്ചി ആനിയുടെ വീടിന്റെ അടുത്താണെന്നു ഹിമ ഓർത്തത്.

“വൈകുന്നേരം ആനിചേച്ചിയെ കാണില്ലേ ലീനേച്ചീ…” ഹിമ പോയി ലീനയോട് ചോദിച്ചു.

“എന്താ മാഡം” ഭവ്യതയോടെ ലീന ചോദിച്ചു.

“രണ്ടു ദിവസമായി വീട്ടിൽ പണിക്ക് എത്തിയിട്ടില്ല. വിളിച്ചിട്ട് കിട്ടുന്നുമില്ല.ഒന്ന് എന്നെ വിളിക്കാൻ പറയാമോ.” ഹിമ പറഞ്ഞു.

“രണ്ടു ദിവസം മുന്നേ ബാങ്കിൽ നിന്നും ആൾക്കാർ വന്നിരുന്നു. ലോൺ കുറച്ചായി അടയ്ക്കാറില്ലത്രേ. ജപ്തി ആകുമെന്നൊക്കെ പറയുന്ന കേട്ടു. രണ്ടു ദിവസമായി അവളെ പുറത്തൊന്നും കണ്ടില്ല .” ആനി പറഞ്ഞു

“ജപ്തിയോ…ഇതൊന്നും ഞാൻ അറിഞ്ഞില്ല ” ഹിമ അമ്പരപ്പോടെ പറഞ്ഞു.

“ലോൺ എടുത്താണ് ആ വീടിന്റെ പണി അത്രേം നടത്തിയത്. അത് പകുതിക്ക് നിൽക്കുമ്പോൾ ആണ് അവളുടെ കെട്ട്യോൻ വീണു പോയത്. പിന്നെ കുറെ പൈസ അവന്റെ ചികിത്സയ്ക്കായും കടം വാങ്ങിയിട്ടുണ്ട്. അവളുടെ കാര്യം കഷ്ടമാ മാഡം…പണിക്ക് വരുന്നത് കൊണ്ട് പട്ടിണിയില്ലാതെ പോകുന്നു. ഉള്ള കടങ്ങൾ ഒന്നും അവൾ വിചാരിച്ചാൽ തീരില്ല. എന്ത് ചെയ്യാനാ” ലീനയുടെ ആ വിവരണങ്ങൾ കേട്ട് ഹിമ  മറുപടി ഒന്നും പറയാതെ തിരിഞ്ഞു നടന്നു.

ഹിമയുടെ ഓർമകളിൽ നിന്നും പഴയ ഒരു ചിത്രം  നിന്നും പൊടി തട്ടി എടുക്കുകയായിരുന്നു. കടം കൊണ്ട് ജീവിതം വഴി മുട്ടിയ ഒരു പഴയ മനുഷ്യന്റെ ചിത്രം. അവളുടെ അച്ഛന്റെ ചിത്രം. അച്ഛനും അനിയത്തിക്കും തനിക്കും നെറ്റിയിൽ ഉമ്മ നൽകി കിണറ്റിലേക്ക് ആദ്യം എടുത്തു ചാടുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. അനുജത്തിയെ അച്ഛൻ കിണറ്റിലേക്ക് ഇടുന്നതു കണ്ട് പേടിച്ചു ഓടിയ തന്നെ വാരിയെടുത്തു പോകുമ്പോൾ “വേറെ വഴിയില്ല മോളെ” എന്ന് പറഞ്ഞ അച്ഛന്റെ മാനസികാവസ്ഥ അന്ന് മനസ്സിലായില്ലെങ്കിലും ഇന്ന് ഹിമയ്ക്ക് അറിയാം…എന്നിട്ടും കിണറ്റിലെ മോട്ടോർ ഹോസിൽ പിടിച്ചിരുന്നു ജീവൻ രക്ഷിക്കുമ്പോൾ കണ്മുന്നിൽ അമ്മയും അനുജത്തിയും നഷ്ടപ്പെടുകയായിരുന്നു. നാട്ടുകാർ വന്നു രക്ഷപ്പെടുത്തി കരയ്ക്ക് കേറിയപ്പോൾ കാണുന്നത് തൂങ്ങി മരിച്ച അച്ഛനെയാണ്.

ഉറങ്ങാത്ത ദിവസങ്ങൾ…അവരുടെ കൂടെ പോയാൽ മതിയെന്ന് തോന്നിപ്പിച്ച ദിവസങ്ങൾ. ആ സങ്കടങ്ങൾ എല്ലാം മാറിയത് ഹരിയേട്ടന്റെ കൂടെ ജീവിക്കാൻ തുടങ്ങിയതിനു ശേഷമാണെന്ന് സ്നേഹത്തോടെ അവൾ ഓർത്തു.

വീട്ടിൽ എത്തിയിട്ടും അവളുടെ മനസ്സിൽ എന്തോ ഒരു വിഷമം കൂടുകൂട്ടിയിരുന്നു. ഹരിശങ്കറിന്റെ ചോദ്യങ്ങൾക്ക് ഒന്നുമില്ലെന്ന്‌ പറഞ്ഞു ഒഴിഞ്ഞെങ്കിലും പിന്നീട് അവൾ കാര്യങ്ങൾ പറഞ്ഞു.

പിറ്റേന്ന് ആനിചേച്ചിയുടെ വീട്ടിലേക്ക് പോകുമ്പോൾ മനസ്സിൽ ചിലതൊക്കെ ഉറപ്പിച്ചിരുന്നു ഹിമ. അവൾ ചെല്ലുമ്പോൾ ആ വീട് അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. കുറെ വിളിച്ചപ്പോഴാണ് ആനി വന്നു വാതിൽ തുറന്നത്.

“എന്ത് പറ്റി ചേച്ചി…വിളിച്ചിട്ട് കിട്ടാതായപ്പോൾ അന്വേഷിച്ചു വന്നതാ ഞാൻ” ഹിമ ഒന്നും അറിയാത്ത മട്ടിൽ ചോദിച്ചു.

“അത് മോളെ…” എന്ത് പറയണമെന്ന് ആനിയ്ക്ക് അറിയില്ലായിരുന്നു.

“ചേച്ചീ എന്ന് വിളിക്കുന്നത് മനസ്സിൽ തട്ടി തന്നെയാ, ചേച്ചിയെ ഒരു പണിക്കാരി ആയിട്ടല്ല ഞാൻ കണ്ടത്.” ആനിയുടെ അടുത്തേക്ക് ചെന്ന് ഹിമ പറഞ്ഞു.

ആനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. എന്തോ ഓർത്ത പോലെ പെട്ടെന്ന് തന്നെ ആനി അകത്തേക്ക് ഓടി. ചെറിയ കുട്ടിയുടെ കയ്യിലുണ്ടായിരുന്ന കഞ്ഞിയുടെ പാത്രം തട്ടിക്കളഞ്ഞു, അടുക്കളയിലെ കഞ്ഞിയുടെ പാത്രം എടുത്ത് പുറത്തേക്ക് കളയുന്നതാണ് പിന്നാലെ വന്ന ഹിമ കണ്ടത്. അന്തിച്ചു നിന്ന മക്കൾക്ക് കാര്യം മനസ്സിലായില്ലെങ്കിലും ഹിമയ്ക്ക് പെട്ടെന്ന് തന്നെ കാര്യം മനസ്സിലായി.

“ചേച്ചീ” ഹിമയുടെ വിളിയിൽ ശാസനയും സങ്കടവും കലർന്നിരുന്നു.

ആനി കരഞ്ഞു നിലത്തേയ്ക്കിരുന്നു. ഹിമ അടുത്ത് ചെന്ന് അവളെ ആശ്വസിപ്പിച്ചു.

“ചേച്ചി ഒന്നും പറയണ്ടാ, എല്ലാം എനിക്ക് മനസ്സിലാകും. പക്ഷെ ഒന്നോർക്കണം, മരിക്കാൻ എളുപ്പമാണ്, ജീവിക്കാനാ ബുദ്ധിമുട്ട്.” ആനിയുടെ മുടിയിൽ തഴുകി ഹിമ പറഞ്ഞു.

“മോൾ ഒരല്പം വൈകിയിരുന്നേൽ…വേറെ വഴിയില്ലാഞ്ഞിട്ടാ മോളെ…എന്നെ കൊണ്ട് ഇനിയും പിടിച്ചു നില്ക്കാൻ ആവില്ല എന്ന് തോന്നി” കരഞ്ഞു കൊണ്ട് ആനി പറഞ്ഞു.

“സാരമില്ല…ഇനി ഇതൊന്നും ഓർക്കേണ്ട. നമുക്ക് എല്ലാം ശെരിയാക്കാം. ഹരിയേട്ടൻ ചേച്ചിയോട് ധൈര്യമായിരിക്കാൻ പറയാൻ പറഞ്ഞിട്ടുണ്ട്. ലോണും ബാക്കി കടങ്ങളും എല്ലാം നമുക്ക് തീർക്കാം. സ്വന്തം അനിയത്തി തന്നെ ആയി കണ്ടാൽ മതി. നാളെ മുതൽ ജോലിക്ക് വരണം.” ഹിമയുടെ ആ വാക്കുകൾ ശെരിക്കും ഈശ്വരന്റെ വാക്കുകൾ ആയി ആനിയ്ക്ക് തോന്നി.

ഇറങ്ങാൻ നേരം കുറച്ചു നോട്ടുകൾ ഹിമ ആനിയെ ഏൽപ്പിച്ചു. അകത്തു കിടക്കുന്ന സെബാസ്ത്യനെയും കണ്ടു അവിടന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ പുഞ്ചിരിക്കുന്ന മുഖത്തോടെ തന്റെ അച്ഛൻ മുന്നിൽ നിൽക്കുന്നതായി ഹിമയ്ക്ക് തോന്നി….

~സജിത