വെപ്രാളത്തോടെ ചാടി എഴുന്നേൽക്കാൻ ശ്രമിച്ച അവളെ രാഹുൽ വട്ടം പിടിച്ചു….

ചന്ദന മൈലാഞ്ചി…

Story written by Saji Thaiparambu

==================

ആരുടെയോ ഉറക്കെയുള്ള സംസാരം കേട്ടാണ് റസിയ ഉറക്കമുണരുന്നത്.

ജാലക വിരികൾക്കിടയിലൂടെ കടന്നുവന്ന, സൂര്യപ്രകാശമേറ്റപ്പോഴാണ്, നേരം നന്നേ പുലർന്നുവെന്ന് അവൾക്ക് മനസ്സിലായത്

വെപ്രാളത്തോടെ ചാടി എഴുന്നേൽക്കാൻ ശ്രമിച്ച അവളെ രാഹുൽ വട്ടം പിടിച്ചു.

“വിടൂ രാഹുൽ, നേരം ഒരുപാടായി, താമസിച്ച് ചെന്നാൽ അമ്മ എന്തു വിചാരിക്കും”

അവൾ ഭീതിയോടെ പറഞ്ഞു.

“നീ ഇവിടെകിടക്ക്, അമ്മയ്ക്കറിയാം, ഇന്നലെ നമ്മുടെ ആദ്യരാത്രി ആയിരുന്നു എന്നും, അതുകൊണ്ട് ഇന്ന് എഴുന്നേൽക്കുമ്പോൾ താമസിക്കുമെന്നും “

“പിന്നെ.. നിനക്കത് പറയാം , ഒരന്യജാതിക്കാരി പെണ്ണിനെ, ഇളയമകൻ കെട്ടിക്കോണ്ടു വന്നതിന്റെ പരിഭവം, ആ മുഖത്ത്  ഇന്നലെ ഞാൻ കണ്ടതാ “

“അതിനെന്താ, അമ്മയുടെ ആഗ്രഹപ്രകാരം, അമ്പലത്തിൽ വെച്ച് തന്നെയല്ലേ, ഞാൻ നിൻറെ കഴുത്തിൽ താലി കെട്ടിയത് “

“പക്ഷേ..അതുകൊണ്ടൊന്നും തീരുന്നതല്ല, നമ്മുടെ ഈ പ്രശ്നം “

രാഹുലിന്റെ പിടിവിടുവിച്ചു കൊണ്ട്, അവൾ വേഗം ബാത്ത്റൂമിലേക്ക് കയറി.

ഈറൻ മാറി ,അടുക്കളയിലേക്കു ചെല്ലുമ്പോൾ ഏട്ടത്തിയും ,അമ്മയും പ്രാതൽ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.

“ഞാനല്പം ഉറങ്ങിപ്പോയമ്മേ…നാളെ മുതൽ അലാറം വെച്ചിട്ട് കിടന്നോളാം”

അവൾ കുറ്റബോധത്തോടെ പറഞ്ഞു.

അതുകേട്ട് അമ്മയൊന്ന് തിരിഞ്ഞു, രൂക്ഷമായി നോക്കുക മാത്രം ചെയ്തു.

“ഇവിടെ ഉള്ളവരൊക്കെ അതിരാവിലെ എഴുന്നേൽക്കുന്നത്, അലാറം വെച്ചിട്ട് ഒന്നുമല്ല. വർഷങ്ങൾ ആയിട്ടുള്ള ശീലമാണത്. അത്  വിവരമുള്ള അച്ഛനമ്മമാർ, മക്കളെ പറഞ്ഞു പിടിപ്പിക്കേണ്ട കാര്യങ്ങളാ.”

ചേട്ടത്തിയുടെ വക ആദ്യത്തെ കുത്തുവാക്ക് ആയിരുന്നു അത്.

“ഞാൻ എന്താണ് അമ്മേ ചെയ്യേണ്ടത്?.

അത് മൈൻഡ് ചെയ്യാതെ റസിയ അമ്മയോട് ചോദിച്ചു.

“ഇവിടെ പ്രത്യേകിച്ച് ചെയ്യാൻ ഒന്നുമില്ല. അത് ഞങ്ങൾ രണ്ടാളും കൂടി ചെയ്തോളാം”

അമ്മ ഈർഷ്യയോടെ പറഞ്ഞു.

“റസിയ, തൽക്കാലം ഒരു കാര്യം ചെയ്യ്. മുഷിഞ്ഞ തുണികളൊക്കെ എടുത്ത് കഴുകിയിട്, ആഹ് , പിന്നെ ഒരു കാര്യം. കുറച്ചുദിവസമായി കല്യാണം പ്രമാണിച്ച് കറണ്ട് ഉപയോഗം കുറച്ചു കൂടുതലായിരുന്നു. അതുകൊണ്ട് കിണറ്റിൻകരയിൽ കിടക്കുന്ന, കല്ലിൽ അലക്കിയാൽ മതി. അതാവുമ്പോൾ കിണറ്റിൽനിന്ന് ആവശ്യത്തിന് വെള്ളം കോരി എടുക്കുകയും ചെയ്യാം “

അമ്മ മാത്രമല്ല, ബീനചേട്ടത്തിയും തനിക്കെതിരെ പോരിനുള്ള പുറപ്പാടാണെന്ന് റസിയക്ക് മനസ്സിലായി.

കുന്നുകൂടി കിടക്കുന്ന മുഷിഞ്ഞ തുണികൾ ഓരോന്നായി അലക്കി എടുക്കുമ്പോൾ, തൻറെ വീട്ടിൽ സ്വന്തം വസ്ത്രങ്ങൾ പോലും, ഉമ്മയാണ് കഴുകി തരാറുള്ളത് എന്ന്, അവൾ വേദനയോടെ ഓർത്തു.

ഇത്തിയുടെ കല്യാണം കഴിഞ്ഞ്, അടുക്കളയിൽ ഉമ്മ തനിച്ച് ജോലി ചെയ്യുമ്പോൾ പോലും, താൻ ഒരിക്കലും ഉമ്മയെ ഒന്ന് സഹായിച്ചിട്ടില്ല എന്ന് അവൾ പരിതപിച്ചു.

രാഹുൽ കഴിഞ്ഞാൽ ഉറക്കത്തിനെ ആയിരുന്നു, താൻ ഏറെ പ്രണയിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഒമ്പത് മണിയാവുമ്പോൾ കോഫിയുമായി ഉമ്മ വന്നു വിളിക്കുമ്പോൾ മാത്രമാണ് താൻ ഉണരാറുള്ളത്.

താൻ രാവിലെ, അടുക്കളയിൽ ചെന്നിട്ട് ഒരു ഗ്ലാസ് ചായ കുടിക്കാൻ പോലും, അമ്മയും ബീനചേട്ടത്തിയും പറഞ്ഞില്ലല്ലോ എന്നവൾ വ്യസനിച്ചു.

“ഇതെന്താ അമ്മയെ സോപ്പിടാൻ ആണോ രാവിലെ തന്നെ നീ ഹാർഡ് വർക്ക് തുടങ്ങിയത്.?

രാഹുലിന്റെ ശബ്ദം കേട്ടപ്പോൾ,അവൾ നിവർന്നുനിന്ന്  അവനെ നോക്കി ഒന്ന് മന്ദഹസിച്ചു.

അവളുടെ മുഖത്തെ വാട്ടം കണ്ടപ്പോൾ രാഹുലിന് എന്തോ പന്തികേട് തോന്നി.

“എന്തുപറ്റിയെടോ, തൻറെ മുഖം എന്താ വാടിയിരിക്കുന്നത്.?

“അതോ, ഞാൻ പറഞ്ഞില്ലേ.. ഇന്നലെ മുതൽ അമ്മയ്ക്ക് എന്നോട് ഒരിഷ്ടക്കുറവ് ഉണ്ടെന്ന്. പക്ഷേ ഇപ്പോൾ അമ്മയെക്കാൾ വൈരാഗ്യം ചേട്ടത്തിക്ക് ആണെന്ന് തോന്നുന്നു.”

അവൾ രാഹുലിനോട് സങ്കടം പറഞ്ഞു.

“അതുണ്ടാവും, കാരണം ചേട്ടത്തിയുടെ ഒരു മരം കേറി അനുജത്തിയെ എൻറെ തലയിൽ കെട്ടിവയ്ക്കാൻ അവരൊന്ന് ശ്രമിച്ചതാണ്. പക്ഷേ ഞാൻ പിടികൊടുക്കാത്തതിൻ വൈരാഗ്യം, അവർ നിന്നോട് കാണിക്കും “

“ആണോ ! പടച്ചോനെ, ഇനി നമ്മൾ എന്തു ചെയ്യും രാഹുൽ “

ഒരു പേംവഴിക്കായി, അവൾ രാഹുലിനോട് ചോദിച്ചു.

“നീ സമാധാനപ്പെട് റസിയ, എന്തെങ്കിലും വഴിയുണ്ടോ എന്ന് ഞാൻ ഒന്ന് ആലോചിക്കട്ടെ “

അത് കേട്ടവൾ വീണ്ടും തുണി കഴികുന്നതിനായി കുനിഞ്ഞു.

“നീ ചായ കുടിച്ചോ?

രാഹുൽ ചോദിച്ചു.

ഇല്ല..

“എങ്കിൽ നീ അതവിടെ ഇട്ടിട്ടു വാ, ഇനി എല്ലാം ആഹാരം കഴിച്ചിട്ട് മതി.”

രാഹുലിനൊപ്പം തീൻമേശ യിലിരുന്ന് ചമ്മന്തി ഒഴിച്ച് ദോശ നുറുക്കി വായിലേക്ക് വയ്ക്കുമ്പോൾ, വീട്ടിൽ ഉമ്മയോട് പൊറോട്ടയും ബീഫ് കറിയും വേണമെന്ന് വാശി പിടിക്കുന്നത് അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു.

നോൺവെജ് ആയിരുന്നു എന്നും താല്പര്യം….

ഉച്ചയൂണും കഴിഞ്ഞ് ചേട്ടത്തിയും അമ്മയും കിടപ്പറയിലേക്ക് കയറിപ്പോയപ്പോൾ, എച്ചിൽപാത്രങ്ങൾ മുഴുവൻ കഴുകേണ്ട കടമ അവളുടെതായി. എല്ലാം കഴിഞ്ഞു, അടുക്കള ക്ലീനാക്കി ബെഡ്റൂമിലേക്ക് വന്ന്, രാഹുലിനൊപ്പം ചേർന്ന് കിടക്കുമ്പോൾ, അതുവരെയുണ്ടായിരുന്ന ശരീരക്ഷീണവും മനസ്സിൻറെ അതൃപ്തിയുമാക്കെ എങ്ങോട്ടോ പോയി.

“രാഹുൽ നമുക്ക് വെയില് താഴുമ്പോൾ ഇവിടെയുള്ള ബീച്ചിലേക്ക് ഒന്നു പോയാലോ?

അവൾ, രാഹുലിന്റെ തലമുടി തൻറെ  വിരലുകളാൽ കോതി വച്ച് കൊണ്ട് ചോദിച്ചു.

“അതിനെന്താ പോയേക്കാം”

അത് കേട്ട സന്തോഷത്താൽ അവൾ അവനെ ഇറുകെ പുണർന്നു.

വൈകുന്നേരം അവർ അണിഞ്ഞൊരുങ്ങുന്നത് കണ്ട ബീന, അമ്മയെ വിളിച്ചു ഏഷണി പറഞ്ഞു.

“വിളക്ക് വയ്ക്കണ നേരത്ത് പെൺകുട്ടികള് നാട്ചുറ്റാൻ പോകുന്നത്, വീടിന് ഐശ്വര്യക്കേടാണ്, നാളെയും സമയമുണ്ടല്ലോ, നാളെ നേരത്തെ ഇറങ്ങിയാൽ മതി.”

യാത്ര ചോദിക്കാനായി ചെന്ന, രാഹുലിനോട് അമ്മ പറഞ്ഞു.

അതുകേട്ട് മറുപടിയൊന്നും പറയാതെ, രാഹുൽ തിരിച്ചു മുറിയിലേക്ക് കയറി.

അമ്മയുടെ വാക്കുകേട്ട് മറുപടി ഒന്നും പറയാതെ, തിരിച്ചുവന്ന് ഡ്രസ്സ് അഴിച്ചിടുന്ന രാഹുലിനെ കണ്ട് റസിയ,  അമർഷം കടിച്ചിറക്കി.

രാത്രിയിൽ അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോൾ, ചേട്ടത്തിയുടെ മുഖത്ത് പരിഹാസ ചിരി വിരിയുന്നത് അവൾ കണ്ടു.

പിറ്റേന്ന് കിണറ്റിൻ കരയിൽ തുണി അലക്കി കൊണ്ടിരിക്കുമ്പോൾ അമ്മയുടെ നിലവിളി കേട്ട്, റസിയ ഓടിച്ചെന്നു.

അടുക്കളയിലെ തറയിൽ വീണുകിടക്കുന്ന അമ്മയെ, ചേട്ടത്തി പൊക്കി എടുക്കുന്നത് കണ്ടു.

എന്തുപറ്റി അമ്മേ…റസിയ ചോദിച്ചു.

“ഓ.. എന്ത് പറ്റാനാ, ഇന്നുവരെ ഒരു കല്ലിൽ പോലും കാലു തട്ടാതെ നടന്ന അമ്മയായിരുന്നു. ദാ ഇപ്പോൾ നിലത്തുവീണത് കണ്ടില്ലേ? ഓരോരോ അശ്രീകരങ്ങൾ കുടുംബത്ത് കയറി വന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും.”

മറുപടി പറഞ്ഞത് ചേട്ടത്തി ആയിരുന്നു.

അപ്പോഴേക്കും രാഹുലും ഓടിവന്നു. എല്ലാവരും ചേർന്ന് ശാരദാമ്മയെ ഓട്ടോയിൽ കയറ്റി അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയി.

കാൽമുട്ടിനു താഴെ ഫാക്ചർ ഉള്ളതുകൊണ്ട്, പ്ലാസ്റ്റർ ഇട്ട് ഒരു മാസത്തെ ബെഡ്റസ്റ്റ് ആവശ്യമാണെന്ന് ഡോക്ടർ പറഞ്ഞു.

പോയ ഓട്ടോയിൽ തന്നെ തിരികെ വീട്ടിൽ വന്ന അമ്മയെ, പിടിച്ചു അകത്തു കയറ്റാനായി ഓടി ചെന്ന റസിയയേട്, ബീന തട്ടികയറി.

“വേണ്ട വേണ്ട, എനിക്കറിയാം ഇത്രയും നാളും ഞാൻ ഒറ്റയ്ക്കല്ലേ നോക്കിയിരുന്നത്, ഇനി പുതിയ  അവകാശികളെ ഒന്നും ആവശ്യമില്ല “.

ആ അവഗണന അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

“രാഹുലേ…നീ ചെന്ന്, വേലു കണിയാനെ ഒന്ന് കൂട്ടിക്കൊണ്ടു വാ, ഇവിടെ എന്തൊക്കെയോ അനർത്ഥങ്ങൾ ഉണ്ടായിട്ടുണ്ട്. അതെന്താണെന്ന് അദ്ദേഹം കവടി നിരത്തി നോക്കട്ടെ “

അത് കേട്ടപ്പോൾ ചേട്ടത്തിയുടെ മുഖം സന്തോഷം കൊണ്ട് പ്രകാശമാനമായി.

ഈശ്വരാ..അദ്ദേഹം വന്നിട്ട് പുതുപെണ്ണിന് ദോഷം ഉള്ളതുകൊണ്ടാണ് എന്ന് പറയണേ…

ബീനമുകളിലേക്ക് നോക്കി, ദൈവത്തെ വിളിച്ചു.

ഉച്ചകഴിഞ്ഞ് ജ്യോത്സ്യനെയും കൂട്ടി രാഹുൽ വന്നു.

“എന്തുപറ്റി ,ശാരദാമ്മേ..പെട്ടെന്ന് എന്നോട് വരാൻ പറഞ്ഞത് എന്താ.”

ജോത്സ്യൻ ശാരദാമ്മയെ നോക്കി പുഞ്ചിരിച്ചു.

“ഓ..എന്തു പറയാനാ, ദേ കണ്ടില്ലേ ഞാൻ കിടപ്പിലായത്, എന്റെ മോൻറെ  എടുത്തുചാട്ടം കാരണം ഉണ്ടായതാണോന്ന് ഒരു സംശയം. ഇന്നലെ അവൻറ ഇഷ്ടപ്രകാരം ഒരു മാ പ്പി ളച്ചിയെ കല്യാണം കഴിച്ചു കൊണ്ടു വന്നു. ഇനി,അവളുടെ ദോഷം കൊണ്ടാണോ എന്ന് നിങ്ങൾ ഒന്നു ഗണിച്ച് നോക്കൂ.”

ശാരദാമ്മ ജ്യോത്സ്യനോട് പറഞ്ഞു.

“ഹി ഹി ഹി ,അതിന് ഗണിച്ച് നോക്കാൻ അവൾക്ക് എവിടുന്നാ ജാതകം”

ചേട്ടത്തി പുച്ഛത്തോടെ പറയുന്നത്, റസിയ അടുത്ത മുറിയിൽനിന്ന് കേട്ടു.

“അതിന് ജാതകം വേണമെന്ന് നിർബന്ധമൊന്നുമില്ല, തത്ക്കാലം ജനിച്ച തീയതിയും സമയവും പറഞ്ഞാൽ നക്ഷത്രം വെച്ച് കണ്ടുപിടിക്കാവുന്നതേയുള്ളൂ”

ജ്യോത്സ്യൻ, ഒരുപായം പറഞ്ഞത് കേട്ട് റസിയ അവിടേക്ക് വേഗം വന്നു. തന്റെ നിരപരാധിത്വം തെളിയിക്കേണ്ട കടമ തനിക്ക് ഉണ്ടെന്ന് അവൾക്ക് തോന്നിയിരുന്നു.

“രണ്ടായിരമാണ്ട് ജനുവരി മാസം ഒൻപതാം തീയതി രാത്രി 11 30 നും, 12 നും ഇടയിൽ. നക്ഷത്രം ഉതൃട്ടാതി.”

റസിയ ജ്യോത്സ്യനോട് പറഞ്ഞു

“ഉതൃട്ടാതി നക്ഷത്രം, രാജയോഗം ഉള്ളതല്ലേ? ആ നക്ഷത്രക്കാര് ചെന്നു കയറുന്ന കുടുംബത്തിൽ ഐശ്വര്യം ഉണ്ടാവേണ്ടതാണ്, അപ്പോൾ പിന്നെ നോക്കാനുള്ളത്, നിങ്ങളുടെ മൂത്തമരുമകളുടെ ജാതകമാണ്, അത്കൊണ്ടു വരാൻ പറയൂ “

ജ്യോത്സ്യൻ പറഞ്ഞ് തീരുന്നതിന് മുമ്പ്, ബീന തികഞ്ഞ ആത്മവിശ്വാസത്തോടെ അവളുടെ ജാതകം കൊണ്ടുവന്നിരുന്നു.

അത് വാങ്ങി തുറന്നു നോക്കിയിട്ട്, ജ്യോത്സ്യൻ ,തന്റെ മുന്നിൽ ഇരുന്ന പലകയിൽ കവടി നിരത്തി ,ഹരിച്ചും ഗുണിച്ചും ഗണിച്ചുമൊക്കെ നോക്കി

അവസാനം ജ്യോത്സ്യന്റെ മുഖം വിവർണമാകുന്നത് ശാരദാമ്മയും മറ്റുള്ളവരും കണ്ടു.

“എന്താ ജ്യോത്സ്യരെ എന്തെങ്കിലും ദോഷമുണ്ടോ?

ഉൽക്കണ്ഠ അടക്കാനാവാതെ ശാരദാമ്മ ചോദിച്ചു.

“ശാരദാമ്മയുടെയും മൂത്ത മരുമകളുടെയും നക്ഷത്രം ഒന്നുതന്നെയാണല്ലോ? അതുതന്നെയാണ്, പ്രധാന ദോഷവും.”

ജ്യോത്സ്യൻ, തുറന്നുപറഞ്ഞു.

അത് കേട്ട് ചേട്ടത്തിയുടെ മുഖം വാടുന്നത്, റസിയ ശ്രദ്ധിച്ചു.

“അതെങ്ങനെ ശരിയാവും, ജ്യോത്സ്യരെ , ഒന്നുകൂടി നോക്കൂ “

ജ്യോത്സ്യനോട് ബീന പറഞ്ഞു.

“അതിനി, എത്ര നോക്കിയാലും ഫലം ഇതുതന്നെയാവും. ഞാൻ ഇത് തുടങ്ങിയിട്ട് പത്ത് 40 കൊല്ലമായി. കവടി ഒരിക്കലും കളവു പറയില്ല”.

ജ്യോത്സ്യൻ തീർത്തുപറഞ്ഞു.

“ഇതിന് ഒരു പരിഹാരം ഇല്ലേ ജ്യോത്സ്യരെ “

ശാരാദാമ്മ ഉൽക്കണ്ഠാകുലയായി.

“പരിഹാരം, ഒന്ന് മാത്രമേ ഉള്ളൂ .നിങ്ങൾ രണ്ടാളും രണ്ട് വീട്ടിൽ കഴിയുക “

“ഇല്ല, ജ്യോത്സ്യരെ, അമ്മയെ വിട്ട് ഞാൻ എങ്ങോട്ടും പോകില്ല”

ബീന കട്ടായം പറഞ്ഞു.

“പോയില്ലെങ്കിൽ ഇതിലും വലിയ ദുരന്തം നിങ്ങൾക്ക് നേരിടേണ്ടിവരും ശാരദാമ്മേ”

ജ്യോത്സ്യൻ പറഞ്ഞത് കേട്ട് ശാരദാമ്മയ്ക്ക് ഭയം ഏറി.

“രാഹുലേ…നീ ജ്യോത്സ്യനെ തിരിച്ച് വീട്ടിൽ കൊണ്ടു ചെന്നാക്കിയിട്ട് വാ “

രാഹുൽ ജ്യോത്സ്യനുമായി പുറത്തേക്ക് പോയപ്പോൾ ബീന അമ്മയുടെ അരികിൽ വന്നിരുന്നു.

അപ്പോൾ ശാരദാമ്മ മുഖം തിരിച്ചു കളഞ്ഞു.

“അമ്മേ..അമ്മ, അതൊന്നും കേട്ട് വിശ്വസിക്കേണ്ട, ജ്യോത്സ്യന്മാര് അങ്ങനെ എന്തെല്ലാം കള്ളത്തരങ്ങൾ പറയുന്നു.”

“അപ്പോൾ നിന്റെ ജാതകം ചേർച്ചയുള്ള താണെന്ന് നിങ്ങളുടെ കല്യാണസമയത്ത് പറഞ്ഞതും ഈ ജ്യോത്സ്യൻ തന്നെയല്ലേ അപ്പോൾ അത് കള്ളത്തരം ആയിരുന്നോ?

ശാരദാമ്മ തിരിച്ചുചോദിച്ചു.

“അയ്യോ അല്ലമ്മേ”

“എങ്കിൽ ഇതും വിശ്വസിക്കാനാണ് എനിക്കിഷ്ടം”

“നീയൊരു കാര്യം ചെയ്യ്, രാജീവൻ ഗൾഫീന്ന് വരുന്നത് വരെ ,നീ നിന്റെ വീട്ടിൽ പോയി നില്ക്ക്.,അവൻ വന്നിട്ട് വേറെ വീടും സ്ഥലവും വാങ്ങി മാറാൻ ഞാൻ പറയാം”

“അമ്മേ…

അവൾ അറിയാതെ നിലവിളിച്ച് പോയി.

അമ്മ പറഞ്ഞാൽ പിന്നെ മാറ്റമൊന്നുമില്ലെന്ന് മനസ്സിലായ അവൾ, മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി.

അപ്പോൾ റസിയയുടെ മുഖത്ത് കണ്ട ചിരിക്ക് പരിഹാസച്ചുവയുണ്ടെന്ന് അവൾക്ക് തോന്നി.

ഈ സമയം ജ്യോൽസ്യന്റെ കയ്യിലേക്ക് രണ്ടായിരത്തിന്റെ നോട്ടുകൾ വച്ച് കൊടുത്തിട്ട് രാഹുൽ പറഞ്ഞു.

“ഇനിയും ഇത് പോലുള്ള സഹായം ഞാൻ പ്രതീക്ഷിക്കുമേ?

അതിന് ഒരു പൊട്ടിച്ചിരിയായിരുന്നു ജ്യോത്സ്യന്റെ മറുപടി.

~സജിമോൻ തൈപറമ്പ്