അവളോർമ്മകൾ….
Story written by Jolly Shaji
================
വീട്ടിലെ പ്രാരാബ്ദം കൂടിയപ്പോളാണ് കൂലിപ്പണിക്കാരായ മാതാപിതാക്കൾ തന്റെ മകളെ അത്യാവശ്യം നല്ലരീതിയിൽ കഴിയുന്ന അനുജത്തിയുടെ കൂടെ അയക്കുന്നത്…അന്നവൾക്കു ഒൻപത് വയസ്സ് മാത്രം പ്രായം..
അമ്മയുടെ അനുജത്തിയുടെ വീട്ടിലേക്കാണല്ലോ പോകുന്നത്…വീട്ടിലെ ദാരിദ്രത്തിൽ നിന്നുമുള്ള മോചനമാണല്ലോ എന്നത് ആ കുഞ്ഞ് മനസ്സിനെ സന്തോഷത്തിന്റെ തിരയിളക്കത്തിലാക്കി…
സ്വന്തം വീട്ടിൽ നിന്നും കുറച്ചു ദൂരേക്കുള്ള ആ യാത്ര അവൾക്ക് ഏറെ ആഹ്ലാദം തന്നെ ആയിരുന്നു…തികച്ചും ഗ്രാമത്തിന്റെ മനോഹാരിത നിറഞ്ഞ സ്വന്തം നാട്ടിൽ നിന്നും ടൗണിലേക്ക് കടന്നപ്പോൾ തന്നെ അവൾ ഒരു മായിക ലോകത്തിൽ എത്തിയത് പോലെ ആയിരുന്നു…നിറയെ വാഹനങ്ങളും കെട്ടിടങ്ങളുമൊക്കെ അവൾക്ക് അത്ഭുതമായിരുന്നു…
കൊച്ചപ്പന്റെ ജോലി സ്ഥലത്തിനടുത്ത വാടക വീട്ടിലേക്ക് കടന്ന അവൾക്ക് എന്തൊക്കെയോ പുത്തൻ അനുഭവങ്ങൾ ആയിരുന്നു…ചെറ്റപ്പുരയിൽ നിന്നും വാർക്ക വീട്ടിലേക്കുള്ള മാറ്റം, കറന്റ്, റ്റിവി, മൊസൈക്ക് തറ, ഡൈനിങ്ങ് ടേബിൾ, ഡബിൾ കോട് കട്ടിൽ, ഫാൻ മിക്സി ഇതൊക്കെ അവൾക്ക് ആദ്യത്തെ കാഴ്ചകൾ ആയിരുന്നു..
തന്നെക്കാൾ നാല് വയസ്സിന് ഇളയതായ കുഞ്ഞമ്മയുടെ മകൾക്കു കൂട്ടായി എന്ന് പറഞ്ഞാണ് അവർ കൊണ്ട് പോയത്..അന്ന് കുഞ്ഞമ്മ രണ്ടാമത്തെ മോളെ ഗർഭം ധരിച്ചിരിക്കുന്ന സമയം കൂടിയാണ്..
അവർ അവളെ ഒരു കിലോമീറ്റർ അപ്പുറമുള്ള ഗവണ്മെന്റ് സ്കൂളിൽ ചേർത്തു…അതിന് കുറച്ചും കൂടെ ദൂരെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അവരുടെ മകളെയും ചേർത്തു..
എത്തി അന്ന് രാത്രിയിൽ അവൾ സ്വർഗ്ഗത്തിൽ എന്നപോലെയാണ് ഉറങ്ങാൻ കിടന്നത്…അവർ കിടക്കുന്ന മുറിയുടെ തൊട്ടടുത്ത മുറിയിൽ ചെറിയൊരു തടിക്കട്ടിലിൽ പായ വിരിച്ചു കിടക്കുമ്പോൾ ഒറ്റയ്ക്ക് ആദ്യമായി കിടക്കുന്ന പേടി ഉണ്ടെങ്കിലും രാജകീയ പദവിയിൽ തന്നെയാണ് ഉറങ്ങാൻ കിടന്നത്..
പിറ്റേന്ന് പുലർച്ചെ കുഞ്ഞമ്മ വിളിച്ചെഴുന്നേൽപ്പിച്ചു പറഞ്ഞു… “കൊച്ചപ്പന്റെ കൂടെപ്പോയി പാല് വാങ്ങുന്ന വീട് കണ്ട് അവരെ പരിജയപ്പെടു നാളെ മുതൽ നീ വേണം പാൽ വാങ്ങാൻ പോകാൻ…”
പാൽ എന്ന് കേട്ടപ്പോൾ തന്നെ ആ പാവത്തിന്റെ മനസ്സിൽ രണ്ടു ലഡ്ഡു പൊട്ടി…ചക്കര കടിച്ചു കട്ടൻ കാപ്പി മോന്തുന്നവൾക്ക് പാൽ എന്ന് കേട്ടാൽ കൊതിയാവില്ലേ…
പാൽ വാങ്ങി വന്നപ്പോൾ കുഞ്ഞമ്മ ചൂൽ ആയി ഉമ്മറത്ത് നിൽപ്പുണ്ട് അത് അവൾക്ക് കൊടുത്തിട്ടു സ്നേഹത്തോടെ അവളോട് പറഞ്ഞു “കുഞ്ഞമ്മക്ക് ഈ വയറും വെച്ച് കുനിയാനും നൂരാനും ഒന്നും വയ്യ മോള് ആ മുൻവശത്തെ മുറ്റം മാത്രം ഒന്ന് അടിച്ചിടുമോ…” തലേന്ന് രാത്രിയിൽ വന്ന അവൾ മുൻഭാഗത്തെ മുറ്റം മാത്രമേ കണ്ടിരുന്നുള്ളു..സന്തോഷത്തോടെ അവൾ ചൂൽ വാങ്ങി..പാവം കുഞ്ഞമ്മ ആ വയറും വെച്ച് എങ്ങനെ മുറ്റമടിക്കും…മുറ്റമടി തുടങ്ങിയ അവൾ പിൻഭാഗത്തേക്ക് എത്തിയപ്പോൾ ഒന്ന് നന്നായി അന്ധാളിച്ചു..വീടിന് ചുറ്റും വലിയ മുറ്റം അതും നിറയെ കരിയില…
മുറ്റം വൃത്തിയാക്കി കയറിവരുമ്പോൾ സമയം ഏഴ് കഴിഞ്ഞു..അപ്പോളാണ് കുഞ്ഞമ്മയുടെ അടുത്ത പണി ഏല്പിക്കൽ… “ന്റെ കുഞ്ഞേ ദേ ഈ പാത്രമൊക്കെ പുറത്തെ പൈപ്പിൻ ചോട്ടിൽ വെച്ച് ഒന്ന് കഴുകി എടുക്കുമോ..എനിക്കാണെങ്കിൽ നടു വേദനിച്ചിട്ടു വയ്യ..” പാവം കുഞ്ഞമ്മയുടെ ദയനീയ വർത്തമാനം കേട്ട അവൾ നേരെ പാത്രം കഴുകൽ തുടങ്ങി…കരിപ്പിടിച്ച പാത്രമൊക്കെ കഴുകി അടുക്കളയിൽ കൊണ്ട് വെച്ചപ്പോൾ കുഞ്ഞമ്മ എല്ലാം ഒന്ന് ശ്രദ്ധിച്ചു… “എടി കൊച്ചേ ഈ കലത്തിന്റെ വക്കൊന്നും വെളുത്തില്ലല്ലോ…ഒരു ജോലി ചെയ്യുമ്പോൾ നന്നായി ചെയ്ത് പഠിക്കേണ്ടയോ…” വീണ്ടും മുറ്റത്തേക്ക്…
അടുക്കളയിൽ നിന്നും നല്ല മുട്ടക്കറിയുടെ മണം വരുന്നുണ്ട്…വേഗം പോയി കയ്യിലെ കരിയൊക്കെ കഴുകി ബ്രഷും പേസ്റ്റും എടുത്തു കയ്യിൽ…ആഹാ ഇന്നലെ വരെ ഉമ്മിക്കരി ഉപ്പുകൂട്ടി കൈകൊണ്ടു പല്ലുതേച്ചിരുന്ന താൻ..ഹോ ഇനി പല്ലിന്റെ ഇട കുത്താൻ നിൽക്കേണ്ടല്ലോ…
അടുക്കളയിൽ ചെല്ലുമ്പോൾ കൊച്ചപ്പനും കുഞ്ഞമ്മയുടെ മോളും ഡൈനിങ് ടേബിളിൽ ഇരുന്നു പുട്ടും മുട്ടക്കറിയും കഴിക്കുകയാണ്…വായിൽ ചെറുതായി വെള്ളം ഊറി വന്നു… “നീ പല്ല് തേച്ചു വന്നെങ്കിൽ ദേ പുട്ട് എടുത്തു കഴിച്ചോളൂ..” കുഞ്ഞമ്മ പറയേണ്ട താമസം വേഗം ചെന്നു…കുഞ്ഞമ്മ ഒരു സ്റ്റീൽ പാത്രത്തിൽ രണ്ടു കഴ്‌ണം പുട്ട് കുറച്ചു ചാറൊഴിച്ച് തന്നു…അത് വാങ്ങി അവൾ അവിടെ തന്നെ നിന്നു ഇപ്പൊ മുട്ട തരുമായിരിക്കും എന്ന പ്രതീക്ഷയിൽ… “എന്തെ നിക്കണേ ദേ ക്ലാസ്സിൽ ചായ ഉണ്ട് അതെടുത്തു ആ കൊരണ്ടിയിൽ ഇരുന്നു കഴിച്ചോളൂ…”
അവൾ പിന്നൊന്നും ചോദിച്ചില്ല വെറുതെ ടേബിളിലേക്ക് ഒന്ന് നോക്കി. ബൂസ്റ്റ് കലക്കിയ പാല് കുടിക്കണ കുഞ്ഞമ്മയുടെ മോള് ഒരു കയ്യിൽ മുട്ട…അവൾ തന്റെ ചായ ക്‌ളാസിലേക്ക് നോക്കി..പാലിന്റെ പാട കട്ടൻ ചായയിൽ വീണ പോലുള്ള കളറുള്ള വെള്ളം…നല്ല മഴയിൽ തോട്ടിലൂടെ പോണ കലക്ക വെള്ളം അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു….ഒന്നും മിണ്ടാതെ അവൾ ഭക്ഷണം കഴിച്ചു..
പിന്നെ.തുണി അലക്ക്, തേങ്ങ ചുരണ്ടൽ വിറക് ഉണങ്ങാൻ മുറ്റത്തു നിരത്തൽ, വീടിന്റെ അകം തൂത്തു തുടക്കൽ അങ്ങനെ ഉള്ള ജോലികൾ ഒക്കെ അവളുടേത് ആയി…അവൾക്ക് പരാതി ഒന്നുമില്ല…ആരോട് പറയാൻ അല്ലേ…സമയത്ത് ഭക്ഷണം കിട്ടും അതാണ് ഏക ആശ്വാസമായി ഉള്ളത്…അവർ മീൻ ഫ്രൈ ചെയ്തു കഴിക്കുമ്പോൾ ഒരു കഷണം മീൻകറി അവൾക്ക് കിട്ടും…
അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോൾ സ്കൂൾ തുറന്നു…
പുതിയ സ്കൂൾ ആണ്…ആരെയും അറിയില്ല..ആദ്യ ദിവസം കുഞ്ഞമ്മ കൂടെ വരും എന്നോർത്തു പക്ഷെ സ്കൂൾ ഗയിറ്റിന് അടുത്ത് വന്ന് അവളോട് കയറിപ്പൊയ്ക്കോളാൻ പറഞ്ഞിട്ട് കുഞ്ഞമ്മയും കൊച്ചപ്പനും അവരുടെ മോളുടെ സ്കൂളിൽ പോയി…
എന്ത് ചെയ്യണം എന്ന് പകച്ചു നിന്ന അവളെ തങ്കമ്മ ടീച്ചർ ആണ് അവളുടെ ക്ലാസ്സിൽ കൊണ്ടിരുത്തിയത്…വൈകിട്ട് സ്കൂൾ വിടുമ്പോൾ ആരെങ്കിലും വരും തന്നെ കൂട്ടാൻ എന്ന് അവളോർത്തു പക്ഷെ ആരും വന്നില്ല…അവൾ രാവിലെ വന്ന വഴി ലക്ഷ്യം വെച്ച് വേഗം നടന്നു..
വീട്ടിൽ ചെല്ലുമ്പോൾ റാണിമോൾക്ക് ചായയും ഏത്തപഴവും കുഞ്ഞമ്മ കൊടുക്കുന്നു… “ആ നീ വന്നോ…മോളെ ഇന്ന് നേരത്തെ വിട്ടു..നീ യുണിഫോം ഊരി അടുക്കളയിൽ പോയി ചായ കുടിച്ചോ അവിടെ അവൽ ഇരിപ്പുണ്ട്…” അവൾക്ക് കട്ടൻ ചായയും അവലും…തന്റെ വീട്ടിൽ എത്ര പട്ടിണി ആണെങ്കിലും ഉണ്ടാക്കുന്ന ഭക്ഷണം എല്ലാവർക്കും ഒരുപോലെ വിളമ്പുന്ന അമ്മയുടെ അനുജത്തി തന്നെ ആണോ ഇത്…അവൾ ഓർത്തുപോയി.
“നീ ചായ കുടിച്ചിട്ട് ആദ്യം കുറച്ചു വെള്ളം കോരി വെക്ക്…ഉച്ചക്ക് കറണ്ട് പോയതാ ടാങ്കിൽ വെള്ളമില്ല…” നോക്കിയാൽ നോട്ടം എത്താത്ത കിണർ..
പിറ്റേന്ന് മുതൽ രാവിലെ സ്കൂളിലേക്ക് പോകും മുന്നേ പാല് വാങ്ങി മുറ്റം അടിച്ചു പാത്രം കഴുകി അത്യാവശ്യം തുണിയും കഴുകിയെ അവൾക്ക് പോകാൻ പറ്റു…തന്റെ പുസ്തകങ്ങൾ ഇടുന്ന തോൾ സഞ്ചി തോളിൽ തൂക്കി റാണി മോളുടെ അലുമിനിയം പെട്ടി ഒരു കയ്യിൽ മറുകയ്യിൽ റാണി..അങ്ങനെ ആയി സ്കൂളിൽ പോക്ക്..റാണി മോളെ സ്കൂളിൽ ആക്കുന്നതും വിളിച്ചു കൊണ്ട് വരുന്നതും വരെ അവളായി…
കുഞ്ഞ് കുഞ്ഞ് തെറ്റുകൾ കണ്ടാൽ ശാസിച്ചിരുന്ന കുഞ്ഞമ്മ ഇടക്കൊക്കെ ദേഹോപദ്രവം തുടങ്ങിയപ്പോൾ അവളുടെ ചിന്ത വീടിനെ കുറിച്ച് മാത്രമായി..
കുഞ്ഞമ്മക്ക് വയർ കൂടും തോറും ജോലി ഭാരം കൂടി ആ നാലാം ക്‌ളാസുകാരിക്ക്…പ്രസവത്തിനു രണ്ടുമൂന്നു ദിവസം മുന്നേ കൊച്ചപ്പന്റെ സഹോദരി വന്നു നാത്തൂന്റെ പ്രസവം നോക്കാനായി…പക്ഷെ അവൾക്കായിരുന്നു ജോലി കൂടിയത്..കറിക്കരിയണം മീൻ വെട്ടണം കൂടാതെ പുതുതായി ഉണ്ടായ കുഞ്ഞിന്റെ അപ്പി തുണി കൂടി അവൾ കഴുകേണ്ടി വന്നു…ജോലികൾ കഴിഞ്ഞു കിടക്കുമ്പോൾ പതിനൊന്ന് പതിനൊന്നര പതിവായി പുലർച്ചെ എഴുന്നേൽക്കണം..അവളുടെ കട്ടിലിൽ ആണ് നാത്തൂന്റെ കിടപ്പ്..അവൾ തറയിലേക്ക് മാറി..
എന്നും നിശബ്ദമായി അവൾ കരഞ്ഞു പ്രാർത്ഥിക്കും അമ്മച്ചി ഒന്ന് വന്നെങ്കിൽ എന്ന്…അന്നൊക്കെ ഫോൺ വിളിക്കാൻ പോലും സൗകര്യം ഇല്ലല്ലോ…
കൊല്ല പരീക്ഷ അടുക്കും തോറും അവൾക്ക് സന്തോഷം കൂടി…എന്തായാലും അവധിക്കു അമ്മച്ചി വരും കൂടെ പോകാമല്ലോ…അവിടെയും അവൾക്ക് നിരാശ ആയിരുന്നു ഫലം..സ്കൂൾ അടച്ച് ഒരുമാസം ആയിട്ടും അമ്മച്ചി വരാതായപ്പോൾ ഇവിടുന്ന് ഒളിച്ചോടിയാലോ എന്ന് വരെ അവൾ ആലോചിച്ചു..
സ്കൂൾ തുറപ്പിനു മൂന്നാല് ദിവസം മുന്നേ അവളെ ഞെട്ടിച്ചു കൊണ്ട് അവളുടെ അമ്മച്ചിയും അനുജത്തിയും വന്നു..അതുവരെ അടക്കി വെച്ച സങ്കടം എല്ലാം അണപൊട്ടി ഒഴുകിയ നിമിഷങ്ങൾ…
അവളെയും കുഞ്ഞ് വാവയെയും കണ്ട് പിറ്റേന്ന് പോകാൻ വന്നതാണ് അമ്മച്ചിയും അനുജത്തിയും…അവൾ രാവിലെ തന്നെ തന്റെ കുറച്ചു മാത്രം ഉള്ള ഡ്രെസ്സുകൾ ഒരു കവറിൽ എടുത്തു പോകാൻ റെഡിയായി..
“മോള് എങ്ങോടാ മറ്റന്നാൾ സ്കൂൾ തുറക്കില്ലേ…”
“എനിക്ക് പഠിച്ചില്ലെങ്കിലും കുഴപ്പമില്ല ഞാനും പോരുവാ…”
അവളുടെ ഒരേ വാശി കൂടിയപ്പോൾ അമ്മച്ചിക്ക് എതിർക്കാൻ ആയില്ല…നേരെ സ്കൂളിൽ പോയി റ്റി സി വാങ്ങി അവൾ തന്റെ സുന്ദരമായ ഗ്രാമത്തിലേക്കു സന്തോഷമുള്ള ദാരിദ്രത്തിലേക്ക് വണ്ടി കയറി…..
~ജോളി ഷാജി