കുഞ്ഞീവിയുടെ നിരന്തരമുള്ള ഈ ചോദ്യത്തിനുത്തരം നല്‍കാന്‍ പാത്തുക്കുട്ടിക്കായില്ല. എങ്ങനെ പറയും…

_upscale _blur

തീണ്ടാരിച്ചായ്പ്പ്

എഴുത്ത്: ഷാഹില്‍ കൊടശ്ശേരി

==================

“ഈ തഴി ബെച്ചങ്ങ് തന്നാണ്ടല്ലോ..ഇപ്പണി ഇഞ്ഞൂം കാട്ട്യാണ്ടല്ലോ..കുഞ്ഞീവീ..അന്‍റെ ചെവിട് ഞാന്‍ തല്ലിപ്പൊളിക്കും..”

ആഹ്.. ഇന്നും കുഞ്ഞീവി ചോറു കട്ടെടുത്തെന്ന് തോന്നുന്നു…തഴി കയ്യില്‍ പിടിച്ച് പാത്തുക്കുട്ടി കുഞ്ഞീവിയുടെ പിന്നാലെ ഓടുന്നു..മുറ്റത്ത് തീറ്റ തേടാന്‍ വന്ന നീലാമ്പ്രത്തെ രണ്ട് കോഴിക്കളും ചിറകടിച്ച് കുതറി പറന്ന് ചാടി…

ഇതൊന്നും കണ്ടിട്ടും കേട്ടിട്ടൂല്ലാന്ന മട്ടില്‍ ചെറിയോന്‍ അപ്പഴും തെങ്ങിന്‍ തളം കിളച്ച് മറിക്കുന്ന തിരക്കിലായിരുന്നു..

അല്ലെങ്കിലും ഈനൊക്കെ പ്രതികരിച്ചിട്ട് ഒരു കാര്യോല്ലാന്ന് ചെറിയോനറിയാം..

കുഞ്ഞീവി പതിനാല് വയസ്സുള്ള തീണ്ടാരി* തന്ന്യാണ്..പക്ഷേങ്കി നാല് വയസ്സിനുള്ള ബുദ്ധിയല്ലേ പെണ്ണിനൊള്ളൂ..

ഉമ്മേം ബാപ്പേം മരിച്ചതില്‍ പിന്നെ ചെറുപ്പത്തിലേ ബുദ്ധിവൈഗല്യം ബാധിച്ചവളാണ് കുഞ്ഞീവി..

പൊരയില്‍ ആണുങ്ങള്‍ക്ക് വീരാട്ടി മൂസ്സതിന്‍റെ കരിഞ്ചന്തക്കച്ചോടത്തീന്ന് കിട്ടണ പച്ചരിച്ചാേറാണ് പതിവ്..പെണ്ണുങ്ങള്‍ പൊരയുടെ  പിന്നാമ്പുറത്തുള്ള കപ്പക്കിഴങ്ങ് പുഴുങ്ങി തിന്നും…

ഇതിപ്പം ഇന്ന് നടന്നതെന്താന്ന് വെച്ചാല്‍ ആ ചോറും കലത്തില്‍ കയ്യിട്ടു വാരിയതിനാണ് കുഞ്ഞീവിയോട് പാത്തുക്കുട്ടിക്ക് ഇത്ര ശുണ്ഢി വരാന്‍ കാരണം..പോരാത്തേന് പെണ്ണ് തീണ്ടീട്ടും ഉണ്ടത്രേ..

“എല്ലാം നസിപ്പിച്ച് നജസാക്കീലേ* പെണ്ണ്..റബ്ബേ..ഇഞ്ഞ് ആണുങ്ങള്‍ക്ക് ഇതെന്തുണ്ടാക്കി കൊടുക്കാനാ..”

പിന്നാലെ ഓടിക്കിതച്ച് തിരിഞ്ഞ് നടക്ക്ണ പാത്തുക്കുട്ടിയെ നോക്കി അടുക്കളക്ക് ചാരം കെട്ടിയ ചായ്പ്പിലേക്ക് കുമ്പിട്ട് നടന്ന് ഇന്നലെ വിരിച്ച കീറപ്പായേല്‍ ഇരുന്നു…ശേഷം കോന്തലയില്‍ കെട്ടിയ പച്ചരിച്ചോറ് ആര്‍ത്തിയോടെ തിന്നു..

നീലാമ്പ്രത്തെ രണ്ട് കോഴിക്കള്‍ അന്നേരം കുഞ്ഞീവിയുടെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കുവാണ്..

കോഴിക്കളാണേലും ആശ്ചര്യമില്ലാണ്ടിരിക്കോ…!

ഈ പൊരയിരെ ആണുങ്ങള്‍ മാത്രം തിന്ന് കണ്ടിട്ടുള്ള അരിച്ചോറാണ് ഈ പെണ്ണുംപിള്ളയിരുന്ന് തിന്നണത്..അതും തീണ്ടാരിച്ചായ്പ്പീന്ന്….*

നീലാമ്പ്രത്തെ കോഴിക്കളെ നോക്കി പെണ്ണ് മൂന്നാല് വറ്റെടുത്ത് അവറ്റകളുടെ നേരെ എറിഞ്ഞു..അവരതാര്‍ത്തിയോടെ കൊത്തിത്തിന്നുമ്പഴാണ് രണ്ട് മൂന്ന് കാക്കച്ചികൂടി ചായ്പ്പിന് മുന്നില്‍ പറന്നിറങ്ങിയത്..

ഇക്കുറി തീണ്ടിയതിന് ശേഷം അടുത്ത ആറേഴ് ദിവസത്തേക്ക് ഈ തീണ്ടാരിച്ചായ്പ്പിലെന്നെയാണ് പെണ്ണിന് വാസമെങ്കിലും ഓളതിന് പെരുത്ത് സന്തോഷിക്കണേന് രണ്ട് കാരണങ്ങളുണ്ട്..

ഒന്ന്, ആ ഇരുട്ട് മൂടി ഇടുങ്ങിയ  മുറിയില്‍ നിന്നും പെണ്ണിനെ പുറത്ത് വിടാറില്ല പൊരക്കാര്‍..അല്ലെങ്കിലേ മന്തബുദ്ധിയാണ്..ഇനിവല്ല കാട്ടിലേക്കും ഹാലു തെറ്റി പോയാലോന്നുള്ള ബേജാറ് കൊണ്ടാവും..

തീണ്ടാരി ആയേ പിന്നെ മാസത്തില്‍ ഒരാറേഴ് ദിവസം ഓള്‍ക്ക് സ്വതന്ത്രം കിട്ടിയ പോലെയാണ്…തീണ്ടാരിച്ചായ്പ്പിലാണേലും കാറ്റും വെളിച്ചോം കൊണ്ട് നിവര്‍ന്ന് കെടക്കാലോ…

പിന്നൊന്ന് തിണ്ടാരിച്ചായ്പ്പ് അടുക്കളക്കരികീ കെട്ടിയോണ്ടു തന്നെയാണ്…കട്ടെടുക്കാന്‍ പറ്റീലേലും ആണുങ്ങള്‍ക്കുള്ള ചോറ് തെളക്ക്ണ ഒച്ചയെങ്കിലും കേള്‍ക്കാലോ..

കട്ടെടുത്ത ചോറുരുളയില്‍ ഒരു പങ്ക് കാക്കച്ചിക്കൂട്ടത്തിന് കൊടുക്കാനും ഓള് മറന്നില്ല..

കോരമണല്‍ പള്ളീല്‍ ദുഹ്റ് നിസ്കാരത്തിനുള്ള നകാര* മുഴങ്ങുന്ന ശബ്ദം ചെവി കൂര്‍പ്പിച്ച് കേള്‍ക്കുന്നേന്‍റിടയില്‍ പെണ്ണ് അടുക്കളയിലേക്ക് പതിയെ ഒന്നെത്തി നോക്കി..

കോയമുക്രി കോരമണല്‍ പള്ളീല് ദുഹ്റിനുള്ള നകാര മുഴക്കണ നേരത്തായിരിക്കും പാത്തുക്കുട്ടി ആണുങ്ങള്‍ക്കുള്ള പച്ചരിച്ചോറൂറ്റുന്നത്…പക്ഷേങ്കി..ഇന്നിതെന്തു പറ്റി.. ചോറ്റുകലം ഒരനാഥപ്രേതം പോലെ അടുക്കളയിലെ തറയിലിരിക്കുന്നു..

ഒരാശ്ചര്യത്തോടെ കുഞ്ഞീവി ചുറ്റും നോക്കിയപ്പോള്‍ ഒന്നുരണ്ട് കപ്പക്കിഴങ്ങ് അധികം വെച്ച് നുറുക്കിയരിയുകയാണ് പാത്തുക്കുട്ടി..!!

പതിവ് തെറ്റിച്ച് ഇന്നാ പൊരയിലെ ആണുങ്ങള്‍ക്കും കപ്പ പുഴുങ്ങിയതാണത്രേ…!!

‘അപ്പോ ചോറ്റും കലത്തില്‍ തിളച്ച് മറിഞ്ഞിരുന്ന പച്ചരിച്ചോറോ..?”

‘അതാ തീണ്ടാരി കയ്യിട്ടു വാരി നജസാക്കീലേ..!’

രണ്ടു പിടി ചോറ് അകത്താക്കീട്ടും കുഞ്ഞീവിക്ക് വിശപ്പിന് ഒട്ടും കുറവ് വന്നില്ല..അല്ലെങ്കിലും ചായ്പ്പില്‍ ഓളൊറ്റക്കല്ലല്ലോ…

നീലാമ്പ്രത്തെ രണ്ട് കോഴിക്കളും ഊരും പേരുമറിയാത്ത കാക്കച്ചിമാരും പിന്നെ കാക്കത്തൊള്ളായിരം ചോണന്‍മാരും തേരാട്ടയും എട്ടുകാലിയുമുണ്ട്..ഓള്‍ക്ക് കൂട്ടിന് തീണ്ടാരിച്ചായ്പ്പില്‍..ഇവറ്റകള്‍ക്കെല്ലാര്‍ക്കും കൂടി രണ്ട് പിടി ചോറ് തികയൂലാന്ന് വെച്ചോണ്ട് തന്ന്യാവും കുഞ്ഞീവി പിന്നേം അടുക്കള കയറാന്‍ ഒരുമ്പെട്ടത്..

പമ്മിപ്പതുങ്ങി..പാത്തുക്കുട്ടീടെ ശ്രദ്ധയില്‍ പെടാതെ….

പെട്ടന്നതാ അടുക്ഷളച്ചോരില്‍..റാന്തല് തൂക്കിവെച്ച ഭാഗത്തൊരു പല്ലി വാല് മുറിക്കുന്നു…..!!

അവളലമുറയിട്ട് കരഞ്ഞു….!!

*******************

പല്ലികളെ അല്ലേലും കുഞ്ഞീവിക്ക് പേടിയാണ്….

അവരെങ്ങാനും വാല് മുറിച്ചാല്‍..!!

ആ പല്ലിപ്പേടിക്കൊരു കാരണോണ്ട്….

ഉമ്മേം ഉപ്പേം മരിച്ചതില്‍ പിന്നെ കുഞ്ഞീവിയെ നോക്കേണ്ട ബാധ്യത പാത്തുകുട്ടിക്കായി..

“അമ്മായീ..അമ്മായീ…എന്‍റുമ്മച്ചീം ഉപ്പച്ചീം മരിച്ചോയതെങ്ങനെ..”

കുഞ്ഞീവിയുടെ നിരന്തരമുള്ള ഈ ചോദ്യത്തിനുത്തരം നല്‍കാന്‍ പാത്തുക്കുട്ടിക്കായില്ല..എങ്ങനെ പറയും..?

അടുക്കളേന്ന് പുര കത്തിപ്പിടിച്ച് ആ തീയ്യില്‍ പെട്ട് വെന്തു മരിച്ചതാണെന്ന് കുഞ്ഞീവിയുടെ മുഖത്ത് നോക്കി പറയാന്‍ എന്തായാലും പാത്തുകുട്ടിക്കായില്ല…

റാന്തലിന്‍റെ അരണ്ട വെളിച്ചത്തില്‍ വന്ന് ചിലക്കുന്ന പല്ലിയെ നോക്കി പറഞ്ഞതാണ് പാത്തുകുട്ടി…

“പൊരയില്‍ പല്ലി വന്ന് വാല് മുറിച്ചാല്‍ ആ പൊരയിലൊരു മരണം നടക്കുംന്നാം…!!”

******************

“”അന്ന് തുടങ്ങീതാണ് കുഞ്ഞീവിക്കീ പല്ലിപ്പേടി..!!

അടുക്കള വാതുക്കല്‍ അലമുറയിട്ട് കരയുന്ന കുഞ്ഞീവിയെ കണ്ട് പാത്തുക്കുട്ടിക്ക് ദേഷ്യം അരിച്ചു കയറി..!!

“പോ അപ്രത്ത്..തീണ്ടീട്ടാണോ പെണ്ണേ അടുക്കളേ കേറണേ..പോ…പോവാന്‍…”

പാത്തുക്കുട്ടി ചൂലെടുത്ത് കുഞ്ഞീവിയെ പിന്നേം തീണ്ടാരിച്ചായ്പ്പിലേക്കയച്ചു…

മഴ പെയ്തു തുടങ്ങി..ഒരു കീറിപ്പറിഞ്ഞ കമ്പിളി പുതച്ച് തണുത്തു വിറച്ച് അവളാ മഴയുടെ മൊഞ്ച് കണ്ടാസ്വദിച്ച് ചിരിച്ചു..

നീലാമ്പ്രത്തെ രണ്ട് കോഴിക്കളും അവള്‍ക്കരികെ കോറിപ്പിടിച്ചിരുന്നു…

അടുക്കളയിലെ വൈക്കോല്‍ കൂരയില്‍ നിന്ന് മഴവെള്ളം ഇറ്റിറ്റി വീഴുന്നുണ്ട്…അതിലൊരു പങ്ക് ആ ചോറ്റു കലത്തിലേക്കും…

തീണ്ടാരി കയ്യിട്ടു നജസാക്കിയ രണ്ടിടങ്ങഴി പച്ചരിച്ചോറ് അപ്പാടെ ചെറിയോന്‍ വെട്ടിവെടിപ്പാക്കിയ തെങ്ങിന്‍ തടത്തില്‍ കമിഴ്ത്തി പാത്തുകുട്ടി തിരിഞ്ഞ് നടക്കുമ്പോള്‍ കണ്ണു തിളങ്ങിയത് കുഞ്ഞീവിയുടെയായിരുന്നു…

ആരും കാണാതെ പമ്മിപ്പതുങ്ങി അവളതാര്‍ത്തിയോടെ കഴിച്ചു തുടങ്ങി..കൂട്ടിന് നീലാമ്പ്രത്തെ രണ്ട് കോഴിക്കളും ഊരും പേരുമറിയാത്ത മൂന്ന് കാക്കച്ചിമാരും….

*********************

“വി ഷം കഴിച്ചാണത്രേ കുട്ടി മ രിച്ചത്..!”

“അതെങ്ങനെ..”

“എലിശല്യം കാരണം ചെറിയോന്‍ അടുക്കളേടെ മേല്‍ക്കൂരയില്‍ എലിവി ഷം വെച്ചിരുന്നത്രേ..ഇന്നലത്തെ മഴയില്‍ അതു കലങ്ങി ചോറ്റു കലത്തില്‍ വന്നു വീഴുംന്ന് ആരറിഞ്ഞു…!”

“എന്നാലും കുഞ്ഞീവി മാത്രമെങ്ങനെ ആ ചോറു കഴിച്ചതെന്നാ ആര്‍ക്കും ഒരു നിശ്ചയല്ലാത്തേ..”

അതെങ്ങനേ മനുഷ്യര്‍ക്ക് നിശ്ചയണ്ടാവാ…?? തീണ്ടിയ പെണ്ണിനെ മനുഷ്യനില്‍ നിന്നകറ്റി തീണ്ടാരിച്ചായ്പ്പില്‍ പാര്‍പ്പിക്കുമ്പോള്‍ നിശ്ചയണ്ടാവൂല…ആര്‍ക്കും…

മനുഷ്യര്‍ക്ക് പിന്നേം തെറ്റി..!

കുഞ്ഞീവി മാത്രമല്ല ആ ചോറുകഴിച്ചത്…നീലാമ്പ്രത്തെ നാല് കോഴിക്കളും ഊരും പേരുമറിയാത്ത മൂന്ന് കാക്കച്ചിമാരും കാക്കത്തൊള്ളായിരം ചോണന്‍മാരും ആ തെങ്ങിന്‍ തളത്തില്‍ ചത്തു മലച്ചു കെടക്കുന്നുണ്ട്…

കുഞ്ഞീവിയെപ്പോലെ..അവരും മനുഷ്യരല്ലല്ലോ….!!!

~സ്നേഹപൂര്‍വ്വം ഷാഹില്‍ കൊടശ്ശേരി

===============

NB

* നജസ് – അശുദ്ധമായ

*തീണ്ടാരി – ഋതുമതി

*നകാര – ആദ്യകാലങ്ങളില്‍ മുസ്ലീം പള്ളികളില്‍ ഉച്ചഭാഷിണി ഇല്ലാത്തത് കൊണ്ട് നമസ്കാര സമയം നാട്ടുകാരെ അറിയിച്ചിരുന്നത് നകാര മുഴക്കിയായിരുന്നു..

*തീണ്ടിരിച്ചായ്പ്പ് – ആദ്യകാലങ്ങളില്‍ പെണ്‍കുട്ടികള്‍ ഋതുമതിയായാല്‍ (ചില കുടുംബം) അവള്‍ ശുദ്ധിയാവും വരെ വീടിന് പുറത്തുള്ള ഒരു ഷെഡ്ഡിലാവും അവളുടെ വാസം