തൊട്ടതും പിടിച്ചതും….
എഴുത്ത്: ശാലിനി മുരളി
==================
ഞാൻ മരിച്ചു പോയാൽ ചേട്ടൻ വേറെ ആരെയെങ്കിലും കെട്ടുമോ?
പുല്ല്! അവൾക്ക് ചോദിക്കാൻ കണ്ട നേരം. മറുപടിയും കാത്ത് നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന ഭാര്യയെ പിണക്കിയാൽ ഇന്ന് പട്ടിണിയായിപ്പോകും.
“നീയില്ലാത്ത ജീവിതം എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല പ്രിയേ. ഭാര്യ മരിച്ചയുടനെ വേറെ പെണ്ണ് കെട്ടുന്ന പലരും കാണുമായിരിക്കും. പക്ഷെ, എന്നെ അതിനു കിട്ടില്ല.. “
ഹ്ഹോ അവൾക്ക് ആശ്വാസമായെന്നു തോന്നുന്നു. ചുറ്റി പിടിച്ച കൈകൾ കൂടുതൽ മുറുകി. ഒരു പ്രാവിന്റെ കുറുകൽ പോലെ അവൾ ചുണ്ടുകൾ വിടർത്തി.
“പക്ഷെ, എനിക്ക് അത് സങ്കടമാ കേട്ടോ. ഞാനില്ലാതായാലും ചേട്ടൻ വേറെ പെണ്ണ് കെട്ടണം. നിങ്ങളു രണ്ടാളും സന്തോഷമായിട്ട് ജീവിക്കണം. “
കൊള്ളാം പെണ്ണിന്റെ ആഗ്രഹം. ജീവിച്ചിരുന്നിട്ട് പോലും വേറൊരു പെണ്ണിന്റെ മുഖത്ത് നോക്കാൻ സമ്മതിക്കാത്തവളാണ്.
“ആട്ടെ, ഞാനെങ്ങാനും ഓർക്കാപ്പുറത്ത് പെട്ടന്ന് മരിച്ചു പോയാൽ നീയെന്തു ചെയ്യും..നീ വളരെ ചെറുപ്പമല്ലേ..പോരെങ്കിൽ സുന്ദരിയും..”
“പോ ചേട്ടാ, അങ്ങനെയൊന്നും പറയാതെ. ഞാൻ എത്ര നാള് വേണമെങ്കിലും പിടിച്ചു നിക്കും. നോക്കിക്കോ. എനിക്ക് എന്റെ ചക്കരക്കുട്ടന്റെ ഓർമ്മകൾ മാത്രം മതി.”
അതിനു നീ വേറെ ജനിക്കണം പൊന്ന് മോളെ….അയാൾ മനസ്സിൽ പറഞ്ഞത് ഭാഗ്യത്തിന് അവൾ കേട്ടില്ല!
തന്റെ ഫോണിൽ ഏതെങ്കിലും ഒരുത്തിയുടെ മുഖം വെട്ടിത്തിളങ്ങുന്നുണ്ടോ എന്ന് ദിവസവും നിരീക്ഷണം നടത്തുന്നവളാണ് വേറെ പെണ്ണ് കെട്ടാൻ പറയുന്നത്. ആ രാത്രി ഏതായാലും ഇളയ്ക്കും മുള്ളിനും കേടില്ലാതെ ശുഭ പര്യവസായിയായി അവസാനിച്ചു..
പിറ്റേന്ന് കുളിയും കഴിഞ്ഞു ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോഴാണ് നേരമില്ലാത്ത നേരത്ത് അടുത്ത ചോദ്യം ചോദിക്കാൻ അവൾക്ക് നേരമൊത്തത്.
“അതെ ചേട്ടാ..ഈ ചെറിയ ജീവിതത്തിൽ കൊടുത്തു പോകാം സൗഹൃദം, പങ്കു വെയ്ക്കാം സ്നേഹം എന്ന് പറഞ്ഞാലെന്താ? “
വായിലേയ്ക്ക് വെച്ച പുട്ടിന്റെ കഷ്ണം തൊണ്ടയിൽ കുടുങ്ങിപ്പോയത് പോലെ ഒരു ചുമ വന്നു വിലങ്ങി. ചൂട് ചായ കയ്യിൽ പിടിപ്പിച്ചു കൊണ്ടാണ് അവൾ ബാക്കി പറഞ്ഞത്.
“പതുക്കെ കഴിക്ക് ചേട്ടാ..പുട്ട് ഇഷ്ടമാണെന്ന് വെച്ച് ഇങ്ങനെ വലിച്ചു വാരി കഴിക്കാമോ?”
ചായയ്ക്ക് നല്ല ചൂട് ഉണ്ടായിരുന്നു. നാക്ക് ലേശം പൊള്ളിയതിന്റെ ദേഷ്യത്തെക്കാൾ താൻ കുളിക്കാൻ കയറിയ നേരത്ത് തന്റെ ഫോൺ എടുത്തു നോക്കിയതിന്റെ അരിശമായിരുന്നു അയാളുടെ മനസ്സിൽ..ലോക്ക് ഇട്ടാലും അവളെങ്ങനെയെങ്കിലും കണ്ട് പിടിക്കും, മാരണം….
കൂടെ ജോലി ചെയ്യുന്ന നിഷയ്ക്ക് രാവിലെ ഇട്ട ഗുഡ് മോർണിംഗ് മെസ്സേജിനെ കുറിച്ച് ആണ് അവൾ ഒന്നുമറിയാത്തത് പോലെ അർത്ഥം ചോദിച്ചത്.
കഴിപ്പു മതിയാക്കി കൈ കഴുകി മുറിയിൽ കുത്തിവെച്ച ഫോൺ എടുത്തു നോക്കി. അവൾ എന്തൊക്കെ നോക്കിക്കാണുമോ..ഇന്നലെ ഗ്രൂപ്പിൽ ആരൊക്കെയോ എന്തൊക്കെയോ വീഡിയോസും ഇട്ടിരുന്നു. ഇനി ഫോൺ ലോക്ക് തുറക്കുന്നത് ഒന്ന് കാണണമല്ലോ. പുതിയ ലോക്കിൽ ഫോൺ ഒന്ന് ഇക്കിളി പൂണ്ടത് പോലെ !
ആ നേരത്ത് വന്ന മെസ്സേജ് ടോൺ കണ്ട് അതെടുത്തു നോക്കുമ്പോൾ മഞ്ജരി ആണ്, ഓഫീസിലെ അക്കൗണ്ടന്റ്. പതിവുള്ള ഗുഡ് മോർണിംഗ് തന്നെ.
എല്ലാ മെസ്സേജുകളും ഡിലീറ്റ് ചെയ്‌ത് അയാൾ ഷർട്ട് ഇടാനായി തിരിയുമ്പോൾ പിന്നിൽ ഒരനക്കം പോലും കേൾപ്പിക്കാതെ നിൽക്കുന്ന ഭാര്യയെ കണ്ടയാൾ ശരിക്കും ഒന്ന് ഞെട്ടി..ഇവൾക്ക് കാലെന്ന് പറയുന്ന സാധനം ഒന്നുമില്ലേ.
“ചേട്ടാ, ഇന്നലെ പറഞ്ഞത് ഞാൻ തിരിച്ചിങ്ങെടുക്കുവാ കേട്ടോ..”
“എന്ത്? “
“അല്ലാ..ഞാൻ മരിച്ചാൽ നിങ്ങള് വേറെ കെട്ടിക്കോ, പക്ഷെ നിങ്ങളാണ് ആദ്യം മരിക്കുന്നതെങ്കിൽ ഞാൻ എന്തിനാ കെട്ടാതെ നിൽക്കുന്നത് അല്ലെ? ഞാൻ ഒരു പുസ്തകത്തിൽ വായിച്ചതാണ്, ജീവിച്ചിരിക്കുന്നവരുടെ സന്തോഷം കാണുമ്പോഴേ മരിച്ചു പോകുന്നവർക്ക് നിത്യ ശാന്തി കിട്ടൂന്ന്.. “
അപ്പോൾ അവൾ രണ്ടും കല്പിച്ചാണ് !
“ഓഹ്, നീയെന്തെങ്കിലും ചെയ്യ്..ആരെക്കെട്ടിയാലും അവർക്കിത്തിരി സ്വൈര്യം കൊടുത്താൽ മതി “
“അത് പറഞ്ഞത് ന്യായം. പക്ഷെ, എന്നെപ്പോലും സഹിക്കാൻ പറ്റാത്ത നിങളെങ്ങനെയാണ് മനുഷ്യാ, ഒന്നിൽ കൂടുതൽ പെണ്ണ് കെട്ടുന്നത്? ” നിഷ, മഞ്ജരി , സുനിത..അങ്ങനെ നീണ്ടു കിടക്കുവല്ലേ പേരുകൾ..ഞാൻ ജീവിച്ചിരുന്നിട്ട് ഇങ്ങനെ ആണേൽ എങ്ങാനും ചത്തു പോയാൽ എന്തായിരിക്കും.. “
“നീ ചത്തു പോയാൽ ഞാൻ ആദ്യം ഏതെങ്കിലും ഒരു നല്ല മന്ത്രവാദിയെ കണ്ട് ഒരു തകിട് അടിച്ച് ദേഹത്തിടും..അല്ല പിന്നെ..”
പിന്നിൽ നിന്ന് എന്തൊക്കെയോ അപശബ്ദം കേൾക്കുന്നുണ്ടെന്നു തോന്നി..എങ്കിലും തിരിഞ്ഞു നോക്കാതെ വേഗം ജീവനും കൊണ്ട് പുറത്തിറങ്ങുമ്പോൾ ഒരു വലിയ ചിരി ഉള്ളിൽ കിടന്നു വീർപ്പു മുട്ടുന്നുണ്ടായിരുന്നു.
~ശാലിനി മുരളി