ഐ ആം അണ്ടർ അറസ്റ്റ്…
Story written by Ranjitha Liju
=============
രാവിലെ ടൈഗറിന്റെ കുര കേട്ടു ഞെട്ടിയുണർന്ന് കട്ടിലിൽ ഇരുന്നു. അപ്പൊ തന്നെ പുറത്തേക്കു ചാടി പോയ സ്ഥലകാല ബോധത്തെ വല്ലവിധേനയും പിടിച്ചു വലിച്ചു അകത്തു കയറ്റി.
പ്രത്യേകിച്ചു കാര്യമൊന്നുമില്ലെങ്കിലും ഉണർന്ന ഉടനെ സമയം നോക്കുന്ന ഗുരു കാരണവന്മാരെ മനസിൽ ധ്യാനിച്ചു കൊണ്ട് ഞാൻ ക്ലോക്കിലേക്കു നോക്കി. പാവം! കഴിഞ്ഞ ഒരാഴ്ചയായി ശവാസനത്തിലാണ്. അവനും വേണ്ടേ ഒരു റിലാക്സേഷൻ ഒക്കെ. എന്തൊര് ഓട്ടപ്പാച്ചിലായിരുന്നു. കണ്ടാ തോന്നും ഈ ലോകം മുഴുവൻ അവന്റെ കയ്യിലാന്ന്. അഹങ്കാരി!! അവന് അതു തന്നെ വേണം.
അടുത്ത നിമിഷം തന്നെ അവനോട് സഹതാപവും തോന്നി. അല്ലേൽ ആർക്കാ ഇപ്പൊ അഹങ്കാരം ഇല്ലാത്തത്.
അല്ലാ,അതല്ലല്ലോ ഇവിടുത്തെ വിഷയം. അവനെ വീണ്ടും ഒന്നോടിക്കാം എന്നു വച്ചാ, മേശയിൽ കിടക്കുന്ന ബാറ്ററി പൊട്ടിച്ചിടാൻ വിയർപ്പിന്റെ അസുഖമുള്ള എന്നെ എന്നിലെ ഡോക്ടർ അനുവദിക്കില്ല. ഡോക്ടർക്കു രോഗിയാണല്ലോ പ്രധാനം.
അപ്പോഴാണ് പ്രഭാതകർമ്മത്തെ കുറിച്ചോർത്തത്. പണ്ട് ഏതോ സംസ്കാരമില്ലാത്തവർ ഉണ്ടാക്കി വച്ച ഓരോ ദുരാചാരങ്ങൾ. പിന്നെ എല്ലാ ആചാരങ്ങളും (ദുരാചാരങ്ങളും) മുറ തെറ്റാതെ നടത്തിപോന്നിരുന്ന ഒരു കുടുംബത്തിൽ ജനിച്ചു പോയത് കൊണ്ടു പല്ലു തേപ്പ്, കുളി ഇത്യാദി കർമങ്ങൾ ചെയ്തെന്നു വരുത്തി ബാത്റൂമിൽ നിന്നും പുറത്തിറങ്ങി. പിതൃക്കളെ പിണക്കാൻ പാടില്ലല്ലോ.
മുറിയിൽ ആകമാനം ഒന്നു നോക്കി. കഴിഞ്ഞ ഒരു മാസമായി വെള്ളം കാണാൻ വെമ്പി നിൽക്കുന്ന എന്റെ ജുബ്ബ കതകിന്റെ ആണിയിൽ കിടന്ന് എന്നെ ഇളിച്ചു കാണിച്ചു. ഒരു കരണത്തടിച്ചാൽ മറു കരണം കൂടി കാണിച്ചു കൊടുക്കണം എന്ന് പറഞ്ഞ ഗാന്ധിജിയുടെ പിൻ തലമുറക്കാരനായതുകൊണ്ടു ആ ഇളി ഞാൻ കാര്യമായി എടുത്തില്ല. അവന് ഒരു പോറൽ പോലും ഏൽക്കാതെ സസൂക്ഷ്മം എടുത്ത് തലവഴി താഴേക്കു മെല്ലെ ഇറക്കി. പോകുന്ന വഴി അവൻ എന്റെ തള്ളി നിൽക്കുന്ന നാസികയിൽ ഒന്നു തൊട്ടു തലോടി കടന്നു പോയി. ആ നിമിഷം, നേരത്തെ പിടിച്ചുകേറ്റിയ സ്ഥലകാല ബോധം വാണം വിട്ട പോലെ പുറത്തേക്കു പോയി, ദൂരെ മാറി കൈയും കെട്ടി നോക്കി നിന്നു. അല്ല!അവനേയും കുറ്റം പറയാൻ പറ്റില്ല.
അതിങ്ങനെ ഇടക്ക് പോയീം വന്നും നിക്കുന്നത് കൊണ്ട് ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ പോയില്ല. കുറച്ചു കഴിഞ്ഞ് ചമ്മി നാറി വീണ്ടും തിരിച്ചു വന്നു കേറി.
പിന്നെ, ആമസോണ് കാടുകൾ കത്തി നശിച്ച ശേഷം വാസ സ്ഥലം നഷ്ട്ടപ്പെട്ട കുറച്ചു പക്ഷിമൃഗാദികൾക്ക് ഞാൻ എന്റെ മുടിയിലും താടിയിലും അഭയം കൊടുത്തിട്ടുണ്ട്. ഒരുപാടു വിഷമങ്ങൾ അനുഭവിച്ചു വന്നവരായത് കൊണ്ട് ഞാൻ ഇപ്പൊ അവരെ ഒരു ചീപ്പ് കൊണ്ടു പോലും വേദനിപ്പിക്കാറില്ല. അവരങ്ങനെ തന്നെ സുഖമായി ജീവിച്ചോട്ടെ.
എത്ര കണ്ടാലും എനിക്ക് തന്നെ മതി വരാത്ത എന്റെ സൗന്ദര്യം ഞാൻ അഞ്ചാറു തവണ കണ്ണാടിയുടെ മുന്നിൽ ഇരുന്നും കിടന്നും നോക്കി .സൗന്ദര്യം ആസ്വദിക്കാൻ ഉള്ളതാണെന്ന് പണ്ടാരോ പറഞ്ഞത് ഞാൻ ഓർത്തു. അങ്ങനെ സുന്ദരകളേബരനായ ഞാൻ കണ്ണാടിയിൽ നോക്കി ധൃദംഗ പുളകിതനായി മുറിയിൽ നിന്നിറങ്ങി.
ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഞാൻ എന്നെ ഒന്നു പരിചയപ്പെടുത്താം.എന്റെ പേര്’ സുധാകരൻ ചെമ്പകശ്ശേരിൽ’ അതു ഒട്ടും പരിഷ്ക്കാരികളല്ലാത്ത എന്റെ അച്ഛനുമമ്മയും ഇട്ടത്.പക്ഷെ ഇപ്പൊ, ഞാൻ എന്നെ വിളിക്കുന്നത് ‘സുധി ചെമ്പ്’ എന്നാണ്. സുധാകരൻ ലോപിച്ചാണ് സുധി ആയതെങ്കിലും, ചെമ്പ് എന്ന വാൽകഷ്ണത്തിന് പിന്നിലെന്റെ ഒരു പൊടി നമ്പറുണ്ട്. മലയാള സിനിമയിൽ എത്ര ശ്രമിച്ചിട്ടും ക്ലച്ച് പിടിക്കാതെ കിടക്കുന്ന ഒരു പയ്യന്റെ സ്ഥലമാണല്ലോ ചെമ്പ്. അപ്പോ അങ്ങനെയെങ്കിലും ആ പുള്ളിയെ പത്തുപേരറിഞ്ഞോട്ടെ എന്നു വച്ചു.ഒരു പരോപകാരം.
ഞാൻ ഒരു കഥാകൃത്താണ്. ചെറുകഥയാണെന്റെ മെയിൻ. അപ്പൊ നിങ്ങൾക്ക് തോന്നും ഇവനെന്താ നീണ്ട കഥ എഴുതാൻ അറിയില്ലേ എന്നു. അറിയാഞ്ഞിട്ടല്ല..അമിതാഭ് ബച്ചനിൽ തുടങ്ങിയാലും ഗിന്നസ് പക്രുവിലെ വന്നു നിൽക്കൂ അതാ…
ഇപ്പൊ ചില ഓൺലൈൻ പംക്തികളിലും പിന്നെ, നൂറു പേര് തികച്ചു വായിക്കണേയെന്നു എഡിറ്റോറിയൽ ബോർഡ് പോലും ഉള്ളുരുകി പ്രാർത്ഥിക്കുന്ന ചില മാസികകളിലും ഒക്കെ എന്റെ കഥകൾ അച്ചടിച്ചു വരാറുണ്ട്. ചില പ്രമുഖ വാരികകൾ, മാസികകൾ ഒക്കെ എന്റെ കഥകൾ ചോദിക്കാഞ്ഞിട്ടല്ല, വേണ്ടെന്നു വച്ചിട്ടാ. എനിക്ക് പ്രശസ്തിയിൽ ഒന്നും തീരെ താൽപ്പര്യമില്ല. മാത്രവുമല്ല എന്റെ കഥാപാത്രങ്ങളെ സമൂഹ മദ്ധ്യത്തിൽ ഇട്ടു പിച്ചിച്ചീന്തുന്നത് കാണാൻ എനിക്കിഷ്ടമല്ല. ഇതാവുമ്പോ വായനക്കാർ വായിച്ചിട്ട് ,കിട്ടുന്ന ബസ്സ് പിടിച്ചു എങ്ങോട്ടെങ്കിലും പൊക്കോളും.
നാളെത്തന്നെ ഒരു പുതിയ കഥ ഏതോ ഓൺലൈൻ പംക്തിക്കു അയച്ചു കൊടുക്കണമെന്ന് ആരോ നിർബന്ധിച്ചത് പോലെ എനിക്ക് തോന്നി. അതിനാണ് ജുബ്ബ യിട്ടുള്ള എന്റെ നിൽപ്പ്. കഥയെഴുതുമ്പോ ജുബ്ബ മാത്രമല്ല മറ്റൊരു കാര്യം കൂടി എനിക്ക് നിർബന്ധമാണ്. ഒരു ചാരുകസേര. അതിനു വേണ്ടി സ്ഥിരമായി ഒരെണ്ണം മണ്ഡരി വന്നടിച്ചു പോയ തെങ്ങിന്റെ കീഴെ ഇട്ടിട്ടുണ്ട്. പ്രേത്യേകിച്ചു കാര്യം ഒന്നുമുണ്ടായിട്ടല്ല, വല്യ എഴുത്തുകാരൊക്ക അങ്ങനെയാണെന് പറഞ്ഞ് കേട്ടിട്ടുണ്ട്.
ഞാൻ നേരെ അടുക്കളയിലേക്ക് വച്ചു പിടിച്ചു. ഭാര്യയുടെ കയ്യിൽ നിന്നും ഒരു ഗ്ലാസ് ചായ വാങ്ങി. അതിനെ ചായ എന്ന് വിളിക്കുന്നത് കേട്ടാൽ ഈ ലോകത്തുള്ള മറ്റ് സകലമാന ചായകളും കൂട്ട ആത്മഹത്യ ചെയ്യുമെന്നുള്ളത് കൊണ്ട് തൽക്കാലം ‘വാട്ടവെള്ളം’ എന്നു വിളിക്കാം. അങ്ങനെ, ആ വെള്ളവുമായി പുറത്തു ചാരു കസേരയിലേക്ക് എഴുതാനായി ഇരുന്നു. എത്ര ശ്രമിച്ചിട്ടും സ്വയം പേറ്റു നോവ് വരാത്തത് കൊണ്ട് എന്നിലെ നഴ്‌സ് വേദനക്കുള്ള ഇഞ്ചക്ഷൻ തന്നു കാത്തിരുന്നു. ആ കാത്തിരിപ്പിന് ഒരു ഗുണവുമില്ലെന്ന് മനസിലാക്കിയ അവർ ലേബർ റൂം തുറന്ന് ചവിട്ടി തുള്ളി പുറത്തേക്ക് പോയി.
ഇതിനിടയിൽ വടിയിടിച്ചും, ഇഴഞ്ഞും, ബസ്സിന്റെ കമ്പിയിൽ തൂങ്ങിയും, ഓട്ടോ പിടിച്ചും പല കഥാപാത്രങ്ങളും വന്നു പോയി. അവരെയൊക്ക ഞാൻ ഫോർവേഡ് അടിച്ചു വിട്ടു. അതിനിടയിൽ എന്നെ ഒന്ന് സ്വാധീനിക്കാൻ ഫോട്ടോഷോപ്പിൽ കയറി സൗന്ദര്യം കൂട്ടി വന്ന രണ്ടുമൂന്നു പേരെ റീവൈൻറ് ചെയ്തു പോസ് അടിച്ചു നിർത്തി. അങ്ങനെ നിർത്തിയെങ്കിലും മുന്നോട്ടുള്ള യാത്രക്ക് ഒരു വണ്ടിയും കിട്ടിയില്ല.
ഇതൊന്നും നടപ്പു വശമല്ല എന്ന് മനസ്സിലാക്കിയ നിദ്രാകുമാരി എന്റെ മുന്നിൽ വന്ന് സല്യൂട്ട് അടിച്ചു നിന്നു. ആ സല്യൂട്ടിന്റെ ആഘാതത്തിൽ, ലോറി കയറിയിറങ്ങിയ മാക്കാൻ തവളയെപ്പോലെ രണ്ടു കാലും ഇരുവശത്തേക്ക് കയറ്റി വച്ച്, വാ തുറന്നു ചാരുകസേരയിലേക്കു ഞാൻ മലർന്നു വീണു. ഗട്ടറുകളിൽ നിന്ന് ഗട്ടറുകളിലേക്ക് ചാടിയും, കുന്നും മലയും കയറിയും,ഇറക്കം നിരങ്ങിയിറങ്ങിയും പോകുന്നതിനിടയിൽ ആരോ.. “സർ,സർ,സാർർർ “ എന്നുറക്കെ വിളിച്ചു. മൂന്നാമത്തെ സർ വിളിയിൽ, തലയിൽ മസ്സാജ് സെന്റര് നടത്തിക്കൊണ്ടിരുന്ന നിദ്രാകുമാരി കയ്യിൽ കിട്ടിയ സാധാനങ്ങളുമെടുത്ത് കണ്ടം വഴി ഓടി.
അതൊരു കിളിശബ്ദമായിരുന്നത് കൊണ്ടു കണ്ണുകൾ തുറക്കുന്നതിനിടയിൽ തന്നെ ഞാൻ ചോദിച്ചു.
“ആരാ”
“ഞാനാ മീനാക്ഷി”
“മീനാക്ഷിയോ” ആ ചോദ്യത്തിനിടയിൽ തന്നെ സ്കൂൾ മുതൽ ഇന്നുവരെയുള്ള സകലമാന ലിസ്റ്റുകളും വലിച്ചു വാരിയിട്ടു തപ്പി. പക്ഷെ അതിലൊന്നും ഈ പേര് കണ്ടില്ല.”ഈശ്വരാ! ഇനി എന്റെ കൈ തട്ടി എങ്ങാനും ഡിലീറ്റ് ആയിപ്പോയതാണോ?”
ഞാൻ മെല്ലെ കണ്ണുകൾ തുറന്നു നോക്കി. മനോരമയിലും മംഗളത്തിലും മാത്രം കണ്ടിട്ടുള്ള സ്ത്രീസൗന്ദര്യം.മുട്ടറ്റം വരെയുള്ള മുടി കുളിപ്പിന്നലിട്ടു വിടർത്തിയിട്ടിരിക്കുന്നു. മുടിയിഴകളിൽ തുളസിക്കതിർ. നെറ്റിയിൽ ചന്ദനക്കുറി , ഉയർന്ന നെറ്റിത്തടം, താമരമൊട്ടുപോലുള്ള കണ്ണുകൾ..ഓഹ്! കൂടുതൽ വർണ്ണിക്കാൻ സമയമില്ല. കണ്ടിട്ടില്ലാത്തവർ ആ ആഴ്ചപ്പതിപ്പൊക്കെ ഒന്നെടുത്തു നോക്കിക്കോ. കസവു വെച്ച ചുവന്ന ബ്ലൗസ്, ചുവപ്പിൽ ചെറിയ പൂക്കൾ ഉള്ള പാവാട,പിന്നെ ചുവന്ന നിറത്തിലുള്ള ദാവണിയും. ആകെ മൊത്തം ഒരു ചുവപ്പു മയം. ഇനി കാവിലെ ഭഗവതി നേരിട്ടു പ്രത്യക്ഷപ്പെട്ടതാണോ? എയ്യ്, ആയിരിക്കില്ല.
ഞാൻ പെണ്ണ് കണ്ടു അലഞ്ഞു നടന്നപ്പോൾ ഇവളൊക്കെ എവിടെ പോയി കിടക്കുവാരുന്നു. കൂടെ താമസിക്കുന്ന പൂതനയെ മനസ്സിൽ ഒരു നൂറു വട്ടം കിണറ്റിലേക്കെറിഞ്ഞു കൊണ്ടു ഞാൻ വീണ്ടും ചോദിച്ചു…
“കുട്ടി ഏതാ? എനിക്കങ്ങട് പിടികിട്ടണില്യാല്ലോ?
ങേ!” അയ്യോ ഇതിപ്പോ എവിടുന്നാ ഒരു നമ്പൂതിരി ? ഞാൻ ഓർത്തു.ആ കുട്ടിയുടെ സൗന്ദര്യത്തിൽ ഭ്രമിച്ചു വന്ന ഏതോ വഷളനാ..അയാളെ ഞാൻ അപ്പൊ തന്നെ വണ്ടി കാശ് കൊടുത്ത് പറഞ്ഞു വിട്ടു.
“സർ, ഞാൻ സാറിന്റെ മാനസപുത്രി”
“ഏത് മാനസയുടെ പുത്രി” വീണ്ടും ലിസ്റ്റ് പൊടിതട്ടിയെടുത്തു തപ്പി.
“അയ്യോ,മാനസയുടെ പുത്രിയല്ല. മാനസ പുത്രി. കുറച്ചു മുന്പു സർ മൂന്നുപേരെ പോസ് അടിച്ചു നിർത്തിയില്ലേ. അതിലൊരാളാ.”
“അപ്പൊ മറ്റേ രണ്ടു പേരോ? “
“ഈ ചീള് കേസിനൊന്നും അവരെ കിട്ടൂല്ലാന്നും പറഞ്ഞു പൊടിയും തട്ടി അവര് പോയി. പിന്നെ നിന്ന് നിന്ന് കാലു കിഴച്ചപ്പോ ഞാൻ ഇങ്ങു പോരുന്നു”
“അയ്യോ എന്റെ കൊച്ചേ വേഗം സ്ഥലം വിട്ടോ. ആ മൂദേവിയെങ്ങാനും കണ്ടോണ്ട് വന്നാ എന്റെ ശവ അടക്കും ചരമ വാർഷികവും അവളൊരുമിച്ചു നടത്തും”.
“സർ പേടിക്കണ്ട..എന്നെ സാറിനു മാത്രമേ കാണാൻ പറ്റു”
എനിക്ക് ആശ്വാസമായി. “അതൊക്കെ പോട്ടെ,എന്താ നിന്റെ ആഗമനോദ്ദേശ്യം?”
“സർ ഇന്ന് എന്നെക്കുറിച്ചെഴുതണം”
“ഒന്നു പോ കൊച്ചേ..ഒന്ന് പോസ് അടിച്ചു നിർത്തിയെന്നു വച്ചു ഞാൻ നിന്നെ ഷോർട്ട് ലിസ്റ്റ് ഒന്നും ചെയ്തിട്ടില്ല. മാത്രവുമല്ല ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിനു പറ്റിയ കോലമാണോ ഇത്?നിനക്കു സൗന്ദര്യം ഉണ്ടെന്നു ഞാൻ സമ്മതിച്ചു. പക്ഷെ അതൊന്നു കൊണ്ടു മാത്രം ഇപ്പോഴത്തെ മാർക്കറ്റിൽ പിടിച്ചു നിൽക്കാൻ പറ്റില്ല. പിന്നെ പഴയ സ്ത്രീ സങ്കൽപ്പം, ക്ഷമ, സഹനം, സ്നേഹം ഇതൊന്നും ഇപ്പൊ ഇവിടാർക്കും വേണ്ട. ഇപ്പൊ പെണ്പിള്ളേരെല്ലാം ന്യൂ ജൻ ആണ്. അവര് വിചാരിച്ചാ ഇവിടെ എന്തും നടക്കും. പോരാഞ്ഞു അവരൊക്കെ ഇപ്പൊ പുരുഷന്മാരുടെ തലയിലാ ആറ്റുകാൽ പൊങ്കാല വരെ ഇടുന്നെ..പിന്നെ ദേഹം മുഴുവനും മറച്ചോണ്ടുള്ള നിന്റെ വേഷവിധാനവും. ഇല്ല ! ഇതൊന്നും ഒട്ടും ശരിയാവില്ല. മോളെ ,സ്നേഹം കൊണ്ട് പറയുവാ, ഇവിടെ നിന്നു വെറുതെ വെയിലു കൊള്ളണ്ട. നീയൊക്കെ ഫീൽഡ് ഔട്ട് ആയി”
“എന്റെ ചേട്ടാ”
“ങേ!ചേട്ടനോ?”
“അതേ നമ്മളിത്രയും അടുത്ത സ്ഥിതിക്ക് ഈ സാർ വിളി ഒരു ബോറല്ലേ? ആ വിളിക്കു ഒരടുപ്പക്കുറവുണ്ട്”
അതെനിക്ക് അങ്ങു ബോധിച്ചുവെങ്കിലും വലിയ താൽപ്പര്യം കാണിക്കാതെ ഞാൻ നിന്നു.”ശരി എന്തോ വേണോ വിളിച്ചോ പക്ഷെ അടുപ്പം കൂടിക്കൂടി ഒടിവിൽ ചീത്ത മാത്രം വിളിക്കാതിരുന്നാ മതി.”
“എന്റെ ചേട്ടാ,ഞാൻ പറഞ്ഞു വന്നത്, ഈ സ്ത്രീകളെക്കുറിച്ച് ചേട്ടന് എന്തറിയാം. ഒരു പെണ്ണായ എനിക്കറിയാവുന്ന അത്രേം എന്തായാലും അറിയാൻ വഴിയില്ല. എല്ലാം മനസ്സു കൊണ്ടു പാവങ്ങളാ ചേട്ടാ,അതിപ്പോ പഴയതായാലും പുതിയതായാലും. പിന്നെ സാഹചര്യം കൊണ്ടു പല നാടകങ്ങളും കളിക്കുന്നതാ”
“ഉവ്വ്, ഉവ്വ്” ഇവിടെയും ഉണ്ടൊരുത്തി. അവളുടെ അഭിനയത്തിന് പത്തു പതിനഞ്ചു ഓസ്കാർ ആണ് പെട്ടിയോട്ടോയും പിടിച്ചു വീട്ടിലേക്കു വന്നത്
മീനാക്ഷി വീണ്ടും പറഞ്ഞു ”സ്ത്രീകൾ അന്നും ഇന്നും ഒരുപോലെ തന്നെയാ. ഒരു തരി സ്നേഹം കൊടുത്തു നോക്കിയേ കുന്നോളം തിരിച്ചു തരും”.
“അടിയും അതുപോലെ തന്നെയാ” ഞാൻ ഓർത്തു.
“പിന്നെ സൂരജ് വേദനിപ്പിച്ചാ ഏതു പാമ്പായാലും ഉത്രയെ കടിച്ചിരിക്കും”
“ങേ!എന്ന് വച്ചാ”
“എന്ന് വച്ചാ ദേഷ്യം വന്നാ ആരായാലും പ്രതികരിക്കും എന്ന്”
“അതിനു, ഇവിടെ ആ ഉപമയുടെ ആവശ്യം?”
“ചുമ്മാ കിടക്കട്ടെ. ഒരുവഴിക്കു പൊന്നതല്ലേ.
പിന്നെ ക്ഷമയുടെയും സഹനത്തിന്റെയും കാര്യം. ഇപ്പോഴുത്തെ പെണ്ണുങ്ങൾക്ക് അതില്ലായിരുന്നെങ്കിൽ ‘ഒരു വീട്ടിൽ ഒരു ശൗചാലയം’ എന്ന പോലെ ‘ഒരു വീട്ടിൽ ഒരു ജോളി എങ്കിലും ഉണ്ടായേനെ’”
അവള് പറഞ്ഞതിൽ കുറച്ചൊക്കെ സത്യമുണ്ടെന്നു എനിക്കും തോന്നി. പക്ഷെ ഇതൊക്കെ കേട്ട് വെറുതെ പല്ലിന്റെയിടയിൽ കുത്തിക്കൊണ്ടിരുന്ന എന്നിലെ ‘മെയിൽ ഷോവനിസ്റ്റ്’ ചാടി എഴുന്നേറ്റു നിവർന്നു നിന്നു.
അവള് വിടുന്ന ലക്ഷണമില്ല.”പിന്നെ വസ്ത്രമാണ് പ്രശ്നമെങ്കിൽ ദേ പോയി ദാ വന്നു” എനിക്ക് മനസിലവാത്തതുകൊണ്ട് അവൾ പറഞ്ഞു ”എന്റെ ചേട്ടാ, ശ്ശടേന്ന് ഡ്രെസ് മാറി വരാമെന്ന്”
കുറേ നേരമായി എഴുന്നേറ്റു നിക്കുന്ന ഷോവനിസ്റ്റ് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു ”അതൊന്നും നടക്കില്ല.നീ പോയേ. എന്തെഴുതണമെന്ന് എനിക്കറിയാം. എന്നെ ആരും പഠിപ്പിക്കാൻ വരണ്ട. അല്ലേലും നീ ഒരു പീറ പെണ്ണല്ലേ. പെണ്ണിനെ എഴുതി വളർത്താനും തളർത്താനും ഞങ്ങൾ വിചാരിച്ചാൽ നടക്കും. അതുകൊണ്ട് വേഗം സ്ഥലം വിട്ടോ”
“അങ്ങനെ പറയുമ്പോ പോകാൻ എനിക്ക് സൗകര്യമില്ല..മര്യാദക്ക് ഞാൻ പറയുന്ന പോലെ എഴുതിക്കോണം. ഇത്രയും നാൾ നിങ്ങളുടെ ഒക്കെ താളത്തിന് തുള്ളാനെ ഞങ്ങളെപ്പോലെയുള്ള പാവം കഥാപാത്രങ്ങൾക്ക് പറ്റിയിരുന്നുള്ളൂ. ഇനി സ്ഥിതി അതല്ല.ഞങ്ങൾ പറയും പോലെ നിങ്ങൾ എഴുതും. അതാണ് ‘AKKA’യുടെ തീരുമാനം.
“ ‘അക്കയോ’ ഏത് അക്ക?”
“അക്കയല്ല, ‘AKKA'(All Kerala Kadhapathra Association)” അവളുടെ ഭാവം മാറി.
പ്രസംഗിക്കാനായി മൈക്കിന്റെ മുന്നിൽ നെഞ്ചും വിരിച്ചു നിന്ന ഷോവനിസ്റ്റ് പതുക്കെ ഇരിക്കാൻ കസേര തപ്പി. കാര്യങ്ങൾ അത്ര പന്തിയല്ല എന്ന് കണ്ട ഞാൻ വേഗം തന്നെ കൃതജ്ഞത പറഞ്ഞ് വേദി പിരിച്ചു വിട്ടു. അ ണ്ടി കളഞ്ഞ അണ്ണാനെപ്പോലെ ഇരുന്ന എന്നെ നോക്കി അവൾ പറഞ്ഞു. ”എന്നാൽ തുടങ്ങിയാലോ”.
റൂട്ട് ഒന്നു മാറ്റിപ്പിടിക്കാനായി എന്നിലെ പകൽ മാന്യനെ ഞാൻ ഊണ് കഴിക്കാൻ പറഞ്ഞുവിട്ടു..അൽപ്പം റൊമാന്റിക് ആയി. പ്ലേറ്റിൽ ഇരുന്ന ലഡ്ഡുവെല്ലാം കൂട്ടത്തോടെ പൊട്ടി.മെല്ലെ പുഞ്ചിരി തൂകി കൊണ്ടു പറഞ്ഞു ”മോളേ മീനാക്ഷി..വാ ചേട്ടന്റെ മടിയിലേക്കു ഇരിക്ക്. അതാവുമ്പോ നിനക്കു കഥ പറയാനും എനിക്ക് എഴുതാനും ഒരു സുഖമുണ്ട്”
“ഫാ!!!” അവളുടെ താറ്റല് കേട്ടു പൊട്ടിയ ലഡുവെല്ലാം ഒരുമിച്ചു പാത്രത്തിലേക്ക് തിരിച്ചു വീണു.
“ഇതാ നിങ്ങൾ ആണുങ്ങളുടെ കുഴപ്പം. ഇത്തിരി അടുപ്പം കാണിച്ചാൽ തൽപ്പര കക്ഷിയാക്കും. പിന്നെ അത് വച്ചു മുതലെടുക്കാൻ നോക്കും. അതങ്ങു പള്ളീൽ പോയി പറഞ്ഞാ മതി”
അവൾ എന്റെ ത.ന്തക്കു പറഞ്ഞതാണെന്നു എനിക്ക് മനസിലായി.
അവൾ തുടർന്നു ”ഞാൻ ഇവിടെയിരുന്നു പറയും. നിങ്ങൾ അവിടെയിരുന്നു എഴുതും.” ഇതും പറഞ്ഞു താഴെ കിടന്ന ഒരു കല്ലിന്റെ പുറത്തേക്ക് അവളിരുന്നു. ആ കല്ല് അവിടെ കൊണ്ടിട്ട മഹാന്റെ പിതാമഹന്മാരെ ഞാൻ ഒരു നിമിഷം സ്മരിച്ചു.
“അപ്പൊ സാറേ നമുക്ക് തുടങ്ങാം”
“ദേ,വീണ്ടും സാറ്. കാര്യം കാണാനുള്ള പെണ്ണുങ്ങടെ പ്രത്യേക കഴിവിനെ ഓർത്തു ഞാൻ നെടുവീർപ്പിട്ടു.പാലം കടക്കുവോളം നാരായണ…പിന്നെ കൂരായണാ. വിധി അല്ലാതെന്തു പറയാൻ”
“I am under arrest”
~രഞ്ജിത ലിജു