ബാംഗ്ലൂരിലെ ഒരു ഫ്രണ്ടിൻ്റെ റൂമിൽ നിന്നായിരുന്നു ഞാൻ ഇൻ്റർവ്യൂവിനു പോകാനൊരുങ്ങിയത്. രണ്ടും കല്പിച്ച് സാരിയുടുത്ത്…

അന്തിക്കൂട്ട്…

എഴുത്ത്: ശ്രീജിത്ത് പന്തല്ലൂർ

==============

ലോഡ്ജ് മുറിയിലെ ഒറ്റമെത്തയിൽ കുളിരിൽ വിറകൊണ്ട സത്യഭാമയെ ഞാനെൻ്റെ ശരീരത്തോടു ചേർത്തു പിടിച്ചു. എൻ്റെ നെഞ്ചിലെ ചൂടു പറ്റി പൂച്ചക്കുഞ്ഞിനെപ്പോലെ അവളെന്നിൽ പതിഞ്ഞു കിടന്നു.

മഞ്ഞുകാലമാണ് നാട്ടിൽ ഇതിലും തണുപ്പുണ്ട്. ഇന്നലെ രാത്രിയിലെ മഞ്ഞത്ത് നാട്ടിലെ വീട്ടിലെ എൻ്റെ കിടപ്പുമുറിയിൽ ഭാര്യയെയും മകളെയും കെട്ടിപ്പിടിച്ച് കിടന്നുറങ്ങിയ ഞാനാണ് ഇന്ന് ഈ നാഗരികതയുടെ നടുവിലെ ലോഡ്ജുമുറിയിൽ ഒരു പെണ്ണിനൊപ്പം, അതായത് എൻ്റെ ഭാര്യയും മകളുമല്ലാത്ത ഒരു അന്യസ്ത്രീയ്ക്കൊപ്പം കിടക്ക പങ്കിടുന്നത്…

ഉറക്കത്തിൽ എന്തോ പുലമ്പിയ സത്യഭാമയെ ഒന്നു കൂടെ എൻ്റെ ശരീരത്തിലേക്കു ചേർത്തു പിടിക്കുമ്പോൾ പോലും ഒരു കുറ്റബോധവും എൻ്റെ മനസ്സിനെ അലട്ടിയില്ല…

ബാംഗ്ലൂരിൽ നടക്കുന്ന സൗത്ത് സോണൽ കോൺഫറൻസിൽ പങ്കെടുക്കാനായിരുന്നു ഇന്നു രാവിലെ ഞാൻ ബാംഗ്ലൂർക്ക് ട്രെയിൻ കയറിയത്…ജോലി ചെയ്യുന്ന സ്ഥാപനത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കേണ്ട ചുമതല വർഷങ്ങളായി എനിക്കു തന്നെയാണ്. അങ്ങനെ മല മറിക്കുന്ന കാര്യമൊന്നുമല്ല, എൻ്റെ പേരെഴുതിയ ടാഗണിഞ്ഞ് സദസ്സിലെ കസേരകളിലൊന്നിൽ കണ്ണു തുറന്നു പിടിച്ചിരുന്നുറങ്ങുക…അത്ര തന്നെ…

ട്രെയിനിലെ വിൻ്റോസീറ്റാണ് എപ്പോഴും ഞാൻ തിരഞ്ഞെടുക്കാറുള്ളത്. വണ്ടി നീങ്ങാൻ തുടങ്ങിയപ്പോൾ എതിർ സീറ്റിൽ ആളില്ലെന്നറിഞ്ഞ് കാൽ നീട്ടി വച്ച് ആസ്വദിച്ച് പുറംകാഴ്ചകൾ കാണാൻ തുടങ്ങിയതായിരുന്നു. അപ്പോഴാണ് ആസ്വാദനത്തെ ഭംഗിച്ചുകൊണ്ട് ഒരു സ്ത്രീ ശബ്ദം കാതിൽ വീണത്…

”എക്സ്യൂസ് മീ…”

ഞാനൊന്ന് പാളി നോക്കിക്കൊണ്ട് അനിഷ്ടത്തോടെ കാലുകൾ താഴേക്കിറക്കി വച്ചു. ജീൻസ് വേഷധാരിയാണ് മുഖത്ത് വലിയൊരു കൂളിങ് ഗ്ലാസ്സും ഫിറ്റ് ചെയ്തിട്ടുണ്ട്.

സ്വതവേ എൻ്റെ സ്ത്രീസങ്കല്പത്തിൽ പെടാത്ത വേഷം. പിന്നെ യാത്രാരസം മുറിച്ചതിലുള്ള നീരസവും…എത്ര വട്ടം യാത്ര ചെയ്ത വഴികളാണെങ്കിലും കാഴ്ചകളാണെങ്കിലും മടുപ്പില്ലാതെ ആസ്വദിക്കുക എന്നത് എൻ്റെ ശീലമായിരുന്നു. അതിനു ഭംഗം വരുത്തിയതിലുള്ള നീരസം പരോക്ഷമായി പ്രകടിപ്പിച്ചു കൊണ്ടു തന്നെ ഞാൻ പുറം കാഴ്ചകളിലേക്കു തന്നെ കണ്ണും നട്ടിരുന്നു…

”എക്സ്യൂസ് മീ…”

ഇത് വലിയ ശല്യമായല്ലോ…ഞാൻ അതേ നീരസത്തോടെ എന്തേ എന്ന അർത്ഥത്തിൽ അവരെ നോക്കി…

”രായേഷേട്ടനല്ലേ…?”

”രായേഷല്ല, രാജേഷ്…” ഞാൻ മുഖഭാവത്തിനു മാറ്റം വരുത്താതെത്തന്നെ തിരുത്തി…

”അറിയാം…രായേഷേട്ടന് എന്നെ മനസ്സിലായില്ലേ…ഇത് ഞാനാണ് സത്യഭാമ…” അവൾ പുഞ്ചിരിയോടെ കൂളിങ് ഗ്ലാസ്സെടുത്തു മാറ്റിക്കൊണ്ട് പറഞ്ഞു

അതെ, എനിക്കറിയാം ഇവളെ, സത്യഭാമ…പണ്ടു ഞാൻ കമ്പനിയിൽ ടീം ലീഡറായിരുന്ന കാലത്ത് കുറച്ചു മാസങ്ങൾ എൻ്റെ ടീമിലുണ്ടായിരുന്നു. അങ്ങനെ എത്രയോ പേർ കമ്പനിയിൽ ജോയിൻ ചെയ്തു റിസൈൻ ചെയ്തു. പക്ഷേ, സത്യഭാമ ശ്രദ്ധിക്കപ്പെടാൻ കാരണം അവളുടെ വേഷം തന്നെയായിരുന്നു. ജീൻസും ഷർട്ടുമാണ് അന്നും അവൾ ധരിക്കാറുള്ളത്. അന്നു പിന്നെ മുടിയുണ്ടായിരുന്നു, അത് കുതിരവാലു പോലെ കെട്ടി വച്ചിട്ടാണ് ജോലിക്കു വരാറുള്ളത്…ഇപ്പോൾ മുടി വീണ്ടും നീളം കുറച്ച് ബോയ് കട്ട് ചെയ്തിരിക്കുന്നു…പിന്നെ അന്നൊക്കെ ചെറിയ മൊട്ടുകമ്മൽ ധരിക്കാറുണ്ട്. ഇപ്പോൾ അതുമില്ല. ആ ദ്വാരം അടഞ്ഞു പോയെന്നു തോന്നുന്നു…

”രായേഷേട്ടനെന്താ നോക്കുന്നേ…?”

”അല്ല, നിനക്കെന്തെങ്കിലും മാറ്റങ്ങൾ വന്നിട്ടുണ്ടോന്നു നോക്കിയതാ…” ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.

”മാറ്റങ്ങളില്ലാത്തതു മാറ്റത്തിനു മാത്രമാണെന്നു കേട്ടിട്ടില്ലേ…?” അവളും പുഞ്ചിരിച്ചു.

”ഒറ്റനോട്ടത്തിലെന്നല്ല രണ്ടാമത്തെ നോട്ടത്തിലും എനിക്കു നിന്നെ മനസ്സിലായില്ല…നീ വീണ്ടും കുറേ മാറി…” ഞാൻ പറഞ്ഞു.

”രായേഷേട്ടൻ ബാംഗ്ലൂർക്കല്ലേ, ഞാനും അങ്ങോടേക്കു തന്നെയാ, ഇനീപ്പോ മിണ്ടീം പറഞ്ഞുമിരിക്കാല്ലോ, ഈ ദൂരയാത്രയുടെ ബോറടി മാറ്റാം…”

മിണ്ടിയും പറഞ്ഞുമുള്ള യാത്രയാണ് എനിക്ക് ബോറടിക്കുക എന്ന സത്യം ഞാൻ പക്ഷേ വിഴുങ്ങിക്കളഞ്ഞു.

“ഒരു കോൺഫറൻസിൽ പങ്കെടുക്കാനുണ്ട്, മറ്റന്നാൾ തിരിച്ചു പോരും…ഭാമയ്ക്ക് ബാംഗ്ലൂരാണോ ജോലി…?”

”അതെ, കുറേ വർഷമായിട്ട് ഞാൻ ഇവിടെയൊരു കമ്പനിയിലാണ്…” അവൾ പറഞ്ഞു.

”ഭാമയുടെ ഫാമിലിയൊക്കെ എന്തു പറയുന്നു…?”

”അച്ഛനും അമ്മയുമൊക്കെ സുഖമായിത്തന്നെ ഇരിക്കുന്നു. ഭാഗ്യത്തിന് ഫാമിലിയിൽ അംഗങ്ങളുടെ എണ്ണമൊന്നും കുറഞ്ഞിട്ടുമില്ല കൂടിയിട്ടുമില്ല…” അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു.

”ങാഹാ, ഞാൻ വിചാരിച്ചു ഭാമയുടെ കല്യാണമൊക്കെ കഴിഞ്ഞ് നാലഞ്ച് കുട്ടികളൊക്കെ ആയിക്കാണുമെന്ന്…”

”കല്യാണം കഴിയുകയോ, എന്റെയോ…നല്ല കഥയായി…എന്നെ കിട്ടില്ല അതിനൊന്നും…” അവൾ വീണ്ടും ചിരിച്ചു.

”അതെന്തേ, കല്യാണം കഴിക്കുന്നത് മോശം കാര്യമാണോ…?”

”എൻ്റെ രായേഷേട്ടാ ഇങ്ങനെ ഫ്രീ ബേഡായി പറന്നു നടക്കുന്നതിൻ്റെ സുഖം പറഞ്ഞു മനസ്സിലാക്കിത്തരാൻ പറ്റില്ല…അതൊക്കെപ്പോട്ടെ രായേഷേട്ടന് എത്ര കുട്ടികളുണ്ട്…?”

അവൾ വിഷയം മാറ്റാൻ ശ്രമിക്കുന്നതു പോലെ എനിക്കു തോന്നി. അതു കൊണ്ടു തന്നെ ഞാനും ആ വിഷയത്തിലേക്കു കടന്നില്ല…ഫോണിലെ വാൾ പേപ്പറിലെ കുടുംബ ഫോട്ടോ കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

”ഒരേയൊരാൾ, പെൺകുട്ടിയാണ്…”

അവൾ ഫോൺ വാങ്ങി നോക്കി…

”രായേഷേട്ടാ ഇതു നമ്മുടെ പഴയ അക്കൗണ്ടൻ്റല്ലേ…?”

ഫോണിലെ ഭാര്യയുടെ ഫോട്ടോ കണ്ടിട്ടാണ് അവളത് ചോദിച്ചതെന്നു മനസ്സിലായി.

”അതെ, ഞാൻ പ്രൊമോഷൻ കൊടുത്ത് എൻ്റെ അഭ്യന്തരവകുപ്പ് കൈയിൽ കൊടുത്തു…” ഞാൻ പറഞ്ഞു.

”ഓഹോ, അപ്പോ കമ്പനിയിൽ ഞങ്ങളാരും അറിയാതെ ഒരു ചരടുവലി നടക്കുന്നുണ്ടായിരുന്നല്ലേ…?”

”അങ്ങനെയൊന്നുമുണ്ടായിരുന്നില്ല. ശരിക്കും ഒരു മാട്രിമോണിയൽ വഴി വന്ന പ്രൊഫൈലായിരുന്നു. നോക്കിയപ്പോൾ ഒരേ കമ്പനിയിൽ ജോലി ചെയ്യുന്ന പെൺകുട്ടി. പിന്നെ ഒന്നും നോക്കിയില്ല. ഞാൻ കേറി നേരെയങ്ങു പ്രൊപ്പോസ് ചെയ്തു. സംഗതി ക്ലീൻ…ശരിക്കു പറഞ്ഞാൽ മാട്രിമോണിയൽ വഴി ഒരു പ്രണയവിവാഹം…” ഞാൻ ചുരുങ്ങിയ വാക്കുകളിൽ കഥ പറഞ്ഞു തീർത്തു.

ഭാമയുടെ കണ്ണുകളിൽ ഒരു തിളക്കം മിന്നിമാഞ്ഞു.

”ശരിക്കു പറഞ്ഞാൽ ഈ പ്രണയം, കല്യാണം, കുടുംബം, കുട്ടികൾ ഇതൊക്കെ വല്ലാത്തൊരു ഫീലാണല്ലേ…?”

”അല്ലാതെ പിന്നെ…പക്ഷികളെപ്പോലെ പറന്നു നടക്കുന്നതൊക്കെ സുഖം തന്നെ എന്നാലും കൂട്ടിൽ കാത്തിരിക്കാനൊരു ഇണയുണ്ടാവുക എന്നത് ബന്ധനമൊന്നുമല്ല…”.ഞാൻ പറഞ്ഞു.

അവൾ മറുപടിയായി ഒന്നു പുഞ്ചിരിച്ചു. പിന്നെ അല്പനേരം പുറംകാഴ്ചകളിലേക്കു കണ്ണു നട്ടിരുന്നു…

അത്ര നേരം ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടിരുന്ന അവളുടെ മൗനം എന്നെ വല്ലാതെ വീർപ്പുമുട്ടിച്ചു. മാത്രമല്ല പങ്കു വയ്ക്കാനാവാത്ത അല്ലെങ്കിൽ പങ്കു വയ്ക്കാനാഗ്രഹിക്കുന്ന എന്തോ അവളെയും വീർപ്പു മുട്ടിക്കുന്നുണ്ടെന്ന് എനിക്കു തോന്നി…

”ഭാമേ…”

അവൾ പുറംകാഴ്ചകളിൽ നിന്നും എൻ്റെ നേർക്കായ് കണ്ണുകൾ നീട്ടി…

”നിന്നെ എന്തൊക്കെയോ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെന്ന് എനിക്കൊരു തോന്നൽ…”

”അങ്ങനെയൊന്നുമില്ല, പിന്നെ പ്രശ്നങ്ങളില്ലാത്ത മനുഷ്യരുണ്ടോ…?”

”അതല്ല, ഈ സ്മാർട്ട്നെസ്റ്റിനുള്ളിൽ നീയെന്തോ ഒളിക്കാൻ ശ്രമിക്കുന്നതു പോലെ എനിക്കു തോന്നുന്നു…” അവൾ ഒന്നും മിണ്ടിയില്ല.

”തുറന്നു പറയാനും പങ്കുവയ്ക്കാനും നീ തയ്യാറാവുകയാണെങ്കിൽ നമ്മുടെ ഈ ദൂരയാത്രയുടെ വിരസത കുറയ്ക്കുന്നതിനോടൊപ്പം നിൻ്റെ ഉള്ളിലെ പ്രശ്നങ്ങൾക്കും ഒരു പക്ഷേ പരിഹാരമുണ്ടായേക്കാം…”

”എൻ്റെ ഈ വേഷത്തിനോട് ഞാൻ അടിമപ്പെട്ടോ എന്നൊരു സംശയം…”

”അതെന്തേ അങ്ങനെ തോന്നാൻ…?”

”തനി പെൺവേഷത്തിലേക്കൊരു മടക്കം ഞാനും കൊതിച്ചിട്ടുണ്ട്. പൂ ചൂടാനും പൊട്ടുകുത്താനും സാരിയുടുക്കാനും കൊതിക്കാത്ത പെണ്ണുങ്ങളുണ്ടോ…പക്ഷേ, കഴിയുന്നില്ലെനിക്ക്…”

”അതെന്താ, ആരെങ്കിലും നിന്നെ തടയുന്നുണ്ടോ…?”

”ചെറുപ്പത്തിൽ ഒരു രസത്തിന് ഇട്ടു നോക്കിയതാണ് ചേട്ടൻ്റെ ജീൻസ്. നന്നായി ചേരുന്നുണ്ടെന്ന് എല്ലാവരും പറഞ്ഞപ്പോൾ കുറേ നാളത്തേക്ക് അതു തന്നെയായിരുന്നു വേഷം. നാട്ടിൻപുറത്തെ ജീൻസുധാരിയായ പെൺകുട്ടിയെ എല്ലാവരും കൗതുകത്തോടെ നോക്കുന്നതു കണ്ടപ്പോൾ അതിനു വേണ്ടി തന്നെ ഞാൻ സ്ഥിരമായി ആ വേഷം ധരിക്കാൻ തുടങ്ങി. ഇടയ്ക്കെപ്പോഴോ പാവാടയും ജാക്കറ്റും ധരിച്ചപ്പോൾ കൂടുതൽ ചേരുന്നത് ജീൻസാണെന്നു പറഞ്ഞ് വീട്ടുകാരും കൂട്ടുകാരുമെല്ലാം പ്രോത്സാഹിപ്പിച്ചു. പിന്നീടെൻ്റെ അലമാരയിൽ നിന്നും പാവാടകളും ഉടുപ്പുകളും അപ്രത്യക്ഷമായി, പകരം ജീൻസും ടീഷർട്ടും നിറഞ്ഞു. തിരിച്ചു വരാൻ കഴിയാത്ത യാത്രയുടെ തുടക്കമായിരുന്നു അതെന്ന് മനസ്സിലാക്കാൻ എനിക്കന്നു കഴിഞ്ഞിരുന്നില്ല. തനി പെൺവേഷത്തിലേക്കു മടങ്ങാൻ ഉള്ളിൽ ആഗ്രഹിച്ചിരുന്നെങ്കിലും മറ്റുള്ളവർ എന്തു പറയും എന്തു വിചാരിക്കുമെന്ന ടെൻഷനിൽ ഞാനതിനു മുതിർന്നില്ല…”

”ഇതിൽ ഇതിനു മാത്രം ടെൻഷനടിക്കാൻ എന്താണുള്ളത്…നമുക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിൽ മറ്റുള്ളവർക്കെന്തു കാര്യം…മറ്റുള്ളവർ എന്തു വിചാരിച്ചാലും നമുക്കെന്താ…ഇങ്ങനെയൊന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമല്ലേയുണ്ടായിരുന്നുള്ളൂ…”

“ചില കാര്യങ്ങൾ പറയുന്ന പോലെ എളുപ്പത്തിൽ ചെയ്യാൻ കഴിയില്ല…മനസ്സും കൂടി സമ്മതിക്കണ്ടേ…? ഒരു ചുവടു വച്ചു കിട്ടിക്കഴിഞ്ഞാൽ പിന്നെ കുഴപ്പമില്ല…പക്ഷേ, അതിനാണു കഴിയാത്തത്…”

”എങ്കിൽ ഞാനൊരു ഐഡിയ പറയാം. ഭാമയിപ്പോൾ ബാംഗ്ലൂരല്ലേ വർക്ക് ചെയ്യുന്നത്…ഇവിടെയിപ്പോൾ നിൻ്റെ വസ്ത്രധാരണത്തിലെ മാറ്റത്തെ ആരും ചോദ്യം ചെയ്യാൻ വരില്ല. നാട്ടുകാരെപ്പോലെ ഭാമയെ പണ്ടേ കണ്ടു പരിചയമുള്ളവർ ഇവിടെ കാണില്ലല്ലോ…ഒരു ദിവസം വല്ല സാരിയോ ചുരിദാറോ ധരിച്ച് ജോലിക്ക് പോയി നോക്കൂ…ആരും ഒന്നും പറയാൻ വരില്ല…അങ്ങനെയൊരു ചുവടു വച്ചു നോക്കൂ…” ഞാനൊരു ഉപായം പറഞ്ഞു.

”അതൊക്കെ പണ്ടേ ട്രൈ ചെയ്തതാണു രായേഷേട്ടാ…ശരിക്കു പറഞ്ഞാൽ അന്നു നമ്മുടെ കമ്പനിയിൽ നിന്നു റിസൈൻ ചെയ്തു പോരാനുള്ള ഒരു കാരണം ഇതു തന്നെയായിരുന്നു…ബാംഗ്ലൂരുള്ള മൂന്നാലു കമ്പനികളിലേക്ക് ഞാനെൻ്റെ ബയോഡാറ്റ അയച്ചിരുന്നു. അതിലൊരു കമ്പനിയിൽ നിന്നും ഇൻ്റർവ്യൂ ലെറ്റർ വന്നപ്പോഴാണ് ഞാൻ നമ്മുടെ പഴയ കമ്പനിയിലെ ജോലി വേണ്ടെന്നു വച്ചത്…അവിടെ അന്ന് ശമ്പളവും കുറവായിരുന്നല്ലോ…പുതിയ കമ്പനിയിലെ ഇൻ്റർവ്യൂവിനു സാരിയുടുത്ത് ചെല്ലാമെന്നാണു തീരുമാനിച്ചിരുന്നത്…പക്ഷേ…”

”എന്നിട്ടെന്തു പറ്റി…?”

”ബാംഗ്ലൂരിലെ ഒരു ഫ്രണ്ടിൻ്റെ റൂമിൽ നിന്നായിരുന്നു ഞാൻ ഇൻ്റർവ്യൂവിനു പോകാനൊരുങ്ങിയത്. രണ്ടും കല്പിച്ച് സാരിയുടുത്ത് തയ്യാറായ ഞാൻ അവസാന നിമിഷം വെറുതെ ഒന്നു കൂടി കണ്ണാടിയിലേക്കൊന്നു നോക്കി. ഇത്തവണ എൻ്റെ ചുവടു തെറ്റിച്ചത് ഞാൻ തന്നെയായിരുന്നു. സാരിയുടുത്ത എൻ്റെ പ്രതിരൂപത്തെ കണ്ണാടിയിൽ കണ്ടപ്പോൾ എനിക്കു തന്നെ ഒരു തൃപ്തിക്കുറവ് തോന്നി. രണ്ടാമതൊന്ന് ആലോചിക്കാൻ നിൽക്കാതെ ഞാൻ വേഗം പഴയ പടി ജീൻസും ഷർട്ടുമിട്ട് ഇൻ്റർവ്യൂവിന് പോയി…ആ ഇൻ്റർവ്യൂവിൽ ഞാൻ തിരഞ്ഞെടുക്കപ്പെട്ടു എന്നു മാത്രമല്ല, എൻ്റെ ഡ്രസ്സിങ്ങ് സ്റ്റൈലിനെ അവർ അഭിനന്ദിക്കുക കൂടി ചെയ്തപ്പോൾ ഇനിയൊരു മടക്കം എനിക്കില്ലെന്നു ഞാൻ ഉറപ്പിച്ചു…പുതിയ കമ്പനിയിൽ എൻ്റെ വളർച്ച പെട്ടെന്നായിരുന്നു. എൻ്റെ സീനിയേഴ്സായിരുന്ന പലരും എൻ്റെ നേതൃത്വത്തിൻ്റെ കീഴിലായി. അസൂയ കൊണ്ടോ ബഹുമാനം കൊണ്ടോ എന്നറിയില്ല പലരും എന്നിൽ നിന്നും അകലം പാലിച്ചു. ആ ഒറ്റപ്പെടലിൻ്റെ സ്വാർത്ഥതയെ ഞാൻ അംഗീകരിച്ചു തുടങ്ങിയതായിരുന്നു. അപ്പോഴാണ് അവനെൻ്റെ നേർക്ക് സൗഹൃദത്തിൻ്റെ കരം നീട്ടിയത്. ഏകാന്തതയുടെ കാഠിന്യം കുറയ്ക്കാനായി എല്ലാ വീക്കെൻ്റിലും നഗരത്തിലെ പാർക്കിൽ ഞാൻ സമയം ചിലവഴിക്കാറുണ്ടായിരുന്നു. അങ്ങനെ കണ്ടു പരിചയപ്പെട്ടതാണ്. കൂടുതൽ അടുത്തപ്പോൾ ഉള്ളിലെ വിഷമങ്ങൾ അവനോടു ഞാൻ തുറന്നു പറഞ്ഞു, എല്ലാം…ഇപ്പോൾ ദേ രായേഷേട്ടനോടു പറയുന്നതു പോലെ…തുറന്നു പറഞ്ഞപ്പോൾ എനിക്കെന്ത് ആശ്വാസമായെന്നോ…പിന്നേയും കൂടുതൽ അടുത്തപ്പോൾ ഞങ്ങൾ ഒരുമിച്ചായി താമസം. അവനു മുൻപിൽ മാത്രം ഞാൻ ഉള്ളു കൊണ്ടും പെണ്ണായി…വിവാഹത്തെക്കുറിച്ചുള്ള സംസാരം വീട്ടുകാരുടെ ഭാഗത്തു നിന്നും വന്നപ്പോൾ ഞാൻ അവനോട് അതേപ്പറ്റി സൂചിപ്പിച്ചു. മറുപടിയായി അവനൊന്നു പുഞ്ചിരിച്ചതേയുള്ളൂ…വീണ്ടും നിർബന്ധിച്ചപ്പോൾ അവൻ പറഞ്ഞു, എന്നെപ്പോലെ ഒരു പെണ്ണിനെ അവൻ്റെ വീട്ടുകാർ അംഗീകരിക്കില്ലെന്ന്…ഉള്ളിലെ കണ്ണീരു പുറത്തു കാണിക്കാതെ ഞാനവനെ ഗറ്റൗട്ടടിച്ചു, എന്നിൽ നിന്നും എൻ്റെ റൂമിൽ നിന്നും…സത്യത്തിൽ അവൻ എന്നിൽ നിന്നും പ്രതീക്ഷിച്ചിരുന്നത് പണച്ചെലവില്ലാത്ത ര തിയും പകുതി ചെലവിനൊരു താമസവും മാത്രമായിരുന്നു…പിന്നേയും എന്നോടു കൂട്ടുകൂടാൻ വന്നവരെയൊക്കെ ഞാൻ അകറ്റി നിർത്തി…അങ്ങനെയങ്ങനെ ഇത്രടം വരെയായി…സത്യം പറഞ്ഞാൽ ഇപ്പോൾ വിവാഹാലോചനയൊക്കെ വരുമ്പോൾ എനിക്ക് പുച്ഛമാണ് തോന്നുന്നത്. എന്നോടും വിവാഹാലോചന കൊണ്ടു വരുന്നവരോടും…” സത്യഭാമ പറഞ്ഞു നിർത്തി.

ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഞാൻ പറഞ്ഞു. ” സത്യത്തിൽ ഞാൻ നിന്നെയേ കുറ്റം പറയൂ…നമ്മൾ ധരിക്കുന്ന വസ്ത്രത്തിൻ്റെ ആവശ്യകത എന്താണെന്നറിയുമോ…? ചൂടിൽ നിന്നും തണുപ്പിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനായിരുന്നു ആദിമമനുഷ്യൻ വസ്ത്രം ഉപയോഗിച്ചിരുന്നത്. പിന്നീടാണ് അത് നാണം മറയ്ക്കാനും പ്രൗഢി കാണിക്കാനുമൊക്കെ ഉപയോഗിക്കാൻ തുടങ്ങിയത്. ചുരുക്കത്തിൽ പറഞ്ഞാൽ വസ്ത്രം കൊണ്ട് മറയ്ക്കേണ്ടത് ശരീരത്തെ മാത്രമാണ്, മനസ്സിനേയും സ്വാതന്ത്ര്യത്തേയുമൊന്നുമല്ല…ഇന്ന വസ്ത്രം ധരിച്ചാലേ ആണാവൂ പെണ്ണാവൂ എന്നൊന്നുമില്ല. കാലാവസ്ഥയ്ക്കും സാഹചര്യത്തിനും ഇണങ്ങുന്ന വസ്ത്രങ്ങൾ ധരിക്കുക. അതും നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാത്രം.  മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് അതിലെ വസ്തുതയ്ക്കനുസരിച്ചു മാത്രം വില കൊടുക്കുക…എന്നിട്ട് സ്വയം തീരുമാനിക്കുക. ഭാമേ, നിനക്കിഷ്ടമുള്ള വസ്ത്രങ്ങൾ ഏതൊക്കെയായാലും ധൈര്യത്തോടെ ധരിക്കുക, അതിന് അടിമപ്പെടാതിരിക്കുക…”

”രായേഷട്ടനറിയോ…എനിക്ക് ഒരാണിൻ്റെ സ്വഭാവമാണെന്നാണ് വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും ഇപ്പോഴത്തെ ജോലിസ്ഥലത്തുള്ളവരുമൊക്കെ പറയാറ്. ചിലപ്പോഴൊക്കെ എനിക്കും തോന്നിയിട്ടുണ്ട്. അതു കൊണ്ടൊക്കെത്തന്നെയാവണം ഏറ്റെടുത്ത ജോലികളെല്ലാം നിഷ്പ്രയാസം ചെയ്തു തീർക്കാൻ എനിക്കു കഴിഞ്ഞിട്ടുള്ളത്. ഓർമ്മ വച്ചതിൽപ്പിന്നെ ഒരിക്കൽപ്പോലും കരഞ്ഞതായി ഞാൻ ഓർക്കുന്നില്ല. എൻ്റെയീ സ്വഭാവം കണ്ടിട്ടാവണം നാട്ടിൽ എന്നോട് അടുപ്പമുള്ളവരെല്ലാം സത്യഭാമ എന്ന എൻ്റെ പേരിനെ ചുരുക്കി സത്യാ എന്നാക്കി മാറ്റിയത്. കമ്പനിയിലും ആ പേരിലാണ് ഞാൻ അറിയപ്പെടുന്നത്. അവിടെയൊക്കെ സ്ത്രീകൾക്കും സത്യയെന്ന പേരുണ്ട്. ഇതെല്ലാം കേട്ട് ഒരു പെൺകുട്ടിയാണെന്ന കാര്യം ഞാൻ മറന്നു പോകാറുണ്ട്…സത്യത്തിൽ ബാത്റൂമിലെ കണ്ണാടിക്കു മുൻപിൽ നിൽക്കുമ്പോഴാണ് ഒരു പെണ്ണാണല്ലോ എന്നത് ഞാനുമോർക്കുന്നത്. ഇപ്പോൾ രായേഷേട്ടൻ്റെ ഭാമേയെന്ന വിളിയിലും എന്നിലെ പെണ്ണിനെ ഞാൻ ഓർത്തു പോകുന്നു…” സത്യഭാമ ഒരു പ്രത്യേക ഭാവത്തിൽ പറഞ്ഞു.

അങ്ങനെ പലതും സംസാരിച്ചും പങ്കു വച്ചുമാണ് ഞങ്ങൾ ബാംഗ്ലൂരിൽ ട്രെയിനിറങ്ങിയത്. കുറേ സ്ഥലങ്ങളിൽ കുറേ സമയം പിടിച്ചിട്ടതിനാൽ ഒരു പാടു വൈകിയിരുന്നു.

”ഇനിയിപ്പോ ഈ നേരത്ത് എൻ്റെ റൂമിലേക്കു പോകുന്നത് ശരിയല്ല. ഞാനീ റെയിൽവേ സ്റ്റേഷനിൽത്തന്നെ ഇരിക്കാൻ പോവുകയാണ്…നേരം വെളുത്തിട്ടേ ഞാൻ പോകുന്നുള്ളൂ…” സത്യഭാമ ചാരുബഞ്ചിൽ ചാരിയിരുന്നു കൊണ്ടു പറഞ്ഞു.

ഞാനൊന്നു പുറത്തേക്കു നോക്കി. റെയിൽവേ സ്റ്റേഷനു തൊട്ടു മുൻപിലായി ലോഡ്ജിൻ്റെ ബോർഡു കണ്ടു. തിരികെ സത്യഭാമയ്ക്കരികിലെത്തി ഞാൻ പറഞ്ഞു.

”എനിക്കു നാളെ രാവിലെ കോൺഫറൻസിൽ പങ്കെടുക്കാനുള്ളതാണ്. അതു കൊണ്ട് അല്പനേരമെങ്കിലും ഉറങ്ങിയാലേ ശരിയാവുള്ളൂ. റൂമെടുക്കാനുള്ള പണവും കമ്പനി അനുവദിച്ചിട്ടുണ്ട്. ഭാമയ്ക്കു വിരോധമില്ലെങ്കിൽ ഇന്ന് എന്നോടൊപ്പം കൂടാം…”

സത്യഭാമ ഒരു നിമിഷം എന്നെ നോക്കിയതിനു ശേഷം പുഞ്ചിരിയോടെ ബഞ്ചിൽ നിന്നും എഴുന്നേറ്റു.

സത്യഭാമ കൂടെയുള്ളതിനാൽ ഡബിൾ റൂമാണ് ഞാനെടുത്തത്. റൂമിലേക്കു നടക്കുന്നതിനിടയിൽ അവൾ ചോദിച്ചു.

”ഈ ആണുങ്ങളെല്ലാം ഒരേ പോലെയാണോ ചിന്തിക്കുന്നത്…?”

”എല്ലാവരുടേയും കാര്യം എനിക്കറിയില്ല. എൻ്റെ ശരികളെയേ ഞാൻ വിലയ്ക്കെടുക്കാറുള്ളൂ, ആരെയും അനുകരിക്കുന്നതും എനിക്കിഷ്ടമല്ല…”. ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

കട്ടിലിൻ്റെ ഒരറ്റത്തേക്കു ചേർന്നു കിടന്ന എന്നെ നോക്കി സത്യഭാമ പറഞ്ഞു.

”അയിത്തമൊക്കെ നിർത്തലാക്കിയിട്ട് കുറേക്കാലമായി രായേഷേട്ടാ. ഇങ്ങോട്ടു നീങ്ങിക്കിടക്ക്, ഇഷ്ടം പോലെ സ്ഥലമുണ്ടല്ലോ…കട്ടിലിൽ നിന്നും ഉരുണ്ടു വീണ പരിക്കുമായി നാളെ കോൺഫറൻസ് ഹാളിൽ ചെന്നിരിക്കണമെന്നുണ്ടോ…?”

ഞാൻ പുഞ്ചിരിയോടെ നീങ്ങിക്കിടന്നു. അല്പനേരം കഴിഞ്ഞു, ഉറക്കം തീരെ വരുന്നില്ല. മുറിയിൽ കയറുന്നതു വരെ നല്ല ഉറക്കക്ഷീണമുണ്ടായിരുന്നു. അതിപ്പോൾ എവിടെപ്പോയെന്നറിയില്ല. സത്യഭാമ അധികം ശബ്ദമില്ലാതെ കൂർക്കം വലിക്കുന്നുണ്ട്. എനിക്ക് പെട്ടെന്ന് മകളെ ഓർമ്മ വന്നു. മകളും ഇതുപോലെ ചെറുതായി കൂർക്കം വലിക്കും. പത്തു വയസ്സായെങ്കിലും ഇപ്പോഴും അച്ഛനെ കെട്ടിപ്പിടിച്ചേ കിടന്നുറങ്ങൂ…ഒരു കാലും എൻ്റെ ദേഹത്തു കയറ്റി വയ്ക്കാറുണ്ട്…

സത്യഭാമ ഉറക്കത്തിലെന്തോ പുലമ്പി. ഞാൻ ചിന്തകളിൽ നിന്നുമുണർന്നു.

”അമ്മേ, തണുക്കണു…കെട്ടിപ്പിടിക്ക്…” സത്യഭാമ പുലമ്പി.

സത്യഭാമ എൻ്റെ നേരെ തിരിഞ്ഞു കിടന്നു. അവളുടെ ഒരു കാൽ എൻ്റെ കാലിനു മേലായി..

”കെട്ടിപ്പിടിക്കമ്മേ…” അവൾ ഒന്നുകൂടി എൻ്റെ അടുത്തേക്ക് ചേർന്നു കിടന്നു. ഞാൻ ഒരു കൈ കൊണ്ട് അവളെ ചേർത്തു പിടിച്ചു. എൻ്റെ നെഞ്ചിലെ ചൂടു പറ്റി ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ അവൾ കിടന്നുറങ്ങി. എൻ്റെ മകളുടെ കൂർക്കം വലിയുടെ താളം ചെവിയിൽ തുടർന്നു കൊണ്ടേയിരുന്നു…

നേരം വെളുത്തു. സത്യഭാമയാണ് ആദ്യം ഉണർന്നത്. ഞാൻ ഉറങ്ങിയില്ലായിരുന്നല്ലോ…അവൾ ഒരു ഞെട്ടലോടെ എന്നിൽ നിന്നും അടർന്നു മാറി…

”സോറി…” കിടക്കയിൽ നിന്നും എഴുന്നേറ്റു കൊണ്ട് അവൾ പറഞ്ഞു.

“അതു സാരമില്ല, ഭാമയിന്നലെ അമ്മയെ സ്വപ്നം കണ്ടായിരുന്നോ…?” ഞാൻ പുഞ്ചിരിയോടെ ചോദിച്ചു.

അവൾ അദ്ഭുതത്തോടെ എന്നെ നോക്കി. അതേ പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

”ഇന്നലെ രാത്രി ഞാനായിരുന്നു ഭാമയുടെ അമ്മ, നീയെൻ്റെ മകളും…”

സത്യഭാമ പുഞ്ചിരിച്ചു.

”ഇന്നലെ ഞാൻ പറഞ്ഞ കാര്യങ്ങളൊക്കെ ഓർമ്മയുണ്ടല്ലോ അല്ലേ…ഇനി നിനക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ തെരഞ്ഞെടുക്കൂ…” കിടക്കയിൽ നിന്നും എഴുന്നേൽക്കുന്നതിനിടയിൽ ഞാൻ ഓർമ്മിപ്പിച്ചു

സത്യഭാമ മനസ്സുതുറന്നു പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു. ”ശരി അമ്മേ…”

~ശ്രീജിത്ത് പന്തല്ലൂർ