മാത്രവുമല്ല ആ ചിന്തകളൊക്കെ രാഹുലുമായി പങ്കുവച്ച് അയാളിൽ നിന്ന് കിട്ടുന്ന ശകാരമോ ഉപദേശമോ അതു എന്തു തന്നെയായാലും…

മനസ്സെന്ന മാന്ത്രികൻ…

Story written by Adv Ranjitha Liju

===============

രാഹുലിന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് കിടക്കുമ്പോഴും പ്രിയയുടെ മനസ്സിൽ രാവിലെ വായിച്ച വാർത്ത തന്നെ ആയിരുന്നു. വെറുതെ എഫ് ബിയിലൂടെ കണ്ണോടിക്കുമ്പോഴാണ് അവളുടെ ശ്രദ്ധ ആ വാർത്തയിൽ പതിഞ്ഞത്.

ബസ് യാത്രയ്ക്കിടെ കമ്പി തു ളച്ച് കയറി യുവതിയുടെ കണ്ണിന്റെ കാഴ്ച നഷ്ട്ടപ്പെട്ടു. തുടർന്ന് നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങി. അങ്ങനെ അവളുടെ കണ്ണിലും ജീവിതത്തിലും ഒരു പോലെ ഇരുട്ട് കയറി. അതായിരുന്നു വാർത്തയുടെ ഉള്ളടക്കം.

മുഴുവൻ വായിച്ചു കഴിഞ്ഞതും അത്‌ അവളുടെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു. യാദൃശ്ചികമായി സംഭവിച്ച ഒര് വിപത്തിന്റെ പേരിൽ ആ പെണ്കുട്ടിയെ വേണ്ടെന്ന് വയ്ക്കാൻ കല്യാണം ഉറപ്പിച്ച പുരുഷന് എങ്ങനെ സാധിച്ചു എന്നതായിരുന്നു അവളുടെ ചിന്ത. വിവാഹം, അത് ഏതൊരു സാധാരണ പെണ്കുട്ടിയുടെയും സ്വപ്നമാണ്. അത് തീരുമാനിച്ചു കഴിയുമ്പോൾ, അവളുടെ സന്തോഷവും സ്വപ്നങ്ങളും എല്ലാം ആ പുരുഷനെ ചുറ്റിപ്പറ്റിത്തന്നെയായിരിക്കും. പക്ഷെ ഇതിപ്പോൾ അറിയാതെ സംഭവിച്ചു പോയ ഒരു അപകടം…ആ ഒരു നിമിഷം തന്നെ ചേർത്ത് നിർത്തും എന്ന് കരുതിയ കരം, അതില്ലാതായപ്പോൾ തന്റെ കണ്ണ് നഷ്ടപ്പെട്ടതിലും വേദനയായിട്ടുണ്ടാവില്ലേ ആ പെണ്കുട്ടിക്ക് എന്നൊക്കെയുള്ള ചിന്ത പ്രിയയെ വല്ലാതെ അലട്ടി.

അല്ലെങ്കിലും മറ്റുള്ളവരുടെ കാര്യങ്ങൾ ആലോചിച്ച് വിഷമിക്കുക എന്നത് പ്രിയയുടെ ഒരു സ്വഭാവമാണ്. മാത്രവുമല്ല ആ ചിന്തകളൊക്കെ രാഹുലുമായി പങ്കുവച്ച് അയാളിൽ നിന്ന് കിട്ടുന്ന ശകാരമോ ഉപദേശമോ അതു എന്തു തന്നെയായാലും അതു കേട്ട് കിടന്നുറങ്ങുക. അതാണ് എന്നത്തേയും അവളുടെ കലാപരിപാടി.

അന്നും തന്റെ നെഞ്ചിലേക്ക്  ചാഞ്ഞു മൗനമായി കിടക്കുന്ന പ്രിയയെ കണ്ടപ്പോൾ തന്നെ രാഹുലിന് കാര്യം പിടികിട്ടി. ഇന്നും ആരുടെയോ പ്രശ്‌നം അവളെ അലട്ടുന്നുണ്ട്. ഈ മൗനത്തിന്‌ പുറകേ തനിക്കുള്ള ചോദ്യവും ഉണ്ടാകും. അധികം താമസിയാതെ അവൻ വിചാരിച്ചത് തന്നെ സംഭവിച്ചു.

രാഹുലിനോടുള്ള പ്രിയയുടെ ചോദ്യം വന്നു. “ഏട്ടാ! ഇന്ന് എഫ് ബിയിൽ വന്ന ആ കുട്ടിയുടെ കാര്യം വായിച്ചിരുന്നോ?”

“ഏതു കാര്യം? ദിവസവും ഒരുപാട് കാര്യങ്ങൾ എഫ് ബിയിൽ വരുന്നതല്ലേ? നീ കൃത്യമായി പറയ്”

“ഓഹ് ! ആ കമ്പി തുളച്ചു കയറി കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട കുട്ടി. അതിന്റെ കല്യാണം മുടങ്ങി. പാവം..ഏട്ടൻ ആയിരുന്നു ആ പയ്യന്റെ സ്ഥാനത്തെങ്കിൽ എന്ത് ചെയ്യുമായിരുന്നു?” പ്രിയ ചോദിച്ചു.

“അത്…” അയാൾ ഒന്ന്‌ നിർത്തിയ ശേഷം തുടർന്നു “എന്തായാലും ആ പെണ്കുട്ടിയെ മറ്റൊരു പയ്യൻ സന്തോഷത്തോടെ കൂടെ കൂട്ടാൻ തീരുമാനിച്ചു. പിന്നെന്താ?.തന്നെയുമല്ല ഞാൻ നിന്നെ കെട്ടുകയും ചെയ്‌തല്ലോ? അതുകൊണ്ടിനി കൂടുതൽ ഒന്നും ആലോചിക്കാതെ എന്റെ മോള് കിടന്നുറങ്ങാൻ നോക്ക്”

പക്ഷെ പ്രിയ അതിലൊന്നും തൃപ്തയായില്ല. അവൾ വീണ്ടും ചോദിച്ചു “അതല്ല, എട്ടനായിരുന്നു ആ പിന്മാറിയ പയ്യന്റെ സ്ഥാനത്തെങ്കിൽ എന്തു ചെയ്തേനെ?”

“അത് ഓരോ സാഹചര്യം അനുസരിച്ചിരിക്കും. ആ പയ്യന്റെ പ്രശ്നം എന്താണെന്ന് നമുക്ക്‌ അറിയില്ലല്ലോ. നമ്മൾ ആ പെണ്കുട്ടിയുടെ കഥയല്ലേ കേട്ടുള്ളൂ. ഇനി ഇപ്പൊ അഥവാ ഞാനായിരുന്നെങ്കിലും ഇതൊക്കെ തന്നെ ചെയ്യും.”

ഇതു കേട്ടതും അവൾ ദേഷ്യത്തോടെ രാഹുലിനെ തള്ളി മാറ്റി.

“അല്ലെങ്കിലും ഈ ആണുങ്ങളൊക്കെ ഇങ്ങനെ തന്നെയാ. മനസ്സാക്ഷി ഇല്ലാത്തവർ. ഒരു പെണ്ണിന്റെ മനസിനെക്കാളും അവളുടെ ശരീരത്തോടാ അവർക്ക് താൽപ്പര്യം. ഇതുപോലെ ഒരു ദുഷ്ടനെ കെട്ടിയ എന്നെ പറഞ്ഞാ മതിയല്ലോ” അതും പറഞ്ഞ് അവൾ തിരിഞ്ഞു കിടന്നു.

അവളുടെ ഈ പിണക്കവും കുഞ്ഞു കുഞ്ഞു പരിഭവങ്ങളും മറ്റുള്ളവരോടുള്ള അനുകമ്പയും ഒക്കെ രാഹുൽ ശരിക്കും അസ്വദിക്കുന്നുണ്ട്. മനസ്സിൽ നന്മയുള്ളവർക്ക് മാത്രമേ മറ്റുള്ളവരുടെ ദുഃഖം ഇങ്ങനെ നെഞ്ചോട് ചേർക്കാൻ സാധിക്കു. അവനോർത്തു. എന്നാലും അവളെ വെറുതെ ഇങ്ങനെ ചൊടിപ്പിക്കാൻ മാത്രമാണ് അവന്റെ ഇതുപോലെയുള്ള പ്രതികരണങ്ങൾ.

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ പ്രിയയുടെ ആ ചോദ്യം വീണ്ടും രാഹുലിന്റെ മനസ്സിലേക്ക് ഇരച്ചു കയറിക്കൊണ്ടിരുന്നു. “എട്ടാനായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു”

ആ ചിന്തകളോടൊപ്പം വർഷങ്ങൾക്കു മുൻപ് തന്റെ കണ്ണിലുടക്കിയ ഒരു  പത്ര വാർത്തയും അവന്റെ  മനസിലേക്ക് കടന്നു വന്നു.

ഇരുപത്തിമൂന്നുകാരിയെ അജ്ഞാതർ പീ ഡിപ്പിച്ചു..ബോധം നഷ്ട്ടപ്പെട്ട അവളെ ആൾപ്പാർപ്പില്ലാത്ത പ്രദേശത്ത് നിന്ന് കണ്ടെടുക്കുമ്പോൾ ആ യുവതി മരണത്തോട് മല്ലടിക്കുകയായിരുന്നു.

കൂടുതൽ വിവരങ്ങൾ അറിയും തോറും രാഹുൽ ആകെ അസ്വസ്ഥനായിക്കൊണ്ടിരുന്നു. ആ പെണ്കുട്ടി കോളേജിൽ തന്റെ സഹപാഠിയായിരുന്ന പ്രിയയാണ് എന്ന സത്യം അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു സഹപാഠി എന്നതിലുപരി മറ്റൊരു ബന്ധവും അവർ തമ്മിൽ ഉണ്ടായിരുന്നില്ലെങ്കിലും പ്രിയയ്ക്ക് സംഭവിച്ചത് അറിഞ്ഞത് മുതൽ അവളെ ഒന്ന് കാണണം എന്ന് രാഹുലിന് തോന്നി. ആ തോന്നൽ അയാളെ കൊണ്ടെത്തിച്ചത്, ശരീരത്തിനേറ്റ മുറിവുകൾ ഉണങ്ങിയെങ്കിലും മനസ്സിലേറ്റ കടുത്ത ആഘാതത്തിൽ മനസ്സിന്റെ കടിഞ്ഞാണ് നഷ്ട്ടപ്പെട്ട പ്രിയയുടെ മുന്നിലാണ്. അവളുടെ ദയനീയമായ മുഖവും വീട്ടുകാരുടെ നിസ്സഹായ അവസ്ഥയും അവനെ കൊണ്ടു ഒരു തീരുമാനമെടുപ്പിച്ചു. വിവാഹം കഴിക്കുന്നെങ്കിൽ അത്‌ പ്രിയയെ മാത്രമായിരിക്കും. വെറും സഹതാപം കൊണ്ടോ അവളുടെ അവസ്ഥയിലുള്ള സങ്കടം കൊണ്ടോ അല്ല, മറിച്ചു അവളുടെ നന്മയുള്ള മനസ്സ് അറിയാവുന്നത് കൊണ്ട് മാത്രം.

ആദ്യമൊക്കെ അവന്റെ വീട്ടുകാർ ആ തീരുമാനത്തെ ശക്തമായി എതിർത്തു. അത് അവനോടു പ്രകടിപ്പിക്കുകയും ചെയ്തു. അന്ന്, അവൻ ചെയ്യുന്നതിന്റെ ഭവിഷ്യത്ത് എന്തായാലും സ്വയം അനുഭവിക്കണം ഞങ്ങളാരും കൂടെ ഉണ്ടാവില്ല എന്ന്‌ പറഞ്ഞ അച്ഛനോട് അവൻ ഒര് മറുചോദ്യം ചോദിച്ചു. എന്റെ പെങ്ങൾക്കാണ് ഇങ്ങനെ ഒര് ഗതി വന്നിരുന്നതെങ്കിൽ നമ്മൾ എന്ത് ചെയ്തേനെ എന്നു. ഒരു സ്ത്രീയെ അല്പനിമിഷത്തെ സുഖത്തിനു വേണ്ടി പിച്ചി ചീ ന്തുന്ന ഓരോ പുരുഷനും, അതിലുപരി അവളെ ആ ഒരു കാരണം പറഞ്ഞു പരിഹസിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന സമൂഹവും, അവർക്കും അമ്മയും പെങ്ങളും മകളും ഉണ്ടെന്നും, അല്ലെങ്കിൽ തങ്ങളും ഒരു സ്ത്രീയാണെന്നും ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കിൽ ഇങ്ങനെയൊന്നും ഒരിക്കലും സംഭവിക്കില്ലല്ലോ എന്നവൻ പറഞ്ഞു.

നാളെ ആർക്ക്‌ വേണമെങ്കിലും ഇതു സംഭവിക്കാം. ആ ദുരന്തത്തിൽ ഉണ്ടാകുന്ന ശാരീരിക ആഘാതം ചികിത്സയിലൂടെ മറികടക്കാമെങ്കിലും മനസ്സ്, അതിന്റെ മുറിവുണക്കാൻ, അവർക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് പറഞ്ഞു ധൈര്യം പകർന്ന് അവരെ ചേർത്ത് നിർത്താൻ ആരെങ്കിലും ഒക്കെ ഉണ്ടായേ മതിയാവൂ. പ്രിയയ്ക്ക് അങ്ങനെ ഒരാളാവാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

അതു കൂടി പറഞ്ഞു നിർത്തുമ്പോൾ അവന്റെ വാക്കുകളിൽ ഒര് ദൃഢ നിശ്ചയം ഉണ്ടായിരുന്നു. രാഹുലിന്റെ വാക്കുകളിൽ നിന്നും, ഇനി ആർക്കും അവനെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയില്ല എന്ന് മനസിലാക്കിയത് കൊണ്ട് വീട്ടുകാരും ഒടുവിൽ സമ്മതം മൂളി.

ചികിത്സ കഴിഞ്ഞു മനസ്സിന്റെ ശക്തി വീണ്ടെടുത്ത് പ്രിയ ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോൾ മറ്റൊര് അത്ഭുതം കൂടി സംഭവിച്ചിരുന്നു. അവളുടെ മനസ്സിന് കനത്ത ആഘാതം ഏൽപ്പിച്ച ആ സംഭവം അവൾ പാടെ മറന്ന് പോയിരുന്നു. അവൾ ആക്രമിക്കപ്പെട്ടു എന്ന വസ്തുത മനസ്സെന്ന ഇന്ദ്രജാലക്കാരൻ താൽക്കാലികമായെങ്കിലും അവളിൽ നിന്ന് മായ്ച്ച് കളഞ്ഞിരുന്നു.

അത് “ഡിസോസ്സിയേറ്റ്‌ അംനേഷ്യ” എന്ന രോഗാവസ്ഥയാണെന്നും വളരെ പെട്ടെന്നോ അല്ലെങ്കിൽ വർഷങ്ങൾക്ക് ശേഷമോ പഴയതൊക്കെ ഓർമ്മ വന്നേക്കാം എന്നും ഡോക്ടർ പറയുമ്പോൾ, താൽക്കാലികമായെങ്കിലും അവൾ അതൊക്കെ മറന്നതിൽ രാഹുൽ ഏറെ സന്തോഷിച്ചു.

രാഹുൽ പ്രിയയെ വിവാഹം കഴിക്കുമ്പോഴും അതിന് ശേഷവും അതു തികച്ചും രണ്ടു വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച ബന്ധം മാത്രമാണെന്ന് പ്രിയയെ ധരിപ്പിക്കാൻ രാഹുലിനും വീട്ടുകാർക്കും സാധിച്ചു. ആ ദുരന്തത്തിന്റെ ഒരവശേഷിപ്പും അവളിൽ പഴയ ഓർമ്മകൾ തിരിച്ചു കൊണ്ടുവരാതിരിക്കാൻ, നാട്ടുകാരും വീട്ടുകാരും ആരും ഇല്ലാത്ത ഒരു നാട്ടിലേക്ക് അവർ മാറി താമസിച്ചു.

അങ്ങനെ സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതം രണ്ട് വർഷം പിന്നിട്ടിരിക്കുന്നു. ഇതൊക്കെ ആലോചിച്ച്‌ കട്ടിലിൽ തിരിഞ്ഞ് കിടക്കുമ്പോൾ ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ പ്രിയ ഉറങ്ങുന്നുണ്ടായിരുന്നു.

അവർ പോലും അറിയാതെ സംഭവിക്കുന്ന പല ആപത്തുകളിലും സ്ത്രീകളെ തള്ളിപ്പറയുന്ന പുരുഷന്മാർ, ഒര് നിമിഷം അവരുടെ മനസ്സ് കൂടി ഒന്ന് കാണാൻ ശ്രമിച്ചിരുന്നെങ്കിൽ എന്ന് രാഹുൽ ഓർത്തു.

തന്റെ പ്രിയതമയുടെ നെറുകെയിൽ ഒരു ചുംബനം നൽകി അവളോട്‌ ചേർന്ന് കിടക്കുമ്പോൾ, അവൾക്കൊരിക്കലും ജീവിതത്തിലെ ആ നശിച്ച ദിവസം ഓർമ്മ വരരുതേ എന്നവൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു…