അവളെ ഞാൻ ആദ്യം കണ്ട സമയം തൊട്ട് അവൾ എന്റെ ആരൊക്കെയോ ആയതാണ്. പക്ഷെ…

എന്റെ അത്ഭുതകണ്ണാടി…

Written by Remya Bharathy

==============

എന്റെ വീട്ടിൽ എന്റെ മുറിയിൽ രണ്ടു കണ്ണാടികൾ ഉണ്ട്.

ഒന്നാമത്തെ കണ്ണാടിയിൽ എന്നെലുമൊക്കെ നോക്കുമ്പോൾ, എന്റെ പ്രതിബിംബം കാണുന്നു. കണ്ണെഴുതാനും മുടി ചീകി കെട്ടാനും എന്നെ സഹായിക്കുന്നു. വല്ലപ്പോഴും ഒക്കെ ഇത്തിരി അകലേക്ക്‌ മാറി നിന്ന് നോക്കുമ്പോൾ എന്റെ കുറ്റവും കുറവും ചൂണ്ടി കാണിക്കുന്നു. വേറെ ചിലപ്പോൾ ഞാൻ ഒരുങ്ങിയത് ഭംഗിയുണ്ടെന്നു എന്നോട് പറയുന്നു.

വേറെ ഒരു കണ്ണാടി രാവിലെ എണീറ്റു വന്നു എന്റെ പുതപ്പിനുള്ളിൽ കയറി കൂടിയിട്ട് പറയും ‘അമ്മയുടെ പുതപ്പാണ് ഏറ്റവും നല്ലത്. എനിക്ക് ഇത് മതി’ എന്ന്. പാതി ഉറക്കത്തിൽ എന്നോട് തല്ലു കൂടും. ഞാനാ കണ്ണാടിയെ സ്നേഹത്തോടെ അമ്മൂ എന്ന് വിളിക്കും. ഉള്ളിൽ എന്റെ മാലാഖയെന്നും…

അവളെ ഞാൻ ആദ്യം കണ്ട സമയം തൊട്ട് അവൾ എന്റെ ആരൊക്കെയോ ആയതാണ്. പക്ഷെ ഏറ്റവും കൂടുതൽ തോന്നുന്നത് അവൾ എന്റെ കണ്ണാടിയാണ്. ചിലപ്പോൾ അവളിൽ ഞാൻ എന്റെ പ്രതിബിംബം കാണും. വേറെ ചിലപ്പോൾ ഞാൻ എന്താവണമോ അത് കാണും. ചില അവസരങ്ങളിൽ ഞാൻ എന്താവണം എന്നാണോ ഞാൻ ആഗ്രഹിച്ചത് അവൾ അതാവും. ഓരോരോ സമയത്തും അവൾ എന്നെ ആശ്ചര്യപ്പെടുത്തി കൊണ്ടേ ഇരിക്കും.

ചിലപ്പോൾ ഒക്കെ തോന്നും അവളെ എന്റെ ചിന്തകളുടെ ആലയിൽ ഞാൻ ഉരുക്കി വാർത്തെടുത്തതാണെന്ന്. വേറെ ചിലപ്പോൾ തോന്നും ഞാൻ ഏതൊക്കെയോ ആഗ്രഹങ്ങൾ പറഞ്ഞപ്പോൾ, മുപ്പത്തിമുക്കോടി ദൈവങ്ങളിൽ ആരോ ഇരുന്നു തഥാസ്തു പറഞ്ഞതിന്റെ ഫലമാണ് അവൾ എന്ന്. ഞാൻ എന്തൊക്കെ ആഗ്രഹിച്ചോ അതൊക്കെ ആണ് അവൾ. ഞാൻ എന്തൊക്കെ ആഗ്രഹിക്കാൻ മറന്നോ അത് മാത്രമേ അവൾക്ക് കുറവുകളായുള്ളൂ.

ഇതൊക്കെ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ എന്നെനിക്ക് അറിയില്ല. പക്ഷെ ഞാൻ എന്തൊക്കെ ആഗ്രഹിച്ചോ അതൊക്കെ അവൾക്ക് കിട്ടിയിട്ടുണ്ട്. വിരലിന്റെയും നഖത്തിന്റെയും മുടിയുടെയും നീളം തൊട്ട് താടിയിലെ കാക്കപ്പുള്ളി വരെ, ഞാൻ ഒരിക്കൽ ആഗ്രഹിച്ചതാണ്.

നീളമുള്ള മുടിയുള്ള, നീണ്ട വിരലുകളും നഖങ്ങളും ഉള്ള, പാട്ട് പാടുന്ന, ഡാൻസ് കളിക്കുന്ന, ചിത്രം വരയ്ക്കുന്ന, എല്ലാരോടും സൗമ്യമായി സംസാരിക്കുന്ന, എല്ലാർക്കും ഇഷ്ടമാകുന്ന ഒരു കുഞ്ഞിനെ ഞാൻ സ്വപ്നം കണ്ടിരുന്നു.

സത്യം പറഞ്ഞാൽ ഇതൊക്കെ ഞാൻ എനിക്ക് വേണ്ടി ആഗ്രഹിച്ചതാണ്. അതൊക്കെ ദൈവം എനിക്ക് തന്നത് അവളിലൂടെ ആണ്. പക്ഷെ കുഞ്ഞിന്റെ നിറത്തെ പറ്റി, അല്ലേൽ എന്റെ നിറത്തെ പറ്റി ഒരിക്കലും ആലോചിച്ചിട്ടില്ല. അവൾ വിരളമായി എങ്കിലും അവളുടെ.നിറത്തെ പറ്റി സങ്കടം പറഞ്ഞിരുന്നപ്പോൾ ഞാൻ ആലോചിച്ചു, ഞാൻ അത് ആഗ്രഹിച്ചിരുന്നേൽ അതും കൂടെ കിട്ടിയിരുന്നോ എന്ന്. ഓരോരോ മണ്ടത്തരങ്ങൾ. അല്ലേ…

ഞാൻ ഇഷ്ടപ്പെടുന്ന എല്ലാം ഇഷ്ടപ്പെടുന്ന, ഞാൻ ചെയ്യുന്നതെല്ലാം ചെയ്യണം എന്ന് വാശി പിടിക്കുന്ന, എന്നെ പോലെ കണ്ണട വെക്കണം എന്നും വായിക്കണം എന്നും ആഗ്രഹം പറഞ്ഞ, എല്ലാ അർത്ഥത്തിലും എന്റെ പ്രതിബിംബം ആണ് അവൾ.

പക്ഷെ എനിക്കറിയാം പ്രതിബിംബം വേറെയും വ്യക്തി വേറെയും എന്ന പോലെ, അവൾ ഒരു സ്വതന്ത്ര വ്യക്തിയാണെന്ന്. അല്ലേൽ ഞാൻ അവളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് അതാണ്‌.

എന്നെ പോലെ puzzles, കണക്കുകൾ ചെയ്യാൻ പറ്റാതെ വരുമ്പോൾ, എന്നെ പോലെ ധൈര്യം കാണിക്കാൻ പറ്റാതെ വരുമ്പോൾ അവൾ തലയും താഴ്ത്തി ഇരിക്കും. അമ്മക്ക് ഇതൊക്കെ പെട്ടന്ന് പറ്റും എനിക്ക് പറ്റില്ല എന്ന് പറഞ്ഞ് ചിണുങ്ങും. ആദ്യമൊക്കെ ഞാൻ പറയും, എന്റെ പ്രായവും നിന്റെ പ്രായവും വേറെ ആയത് കൊണ്ടാണ്, ഞാൻ കുറെ കാലം പ്രാക്ടീസ് ചെയ്തിട്ടാണ് ഇങ്ങനെ puzzles ചെയ്യുന്നത് എന്നൊക്കെ.

ഇപ്പോ ഞാൻ തിരിച്ചും പറയും. നിന്നെ പോലെ ഗിറ്റാറു വായിക്കാനും ukelele വായിക്കാനും എനിക്കറിയില്ലല്ലോ, നിന്നെ പോലെ യോഗ ചെയ്യാനും തലകുത്തി നിൽക്കാനും എനിക്ക് വയ്യല്ലോ, എനിക്ക് നിന്നെ പോലെ പാടാൻ വയ്യല്ലോ, നിന്നെ പോലെ എനിക്ക് മുടിയില്ലല്ലോ, നിന്റെ പോലത്തെ നീണ്ട നഖം എനിക്ക് ഇല്ലല്ലോ എന്നൊക്കെ. അപ്പോൾ അവള് തമാശയോടെ ചിരിച്ചു എന്നെ വന്ന് ആശ്വസിപ്പിക്കും.

ഒരിക്കൽ കൂടെ ചെറുപ്പത്തിലേക്ക് തിരിച്ചു പോയി ഒന്നൂടെ ജീവിക്കണം എന്നായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. അത് സാധിക്കാത്തത് കൊണ്ട് ദൈവം എനിക്ക് തന്നതാണ് അവളെ എന്ന് ഞാൻ പറയും. അവളുടെ ജീവിതത്തിലൂടെ ഞാൻ വീണ്ടും എന്റെ കുട്ടിക്കാലം ജീവിക്കുന്നു. ഇപ്പൊ ടീനേജിലേക്ക് കയറി. എന്റെ കണ്മുന്നിലൂടെ എന്റെ ജീവിതം വീണ്ടും കടന്നു പോകുന്നത് പോലെ തോന്നും അവളെ കാണുമ്പോൾ.

എന്നെ ഉപദേശിക്കുന്നത് എനിക്ക് ഇഷ്ടമില്ലാത്തത് കൊണ്ട് അവളെ ഉപദേശിക്കാൻ ഒന്നും നിൽക്കില്ല. പകരം ഞങ്ങൾ തുറന്നു സംസാരിക്കാൻ ശ്രമിക്കും. ഞാൻ മാത്രമല്ല അവളുടെ അച്ഛനും. എന്റെ ഏറ്റവും വലിയ സന്തോഷം സ്വഭാവം കൊണ്ടും കഴിവുകൾ കൊണ്ടും അവൾ അവളുടെ അച്ഛനെ പോലെ ആയി എന്നതാണ്.

അവൾ എനിക്ക് ഒരു കണ്ണാടിയാണ്, എന്റെ നേരെ ഞാനെന്താണെന്നു കാണിക്കുന്ന കണ്ണാടി. വേറെ ചിലപ്പോൾ കണ്ണാടിയിൽ നമ്മൾ നമ്മൾക്ക് കാണേണ്ട നമ്മളെ കാണാൻ ശ്രമിക്കുന്നത് പോലെ ഞാൻ ആഗ്രഹിക്കുന്നത് എനിക്ക് പ്രതിഫലിപ്പിച്ചു തരുന്ന എന്റെ അത്ഭുദ കണ്ണാടിയാണ് അവൾ.

അങ്ങനെ ഒരു കഥ പറയട്ടെ?

അവൾ യുകെജിയിൽ പഠിക്കുന്ന കാലത്ത് നടന്ന ഒരു സംഭവം. അവളുടെ സ്കൂളിൽ എല്ലാ മാസവും കുറെ മത്സരങ്ങൾ നടക്കും. കാണാപാഠം പഠിക്കേണ്ട പ്രസംഗം പോലെയുള്ളത് ഒഴികെ എല്ലാത്തിനും അവൾ പങ്കെടുക്കുകയും ചെയ്യും.

അങ്ങനെ ഒരു ദിവസം…

“ഏട്ടാ ഇന്ന് നേരത്തെ ഇറങ്ങണം ഇന്ന്. നാളെ അമ്മുവിന്റെ ഫാൻസി ഡ്രസ്സ്‌ മത്സരം ആണ്. അതിനുള്ള ഡ്രസ്സ്‌, ആ വാടകക്ക് ഡാൻസ് ഡ്രസ്സ്‌ ഒക്കെ വാങ്ങുന്ന സ്ഥലത്തുണ്ടാകും. അവിടെ പോയി വാങ്ങണം.”

ഇത് കേൾക്കുകയും മൂളുകയും ചെയ്തിട്ടും ഏട്ടനെ വൈകിട്ട് ഒന്നൂടെ ഓർമ്മിപ്പിച്ചു. ജോലിയുടെ തിരക്കാണ്. പക്ഷെ അതിനിടെ അവളുടെ കാര്യം മറക്കരുതല്ലോ. വൈകിട്ട് അമ്മു വന്നപ്പോൾ അവളെയും കൂട്ടി പോയി ഓരോന്നായി എല്ലാം തിരഞ്ഞെടുത്തു. പൂക്കാരിയുടെ വേഷം. എളുപ്പമാണല്ലോ.

ഒരു കളർഫുൾ പാവാടയും ബ്ലൗസും, കുറച്ചു മാലകൾ വളകൾ, ഒരു കൊട്ടയും അതിലിടാൻ കുറെ പൂ കൂടെ എടുത്തു. യുകെജികാരിക്ക് അതൊക്കെമതിയല്ലോ.

ലീവെടുക്കാൻ ഒരു വഴിയുമില്ല. ക്ലാസുകൾ എല്ലാം രാവിലെ തീർത്തു ഉച്ചക്ക് ഇറങ്ങാം. ഉച്ചക്ക് ശേഷമുള്ള ക്ലാസുകൾ ഒക്കെ മറ്റു പലരുമായി അഡ്ജസ്റ്റ് ചെയ്തു. ഉച്ചക്ക് ശേഷം ഒരു ഹാഫ് ഡേ ലീവ് പറഞ്ഞു. ഏട്ടനെ കൊണ്ടും ലീവ് എടുപ്പിക്കണം ഈ സാധനങ്ങൾ ഒക്കെ കൊണ്ടോവണമല്ലോ എന്നിട്ട് ഒരുക്കണം. വലിയ മേക്കപ്പ് ഒന്നും വേണ്ട. ഇതൊക്കെ ഒന്ന് ഇടീച്ചു നിർത്തിയാൽ മതിയല്ലോ.

തിരികെ വീട്ടിലേക്ക് കേറാൻ നേരം ഞാൻ പറഞ്ഞു “അതൊക്കെ വണ്ടിയിൽ ഇരുന്നോട്ടെ. ഇനി ഒന്നും മറന്നു പോണ്ട.”

“എന്റെ ബാഗിൽ വെക്കാം അമ്മേ…”

“വേണ്ട അത് ഭാരം കൂടുതൽ ആവും. പിന്നേ ആ കൊട്ടയൊക്കെ ഉള്ളതല്ലേ. തല്ക്കാലം അതവിടെ ഇരിക്കട്ടെ. നാളെ അമ്മയും അച്ഛനും വരുമ്പോൾ കൊണ്ടരാം.”

വീട്ടിൽ എത്തി അവളെ കൊണ്ട് പൂക്കാരിയുടെ ഡയലോഗും സ്റ്റേജിൽ എവിടെ നിന്ന് വരണം എങ്ങോട്ട് പോണം എവിടെ നോക്കി എന്ത് പറയണം എന്നൊക്കെ പഠിപ്പിച്ചു. പഴം വെക്കുന്ന ബാസ്കറ്റ് എടുത്ത് അവൾ പൂ വേണോ എന്നൊക്കെ ചോദിക്കുന്നത് കണ്ടു ഞങ്ങൾ കൈ കൊട്ടി.

പിറ്റേന്ന് പതിവ് പോലെ അവളെ റെഡിയാക്കി സ്കൂളിലേക്ക് വിട്ടു.

സ്റ്റാഫ്റൂമിൽ ചെന്ന് ക്ലാസ്സിലേക്ക് ഓട്ടമായിരുന്നു. തിരക്കിനിടെയും ആരോടൊക്കെയോ പറഞ്ഞു. “ഇന്ന് അമ്മുന് പ്രോഗ്രാം ഉണ്ട് സ്കൂളിൽ. ഉച്ചക്ക് അങ്ങോട്ട് പോണം. അതോണ്ട് എന്റെ ക്ലാസ്സ്‌ രാവിലത്തേക്ക് അഡ്ജസ്റ്റ് ചെയ്തിരിക്കാ.”

സാധാരണ ക്ലാസ്സിലേക്ക് പോകുമ്പോൾ ഫോൺ സൈലന്റ് ആക്കി കോട്ടിന്റെ പോക്കറ്റിൽ ഇടും. എങ്ങാനും വല്ല കോളും വന്നാൽ എടുത്തില്ലെങ്കിലും അറിയാലോ. വല്ല അത്യാവശ്യ കോളുകളും ആണേൽ പുറത്തിറങ്ങി എടുക്കുകയും ചെയ്യാം.

അന്ന് പക്ഷെ ഫോൺ മറന്നു. സ്റ്റാഫ്റൂമിലെ ടേബിളിന് മുകളിൽ വെച്ചു. തിരിച്ചെത്തി നോക്കിയപ്പോൾ അമ്മുവിന്റെ ടീച്ചറിന്റെ മിസ്സ്‌ഡ്കോളുകൾ. ഏട്ടന്റെയും ഒരു മിസ്സ്ഡ്കോൾ ഉണ്ട്. ആദ്യം ടീച്ചറെ ആണ് വിളിച്ചത്. ടീച്ചറ് ഫോൺ എടുത്തതും

“അല്ല സോഹിനിടെ അമ്മ എന്താ വരാഞ്ഞത്?”

“ഞാനിതാ ഇറങ്ങാൻ നിൽക്കായിരുന്നു. ക്ലാസ്സിലായിരുന്നു അതാ ഫോൺ കാണാഞ്ഞത്.”

എല്ലാ പേരെന്റ്സും രാവിലെ വന്നു കാണും, എന്നെ കാണാഞ്ഞിട്ട് ടീച്ചറ് വിളിച്ചതാവും, അല്ലേൽ അമ്മു പറഞ്ഞിട്ടുണ്ടാവും വിളിക്കാൻ.

“അല്ല പരിപാടി രാവിലെ ആയിരുന്നു. കാണാഞ്ഞത് കൊണ്ടാ വിളിച്ചത്.”

എന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി. കണ്ണുകളിൽ ഇരുട്ട് കയറി. അവളുടെ ഡയറിയിൽ എഴുതി വീട്ടിരുന്ന ആ നോട്ടീസ് ഓർമയിൽ നിന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. am pm എഴുതിയത് മാറി പോയി കാണുമോ? അവർക്കായിരിക്കും തെറ്റിയത്. എങ്കിൽ അവരെ ഞാൻ…അതോ എനിക്കാണോ തെറ്റിയത്? എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി.

“രാവിലെയോ?” ഇത്രേ എന്റെ വായിൽ നിന്ന് വന്നുള്ളൂ. മനസ്സിൽ പെരുമ്പറ മുഴങ്ങുന്നു. പിന്നീട് ടീച്ചർ പറഞ്ഞതൊക്കെ കേൾക്കാനുള്ള ബോധം എനിക്കുണ്ടായിരുന്നില്ല. മുറിഞ്ഞ ഓർമ്മകൾ മാത്രമേ ഉള്ളു.

അമ്മ വരുന്നില്ലേൽ ടീച്ചർ ഒരുക്കിക്കൊടുക്കാം എന്ന് പറഞ്ഞു. പക്ഷെ അവൾ ഉറപ്പിച്ചു പറഞ്ഞു അമ്മ വരും. ഒരുങ്ങാനുള്ള എല്ലാം അമ്മ കൊണ്ട് വരും എന്ന് വീണ്ടും വീണ്ടും പറഞ്ഞ് അവൾ കാത്തിരുന്നു. പരിപാടി തുടങ്ങുന്നത് വരെ അവൾ എന്നെ പ്രതീക്ഷിച്ചു. ഇതിനിടെ ടീച്ചർ എന്നെ മൂന്നാല് വട്ടം വിളിച്ചു. ഞാൻ എടുക്കാതെ ആയപ്പോൾ ആണ് ഏട്ടനെ വിളിച്ചത്.

“അവളിപ്പോൾ എവിടെയാ?” അങ്ങനെ ചോദിച്ചത് ഓർമയുണ്ട്.

“അവള് കുട്ടികളുടെ കൂടെ പരിപാടി കാണുന്നുണ്ട്. കുഴപ്പമില്ല.”

“ടീച്ചറെ പരിപാടി ഉച്ചക്കാണെന്ന് കരുതി അബദ്ധം പറ്റി പോയതാ. ഞാൻ ക്ലാസ്സിൽ ആയിരുന്നു. അങ്ങോട്ട് വരാൻ വേണ്ടി ഉച്ചക്ക് ശേഷമുള്ള ക്ലാസ്സ്‌ രാവിലത്തേക്ക് ആക്കി ഞങ്ങൾ ഇറങ്ങാൻ നിൽക്കാ…

“ഇനി വരണം എന്നില്ല. അവള് ok ആണ്. വൈകിട്ട് സ്കൂൾ ബസിൽ വന്നോളും.”

“ടീച്ചറെ അവളെ ഞാൻ വന്നു ഡ്രസ്സ്‌ ചെയ്യിച്ചാൽ ഒന്ന് സ്റ്റേജിൽ കയറ്റാൻ പറ്റുമോ? അവള് ഇന്നലെ കുറെ പ്രാക്ടീസ് ഒക്കെ ചെയ്തതാ. മത്സരത്തിനൊന്നും അല്ല. അവൾ കുറെ ആഗ്രഹിച്ചതായത് കൊണ്ടാ.”

“അയ്യോ അതൊന്നും പറ്റുമെന്നു തോന്നുന്നില്ല. വേറെ മത്സരങ്ങൾ നടക്കാ. അവൾക്ക് കുഴപ്പം ഒന്നും ഇല്ല. എന്നാ ശരി.” ടീച്ചർ ഫോൺ വെച്ചു.

പേടിച്ചു കൊണ്ടാണ് ഏട്ടനെ വിളിക്കാൻ തുടങ്ങിയത്. പൊതുവെ ശാന്തശീലനാണ്. പക്ഷെ മോളുടെ കാര്യങ്ങളിൽ ആ പരിഗണന കിട്ടി എന്ന് വരില്ല. എനിക്ക് ശ്രദ്ധ കുറവാണ് എന്ന് അല്ലെങ്കിലെ പരാതിയുള്ളതാണ്. മറവിയും. ഇടയ്ക്കിടെ ഒരുപാട് അബദ്ധങ്ങൾ പറ്റാറുണ്ട്. പക്ഷെ അതൊക്കെ മിക്കവാറും എന്നെ തന്നെ ബാധിക്കുന്നവയായിരുന്നു. അല്ലേൽ എനിക്ക് തന്നെ ഒരു വഴി കണ്ടു പിടിക്കാവുന്നവ. ഇത് പക്ഷെ എനിക്ക് ഒന്നും ചെയ്യാൻ വയ്യ.

അവസാനം ഏട്ടനെ വിളിക്കണ്ട എന്ന് തീരുമാനിച്ചു. നേരിട്ട് കണ്ടിട്ട് കേൾക്കാനുള്ളതൊക്കെ കേൾക്കാം എന്ന് ഉറപ്പിച്ചു.

കാബിനിൽ ചെന്നപ്പോൾ നല്ല ദേഷ്യത്തിൽ ആണ്. ദേഷ്യം വരുമ്പോൾ ഉള്ള നിസ്സംഗതയാണ് മുഖത്ത്. പൊട്ടിത്തെറിക്കുന്നത് ആണ് ഇതിനേക്കാൾ ഭേദം എന്ന് തോന്നും. ഇത് ഉള്ളിൽ എന്താ എന്ന് അറിയില്ലല്ലോ.

“ടീച്ചറ് വിളിച്ചില്ലേ?”

“ഹ്മ്മ്. എനിക്കറിയില്ല എന്താ പറ്റിയത് എന്ന്. ഞാൻ pm എന്നാണ് കണ്ടത്.” ഞാൻ വെറുതെയെങ്കിലും എന്റെ വശം വാദിക്കാൻ നോക്കി.

“ഇനി പറഞ്ഞിട്ടെന്താ. കുറച്ചും കൂടെ സീരിയസ്നെസ്സ് വേണം കാര്യങ്ങളിൽ. അല്ലേൽ ഇങ്ങനെയിരിക്കും.”

“അവള് വേറെയും മത്സരങ്ങളിൽ പങ്കെടുത്തല്ലോ ഇത് അടുത്ത പ്രാവശ്യം പങ്കെടുക്കാം. ഇത് സ്കൂളുകാര് വെറുതെ നടത്തുന്ന മത്സരമല്ലേ.” ഏട്ടന്റെ മുന്നിൽ പിടിച്ചു നിൽക്കാനാണോ അതോ സ്വയം സമാധാനിക്കാനാണോ ഞാൻ ആ പറഞ്ഞത് എന്നെനിക്ക് അറിയില്ല.

“അവനവന്റെ തെറ്റിനെ ഇങ്ങനെ ഓരോന്ന് പറഞ്ഞ് ന്യായീകരിക്കാം. ഇനി ഇപ്പൊ അതല്ലേ പറ്റു. എല്ലാം കഴിഞ്ഞല്ലോ.” എന്റെ ഉള്ളുകള്ളികളെ മൂപ്പർക്ക് അറിയുന്ന പോലെ ആർക്കും അറിയില്ലല്ലോ.

“എന്തായാലും നമുക്ക് സ്കൂളിലേക്ക് പോണം. എനിക്ക് അവളെ കാണണം.”

“എന്തിന്? ഇനി അവള് സ്കൂൾ ബസിൽ വന്നോളും.”

“പറ്റില്ല. എന്തായാലും ലീവ് പറഞ്ഞതല്ലേ നമുക്ക് പോകാം. എന്നിട്ട് അവളെ നേരത്തെ വിളിച്ചു കൊണ്ട് വരാം.”

എന്റെ അവസ്ഥ മനസ്സിലായിട്ടാവാം. ഏട്ടൻ സമ്മതിച്ചു. വണ്ടിയിൽ കയറി ഞാൻ പിന്നേം എന്റെ ന്യായങ്ങൾ അനലൈസ് ചെയ്യാൻ തുടങ്ങി. ഏട്ടൻ ദേഷ്യപ്പെടാനും.

കു ത്തി കു ത്തി തോ ണ്ടി തോ.ണ്ടി ചീത്ത വാങ്ങിക്കാ എന്നൊക്കെ പറയില്ലേ. അത് തന്നെ സംഗതി.

ഞാനാണേൽ ആക്കാലത്തു pcod യുടെ വല്ലാത്ത പിടിയിൽ ആണ്. പലപ്പോഴും മൂ ഡ് സ്വി ങ്ങുകളുടെയും ആഴ്ചകൾ നീളുന്ന ബ്ലീ ഡി ങ്ങിന്റെയും പിടിയിൽ. ഏട്ടനും മോളും എനിക്ക് വേണ്ടി കുറെ അഡ്ജസ്റ്റ് ചെയ്യുന്നുമുണ്ട്.

സ്കൂളിൽ എത്തിയപ്പോൾ ഞാൻ അവളെ വിളിക്കാൻ ഏൽപ്പിച്ചു. നേരിട്ട് പ്രിൻസിപ്പാളിനോട് കാര്യം പറയാൻ ഏട്ടൻ അകത്തു കയറി. ഞാൻ പുറത്തു തന്നെ അവളെ കാത്തു നിന്നു. അന്നത്തെ ദിവസം രാവിലെയും ഉച്ചക്ക് ശേഷവും ഫാൻസി ഡ്രസ്സ്‌ മത്സരമുണ്ട്. നോട്ടീസിലെ സമയം നോക്കിയപ്പോൾ എനിക്കു തെറ്റ് പറ്റിയതാണെന്ന് പുറമെ ഒട്ടിച്ച നോട്ടീസിൽ നിന്ന് എനിക്ക് മനസ്സിലായി.

അവളെയും ഒരു കയ്യിൽ പിടിച്ച് മറ്റേ കയ്യിൽ അവളുടെ ബാഗും പിടിച്ച് അവളുടെ ആയ ആ ഇടനാഴിയുടെ അങ്ങേ അറ്റത്തു പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ എന്റെ സകല നിയന്ത്രണവും വിട്ടു. അവൾ അടുത്ത് എത്തിയതും അവളെ കെട്ടി പിടിച്ച് ഞാൻ കരയാൻ തുടങ്ങി. ഞാൻ കരയുന്നത് ചിലപ്പോൾ അവൾ ആദ്യമായിട്ടാവും കാണുന്നത്. അവൾ എന്നെ ആശ്വസിപ്പിക്കാൻ തുടങ്ങി.

ഞാൻ അവളുടെ കുഞ്ഞി കൈ പിടിച്ച് കുറെ സോറി പറഞ്ഞു. എനിക്ക് പറ്റിയ അബദ്ധവും. അവൾക്ക് എന്നോട് ദേഷ്യമോ പിണക്കമോ തോന്നുകയോ, അവൾക്കും സങ്കടം വരികയോ എന്റെ കൂടെ കരയുകയോ ആവും ചെയ്യാ എന്നാണ് എനിക്ക് തോന്നിയത്. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ പറഞ്ഞു.

അത് സാരമില്ല അമ്മേ. അടുത്ത കൊല്ലവും ഉണ്ടാവുമല്ലോ അപ്പൊ ചെയ്യാം.

അത് കേട്ടതും എന്റെ കരച്ചിലിന്റെ ശക്തി കൂടി. അവസാനം അവിടെ സീൻ ഉണ്ടാക്കേണ്ട എന്ന് പറഞ്ഞു ഏട്ടൻ പുറത്തു വന്ന് എന്നെയും അവളെയും അവിടുന്ന് കൊണ്ടോയി. വണ്ടിയിൽ കയറിയും അവളെ മടിയിലിരുത്തി ഞാൻ സോറി പറഞ്ഞു കൊണ്ടേ ഇരുന്നു.

അവിടുന്ന് നേരെ അവൾക്ക് ഇഷ്ടമുള്ള ബേക്കറിയിൽ പോയി ഇഷ്ടമുള്ളതൊക്കെ വാങ്ങി കൊടുത്തു. അവൾ അത് അന്നേ മറന്നു. ഇന്നലെ ഈ സംഭവം അവളോട് പറഞ്ഞപ്പോൾ അവൾ ചോദിക്കുന്നുണ്ട്. ഏഹ് അന്ന് ഞാൻ അങ്ങനെ ഒക്കെ പറഞ്ഞോ എന്ന്.

അതിനു ശേഷവും ഇഷ്ടം പോലെ അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. പക്ഷെ അവളുടെ കാര്യങ്ങളിൽ അബദ്ധം പറ്റാതിരിക്കാൻ ഞാനെപ്പോഴും ശ്രമിക്കാറുണ്ട്.

ഓരോരോ അവസരങ്ങളിൽ ഞാൻ എന്തൊക്കെയാവും ചെയ്യുക എന്നോ എന്തൊക്കെ ചെയ്യാം എന്നോ എനിക്ക് അവൾ കാട്ടി തരും.

എന്റെ കുറ്റങ്ങളും കുറവുകളും, എന്റെ ഭംഗിയും, എന്നിലെ ഏറ്റവും മനോഹരമായ കാര്യവും എല്ലാം എനിക്ക് കാട്ടി തരുന്ന എന്റെ അത്ഭുത കണ്ണാടിയാണ് അവൾ.