എഴുത്ത്: മഹാ ദേവൻ
===============
അവൻ കറുത്തിട്ടായിരുന്നു. അവൾ മുല്ലപ്പൂ പോലെ വെളുത്തിട്ടും. ചിരിക്കുമ്പോൾ മാത്രം വെളുപ്പ് തെളിയുന്ന അവനെ അവൾക്ക് വല്ലാത്ത ഇഷ്ട്ടമായിരുന്നു.
“നീ കണ്ണ്പൊട്ടി ആണോടി ” എന്ന് ചോദിച്ചവർക്കുള്ള മറുപടി നൽകിയത് അവന്റെ കറുത്ത കവിളിൽ ചുവന്ന ചുണ്ടുകൾ ചേർത്തായിരുന്നു.
പ്രണയമല്ലേ, കണ്ണില്ല…മൂക്കില്ല….അതും പറഞ്ഞാശ്വസിച്ചു മറ്റുള്ളവർ.
പക്ഷേ, അവൾക്ക് കണ്ണുണ്ടായിരുന്നു. അവളുടെ നോട്ടത്തിൽ അവൻ സുന്ദരനായിരുന്നു.
“നിനക്ക് ചേരില്ല ഞാൻ ” എന്നവൻ പറഞ്ഞപ്പോഴെല്ലാം അവളവനെ ഒന്ന് കെട്ടിപ്പിടിക്കും “ഇപ്പോൾ ചേർന്നില്ലേ ” എന്നുറക്കെ ചോദിച്ചുകൊണ്ട്..
“കറുപ്പ് ഇരുട്ടാണ് ” എന്നവൻ പറയുമ്പോൾ “ഇരുട്ടുണ്ടെങ്കിലേ വെളിച്ചത്തിന് പ്രസക്തിയുള്ളൂ ” എന്നവൾ പ്രണയത്തോടെ പറയും.
ഇന്നവരുടെ വിവാഹമാണ്…
ചിലർ ചിരിച്ചു. ചിലർ അവളെ നോക്കി സഹതപിച്ചു.
“അവന്റെ ഒരു യോഗേ ” എന്ന് ചിലർ..
“ആ പെണ്ണിത് ന്ത് കണ്ടിട്ടാ “എന്ന് വേറെ ചിലർ.
“ഇവിടെ നല്ല ജോലിയും തൊലിവെളുപ്പും ഉണ്ടായിട്ട് പെണ്ണില്ല, അപ്പൊ ദേ, ഒരുത്തി ക രി ക്ക.ട്ട പ്പോലെ ഒരുത്തനെ….ആഹ്…അവന്റെ തലേൽ വരാഞ്ഞത് മ്മടെ ആസനത്തിലെങ്കിലും വരഞ്ഞിരുന്നെങ്കിൽ ” എന്ന് പെണ്ണ് കിട്ടാതെ നട്ടം തിരിയുന്നവൻമാർ അസൂയയോടെ പരിതപിച്ചു.
പറയുന്നവർ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ അവൾ സന്തോഷവതി ആയിരുന്നു.
ആ രാത്രി അവർ ഉറങ്ങിയില്ല…അവന്റെ മാറിലേക്ക് അവൾ പറ്റിച്ചേർന്നു.
“കറുപ്പിനെ സ്നേഹിക്കാൻ നിനക്കെങ്ങനെ പറ്റി ” എന്നവൻ അവളുടെ മുടിയിഴകൾ ഒതുക്കിക്കൊണ്ട് ചോദിച്ചു. അവൾ ചിരിച്ചു. പിന്നെ ആ കറുത്ത കരങ്ങളെടുത്തു കവിളിൽ ചേർത്തു
“വെളുപ്പിനെ സ്നേഹിക്കാൻ ഏട്ടനെങ്ങനെ തോന്നി? “
അവൾ തിരിച്ചു ചോദിക്കുമ്പോൾ ഒട്ടും ആലോചിക്കാതെ പറയാൻ അവനിൽ മറുപടി ഉണ്ടായിരുന്നു
“വെളുത്ത പെണ്ണിനെ സ്വന്തമാക്കാൻ ആരാ ആഗ്രഹിക്കാത്തത് !!”
ചിലർക്കത് ആഗ്രഹം…എന്നെ പോലെ ഉള്ളവർക്കത് അത്യാഗ്രഹം.”
അവനൊരു നിമിഷം മൗനം പൂണ്ടു. അവളാ മൗനം ഭേദിച്ചുകൊണ്ട് പൊട്ടിച്ചിരിച്ചു.
“തൊലിവെളുത്താൽ മതിയോ? “
ആ ചോദ്യത്തിനവന് ഉത്തരം ഇല്ലായിരുന്നു.
അവൾ പിന്നെയും ചിരിച്ചു.
പ്രശ്നം കണ്ണുകളുടെ നോട്ടത്തിനല്ല….മനസ്സിന്റെ കാഴ്ചയ്ക്കാണ്…മനസ്സാണ് വേർതിരിവ് ഉണ്ടാക്കുന്നത്..കറുപ്പോ വെളുപ്പോ അല്ല പ്രശ്നം, കാഴ്ചപ്പാട് ആണ്.
പണമുള്ളവർ കറുത്താൽ അത് മറ്റുള്ളവന് ഏഴഴക്. ഒന്നുമില്ലാത്തവന്റെ കറുപ്പോ , കാക്കയ്ക്ക് സമം.
പണമുള്ളവൻ ബർമുഡയിട്ടാൽ അത് മോഡേണെന്ന് പറയുന്നവർ പണമില്ലാത്തവൻ ബർമുഡയിട്ടാൽ പുച്ഛത്തോടെ നോക്കുന്ന നാടാണ്.
പറഞ്ഞത് മനസ്സിലായോ? മറ്റുള്ളവരുടെ കാഴ്ചയുടെ കറുപ്പ് ഞാൻ കണ്ടിട്ടില്ല. എന്റെ മനസ്സിലുള്ള നിറത്തെ വിശ്വസിക്കാനാണ് എനിക്കിഷ്ടം..അവിടെ ഒറ്റ നിറമെ ഉളളൂ….
“സ്നേഹം “!!
അവന്റെ മാറിലേക്ക് ഒന്നുകൂടി അവൾ പറ്റിച്ചേർന്നു. അവന്റെ കരവലയങ്ങളിലേക്ക് ഒതുങ്ങി ഒതുങ്ങി അങ്ങനെ…
✍️ദേവൻ