Story written by Saji Thaiparambu
=============
“ഇല്ല വിനു, ഞാൻ തിരിച്ച് പോകില്ല”
“ജുവൽ ഞാൻ പറയുന്നത് കേൾക്കു…ഒരു എടുത്ത് ചാട്ടം നല്ലതല്ല, ഇപ്പോൾ നീയെന്റെ കൂടെ വന്നാൽ നിനക്ക് നഷ്ടപ്പെടുന്നത് സ്നേഹനിധികളായ നിന്റെ അച്ഛനെയും അമ്മയെയും മാത്രമല്ല, നീയിതുവരെ അനുഭവിച്ച് കൊണ്ടിരുന്ന എല്ലാ സുഖ സൗകര്യങ്ങളും നിനക്ക് നഷ്ടമാകും”
“അതൊന്നുമെനിക്കൊരു പ്രശ്നമേയല്ല വിനു, നീയാണ് എന്റെ ജീവനും ഇനിയുള്ള എന്റെ ജീവിതവും. നീ വിളിച്ചാൽ ഏത് നരകത്തിലേക്കായാലും ഞാൻ വരും. എനിക്ക് ദാഹിച്ചാൽ നീ എന്നെ നോക്കി പുഞ്ചിരി തൂകിയാൽ മതി. എന്റെ ദാഹം തീരും. നീയെന്റെ അടുത്ത് എപ്പോഴുമുണ്ടെങ്കിൽ എനിക്ക് വിശക്കില്ല, അറിയുമോ നിനക്ക്?”
അവൾ വികാരപരവശയായി.
ഒരാശ്വാസത്തിനായി ജൂവൽ അവന്റെ തോളിലേക്ക് ചാഞ്ഞു. ഇനി അവളെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് വിനുവിന് മനസ്സിലായി.
“അമ്മ എനിക്കായി കരുതിവച്ചിരിക്കുന്ന കുറച്ച് സ്വർണ്ണാഭരണങ്ങളുണ്ടായിരുന്നു വീട്ടിൽ, ഇങ്ങോട്ട് വരുമ്പോൾ ആരുമറിയാതെ അത് ഞാൻ എടുത്ത് ബാഗിൽ വച്ചിട്ടുണ്ട്. ഡ്രസ്സ് ഒന്നുമെടുത്തിട്ടില്ല, ആരെങ്കിലും കണ്ടാലോ “
“ങ്ഹേ, അപ്പോൾ നിനക്ക് മാറിയുടുക്കാനുള്ളഡ്രസ്സ് വേണ്ടേ?അതിന് നമ്മൾ എന്ത് ചെയ്യും?
“ഡോണ്ട് വറി, വിനു…തത്ക്കാലം കുറച്ച് സ്വർണ്ണമെടുത്ത് നമുക്ക് വില്ക്കാം, വിനുവിന് ഒരു ജോലി ആയിക്കഴിയുമ്പോൾ നമുക്ക് പിന്നീട് സ്വർണ്ണം വാങ്ങാമല്ലോ?”
അവളുടെ ഐഡിയ അയാൾ സമ്മതിച്ചു.
അങ്ങനെ അവർ, മാംഗ്ളൂരിലേക്കുള്ള ട്രെയിനിൽ യാത്ര തിരിച്ചു.
പോകുന്ന വഴിയിൽ വിനു ആരോടൊക്കെയോ ഫോണിൽ സംസാരിച്ചു
സ്റ്റേഷനിൽ ചെന്നിറങ്ങുമ്പോൾ വിനുവിന്റെ കൂട്ടുകാരൻ സനീഷ് ടാക്സിയുമായി കാത്ത് നില്ക്കുന്നുണ്ടായിരുന്നു.
“ഏതെങ്കിലും സ്വർണ്ണക്കടയുടെ മുന്നിൽ വണ്ടി നിർത്തണെ, കുറച്ച് ഗോൾഡ് വില്ക്കാൻ ഉണ്ട്”
ജൂവൽ പുറകിൽ നിന്ന് ഡ്രൈവ് ചെയ്യുന്ന സനീഷിനോട് പറഞ്ഞു.
“ഹേയ്, തല്ക്കാലം സ്വർണമൊന്നും വില്ക്കണ്ട, നിങ്ങൾക്ക് അത്യാവശ്യത്തിനുള്ള ഡ്രസ്സും വീട്ടു സാധനങ്ങളുമൊക്കെ ഞാൻ വാങ്ങി വച്ചിട്ടുണ്ട്. “
സതീഷ് പുറകിലേക്ക് തിരിഞ്ഞ് പറഞ്ഞു
“ഓഹ് താങ്ക് യു അളിയാ, നിന്നോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല “
വിനു കൂട്ടുകാരന്റെ തോളിൽ നന്ദിയോടെ അമർത്തിപ്പിടിച്ചു.
കാറ് പട്ടണം വിട്ട്, ഇരുവശവും തുറസ്സായ പ്രദേശത്തിന് നടുവിലൂടെയുള്ള ചെമ്മൺ പാതയിലൂടെ യാത്ര തുടർന്നു.
ഇഷ്ടിക അടുക്കിയത് പോലെ ഒട്ടും വിടവില്ലാതെ നിർമ്മിച്ചിരിക്കുന്ന തകരഷീറ്റുകൾ കൊണ്ട് ചുമരും മേൽക്കൂരയും നിർമിച്ചിരിക്കുന്ന കുറെ വീടുകളുടെ മുന്നിൽ വണ്ടി നിന്നു.
“വാ മച്ചാനെ ,നമുക്ക് വീട് കാണാം “
സനീഷ അവരെ രണ്ട് പേരെയും ക്ഷണിച്ചിട്ട് കാറിൽ നിന്നിറങ്ങി
മെയിൻ റോഡിന്, സമാന്തരമായി കിടക്കുന്ന, വീതി കുറഞ്ഞ അഴുക്ക്ചാലിന് കുറുകെയുള്ള ഇരുമ്പ് പാലത്തിലൂടെ നടക്കുമ്പോൾ വിനു ജൂവലിന്റെ മുഖത്തേക്കൊന്ന് നോക്കി.
അവളുടെ മുഖത്തൊരു മ്ളേച്ഛഭാവം അയാൾ കണ്ടു.
വീടുകൾക്കിടയിലൂടെ നടക്കുമ്പോൾ ഏതോ ഈ സെ പ്റ്റി ക്ടാങ്ക് പൊട്ടിയതിന്റെ രൂക്ഷഗന്ധം മൂക്കിലേക്ക് അടിച്ച് കയറി.
ജൂവൽ മൂക്ക് പൊത്തി കൊണ്ട് വിനുവിനോട് ചോദിച്ചു.
“വിനു, നമുക്ക് വേറെ എവിടെങ്കിലും വീട് നോക്കിയാൽ മതിയായിരുന്നു.”
“ഉം നല്ല കാര്യായി, ഇത് തന്നെ ഒപ്പിച്ചെടുത്ത പാട് എനിക്കറിയാം, ജുവലെ, നമ്മുടെ നാട് പോലല്ല, ഇവിടെ, കടത്തിണ്ണയിൽ കിടക്കുന്നതിനും വാടക കൊടുക്കണം”
മറുപടി പറഞ്ഞത് കൂട്ടുകാരനായിരുന്നു.
“തത്ക്കാലം കുറച്ച് ദിവസത്തേക്ക് നീ, ഇവിടെയൊന്ന് അഡ്ജസ്റ്റ് ചെയ്യ് ജുവൽ, പിന്നെ നമുക്ക് സമാധാനത്തിൽ നല്ല ഒരു വീട് കണ്ടു പിടിക്കാം “
അത് കേട്ട് തല കുലുക്കുമ്പോഴും ജൂവലിന്റെ മുഖത്തെ വാട്ടം വിനു ശ്രദ്ധിച്ചു.
“എങ്കിൽ ഞാൻ പോട്ടെ ബ്രോ…പണിക്കാരെ സൈറ്റിൽ നിർത്തിയിട്ടാ, ഞാൻ നിങ്ങളെ പിക്ക് ചെയ്യാൻ വന്നത് “
കൂട്ടുകാരൻ സനീഷ് അവരെ വീടിനുള്ളിലാക്കിയിട്ട് യാത്ര പറഞ്ഞിറങ്ങി
“താങ്ക്സ് ടാ , നീ ഈ ചെയ്ത സഹായം ഞങ്ങൾ ഒരിക്കലും മറക്കില്ല.”
വിനു, സനീഷിനോട് നന്ദി പറഞ്ഞു.
“ഒന്ന് പോടാ…ഫോർമാലിറ്റിയൊന്നും വേണ്ട കെട്ടാ, ആഹ് പിന്നെ നാളെ മുതൽ നീ സൈറ്റിലോട്ട് വരണം. നമ്മൾ വരുന്ന വഴി കാണിച്ച് തന്ന ഫ്ളാറ്റില്ലേ, അവിടാ ഇപ്പോൾ പണി നടക്കുന്നത്. “
“ഓകെ ഡൺ…നീ വിട്ടോ ഞങ്ങൾ കുറച്ച് റസ്റ്റ് എടുക്കട്ടെ “
സനീഷ് പോയിക്കഴിഞ്ഞപ്പോൾ ,വിനു മുൻവാതിലടച്ച് കുറ്റിയിട്ടു
“ങ്ഹാ ,ജൂവൽ നീയൊന്ന് ഫ്രഷായിക്കോ…നമുക്ക് പുറത്തൊക്കെ ഒന്ന് പോയി കറങ്ങിയിട്ട് വരാം “
ആ തീരുമാനം കേട്ടപ്പോൾ, അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
നന്ദി സൂചകമായി വിനുവിനെ കെട്ടിപ്പിടിച്ച് നെറുകയിൽ ഒന്ന് ചുംബിച്ചിട്ട് അവൾ മറപ്പുരയിലേക്ക് പോയി
“വിനു…ഗോൾഡൊക്കെ ഇവിടെ അലമാരയിൽ വച്ചേക്കാമല്ലേ ? നമുക്ക് കടലിൽ ഇറങ്ങി ഒന്ന് കുളിച്ചിട്ടൊക്കെ വരാം. ഇത് കയ്യിൽ വച്ച് നടന്നാൽ ഒരുപാട് ടെൻഷനടിക്കേണ്ടി വരും” അവൾ വിനുവിനോട് ആരാഞ്ഞു.
“ശരിയാ , നിന്റെ പാദസ്വരവും ഊരി വച്ചേക്ക് ഒരു മാല മാത്രം ഇട്ടോണ്ട് പുറത്ത് പോയാൽ മതി”
അവളുടെ അഭിപ്രായത്തെ ശരിവച്ച് കൊണ്ട്, വിനു പിന്തുണച്ചപ്പോൾ, അവൾ മുറിയിലിരുന്ന, സ്റ്റീൽ അലമാരയിൽ സ്വർണ്ണാഭരണങ്ങൾ ഭദ്രമായി വച്ച് കതക് പൂട്ടിയിറങ്ങി
കടലിലെ ചെറിയ തിരകളോട് മത്സരിച്ച്, കെട്ടിമറിയുമ്പോൾ ജൂവൽ, സ്വർഗ്ഗാനുഭൂതിയിലായിരുന്നു
അത് കഴിഞ്ഞ് നനഞ്ഞ ഉടലുകളുമായി അവർ മണൽ പരപ്പിൽ മലർന്ന് കിടന്ന് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി ഭാവി പരിപാടികൾ പ്ലാൻ ചെയ്തു.
“ജൂവൽ.. നമുക്ക് പോയാലോ…രാത്രി ഒരു പാടായി “
“ഉം പോകാം വിനു, ആരും കാണാതെ, എനിക്ക് വിനുവിന്റെ മാറിൽ തല ചായ്ച്ച് നേരം വെളുക്കും വരെ കിടക്കണം”
അത് പറയുമ്പോൾ അവളുടെ കണ്ണുകളിലെ തിരയിളക്കം അവൻ കണ്ടു.
ഓട്ടോറിക്ഷയിൽ വന്നിറങ്ങുമ്പോൾ, ഇരുമ്പ് പാലത്തിൽ ഒരു കൂട്ടം തെരുവ് നാ യ്ക്കൾ എന്തോ ഒന്ന് കടിച്ച് വലിക്കുന്നു.
മങ്ങിക്കത്തുന്ന തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ ഹട്ട് പോലുള്ള വീടുകളുടെ ഇടയിലൂടെ, വിനുവിന്റെ കൈ പിടിച്ച് നടക്കുമ്പോൾ അടക്കിപ്പിടിച്ച ശബ്ദങ്ങളും, ശീൽക്കാരങ്ങളും കേട്ട് അവൾ ഒന്ന് കൂടി അവനോട് ഒട്ടി നടന്നു.
സ്വന്തം വീടിന് മുന്നിലെത്തിയ അവർ, തുറന്ന് കിടക്കുന്ന, മുൻവാതിൽകണ്ട് ഒരു നിമിഷം അന്ധാളിച്ചു പോയി
ഓടി അകത്ത് കയറിനോക്കുമ്പോൾ, സ്റ്റീൽ അലമാരയും, തുറന്ന് മലർന്ന് കിടക്കുന്നത് കണ്ടപ്പോൾ അവരുടെ സംശയം പൂർണ്ണമായി.
കടുത്ത നിരാശയിൽ വിനുവിനൊപ്പം കട്ടിലിരുന്ന് കൊണ്ട് ജുവൽ, വിനുവിനോട് ചോദിച്ചു.
“നമ്മളിനി എന്ത് ചെയ്യും വിനു .. “
“സാരമില്ല ജുവൽ ,അതൊന്നും നമ്മൾ സമ്പാദിച്ചതല്ലല്ലോ? ഞാൻ നാളെ മുതൽ ജോലിക്ക് പോകുന്നുണ്ടല്ലോ, നമുക്ക് വേണ്ടതൊക്കെ എന്റെ ശബ്ബളത്തിൽ നിന്ന് സമ്പാദിക്കാം, അത് പോരെ “
അയാൾ ജൂവലിനെ ആശ്വസിപ്പിച്ചു.
“നമുക്ക് നേരത്തെ കിടക്കാം, രാവിലെ ജോലിക്ക് പോകേണ്ടതാ “
വിനു കിടന്നിട്ടും ജൂവലിന് കിടക്കാൻ തോന്നിയില്ല. ഇനിയെന്ത് എന്ന ചോദ്യം അവളുടെ മുന്നിൽ വിലങ്ങ് തടിയായി നിന്നു
പിറ്റേന്ന് കുട്ടികളുടെ കലപില ശബ്ദവും ആരുടെയൊക്കെയോ ഉച്ചത്തിലുള്ള ആക്രോശവും കേട്ടാണ് വിനു ഉണർന്നത്.
അപ്പോഴും ജൂവൽ നല്ല മയക്കത്തിലായിരുന്നു.
“പാവം” എന്ന് പറഞ്ഞ് കൊണ്ട് അയാൾ അടുക്കളയിൽ കയറി കാപ്പി ഇട്ടോണ്ട് വന്ന് അവളെ തട്ടി വിളിച്ചു.
“ജൂവൽ എഴുന്നേല്ക്ക് ദാ ബെഡ് കോഫി കുടിക്ക് “
ഒരു പുഞ്ചിരിയോടെ അവളത് മൊത്തിക്കുടിക്കുമ്പോൾ, അവൻ പറഞ്ഞു.
“ഞാൻ ഒന്ന് കുളിച്ച് റെഡിയാകട്ടെ, അത്യാവശ്യത്തിനുള്ള പലചരക്ക് സാധനങ്ങളൊക്കെ അടുക്കളയിലുണ്ട്, നീ വേഗം എനിക്ക് കഴിക്കാനെന്തെങ്കിലും ഉണ്ടാക്ക് “
“അയ്യോവിനു ..എനിക്ക് പാചകമൊന്നുമറിയില്ല വിനു കടയിൽ പോയി കഴിച്ചിട്ട് ,എനിക്കും കൂടി ഒരു പാഴ്സൽ വാങ്ങി തന്നിട്ട് പോയ്ക്കോളു”
അത് കേട്ടപ്പോൾ വിനു വിന് അരിശം വന്നെങ്കിലും, പുതുമോടിയല്ലേ എന്ന് കരുതി അവൻ ഒന്നും മിണ്ടിയില്ല.
വൈകുന്നേരം ജോലി കഴിഞ്ഞ് മേലാകെ പെയിന്റുമായിട്ടാണ് വിനു വീട്ടിലേക്ക് കയറി വന്നത്. അത് കണ്ട് ജൂവൽ നെറ്റി ചുളിച്ചു.
“ഇതെന്താവിനു നീ വരുന്ന വഴി വല്ല, പെയിൻറ് പാട്ടയിലും വീണോ?
“ഉം, ഞാനാദ്യമായാട്ടല്ലേ പെയിന്റിങ്ങ് പണിക്ക് പോകുന്നത് “
“ങ്ഹേ, അപ്പോൾ നീ സിവിൽ എൻജിനീയറിങ്ങ് പഠിച്ചത് ഈ പെയിൻറ് പണിക്ക് പോകാനാരുന്നോ?”
“പിന്നേ ആയിരക്കണക്കിന് ബിടെക് എൻജിനീയർമാർ ഇവിടെ തൊഴിലില്ലാതെ നടക്കുന്നു, പിന്നെയാ ഈ സിവിൽ എൻജിനീയർ “
“എന്നാലും വിനു..ഇറ്റ് ഈസ് ടൂമച്ച് “
“ഒരു കുഴപ്പവുമില്ല ,എല്ലാം ഉപേക്ഷിച്ച് വന്ന നിന്നെ ഞാൻ, ഈ ജോലി കൊണ്ട് പൊന്ന് പോലെ നോക്കും , നിനക്കറിയാമോ? ഇന്നെനിക്ക് കിട്ടിയ കൂലി എത്രയാണെന്ന്. 850 രൂപ…അപ്പോൾ ഒരു മാസമാകുമ്പോൾ ഇരുപത്തയ്യായിരത്തിന് മുകളിൽ വരും. നമുക്ക് രണ്ട് പേർക്ക് കഴിയാനും വീട്ട് വാടകയും കൂടി ,ആകെ പതിനായിരം രൂപ മതി.
ബാക്കി പതിനയ്യായിരത്തിന് മുകളിൽ മിച്ചം പിടിച്ച്, നമുക്ക് ആദ്യം ടൗണിൽ കുറച്ച് കൂടി നല്ല ഒരു ഫ്ളാറ്റ് വാടകയ്ക്കെടുക്കാം.”
അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു
അവൻ കൊണ്ട് വന്ന ചിക്കൻ പൊരിച്ചതും ചപ്പാത്തിയും കഴിച്ച് അവർ കിടന്നു.
പാതിരാവിൽ എപ്പോഴോ കാറ്റും കോളുമടങ്ങിയ കടൽ പോലെ അവരിരുവരും ശ വാസനത്തിൽ കിടക്കുമ്പോൾ മുകളിലെ തകരഷീറ്റിൽ നിന്നും വമിച്ച് കൊണ്ടിരുന്ന അസഹനീയമായ ചൂട് ജൂവലിന് താങ്ങാനാവുന്നില്ലായിരുന്നു.
തന്റെ വീട്ടിൽ ഒന്നര ടെണ്ണിന്റെ AC യുടെ കുളിരിൽ തണുത്ത് വിറയ്ക്കുമ്പോഴും AC ഓഫ് ചെയ്യാതെ ബ്ളാങ്കറ്റിനുള്ളിൽ ചുരുണ്ട് കൂടുന്നത് അവളോർത്തു
ദൈവമേ ഒരു മഴ പെയ്തിരുന്നെങ്കിൽ എന്നവൾ അതിയായ് ആശിച്ചു.
പെട്ടെന്ന് ചരൽ വാരി എറിയുന്ന പോലുള്ള ശബ്ദം കേട്ട്, അവൾ ജനാല തുറന്ന് നോക്കി.
അവൾക്ക് സന്തോഷം അടക്കാനായില്ല. പുറത്ത് കോരിച്ചൊരിയുന്ന മഴ.
ജനലിലൂടെ അടിച്ച് കയറിയ പിശറൻ കാറ്റ് അവളുടെ ഉടലിനെ തണുപ്പിച്ചു.
പിറ്റേന്ന് ജോലിക്ക് പോകാൻ ഒരുങ്ങിയിരുന്ന വിനു, മഴ കുറയാനായി കാത്തിരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ സനീഷിന്റെ ഫോൺ വന്നു.
“മച്ചാനെ ,ഇന്നിനി, പണി നടക്കുമെന്ന് തോന്നുന്നില്ല. പുറംച്ചുവരുകളല്ലെ, ഇനി പെയിന്റ് ചെയ്യാനുള്ളത്. നാളെ മച്ചാൻ,മഴ മാറിയെങ്കിൽ മാത്രം വന്നാൽ മതി, കെട്ടോ.”
സ്പീക്കർ ഫോണിലായിരുന്നത് കൊണ്ട്, അടുത്തിരുന്ന ജൂവലും അത് കേട്ടു
“ഹും, എന്തെല്ലാമായിരുന്നു ഇന്നലെ പറഞ്ഞ ബഡായികൾ…ഈ മഴ കണ്ടിട്ട്, അടുത്ത കാലത്തൊന്നും തീരുമെന്ന് എനിക്ക് തോന്നുന്നില്ല.”
അവൾ വിനുവിനെ കുറ്റപ്പെടുത്തി.
“അതിന് ഞാനാണോ മഴ കൊണ്ട് വന്നത്?”
വിനു അവളോട് അനിഷ്ടം പ്രകടിപ്പിച്ചു.
“മഴ കൊണ്ട് വന്നത് നിങ്ങളല്ല ,പക്ഷേ എന്നെ കൊണ്ട് വന്നത് നിങ്ങളല്ലേ, അപ്പോൾ എന്നെ പൊന്ന് പോലെ നോക്കണ്ട കടമയും നിങ്ങൾക്കില്ലേ?”.
അത് വരെ അടക്കി വച്ച നിരാശയും സങ്കടവും ജൂവലിന്റെ മനസ്സിൽ നിന്ന് പുറത്ത് ചാടി.
“ഹും ,ആര് പറഞ്ഞെടീ, എന്റെ കൂടെ വരാൻ, നിനക്കല്ലായിരുന്നോ നിർബന്ധം, എന്റെ കൂടെ പോരാൻ, ഞാൻ മര്യാദയ്ക്ക് പറഞ്ഞതല്ലേ, വരുംവരായ്കളെ കുറിച്ച്. അപ്പോൾ നീയെന്താ പറഞ്ഞത് നിന്നോടൊപ്പം ഏത് നരകത്തിലും ഞാൻ വരാമെന്ന്, എന്നിട്ടിപ്പോ എന്ത് പറ്റി “
അവനും വിട്ട് കൊടുക്കാൻ തയ്യാറല്ലായിരുന്നു.
“ഓഹ്, ആ സമയത്ത് എനിക്ക് അങ്ങനാ തോന്നിയത്. പക്ഷേ, ഇപ്പോഴല്ലേ മനസ്സിലായത്, ഒരു പെണ്ണിനെ മര്യാദക്ക് നോക്കാനുള്ള കെല്പൊന്നും നിങ്ങൾക്കില്ലന്നും വെറുമൊരു മണക്കൂസാണെന്നും “
“എന്ത് പറഞ്ഞെടി നീ”
അവളെ അടിക്കാനായി കൈ പൊക്കിയതും കതകിൽ ആരോ മുട്ടുന്നത് കേട്ടു.
സനീഷായിരുന്നു അത് .
“എന്താടാ “
“ഡാ മച്ചാ…ജൂവലിന്റെ പപ്പാ ,കാറുമായി പാലത്തിനടുത്ത് വന്ന് അവിടെ നില്ക്കുന്നവരോട് എന്താക്കെയോ ചോദിക്കുന്നുണ്ട്, നിങ്ങള് വേഗം ഇവിടുന്ന് എങ്ങോട്ടെങ്കിലും തല്കാലം മാറി നില്ക്ക്. അയാള് പോയി കഴിയുമ്പോൾ ഞാൻ വിളിക്കാം അപ്പോൾ വന്നാൽ മതി”
പുറകിൽ നിന്ന് ഇത് കേട്ട ജൂവൽ പെട്ടെന്ന് മുന്നോട്ട് വന്നിട്ട് പറഞ്ഞു
“വേണ്ട ഞാനെങ്ങോട്ടുമില്ല ഇനിയുo ഇവിടെ കിടന്ന് നരകിക്കാൻ എനിക്ക് വയ്യ, ഞാൻ എന്റെ പപ്പയോടൊപ്പം പോകുവാ “
അതും പറഞ്ഞ് വിനുവിനോട് യാത്ര പോലും പറയാതെ അവൾ തോരാതെ പെയ്യുന്ന മഴയിലൂടെ റോഡിനെ ലക്ഷ്യമാക്കി നടന്നു.
ആ പോക്ക് കണ്ട് നിർവ്വികാരതയോടെ നിന്ന വിനു, സനീഷിന്റെ മുഖത്ത് നോക്കി
ചിരിയടക്കാനാവാതെ അവർ പരസ്പരം പൊട്ടിച്ചിരിച്ച് കൊണ്ട് കെട്ടിപ്പിടിച്ചു.
“എന്റെ മച്ചാ നിന്റെ ബുദ്ധി ഞാൻ സമ്മതിച്ചു, കൈ നനയാതെ മീൻ പിടിക്കാൻ നിന്നെ കഴിഞ്ഞിട്ടേയുള്ളു”
സനീഷ്, വിനുവിന്റെ തോളിൽ തട്ടി അഭിനന്ദിച്ചു
“അതേ ടാ , അവളുടെ പപ്പായെ, ഇങ്ങോട്ട് ഫോൺ ചെയ്ത് വരുത്തിയ, അജ്ഞാതൻ ആരാന്നാ നിന്റെ വിചാരം”
വിനു, കൂട്ടുകാരനോട് ചോദിച്ചു ‘
“ആരാ “
സനീഷ് വാ പൊളിച്ചു.
“ഈ ഞാൻ തന്നെ ,ഹ ഹ ഹ ,പിന്നെ, അന്ന് നീ ഇവിടുന്ന് കൊണ്ട് പോയ, അവളുടെ അഭരണങ്ങളെല്ലാം ഭദ്രമായി വെച്ചിട്ടുണ്ടല്ലോ അല്ലേ?”
വിനു ഉദ്വേഗത്തോടെ ചോദിച്ചു
“അതൊക്കെയുണ്ട് മച്ചാ..ഇനി നീ അടുത്തൊരു പെണ്ണിനെ വളച്ചെടുക്കുന്നത് വരെ നമുക്ക് സുഖിച്ച് ജീവിക്കണ്ടെ “
സനീഷ് ചോദിച്ചു.
“പിന്നെ വേണ്ടേ , അടുത്തതാരാണെന്ന് നീ തന്നെ സെലക്ട് ചെയ്തോ ,ങാഹ് പിന്നൊരു കാര്യം ,രണ്ട് മൂന്ന് ദിവസം കൊണ്ട് എനിക്ക് മടുക്കുന്നവളായിരിക്കണം…എന്ന് വച്ചാൽ ഒത്തിരി സൗന്ദര്യം വേണ്ടന്ന്, ഞാൻ ചിലപ്പോൾ ആ സൗന്ദര്യത്തിൽ മയങ്ങിപ്പോയാലോ ? ഹ ഹ ഹ .”
അതും പറഞ്ഞ് വീണ്ടുമവർ രണ്ട് പേരും പൊട്ടിച്ചിരിച്ച് കൊണ്ടിരുന്നു. ആ ചിരിയുടെ മുഴക്കം പെരുമഴയത്ത് അലിഞ്ഞില്ലാതായി.
************
NB: മെർക്കുറി ലാമ്പിന്റെ വെളിച്ചത്തിൽ ആകൃഷ്ടരായി ചെല്ലുമ്പോൾ, ചൂടേറ്റ് പിടഞ്ഞ് വീഴുന്ന ഈയാംപാറ്റകളെ പോലെ, പുരുഷന്റെ മോഹന വാഗ്ദാനങ്ങളിൽ പെട്ട് ജീവിതം നശിച്ച് പോകുന്ന സഹോദരിമാർക്ക് സമർപ്പിക്കുന്നു..
~സജിമോൻ തൈപറമ്പ്.