സ്റ്റഡി ടൂറിനു പോയ തന്നെ അധ്യാപകരോട് നുറു വട്ടം വിളിച്ചു ചോദിക്കും..കൂട്ടുകാർ കളിയാക്കും പാൽക്കുപ്പി എന്നൊക്കെ വിളിക്കും…

_upscale

അമൃതം…

Story written by Ammu Santhosh

:::::::::::::::::::::::::::

“ഇത്തവണ ഞാനും ഏട്ടന്മാർക്കൊപ്പം പോകും ദിയ “

ദിയ ചെറുപുഞ്ചിരിയോടെ കൃഷ്ണയെ നോക്കി

“നീ? ജർമനിയിലേക്ക്? ചുമ്മാ എന്നെ ചിരിപ്പിക്കല്ലേ. നിന്റെ അമ്മ സമ്മതിക്കുമോ? ഒരു ഗോവ ട്രിപ്പിന് സമ്മതിക്കാത്ത ആളാണ് ജർമനിയിൽ മോനെ പഠിക്കാൻ വിടുന്നത്. സത്യം പറയാല്ലോ മോനെ. നിന്റെ അമ്മ ഒരു തോൽവിയ. കാലത്തിനൊത്തു മാറാത്ത ഭൂലോക ദുരന്തം “

കാര്യം അവൾ പറയുന്നത് സത്യം ആണെങ്കിലും ആ നിമിഷം അവൻ എഴുനേറ്റു

“ശരിയാ എന്റെ അമ്മ ഒരു തോൽവി തന്നെ. ഞാനും അങ്ങനെയ.നീ ഇനി എന്നോട് മിണ്ടണ്ട “

“ഡാ പോകല്ലേ ഞാൻ ഒരു കോമഡി പറഞ്ഞതല്ലേ??”

“ഇത്തരം കോമഡി നീ നിന്റെ അച്ഛന്റെ അടുത്ത് പോയി പറ “അവൻ ദേഷ്യത്തിൽ ഉറക്കെ പറഞ്ഞിട്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു ഓടിച്ചു പോയി

അവൾ പറയുന്നതൊക്കെ ഒരു പരിധി വരെ സത്യമാണ്

ഏട്ടന്മാർക്കുള്ള സ്വാതന്ത്ര്യം ഒന്നിനും തനിക്ക് തന്നിട്ടില്ല.

കൂട്ടുകാർക്കൊപ്പം ഒരു ടൂറിനു വിട്ടിട്ടില്ല

സ്റ്റഡി ടൂറിനു പോയ തന്നെ അധ്യാപകരോട് നുറു വട്ടം വിളിച്ചു ചോദിക്കും..കൂട്ടുകാർ കളിയാക്കും പാൽക്കുപ്പി എന്നൊക്കെ വിളിക്കും

പലപ്പോഴും അമ്മയോട് വഴക്കിട്ടു പിണങ്ങി ഇരുന്നിട്ട് പോലുമുണ്ട്

അമ്മ മാറില്ല

അച്ഛൻ സമ്മതിച്ചാലും പലതും അമ്മ എതിർക്കും

ജർമനിയിലാണ് രണ്ടേട്ടന്മാരും. അവർക്കൊപ്പമൊക്കെ നിൽക്കാൻ കൊതിയാണ്

പിജി ചെയ്യുന്നത് എവിടെ മതി എന്ന് തീരുമാനിച്ചത് അമ്മയുടെ ശ്വാസം മുട്ടിക്കുന്ന ഈ കരുതലിൽ നിന്ന് രക്ഷപെട്ടു പോകാൻ കൂടിയാണ്

കേട്ടപ്പോഴേ അമ്മ പറഞ്ഞു

“ഇവിടെ ഏറ്റവും നല്ല യൂണിവേഴ്സിറ്റിയിൽ നിനക്ക് അഡ്മിഷൻ കിട്ടിയല്ലോ പിന്നെ എന്തിനാ ജർമനി? അതൊന്നും വേണ്ട “

പക്ഷെ ഇത്തവണ അമ്മയെ താൻ അനുസരിക്കാൻ പോണില്ല. മടുത്തു.

ദിയ പറഞ്ഞതൊക്കെ മനസ്സിൽ കിടന്നത് കൊണ്ട് തന്നെ ആകെ കലുഷിതമായിരുന്നു മനസ്സ്

വീട്ടിലേക്ക് ചെന്നു കേറിയപ്പോ തന്നെ കണ്ടു എല്ലാവരും ചർച്ചയിലാണ്

“അതെ കിച്ചു നീ പോകണ്ട ട്ടോ.. ഞാൻ സമ്മതിക്കില്ല “അമ്മ അവനെ കണ്ട ഉടനെ പറഞ്ഞു

അവന് കാൽപ്പാദത്തിൽ നിന്നൊരു വിറയൽ ബാധിച്ചു ശരീരം തീ പിടിക്കും പോലെ

“ഞാൻ പോകും. “അവൻ ഉറക്കെ പറഞ്ഞു

“എപ്പോ നോക്കിയാലും അങ്ങോട്ട് പോകണ്ട ഇങ്ങോട്ട് പോകണ്ട. ഇവിടെ നിൽക്ക്. മടുത്തു. ഞാനും പ്രായപൂർത്തി ആയ ഒരു ആൺകുട്ടിയാണ് എന്റെ സ്വാതന്ത്ര്യം എന്റെ ജീവിതം ഇവിടെ ഇങ്ങനെ ഇട്ട് നിങ്ങളുടെ ലോകത്തു തീർക്കാൻ ഉള്ളതല്ല. എനിക്ക് ലോകം കാണണം. ഏട്ടൻമാരെ ഒന്നിനും എതിർക്കാറില്ലല്ലോ. അതെന്താ ഞാനും നിങ്ങളുടെ മോൻ തന്നെ അല്ലെ അതോ എന്നെ വല്ല പുഴയിൽ ഒഴുകി വന്നു കിട്ടിയതാണോ?നിങ്ങൾക്ക് വിദ്യാഭ്യാസത്തിന്റ വിലയറിയാമോ? നല്ല ജോലിയുടെ അന്തസ്സ് അറിയാമോ? കിണറ്റിലേ തവള കണക്കെ ഈ അടുക്കളയിൽ കിടക്കുന്ന നിങ്ങൾക്ക് എങ്ങനെ അതൊക്കെ അറിയാൻ? ഞാൻ പോകും. നുറു തരം പോകും “

എല്ലാവരും ഒരു നിമിഷം സ്തംഭിച്ചു പോയി

അമ്മ വിശ്വസിക്കാൻ ആവാതെ അവനെ തന്നെ നോക്കി നിന്നു

“എനിക്ക് മടുത്തു ഇവിടെ ഉള്ള ഈ ജീവിതം.. പ്ലീസ് എന്നെ ഒന്ന് മനസിലാക്കു “

അമ്മ മെല്ലെ നടന്നകത്തേക്ക് പോയി

ഒരു നിമിഷം കഴിഞ്ഞ് അച്ഛനും

അനൂപും ആദിയും പരസ്പരം ഒന്ന് നോക്കി. കൃഷ്ണ അവന്റെ ഏട്ടന്മാരെയും.

“നമുക്ക് ഒന്ന് പുറത്ത് പോയാലോ “അനൂപ് ചോദിച്ചു

ആദി കൃഷ്ണയുടെ തോളിൽ കൈ ഇട്ട് നടന്നു

“വാടാ ഏട്ടന്റെ കൂടെ ഒന്ന് കറങ്ങിയിട്ട് വരാം “

കാറിൽ ഇരിക്കുമ്പോ ആദി അനൂപിനെ ഒന്ന് നോക്കി പറയ് എന്ന് കണ്ണ് കാണിച്ചു

കൃഷ്ണ അത് കാണുകയും ചെയ്തു

“എന്താ?” അവൻ ചോദിച്ചു

“ഒരു ചെറിയ കാര്യം. വളരെ പഴയ ഒരു സംഭവം ആണ്. നീ ഒരു വയസുള്ളപ്പോൾ നടന്നത്. അന്ന് നമ്മുടെ അമ്പലത്തിൽ ഉത്സവം ആയിരുന്നു അന്ന് നമ്മൾ ഇവിടെ അല്ല താമസിച്ചിരുന്നത്. ഇടുക്കിയിലായിരുന്നു അച്ഛന് ജോലി. അന്ന് അച്ഛനും ഞങ്ങളും മുന്നേ പോയി. അമ്പലത്തിലേക്ക് നിന്നേ കൂട്ടി അമ്മ പിന്നെയാ വന്നത്. അമ്മ വരുമ്പോൾ പെട്ടെന്ന് കിഴക്കെവിടെയോ ഉരുള് പൊട്ടിയതാവും മലവെള്ളം കുത്തിയൊലിച്ചു വന്നു. അമ്മ നിന്ന വഴിയും പാലവും നോക്കി നിൽക്കെ ഒഴുകി പോയി. അമ്മയുടെ കയ്യിൽ നിന്ന് നീയും…”

കൃഷ്ണ ഞെട്ടലോടെ ഏട്ടനെ നോക്കിയിരുന്നു

അമ്മയെ നാട്ടുകാർ രക്ഷിച്ചു. നിന്നെയും. പക്ഷെ അമ്മയുടെ മനസിനേറ്റ ആ ആഘാതം രണ്ടു വർഷങ്ങൾ അമ്മയെ ഭ്രാന്തിന്റെ അവസ്ഥയിലെത്തിച്ചു. അമ്മയ്ക്ക് സകലതും പേടിയായി. നിന്നേ എങ്ങോട്ടും വിടാതെ നെഞ്ചിൽ ചേർത്ത് പിടിച്ചു രാപകൽ ഉറങ്ങാതെ അമ്മ ഭ്രാന്തിയെ പോലെ ദിവസങ്ങൾ കഴിച്ചു കൂട്ടി. പിന്നെ അവിടെ വിട്ട് നമ്മൾ ഇങ്ങോട്ട് പോരുന്നു. കുറച്ചു കൂടി നല്ല ട്രീറ്റ്മെന്റ് കിട്ടിയ പ്പോൾ അമ്മ നോർമൽ ആയി.പക്ഷെ ഇന്നും ഉള്ളിൽ ആ പേടി ഉണ്ടാകും.. അമ്മയ്ക്ക് നമ്മൾ മൂന്ന് പേരും ഒരു പോലെ തന്നെ ആണ്. പക്ഷെ നഷ്ടപ്പെട്ടിട്ട് തിരിച്ചു കിട്ടിയ നിധി അല്ലേടാ നീ? അപ്പൊ അമ്മക്ക് നിന്നോട് ഇച്ചിരി കൂടുതൽ ഒരു ഇഷ്ടം കാണും.. മോൻ അമ്മയോട് സോറി പറയണം കേട്ടോ.. നമ്മുടെ അമ്മ ഒരു പാവാ “

കൃഷ്ണയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. അവന്റെ നെഞ്ചിലേക്ക് ഒരു ഭാരം വന്നു നിറഞ്ഞു

“നീ പറഞ്ഞില്ലേ അടുക്കളയിൽ തന്നെ കിടക്കുന്നത് കൊണ്ട് പുറം ലോകം എന്തെന്ന് അറിയാത്ത ഒരു വിഡ്ഢി ആണ് അമ്മ എന്ന്. വിദ്യാഭ്യാസത്തിന്റെ, ജോലിയുടെ വില അറിയില്ല എന്ന്.. അമ്മ എൽ എൽ ബി ഫസ്റ്റ് റാങ്ക് ആയിരുന്നു. പ്രാക്ടീസ് ചെയ്തു കൊണ്ട് ഇരിക്കുകയുമായിരുന്നു അപ്പോഴാ..പിന്നെ അമ്മയുടെ ലോകം നീയായി.. നീ മാത്രം ആയി.. ഒരു പക്ഷെ നിന്നോട് ഇത് മുന്നേ പറഞ്ഞാൽ മതിയായിരുന്നു. നീ അമ്മയെ ഇത്രയും വേദനിപ്പിക്കില്ലായിരുന്നു “

കൃഷ്ണ പൊട്ടിക്കരഞ്ഞു കൊണ്ട് ഏട്ടന്റെ മടിയിൽ മുഖം പൂഴ്ത്തി.

വീട്ടിൽ വരുമ്പോൾ അമ്മ അടുക്കളയിലുണ്ട്

അവൻ മടിച്ച് മടിച്ച് അരികിൽ ചെന്നു

“എന്താ ഡാ താമസിച്ചത്? അച്ഛൻ എത്ര വിളി വിളിച്ചു? മണി രണ്ടായി. ചോറ് കഴിക്കണ്ടേ നിങ്ങൾക്ക്?”

അമ്മ ദേഷ്യത്തിൽ ചോദിച്ചു അവന്റെ കണ്ണ് നിറഞ്ഞു

“അമ്മേ അതെ.. ഞാൻ നേരെത്തെ പറഞ്ഞില്ലേ അതിന് സോറി അമ്മേ “

“അയ്യോടാ ഞാനത് മറന്നിരിക്കുവായിരുന്നു. നീ എന്താ പറഞ്ഞത്?”

അമ്മ മൂലയിൽ വെച്ചിരുന്ന ചൂലെടുത്തു

“എന്തൊക്കെയാടാ നീ പറഞ്ഞെ?”

ഒരടി

“ചൂൽ വെച്ച് തല്ലല്ലേ അമ്മേ സോറി “

അവൻ ചിരിയോടെ പറഞ്ഞു..

“അവന്റെ അഹങ്കാരം നോക്ക്. വായിൽ തോന്നുന്ന മുഴുവനും വിളിച്ചു പറഞ്ഞിട്ട് സോറി പോലും “

അവൻ അമ്മയുടെ കയ്യിൽ നിന്ന് ചൂൽ പിടിച്ചു മേടിച്ചു മാറ്റി വെച്ച് കെട്ടിപിടിച്ചു

“ക്ഷമി. ഞാൻ പോണില്ല പോരെ.”

“അതൊന്നും വേണ്ട. അവരുടെ കൂടെയല്ലേ മോൻ പൊയ്ക്കോ “അമ്മ ചിരിച്ചു കൊണ്ട് ആ കവിളിൽ ഒന്നുമ്മ വെച്ചു

പോകാനുള്ള ഓരോന്നും തയ്യാറാക്കുമ്പോഴും അമ്മ സങ്കടമൊന്നും ഭാവിച്ചില്ല. അച്ഛൻ പക്ഷെ പല തവണ കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു

എയർപോർട്ടിൽ ആരും വരണ്ട എന്ന് ഏട്ടന്മാർ പറഞ്ഞത് കൊണ്ട് അമ്മയും അച്ഛനും വീട്ടിൽ തന്നെ നിന്നു

അമ്മ പുഞ്ചിരിയോടെ അവരെ യാത്രയാക്കി

എയർപോർട്ടിൽ ചെല്ലുമ്പോഴും ഓരോ ചുവട് നടക്കുമ്പോഴും കൃഷ്ണയുടെ ഉള്ളു നിറയെ അമ്മയായിരുന്നു

നാളെ മുതൽ കിച്ചു എന്ന് നീട്ടി വിളിക്കാൻ വഴക്കിടാൻ ശാസിക്കാൻ കളിയാക്കാൻ ഒന്നും അമ്മ അടുത്തില്ല. തനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച അമ്മയ്ക്ക് താൻ ഇപ്പോ എന്താ തിരിച്ചു കൊടുക്കുന്നത്? കണ്ണീര്, വേദന..

“കിച്ചു ലഗേജ് എടുത്തേ..”ആദി പറഞ്ഞപ്പോൾ കൃഷ്ണ പെട്ടെന്ന് ആദിയുടെ കയ്യിൽ പിടിച്ചു

“ഞാൻ..ഞാൻ വരുന്നില്ല…”

അവർ ഒന്ന് അമ്പരന്നു

“കുറച്ചു സമയം.. അല്ല കുറച്ചു വർഷം കൂടി കഴിഞ്ഞു വരാം.. അമ്മ…അമ്മ എന്നെ കാത്തിരിക്കുന്നുണ്ടാവും.. സോറി..”അവൻ പെട്ടെന്ന് തിരിഞ്ഞു നടന്നു തുടങ്ങി

അനൂപ് മുന്നോട്ടാഞ്ഞപ്പോൾ ആദി ആ കൈ പിടിച്ചു

“അവൻ പോട്ടെ “

വീടിന്റെ വാതിൽ തുറന്നു കിടന്നു

അവൻ എല്ലായിടത്തും അമ്മയെ നോക്കി. അച്ഛൻ അമ്മ അവന്റെ മുറിയിൽ ഉണ്ടെന്ന് ആംഗ്യം കാട്ടി

അവന്റെ കിടക്ക വിരിച്ചിടുകയായിരുന്നു അമ്മ.

അവൻ പിന്നിലൂടെ ചെന്ന് അമ്മയെ കെട്ടിപ്പിടിച്ച് അനങ്ങാതെ നിന്നു

അമ്മയുടെ ഉടൽ വെട്ടി വിറയ്ക്കുന്നുണ്ടായിരുന്നു

ദീനമായ ഒരു നിലവിളിയോടെ അമ്മ അവനെ ഇറുകെ പുണർന്നു. തെരുതെരെ ഉമ്മ വെച്ചു.

അച്ഛൻ കണ്ണീര് തുടച്ചു കൊണ്ട് മുൻവശത്തെ കസേരയിൽ അമർന്നിരുന്നു

ഒരു വർഷത്തിന് ശേഷം

“ഞാൻ ലേറ്റ് ആയോ വക്കീലെ?”

അമ്മ പുഞ്ചിരിയോടെ അവനെ നോക്കി.പിന്നെ കോട്ട് അഴിച്ചു പിൻസീറ്റിൽ വെച്ച് മുന്നിൽ അവനൊപ്പം കയറിയിരുന്നു.കോടതിയുടെ മുറ്റത്ത് നിന്ന് കൃഷ്ണയുടെ കാർ അമ്മയെ വഹിച്ചു കൊണ്ട് മെല്ലെ ഒഴുകി നീങ്ങി

~Ammu Santhosh