Story written by Saji Thaiparambu
================
“അമ്മേ അരി എത്ര നാഴി ഇടണം, രണ്ട് മതിയോ?”
സുനന്ദ, ദാക്ഷായണി അമ്മയോട് ചോദിച്ചു.
“പോരാ പോരാ, ഒരിടങ്ങഴി ഇട്ടോ മോളേ’ ഇന്ന് സ്വപ്ന മോളും, പിള്ളേരും വരുന്നുണ്ട്. ദിലീപിന് ,ലീവില്ലാത്ത കൊണ്ട് അവരെ ഇവിടെ ആക്കീട്ട് ഉടനെ പോകണത്രേ, എന്നാലും ഊണ് കഴിക്കാണ്ട് എങ്ങനാ വിടുക “
ദാക്ഷായണിയമ്മ ആകപ്പാടെ സന്തോഷത്തിലായിരുന്നു.
ഹും ,മകളും കെട്ടിയോനും വരുന്ന ദിവസം മാത്രം തന്നോട്, ഭയങ്കര സ്നേഹപ്രകടനമാണ്.
കാരണം മരുമോനെ വയറും മനസ്സുo നിറച്ച് തീറ്റിച്ച് വിടണമെങ്കിൽ അടുക്കളയിൽ തന്റെ സഹായം കൂടിയേ തീരു.
“അരി അടുപ്പത്തിട്ടേച്ച് നീ, മീനൊന്ന് വെട്ടി വെക്ക്, അപ്പോഴേക്കും ഞാൻ മാർക്കറ്റീന്ന് കുറച്ച് ചിക്കൻ മേടിച്ചോണ്ട് വരാം “
ദാക്ഷായണിയമ്മ, സുനന്ദയോട് പറഞ്ഞിട്ട് ധൃതിയിൽ പുറത്തേക്ക് പോയി
ഹോ, ഈ വെപ്രാളവും പരവേശവും കണ്ടാൽ തോന്നും അവരിങ്ങോട്ട് വന്നിട്ട് അഞ്ചാറ് മാസമായെന്ന്, കഴിഞ്ഞയാഴ്ചയാ പിള്ളേർക്ക് പഠിത്തമില്ലെന്ന് പറഞ്ഞ് ഇവിടെ വന്ന് തിന്ന് മുടിച്ച് പോയത്.
കലണ്ടറിൽ ചുവപ്പക്കം കണ്ടാൽ മതി സ്വപ്ന അന്നേരം തന്നെ ഭർത്താവിന്റെ കൈയ്യും പിടിച്ച് ഇങ്ങോട്ട് ഓടി വരും.
എന്നാൽ ഇവിടുന്ന് ആറ് മാസംകൂടുമ്പോൾ തന്റെ വീട്ടിലേക്ക് പോകുന്ന കാര്യം പറയുമ്പോൾ അമ്മായി അമ്മയുടെ മുഖം കറുക്കും.
പിന്നെ, ഗൾഫിലുള്ള ഗിരിയേട്ടനെക്കൊണ്ട് വിളിപ്പിച്ച്, സോപ്പിട്ട്, അമ്മയെ കൊണ്ട് സമ്മതിപ്പിക്കലാണ് സ്ഥിരം പണി.
“ആഹ്, പോകുന്നതൊക്കെ കൊള്ളാം ഇരുട്ട് വീഴുന്നതിന് മുമ്പ് ഇങ്ങ് വന്നേക്കണം. നാളെയും മറ്റന്നാളും പണിമുടക്കായത് കൊണ്ട് ദിലീപും സ്വപ്ന മോളും ചെലപ്പോ വന്നേക്കും”
പോകുന്നതിന് മുമ്പ് അമ്മ, അങ്ങനൊരു ഉപാധി വച്ചിരിക്കും.
മരുമോനോടുള്ള സ്നേഹം മരുമോളായ തന്നോട് ഇല്ലാത്തതെന്താണെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്
ഓരോന്ന് ആലോചിച്ചോണ്ടിരുന്ന് മീൻ വെട്ടുമ്പോൾ റൈസ് കുക്കർ വിസിലടിച്ചു.
ഏഴാമത്തെ വിസിലിന് ശേഷം സ്റ്റൗ ഓഫ് ചെയ്തു.
മീൻ വെട്ടിക്കഴിഞ്ഞ് ചതയ്ക്കാനുള്ള ഉള്ളിയും മുളകും മിക്സിയിലേക്ക് ഇടുമ്പോഴാണ് പുറത്ത് ഓട്ടോറിക്ഷ വന്ന് നില്ക്കുന്ന ശബ്ദം കേട്ടത്
“അപ്പുവേ…ഡാ അപ്പുണ്ണി.. “
സ്വപ്നയുടെ മൂത്ത മോൻ കണ്ണൻ അലറിവിളിച്ചോണ്ട് തങ്ങളുടെ ബെഡ് റൂമിലേക്ക് കയറുന്ന കാഴ്ച കണ്ട് സ്വപ്ന തലയ്ക്ക് കൈ വച്ചു.
ഈശ്വരാ..രാവിലെ എന്ത് പാട് പെട്ടാണ് അപ്പുണ്ണിയെ താനൊന്ന് കിടത്തി ഉറക്കിയത്. അവൻ ഉണർന്ന് കഴിഞ്ഞാൽ പിന്നെ അവനെ എളിയിൽ വച്ച് വേണം താൻ ഇക്കണ്ട ജോലിയൊക്കെ ചെയ്യാൻ.
അപ്പോഴേക്കും ദാക്ഷായണി അമ്മയും ചിക്കനും വന്നു,
സ്വപ്നയെ ആക്കിയിട്ട് തിരിച്ച് പോകുമെന്ന് പറഞ്ഞ ദിലീപ് ഉച്ചയൂണും കഴിഞ്ഞ് ഉറങ്ങാനായി മുറിയിലേക്ക് കയറി
തൊട്ട് പുറകെ തിന്നപ്ലേറ്റ് പോലും കഴുകി വയ്ക്കാതെ സ്വപ്നയും അകത്ത് കയറി
ഇനി വൈകിട്ടത്തെ ചായ കുടിക്കാൻ സമയമാകുമ്പോൾ രണ്ടാളും ഇറങ്ങി വരും.
ഇത് പതിവുള്ളതല്ലേ ? സുനന്ദ മനസ്സിൽ പറഞ്ഞു.
സുനന്ദ എച്ചില് പാത്രം കഴുകിക്കൊണ്ടിരിക്കുമ്പോഴാണ് ഡൈനിങ്ങ് റൂമിൽ നിന്ന് ദാക്ഷായണിയമ്മയുടെ നിലവിളി കേട്ടത്.
ഓടിച്ചെല്ലുമ്പോൾ വയറ് പൊത്തിപ്പിടിച്ച് കുനിഞ്ഞിരിക്കുകയാണവർ.
“എന്താമ്മേ..?
സുനന്ദ ഓടിച്ചെന്ന് അവരെ താങ്ങിപ്പിടിച്ച് എഴുന്നേല്പിച്ചു.
“എനിക്ക് വയറ് വേദന സഹിക്കാൻ വയ്യ”
അപ്പോഴേക്കും ശബ്ദം കേട്ട് സ്വപ്നയും ദിലീപും ഇറങ്ങി വന്നു.
ഉടൻ തന്നെ ഓട്ടോറിക്ഷ വിളിച്ച് ടൗണിലുള്ള പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് പോയി.
“അമ്മയ്ക്ക് ഈ വേദന നേരത്തെ മുതൽ ഉണ്ടായിരുന്നതാ നിങ്ങളോട് പറഞ്ഞില്ലന്നേയുള്ളു. “
വിദഗ്ദ പരിശോധനയ്ക്ക് ശേഷം ഡോ: മൂവരെയും അകത്തേക്ക് വിളിച്ചിട്ട് പറഞ്ഞു.
“എന്താണ് ഡോ: അസുഖം”
ദിലീപാണ് അത് ചോദിച്ചത്.
“അസുഖമെന്ന് പറഞ്ഞ് കൂടാ ,യൂ ട്രസ് അസാധാരണമായി താഴേയ്ക്ക് ഇറങ്ങിയിട്ടുണ്ട് “
“അതിനെന്ത് ചെയ്യും ഡോക്ടർ “
സ്വപ്ന ഇടയ്ക്ക് കയറി ചോദിച്ചു.
“രണ്ട് ഓപ്ഷനുകളാണുള്ളത്. ഒന്നുകിൽ യൂട്രസ് റിമൂവ് ചെയ്യുക, അല്ലെങ്കിൽ അത് പഴയ സ്ഥാനത്ത്നിലനിർത്തുക, ഇതിൽ രണ്ടാമത് പറഞ്ഞ കാര്യം കുറച്ച് ചിലവേറിയതാണ്”
ഡോ: അവരുടെ മുഖത്ത് മാറി മാറി നോക്കി.
“ചിലവെന്ന് പറയുമ്പോൾ, ഏകദേശം എത്ര വരും ഡോക്ടർ “
ദിലീപ് ചോദിച്ചു.
“ഏതാണ്ട് ഒരു ലക്ഷം രൂപയോളമാകും”
“അപ്പോൾ എടുത്ത് കളഞ്ഞാൽ ചിലവൊന്നുമില്ലല്ലോ, അല്ലേ ഡോക്ടർ “
സ്വപ്ന അത് ചോദിച്ചപ്പോൾ, ഡോ: ഒന്ന് മന്ദഹസിച്ചു.
“ഏതായാലും നിങ്ങൾ പോയി ആദ്യം അമ്മയെ കാണു, എന്നിട്ട് ആലോചിച്ചിട്ട് ഒരു തീരുമാനം പറഞ്ഞാൽ മതി.”
ഡോ: അവരെ ദാക്ഷായണി അമ്മയുടെ അടുത്തേക്ക് പറഞ്ഞ് വിട്ടു.
ട്രിപ്പിട്ട് കിടക്കുന്ന അവരുടെ മുഖത്ത് വേദന കുറഞ്ഞതിന്റെ ആശ്വാസമുണ്ട്.
“ഡോ: എന്ത് പറഞ്ഞു മോളേ?”
കട്ടിലിൽ തന്റെ അരികിൽ വന്നിരുന്ന സ്വപ്നയോട് അവർ ചോദിച്ചു.
“അത് അമ്മേ…ഗ ർഭപാ ത്രം താഴോട്ട് ഇടിഞ്ഞിട്ടുണ്ടെന്ന്. ഓപ്പറേഷൻ ചെയ്ത് നേരെയാക്കണമെങ്കിൽ ഒരു ലക്ഷം രൂപയാകുമെന്ന്…നമ്മളിനി എവിടെ പോകാനാ..ഒരു ലക്ഷം രൂപയ്ക്ക്…അല്ലെങ്കിൽ അത് എടുത്ത് കളയുന്നതിന് ചിലവൊന്നുമില്ലെന്നും പറഞ്ഞു. “
അത് കേട്ടപ്പോൾ ദാക്ഷായണിയമ്മയുടെ മുഖത്ത് വിഷാദം നിറഞ്ഞു.
“മോളെ….നിന്റെ കയ്യിൽ കുറച്ച് സ്വർണ്ണമുണ്ടല്ലോ? നീയത്, പണയം വച്ചിട്ട് ഒരു ലക്ഷം രൂപയെടുക്ക്. ഗിരിയെ വിളിച്ച് പറഞ്ഞാൽ അവൻ പിന്നീട് നാട്ടിൽ വരുമ്പോൾ നിനക്കത് തിരിച്ചെടുത്ത് തരും.”
ദാക്ഷായണിയമ്മ, സ്വപ്നയുടെ കയ്യിൽ കിടന്ന വളകളെ തഴുകി കൊണ്ട് പറഞ്ഞു. അത് കേട്ടപ്പോൾ തന്നെ ദിലീപ് അവളെ കണ്ണ് കൊണ്ട് എന്തോ ആoഗ്യം കാണിച്ചു.
“അയ്യോ അമ്മേ ആ സ്വർണ്ണം വിറ്റിട്ട് രണ്ട് ദിവസത്തിനുള്ളിൽ ദിലീപേട്ടൻ വിസയ്ക്കുള്ള കാശ് കൊടുക്കാൻ എന്ന് പറഞ്ഞിരിക്കുവാ, ഗൾഫിൽ പോയാൽ രക്ഷപ്പെടുമെന്ന് ദിലീപേട്ടന് ഉറപ്പുണ്ടത്രേ ” അത് കേട്ടപ്പോൾ ദാക്ഷായണിയമ്മയ്ക്ക് ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.
“അല്ലേലും, അമ്മയ്ക്ക് ഇനിയെന്തിനാ..ഗർഭപാത്രം, ഇത്രയും പ്രായമായില്ലേ…നമുക്ക് അത് കളഞ്ഞേക്കാം അമ്മേ, അതാകുമ്പോൾ വല്ല പത്തയ്യായിരം രൂപയേ ആവുകയുള്ളു”
സ്വപ്ന നിസ്സാരമായി അത് പറഞ്ഞപ്പോൾ ദാക്ഷായണി അമ്മയുടെ ഉള്ളിലെവിടെയോ ഒരു നൊമ്പരമുണ്ടായി.
“ഞാൻ പോയി ഈ മരുന്ന് വാങ്ങി വരാം”
ദിലീപ്, പുറത്തേക്കിറങ്ങി.
“ഞാനും വരുന്നു, അമ്മയ്ക്ക് കഴിക്കാൻ എന്തെങ്കിലും മേടിക്കണം”
പുറകെ സ്വപ്നയും പോയി.
“അമ്മ കരയുവാണോ?”
അത് വരെ ഒന്നും മിണ്ടാതിരുന്ന സുനന്ദ, ദാക്ഷായണിയമ്മയുടെകണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ട് ചോദിച്ചു.
അവർ ഇടത് കൈയ്യുയർത്തി കണ്ണ് തുടച്ചു.
“എന്റെ മോനുണ്ടായിരുന്നെങ്കിൽ അവൻ എവിടുന്നെങ്കിലും കാശുണ്ടാക്കി കൊണ്ട് വന്നേനേ “
ഗ ർഭപാ ത്രം കളയുന്നതിനോട് അവർക്ക് ഒട്ടും താല്പര്യമില്ലെന്ന് സുനന്ദയ്ക്ക് മനസ്സിലായി.
“അതിനെന്തിനാ അമ്മേ..ഗിരിയേട്ടൻ, അദ്ദേഹം ചാർത്തിയ, അഞ്ച് പവന്റെ ഈ താലിമാല, എന്റെ കഴുത്തിലല്ലേ കിടക്കുന്നത്. അമ്മയുടെ ഓപ്പറേഷനായി ഇത് ഞാൻ സ്വന്തം ഇഷ്ടപ്രകാരം വിറ്റെന്ന് പറഞ്ഞാൽ എന്നെ ഒന്നും പറയില്ല”
സുനന്ദ, അവരുടെ മൂർദ്ധാവിൽ തഴുകിക്കൊണ്ട് പറഞ്ഞു.
“ങ്ഹേ, മോളെന്താ ഈ പറയുന്നത് താലിമാല വില്ക്കാനോ? അതൊന്നും വേണ്ട”
ദാക്ഷായണിയമ്മ എതിർത്തു .
“വേണം അമ്മേ….അമ്മയുടെ മകൻ കിടന്ന ആ ഗ ർഭപാ ത്രത്തെക്കാൾ വലുതല്ലല്ലോ എന്റെയീ സ്വർണ്ണമാല “
അത് കേട്ടപ്പോൾ സുനന്ദയെ അവർ ഇടത് കൈ കൊണ്ട് തന്നിലേക്ക് ചേർത്തിരുത്തി.
“മോളേ നീയായിരുന്നു എന്റെ വയറ്റിൽ പിറക്കേണ്ടിയിരുന്നത്. “
ആ സ്നേഹ വാക്കുകൾ കേട്ടപ്പോൾ സന്തോഷാ തിരേകത്താൽ സുനന്ദയുടെ കണ്ണുകളും നിറഞ്ഞൊഴുകി.
~സജിമോൻ തൈപറമ്പ്