അടുത്ത് നിന്ന് പപ്പടമെടുത്ത്, ഭർത്താവിന്റെ പ്ലേറ്റിൽ വച്ച് കൊടുത്തിട്ട് അഞ്ജലി  ചോദിച്ചു…

മുരിങ്ങക്കോൽ…

Story written by Saji Thaiparambu

==================

“അരുണേട്ടാ…ഇന്നത്തെ അവിയല് കഴിച്ചിട്ട് എങ്ങനുണ്ട്?”

അടുത്ത് നിന്ന് പപ്പടമെടുത്ത്, ഭർത്താവിന്റെ പ്ലേറ്റിൽ വച്ച് കൊടുത്തിട്ട് അഞ്ജലി  ചോദിച്ചു.

“ഉം…കൊള്ളാം  നന്നായിട്ടുണ്ട്. “

തല ഉയർത്താതെ തന്നെ മുരിങ്ങക്കോൽ എടുത്ത് ചീമ്പിക്കൊണ്ട് അയാൾ പറഞ്ഞു.

“എങ്കിൽ പറയ്, അവിയല് ഞാനുണ്ടാക്കിയതോ, അതോ നിങ്ങടെ അമ്മ ഉണ്ടാക്കിയതോ ?”

അവൾ വെല്ലുവിളി പോലെ ചോദിച്ചു. കാരണം, അത് വരെ അവളുണ്ടാക്കുന്ന ഭക്ഷണത്തിനെല്ലാം അയാൾ കുറ്റം പറഞ്ഞിട്ടേയുള്ളു.

“എന്താ സംശയം…ഇത് നീ ഉണ്ടാക്കിയത് തന്നെ ” അയാൾ തറപ്പിച്ച് പറഞ്ഞു.

“ഉം ,ഇപ്പോഴെങ്കിലും എന്റെ കൈപുണ്യം നിങ്ങൾ മനസ്സിലാക്കിയല്ലോ?സന്തോഷായീ, ദാസാ.. “

അവൾ ആകാശത്തോളം ഉയർന്ന് പൊങ്ങി.

“ഹേയ്, അതൊന്നുമല്ലെടീ..നീയുണ്ടാക്കുന്ന എല്ലാ ഭക്ഷണത്തിലും, നിന്റെയൊരു കൈയ്യൊപ്പ് ഉണ്ടാകും, ഈ സ്വർണ്ണാഭരണങ്ങളിലൊക്കെ വലിയ വലിയ ജൂവലറിയുടെ ടാഗ് തൂക്കിയിടുന്ന പോലെ “

അത് കേട്ട് അവൾ ആശ്ചര്യത്തോടെ അയാളെ നോക്കി

“അതെന്താ അരുണേട്ടാ ” അവൾ കസേര വലിച്ചിട്ട് അയാളുടെ അടുത്തേക്ക് ഒന്ന് കൂടി ചേർന്നിരുന്നു.

“ദാ, ഇത് കണ്ടോ ? ഈ ചെമ്പിച്ച നീളം കുറഞ്ഞ തലമുടി. ഇത് നിന്റെതാണല്ലോ, ഇത് എല്ലാ നേരവും നീ തരുന്ന ഭക്ഷണത്തിലുണ്ടാവും, ഇതിൽ കൂടുതൽ എന്ത് തെളിവാടീ വേണ്ടത് “

അയാൾ, ഒരു പൊട്ടിച്ചിരിയോടെ , മുരിങ്ങക്കോലിൽ കുരുങ്ങിക്കിടന്ന, മൈലാഞ്ചി പുരട്ടിയ ചെമ്പൻതലമുടിയെടുത്ത് ഉയർത്തിക്കാണിച്ചു.

“ഹും അല്ലേലും നിങ്ങളിങ്ങനാ, ഇനി എന്റെ കൈകൊണ്ട് നിങ്ങൾക്ക് , പച്ചവെള്ളം കിട്ടുമെന്ന് കരുതണ്ട “

അതും പറഞ്ഞ് അവൾ,ചാടി തുള്ളി അകത്തേയ്ക്ക് പോയപ്പോഴും അരുണിന്റെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല.

~സജിമോൻ തൈപറമ്പ്