അന്നത്തെ രാത്രി അവർക്കൊന്നും അധികം മുഖം കൊടുക്കാതെ പെട്ടന്ന് തന്നെ മുറിയിൽ കയറി കതകടച്ചു…

Story written by Jishnu Ramesan

===============

മുത്തശ്ശിയുടെ എഴുപതാം പിറന്നാളിന് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി വരുന്നുണ്ടെന്ന് അറിയിപ്പ് കിട്ടി..വേറാരും അല്ല, കൊൽക്കത്തയിൽ നിന്നും എന്റെ അച്ഛന്റെ പെങ്ങള്, അതായത് എന്റെ കുഞ്ഞമ്മായിയും മകളും ആണ്..

അമ്മായിയുടെ മകളും വരുന്നുണ്ടെന്ന് കേട്ടതോടെ എല്ലാരുടെയും പോലെ മനസ്സിലൊരു കൊളുത്ത് വീണു..പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് അവരിവിടുന്ന് പോയതാണ്..അവിടെ ചെന്ന് ഒരു വർഷം കഴിഞ്ഞപ്പോ അമ്മായിയുടെ ഭർത്താവ് മരിച്ചു എന്നറിഞ്ഞു..ഇവിടുന്ന് ആരുംതന്നെ പോയില്ല..

കാരണം, എന്റെ അച്ഛനും അമ്മായിയും തമ്മിൽ നല്ലൊരു വഴക്ക് തന്നെ ഉണ്ടായിരുന്നു..അതും സ്വത്ത് വീതത്തിന്റെ പേരും പറഞ്ഞ്..അന്ന് ആ ദിവസം അച്ഛൻ വല്യച്ഛനെ ഒന്ന് തല്ലി..അന്ന് ഇറങ്ങിയതാണ് ഇവിടുന്ന്..പന്ത്രണ്ട് വർഷങ്ങൾ കഴിഞ്ഞു ഇന്ന്..

വല്യച്ഛൻ മരിച്ചു എന്ന് പറഞ്ഞ് ഒരു എഴുത്ത് വന്നിരുന്നു..ഫോണും ഇന്റർനെറ്റും എല്ലാം ഉള്ള ഈ കാലത്ത് അമ്മായി കത്തെഴുതിയത്  “സ്വത്തിന്റെ പേരിൽ ചുരുങ്ങിയ ബന്ധങ്ങൾ ഇനി ഫോൺ വിളിയിലൂടെ പുതുക്കണ്ട” എന്നോർത്തിട്ട്‌ ആവണം…

അന്നിവിടുന്ന് അമ്മായി പോയപ്പോ സ്കൂളിൽ ഒന്നിച്ച് പോകാനും മുറപ്പെണ്ണ് എന്നതിലുപരി എനിക്കൊരു കൂട്ടായിരുന്നു കിങ്ങിണിയെ കൂടി കൊണ്ട് പോയി…അച്ഛനും വല്യച്ഛനും തമ്മിലുള്ള ബഹളവും വഴക്കും കേട്ട് നടുങ്ങിയ ഞാൻ കിങ്ങിണി പോകുന്ന വിഷമം മറന്നു..ദിവസങ്ങൾക്ക് ശേഷം ഞാൻ മനസ്സിലാക്കി ആ പന്ത്രണ്ട് വയസുകാരി കുട്ടി കാന്താരിയുടെ അഭാവം…ഇന്നിപ്പോ അവള് മുത്തശ്ശിയുടെ പിറന്നാളിന് വരുന്നു എന്നറിഞ്ഞപ്പോ എന്തോ ഒരു…!

ഇത്രയും വർഷം അന്ന് അമ്മായി അയച്ച ഫ്രം അഡ്രസ്സ് ഇല്ലാത്ത കത്ത് ഒഴിച്ചാൽ പിന്നെ ഒരു വിവരവും ഇല്ലായിരുന്നു…

നാളെ കഴിഞ്ഞാണ് പിറന്നാള്..സരോജിനി അമ്മായിയും കിങ്ങിണിയും ഇന്ന് വൈകീട്ട് എത്തും എന്നാണ് കത്തിൽ ഉണ്ടായിരുന്നത്…

“ശോ അവളെ എന്ത് വിളിക്കും. കൊൽക്കത്ത നഗരത്തിന്റെ പ്രൗഢിയില് അവള് കിങ്ങിണി എന്ന പേര് മായ്ച്ച് കളഞ്ഞിട്ടുണ്ടാവോ..!അതോ അവളുടെ അനാമിക എന്ന ശരിക്കുമുള്ള പേര് തന്നെയാണോ..?”

വീടിനോട് ചേർന്നുള്ള പത്തായപ്പുരയുടെ ഉമ്മറത്ത് ഇരിക്കുമ്പോ കണ്ടു ഒരു ടാക്സി മുറ്റത്തേക്ക് വന്നത്..ഞാൻ അടുത്തേക്ക് ചെന്നു..അമ്മായി പിൻസീറ്റിൽ നിന്നിറങ്ങി എന്നെ കണ്ടതും “മോനെ അച്ചു” എന്ന് പറഞ്ഞ് കരഞ്ഞു..അപ്പോഴേക്കും അച്ഛനും അമ്മയും പുറത്തേക്ക് വന്നു…പിന്നെ കെട്ടിപ്പടുത്തവും കരച്ചിലും ഒക്കെയായി…

എന്റെ കണ്ണുകൾ കാറിന്റെ ഉള്ളിലേക്ക് ചൂഴ്‍ന്ന്‌ ഇറങ്ങി…കാറിന് പുറത്തേക്ക് ഇറങ്ങി വന്നത് എന്റെ പഴയ കിങ്ങിണി ആയിരുന്നില്ല, ഒരു അപ്സരസ്സ്‌ തന്നെയായിരുന്നു..തിളങ്ങുന്ന പട്ടുസാരിയും പാറി കിടക്കുന്ന മുടിയും ഹൊ ഒരഴക് തന്നെയാണ് കിങ്ങിണി ഇപ്പൊ…

മനസ്സിലെ വെളിച്ചം കെടുന്ന രീതിയിൽ ഒരവതാരം കാറിന്റെ മുൻസീറ്റിൽ നിന്നിറങ്ങി..അയാളുടെ ഒക്കത്ത് ഒരു കുഞ്ഞും…ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്ന കിങ്ങിണി പറഞ്ഞു,

“അച്ചുവേട്ടാ അറിയോ ഞങ്ങളെയൊക്കെ…? ഇത് എന്റെ ഭർത്താവ് ആണ്…ഞങ്ങടെ മോനാ ഇത്..ആളൊരു പാതി മലയാളി ആണുട്ടോ..!”

ആ സമയം മനസ്സിലൊരു വിങ്ങൽ അനുഭവപ്പെട്ടു…അന്നത്തെ രാത്രി അവർക്കൊന്നും അധികം മുഖം കൊടുക്കാതെ പെട്ടന്ന് തന്നെ മുറിയിൽ കയറി കതകടച്ചു..പിന്നെ പഴയ എന്റെ പെട്ടി തുറന്നു തിരയാൻ തുടങ്ങി..

“എടാ അച്ചുവേട്ടാ” എന്ന വിളി കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്…അപ്പോഴതാ കിങ്ങിണി ജനാലക്കരികിൽ വരാന്തയിൽ നിൽക്കുന്നു..

“അയ്യോ കിങ്ങിണി ഉറങ്ങിയില്ലേ…?”

ആഹാ എന്റെ കിങ്ങിണി എന്ന പേര് മറന്നിട്ടില്ല മോൻ..!

“അതൊക്കെ അങ്ങനെ മറക്കാൻ കഴിയോ കിങ്ങിണി..! “

അല്ല അച്ചുവേട്ടാ, എന്താ ഇന്ന് പെട്ടന്ന് മുറിയിൽ കയറി കതകടച്ചു കിടന്നത്..?

“അതോ, അച്ഛനും അമ്മയ്ക്കും നിന്റെ അമ്മയോട് കുറെ സംസാരിക്കാൻ ഉണ്ടാവും..അതാ ഞാൻ..”

ഉവ്വാ ഉവ്വാ വെറുതെ ഉരുണ്ടു കളിക്കണ്ട..ഞാൻ എന്റെ ഭർത്താവിനെ പരിചയപ്പെടുത്തിയപ്പോ തുടങ്ങിയ മാറ്റമാ ഇത്…ചേട്ടന് അറിയോ, ഇവിടുത്തെ അഡ്രസ്സ് ഉണ്ടായിരുന്നിട്ടും അമ്മക്ക് കൊടുത്ത വാക്കാണ് ഞാൻ എഴുത്തൊന്നും അയക്കില്ല എന്ന്..നമ്മുടെ അന്നത്തെ കാലത്ത് പ്രേമം എന്ന വികാരം മനസ്സിൽ തോന്നാത്തത് കൊണ്ടാവണം, കൊൽക്കത്തയിൽ ചെന്ന് കുറച്ച് നാളു കഴിഞ്ഞപ്പോ മനസ്സിലൊരു മറവി കടന്നു കൂടിയത്…അജയ് എന്നാണ് എന്റെ ഭർത്താവിന്റെ പേര്..മലയാളം കുറച്ചൊക്കെ അറിയാം..ഇപ്പൊ എന്നെയും മോനെയും ജീവനാ..

“അയ്യോ കിങ്ങിണി ഞാൻ അത് കൊണ്ടൊന്നും അല്ല, നീ ഇത്രയും വർഷത്തിനു ശേഷം വരുന്നെന്ന് കേട്ടപ്പോ ചെറുപ്പത്തിലേ ഓർമകൾക്ക് പ്രായം കൂടിയ കാര്യം ഓർത്തില്ല..അതൊക്കെ പോട്ടെ, പെട്ടന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത സാഹചര്യത്തിൽ നിന്നെ കണ്ടപ്പോ…”

അച്ചുവേട്ടാ നാളെയെന്താ പരിപാടി..പിറന്നാള് നാളെ കഴിഞ്ഞല്ലേ…!എനിക്ക് ഇവിടെയൊക്കെ ഒന്ന് ചുറ്റി കാണണം ഒന്നുകൂടി..ഇനിയൊരു വരവ് ഉണ്ടാവില്ല ചിലപ്പോ..അജയ് പറഞ്ഞു ചേട്ടനെയും കൂട്ടി പോവാൻ..അജയ്ക്ക്‌ ഈ വീട് ഒത്തിരി ഇഷ്ടായി..നടുമുറ്റവും, മണ്ചുമരും ഒക്കെ വല്ല്യ ഇഷ്ടാ..

“അതിനെന്താ കിങ്ങിണി നമ്മക്ക് പോവാം നാളെ..”

പിറ്റേന്ന് രാവിലെ തന്നെ കിങ്ങിണി കുളിച്ചൊരുങ്ങി അനിയത്തിയുടെ ഒരു പട്ടുപാവാടയും ഇട്ട് ഇറങ്ങി..അവിടെയും അവൾ സൗന്ദര്യത്തെ കീഴ്പ്പെടുത്തി…

“അല്ല മോനേ എങ്ങടാ വണ്ടി സ്റ്റാർട്ട് ചെയ്യുന്നത്..? നമുക്ക് നടന്നു പോവാം..”

നടന്നെങ്കിൽ നടന്ന്..ആദ്യം ഓർമകൾ അയവിറക്കാൻ എങ്ങോട്ട് പോകണം…?

“എന്റെ അച്ചുവേട്ടോ, ഓർമകൾ അയവിറക്കാൻ ഒന്നുമല്ല, ഇത്രയും കാലം ഫ്ലാറ്റിലെ ബാൽക്കണിയിൽ വളരുന്ന ചെടികൾ കണ്ടു വളർന്ന എനിക്ക് നമ്മുടെ നാട്ടിലെ ഈ ഗ്രാമീണ സൗന്ദര്യവും പച്ചപ്പും തോടും പുഴയും എല്ലാം കാണുമ്പോ ഒരുതരം ഭ്രാന്താണ്…ഇന്നലെ ഇവിടെ വന്നപ്പോ മുതൽ ഒരുതരം നഷ്ടബോധം ഫീൽ ചെയ്യുന്നു..എനിക്ക് കിട്ടേണ്ടതും അനുഭവിക്കേണ്ടതും എല്ലാം തന്നെ നഷ്ടമായി…ഈ അച്ചുവേട്ടനെ ഉൾപ്പെടെ…”

അതിനു മറുപടിയെന്നോണം അച്ചു ഇത്രയേ പറഞ്ഞുള്ളൂ, “കിങ്ങിണിക്ക്‌ അറിയോ, താൻ ഇവിടുന്ന് പോയതിനു ശേഷം വളരെ കുറച്ച് നാളുകൾ മാത്രമേ നിന്റെ അഭാവം എന്നെ അലട്ടിയിരുന്നുള്ളൂ…പിന്നീട് ഒറ്റക്ക് ഇരിക്കുമ്പോ പഴയ കാര്യങ്ങള് ഓർമവരും..പിന്നെ ഇന്നലെ കിങ്ങിണി വരുമെന്ന് പറഞ്ഞപ്പോ മനസ്സിൽ എവിടെയോ എന്തോ….! അല്ലാതെ എനിക്ക് തന്നോട് തോന്നിയത് പ്രേമം ആണെന്ന് തോന്നുന്നില്ല…കളിക്കൂട്ടുകാരിയായ മുറപ്പെണ്ണിനെ കാലങ്ങൾക്ക് ശേഷം കണ്ടപ്പോ തൊന്നിയൊരു വികാരം മാത്രം….”

അവളുടെ സംസാരത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടി ” ദേ ഈ സ്ഥലം ഓർമയുണ്ടോ കിങ്ങിണി..?” എന്ന് ചോദിച്ചു…

“പിന്നില്ലതെ, അന്നൊക്കെ പഠിക്കാൻ വേണ്ടി പുസ്തകം കൊണ്ട് ഇവിടെ വന്നിരുന്നു സംസാരമാണ് നമ്മൾ..അന്ന് ഇവിടുന്ന് നേരെ നോക്കിയാൽ പാടത്തിനു നടുവിലുള്ള നമ്മുടെ അമ്പലം കാണാമായിരുന്നു…ഇന്ന് ആ അരളി മരം വലുതായി അതാവും..”

കിങ്ങിണിക്ക്‌ എല്ലാം ഓർമയുണ്ടല്ലോ…ഇവിടെ നാട്ടിൻപുറത്ത് ജീവിക്കുന്ന എനിക്ക് ഇതിന്റെ ഫീൽ ശരിക്കും ആസ്വദിക്കാൻ പറ്റില്ല..അന്യ നാട്ടിൽ ജീവിക്കുന്ന നിനക്ക് അത് അറിയാലോ…!

“ശരിയാ അച്ചുവേട്ടാ..പിന്നെ എനിക്ക് ആ കുളത്തിൽ ഒന്ന് നീന്തി കുളിക്കണം..”

അതിനെന്താ നീ വാടി..ഞാൻ പോയി തോർത്ത് എടുത്തിട്ട് വരാം..

അച്ചു തോർത്തും മറ്റും എടുത്ത് വന്നപ്പോഴേക്കും അവള് കുളത്തിൽ നീരാട്ട്‌ തുടങ്ങിയിരുന്നു… എന്നെ കണ്ടതും കിങ്ങിണി പറഞ്ഞു, “അയ്യട മോനെ, ചെറുപ്പത്തിലേ പോലെ എനിക്ക് കൂട്ടിരിക്കാൻ ഇപ്പൊ പറ്റില്ല…ഞാൻ വല്ല്യ പെണ്ണല്ലേ..!”

“ഓ ശരി ശരി” എന്നും പറഞ്ഞ് ഞാൻ എണീറ്റു..

“അയ്യോ എന്റെ അച്ചുവേട്ടാ ഞാൻ വെറുതെ പറഞ്ഞതാ…ഈ ചെക്കന്റെ ഒരു കാര്യം…അവിടെ ഇരിക്കടാ അച്ചുവേട്ടാ..”

അന്നത്തെ കറക്കമെല്ലാം കഴിഞ്ഞ് വന്ന് അവള് കുഞ്ഞിന്റെ കാര്യത്തിലേക്ക് ശ്രദ്ധതിരിച്ചു..ഞാൻ മനഃപൂർവം അവിടേക്ക് പോയില്ല…

അന്ന് വൈകുന്നേരം എന്റെ പഴയ പെട്ടിയിലെ സാധനങ്ങൾ തിരയുന്ന സമയത്ത് കിങ്ങിണി എന്നോട് പറഞ്ഞു, “നാളെ മുത്തശ്ശിയുടെ പിറന്നാള് ആഘോഷം കഴിഞ്ഞ് ഞങൾ പോകും..”

നാളെയോ..! എങ്ങോട്ട് പോകുന്നു എന്ന്…?

“നാളെ വൈകീട്ട് പാലക്കാടുള്ള നമ്മുടെ സുഭദ്ര ചിറ്റേടെ അടുത്ത് പോകണം…അവിടുന്ന് രണ്ടു ദിവസം കഴിഞ്ഞ് ഞങ്ങള് തിരിക്കും..ഫ്ളൈറ്റ് ടിക്കറ്റ് എടുത്തിട്ടുണ്ട്…ഇരുപത്തെട്ടാം തിയതി പുലർച്ചെ നാല് മണിക്കാണ് ഫ്ലൈറ്റ്…ചെന്നിട്ട് അജയ്ക്ക്‌ എന്തോ മീറ്റിംഗ് ഉണ്ട്…”

അപ്പൊ കിങ്ങിണി നാളെ പോവും അല്ലേ..! പിന്നെ ഇങ്ങോട്ടേക്കു എന്നാ..?

“ഇല്ല അച്ചുവേട്ടാ അമ്മ പറഞ്ഞിട്ടാ വന്നത്, ഇനി നാട്ടിലേക്ക് ഒരു മടക്കം വേണ്ട എന്ന്..അച്ഛന്റെ ആത്മാവ് ഉള്ള ആ നഗരം വിട്ട് പോവാൻ അമ്മക്ക് ഒരിക്കലും ഇഷ്ടല്ല..അത് കൊണ്ട് ഇനി ഇങ്ങോട്ടേക്കു ഇല്ല്യ ചേട്ടാ..”

ആളും ബഹളവും ആയി ആഘോഷമായി തന്നെ മുത്തശ്ശിയുടെ പിറന്നാള് നടന്നു..അന്ന് വൈകീട്ട് കിങ്ങിണിയും കുടുംബവും പോകാൻ തയ്യാറായി..എന്റെ അമ്മ പലഹാരങ്ങളും മറ്റുമായി ഒരു ബാഗ് നിറയെ സാധങ്ങൾ അവർക്കായി എടുത്ത് വെച്ചു..അമ്മായി എല്ലാരേയും കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് വീട്ടിൽ നിന്നിറങ്ങി..അവളുടെ ഭർത്താവ് എന്റെയടുത്ത് വന്നു യാത്ര പറഞ്ഞിറങ്ങി..

കിങ്ങിണി വന്നിട്ട് പറഞ്ഞു, “എന്നാ പൊയ്ക്കോട്ടേ അച്ചുവേട്ടാ..പഴയ ഓർമകൾ കുറച്ചെങ്കിലും എനിക്ക് തന്നതിന് ഒരുപാടു നന്ദി..ഞാൻ പോവാടാ അച്ചുവേട്ടാ…”  എന്നും പറഞ്ഞ് എന്റെ കവിളിൽ ഒന്ന് നുള്ളി അവള്…

അവരുമായി കാർ നീങ്ങി തുടങ്ങിയപ്പോ നെഞ്ചിലോരു തേങ്ങൽ..അവളെ കണ്ട ആകാംഷയും സന്തോഷവും എനിക്ക് അവളോട് ഒന്നും തന്നെ മനസ്സ് തുറന്നു പറയാൻ കഴിഞ്ഞില്ല…എന്തിന് ഫോൺ നമ്പർ പോലും ചോദിച്ചില്ല..ചിലപ്പോ അവളായിട്ട്‌ അതൊന്നും ആഗ്രഹിക്കുന്നില്ല എങ്കിലോ..!എന്തായാലും ഒന്ന് മനസ്സിൽ ഉറപ്പിച്ചു, അവസാനമായി ആണെങ്കിലും അല്ലെങ്കിലും എയർപോർട്ടിൽ പോയി അവളെ ഒന്നുകൂടി കാണണം..

ഇരുപത്തെട്ടാം തിയതി പുലർച്ചെ രണ്ടു മണിക്ക് തന്നെ ഞാൻ എയർപോർട്ടിലേക്ക് തിരിച്ചു..അവിടെ എത്തിയപ്പോ ഉള്ളിലേക്ക് കയറാൻ അവളും ഭർത്താവും അമ്മായിയും നിൽക്കുന്നത് ആണ് കണ്ടത്..എന്റെ തൊണ്ടയിൽ എന്തോ ഒരു പിടുത്തം പോലെ തോന്നി..അവളെ ഒന്ന് വിളിക്കാൻ പോലും ശബ്ദം വരുന്നില്ല..ആ വെളുപ്പാൻ കാലത്തും ഞാൻ വിയർത്തു…

അവരെ യാത്രയാക്കാൻ വന്ന സുഭദ്ര ചിറ്റയുടെ വീട്ടുകാരും അവിടെ ഉണ്ട്..ഞാൻ കവാടത്തിന്റെ അരികിലേക്ക് നിന്നു..ചെക് ഇൻ ചെയ്യാൻ നിൽക്കുമ്പോ അവളൊന്നു തിരിഞ്ഞു നോക്കി..എന്നെ കണ്ടതും എന്നെ പ്രതീക്ഷിച്ചത് പോലെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..ലഗേജ് എല്ലാം അവിടെ കൊടുത്തിട്ട് അവര് അകത്തേക്ക് കയറി..ആ സമയത്ത് ഒരു നോട്ടം മാത്രമേ എന്നെ നോക്കിയുള്ളൂ…

എന്നെ കണ്ടതും ചിറ്റയുടെ വീട്ടുകാര് ഓടി വന്നു..ചിറ്റയുടെ മകളുടെ മകൾ എന്റെ അടുത്തേക്ക് വന്നിട്ട് ഒരു എഴുത്ത് എൻെറ കയ്യിൽ തന്നിട്ട് പറഞ്ഞു, “ഇത് കിങ്ങിണി ചേച്ചി തന്നതാ..ചേട്ടൻ തരാൻ പറഞ്ഞു..ചേട്ടൻ ഇവിടെ വന്നില്ലെങ്കിൽ പിന്നീട് എപ്പോഴെങ്കിലും കൊടുത്താൽ മതിയെന്ന് പറഞ്ഞു..”

അവരുടെ ഫ്ലൈറ്റ് പോയതിനു ശേഷമാണ് ഞാൻ വീട്ടിലേക്ക് തിരിച്ചത്…എഴുത്ത് വായിക്കാനുള്ള തിടുക്കം പെട്ടന്ന് വീടെത്തിച്ചു…

അവളെയും കൊണ്ട് ഞാൻ പോയി ഇരിക്കാറുള്ള ആ പാടത്തിനു അരികിലുള്ള മണ്തിട്ടയിൽ പോയിരുന്നു എഴുത്ത് തുറന്നു..

“അച്ചുവേട്ടാ, ഇപ്പൊ ചിന്തിക്കുന്നത് എന്തിന് ഞാനീ കത്തെഴുതി എന്നല്ലേ…?ഫോൺ നമ്പർ ഞാൻ തരാതിരുന്നതാ…ഫോൺ വിളിയും മെസ്സേജ് അയപ്പും ചിലപ്പോ എന്നെങ്കിലും നമ്മുടെ മനസ്സിന്റെ താളം തെറ്റിച്ചാൽ….എന്നെ സ്നേഹിക്കുന്ന എന്റെ മകനെ സ്നേഹിക്കുന്ന അജയിയെ ഒരിക്കലും ചതിക്കാൻ കഴിയില്ല…മരണം വരെ എന്റെ ലോകം അവരാണ്…ഇപ്പൊ ഈ എഴുത്ത് വായിക്കുമ്പോ ഉണ്ടാവുന്ന ആകാംഷയും സന്തോഷവും ഫോൺ വിളിയിൽ ഉണ്ടാവില്ല…താഴെ എന്റെ എന്റെ ഓഫീസിലെ സുഹൃത്തിന്റെ അഡ്രസ് ആണ് ഉള്ളത്..എന്റെ അഡ്രസ് വേണമെങ്കിൽ കണ്ടു പിടിക്കാം..പക്ഷേ അത് വേണ്ട ചേട്ടാ..പരസ്പരം കാണാതെ സംസാരിക്കാം വാക്കുകളിലൂടെ..ഇവിടേക്ക് വരണം അച്ചുവേട്ടന്റെ കല്യാണം കഴിഞ്ഞ് പെണ്ണിനെയും കൊണ്ട്…എന്നോട് സംസാരിക്കാൻ തൊന്നുമ്പോ എഴുതണം എനിക്ക്…ഇടക്ക് വാക്കുകളിലൂടെ എന്റെ ശബ്ദം അച്ചുവേട്ടന്റെ കാതുകളിൽ എത്തും…ഇതാവുമ്പോ എന്റെ എഴുത്ത് ഇടക്ക് പ്രതീക്ഷിക്കാം..അച്ചുവേട്ടന്റെ എഴുത്ത് വായിക്കാൻ ഞാൻ കാത്തിരിക്കും…

സ്നേഹപൂർവ്വം,

കിങ്ങിണി..”

ഇതിന് മറുപടിയെന്നോണം അച്ചു അവൾക്ക് എഴുതി…ഇന്നും കാത്തിരിക്കുന്നു കിങ്ങിണിയുടെ വാക്കുകൾക്ക് വേണ്ടി…

~ജിഷ്ണു രമേശൻ