അവളിനി എല്ലാം അറിയണം. പ്രായവും പക്വതയുമായെന്ന് അവൾ തന്നെയല്ലേ പറഞ്ഞത്. അപ്പോൾ സത്യങ്ങൾ…

മോൾടച്ഛൻ…

എഴുത്ത് : ശ്രീജിത്ത് പന്തല്ലൂർ

=================

” ജീവിതം എന്റെയാണ്. അതു കൊണ്ടു തന്നെ തീരുമാനങ്ങളെടുക്കേണ്ടതും ഞാൻ തന്നെയാണ്. അച്ഛനമ്മമാർക്ക് അഭിപ്രായങ്ങൾ പറയാം. എന്നാൽ അതു തന്നെ മക്കൾ അനുസരിക്കണമെന്ന് വെറുതെ വാശി പിടിക്കേണ്ട. ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല. സ്വന്തം കാര്യങ്ങൾ തീരുമാനിക്കാനുള്ള പ്രായവും പക്വതയും എനിക്കുണ്ട്…”.

ഏക മകൾ മുഖത്തടിച്ചതു പോലെ ഇതു പറഞ്ഞപ്പോൾ ഞെട്ടിയത് അയാളുടെ ഭാര്യയായിരുന്നു.

” എന്താടി നീ പറഞ്ഞത്… അച്ഛനോടാണോ നിന്റെ തർക്കുത്തരം… സോറി പറയെടീ…അദ്ദേഹമില്ലെങ്കിൽ നീയും ഞാനുമൊന്നുമില്ല…”. ഭാര്യ മകളോട് ദേഷ്യപ്പെട്ടു.

”അതെ… എനിക്കറിയാം… എന്റെ സ്വന്തം അച്ഛനോടും അമ്മയോടും തന്നെയാണ് ഞാൻ സംസാരിക്കുന്നത്. നിങ്ങൾ രണ്ടു പേരും അറിയാൻ വേണ്ടി തന്നെയാണ് ഞാനീ പറഞ്ഞത്… ”. മകൾ മുറിക്കകത്ത് കയറി വാതിൽ വലിച്ചടച്ചു.

ഭാര്യ വിഷമത്തോടെ അയാളെ നോക്കി. അയാൾ ഒരു നിർവ്വികാരഭാവത്തിൽ ഇരിക്കുകയായിരുന്നു.

” കേട്ടില്ലേ നമ്മുടെ മോള് പറഞ്ഞത്… അവളുടെ കാര്യങ്ങൾ അവൾ തന്നെ തീരുമാനിച്ചോളാമെന്ന്… നമുക്ക് വെറുതെ അഭിപ്രായം പറയാൻ മാത്രമേ അവകാശമുള്ളൂന്ന്…”. ഭാര്യ കരഞ്ഞു കൊണ്ട് അയാളുടെ നെഞ്ചിലേക്കു ചാഞ്ഞു.

അയാളവളുടെ ചുമലിൽ തഴുകി ആശ്വസിപ്പിച്ചു.

” ഏട്ടാ… എന്റെ മോളെ വെറുക്കല്ലേ… അവൾ അറിവില്ലാതെ പറഞ്ഞതല്ലേ…”. ഭാര്യ കണ്ണീരോടെ പറഞ്ഞു.

” എന്താ പറഞ്ഞത്… നിന്റെ മോളെന്നോ… അവൾ എന്റെ മോളല്ലേ… നമ്മുടെ മോളല്ലേ…നമ്മളോടല്ലാതെ അന്യരോട് അവൾക്കിങ്ങനെയൊക്കെ പറയാൻ കഴിയുമോ… സാരമില്ലെന്നേ…”. അയാൾ ഭാര്യയെ ആശ്വസിപ്പിച്ചു.

അയാളോർത്തു. കുറച്ചു നാളായി മകളുടെ സംസാരത്തിൽ വലിയ വ്യത്യാസം കണ്ടു തുടങ്ങിയിട്ട്. ഒറ്റ മോളായതിനാൽ അല്പം കൂടുതൽ ലാളന കൊടുത്തിട്ടുണ്ടാകാം. അതിന്റെ ചെറിയ വാശിയും കുറുമ്പുമൊക്കെ കുഞ്ഞിലേ അവൾക്കുണ്ടായിരുന്നു. എങ്കിലും ഇങ്ങനെയൊരു സംസാരം അവളിൽ നിന്നു കേട്ടപ്പോൾ സത്യത്തിൽ അയാളും ഒന്നു പകച്ചു പോയിരുന്നു.

കുറച്ചു നാളായി നാട്ടുകാരിലൊരാൾ മകളെക്കുറിച്ച് ഒരു പരാതിയുമായി വരുന്നു. മകൾ സുരഭിയെ അവൾ പഠിക്കുന്ന കോളേജിൻ്റെ പരിസരത്തും കോഫീ ഷോപ്പിലുമൊക്കെ ഒരു അപരിചിതനൊപ്പം പലവട്ടം കണ്ടു എന്ന പരാതി. അർഹിക്കുന്ന അവജ്ഞയോടെ കേട്ട പാടെ അതു തള്ളിക്കളഞ്ഞതാണ്. ഒന്നാമത് മകളോടുള്ള വിശ്വാസം. അവളെ അങ്ങനെയാണ് വളർത്തിയത്. അച്ഛനും മകളുമായല്ല, എന്തും തുറന്നു പറയാവുന്ന സുഹൃത്തുക്കളെപ്പോലെയായിരുന്നു. മകൾക്ക് അങ്ങനെ ആരോടെങ്കിലും പ്രത്യേക അടുപ്പമുണ്ടെങ്കിൽ മറ്റാരെക്കാളും മുൻപേ അച്ഛനോട് തുറന്നു പറയാവുന്ന സ്വാതന്ത്ര്യവും ധൈര്യവും അവൾക്ക് പണ്ടേ നല്കിയിട്ടുണ്ട്. അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കിൽത്തന്നെ മറ്റാരെക്കാളും മുൻപേ അതു തന്നോടായിരിക്കും മകൾ പങ്കു വയ്ക്കുക എന്നതും അയാൾക്കറിയാം. പിന്നെ ഈ പരാതിയും കൊണ്ടു വന്നയാൾ നാട്ടുകാർക്കിടയിൽ ഏഷണിയേറ്റിക്കൊടുത്ത് സായൂജ്യമടയുന്ന ആളായതുകൊണ്ടും ഒരു തമാശയെന്നോണമാണ് മകളോട് ഇക്കാര്യത്തെപ്പറ്റി തിരക്കിയത്…

അങ്ങനെയൊരു സംഭവം നടന്നുവെന്നത് സത്യമാണെന്ന് അവൾ സമ്മതിച്ചിരുന്നെങ്കിൽ പോലും ഇത്രയും വിഷമം തോന്നില്ലായിരുന്നു…

അയാൾ ചാരുകസേരയിൽ മലർന്നു കിടന്ന് നെടുവീർപ്പിട്ടു…

” ഇതിനി ഇങ്ങനെ വിട്ടാൽ ശരിയാവില്ല. അവൾ എല്ലാം അറിയണം. ദാനം കിട്ടിയ ജീവിതമാണെന്നറിഞ്ഞാൽ തീർന്നോളും അവളുടെ നെഗളിപ്പ്…”. ഭാര്യ പറഞ്ഞു.

അയാൾ ഭാര്യയുടെ ഇരു ചുമലിലും പിടിച്ച് കുലുക്കിക്കൊണ്ട് ചോദിച്ചു. ”എന്താണ് നീയീ പറയുന്നത്… ദാനം കിട്ടിയ ജീവിതമോ… അങ്ങനെ എന്നെങ്കിലും ഞാൻ പെരുമാറിയിട്ടുണ്ടോ…?”.

” നിങ്ങളൊരിക്കലും അങ്ങനെ പെരുമാറിയിട്ടില്ല. ഇനി പെരുമാറുകയുമില്ല. പക്ഷേ, അവളിനി എല്ലാം അറിയണം. പ്രായവും പക്വതയുമായെന്ന് അവൾ തന്നെയല്ലേ പറഞ്ഞത്. അപ്പോൾ സത്യങ്ങൾ അറിയുക തന്നെ വേണം… ”. ഭാര്യ പറഞ്ഞു.

” അരുത്… അതൊന്നും പാടില്ല. അവൾക്ക് ചിലപ്പോൾ അത് താങ്ങാൻ കഴിയില്ല. നമ്മുടെ മോളല്ലേ… അവൾ വിഷമിക്കുന്നത് നമുക്ക് സഹിക്കാൻ കഴിയുമോ…? ”. അയാൾ പറഞ്ഞു.

” അപ്പോൾ അവൾ നിങ്ങളെ വിഷമിപ്പിക്കുന്നതോ… ഇനിയതു സഹിക്കാൻ എനിക്കു കഴിയില്ല. നിങ്ങളെന്നെ തടയണ്ട. ഞാൻ അവളോടെല്ലാം പറയാൻ പോവുകയാണ് ”.
മകളുടെ മുറിയിലേക്കു പോകാൻ തുനിഞ്ഞ ഭാര്യയെ അയാൾ തടഞ്ഞു നിർത്തി.

” വരട്ടെ… തിടുക്കത്തിൽ വേണ്ട… അല്പം കഴിഞ്ഞ് സാവകാശത്തിൽ അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയാൽ മതി…”.

അയാൾ ചാരുകസേരയിലേക്കു ചാഞ്ഞു കിടന്നു. പണ്ടൊക്കെ മനസ്സിനെന്തെങ്കിലും വിഷമമുണ്ടായാൽ സിഗ ററ്റു വലിച്ചു തീർക്കുമായിരുന്നു. ഇരിക്കുന്ന കസേരയ്ക്കു ചുറ്റും സിഗ ററ്റുകുറ്റികളുടെ പൂക്കളം തന്നെ തീർക്കുമായിരുന്നു. തലയ്ക്കു മുകളിൽ പുകച്ചുരുളുകൾ കാർമേഘം തീർക്കുമായിരുന്നു. ഇതിപ്പോൾ ദുശ്ശീലങ്ങളെല്ലാം വഴിയിലുപേക്ഷിച്ചിട്ട് വർഷം കുറച്ചായി, കൃത്യമായി പറഞ്ഞാൽ അവളും മോളും ജീവിതത്തിലേക്കു കടന്നു വന്ന നിമിഷം മുതൽ…

സി ഗററ്റില്ലാതെ തന്നെ തന്റെ തലയ്ക്കു ചുറ്റും പുകയുയരുന്നതായി അയാൾക്കു തോന്നി. തലച്ചോറു പുകയുന്നതായിരിക്കും. അയാൾ കണ്ണുകൾ ഇറുകെയടച്ചു പിടിച്ചു.

ജീവനുതുല്യം പ്രേമിച്ച പെണ്ണും ആത്മാർത്ഥ സുഹൃത്തും തമ്മിൽ വിവാഹം കഴിച്ചതറിഞ്ഞപ്പോഴേ തകർന്നു പോയതായിരുന്നു അയാൾ. അതും കാണാൻ പാടില്ലാത്ത ഒരു സാഹചര്യത്തിൽ നാട്ടുകാർ അവരെ പിടികൂടിയപ്പോൾ അതിനു സാക്ഷ്യവും വഹിക്കേണ്ടി വന്നു. അവർ തമ്മിൽ പ്രണയമായിരുന്നെന്നറിഞ്ഞപ്പോൾ അന്നു വെറുത്തതാണ് പ്രണയത്തേയും സൗഹൃദത്തേയും. മനം നൊന്ത് ആത്മ ഹത്യ ചെയ്യാൻ തോന്നിയെങ്കിലും തന്നെ മാത്രം ആശ്രയിച്ചു കഴിയുന്ന അച്ഛനെയും അമ്മയെയും ഓർത്തപ്പോൾ വെറുക്കപ്പെട്ട സ്വന്തം ജീവിതം ജീവിച്ചു തീർക്കാൻ തന്നെ അയാൾ ഒടുക്കം തീരുമാനിച്ചു. ഇനിയൊരു പെണ്ണ് തന്റെ ജീവിതത്തിലില്ലെന്നും അന്ന് മനസ്സിലുറപ്പിച്ചിരുന്നു. ഏകദേശം ആ സമയത്ത് തന്നെ തേടിയെത്തിയ സർക്കാർ ജോലി, വീട്ടിൽ നിന്നും നാട്ടിൽ നിന്നും സ്വന്തം മനസാക്ഷിയിൽ നിന്നു പോലും ഒളിച്ചോടാനുള്ള മാർഗ്ഗമായി അയാൾ തെരഞ്ഞെടുത്തു.

വളരെ ദൂരെ ഒരിടത്ത് പോസ്റ്റിങ്ങ് ചോദിച്ചു വാങ്ങി അവിടെ ഏകനായി അജ്ഞാതവാസം തുടരുമ്പോഴാണ് യാദൃശ്ചികമായുണ്ടായ ചില സംഭവങ്ങൾ മനസ്സിൽ കുറ്റബോധം തോന്നിപ്പിച്ചത്. തനിക്കു സ്വയം ശിക്ഷ വിധിച്ചപ്പോൾ അതിൽ ബലിയാടാവേണ്ടി വന്നത് സ്വന്തം അച്ഛനമ്മമാർ കൂടിയാണെന്നോർത്തപ്പോൾ അവർക്കരികിലേക്ക് തിരിച്ചെത്താൻ തീരുമാനിച്ചു. അങ്ങനെ അന്നത്തെ യാത്രയിലാണ്….

പെട്ടെന്ന് മുറിവാതിൽ തുറന്ന ശബ്ദം അയാളെ ചിന്തകളിൽ നിന്നുമുണർത്തി. മകൾ എവിടേക്കോ പോകാനായുള്ള ഒരുക്കത്തിലാണ്…

” സുരഭീ നിൽക്കൂ… നീയെവിടെ പോകുന്നു…”. ഭാര്യ മകളെ തടഞ്ഞു കൊണ്ട് ചോദിച്ചു.

” ഞാനൊന്നു പുറത്തു പോവുന്നു…”.

” പൊയ്ക്കോളൂ… പക്ഷേ, അതിനു മുൻപ് എനിക്കു ചിലത് പറയാനുണ്ട്.അത് കേട്ടിട്ടു പോയാൽ മതി…”. ഭാര്യയുടെ ശബ്ദത്തിന് അല്പം കനം വന്നിരുന്നു…

”അനിതേ… വേണ്ട…”. അയാൾ പറഞ്ഞു.

” നിങ്ങളൊന്നു ചുമ്മാതിരി. ഇനിയിതിങ്ങനെ വിട്ടാൽ ശരിയാവില്ല. അറിയട്ടെ അവളാരാണെന്നും എന്താണെന്നും…”. ഭാര്യ എന്നോടായി പറഞ്ഞു.

സിറ്റൗട്ടിലെ സോഫയിലൊന്നിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് മകൾ പറഞ്ഞു. ”ശരി… എങ്കിലതു കേട്ടിട്ടു തന്നെ വേറെ കാര്യം…”.

” നീയീ പറഞ്ഞഹങ്കരിക്കുന്ന ഒന്നും നിൻ്റേതല്ല…”. ഭാര്യ മുഖവുരയിൽ നിർത്തി.

” ഇതെന്താ ഗീതോപദേശമോ…?”. മകൾ പുച്ഛത്തോടെ ചിരിച്ചു.

” ഉപദേശമൊന്നുമല്ല, അതാർക്കും അങ്ങനെ ഇഷ്ടമുള്ള കാര്യമൊന്നുമല്ലല്ലോ… ഇത് പഴയൊരു കഥയാണ്. നിന്നെപ്പോലെ സ്വന്തം സ്വാതന്ത്ര്യത്തെപ്പറ്റി മാത്രം ചിന്തിച്ച ഒരു പെൺകുട്ടിയുടെ കഥ…”.

” ആഹാ… കഥയാണോ. എങ്കിൽ ലാഗടിപ്പിക്കാതെ വേഗം പറഞ്ഞോളൂ…”. പഴയ പുച്ഛച്ചിരിയോടെ മകളതു പറഞ്ഞപ്പോൾ അയാൾക്കും ഉള്ളിലല്പം ദേഷ്യം തോന്നി.

നിർവ്വികാരതയോടെ എന്ന വണ്ണം ഭാര്യ പറയാൻ തുടങ്ങി.

”അച്ഛനുമമ്മയ്ക്കും രണ്ടു പെൺമക്കളിൽ ഇളയവളായിരുന്നു അവൾ…സ്വർഗ്ഗതുല്യമായ ആ വീട്ടിൽ അന്നത്തെ കാലത്തും സർവ്വസ്വാതന്ത്ര്യത്തോടെ തന്നെയായിരുന്നു അവൾ വളർന്നത്… അതു കൊണ്ടു തന്നെ സ്വന്തം ഇഷ്ടാനിഷ്ടങ്ങളും അഭിപ്രായങ്ങളും തുറന്നു പറയാനും പ്രവർത്തിക്കാനും യാതൊരു മടിയും അവൾ കാണിച്ചില്ല… പഠിച്ച് മിടുക്കിയായി ബാംഗ്ലൂരിൽ നല്ലൊരു കമ്പനിയിൽ ജോലി കിട്ടിയതോടെ സ്വാതന്ത്ര്യത്തിൻ്റെ അങ്ങേയറ്റം വരെ അവൾ ആഘോഷിച്ചു. അങ്ങനെയാണ് കൂടെ ജോലി ചെയ്യുന്ന ഒരാളുമായി കൂടുതൽ അടുത്തതും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയതും… ലിവിങ് ടുഗദറിനെക്കുറിച്ച് ആൾക്കാർ ചിന്തിക്കാൻ പോലും അന്ന് തുടങ്ങിയിട്ടില്ലെന്നു തോന്നുന്നു…

ഒരു പെൺകുഞ്ഞു ജനിച്ചു കഴിഞ്ഞതിനു ശേഷമാണ് അയാളുടെ പെരുമാറ്റത്തിലെ അകൽച്ച അവൾക്ക് അനുഭവപ്പെടാൻ തുടങ്ങിയത്. അതേപ്പറ്റി ഉടനടി അയാളോട് ചോദിക്കുകയും ചെയ്തു. എന്തും പരസ്പരം തുറന്നു പറയാറുള്ളതുകൊണ്ട് മടി കാണിക്കാതെ തന്നെ അയാൾ കാര്യം പറഞ്ഞു. അയാൾക്ക് വീട്ടിൽ കല്യാണമാലോചിക്കുന്നുണ്ടത്രേ… അവരുടെ ബന്ധത്തിൽത്തന്നെയുള്ള സമ്പന്നയായ പെൺകുട്ടി. അയാൾ വീട്ടുകാരോട് എതിർത്തൊന്നും പറഞ്ഞില്ലെന്നു കേട്ടപ്പോൾത്തന്നെ അവൾക്ക് കാര്യങ്ങൾ ഏകദേശം പിടികിട്ടി.

” എന്താണ് തീരുമാനം…?”.

അവൾ അയാളോട് ചോദിച്ചു.

” നമുക്ക് പിരിയാം എന്നു പറയാനെങ്കിൽ പോലും നമ്മൾ വിവാഹിതരൊന്നുമല്ലല്ലോ…എങ്കിലും നമുക്കു പിരിയാം… നിനക്കും കുഞ്ഞിനും വേണ്ടുന്ന നഷ്ടപരിഹാരമെന്തായാലും ഞാൻ തരാം… അത് അർഹിക്കുന്നില്ലെങ്കിൽ പോലും…”. അയാൾ പറഞ്ഞു.

” അങ്ങനെ നിങ്ങടെ നക്കാപ്പിച്ചയ്ക്കു വേണ്ടി യാചിക്കുന്നവളല്ല ഞാൻ. സ്വന്തം കാലിൽ നിൽക്കാമെന്ന ആത്മവിശ്വാസം ഇപ്പോഴും എനിക്കുണ്ട്. അതു കൊണ്ട് നഷ്ടപരിഹാരം വേണമെങ്കിൽ ഞാനങ്ങോട്ടു തരാം… അടുക്കാൻ കഴിയാത്തവർ തമ്മിൽ പിരിയുന്നതു തന്നെയാണു നല്ലത്…”. അവൾ പറഞ്ഞു.

കൂടുതൽ സംസാരത്തിന് നിന്നു കൊടുക്കാതെ അന്നു തന്നെ അവൾ അവിടെ നിന്നുമിറങ്ങി. ഗർഭിണിയായപ്പോൾ ജോലി റിസൈൻ ചെയ്തതാണ്. തൻ്റെ ടാലൻ്റിന് ഏതു കമ്പനിയിലും ജോലി കിട്ടുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ഒരേയൊരു ടെൻഷൻ കുഞ്ഞിൻ്റെ കാര്യത്തിലാണ്. ഒന്നര വയസ്സു മാത്രമുള്ള കുഞ്ഞിൻ്റെ കാര്യവും ജോലിക്കാര്യവും ഒരുമിച്ച് നോക്കാൻ ചിലപ്പോൾ തന്നെക്കൊണ്ടാവില്ല, ഒരേയൊരു പോംവഴി സ്വന്തം വീട്ടിലേക്ക് തിരിച്ചു ചെല്ലുക എന്നതാണ്. തത്കാലം കുഞ്ഞിനെ വീട്ടിൽ ഏൽപ്പിച്ചാൽപ്പിന്നെ സുഖമായി ജോലി തരപ്പെടുത്തി പതിയെ വീടൊരെണ്ണം ശരിയാക്കി അങ്ങോട്ടു മാറാം… ഒരു കുഞ്ഞുമായി തിരിച്ചു ചെല്ലുമ്പോൾ തൻ്റെ വീട്ടുകാർ പഴയതെല്ലാം മറന്ന് സ്വീകരിക്കും…

അങ്ങനെ പല പ്രതീക്ഷകളോടെയുമാണ് അവൾ സ്വന്തം വീട്ടിലേക്ക് കയറിച്ചെന്നത്. സ്വതവേ ശാന്തസ്വഭാവക്കാരനായിരുന്ന അച്ഛൻ അന്ന് വളരെ ദേഷ്യപ്പെട്ടു എന്നു മാത്രമല്ല വീട്ടിൽ കയറാൻ പോലും സമ്മതിച്ചില്ല. കുഞ്ഞിനെ കാണിച്ചിട്ടും കരഞ്ഞിട്ടുമൊന്നും അച്ഛൻ്റെ മനസ്സലിഞ്ഞില്ല. അല്പനേരത്തിനു ശേഷം ശാന്തമായിത്തന്നെ അച്ഛൻ പറഞ്ഞു.

” നിന്നെ ഞങ്ങൾ മനസ്സിൽ നിന്നും പണ്ടേ പറിച്ചെറിഞ്ഞതാണ്. ഞങ്ങളിപ്പോൾ ജീവിക്കുന്നതു തന്നെ ഞങ്ങളുടെ മൂത്ത മകൾക്കു വേണ്ടിയാണ്… അല്ല, അവളാണ് ഞങ്ങളുടെ ഏകമകൾ… ദയവു ചെയ്ത് ഇനിയും ശല്യപ്പെടുത്താൻ വരരുത്. എൻ്റെ മോളുടെ പല കല്യാണാലോചനകളും അവളുടെ അനിയത്തിയുടെ പേരും പറഞ്ഞ് മുടങ്ങിപ്പോയതാണ്. ഇപ്പോ ഒരാലോചന ഏകദേശം ശരിയായി വന്നിട്ടുണ്ട്. അതെങ്കിലും ഒന്നു നടന്നോട്ടെ. ഈശ്വരനെ ഓർത്ത് നീയും നിൻ്റെ ഓർമ്മകളും ഞങ്ങൾക്ക് തടസ്സമുണ്ടാക്കാൻ വരരുത്…”.

കലങ്ങിമറിയുന്ന മനസ്സോടെയാണ് അവൾ അവിടെ നിന്നും യാത്ര തിരിച്ചത്. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിൽമ്പോൾ അവൾക്കു മുൻപിൽ ഇനിയെങ്ങോട്ട് എന്ന ചോദ്യവുമായി ഇരുവശത്തേക്കും റെയിൽപ്പാളം നീണ്ടു നിവർന്നു കിടക്കുന്നുണ്ടായിരുന്നു. കൂടെ ഉണ്ടായിരുന്നവരും ഉണ്ടായിരിക്കുമെന്ന് കരുതിയവരും എല്ലാം ഒരുമിച്ച് തള്ളിപ്പറയുന്ന നിമിഷം. ഈ ലോകത്ത് ശരിക്കും തനിച്ചാകുന്ന നിമിഷം… അവൾക്കു പിടിച്ചു നിൽക്കാനായില്ല. ഇരുളിൽ ചൂളം വിളിച്ചു പാഞ്ഞെത്തിയ ഏതോ ട്രെയിനിനു മുൻപിലേക്കു കുതിക്കാനൊരുങ്ങിയപ്പോൾ പിന്നിൽ നിന്നും പിടിച്ചു വലിച്ച് ജീവിതത്തിലേക്കിട്ടത് ദൈവത്തിൻ്റെ കരങ്ങൾ തന്നെയായിരുന്നു…

ആ ദൈവത്തോട് അവൾ സ്വന്തം കഥ പറഞ്ഞു. എല്ലാം കേട്ട ദൈവം അവളെയും കുഞ്ഞിനേയും സ്വന്തം ജീവിതത്തിലേക്കു ക്ഷണിച്ചു. സ്വന്തം വീട്ടിലേക്കു കൊണ്ടു പോയി. ബന്ധുക്കൾക്കു മുൻപിൽ അവളേയും കുഞ്ഞിനേയും സ്വന്തം ഭാര്യയും കുഞ്ഞുമാണെന്ന് പരിചയപ്പെടുത്തി. അങ്ങനെ ആ സ്വർഗ്ഗത്തിൽ അവളും കുഞ്ഞും ഒരു അല്ലലുമില്ലാതെ സുഖമായി താമസിച്ചു…”.

അനിത ഒന്നു നിർത്തിയതിനു ശേഷം മകൾ സുരഭിയെ ഒന്നു നോക്കി. അവൾ ഒന്നും മിണ്ടാതെ കണ്ണുകളടച്ച് ഇരിക്കുകയാണ്. പ്രത്യേകിച്ച് ഭാവവ്യത്യാസങ്ങളൊന്നും അവളുടെ മുഖത്ത് കാണാനില്ല.

” സുരഭീ…”. അനിത അല്പം ഉച്ചത്തിൽ വിളിച്ചു.

സുരഭി കണ്ണു തുറന്നു.

”ആ അമ്മയും കുഞ്ഞും ആരാണെന്നു ഞാൻ പ്രത്യേകിച്ചു പറയേണ്ടല്ലോ…സത്യത്തിൽ അഭയാർത്ഥികളാണു ഞാനും നീയും. ആരുമല്ലാത്ത നീയാണ് അദ്ദേഹത്തോട് അഹങ്കാരത്തോടെ സംസാരിച്ചത്. അങ്ങനെ അഹങ്കരിക്കാൻ തക്കവണ്ണം അദ്ദേഹത്തിൻ്റെ സ്വന്തം മകളൊന്നുമല്ല നീ, ആരുമല്ല നീ. കുറച്ചു മുൻപു നീ പറഞ്ഞില്ലേ, സ്വന്തം കാര്യങ്ങൾ സ്വയം തീരുമാനിച്ചോളാമെന്ന്…അദ്ദേഹത്തിന് വെറുതെ അഭിപ്രായം പറയാൻ മാത്രമേ അവകാശമുള്ളൂ എന്ന്… അദ്ദേഹമൊന്നു തീരുമാനിച്ചാൽ പിന്നെ ഞാനും നീയുമെല്ലാം പുറത്താണ്. നിയമപരമായി പോലും യാതൊന്നും അവകാശപ്പെടാൻ യോഗ്യതയില്ലാത്ത വെറും അഭയാർത്ഥികൾ മാത്രമാണു ഞാനും നീയും…”. അനിത പറഞ്ഞു നിർത്തി.

സുരഭിയുടെ ഇരുമിഴികളിലും അശ്രുകണങ്ങൾ ഉരുണ്ടു കൂടി. നിറയാൻ തുടങ്ങിയ മിഴികൾ അയാൾക്കു നേരെ തിരിഞ്ഞു. അയാളിരിക്കുന്ന കസേരയ്ക്കു മുൻപിൽ മുട്ടുകുത്തി നിന്നു കൊണ്ട് അവൾ ചോദിച്ചു.

” സത്യമാണോ അച്ഛാ, ഞാനീ കേട്ടതെല്ലാം…?”.

ഒരു നെടുവീർപ്പിനു ശേഷം അയാൾ പറഞ്ഞു. ”അനിത പറഞ്ഞതെല്ലാം സത്യമാണ്, നിങ്ങൾ രണ്ടു പേരും എൻ്റെ ആരുമല്ലെന്നതൊഴികെ… അന്നു രാത്രി നിങ്ങളെ കണ്ടു മുട്ടി, കൂടെ കൂട്ടിയതു മുതൽ അവളെൻ്റെ ഭാര്യയും നീയെൻ്റെ സ്വന്തം മോളുമാണ്…നിയമപരമായാലും അല്ലെങ്കിലും എൻ്റെ മേൽ അധികാരവും അവകാശവുമുള്ളത് നിങ്ങൾ രണ്ടു പേർക്കു മാത്രമാണ്…”.

ഒരു പൊട്ടിക്കരച്ചിലോടെ അവൾ അയാളുടെ മടിയിലേക്കു മുഖം ചായ്ച്ചു. അവളുടെ നെറുകയിൽ തലോടി ആശ്വസിപ്പിച്ചു കൊണ്ട് അയാൾ അനിതയെ നോക്കി.

”ഞാൻ പറഞ്ഞതല്ലേ ഒന്നും അവളെ അറിയിക്കേണ്ടെന്ന്. എൻ്റെ മോൾക്ക് അതൊന്നും താങ്ങാനുള്ള ശക്തിയില്ല. വെറും പാവമാണിവൾ…”.

സുരഭി തലയുയർത്തി അയാളെ നോക്കി.

” അല്ലച്ഛാ, എനിക്കറിയാമായിരുന്നു എല്ലാം… ടൗണിൽ വച്ച് എൻ്റെ കൂടെ ഒരാളെക്കണ്ടെന്നു പറഞ്ഞില്ലേ… അതയാളായിരുന്നു. എൻ്റെ അച്ഛനാണെന്നു സ്വയം പരിചയപ്പെടുത്തിയിട്ടാണ് അയാൾ വന്നത്. അയാൾക്കൊപ്പം നിൽക്കുന്ന അമ്മയുടെയും എൻ്റെയും പഴയ ഫോട്ടോ കാണിച്ചതോടെ എനിക്കതു വിശ്വസിക്കേണ്ടിയും വന്നു. പക്ഷേ, അയാളെ അച്ഛനെന്നു വിളിക്കാൻ ഞാൻ കൂട്ടാക്കിയില്ല. ജന്മം തന്നതു കൊണ്ടു മാത്രം ഒരാൾ അച്ഛനാവില്ലല്ലോ… എനിക്കു വേണ്ടി സ്വന്തം ജന്മം മാറ്റി വച്ച എൻ്റെ ഈ സ്വന്തം അച്ഛനുള്ളപ്പോൾ ഞാൻ മറ്റൊരാളെ എന്തിനങ്ങനെ വിളിക്കണം. എങ്കിലും അച്ഛനോടെനിക്ക് ദേഷ്യം തോന്നിപ്പോയി, എന്തെന്നാൽ ഇന്നുവരെ എന്നോടൊന്നും മറയ്ക്കാത്ത അച്ഛൻ ഇങ്ങനെയൊരു കാര്യം മറച്ചു വച്ചെന്നോർത്തപ്പോൾ ശരിക്കും ദേഷ്യം തോന്നിപ്പോയി… നിങ്ങളിൽ നിന്നു തന്നെ നേരിട്ട് അതറിയണമെന്നു ഞാൻ തീരുമാനിച്ചു. അതിനു വേണ്ടി മാത്രമാണ് ഞാനിങ്ങനെയൊരു സീനുണ്ടാക്കിയതു തന്നെ… നമുക്കു തമ്മിൽ അഭിനയിക്കേണ്ടച്ഛാ… എല്ലാം തുറന്നു പറഞ്ഞു കൊണ്ടു തന്നെ നമുക്കു സ്നേഹിക്കാം. ഇപ്പോഴും എൻ്റെ അച്ഛനോടെനിക്ക് പഴയതിലും ഇഷ്ടം കൂടിയിട്ടേയുള്ളൂ… എന്നെ അറിയുന്ന, എന്നോടെല്ലാം പറയുന്ന എൻ്റെ സ്വന്തം അച്ഛനുള്ളപ്പോൾ ഞാനെന്തിന് മറ്റൊരാൾ പറയുന്നത് കേൾക്കണം…”.

” മോളേ… ഇങ്ങനെയൊരു കാര്യം, അതു സത്യമാണെങ്കിൽ കൂടി എങ്ങനെയാണ് നിന്നോടു ഞങ്ങളതു പറയുന്നത്. ചില സത്യങ്ങൾ പറയാതിരിക്കുന്നതു തന്നെയല്ലേ നല്ലത്…”. അയാൾ പറഞ്ഞു.

” ശരിയായിരിക്കാം… പക്ഷേ, ഇങ്ങനെയൊരു ഭൂതകാലം എനിക്കുണ്ടായിരുന്നെന്നറിഞ്ഞപ്പോൾ, അച്ഛനുമമ്മയും എന്നിൽ നിന്നത് മറച്ചു വച്ചിരുന്നതാണെന്നറിഞ്ഞപ്പോൾ ശരിക്കും എനിക്ക് വിഷമം തോന്നിപ്പോയി. എന്നോട് സ്നേഹം അഭിനയിക്കുന്നതാണോ എന്നു വരെ എനിക്ക് തോന്നിപ്പോയി. ഇങ്ങനെയൊരു ഭൂതകാലത്തിൻ്റെ കീഴിൽ കിട്ടേണ്ട അനുകമ്പയല്ല, എല്ലാം അറിഞ്ഞും അറിയിച്ചുമുള്ള യഥാർത്ഥ സ്നേഹമാണെനിക്കു വേണ്ടത്… അങ്ങനെ ചിന്തിച്ചപ്പോൾ ഈ കഥകൾ നിങ്ങളെക്കൊണ്ടു തന്നെ പറയിപ്പിക്കണം എന്നെനിക്കു തോന്നി. അതു കൊണ്ടാണ് ഞാനങ്ങനെയൊക്കെ പറഞ്ഞതും പെരുമാറിയതും…എൻ്റച്ഛനുമമ്മയ്ക്കും വേദനിച്ചെങ്കിൽ അതിനുള്ള ശിക്ഷ എന്തായാലും സന്തോഷത്തോടെത്തന്നെ സ്വീകരിക്കാൻ ഞാൻ തയ്യാറാണ്…”.

” ഞാൻ ടെൻഷനടിച്ചത് എൻ്റെ മോൾ എന്നോടാലോചിക്കാതെ അവളുടെ കൂട്ടു തിരഞ്ഞെടുത്തോ എന്നോർത്തായിരുന്നു…”. അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

” അതിനൊക്കെ ഇനിയും സമയമുണ്ടച്ഛാ… എനിക്കു വേണ്ടയാളെ തിരഞ്ഞെടുക്കാൻ എന്നേക്കാൾ മികച്ചത് നിങ്ങൾ രണ്ടു പേരും തന്നെയാണ്…”. സുരഭി പറഞ്ഞു.

” അതൊക്കെ മോളു തന്നെ അങ്ങു തീരുമാനിച്ചു കണ്ടു പിടിച്ചാൽ മതി… അഭിപ്രായം പറയാൻ ഞങ്ങൾ റെഡിയാ…”. അയാൾ ഭാര്യയുടെ തോളിൽ കൈയിട്ടു കൊണ്ട് കുസൃതിയോടെ പറഞ്ഞു.

” ദേ അച്ഛാ, അത് വേണ്ടാട്ടോ… അങ്ങനെ പറയലില്ല…”.

മകൾ വിരൽ ചൂണ്ടിക്കൊണ്ട് താക്കീത് ചെയ്തപ്പോൾ അയാളും ഭാര്യയും പൊട്ടിച്ചിരിച്ചു….

~ശ്രീജിത്ത് പന്തല്ലൂർ