മാഞ്ഞു പോകുന്ന നിഴലോർമ്മകൾ…
Story written by Ammu Santhosh
================
അന്ന് ബാങ്കിൽ അനുവിന് നല്ല തിരക്കുള്ള ദിവസമായിരുന്നു. ഇടക്ക് മൊബൈൽ നോക്കിയപ്പോൾ അർജുന്റെ രണ്ടു മിസ് കാൾ. അവൾ തിരിച്ചു വിളിച്ചു
“എന്താ കൊച്ചേ ഫോൺ എടുക്കാൻ പോലും സമയമില്ല? “
“കുറച്ചു തിരക്ക് സോറി ട്ടോ “
“സോറി ഒന്നും വേണ്ട. വൈകുന്നേരം ഈ വഴി വാ ഒരു കോഫി ചാറ്റ്.. ok? “
അവൾ ഒരു നിമിഷം നിശബ്ദയായി.
“അമ്മയോട് ഞാൻ വിളിച്ചു പറയാം അതല്ലേ ഇപ്പൊ ആലോചിച്ചത്? “
അനുവിന് പലപ്പോഴും അർജുൻ ഒരു അത്ഭുതം ആണ്. അവളുടെ ചിന്തകൾ പോലും അറിയുന്നവൻ.
“അനുക്കുട്ടിയെ..എങ്ങനാ അപ്പൊ..? “
“വരാം ” അവൾ പറഞ്ഞു.
ബാങ്കിൽ നിന്നു പെർമിഷൻ ചോദിച്ചു അരമണിക്കൂർ മുൻപ് ഇറങ്ങി. അർജുൻ വിമല ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് ആണ്. വിവാഹം ഉറപ്പിച്ചു കഴിഞ്ഞാണ് അവർ ശരിക്ക് സംസാരിക്കാൻ തുടങ്ങിയത് തന്നെ. അത് കൊണ്ട് തന്നെ ആറുമാസങ്ങൾ കഴിഞ്ഞുവെങ്കിലും ഇപ്പോഴും അവർക്ക് പറഞ്ഞു തീരാത്ത വിശേഷങ്ങളുണ്ട്. കോഫീ ഷോപ്പിൽ എത്തിയപ്പോൾ അർജുൻ അവളെ കാത്തിരിപ്പുണ്ടായിരുന്നു. അയാൾ മാത്രമേ ആ നേരം അവിടെയുണ്ടായിരുന്നുള്ളു. കോഫീ കുടിക്കുമ്പോൾ അർജുൻ ആ മുഖത്തേക്ക് നോക്കി
“കല്യാണത്തിന് ഇനി കുറച്ചു ദിവസങ്ങളേയുള്ളു…മുഖത്തൊരു സന്തോഷം ഇല്ലല്ലോ കൊച്ചിന് ” അവൾ മെല്ലെ ചിരിച്ചു
“അച്ഛൻ…അച്ഛനെ ഓർക്കുമ്പോൾ സന്തോഷം സങ്കടമാവും അർജുൻ. എന്റെ കല്യാണം അച്ഛന്റെ സ്വപ്നമായിരുന്നു. എന്റെ കല്യാണം അച്ഛൻ ഒരിക്കൽ നിശ്ചയിച്ചതല്ലേ? എന്നിട്ട്.. “
“അത് വിധി. ഒളിച്ചോടാൻ കല്യാണദിവസം തന്നെ തിരഞ്ഞെടുത്ത ആ ചെക്കനെ പറഞ്ഞാൽ പോരെ?തന്നോട് അയാൾക്ക് എങ്കിലും എല്ലാം പറയാമായിരുന്നു. അത് വിട്ടുകള.എത്ര വർഷമായി അതൊക്കെ കഴിഞ്ഞിട്ട്? “
“പക്ഷെ അന്നെന്റെ അച്ഛൻ പോയില്ലേ? ഒറ്റമകൾക്കുണ്ടായ അപമാനം താങ്ങാൻ വയ്യാതെ..ആ സ്ഥലത്ത് തന്നെ വീണ് ഹൃദയം പൊട്ടി…” അവളുടെ ശബ്ദം ഇടറി.
“പോട്ടെ..കഴിഞ്ഞു അത്. എന്റെ കുട്ടി സന്തോഷം ആയി ഇരിക്കു..ഞാനില്ലേ തനിക്ക്? അച്ഛനായും ഏട്ടനായും കാമുകനായും ഭർത്താവായും ഒക്കെ..? “
അവൾ ആ കയ്യിൽ മെല്ലെ മുഖം ചേർത്ത് വെച്ചു.
“ഇപ്പൊ ഈ ഒരോർമയിലാണ് എന്റെ സന്തോഷം.. “
“സത്യം? “.അർജുന്റെ മുഖം വിടർന്നു
“ഉം സത്യം “
പൊടുന്നനെ അർജുൻ മുഖം താഴ്ത്തി അവളുടെ കവിളിൽ ഒന്നുമ്മ വെച്ചു. അവൾ ചുവന്നു പോയ മുഖം താഴ്ത്തി കളഞ്ഞു.
ആ നേരം അർജുന് ഒരു ഫോൺ കാൾ വന്നു.അവനത് അറ്റൻഡ് ചെയ്തിട്ട് അവളെ നോക്കി.
“സോറി ട്ടോ. ഒരു എമർജൻസി കാൾ ആണ്..ഹോസ്പിറ്റലിൽ നിന്ന്. എന്റെ ഒരു patient കുറച്ചു ബ്രീതിങ് പ്രോബ്ലം കാണിക്കുന്നുവത്രെ..ഇപ്പൊ സ്റ്റേബിൾ അല്ലെന്ന്. ഒന്ന് പോയി വരട്ടെ. അല്ലെങ്കിൽ നീയും വാ..ഒന്നിച്ചു തിരിച്ചു പോരാം “
അവൾ തലയാട്ടി.
ഹോസ്പിറ്റലിൽ അനുവിനോട് മുറിയിൽ ഇരിക്കാൻ പറഞ്ഞു അർജുൻ ഐ സി യുവിലേക്ക് പോയി. ഇരുന്നു മടുത്തപ്പോൾ അവൾ പുറത്തു ഇറങ്ങി നിന്നു. പിന്നെ അർജുൻ പോയ ഭാഗത്തേക്ക് നടന്നു. പെട്ടെന്ന് അവൾ സ്തംഭിച്ചു നിന്നു
അയാൾ..അരുൺ. എത്ര വർഷം കഴിഞ്ഞാലും മറക്കാത്ത ആ മുഖം. തന്റെ അച്ഛൻ മരിക്കാൻ കാരണമായ മനുഷ്യൻ. അവളുടെ ര ക്തം ചൂട് പിടിച്ചു. അലറണമെന്നുണ്ട്. കവിളിൽ ആഞ്ഞ് അടിച്ചു ചോദിക്കണം ദുഷ്ട നീ എന്തിനാ ചതിച്ചത് എന്ന്..അവൾ ഒന്ന് മുന്നോട്ട് നടക്കാൻ തുനിഞ്ഞു..ഐ സിയുവിന്റെ വാതിൽ തുറന്ന അർജുൻ ഇറങ്ങി വന്നത് ആ നേരം തന്നെ ആയിരുന്നു. അയാൾ അർജുന്റെ മുന്നിൽ തൊഴുകൈകളോടെ കരയുന്നതും എന്തൊക്കെയോ പറയുന്നതും കുനിഞ്ഞു കാൽ പിടിക്കാൻ എന്ന വണ്ണം കെഞ്ചുന്നതും അവൾ കണ്ടു..അർജുൻ അയാളെ സമാധാനിപ്പിച്ചവൾക്കരികിലേക്കു വന്നു. അയാളും അവളെ കണ്ടു കഴിഞ്ഞിരുന്നു. ആ കണ്ണുകളിൽ നടുക്കം. വിളറിപ്പോയ മുഖം.
അർജുൻ അനുവിന്റെ അരികിൽ വന്നു ആ തോളിൽ ചേർത്ത് പിടിച്ചു.
“പോകാം “
തിരിച്ചു കാറിൽ വരുമ്പോൾ അർജുൻ അയാളെ കുറിച്ച് പറഞ്ഞു.
“അയാളുടെ വൈഫിനാണ് പ്രോബ്ലം. സർജറി വേണം. രണ്ടു കുട്ടികളുണ്ട്. ബന്ധുക്കളെയൊന്നും ഇത് വരെ കണ്ടിട്ടില്ല. ഇയാൾ മാത്രമാണ് എപ്പോഴും കൂടെ ഉണ്ടാവുക. സർജറിക്കായി ഹെൽത് ok ആയിട്ടില്ല “
“അർജുൻ ആണോ സർജറി ചെയ്യുക?” അവൾ ചോദിച്ചു
“Yes”
“അർജുൻ ചെയ്യണ്ട ” അവളുടെ ശബ്ദം മാറിയത് അറിഞ്ഞ് അർജുൻ കാർ ഒരു വശത്തേക്ക് ഒതുക്കി
“എന്താ പറഞ്ഞത്? “
“അയാളുടെ വൈഫിന്റെ സർജറി അർജുൻ ചെയ്യണ്ട..അയാൾ…അയാളാണ് എന്റെ അച്ഛൻ മരിക്കാൻ കാരണം..അയാളാണ്. ” അവൾ പൊട്ടിക്കരഞ്ഞു.
അർജുൻ അമ്പരപ്പോടെ അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു. അവളെ അയാൾക്ക് മനസിലാകുന്നുണ്ടായിരുന്നു.
“ഒരു ജീവന്റെ വില മറ്റൊരു ജീവനല്ല അനു. അങ്ങനെ ചിന്തിക്കാൻ പാടില്ല” അയാൾ മെല്ലെ പറഞ്ഞു.
“മറ്റൊരാൾ ചെയ്തോട്ടെ അർജുൻ..അർജുൻ വേണ്ട”
“നോക്ക് അനു. ആ സ്ത്രീ എനിക്ക് എന്റെ മുന്നിൽ വന്ന ഒരു രോഗി മാത്രമാണ്. ഞാൻ ഒരു ഡോക്ടർ ആണ് അനു. എന്റെ കടമ ഞാൻ ചെയ്യും” അവൻ ഉറപ്പോടെ പറഞ്ഞു
“എങ്കിൽ എന്നെ മറന്നേക്ക് അർജുൻ” അവൾ ഡോർ തുറന്നു പുറത്തേക്ക് ഇരുളിലേക്ക് ഇറങ്ങി നടന്നു പോയി.
അനു എന്നൊരു വിളിയൊച്ചക്ക് അവൾ മറുപടി കൊടുത്തില്ല.
അവളുടെ മനസ്സ് കടൽ പോലെ ഇളകി മറിഞ്ഞു കൊണ്ടിരുന്നു
അച്ഛൻ നിലത്ത് കിടന്ന് തന്നെ ദയനീയമായി നോക്കി മരിച്ചു പോയ ആ ഓർമയിൽ അവൾ പൊള്ളിയടർന്നു
അവന്റെ ഫോൺ കാളുകൾ അവൾ എടുത്തില്ല
പക്ഷെ അവനെ സ്നേഹിച്ചു പോയത് കൊണ്ട്, അവന്റെ സ്നേഹം അനുഭവിച്ചു പോയത് കൊണ്ട് അവനെ അവഗണിക്കുമ്പോൾ അവൾ നീറിപ്പുകഞ്ഞു. അതും അവൾക്ക് കടുത്ത വേദനയായിരുന്നു.
അച്ഛന്റെ കുഴിമാടത്തിനരികിൽ നിൽക്കുമ്പോൾ അവൾ കൊച്ച് കുട്ടിയെ പോലെ വിങ്ങിക്കരഞ്ഞു.
“എന്റെ മോളെന്താ ഇങ്ങനെ???” അച്ഛൻ ചോദിക്കുന്നു
“അച്ഛന്റെ കുട്ടി എത്ര മിടുക്കിയാ..എന്തിനാ അർജുനോട് അങ്ങനെ ഒക്കെ..അച്ഛന് മോളെ വിട്ട് പോകാനുള്ള സമയം ആയിരുന്നു. അതല്ലേ പോയത്? ചിലപ്പോൾ അന്ന് ഒളിച്ചോടി പോയ പയ്യനും എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നു എങ്കിലോ? നമ്മൾ അതൊന്നും അന്വേഷിച്ചു കൂടിയില്ലല്ലോ…എന്റെ മോൾ അർജുനോട് പിണങ്ങരുത്..ഈ കല്യാണം നടന്നില്ലെങ്കിൽ അത് അച്ഛന് സങ്കടമാ “
അച്ഛൻ ചേർത്ത് പിടിച്ചു പറയും പോലെ
“ഒരു ജീവന്റെ വില മറ്റൊരു ജീവനല്ല മോളെ. അവനവന്റെ ഡ്യൂട്ടി ചെയ്യട്ടെ “
അവളുടെ ഹൃദയം തണുത്ത പോലേ തോന്നി
കുറെ നേരം കൂടി അങ്ങനെ നിന്നിട്ട് അവൾ തിരിച്ചു പോരുന്നു
ഓപ്പറേഷൻ തീയേറ്ററിൽ നിന്നിറങ്ങി ഇടനാഴിയിലൂടെ നടന്നു വരുമ്പോൾ ഭിത്തിയിൽ ചാരി നിൽക്കുന്ന അനുവിനെ അർജുൻ കണ്ടു
അവന്റെ മുഖത്ത് ഒരു പുഞ്ചിരി വന്നു
“ഞാൻ ഈ വേഷം ഒന്ന് മാറ്റി വേഗം വരാം. വിശപ്പുണ്ട്. ലഞ്ച് കഴിക്കണം. താൻ കഴിച്ചോ?” ഒന്നും സംഭവിക്കാത്ത പോലെ..
അവൾ ആ വിരലിൽ മുറുകെ പിടിച്ചു
കണ്ണ് നിറഞ്ഞൊഴുകുന്നു
ആ കരുതൽ….ആ സ്നേഹം…
“എന്താ ടാ? കരയല്ലേ..ദാ വരുന്നു ഒരു അഞ്ചു മിനിറ്റ് “
അർജുൻ ആ മുഖത്ത് ഒന്ന് തൊട്ട് ചിരിച്ചു
അവർ അർജുന്റെ വീട്ടിലേക്ക് പോയി.
“അനുവിന് അവിയൽ ഇഷ്ടമാണെന്ന് അർജുൻ ഇതുണ്ടാക്കുമ്പോഴൊക്കെ പറയും.” അവിയൽ അവളുടെ പാത്രത്തിൽ വിളമ്പി കൊണ്ട് അർജുന്റെ അമ്മ പറഞ്ഞു
അനു മെല്ലെ ചിരിച്ചു
“നിങ്ങൾ കഴിക്ക്.അമ്മ ഒന്ന് പുറത്ത് പോവാ..ഇനിയുമുണ്ട് കുറച്ചു വീടുകളിൽ കൂടി കല്യാണം വിളിക്കാനായിട്ട് “
അമ്മ പോയി. അവർ ഭക്ഷണം കഴിഞ്ഞ് മുറ്റത്തെ മാവിന്റെ ചുവട്ടിൽ പോയിരുന്നു. അവിടെ നല്ല തണുപ്പാണ്. നല്ല തണലും.
“ആ സർജറി ഇന്ന് കഴിഞ്ഞു. ഞാൻ ആണ് ചെയ്തത്. ഇപ്പൊ അവർ ഓക്കേ ആണ്..ഇനിം കുഴപ്പമില്ല..” അർജുൻ പറഞ്ഞു
അനു മെല്ലെ കണ്ണുകളുയർത്തി നോക്കി. അവൾക്കവനോട് പൊടുന്നനെ വല്ലാത്ത സ്നേഹം തോന്നി.
അവനെത്ര ന്നല്ലവനാണ്!
“കഴിഞ്ഞൊരു ദിവസം അരുൺ എന്റെ അരികിൽ വന്നു, എന്നോട് എല്ലാം പറഞ്ഞു. അയാൾ സ്നേഹിച്ച ആ പെൺകുട്ടി ഒരു അനാഥ കുട്ടിയായിരുന്നുവെന്നും കല്യാണത്തിന് വീട്ടുകാർ സമ്മതിച്ചില്ലന്നുമൊക്കെ. തന്നെ കോൺടാക്ട് ചെയ്തു പറയാൻ ധൈര്യം ഇല്ലായിരുന്നു. ഒരു പക്ഷെ ചിലപ്പോൾ നമ്മൾ നിസഹായരായി പോകുന്ന സമയം ഉണ്ടല്ലോ. അത് പോലെ ഒന്നാകും അത്..ഇപ്പോഴും അയാളുടെ വീട്ടുകാർ അവരെ അംഗീകരിച്ചിട്ടില്ല. അവർ ഒറ്റയ്ക്കാണ്. നമുക്ക് അയാളോട് ക്ഷമിക്കാം മോളെ. നമ്മൾ ഒക്കെ മനുഷ്യരല്ലേ?”
അനു പുഞ്ചിരിച്ചു
“എന്റെ മനസ്സിപ്പോ ശാന്തമാണ്..അവിടെയിപ്പോ അർജുൻ മാത്രമേയുള്ളു..അർജുൻ മാത്രം ” അവൾ സ്നേഹത്തോടെ പറഞ്ഞു
അർജുൻ വിസ്മയത്തോടെയവളെ നോക്കിയിരുന്നു..ആ മുഖത്ത് നിറഞ്ഞ പ്രണയത്തിലേക്ക്…
അനു മുന്നോട്ടാഞ്ഞ് ആ മുഖം പിടിച്ചു താഴ്ത്തി നെറ്റിയിൽ ഉമ്മ വെച്ചു.
അരുണിന്റെ ഭാര്യയെ ഡിസ്ചാർജ് ചെയ്യുന്ന അന്ന് അർജുന്റെ ഒപ്പം അവളും പോയി.
അരുണിന്റെ മാപ്പപേക്ഷ കലർന്ന നോട്ടങ്ങൾക്ക് സാന്ദ്രമായ പുഞ്ചിരി മറുപടിയായി നൽകി. അവന്റെ കുഞ്ഞുങ്ങൾക്ക് ചെറിയ സമ്മാനങ്ങൾ നൽകി. അവന്റെ ഭാര്യയുടെ കൈകൾ ചേർത്ത് പിടിച്ചു നന്മകൾ വരട്ടെ എന്ന് ആശംസിച്ചതും ആത്രമേൽ ആത്മാർത്ഥമായിട്ടായിരുന്നു.
അവരെ യാത്രയാക്കി അർജുന്റെ ഒപ്പം തിരിച്ചു വീട്ടിലേക്ക് യാത്ര ചെയ്യുമ്പോൾ അവശേഷിച്ചിരുന്ന ഒരു കരട് പോലും ഒഴുകി പോയി തെളിനീര് പോലെ ശുദ്ധമുള്ളതായി അവളുടെ മനസ്സ്.
“ഇനി ഒക്കെ മറക്കാൻ കഴിയണം കേട്ടോ എന്റെ കുട്ടിക്ക് ” അർജുൻ അവളോട് പറഞ്ഞു
“മനുഷ്യന് മാത്രമല്ലേ മറക്കാനും മായ്ക്കാനും കഴിയുക?അല്ലെങ്കിലെങ്ങനാ ജീവിക്കുക..? പക്ഷെ ഇപ്പൊ എന്റെ മനസ്സിൽ വേറെയൊരു ചോദ്യമുണ്ട് ചോദിക്കട്ടെ?” അവൾ കുസൃതിയിൽ അവനെ നോക്കി.
ചോദിച്ചോളൂ എന്നവൻ തലയിളക്കി.
“ഒരു പക്ഷെ ഞാൻ അർജുനോട് വീണ്ടും ഇണങ്ങിയില്ലായിരുന്നുവെങ്കിൽ..ഞാൻ വിട്ട് പോയിരുന്നുവെങ്കിൽ?” അവൾ ഉത്തരത്തിനായി ആ മുഖത്തേക്ക് നോക്കി.
“നിനക്കതു കഴിയില്ല. എന്റെ സ്നേഹം നിന്നേ എനിക്ക് നഷ്ടപ്പെടുത്തില്ല. അത് ഉറപ്പാണെനിക്ക്. എനിക്ക് നിന്നേ അറിയാം അനു.”
അനു ഒരു തേങ്ങലോടെ ആ തോളിൽ മുഖമണച്ചു
അർജുൻ അവളെ തന്നോട് ചേർത്ത് പിടിച്ചു. അവന്റെ ഹൃദയത്തോടു ചേർത്ത്….ആത്മാവിനോട് ചേർത്ത്…
~Ammu Santhosh