റൂമിലേക്ക് ഓരോ സ്റ്റെപ്പ് വയ്ക്കുമ്പോഴും അവനിൽ മെല്ലെ ഭയത്തിന്റെ കണികകൾ അരിച്ചിറങ്ങി…

ഗസറ്റഡ് കുടിയൻ

Story written by Sayana Gangesh

================

ഇന്നലെ കിട്ടിയ പുതിയ ടോയ്‌സിനെ വച്ച് സന്തോഷത്തോടെ കളിക്കുന്ന വാവയെ അല്ലു കുറച്ച് നേരം നോക്കിയിരുന്നു. അടുത്തുള്ള ഓരോ ടോയും എടുത്ത് തിരിച്ചും മറച്ചും നോക്കി സൗണ്ട് ഉണ്ടാക്കാൻ നോക്കിയതിന് ശേഷം ഒരു സൈഡിലേക്ക് നീക്കിവച്ച് അടുത്തത് എടുത്ത് വീണ്ടും അവൾ കൗതുകത്തോടെ നോക്കി.

ഓരോന്ന് എടുത്ത് അത് പ്രവർത്തിച്ച് കാണുമ്പോൾ വാവയുടെ മുഖത്ത് സന്തോഷം വിരിയുന്നത് അവൻ നിർവികരതയോടെ നോക്കിനിന്നു. കുറച്ച് സമയം കൂടെ വാവയുടെ അടുത്ത് ഇരുന്ന ശേഷം അല്ലു

“ചേട്ടൻ ഇപ്പോൾ വരാട്ടാ, എങ്ങും പോകല്ലേ വാവ ഇവിടെ തന്നെ ഇരിക്കണേ..” എന്ന് വാവയോട് പറഞ്ഞ് അവിടെ നിന്നെഴുന്നേറ്റ് റൂമിലേക്ക് നടന്നു.

റൂമിലേക്ക് ഓരോ സ്റ്റെപ്പ് വയ്ക്കുമ്പോഴും അവനിൽ മെല്ലെ ഭയത്തിന്റെ കണികകൾ അരിച്ചിറങ്ങി. റൂമിലേക്കെത്തുമ്പോൾ റൂമിന്റെ ഡോർ അടഞ്ഞ് കിടക്കുകയായിരുന്നു. ഉള്ളിൽ രാത്രി മുതൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എസിയുടെ തണവ് റൂമിന് പുറത്തെ ടൈൽസിനെയും ഐസ് ആക്കിയിരുന്നു. ചിന്തകളിൽ പെട്ട് തറഞ്ഞ് അവിടെ നിന്ന നിമിഷങ്ങൾ അവന്റെ കുഞ്ഞ് പാദങ്ങൾ ആ തണവിനെ മറികടക്കാൻ പാടുപെട്ടു.

പതിയെ അവൻ ഡോർ തുറന്നതും ശ ർദിയുടെയും മറ്റെന്തിന്റെയുമൊക്കെ സമ്മിശ്രമായ കുത്തുന്ന ഒരു മണം അവന്റെ നസ്വികയിലേക്ക് കുത്തിക്കയറി.

“ശരണ്യേ..ഡോർ തുറന്ന് പിടിച്ച് തണവ് കളയരുതെന്ന് പറഞ്ഞിട്ടില്ലേ….” പെട്ടന്ന് റൂമിൽ കട്ടിലിൽ അച്ഛൻ കമിഴ്ന്ന് കിടന്നിടത്ത് നിന്ന് ഒരു ശബ്‌ദം റൂം കുലുങ്ങുന്ന പോലെ മുഴങ്ങി.

ഞെട്ടി തെറിച്ചു അല്ലു അടുത്ത സെക്കൻഡിൽ ഡോർ വലിച്ചടച്ച് അവിടെ നിന്ന് അടുക്കളയിലേക്കോടി.

“അമ്മേ ഞാൻ പറയുന്നത് അമ്മ മനസിലാക്ക്, എന്റെ കാര്യം അമ്മ ഓർക്കണ്ട, രണ്ട് കുഞ്ഞ് മക്കൾ ഇല്ലേ അമ്മേ…അവരെ അമ്മയ്ക്ക് ഓർത്തൂടെ…വെറുതേ ഞങ്ങൾക്കിടയിൽ നുണ പറഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് നിർത്തിക്കൂടെ ഇനിയെങ്കിലും. അമ്മ, വിഷ്ണുവേട്ടൻ അമ്മയുടെ അടുത്ത് നിന്ന് പോകാതിരിക്കാൻ ആൾടെ എല്ലാ തെറ്റിനും കൂട്ട് നിൽക്കുവല്ലേ, ഇപ്പോൾ കാര്യങ്ങൾ കൈ വിട്ട് പോകുമ്പോഴും അമ്മയ്ക്ക് ഒന്നും പറയാനില്ലേ ഏട്ടനോട്….” അടുക്കളയിൽ അമ്മ അച്ഛമ്മയോട് സങ്കടം പറയുന്നത് കേട്ട് അവൻ അവിടെ തന്നെ നിന്നു.

“ഞാനോ ഞാൻ ഒന്നും ചെയ്തിട്ടില്ല എല്ലാം നിന്റെ തോന്നൽ മാത്രമാണ്…പിന്നെ നീ ക്ഷമിക്കണം, അവന് ദേഷ്യം വന്നാൽ നീ ക്ഷമിക്കണം, ഭർത്താക്കാന്മാർ അങ്ങനെ ആണ് അവർക്ക് ദേഷ്യം കാണിക്കാം.” അച്ഛമ്മ അമ്മയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

“അമ്മേ ദേഷ്യവും അഹങ്കാരവും രണ്ടും രണ്ടാണ് അത് അമ്മ മനസിലാക്കണം. ഇപ്പോൾ ഇവിടെ നടക്കുന്നതൊന്നും ഏട്ടന്റെ ദേഷ്യം അല്ല അഹങ്കാരം ആണ്. അമ്മ അതിന് കൂട്ട് നിൽക്കല്ലേ. ആർക്കും ഒരു കുഴപ്പവുമില്ലട്ടാ അമ്മേ…അമ്മയ്ക്കും എനിക്കും ഈ കുട്ടികൾക്കുമല്ലാണ്ട്..” അമ്മ അച്ഛമ്മയോടായി പറഞ്ഞു.

“നീ കണ്ടട്ടില്ല അങ്ങ് ചക്കിടെ വെല്ലിച്ചനെ, ദിവസം ഒരു കുപ്പിയാണ് ആൾടെ കണക്ക്. വെല്ലിമ്മ ഒന്നും മിണ്ടില്ല, ആൾ എങ്ങനെ എന്തൊക്ക ചെയ്താലും പ്രതികരിക്കില്ല ഞാൻ അങ്ങനെ ആകാൻ ആണ് ശ്രമിക്കുന്നേ..” എന്തോ വലിയ കാര്യം ചെയ്യുന്ന പോലെ അച്ഛമ്മ പറഞ്ഞു.

“എത്ര കുടിച്ചിട്ട് വന്നാലും അച്ഛമ്മയെ ഒരു നോക്ക് കൊണ്ടോ വാക്ക് കൊണ്ടോ നോവിക്കാത്ത, ആൾ പറഞ്ഞ നുണകൾ കേട്ട്, സഹികെട്ട് അമ്മ എതിർത്ത് പറയുന്ന വാക്കുകൾ ഓർമ്മയിൽ വച്ച് അമ്മയെ മാത്രം ഉപദ്രവിച്ച്‌ അച്ഛമ്മയെ സംരക്ഷിക്കുന്ന മോനെ അല്ലെങ്കിൽ അച്ഛമ്മ എന്ത് പറയാൻ…” അല്ലു മനസ്സിൽ  പുച്ഛത്തോടെ ഓർത്തു..

“പിന്നെ അവൻ എന്ത് കുറവാണ് നിങ്ങൾക്ക് ഒക്കെ വരുത്തുന്നത്?കഴിക്കാൻ ഫുഡ്, ഡ്രസ്സ്‌ നല്ലൊരു വീട്, അവധി ദിവസങ്ങളിൽ ടൂർ എല്ലാം ഇല്ലേ,… ” പുറത്തേക്ക് നടന്ന് കൊണ്ട് അച്ഛമ്മ പറഞ്ഞു

ശരിയാണ് എല്ലാം ഉണ്ട് എല്ലാം പക്ഷേ ജീവിതം….സ്നേഹം….വിശ്വാസം….ഇത്തിരി റെസ്‌പെക്ട്…ഒപ്പം നിൽക്കുമ്പോൾ എനിക്കില്ലെങ്കിൽ കുട്ടികൾക്കെങ്കിലും സുരക്ഷിതത്വം…ഹ്മ് ആരോട് പറയാൻ ആര് കേൾക്കാൻ…ഇന്നലെ തന്നെ ഓവറാക്കില്ല എന്ന് ഉറപ്പ് പറഞ്ഞത് കൊണ്ട് മാത്രമാണ്, ഒപ്പം പോയത്. കുടിച്ചിട്ടുണ്ടെങ്കിലും ദ്രുവ്  ശ്രദ്ധയോടെ ആയിരുന്നു കുട്ടികളെ കറങ്ങുന്ന മെഷീനിൽ കയറ്റി കറക്കിയിരുന്നത് അത് കൊണ്ടാണ് വാവ കയറണം എന്ന് പറഞ്ഞപ്പോഴും എതിർക്കാതിരുന്നത്. പക്ഷേ ഏട്ടൻ പെട്ടന്ന് കറക്കിയ ആ കറക്കൽ……അവൾക്കുള്ളിൽ ഒരു മിന്നൽ പാഞ്ഞു പോയ്‌…എല്ലാവരും സന്തോഷത്തോടെ ചുറ്റുമിരിക്കുമ്പോഴും എന്റെ ഉള്ളിൽ ഭയം ആണ്, എപ്പോഴാണ് സ്വഭാവം മാറി പെരുമാറുക എന്നറിയില്ല ലോ…എന്റെ കാര്യം ഇല്ല, പക്ഷേ കുട്ടികളുടെ സുരക്ഷിതത്വം എങ്കിലും ഉറപ്പാക്കേണ്ടേ, എല്ലാരുടെയും മുൻപിൽ ഒരടിമയോടെന്നപോലെ പെരുമാറും. മോൾക്കും മോനും വിലയിടും, സ്വയം നേരെ നിൽക്കാൻ ആകാത്ത അവസ്ഥയിൽ അവരെ എടുത്ത് പൊക്കി….വീട്ടിൽ ഇരിക്കാം പോകണ്ട എന്ന് വച്ചാൽ ഇങ്ങനെ ഒരു അമ്മായിയമ്മ…നുണ അല്ലാതെ വാ എടുത്താൽ പറയില്ല, എല്ലാരുടെയും മുൻപിൽ എന്നെ പൊട്ട ആക്കി ചിത്രീകരിച്ച് വച്ചേക്കുവാ…അമ്മ ചെയ്യുന്ന കാര്യങ്ങൾ മോനോട് പറയാനും പാടില്ല. ദൈവം ആണ് അമ്മ. അമ്മ അങ്ങനെ ഒന്നും ചെയ്യില്ലത്രേ അഥവാ ചെയ്താലും ഞാൻ സഹിക്കണം എല്ലാം..അതാണ് ഉത്തരവ്. കൈ കൊണ്ട് തല്ലുന്നില്ലന്നേ ഒള്ളു…അല്ലെങ്കിൽ….എന്ത് ഉറപ്പിന്മേൽ ആണാവോ ഓരോ ദിവസവും ഞാൻ കുഞ്ഞി രണ്ട് മക്കളെയും കൊണ്ട് ഇവിടെ ജീവിക്കുന്നെ…എത്രവട്ടം ആ ത്മഹ ത്യചെയ്യാൻ മനസ്സ് പാകപ്പെട്ടു. പക്ഷേ ഞാൻ കൂടെ പോയാൽ എന്റെ മക്കൾ എന്റെ ദൈവമേ…..

തന്നെ ഇപ്പോൾ കണ്ടാൽ അമ്മ കൂടുതൽ വിഷമിക്കും എന്ന് ആലോചിച്ച് അല്ലു പതിയെ അവിടെ നിന്ന് തിരിഞ്ഞ് നടന്നു

“ആ അവൾ ശരിയല്ല, ടീ പെണ്ണേ അത് കൊണ്ട് മാത്രം ആണ് അവൻ ഇങ്ങനെ. ആ അവൾക്ക് ആഡംബരം പോരാ എന്ന്, ഹും. ആ ഞാൻ സമ്മതിക്കുമോ അവനെ ഞാൻ വരച്ച വരേൽ നിർത്തും പിന്നല്ലാ. ആ ഞാൻ പറയണ്ട പോലെ എല്ലാവരോടും വിളിച്ച് പറയുന്നുണ്ട്. അവൾ പിന്നെ പറഞ്ഞാലും ആരും ഒന്നും വിശ്വസിക്കില്ല. അത് പോലെ ഞാൻ പറഞ്ഞു വിശ്വസിപ്പിച്ചിട്ടുണ്ട് എല്ലാരേയും…നീ ഇങ്ങ് വാ കുറച്ചു ദിവസം നിൽക്കാൻ പിള്ളേരേം കൊണ്ടൊരേ നമുക്ക് അവളെ ശരിയാക്കാം. പിന്നെ കൈയ്യിൽ കുറച്ച് മരുന്നുകൾ ഒക്കെ കരുതിയേക്ക്….” നിഗൂഢമായി അച്ഛമ്മ പറഞ്ഞത് കേട്ട് അല്ലുന് തലകറങ്ങുന്ന പോലെ തോന്നി.

വേഗം അവിടെ നിന്ന് വാവയുടെ അടുത്തേക്ക് നടക്കുമ്പോൾ സ്കൂളിൽ അർണവ് പറഞ്ഞ വാക്കുകൾ അവന്റെ ഉള്ളിൽ മുഴങ്ങി കൊണ്ടിരുന്നു….

“ടാ അല്ലു…ഇന്നലെ നിന്റെ അച്ഛൻ കുടിച്ചാണല്ലേ വന്നത്, ഞാൻ കണ്ടായിരുന്നു നിങ്ങൾ വന്ന് കയറുന്നത്. എന്റെ അച്ഛൻ കുടിച്ചാൽ അന്ന് ഞങ്ങൾക്ക് എല്ലാർക്കും നല്ല ഭക്ഷണം കളിപ്പാട്ടം ഒക്കെ വാങ്ങി തരും. അന്ന് അമ്മേം ചേട്ടനും ഞാനും അച്ഛനും കൂടെ പാട്ടൊക്കെ പാടി ഉത്സവം പോലെ ആണ്. അപ്പോൾ പിന്നെ നിന്റെ വീട്ടിൽ എന്ത് രസമാർന്നിയിരിക്കുമല്ലേ ഇന്നലെ….”