എപ്പോഴും പുഞ്ചിരിയോടെ മാത്രം കണ്ടിട്ടുള്ള ആ കുട്ടിക്ക് ഇങ്ങനെ ഒരു അസുഖം ഉണ്ടെന്ന് പറയുമ്പോൾ….

എഴുത്ത്: മഹാ ദേവൻ

==================

കല്യാണം കഴിഞ്ഞ്  നാലാംദിവസം കെട്ടിയ പെണ്ണിനെ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ അവന്റ ചെവിക്ക ല്ല് നോക്കി ഒന്ന് പൊ ട്ടിക്കാൻ ആണ് ആദ്യം തോന്നിയത്.

“നിനക്കെന്താ പ്രാ ന്തായോ സുകു?  ഇങ്ങനെ നാലാംദിവസം വീട്ടിൽ കൊണ്ടാക്കാൻ ആണേൽ ഈ കല്യാണത്തിന് വേഷം കെട്ടേണ്ട ആവശ്യം ഉണ്ടായിരുന്നോ? ആളുകളെ കൊണ്ട് പറയിപ്പിക്കാനായിട്ട് ഓരോ…അല്ല എന്താ ഇപ്പോൾ നിന്റെ ശരിക്കുള്ള പ്രശ്നം? കുടുംബമാരെല്ലാം കൂടി തീരുമാനിച്ചു ഉറപ്പിച്ചതല്ലേ ഇത്. പോരാത്തതിന് നിനക്ക് അവളെ ഇഷ്ട്ടപ്പെടുകയും ചെയ്തു. എന്നിട്ടിപ്പോ…. “

ഒരു മാമന്റെ അമർഷം മുഴുവൻ മരുമകനോടുള്ള ആ വാക്കുകളിൽ ഉണ്ടായിരുന്നു. അവന്റെ ആഗ്രഹങ്ങൾക്കൊത്ത പെൺകുട്ടി ആണെന്ന് പറഞ്ഞത് കൊണ്ടും  പത്തിൽ എട്ടു പൊരുത്തവും കണ്ടാണ് കെട്ടിച്ചത്. എന്നിട്ടിപ്പോ പുതുമോടി പോലും മാറുംമുന്നേ….

“കെട്ടിയ പെണ്ണിന് വട്ടാണെന്ന് അറിഞ്ഞാൽ പിന്നെ ന്ത്‌ ചെയ്യാനാ..കല്യാണത്തിന് മുന്നേ ആരും ഇതൊന്നും പറഞ്ഞില്ലാലോ. കല്യാണം കഴിഞ്ഞ ആ രാത്രി മുതൽ കുറെ ടാബ്ലെറ്റും കഴിച്ചു പോത്തു പോലെ കിടന്നുറങ്ങുന്നത് കണ്ടപ്പോൾ ഒരു സംശയം തോന്നി ആ മരുന്ന് ഞാൻ എന്റെ ഒരു ഫ്രണ്ടിന് അയച്ചുകൊടുത്തു. അവനാ പറഞ്ഞത് അത് വട്ടുള്ളവർ കഴിക്കുന്നതാണെന്ന്.”

അവന്റെ വാക്കുകൾ കേട്ട് അന്തംവിട്ട് നിൽക്കുകയായിരുന്നു അമ്മാവൻ.  ആ കൊച്ചിനെ കണ്ടാൽ അങ്ങനെ അസുഖമുള്ള കുട്ടിയാണെന്ന് വിശ്വസിക്കാൻ കഴിയില്ലല്ലോ എന്ന ചിന്തയിലായിരുന്നു അയാൾ.

എപ്പോഴും പുഞ്ചിരിയോടെ മാത്രം കണ്ടിട്ടുള്ള ആ കുട്ടിക്ക് ഇങ്ങനെ ഒരു അസുഖം ഉണ്ടെന്ന് പറയുമ്പോൾ…..

ഒന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല അയാൾക്ക്. നല്ല ഒരു പെൺകുട്ടി. പക്ഷേ, ഇങ്ങനെ ഒരു അവസ്ഥ ഉണ്ടെന്ന് അറിഞ്ഞിട്ട്…

“ഇനി അമ്മാവൻ പറ. ഞാൻ എന്ത് ചെയ്യണം. ഇനിയുള്ള ജീവിതം മുഴുവൻ ആ പ്രാ ന്തിപെണ്ണിനേയും ചുമന്നു നടക്കണോ?  ഇപ്പോൾ കെട്ടുകഴിഞ്ഞു നാല് ദിവസമേ ആയുള്ളൂ. ഇപ്പോൾ ആകുമ്പോൾ വലിയ വിഷമം ഉണ്ടാകില്ല….”

സുകു പറയുന്നതും ശരിയാണ്. ജീവിതക്കാലം മുഴുവൻ വയ്യാത്ത ഒരു പെണ്ണിനെ ചുമക്കെണ്ടതുണ്ടോ….അല്ലെങ്കിൽ തന്നെ പെണ്ണിന് ങ്ങനെ ഒരു അസുഖം ഉള്ള കാര്യം ആ വീട്ടുകാർക്ക് എങ്കിലും പറയാമായിരുന്നല്ലോ. ശരിക്കും അവര് ച തിക്കുകയല്ലേ ചെയ്തത്. പെൺകുട്ടിയെ കുറിച്ചോർക്കുമ്പോൾ സഹതാപം ഒക്കെ ഉണ്ട്. പക്ഷേ, എല്ലാം അറിഞ്ഞുകൊണ്ട് മിണ്ടാതിരുന്ന വീട്ടുകാരോട് പൊറുക്കാൻ പറ്റില്ല.

അയാൾ മനസ്സിൽ ഓരോന്ന് ചിന്തിച്ചുകൊണ്ട് ഏറെ നേരം ഒരേ ഇരിപ്പിരുന്നു.

“മാമൻ ങ്ങനെ കുന്തം വിഴുങ്ങിയപ്പോലെ ഇരിക്കാതെ ന്തേലും പറ. “

സുകു അക്ഷമനായിരുന്നു. അതവന്റെ വാക്കുകളിൽ നിഴലിച്ചിരുന്നു.

“നീ ഇതിനെ കുറിച്ച് അവളോട് വല്ലതും സംസാരിച്ചോ?”

ഇല്ലെന്ന് അവൻ തലയാട്ടി.

“നന്നായി. ഇനി ഇതിന്റെ പേരിൽ ആ പെണ്ണ് ന്തേലും കടുംകൈ ചെയ്താൽ പിന്നെ അത് മതി  സ്ത്രീധന പ്രശ്നം, പീ ഡനം, മറ്റേത് മറിച്ചത് എന്നൊക്കെ പറഞ്ഞ് നീ തൂങ്ങി തിരിയാൻ. വയ്യാത്ത പെണ്ണായത് കൊണ്ട് എന്താ, എപ്പഴാ ചെയ്യാന്നു പറയാനും പറ്റില്ല. അതുകൊണ്ട് ഇപ്പോൾ അവളോട് ഒന്നും ചോദിക്കണ്ട. ഞാൻ അവളുടെ വീട്ടുകാരെ വിളിച്ച് സംസാരിക്കട്ടെ ആദ്യം. ബാക്കിയൊക്ക പിന്നെ “

അതും പറഞ്ഞ് മാമൻ ഫോണുമെടുത്തു മുറ്റത്തേയ്ക്ക് ഇറങ്ങിയപ്പോൾ  അകത്തു നിന്ന് ചായയുമായി അവർക്കരികിലേക്ക് വരുന്നുണ്ടായിരുന്നു മേഘ.

“സുകോട്ടാ ചായ “

അവന് നേരേ ചായക്കപ്പ് നീട്ടിക്കൊണ്ട് നാലുപാടും ഒന്ന് നോക്കി “മാമൻ ന്ത്യേ ” എന്നും ചോദിച്ചുകൊണ്ട്.

അതിന് മറുപടി ഒന്നും നൽകിയില്ലെങ്കിലും അവൾ നീട്ടിയ ചായ പാതി മനസ്സോടെ വാങ്ങി ബെഞ്ചിലേക്ക് വെച്ചു അവൻ. സത്യത്തിൽ ആ ചായ കുടിക്കാൻ പോലും ഒരു ഭയം അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു.

“എന്ത് പറ്റി, മുഖത്ത്‌ ആകെ ഒരു വിഷമം?”

അവളുടെ പുഞ്ചിരിയോടെ ഉള്ള ചോദ്യം കേട്ടപ്പോൾ ആദ്യം ദേഷ്യം വന്നെങ്കിലും അവളുടെ ആ നിഷ്ക്കളങ്ക നിറഞ്ഞ പുഞ്ചിരി അവനിൽ ഒരു വിഷമമുണ്ടാക്കി.

അവൾ കൂടുതലൊന്നും ചോദിക്കാതെ അകത്തേക്കു നടക്കുമ്പോൾ ഫോൺ വിളി അവസാനിപ്പിച്ചു മാമൻ അവന്റെ അരികിലേക്ക് വന്നു.

അവർ എന്ത് പറഞ്ഞെന്ന് അറിയാനുള്ള അവന്റെ ആകാംഷ നിറഞ്ഞ നോട്ടത്തിന് മറുപടി എന്നോണം അയാൾക്ക് മാറ്റിവെച്ച ചായ കയ്യിലെടുത്തു ചുണ്ടിലേക്ക് ചേർക്കുമ്പോൾ അവൻ പതിയെ പറയുന്നുണ്ടായിരുന്നു “അവളുണ്ടാക്കി കൊണ്ടുവന്ന ചായ ആണ് ” എന്ന്.

അത് കേട്ട് മാമൻ ഒന്ന് പുഞ്ചിരിച്ചു. പിന്നെ ഒറ്റ വലിക്ക് ആ ചായ മുഴുവൻ കുടിച്ച് ഗ്ലാസ് ബെഞ്ചിലേക്ക് വെച്ചു.

“എന്റെ സുകു. നീ ഇങ്ങനെ പേടിക്കാൻ തുടങ്ങിയാൽ എങ്ങനാ. അവൾ നിന്നെ കൊ ല്ലാൻ വന്നതൊന്നും അല്ല ഇവിടെ. ഒരു ചായ കുടിക്കാൻ പോലും പേടിച്ചാ.. “

അവനെ കളിയാക്കുംപ്പോലെ പറഞ്ഞിട്ട് അയാൾ ഫോൺ പോക്കറ്റിലേക്ക് വെച്ച് അവനരികിൽ ഇരുന്നു.

“ഞാൻ ഇപ്പോൾ അവളുടെ അച്ഛനോട് ആണ് സംസാരിച്ചത്. സംഭവം സത്യമാണ്. ആ കുട്ടി മരുന്ന് കഴിക്കുന്നുണ്ട്. പക്ഷേ, അയാൾ പൊട്ടിക്കരയുകയായിരുന്നു. കുറച്ചു കാലം മുന്നേ ഹോസ്റ്റലിൽ വെച്ച് ആരൊക്കെയോ റാ ഗിംഗ് ചെയ്യാന് നോക്കിയപ്പോൾ ഉണ്ടായ ഒരു ഷോക്ക്. അത്രേ ഉളളൂ. അത് അത്ര വലിയ പ്രശ്നം ഒന്നുമല്ല. അവൾ ഇപ്പോൾ നോർമലും ആണ്. പക്ഷേ ഡോക്ടറുടെ നിർദേശപ്രകാരം കുറച്ചു നാളുകൾ കൂടി ടാബ്ലറ്റ് കണ്ടിന്യൂ ചെയ്യണം. അല്ലാതെ ഒരു ഭ്രാ ന്തി ഒന്നുമല്ല അവൾ. ഒരു മരുന്ന്ശീട്ട് കണ്ട് ആരേലും ന്തേലും പറഞ്ഞെന്നും വെച്ചു കണ്ണടച്ച് ഒന്നും വിശ്വസിക്കരുത്.  ഇനി നമുക്ക് ന്തേലും സംശയം ഉണ്ടെങ്കിൽ ഡോക്ടറെ നേരിട്ട് കണ്ടു സംസാരിക്കാം എന്നാണ് അയാള് പറഞ്ഞത്. ഇതിനപ്പുറം ഞാൻ ന്ത്‌ ചോദിക്കാനാ. ഇനി നീ ആലോചിച്ചു തീരുമാനിക്ക്.”

ന്തോ മാമൻ അത്രയൊക്കെ പറഞ്ഞിട്ടും സുകുവിന്റെ മനസ്സിൽ കൂട്ടുകാരൻ പറഞ്ഞ വാക്കുകൾ ആയിരുന്നു. മെ ന്റലി വീക്ക് ആയ ഒരാൾക്ക് വീണ്ടും അങ്ങനെ വന്നോടാ എന്നില്ലല്ലോ. എല്ലാം അറിഞ്ഞുകൊണ്ട് ഇങ്ങനെ ഒന്ന് തലയിലെടുത്തു വെക്കണോ “

അവന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലായിരുന്നു.

ആ ആലോചന ഒടുവിൽ ചെന്നെത്തിയത് അവളെ തിരികെ വീട്ടിൽ കൊണ്ടാകാം എന്ന തീരുമാനത്തിൽ ആയിരുന്നു. മനസ്സില്ലാമനസ്സോടെ ആണെങ്കിലും മാമനും ആ ഒഴിവാക്കലിനായി കൂടെ പോകേണ്ടി വന്നു. എല്ലാം അറിഞ്ഞുള്ള ഒഴിവാക്കൽ ആണെന്ന് അറിഞ്ഞിട്ടും മേഘ ഒരക്ഷരം മിണ്ടിയില്ല. അല്ലെങ്കിൽ തന്നെ എല്ലാം തീരുമാനിച്ചു നടപ്പിലാക്കിയതിനു ശേഷം എന്ത് പറയാൻ. അവൾ അവന്റെ മുഖത്തേക്ക് പോലും നോക്കാതെ ഒരു പാവയെ പോലെ അകത്തേക്ക് നടക്കുമ്പോൾ  അവളുടെ സാധനങ്ങൾ എല്ലാം ഇറക്കിവെക്കുന്ന തിരക്കിൽ ആയിരുന്നു സുകു.

“മോനെ…ഞങ്ങൾ നിങ്ങളെ ചതിച്ചിട്ടില്ല. ഇതത്ര വലിയ പ്രശ്നം അല്ലെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ടാണ് ഞങ്ങളും അത്ര കാര്യമാക്കാതിരുന്നത്. നാളെ അവൾക്കൊരു പ്രശ്നം ഉണ്ടാകില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. കെട്ടിയ പെണ്ണിനെ നാലാം ദിവസം തന്നെ വീട്ടിൽ കൊണ്ടുവന്ന് ആക്കിയാൽ നാട്ടുകാർ പറയുന്നത് ഇതൊന്നും ആകില്ല. എന്റെ മോളുടെ ഭാവിയെ കൂടി അത് ബാധിക്കും.”

ആ അച്ഛന്റെ വാക്കുകൾക്ക് മുഖം കൊടുക്കാതെ സുകു കാറിലേക്ക് കയറുമ്പോൾ മാമൻ പതിയെ ആ അച്ഛനരികിലേക്ക് ചെന്ന് അയാളുടെ കയ്യിൽ പിടിച്ചു ഒരു ആശ്വസിപ്പിക്കാൻ എന്നോണം. പിന്നെ പതിയെ കാറിനരികിലേക്ക് നടന്നു…

***************

പലപ്പോഴും മേഘ പ്രതീക്ഷിച്ചിരുന്നു അവന്റെ ഒരു വിളി. പക്ഷേ ദിവസങ്ങൾ കൊഴിഞ്ഞുവീഴുന്നതല്ലാതെ ഒന്നും സംഭവിക്കാതെ ഓരോ പകലും കടന്നുപോയി.

“മോളെ, അച്ഛൻ ചെയ്തത് തെറ്റായോ? മോളുടെ ഭാവിയോർത്താണ് ഈ അച്ഛൻ. പക്ഷേ, ഈ അച്ഛൻ കാരണം തന്നെ മോളുടെ ഭാവി…” അയാൾ വാക്കുകൾ മുഴുവനാക്കാതെ മുഖം താഴ്ത്തി ഇരിക്കുമ്പോൾ അവൾ പതിയെ അച്ഛന്റെ കയ്യിൽ ചേർത്തുപിടിച്ചു.

“എന്റെ ഭാവി പോയെന്ന് ആരാ അച്ഛാ പറഞ്ഞത്. ഒരു വിവാഹം മുടങ്ങിയാൽ ഭാവി പോയെന്ന് ആണോ. എന്റെ ഈ അവസ്ഥയ്ക്ക് കാരണം ഞാനോ അച്ഛനോ അല്ലല്ലോ. ഏതൊരാൾക്കും വരാവുന്ന ഒരു ചെറിയ ഡി പ്രഷൻ. അത് ഇനി വരില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് പറഞ്ഞില്ല. അവരോട് പറയാതിരുന്നത് തെറ്റ് തന്നെ ആണ്.  വരില്ലെന്ന ഉറപ്പ് നമ്മളിൽ മാത്രമല്ലേ..ഭ്രാ ന്ത് ഇനിയും വന്നാലോ അല്ലേ. അവരങ്ങനെ അല്ലേ ചിന്തിക്കൂ “

അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ കടലിരമ്പി. അത് അച്ഛൻ കാണാതിരിക്കാൻ മേഘ വേഗം അച്ഛനരികിൽ നിന്നും എഴുനേറ്റ് മുറിയിലേക്ക് നടന്നു.

അതെ സമയം സുകുവും വല്ലാത്തൊരു മാനസികാവസ്ഥയിൽ തന്നെ ആയിരുന്നു. അവൾ പോയിട്ട് കുറച്ചു ദിവസങ്ങൾ ആയെങ്കിലും  എന്തോ മനസ്സിൽ നിന്നും പറിച്ചെറിയാൻ കഴിയുന്നില്ല. ഒരുപാട് പെണ്ണ് കണ്ട് അവസാനം മനസ്സിന് ഇഷ്ടപ്പെട്ടു ജീവിതത്തിലേക്ക് കൂട്ടിയതാണ്. പക്ഷേ….

മനസ്സിന്റെ വല്ലായ്മയും കൂടാതെ നാട്ടുകാരോടും മറ്റും കാര്യകാരണം വിവരിക്കാനുള്ള മടിയും അവനെ വീട്ടിലേക്ക് തന്നെ ഒതുക്കിയപ്പോൾ അതിൽ വിഷമിക്കാനും സന്തോഷിക്കാനും ആളുണ്ടായിരുന്നു.

വിഷമിക്കാൻ ഒരു അമ്മാവനും സന്തോഷിക്കാൻ ആകെ ഉള്ള ഒരു പെങ്ങളും…

“അവളെ കൊണ്ടാക്കിയത് നന്നായെടാ, പ്രാ ന്തിപ്പെണ്ണിനെ ചുമക്കേണ്ട ആവശ്യം ഒന്നും നിനക്കില്ല. ഇനി അവർക്കെതിരെ കേസ് കൊടുക്കണം ചീറ്റിങ്ങിന്. അങ്ങനെ വിട്ടാൽ പറ്റില്ല ആ തന്തേം മോളേം “

എരിതീയിൽ എണ്ണ ഒഴിക്കുന്ന  കൂടപ്പിറപ്പിന്റെ  വാക്കുകൾക്ക് മുഖം കൊടുക്കാൻ നിന്നില്ല അവൻ. പക്ഷേ,  ഓർക്കുമ്പോൾ അവൾ പറഞ്ഞതിലും കാര്യമില്ലേ എന്നൊരു തോന്നൽ  ശരിക്കും ചീറ്റ് ചെയ്തതല്ലേ അവർ. മാറിയാലും ഇല്ലെങ്കിലും ഒരു വാക്ക് പറയാലോ…”

അവന്റെ ചിന്തകൾ പല വഴിക്ക് ചിതറിയോടി. പെങ്ങൾ പറഞ്ഞ പോലെ കേസ് കൊടുക്കണോ എന്നൊക്കെ പല വട്ടം ചിന്തിച്ചു. അവസാനം മാമനോട് കാര്യം അവതരിപ്പിച്ചപ്പോൾ അയാൾ കൈ മലർത്തി.

“ഞാൻ എന്ത് പറയാനാ സുകു. നീ അല്ലേ എല്ലാം തീരുമാനിച്ചത്. ഇപ്പോൾ കൂട്ടിന് പെങ്ങളും ആയി. നിങ്ങൾ എന്താച്ചാ തീരുമാനിച്ചു ചെയ്‌തോ. എന്നെ അതിലേക്ക് വലിച്ചിടേണ്ട. കേസ് കൊടുക്കോ, നഷ്ടപരിഹാരം വാങ്ങിക്കുകയോ, ഇനി നിന്നോട്  ക്രൂ രത ചെയ്ത ആ കുടുംബത്തെ ആണിവേര് അറുത്തു സന്തോഷിക്കുകയോ എന്താന്ന് വെച്ച ചെയ്‌തോ. മാമനെ നോക്കണ്ട…”

മാമന് തന്റെ ചോദ്യം ഇഷ്ട്ടമായില്ലെന്ന് അയാളുടെ വാക്കുകളിൽ നിന്ന് അവന് മനസ്സിലായി.

“പിന്നെ ഞാൻ എന്ത് ചെയ്യണം മാമാ…” എന്ന അവന്റെ ചോദ്യത്തിന് മുന്നിൽ അയാൾ പുച്ഛത്തോടെ മുഖം കോട്ടി.

“ഇനി എന്ത് ചെയ്യണമെന്ന് എന്നോട് ചോദിക്കുന്നത് എന്തിനാണ് സുകു. നിന്റ ഇഷ്ട്ടത്തിനാണ് ഈ വിവാഹം തീരുമാനിച്ചതും കെട്ടിയതും. നിന്റ ഇഷ്ടത്തിന് തന്നെയാണ് അവളെ വേണ്ടെന്ന് വെച്ചതും. പക്ഷേ മോൻ ഒന്നോർക്കണം, ഒരു പെണ്ണിന്റ ജീവിതം വെച്ചാണ് കളിച്ചത്. നിന്നോട് അവർ ചെയ്തത് ശരിയാണ് എന്നല്ല ഞാൻ പറയുന്നത്. പക്ഷേ,  ഇനി ഒരിക്കലും ഉണ്ടാകില്ലെന്ന ഡോക്ടറുടെ വാക്ക്, ആ വാക്കിലുള്ള വിശ്വാസം..ഇനി വരില്ലെന്ന് ഉറപ്പുള്ള രോഗത്തെ വെറുതെ ഓർമ്മിപ്പിക്കാനായി ഇതിലേക്ക് വഴിച്ചിഴക്കേണ്ട എന്നവർ തീരുമാനിച്ചെങ്കിൽ അതിനെയും തെറ്റ് പറയാൻ പറ്റില്ല. നിന്നോട്  ഇതെല്ലാം മറച്ചുവെച്ചതിനെ ന്യായീകരിക്കുകയല്ല ഞാൻ, എന്നാലും നിനക്ക് ഒന്ന് ചിന്തിച്ച് തീരുമാനം എടുക്കാമായിരുന്നു.”

അയാളുടെ വാക്കുകൾക്ക് മുന്നിൽ മുഖം കുടയുമ്പോൾ അവൻ ചോദിക്കുന്നുണ്ടായിരുന്നു “ന്നാലും അവർക്ക് ഇത് ആദ്യമേ പറയാമായിരുന്നല്ലോ. ഇതിപ്പോ മറ്റുള്ളവർ അറിഞ്ഞാൽ ഉള്ള അവസ്ഥ ഒന്ന് ചിന്തിച്ച് നോക്കിയേ” എന്ന്…

മാമൻ അവന്റെ തോളിൽ പതിയെ കൈ വെച്ചുകൊണ്ട് എഴുനേറ്റു.

“മോനെ, മറ്റുള്ളവർ എന്ത് പറയും എന്നോർത്തു നടന്നാൽ ഈ ലോകത്ത് നമുക്ക് ജീവിക്കാൻ കഴിയില്ല. നമ്മൾ എന്ത് തീരുമാനിക്കുന്നു എന്നിടത്താണ് കാര്യം. ഈ അസുഖം എന്നത് ആർക്കും വരാത്തതല്ല. നാളെ നിനക്കും എനിക്കും സംഭവിക്കാം. അത് മാറുകയും മാറാതിരിക്കുകയും ചെയ്യാം. അതൊക്കെ ഓരോ മനുഷ്യന്റെയും യോഗം പോലെ ഇരിക്കും. ഇതിപ്പോ ആ കൊച്ചിന് ഇച്ചിരി നേരത്തെ വന്നു. അത് മാറുകയും ചെയ്തു. വിവാഹം കഴിഞ്ഞാണ് ഇത് സംഭവിക്കുന്നതെങ്കിൽ ഇതുപോലെ അവളെ നീ ഉപേക്ഷിക്കുമോ? “

അയാളുടെ ചോദ്യത്തിന് മുന്നിൽ സുകു മുഖം കുനിക്കുമ്പോൾ അമ്മാവൻ അവനെ ഒന്നുകൂടി നോക്കിക്കൊണ്ട് തുടർന്നു,

“ഒന്ന് മോൻ മനസ്സിലാക്കുക. ചിലത് പൊട്ടിച്ചെറിയാൻ എളുപ്പമാ. അതിന് നമ്മളെ സപ്പോർട്ട് ചെയ്യാൻ കൂടെ ആളുകളും ഉണ്ടാകും. എന്നാൽ എല്ലാം ഒന്ന് കൂട്ടിച്ചേർത്തു മുന്നോട്ട് കൊണ്ടുപോകാൻ ആണ് പ്രയാസം. അവിടെ ആരും കൂടെ ഉണ്ടാകില്ല. നമ്മൾ ഒറ്റയ്ക്ക് തീരുമാനിക്കണം, നടപ്പിലാക്കുകയും വേണം. മനസ്സിലായോ? ഇപ്പോൾ നീ അവളെ അവിടെ കൊണ്ടുവിട്ടിട്ട് മാസം നാലായി. അതിനിടയ്ക്ക് നിന്റ സംശയങ്ങൾക്ക് ഉള്ള മറുപടി ഡോക്ടറുടെ വായിൽ നിന്ന് വരെ കേട്ടതാണ്. എന്നിട്ടും നിന്റ പെങ്ങളുടെ വാക്ക് കേട്ട് ആരേം വിശ്വസിക്കാതെ ഒരു പെണ്ണിന്റ ശാപം കൂടി വാങ്ങിവെയ്ക്കാൻ ആണ് പുറപ്പാടെങ്കിൽ ഇത്രേം ഞാൻ പറഞ്ഞതൊക്കെ നീ മറന്നേക്ക്. അതല്ല, നിന്റെ തീരുമാനത്തിൽ എന്തേലും മാറ്റമുണ്ടെങ്കിൽ ഇനിയും വൈകിയിട്ടില്ല. നീ വിളിക്കാൻ വരുമെന്ന പ്രതീക്ഷയിൽ ആയിരിക്കും ഇപ്പോഴും അവൾ. ചിലത് മറക്കാനും പൊറുക്കാനും കഴിയുന്നിടത് നമ്മൾ തോറ്റു പോവുകയല്ല മോനെ, ജയിക്കുക തന്നെയാണ്.”

മാമന്റെ ഓരോ വാക്കും അവനെ ഇരുത്തി ചിന്തിപ്പിക്കാൻ പോന്നതായിരുന്നു. ഇപ്പോൾ എടുത്തുചാടി ഒരു തീരുമാനത്തിൽ എത്തേണ്ടതായിരുന്നു എന്നൊരു തോന്നൽ. കെട്ടിയ പെണ്ണ് കഴിക്കുന്നത് പ്രാ ന്തിന്റെ ഗുളിക ആണെന്ന് അറിഞ്ഞത് മുതൽ ചതിക്കപ്പെട്ടു എന്ന തോന്നൽ ഇവിടെ വരെ എത്തി. കൂടെ പെങ്ങളുടെ വാക്കും കൂടി മനസ്സിനെ പിടിച്ചുനിർത്താൻ കഴിയാത്ത അവസ്ഥയിൽ എത്തിച്ചു. കേസ് കൊടുക്കാൻ വരെ ചിന്തിച്ചതാണ്. പക്ഷേ, അപ്പോഴും മനസ്സിൽ എവിടെയോ അവൾ ഉണ്ടായിരുന്നു.

“നീ ഇനി ഇങ്ങനെ വെറുതെ ചിന്തിച്ച് കൂട്ടാതെ അവളെ കൂട്ടികൊണ്ടുപോരാൻ നോക്ക്. ഞാൻ അവളുടെ അച്ഛനെ വിളിച്ച് സംസാരിക്കാം. അവർക്കിത് കേൾക്കുമ്പോൾ വലിയ സന്തോഷമാകും. ജീവിതത്തിൽ ഇതൊക്കെ സ്വാഭാവികം ആണെടാ. ഇണക്കവും പിണക്കവും. പിണക്കം ഇതോടെ കഴിഞ്ഞെന്ന് കരുതിയാൽ മതി. “

അവന്റെ മൗനം സമ്മതമെന്നോണം മറ്റൊരു മറുപടിക്ക് കാത്തുനിൽക്കാതെ അമ്മാവൻ ഫോണിൽ നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർക്കുമ്പോൾ  അവന്റെ മുഖത്ത്‌ ആകാംഷ നിറഞ്ഞ ഭാവമായിരുന്നു.

ഏറെ നേരത്തെ റിങിന് ശേഷം അപ്പുറത് ഫോൺ അറ്റന്റ് ചെയ്തു എന്നത് മാമന്റെ മുഖത്ത്‌ നിന്ന് അവന് വായിച്ചെടുക്കാമായിരുന്നു.

“ഹലോ……..”

അപ്പുറത്ത്‌ നിന്നുള്ള ശബ്ദം കാതുകളിൽ എത്തിയപ്പോൾ മാമൻ സുകുവിനെ ഒന്ന് തിരിഞ്ഞുനോക്കി. പിന്നെ ഫോൺ ചെവിയിലേക്ക് ഒന്നുകൂടെ ചേർത്ത് പിടിച്ചു.

“ഞാൻ…ഞാൻ സുകുവിന്റെ മാമനാണ്”

“ആ മനസ്സിലായി…..ന്താ വിളിച്ചത്. ഡിവോഴ്സിന്റെയോ മറ്റോ കാര്യമാണെങ്കിൽ ഇങ്ങനെ വിളിച്ചു ബുദ്ധിമുട്ടണം എന്നില്ല. നിങ്ങളുടെ താല്പര്യം വക്കീലിനെ അറിയിച്ചാൽ മതി. മാറാരോഗിയായ മകളെ നിങ്ങടെ മോന്റെ തലയിൽ കെട്ടിവെച്ചതിന്റെ പേരിൽ നഷ്ടപരിഹാരം തരാനും ഞാൻ തയ്യാറാണ്.”

അയാളുടെ വാക്കുകളിൽ ഒട്ടും മയമില്ലെന്ന് കണ്ടപ്പോൾ അമ്മാവനും പറയാൻ വന്ന കാര്യം കിട്ടുന്നില്ലായിരുന്നു.

“അതെ, ഞാൻ ഇച്ചിരി തിരക്കിൽ ആണ്. വേറെ ഒന്നും പറയാനില്ലല്ലോ “

അപ്പുറത്ത് അയാൾ ഫോൺ വെക്കാനുള്ള ധൃതിയിൽ ആണെന്ന് മനസ്സിലായപ്പോൾ അമ്മാവൻ വേഗം ഇടയ്ക്ക് കയറി.

“അല്ല…അത് പിന്നെ…ഞാൻ വേറൊരു കാര്യം പറയാനാണ് വിളിച്ചത്. പിള്ളേരാകുമ്പോൾ ഇച്ചിരി ദേഷ്യവും വാശിയുമൊക്കെ ഉണ്ടാകും. വിവാഹം കഴിഞ്ഞ ദിവസം കെട്ടിയ പെണ്ണിന് അസുഖം വന്നിരുന്നു എന്നറിയുമ്പോൾ  ഉണ്ടാകുന്ന വിഷമം. അത് നിങ്ങളാരും തുറന്ന് പറഞ്ഞില്ലല്ലോ എന്നുള്ള ദേഷ്യം. ഇന്നത്തെ കാലത്ത് ഏതൊരു ചെറുപ്പക്കാരും പെട്ടന്ന് ചിന്തിക്കുന്നതെ അവനും ചെയ്തുള്ളൂ. അവനെയും കുറ്റം പറയാൻ പറ്റില്ലല്ലോ….”

അതിന് അപ്പുറത്ത്‌ നിന്ന് മറുപടി ഇല്ലെങ്കിലും അവിടത്തെ മൗനം മുഖവിലയ്‌ക്കെടുക്കാതെ അമ്മാവൻ തുടർന്നു….

“കഴിഞ്ഞത് കഴിഞ്ഞു. തെറ്റ് രണ്ട് കൂട്ടരുടെയും ഭാഗത്തുണ്ട്. കുട്ടികളല്ലേ….മുന്നോട്ട് ചിന്തിക്കാതെ ഓരോന്ന് ചെയ്യും. അതിന്റ പേരിൽ തീ തിന്നുന്നത് മാതാപിതാക്കൾ അല്ലേ. മേനോന്റെ അവസ്ഥ എനിക്ക് മനസ്സിലാകും. പെണ്കുട്ടിയുള്ള ഏതൊരച്ഛനും മനസ്സിലാകും മേനോന്റെ അവസ്ഥ. അതുകൊണ്ടൊക്കെ ആണ് ഞാൻ……

അന്ന് അങ്ങനെ എടുത്തുചാടി ഒരു തീരുമാനമെടുത്തത് അവനിലും വിഷമമുണ്ടാക്കിയിട്ടുണ്ട്. അന്നത്തെ അവന്റെ മാനിസികാവസ്ഥ നിങ്ങൾക്കും മനിസ്സിലാക്കാവുന്നതേ ഉളളൂ. അതുകൊണ്ട് മേനോൻ മോളോട് കാര്യങ്ങൾ സംസാരിക്കൂ. അവരൊന്നിച്ചു ജീവിക്കണമെന്നാണ് ഈശ്വരനിശ്ചയമെങ്കിൽ അതല്ലേ നടക്കൂ…”

അമ്മാവൻ പ്രതീക്ഷയോടെ പറഞ്ഞുനിർത്തി അപ്പുറത്ത് നിന്നുള്ള മറുപടിക്ക് കാതോർത്തു.

പ്രതീക്ഷിച്ചപോലെ തന്നെ അപ്പുറത്ത് നിന്ന് മറുപടിയെന്നോണം മേനോൻ പറയുന്നുണ്ടായിരുന്നു,

“ശരിയാ….ഒരച്ഛന്റെ വേദന മറ്റൊരു അച്ഛനെ മനസ്സിലാകൂ…മനപ്പൂർവം അല്ലെങ്കിൽ കൂടി ഞാനൊരു തെറ്റ് ചെയ്തു. അത് ആരുടേയും മുന്നിൽ മോളുടെ അസുഖം മറച്ചുവെക്കാനോ ചതിച്ചു കല്യാണം നടത്താനോ അല്ല. അങ്ങനെ ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കാൻ ഒരു ഒഴിയാബാധയല്ല എനിക്കെന്റെ മോള്. ഇനി അതിന്റ ഒരോർമ്മ പോലും അവളുടെ ജീവിതത്തിനിടയിൽ വേണ്ടെന്നുള്ള ഒരച്ഛന്റെ സ്വാർത്ഥത. അതിനപ്പുറം ഒരാളെയും…പക്ഷേ…..

ആ….അല്ലെങ്കിലും താൻ പറഞ്ഞ പോലെ അവരുടെ ഭാവിയല്ലേ. നാളെ നമ്മളില്ലെങ്കിലും ജീവിക്കേണ്ടത് മക്കളല്ലേ..അപ്പോൾ  മോള് തീരുമാനിക്കട്ടെ..എനിക്കെന്റെ മോളുടെ ഭാവിയാണ് വലുത്. അത് വെച്ച് കളിക്കാൻ ഞാനില്ല..അത്രേ എനിക്ക് പറയാനുള്ളൂ.”

ഒരച്ഛന്റെ സങ്കടവും കരുതലും വേവലാതിയും ആ വാക്കുകളിൽ ഉണ്ടായിരുന്നു.

“എന്ന ശരി മേനോനെ…കഴിഞ്ഞ കാര്യങ്ങൾ നമുക്ക് വിടാം..മനുഷ്യനല്ലേ, തെറ്റുകൾ സംഭവിക്കാലോ. അതുകൊണ്ട് കഴിഞ്ഞതൊക്കെ മറന്നേക്ക്. ഞാനും അവനും ഒരു ദിവസം അങ്ങോട്ട് വരാം..എന്നിട്ട് മോളും സുകുവും തമ്മിൽ ഒന്ന് നേരിട്ട് സംസാരിക്കട്ടെ. എന്നിട്ട് അവര് തീരുമാനിക്കട്ടെ എല്ലാം മറന്നൊരു ജീവിതം വേണോ അതോ…. “

മാമന്റെ  തീരുമാനത്തിനോട് പാതി സമ്മതമെന്നോണം മേനോൻ ഒന്ന് മൂളി. പിന്നെ ഫോൺ കട്ട്‌ ചെയ്ത് മോളുടെ മുറിയിലേക്ക് നടന്നു വിളിച്ചതും പറഞ്ഞതും അവളുടെ തീരുമാനവും അറിയാൻ….

****************

കാർ നിർത്തി സുകുവും അമ്മാവനും പുറത്തേക്ക് ഇറങ്ങുമ്പോൾ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു മേഘയുടെ അച്ഛൻ. അയാളുടെ മുഖത്തു വലിയ സന്തോഷമൊന്നും ഇല്ലെന്നത് സുകു ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെ വീട്ടിലേക്ക് കയറിച്ചെല്ലാൻ മടിച്ചുകൊണ്ട് പരുങ്ങിയ അവന്റെ കയ്യിൽ പിടിച്ചു അമ്മാവൻ.

“വാ..നാണക്കേട് ഒന്നും വിചാരിക്കണ്ട. ന്തായാലും അവർ താലമെടുത്തു സ്വീകരിക്കാനൊന്നും പോണില്ല. “

അതും പറഞ്ഞ് അമ്മാവൻ മുന്നോട്ട് നടക്കുമ്പോൾ സുകുവും പതിയെ അയാൾക്ക് പിറകെ നടന്നു.

“വരിൻ “

ഉമ്മറത്തു നിന്നിരുന്ന മേഘയുടെ അച്ഛൻ അവരെ അകത്തേക്ക് ക്ഷണിക്കുമ്പോൾ സുകുവിന്റെ കണ്ണുകൾ എവിടെയെങ്കിലും മേഘ നിൽക്കുന്നുണ്ടോ എന്ന് തിരയുകയായിരുന്നു.

“അപ്പൊ മേനോനെ. ഇനി നമുക്കിടയിൽ ഒരു മുഖവുരയുടെ ആവശ്യം ഇല്ലല്ലോ. ഞങ്ങൾ വന്നത് മോളോട് സംസാരിക്കാനും പറ്റിയാൽ ഇപ്പോൾ തന്നെ കൂട്ടികൊണ്ട് പോകാനും ആണ്. ഇത്ര നാൾ ഇവിടെ കൊണ്ട് നിർത്തിയത് തന്നെ ശരിയായില്ല. നേരത്തെ ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടതും കൂട്ടികൊണ്ട് പോകേണ്ടതും ആയിരുന്നു. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. അതുകൊണ്ട് കുട്ടികൾ തമ്മിൽ സംസാരിക്കട്ടെ. അല്ലേ മേനോനെ? “

അമ്മാവൻ അയാളുടെ മുഖത്തേക്ക് ഉറ്റുനോക്കുമ്പോൾ “അവർ സംസാരിക്കട്ടെ എന്നർത്ഥത്തിൽ ” അയാൾ പതിയെ തലയാട്ടി.

പിന്നെ അകത്തേക്ക് നോക്കി “മോളെ ” എന്ന് നീട്ടി വിളിച്ചു.

അയാളുടെ വിളി കേട്ട് അവളെ പ്രതീക്ഷിച്ചുകൊണ്ട് സുകുവിന്റെ കണ്ണുകൾ വാതിൽക്കലേക്ക് നീങ്ങുമ്പോൾ ഹൃദമിടിപ്പ് ദ്രുതഗതിയിൽ ആയിരുന്നു.

ഏറെ നേരം കഴിഞ്ഞാണവൾ പുറത്തേക്ക് വന്നത്. അവന്റെ മുഖത്തേക്ക് പോലും നോക്കാതെ നിന്ന അവളെ സുകു അത്ഭുതത്തോടെ നോക്കി. ഒരു യാത്രയ്ക്കുള്ള തെയ്യാറെടുപ്പ് അവളുടെ വേഷത്തിൽ ഉണ്ടായിരുന്നു. കൂടെ വരാൻ തയാറാണെന്ന് അവളുടെ ആ വേഷത്തിൽ നിന്ന് അവന് മനസ്സിലാകുന്നുണ്ടായിരുന്നു. എങ്കിലും ഉള്ളിൽ നുരഞ്ഞുപൊന്തിയ സന്തോഷം അവൻ പുറത്തു കാണിച്ചില്ല.

“എന്നാ പിന്നെ മക്കള് തമ്മിൽ സംസാരിക്ക്. പരസ്പരം സംസാരിച്ചു നല്ല ഒരു തീരുമാനത്തിൽ എത്തൂ “

അമ്മാവന്റെ വാക്ക് കേട്ട് പാടെ അവളോട് മാറി നിന്ന് സംസാരിക്കാനായി സുകു എഴുനേറ്റ് പുറത്തേക്ക് നടക്കാൻ തിരിയുമ്പോൾ അവൾ അവനെ കൈ ഉയർത്തി തടഞ്ഞു.

“മറ്റുള്ളവർ കേൾക്കാൻ പാടില്ലാത്തതായി ഒന്നും എനിക്ക് സംസാരിക്കാനില്ല. എന്റെ അച്ഛനും അമ്മാവനുമൊക്കെ കേൾക്കാനും അറിയാനുമുള്ളതെ എനിക്ക് പറയാനുള്ളൂ. “

അവളുടെ വാക്കുകളിൽ അത്ര സന്തോഷം ഉള്ളതായി തോന്നിയില്ല സുകുവിന്. അവൻ പതിയെ എഴുനേറ്റിടത്തു തന്നെ ഇരുന്നു.

പതിയെ അമ്മാവനാണ് സംസാരിച്ചു തുടങ്ങിയത്….

“മോളെ, കഴിഞ്ഞത് കഴിഞ്ഞു. തെറ്റോ ശരിയോ എന്ന് ചൂഴ്ന്നുനോക്കി കീറാനൊന്നും ഇനി മിനക്കെടേണ്ട. ആർക്കും സംഭവിക്കാവുന്നതേ രണ്ട് പേർക്കും സംഭവിച്ചിട്ടുള്ളൂ. അത് പരസ്പരം മനസ്സിലാക്കി ഇനിയുള്ള ജീവിതം നിങ്ങൾ സന്തോഷത്തോടെ ജീവിക്കണമെന്നാണ് അമ്മാവന്റെ ആഗ്രഹം”

അമ്മാവന്റെ വാക്കുകളിൽ പ്രതീക്ഷയുണ്ടായിരുന്നു. സുകുവിന്റെ നോട്ടത്തിലും.

“അമ്മാവൻ പറഞ്ഞത് ശരിയാ. ആർക്കും ഒന്നും ചൂഴ്ന്നുനോക്കാൻ പറ്റില്ല. ഇന്നലെ എനിക്ക് സംഭവിച്ചത് നാളെ മറ്റാർക്കെങ്കിലും ആവാം. എന്നെ ഒരു ഭ്രാ ന്തിയാവാൻ വിട്ടുകൊടുക്കാതെ ചേർത്തുപിടിച്ച അച്ഛൻ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്.  ഒരു മകളുടെ അവസ്ഥയോർത്ത്‌ ഉരുകുന്ന അച്ഛനെ കണ്ട് ഉറക്കമില്ലാതെ കിടന്നിട്ടുണ്ട് ഞാൻ. ആ ഞാൻ പൂർണ്ണആരോഗ്യവതി ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ അതെ അച്ഛന്റെ മുഖത്തെ സന്തോഷവും കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പഴയ ഓർമ്മകളെ കൂടെ കൂട്ടേണ്ടെന്ന് തീരുമാനിച്ചു. തെറ്റാണ് ചെയ്തത്. എല്ലാം തുറന്ന് പറയേണ്ടതായിരുന്നു. ആ തെറ്റിനെ ന്യായീകരിക്കുന്നില്ല. പക്ഷേ ഞാൻ ഒന്ന് ചോദിച്ചോട്ടെ….വിവാഹത്തിന് ശേഷമാണ് എനിക്കിങ്ങനെ സംഭവിച്ചിരുന്നതെങ്കിൽ….ഇതുപോലെ ഭ്രാ ന്തിയെ വേണ്ടെന്നും പറഞ്ഞ് ഇങ്ങനെ വലിച്ചെറിയുമായിരുന്നോ?  “

ആ ചോദ്യം സുകുവിനോട് ആയിരുന്നു.  അവളുടെ ചോദ്യത്തിന് മുന്നിൽ പെട്ടന്ന് ഒരു ഉത്തരം കിട്ടാതെ അവൻ മുഖം താഴ്ത്തുമ്പോൾ അവൾ നിരാശയോടെ പുഞ്ചിരിച്ചു.

“കണ്ടില്ലേ..അതിന് പോലും ഉറച്ച ഒരു മറുപടി പറയാൻ സുകുവേട്ടന് കഴിയുന്നില്ല. മറ്റുള്ളവരുടെ വാക്കുകൾക്ക് ഒപ്പം ആടുന്ന മനസ്സിനെ വിശ്വസിച്ചു ഇനിയും ഞാൻ കൂടെ വരണമെന്നാണോ അമ്മാവൻ പറയുന്നത്? “

അവളുടെ ചോദ്യങ്ങൾക്ക് മുന്നിൽ അയാൾക്കും ഉത്തരമില്ലായിരുന്നു.

കുറച്ചു നേരം ഹാളിൽ നിശബ്ദതയായിരുന്നു. ആർക്കും ഒന്നും മിണ്ടാനില്ലാത്ത പോലെ മൗനം പാലിച്ചു.

ആ മൗനം മുറിച്ചത് സുകുവിന്റ് വാക്കുകൾ ആയിരുന്നു.

“മേഘ….കഴിഞ്ഞതിനെ കുറിച്ച് സംസാരിച്ചു കാര്യങ്ങൾ കൂടുതൽ വഷളാക്കാനല്ല ഞങ്ങൾ വന്നത്. കഴിഞ്ഞത് കഴിഞ്ഞു. ഇനി ആ വിഷയങ്ങൾ നമുക്കിടയിൽ വരാതെ പുതിയ ഒരു ജീവിതം തുടങ്ങാൻ തന്നെ കൂട്ടാനാണ് ഞാൻ വന്നത്. തെറ്റുകൾ ഏറ്റുപറയാനും തിരുത്താനും കഴിഞ്ഞാൽ ജീവിതത്തിൽ എന്നും സന്തോഷമേ ഉണ്ടാകൂ. ഇപ്പോൾ എല്ലാം അറിഞ്ഞും മനസ്സിലാക്കിയും കലങ്ങിതെളിഞ്ഞ സ്ഥിതിക്ക് വന്നൂടെ തനിക്ക് എന്റെ കൂടെ…?”

അവന്റെ ചോദ്യം കേട്ടവൾ ഒന്ന് പുഞ്ചിരിച്ചു. പിന്നെ ഒന്നും മിണ്ടാതെ പതിയെ അകത്തേക്ക് നടന്നു.

കുറച്ചു നിമിഷങ്ങൾക്ക് ശേഷം കയ്യിൽ ഒരു ബാഗുമായി അവൾ പുറത്തേക്ക് വരുന്നത് കണ്ട സുകുവിന്റ് മുഖം സന്തോഷം കൊണ്ട് വികസിച്ചിരുന്നു. അതെ അവസ്ഥയിൽ ആയിരുന്നു അമ്മാവനും.

“ഈശ്വരാ..എല്ലാം കലങ്ങിതെളിഞ്ഞല്ലോ…” എന്നയാൾ മനസ്സിലുരുവിട്ടുകൊണ്ട് പുറത്തേക്ക് വരുന്ന മേഘയെ നോക്കി പുഞ്ചിരിച്ചു.

“അപ്പൊ എല്ലാം കലങ്ങി തെളിഞ്ഞ സ്ഥിതിക്ക് ഇനി ഒരു യാത്ര പറച്ചിൽ ഇല്ല. മോളെ ഞങ്ങൾ കൊണ്ടുപോവാ “

അതും പറഞ്ഞ് അമ്മാവൻ സുകുവിനെ നോക്കുമ്പോൾ സുകു പതിയെ അവളുടെ അരികിലേക്ക് നടന്ന് കയ്യിലെ ബാഗ് വാങ്ങാൻ കൈ നീട്ടി.

പക്ഷേ, പുഞ്ചിരിയോടെ തന്നെ അവൾ അത് നിരസിച്ചുകൊണ്ട് ബാഗ് കയ്യിലേക്ക് ഒതുക്കിപിടിച്ചു

“ജീവിതത്തിൽ ചില പാഠങ്ങൾ കൂടി പഠിക്കാനുണ്ട്. അത് ഞാൻ പഠിച്ചത് ഈ മാസങ്ങളിൽ ആയിരുന്നു. ഏതൊരു പെണ്ണിനും സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞാൽ ആണൊരുത്തന്റെ പാവയാകേണ്ട എന്നൊരു പാഠം. അച്ഛന്റെ തണലിൽ ഞാൻ ജീവിതത്തിന്റെ വഴികൾ തിരിച്ചറിഞ്ഞില്ല. പക്ഷേ ഇപ്പോൾ അറിയാം..ഒറ്റപ്പെട്ടുപോയാൽ ഉറക്കെ കരയാനല്ല, ഉറച്ച കാൽവെപ്പോടെ മുന്നോട്ട് നടക്കാൻ ആണ് പെണ്ണ് പഠിക്കേണ്ടത്….

ഞാൻ കുറച്ചു മുന്നേ ചോദിച്ചില്ലേ സുകുവേട്ടനോട് ! ഇനിയാണ് എനിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നതെങ്കിലോ എന്ന്. അതിനൊരുത്തരം തരാൻ പോലും സുകുവേട്ടന് കഴിയുന്നില്ല. അതിനർത്ഥം നാളെ എനിക്ക് ഇങ്ങനെ സംഭവിച്ചാൽ, ഇതുപോലെ ഇനിയും….

അതുകൊണ്ട് ഞാൻ ഒരു തീരുമാനമെടുത്തു.  എന്റെ ജീവിതത്തിന്റെ സേഫ് എന്റെ കയ്യിൽ തന്നെ ഭദ്രമായിരിക്കണം. അച്ഛന്റെ കഷ്ടപ്പാട് എനിക്ക് നേടിത്തന്ന ഡിഗ്രികൊണ്ട് ഇപ്പോൾ എനിക്കൊരു ജോലിയുണ്ട്. നാളെ ജോയിൻ ചെയ്യണം. ഈ ഒരുക്കങ്ങൾ ആ യാത്രയ്ക്ക് ഉള്ളതാണ്. എന്തായാലും ആറു മാസങ്ങൾ കഴിഞ്ഞില്ലേ..ഒരു ആറു മാസം കൂടി കാത്തിരിക്കണം…തെറ്റുകൾ തിരുത്തപ്പെടാൻ…

വലിച്ചെറിഞ്ഞത് കൂട്ടിച്ചേർക്കാൻ ഇനി ഞാൻ ഇല്ല. ഇത് പുതിയ ഒരു ഭ്രാ ന്ത് ആണെന്ന് കരുതിയാൽ മതി. ഞങ്ങടെ തെറ്റ് ഇങ്ങനെ ഞാൻ തിരുത്തട്ടെ..ഒരു കുറവുമില്ലാത്ത നല്ല ഒരു പെൺകുട്ടിയെ സുകുവേട്ടന് കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം. “

അതും പറഞ്ഞ് അച്ഛന്റെ അനുഗ്രഹം വാങ്ങി എല്ലാവർക്കും ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾ പുറത്തേക്ക് നടക്കുമ്പോൾ സുകു അമ്പരപ്പ് മാറാതെ നിൽക്കുകയായിരുന്നു.

അമ്മാവൻ മാത്രം മനസ്സാൽ ഒന്ന്  പുഞ്ചിരിച്ചു.

അവളിലെ പെണ്ണിനെ ഓർത്ത്….

ശുഭം

തട്ടിക്കൂട്ട് ആയിരുന്നു. അതിന്റ കുറവുകൾ ഉണ്ടാകും..ക്ഷമിച്ചേക്കണേ…