എല്ലാവരും ആകാംക്ഷയോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…

ശരിക്കും മുതലാളി

Story written by Praveen Chandran

===============

“മിസ്റ്റർ ജോൺ ഒരു ടീ കൊണ്ടു വരൂ” റീന ഓഫീസ് ബോയിയായ അയാളോട് ഓർഡർ ചെയ്തു..

“നീയെന്തിനാ റീന അയാളെ പേരെടുത്ത് വിളിക്കുന്നത്? ഒന്നുമില്ലെങ്കിൽ നിന്നേക്കാൾ പ്രായമുളള ആളല്ലേ അയാൾ?..” അനിത അല്പം ദേഷ്യത്തോടെ ചോദിച്ചു..

“പിന്നെ ഓഫീസ് ബോയ്ക്ക് അത്ര ബഹുമാനമൊക്കെ മതി..നീയായിട്ട് അയാളെ പൊക്കണ്ട..” റീനയുടെ ആ സംസാരം അനിതയ്ക്കിഷ്ടപ്പെട്ടില്ലെങ്കിലും മറ്റൊരു സ്റ്റാഫായ വീജീഷിന് ഇഷ്ടപ്പെട്ടിരുന്നു..

“അല്ല പിന്നെ..അത്രയൊക്കെ മതി..അയാൾ വന്നിട്ട് രണ്ട് മാസമായതല്ലേയുളളൂ” അവൻ പറഞ്ഞു..

നഗരത്തിലെ ഒരു പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയായിരുന്നു അവരുടേത്..പക്ഷെ ഈയിടെയായി കമ്പനി നഷ്ടത്തിലായിരുന്നു പോയ്ക്കൊണ്ടിരിക്കുന്നത്…

“റീന ഇന്ന് എംഡിയുടെ മീറ്റിംഗ് ഉണ്ട് വൈകീട്ട് അഞ്ചിന്..കമ്പനിയുടെ കാര്യം എന്താവുമോ എന്തോ?” അനിത ആശങ്കയോടെ പറഞ്ഞു…

“ഐഡോൺഡ് കെയർ..കമ്പനി പൂട്ടാണെങ്കിൽ പൂട്ടട്ടെ..വേറെ പണി കിട്ടാഞ്ഞിട്ടല്ലേ..”

“എന്നാലും ഇത്ര നാൾ നമ്മളുടെ ചോറ് ഇതല്ലായിരുന്നോ?”

“പിന്നെ ചോറ് മണ്ണാങ്കട്ട”..

“മാഡം ചായ”..ഓഫീസ് ബോയ് ട്രേ റീനയുടെ നേരെ നീട്ടി..

“അവിടെ വച്ചിട്ട് പോയ്ക്കോ..”

അയാൾ ഒന്നും മിണ്ടാതെ അവിടന്നു പോയി…

മീറ്റിംഗ് ആരംഭിച്ചു..

എം.ഡി അവർക്കഭിമുഖമായി നിന്നു..

“ഡിയർ സ്റ്റാഫ്സ്..നിങ്ങൾക്കറിയാമെന്നു കരുതുന്നു..നമ്മുടെ കമ്പനി നഷ്ടത്തിലോടാൻ തുടങ്ങിയിട്ട് മാസങ്ങളായിരിക്കുന്നു..എന്നിട്ടും ഇന്നേ വരെ നിങ്ങളുടെ ശമ്പളമോ മറ്റു ആനുകൂല്ല്യങ്ങളോ ഇത് വരെ കമ്പനി മുടക്കിയിട്ടില്ല..പക്ഷെ നിങ്ങളിൽ ചിലരുടെ ആത്മാർത്ഥതയില്ലായ്മ കാരണം കമ്പനിക്ക് അതിൽ നിന്ന് റിക്കവർ ചെയ്യാനേ പറ്റിയില്ല..ഇനിയും ഈ കമ്പനിയുമായി മുന്നോട്ട് പോകാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്”

എല്ലാവരും ആകാംക്ഷയോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു..

“അതുകൊണ്ട് കമ്പനി മറ്റൊരു ഗ്രൂപ്പിന് ഞാൻ കൈമാറുകയാണ്..അടുത്ത മാസം മുതൽ അവർക്കായിരിക്കും ഇൻ ചാർജ്ജ്..”

എം.ഡി പറഞ്ഞത് കേട്ട് പലരും ആശങ്കാഭരിതരായി..

“സാർ..അപ്പോൾ ഞങ്ങളുടെ ജോലി?” കൂട്ടത്തിൽ  ഒരാൾ ചോദിച്ചു…എല്ലാവർക്കും അറിയേണ്ടത് അത് തന്നെയായിരുന്നു…

“നിങ്ങളുടെ ജോലി സെയ്ഫ് ആണ്..പക്ഷെ അവർ എന്നെപോലെ ആയിരിക്കണമെന്നില്ല..ഇനിയെങ്കിലും കുറച്ച് ആത്മാർത്ഥത കാണിക്കുക..ഇത് വരെ കമ്പനിയോട് സഹകരിച്ച എല്ലാവർക്കും നന്ദി…” അദ്ദേഹം വികാരഭരിതനായി..

പക്ഷെ പലരുടേയും മുഖത്ത് സന്തോഷം നിഴലിച്ചു..

മീറ്റിംഗിന് ശേഷം പലരും കൂട്ടം കൂടി ചർച്ചകൾ തുടങ്ങി..

“ഹോ സമാധാനമായി ജോലി സേഫ് ആണല്ലോ..പുതിയ വരുന്നവന്മാരുടെ കണ്ണിൽ പൊടിയിട്ട് ഇനീം കുറച്ചുകാലം പോകാം” റീന പറഞ്ഞു..

ഓഫീസ് ബോയ് എല്ലാവർക്കും മധുരം നൽകിക്കൊണ്ടിരുന്നു..

“ഇതിപ്പോ എന്തിനാ മധുരം..സാറിന് വട്ടായോ? ഹഹ..വിജീഷ് ചോദിച്ചു..

“വട്ടായതല്ല നിങ്ങളോട് അദ്ദേഹത്തിനുളള സ്നേഹമാണ് ഇതിൽ..ശരിക്കും നിങ്ങളാണ് ഇത് ചെയ്യേണ്ടിയിരുന്നത്” അയാൾ പറഞ്ഞു..

“ഹും ഓഫീസ് ബോയ് ഓഫീസ് ബോയിയുടെ പണി ചെയ്താ മതി ഞങ്ങളെ ഭരിക്കാൻ വരണ്ട..” വീജീഷ്  പറഞ്ഞു.

“ഇല്ല സാറുമാരേ ഞാൻ പറഞ്ഞന്നേ ഉളളൂ..ഞാനിവിടെ വന്നിട്ട് രണ്ട് മാസമായി..ഇതിനിടക്ക് കമ്പനിയോട് ആത്മാർത്ഥയുളള വളരെ കുറച്ച് പേരെയേ എനിക്കിവിടെ ഇവിടെ കാണാൻ കഴിഞ്ഞുളളൂ..നമ്മുടെ എം ഡി എത്ര വലിയവനാണ്..എന്നെ പോലും അദ്ദേഹം “ചേട്ടാ” എന്നാണ് വിളിക്കാറുണ്ടായിരുന്നത്..നിങ്ങളെല്ലാവരും ആത്മാർത്ഥമായി പരിശ്രമിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന് ഈ കമ്പനി കൊടുക്കേണ്ടി വരില്ലായിരുന്നു..”

പലരുടേയും മുഖം ചുളിഞ്ഞു..

നിങ്ങള് നിങ്ങടെ പണി ചെയത് പോകാൻ നോക്ക്..ഞങ്ങൾക്കറിയാം എന്ത് ചെയ്യണമെന്ന്..അല്ലേലും സ്കൂളിന്റെ പടി പോലും കാണാത്ത നിങ്ങൾക്ക് എൻജിനീയറിംഗിനെ കുറിച്ച് എന്തറിയാം” റീനയാണ് അത് പറഞ്ഞത്..

“എനിക്കൊന്നും അറിയില്ല മാഡം..പക്ഷെ എനിക്ക് ചെയ്യുന്ന ജോലിയോട് നൂറ് ശതമാനം കൂറ് പുലർത്താൻ എനിക്കറിയാം” അയാൾ പറഞ്ഞു..

“എന്നാ പോയി ഒരു ചായ കൊണ്ടുവാ” കൂട്ടത്തിലൊരാൾ പരിഹാസത്തോടെ പറഞ്ഞു..

അയാൾ ഒന്നും പറയാതെ തിരിച്ചു നടന്നു..പലരും അയാളെ കളിയാക്കി ചിരിച്ചു..

“പാവം അയാളു പറഞ്ഞത് ശരിയല്ലേ..നമ്മൾ എല്ലാവരും ഉത്സാഹിച്ചിരുന്നെങ്കിൽ കമ്പനിക്ക് ഈയൊരവസ്ഥ വരില്ലായിരുന്നു..നമ്മൾ നമ്മളെപ്പറ്റി മാത്രമേ ചിന്തിക്കുന്നുളളൂ..” അനിത പറഞ്ഞു..

പക്ഷെ മൂന്നാല് പേരൊഴികെ ആരും അതിനെ അനുകൂലിച്ചില്ല..എല്ലാവർക്കും ജോലി പോകാത്തതിലുളള സന്തോഷമായിരുന്നു..

അങ്ങനെ ആ ദിവസം വന്നു..ഇന്നാണ് പുതിയ മാനേജ്മെന്റ് ചാർജെടുക്കുന്ന ദിനം…

എല്ലാവരും ആവേശത്തിലാണ്..കാരണം പുതിയ മാനേജ്മെന്റ് അവർക്ക് ഫിഫ്റ്റി പേഴ്സന്റേജ് സാലറി ഇൻക്രിമെന്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്…

“പുതിയ എംഡിയെ നന്നായി സോപ്പിട്ട് നിർത്തണം..എന്നാലെ മെച്ചമുളളൂ” റീന പറഞ്ഞു..

അനിത അവളെ പുച്ഛത്തോടെ നോക്കി..

എംഡിയുടെ കാർ വന്നു നിന്നു..എല്ലാവരും ബൊക്കെകളും മാലകളുമായി അദ്ദേഹത്തെ സ്വീകരിക്കാൻ തിടുക്കം കൂട്ടി..

എല്ലാവരുടേയും ശ്രദ്ധ കാറിന്റെ ഡോറിലേക്കായി..

പക്ഷെ കാറിൽ നിന്നിറങ്ങിയ ആളെക്കണ്ട് എല്ലാവരും ഞെട്ടിപ്പോയി..

“ജോൺ” അവരുടെ ഓഫീസ് ബോയ്..

എല്ലാവരും ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി..

അദ്ദേഹം ചിരിച്ചുകൊണ്ട് കാറിൽ നിന്നിറങ്ങി..

“എല്ലാവരും മീറ്റിംഗ് ഹാളിലേക്ക് വരൂ” അമ്പരന്ന് നിന്ന അവരോടായി അദ്ദേഹം പറഞ്ഞു…

എല്ലാവരും ആശ്ചരൃത്തോടെ ഹാളിലേക്കു നടന്നു..

അദ്ദേഹം സ്റ്റേജിലേക്ക് കയറി നിന്നു..

“ഡിയർ ഓൾ..ഞാൻ ജോൺ മാനുവൽ..ജെ.എം ഗ്രൂപ്പിന്റെ എം.ഡി.”

എല്ലാവരുടേയും മുഖത്ത് ആശങ്കയോടോപ്പം ആകാംക്ഷയും നിഴലിച്ചു..

“ഞാനാണ് നിങ്ങളുടെ കമ്പനി ഏറ്റെടുത്തിരിക്കുന്നത്..എനിക്കറിയാം നിങ്ങൾ ആകെ കൺഫ്യൂഷനിലാണ് എന്ന്..ഒരു കമ്പനിയുടെ ഏറ്റവും വലിയ ശക്തി അവിടത്തെ ജീവനക്കാരാണ് എന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് ഞാൻ..കാരണം വർഷങ്ങൾക്ക് മുമ്പ് ഞാനും ഒരു ജീവനക്കാരനായിരുന്നു..ഒരു കമ്പനിയിൽ ഓഫീസ് ബോയിയായിട്ടായിരുന്നു എന്റെ തുടക്കം..അത് കൊണ്ട് തന്നെ ആ ഓഫീസിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഞാൻ കണ്ട് പഠിച്ചു..അങ്ങിനെ ഒരിക്കൽ ആ കമ്പനി നഷ്ടം വന്ന് പൂട്ടാറായപ്പോൾ എന്റെ കിടപ്പാടം പണയം വച്ച് ഞാനാ കമ്പനി ഏറ്റെടുത്തു..അവിടന്നായിരുന്നു എന്റെ  തുടക്കം..ഇന്ന് ഇരുപത്ത ഞ്ചോളം സ്ഥാപനങ്ങളും അമ്പതിനായിരത്തിലധികം ജീവനക്കാരുമുളള ഒരു വലിയ കമ്പനിയായി അത് വളരാൻ കാരണം എന്റെ ജീവനക്കാരുടെ കഠിന പരിശ്രമഫലമായാണ്”..

അത് കൊണ്ട് തന്നെയാണ് ഈ കമ്പനി കൊടുക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ നിങ്ങളുടെ എംഡിയുടെ അനുവാദത്തോടെ ഞാനിവിടെ ഒരു ഓഫീസ് ബോയിയായ് ജോലിക്ക് കയറാൻ തീരുമാനിച്ചത്..വളരെ വേഗത്തിൽ തന്നെ ഇവിടത്തെ പ്രശ്നങ്ങൾ പഠിക്കാൻ എനിക്കു സാധിച്ചത് അതുകൊണ്ടാണ്…ആത്മാർത്ഥത തൊട്ട് തീണ്ടിയില്ലാത്ത മറ്റുളളവരെ ബഹുമാനിക്കാനറിയാത്ത ഒരുപാട് പേരെ എനിക്കിവിടെ കാണാൻ കഴിഞ്ഞു..”

റീനയടക്കമുളള പലരും വിയർക്കാൻ തുടങ്ങി

“അത് കൊണ്ട് അവർക്കെല്ലാമുളള ടെർമിനേഷൻ ലെറ്റർ എന്റെ  മാനേജർ തരും..അതാരൊക്കെയാണെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം എന്ന് കരുതുന്നു..ബാക്കിയുളളവർക്ക്  ഇൻക്രിമെന്റോടെ ജോലിയിൽ തുടരാം..താങ്ക്സ്…”

**എന്ത് ജോലിയാണെങ്കിലും അത് ആത്മാർത്ഥതയോടെ ചെയ്യുകയാണെങ്കിൽ വിജയം നിങ്ങളെ തേടിവരുക തന്നെ ചെയ്യും**

~പ്രവീൺ ചന്ദ്രൻ