എഴുത്ത്: വൈദേഹി വൈഗ
==============
കോളേജിൽ നിന്ന് വന്നപാടെ, അതേ കോലത്തിൽ ഒന്ന് കുളിക്കുക കൂടി ചെയ്യാതെ സ്മൃതി കാവിലേക്കോടി, നല്ല മിന്നലും ഇടിയും ഉണ്ടായിരുന്നിട്ടും ചെറിയ മഴ ചാറുന്നുണ്ടായിരുന്നിട്ടും അതൊന്നും വകവയ്ക്കാതെ അവളുടെ കാലുകൾ സർപ്പകാവിലേക്ക് കുതിക്കുകയായിരുന്നു.
അതങ്ങനെയാണ്, മനസിൽ താങ്ങാനാവാത്തൊരു നൊമ്പരം വന്നാലോ സന്തോഷം കൊണ്ട് ഹൃദയം നിറഞ്ഞാലോ അവൾ ആദ്യം ചെല്ലുക അവിടേക്കാണ്. നറുതിരി നാളത്തിന്റെ പ്രഭയിൽ മഞ്ഞളിൽ കുളിച്ചുനിൽക്കുന്ന നാഗദൈവങ്ങളെ കാണുമ്പോൾ, അവർക്ക് മുന്നിൽ മനസിലുള്ളതൊക്കെ ചൊരിഞ്ഞിടുമ്പോൾ അവൾക്കെന്തെന്നില്ലാത്ത ആശ്വാസമാണ്..
ഇപ്പൊ ധൃതി പിടിച്ച്, മഴയെപോലും ഗൗനിക്കാതെ അവൾ സർപ്പക്കാവിലേക്ക് പായുന്നത് മനസ്സിൽ താങ്ങാനാവാത്തൊരു ഭാരം കേറിക്കൂടിയത് കൊണ്ടാണ്, ആ വേദന അവൾക്ക് സഹിക്കവയ്യാഞ്ഞിട്ടാണ്.
ക്ലാസ് കഴിഞ്ഞു വന്നപ്പോൾ തന്നെ അവൾക്ക് മുന്നിൽ സന്തോഷത്തിന്റെ മധുരപ്പൊതി വിടർത്തിയത് അച്ഛനാണ്, ചേച്ചിയുടെ വിവാഹം നിശ്ചയിച്ചത്രെ….
കേട്ട പാടെ കേൾക്കാത്ത പാടെ സ്മൃതി തുള്ളിച്ചാടുകയായിരുന്നു, ചേച്ചിയുടെ കല്യാണം മനസിലൊരു വിങ്ങലായി കടന്നുകൂടിയിട്ട് നാളേറെയായി.കാരണവന്മാരായിട്ട് തുടങ്ങിവച്ച ചില ആചാരങ്ങളുണ്ടല്ലോ….ചൊവ്വാദോഷവും ഗുളികനും ശുക്രനുമൊക്കെ, അത് ചേച്ചീടെ ജാതകത്തിൽ എങ്ങനെയോ കേറിക്കൂടി. ആ കാരണം പറഞ്ഞ് ഉറപ്പിച്ചുവെന്ന് കരുതിയ പല ആലോചനകളും മുടങ്ങിയിരുന്നു.
ആ കണ്ണ് നിറയുന്നത് കാണുന്നത് അച്ഛനും സ്‌മൃതിക്കും നെഞ്ചിൽ ക ടാര കു ത്തിയിറക്കുന്നത് പോലെയാണ്.
വന്നു കണ്ടുപോയ കൂട്ടർക്കു ചേച്ചിയെ ഇഷ്ടമായെന്നും കല്യാണം ഉടനെ നടത്തണമെന്ന് പറഞ്ഞെന്നും അച്ഛൻ പറയുമ്പോൾ സ്‌മൃതിക്ക് ഈ ലോകം കീഴടക്കിയ പ്രതീതിയായിരുന്നു. ചേച്ചിയുടെ മുഖത്തു മൊട്ടിട്ട നാണം കണ്ടപ്പോൾ അറിയാതെ അവളുടെ കണ്ണുകൾ അനുസരണക്കേട് കാട്ടി….ആനന്ദാശ്രുക്കൾ….
പക്ഷെ ആ സന്തോഷത്തിന് അധികായുസുണ്ടായിരുന്നില്ല, ചേച്ചിയെ വിവാഹം കഴിക്കാൻ പോകുന്നത് കഴിഞ്ഞ മൂന്നാലുകൊല്ലങ്ങളായ് താൻ മനസ്സിൽ ആരുമറിയാതെ പ്രാണനെപ്പോലെ കൊണ്ടുനടക്കുന്നയാൾ ആണെന്നറിഞ്ഞപ്പോൾ തകർന്നു പോയി ആ പാവം….
അച്ഛന്റെയും ചേച്ചിയുടെയും സന്തോഷം കാണുമ്പോൾ മനസ്സിൽ നീറിപുകയുകയായിരുന്നു സ്മൃതി,
മനസിന്റെ വേദനയ്ക്ക് അല്പമെങ്കിലും ആശ്വാസമേകാനാണ് അവൾ കാവിലേക്ക് പോയത്. പൊന്തകൾ വകഞ്ഞുമാറ്റി അവൾ തിരുനടയിലെത്തി. പടർന്നിറങ്ങിയ വള്ളിപ്പടർപ്പുകളും കുറ്റിക്കാടുമൊക്കെ കാണുമ്പോൾ അവിടേക്ക് അവൾ മാത്രമേ വരാറുള്ളൂ എന്ന് തോന്നും, പക്ഷെ എന്നത്തേയും പോലെ അവൾ എത്തുമ്പോൾ കൽവിളക്കിൽ ആരോ തിരി തെളിയിച്ചിരുന്നു.
തെളിഞ്ഞു കത്തുന്ന ആ ദീപപ്രഭയ്ക്ക് മുന്നിൽ സ്മൃതിക്ക് പിടിച്ചു നിൽക്കാനായില്ല, അവൾ പൊട്ടിക്കരഞ്ഞു. അവളുടെ ആർത്തനാദം അവിടമാകെ അലയടിക്കുന്നുണ്ടായിരുന്നു.
“എന്റെ എല്ലാ മോഹങ്ങളും അറിയുന്നവരല്ലേ നിങ്ങള്….ഞാൻ നിങ്ങളോടല്ലേ പറഞ്ഞിട്ടുള്ളൂ….അർഹിക്കാത്തതായിരുന്നെങ്കിൽ തടയാമായിരുന്നില്ലേ….ആഗ്രഹിക്കില്ലായിരുന്നു….സ്നേഹിക്കില്ലായിരുന്നു….ഒന്നും മോഹിക്കില്ലായിരുന്നു….”
എത്രനേരമെന്നറിയില്ല ഏങ്ങിയേങ്ങി അവൾ ആ വെറും നിലത്തിരുന്നത്. സന്ധ്യയായതും അന്തരീക്ഷത്തിൽ ഇരുട്ട് പടർന്നതുമൊന്നും അവൾ അറിഞ്ഞില്ല, കണ്ണിൽ തെളിഞ്ഞു കത്തുന്ന ദീപനാളം മാത്രം…
പിന്നിൽ ഒരു കാൽപ്പെരുമാറ്റം കേട്ടപ്പോഴാണ് അവൾ സ്വബോധത്തിലേക്ക് തിരികെ വന്നത്, ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ തന്റെ തൊട്ടുപിന്നിൽ ഒരു സുമുഖനായ യുവാവ് നിൽക്കുന്നത് അവൾ കണ്ടു….ഓർമയിലെവിടെയും ഈ മുഖം അവൾ തേടിയിട്ടും കിട്ടിയില്ല,
അവളുടെ സംശയഭാവം കണ്ടിട്ടാവണം അയാൾ പറഞ്ഞത്,
“പേടിക്കണ്ട, ഞാൻ ഉപദ്രവിക്കാൻ വന്നതൊന്നുമല്ല. എനിക്കറിയാം കുട്ടിയെ, ഇവിടെ വരുമ്പോഴെല്ലാം ഞാൻ കാണാറുണ്ട് തന്നെ.
ഞാനാണ് ഇവിടെ വിളക്കുകൾ തെളിയിക്കുന്നത്, താൻ തന്റെയും ആ പയ്യന്റെയും പേരെഴുതി കോർത്തുവച്ച മാലകളൊക്കെ എടുത്തു ചാർത്തുന്നത് ഞാനാണ്,
എനിക്കറിയാം കുട്ടീടെ മനസ്സ്….പക്ഷെ വിധി എന്നൊന്നുണ്ടല്ലോ… എല്ലാം മറക്കണമെന്നാണ് ഈശ്വരനിശ്ചയമെങ്കിൽ മറക്കാതെ തരമില്ലല്ലോ…കുട്ടി എല്ലാം മറന്നേക്കൂ….അവൻ നിന്റേതല്ല…..”
“പക്ഷെ…ഞാൻ….എനിക്ക്….പറ്റോ….”
അവൾ ഏങ്ങി, തൊണ്ടയിൽ നിന്നും വാക്കുകൾ പുറത്തേക്കുവരാൻ മടിക്കുന്ന പോലെ….
“നിനക്ക് പറ്റും….നിനക്കെ പറ്റൂ….”
ഏതോ പ്രേരണയാൽ സ്മൃതി പൊട്ടിക്കരഞ്ഞുകൊണ്ടാ മനുഷ്യന്റെ നെഞ്ചിലേക്ക് ചാഞ്ഞു, അയാളുടെ കരവാലയത്തിലൊതുങ്ങി നിൽക്കുമ്പോൾ അവളുടെ ഹൃദയത്തിലൊരു തണുപ്പ് നിറയുന്നുണ്ടായിരുന്നു.
പിറ്റേന്ന് പുലർച്ചെ, സ്മൃതിയേ തിരഞ്ഞെത്തിയ അവളുടെ അച്ഛനും നാട്ടുകാരും കണ്ടത് സർപ്പദം ശമേറ്റ് ശരീരമാകെ വി ഷബാധയാൽ നീലിച്ച അവളുടെ ചേതനയറ്റ ശരീരമായിരുന്നു…