ഒരു സ്ത്രീക്ക്, തന്നെ വിവാഹം കഴിക്കുന്ന പുരുഷന് വേണ്ടി കാത്ത് സൂക്ഷിക്കാനുള്ളതാണ് സ്വന്തം…

Story written by Saji Thaiparambu

===============

മനു കെട്ടിയ താലിമാല, കഴുത്തിൽ വീഴുമ്പോൾ, മീനാക്ഷി കണ്ണടച്ച്, സകല ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു.

താലികെട്ടുന്ന സമയം, മറ്റ് എല്ലാവരെയും പോലെ, മീനാക്ഷി പ്രാർത്ഥിച്ചത് ,ദീർഘസുമംഗലിയാവാനല്ല, മറിച്ച് താൻ നിരപരാധിയായ ഒരാളെ, വഞ്ചിക്കുകയാണല്ലോ എന്ന കുറ്റബോധം കൊണ്ടുള്ള ,പശ്ചാത്താപമായിരുന്നു.

താലികെട്ടും കഴിഞ്ഞ് ,അവസാന പന്തിയിൽ മനുവേട്ടനോടും, അദ്ദേഹത്തിന്റെ സഹോദരി, വീണയോടുമൊപ്പം സദ്യ കഴിക്കുമ്പോഴും,മീനാക്ഷിക്ക്, മനുവിന്റെ മുഖത്ത് നോക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല.

ഒരു സ്ത്രീക്ക്, തന്നെ വിവാഹം കഴിക്കുന്ന പുരുഷന് വേണ്ടി കാത്ത് സൂക്ഷിക്കാനുള്ളതാണ് സ്വന്തം ചാരി ത്ര്യ ശുദ്ധി.അത് തന്നെപ്പോലെയുള്ള ഓരോ സ്ത്രീകളുടെയും കടമയാണ്.

പക്ഷേ തനിക്കതിന് കഴിഞ്ഞില്ലല്ലോ ദൈവമേ, എന്ന് ഓർത്ത് മീനാക്ഷി തേങ്ങി.

നിറഞ്ഞ കണ്ണുകൾ മറ്റുള്ളവർ കാണാതെകർച്ചീഫ് കൊണ്ട് ഒപ്പിയെടുത്തു .

തന്റെ മാനം പോയ കാര്യം ഇത്രയും നാൾ ആരോടും പറഞ്ഞിട്ടില്ല.

എല്ലാം തുറന്ന് പറയുന്ന അമ്മയോട് പോലും.

പേടിയായിരുന്നു, അമ്മ അതെങ്ങനെ സഹിക്കുമെന്നോർത്ത് .

കാരണം അത്ര നിഷ്കർഷയോടെയാണ്, ഒറ്റ മോളായ തന്നെ അച്ഛനും അമ്മയും വളർത്തിക്കൊണ്ട് വന്നത്.

ഒന്നാം ക്ളാസ്സ് മുതൽ ,പത്താം ക്ളാസ്സ് വരെ അച്ഛൻ തന്നെയാണ് ,സ്കൂളിൽ കൊണ്ടാക്കുന്നതും വൈകിട്ട് തിരിച്ച് വിളിച്ചോണ്ട് വരുന്നതും.

സ്കൂളിൽ ഫസ്റ്റ് ബെല്ല് അടിക്കുമ്പോഴെ, അച്ഛൻ തന്നെ ,ക്ളാസ്സിലേക്ക് കയറ്റിവിടാറുള്ളു.

വൈകിട്ട് ക്ളാസ്സ് കഴിയുമ്പോൾ അച്ഛൻ, സ്കൂൾ മുറ്റത്ത് തന്നെയുണ്ടാവും.

അപ്പോൾ തന്നെ ,സൈക്കിളിന് പുറകിൽ തന്നെയിരുത്തി, അച് ഛൻ വേഗം വീട്ടിലെത്തിക്കുo.

മറ്റ് കുട്ടികളുമായി സംസാരിക്കാനോ ഇടപഴകാനോ അച്ഛനും ,അമ്മയും അനുവദിച്ചിരുന്നില്ല.

അത് കൊണ്ട് തന്നെ തനിക്ക് കൂട്ടുകാരികൾ ആരും തന്നെയില്ലായിരുന്നു.

പഠിക്കാൻ താൻ മിടുക്കി അല്ലായിരുന്നു.എങ്കിലും ക്ളാസ്സിലെ ഏറ്റവും അച്ചടക്കമുള്ള കുട്ടി താനായിരുന്നു.

പത്താം ക്ളാസ്സിൽ താൻ പത്ത് നിലയിൽ പൊട്ടി എന്നറിഞ്ഞപ്പോൾ അമ്മ പറഞ്ഞു.

“തോറ്റത് നന്നായി , അല്ലെങ്കിലും കോളേജിലേക്ക് നിന്നെ വിടാൻ ഞങ്ങൾക്ക് പേടിയായിരുന്നു.”

കോളേജിൽ പുതുതായി ചെല്ലുന്ന വിദ്യാർത്ഥികളെ ,പഴയ കുട്ടികൾ റാ ഗ് ചെയ്യുമത്രേ?

വിദ്യാഭ്യാസമില്ലാത്ത അമ്മയും, അച്ഛനും, അതെന്തോ ഭയങ്കര സംഭവമായിട്ടാണ്, മനസ്സിലാക്കിയിരിക്കുന്നത്.

താൻ പത്താം ക്ളാസ്സിൽ തോല്കാനുണ്ടായ കാര്യം ഓർത്തപ്പോൾ മീനാക്ഷിക്ക്, ഒരു ഉൾ കിടിലമുണ്ടായി .

അന്ന് ,ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു. ഉച്ചയ്ക്കു് ,അന്ന് ലഞ്ച് ബ്രേക്ക് ടൈം കൂടുതലുണ്ടായിരുന്നത് കൊണ്ട് ,താനൊഴിച്ചുള്ളവരെല്ലാം ,അടുത്തുള്ള, പോറ്റി ഹോട്ടലിൽ സദ്യ കഴിക്കാനായി പോയി.

തന്നോട് പുറത്ത് നിന്ന് ഒന്നും വാങ്ങി കഴിക്കരുത് എന്ന് പറഞ്ഞിട്ടുള്ളത് കൊണ്ട് ,അമ്മ തന്ന് വിട്ട ചോറും, മുട്ട പൊരിച്ചതും ചമ്മന്തിയും കൂട്ടി കഴിച്ചിട്ട് ക്ളാസ്സിൽ തനിച്ചിരിക്കുകയായിരുന്നു.

അപ്പോഴാണ് ,ലാസ്റ്റ് ബെഞ്ചിലിരിക്കുന്ന, ക്ളാസ്സ് ടീച്ചറുടെ കയ്യിൽ നിന്ന് ദിവസവും തല്ല് മേടിക്കുന്ന, പ്രകാശൻ ,ക്ളാസ്സിലേക്ക് ,കടന്നു വന്നത്.

“ങ്ഹേ, ഇതാരാ മിണ്ടാപ്പൂച്ചയോ ,നീയെന്താ ഒറ്റക്കിരിക്കുന്നത് “

ആ ചോദ്യം കേട്ടപ്പോൾ തന്നെ ,തനിക്ക് പേടി തോന്നി തുടങ്ങിയിരുന്നു.

കാരണം അവനൊരു ,വഷ ളനും, എന്തും ചെയ്യാൻ മടിക്കാത്തവനുമാണെന്ന് ,മറ്റ് കുട്ടികൾ പറഞ്ഞ് കേട്ടിട്ടുണ്ടു.

പ്രകാശൻ പെട്ടെന്ന് ,വാതിലിനടുത്ത് ചെന്ന് പുറത്തേക്ക് തലയിട്ട് നോക്കി ,ഇരു വശത്ത് നിന്നും ആരും വരുന്നില്ലെന്ന് ഉറപ്പ് വരുത്തിയിട്ട് ,വാതിലുകൾ വലിച്ചടച്ചു .

അന്നാണ് തന്റെ വിലപ്പെട്ട ചാരി ത്ര്യം തനിക്ക് നഷ്ടമായത്.

കാറിനുള്ളിൽ, മനുവിന്റെയടുത്തിരുന്ന മീനാക്ഷി, ആ ഓർമ്മയിൽ ഞെട്ടിവിറച്ചു.

ആ നൊമ്പരം മനസ്സിലുണ്ടായിരുന്നത് കൊണ്ടാണ് തനിക്ക് നന്നായി പരീക്ഷയെഴുതാൻ കഴിയാതിരുന്നതും ,താൻ തോറ്റു പോയതും .

അന്ന് മുതൽ അമ്മയോട് പോലും പറയാതെ മൂന്ന് വർഷമായി താൻ മനസ്സിൽ കൊണ്ട് നടക്കുകയാണ് ,ആ പരമരഹസ്യം.

ഇനിയെത്രനാൾ, അത്, ഇങ്ങനെ മറച്ച് വയ്ക്കാൻ പറ്റും.

പാവം മനുവേട്ടൻ, ഒന്നുമറിയാതെ ഏറെ സന്തോഷത്തിലാണ് .

എന്നെങ്കിലും മനുവേട്ടനോടൊപ്പം പുറത്ത് പോകുമ്പോൾ ,പ്രകാശനെങ്ങാനും വഴിയിൽ വച്ച് കണ്ട് അദ്ദേഹത്തോട് എല്ലാം പറഞ്ഞാൽ?

ആരെയും പേടിയില്ലാത്ത പ്രകാശൻ.

അവൻ പറയുമെന്ന് ഉറപ്പാണ്.

അപ്പോൾ തന്റെ ജീവിതം അതോടെ അവസാനിക്കും.

ഇല്ല, അത് പാടില്ല.

എന്ത് വന്നാലും മനുവേട്ടനോട് ആദ്യം തന്നെ, എല്ലാം തുറന്ന് പറയണം.

തനിക്കാവില്ല ,നിഷ്കളങ്കനായ അദ്ദേഹത്തെ വഞ്ചിക്കാൻ .

ഒരു പക്ഷേ ഇന്നത്തോടെ എല്ലാം അവസാനിക്കുമായിരിക്കും.

എന്നാലും സാരമില്ല.

ഇനിയും തനിക്കീ കുറ്റബോധവും മനസ്സിൽ കൊണ്ട് നടക്കാൻ വയ്യ.

ഓരോ നിമിഷവും നീറി നീറി പുകയാനും വയ്യ.

രാത്രി…മുല്ലപ്പൂക്കളാൽ അലങ്കരിച്ച, ബെഡ് റൂമിലേക്ക് നിറഞ്ഞ പാൽ ഗ്ളാസ്സുമായി വരുമ്പോൾ ,മീനാക്ഷിയുടെ മനസ്സ്, മനുവിനോട് എല്ലാം തുറന്ന് പറയാൻ വെമ്പൽ കൊണ്ടിരുന്നു .

“അല്ല, ആളൊരു മിണ്ടാപ്പൂച്ചയാണെന്ന് ,അമ്മയും, വീണയും പറഞ്ഞിരുന്നു, പക്ഷേ ഇനി, എന്നോട് മിണ്ടുന്നതെപ്പോഴാണാവോ?”

പാൽ ഗ്ളാസ് കൈയ്യിൽ വാങ്ങിക്കൊണ്ട്, മനു ചോദിച്ചു .

അത് കേട്ടിട്ടും ഭാവവ്യത്യാസമൊന്നുമില്ലാതെ ,മീനാക്ഷിയുടെ മുഖം വലിഞ്ഞ് മുറുകിയിരിക്കുന്നത് കണ്ട് ,മനു വീണ്ടും അവളോട് ജിജ്ഞാസയോടെ ചോദിച്ചു.

“എന്നാ പറ്റി ,മീനൂട്ടി.. “

ആ ,ചോദ്യം കേട്ട്, മീനാക്ഷി തരളിതയായി .

ഇത് വരെ അച്ഛനും ,അമ്മയും മാത്രം ഓമനിച്ച് വിളിച്ചിട്ടുള്ള പേര്.

“ഈശ്വരാ.. അദ്ദേഹത്തോട് , എല്ലാം തുറന്ന് പറയാൻ നീ ശക്തി ,തരണേ?”

അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു.

“മനുവേട്ടാ എനിക്ക് ചിലത് പറയാനുണ്ട് ,അത് കേട്ട് മനുവേട്ടൻ പൊട്ടിത്തെറിക്കരുത് ,മറ്റുള്ളവരെ അറിയിക്കുകയും ചെയ്യരുത്, എന്നെ ഉപേക്ഷിച്ചോളു, പക്ഷേ അത് ഞാൻ പറയുന്ന കാരണം കൊണ്ടാണെന്ന് എന്റെ അച്ഛനും, അമ്മയും ഒരിക്കലും അറിയരുത്.കാരണം അവർക്കിത് താങ്ങാനാവില്ല.എനിക്ക് അവര് മാത്രമേയുള്ളു, മനുവേട്ടാ ,അത് കൊണ്ടാ”

അവൾ അവന്റെ കാലിൽ വീണ് പൊട്ടിക്കരഞ്ഞു.

“മീനു, എന്തായിത് ,നീയാദ്യം കാര്യം പറയ്”

മനു, അവളെ പിടിച്ചെഴുന്നേല്പിച്ചു.

വിറച്ച് ,വിറച്ച് അവൾ പറഞ്ഞ ആ കാര്യം കേട്ട് മനു, പൊട്ടി, പൊട്ടി ചിരിച്ചു.

“എടീ.. പൊട്ടിപ്പെണ്ണേ … നിന്നോടാരു പറഞ്ഞു ,ഒരാൾ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചന്ന് പറഞ്ഞ് ,ഒരു സ്ത്രീയുടെ ചാ ര്യ ത്ര്യം പോകുമെന്ന്, മാത്രമല്ല പ്രകാശനെപ്പോലൊരു വ ഷളൻ ചെക്കൻ അന്ന് അങ്ങനെ ചെയ്തപ്പോൾ ,നീ അവന്റെ കരണക്കുറ്റിക്കിട്ട് ഒന്ന് പൊട്ടിക്കുകയും ചെയ്തില്ലേ ,അതിൽ കൂടുതലൊന്നും നിനക്ക് ചെയ്യാനുമില്ല. നീ, ഇത്ര പാവമായി പോയല്ലോ പെണ്ണേ ,ഇതാണോ ഇത്രയും നാൾ നീ മനസ്സിലിട്ടോണ്ട് നടന്നത് “.

ഒരു വിധത്തിൽ പറഞ്ഞാൽ ,നിന്നെപ്പോലൊരു പെണ്ണിനെ കെട്ടിയ, ഞാൻ ഭാഗ്യവാനാണ്.

പക്ഷേ ,ഒന്ന് മുതൽ ഇനി ഓരോന്നും നിന്നെ പഠിപ്പിച്ചെടുക്കണമല്ലോ എന്നോർക്കുമ്പോഴാ എനിക്ക് സങ്കടം”

അതും പറഞ്ഞ് അവളുടെ കൈയ്യിൽ പിടിച്ച് ,മനു ,തന്നോട് ചേർത്ത് കട്ടിലിലിരുത്തി.

“അതെന്തുവാ ഏട്ടാ.. ഇനിയും ഞാൻ പഠിക്കണ്ടേ?”

അവൾ ചോദ്യം മുഴുമിക്കുന്നതിന് മുമ്പ് കൈയെത്തിച്ച് മനു, ലൈറ്റ് ഓഫ് ചെയ്തിരുന്നു.

~സജിമോൻ തൈപറമ്പ്