പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി സ്നേഹമാണ്….
Written by Remya Bharathy
================
“അല്ല ദേവകീ ഈ മാല പണ്ട് കേശവേട്ടൻ ഗിരിജക്ക് വേണ്ടി ഉണ്ടാക്കിച്ചതല്ലേ….അത് നീ സുധക്കു കൊടുക്കാ ല്ലേ…?”
“എന്താ അമിനത്താത്ത എന്നെ പറ്റി പറയുന്നേ…?” എന്നു ചോദിച്ചു ഗിരിജ കയറി വന്നു.
“ഒന്നൂല്യ നിന്നെ അമ്മായി അന്വേഷിച്ചിരുന്നു. കുട്ടിയെ ഇതു വരെ കണ്ടില്ലല്ലോ. ഒന്ന് കുട്ടിയെ കൊണ്ടു പോയി കാണിച്ചേക്ക്….” ദേവകി ഗിരിജയെ ശ്രദ്ധ തെറ്റിച്ചു പുറത്തേക്ക് അയച്ചു.
സുധയുടെ കല്യാണമാണ്. ഗിരിജയുടെ അനിയത്തിയാണ്. 4 ആങ്ങളമാരുടെ ഏറ്റവും ഇളയ അനിയത്തിയാണ്. അവരുടെ വകയുള്ള പണ്ടങ്ങളുടെ കൂടെ, വർഷങ്ങൾക്ക് മുന്നേ മരിച്ച അച്ഛൻ മൂത്ത മകളായ ഗിരിജക്ക് കൊടുക്കാനായി പണിയിപ്പിച്ച മാല കൂടെ എടുത്ത് അണിഞ്ഞു.കണ്ണാടിയിൽ ചന്തം നോക്കുകയായിരുന്നു സുധ. അമ്മയും അയൽക്കാരി ആമിനത്തയും തമ്മിൽ ഉള്ള സംസാരത്തിൽ തനിക്ക് പങ്കൊന്നും ഇല്ല എന്ന മട്ടിൽ.
നാല് കൊല്ലം മുന്നേ ആയിരുന്നു ഗിരിജയുടെ വിവാഹം. അതൊരു പ്രണയ വിവാഹം ആയിരുന്നു. ശിവദാസൻ അന്നാട്ടിൽ കൃഷി ഓഫിസർ ആയി വന്ന കാലം തൊട്ടേ ഗിരിജയുടെ അച്ഛനുമായി അടുപ്പം ആയിരുന്നു. അങ്ങനെ ആണ് ഗിരിജയെ കാണുന്നതും പരിചയപ്പെടുന്നതും. പരസ്പരം അധികം കാണാതെയും മിണ്ടതെയും പോലും അവർക്കിടയിൽ പ്രണയം നാമ്പിട്ടു.
അച്ഛൻ മരിച്ചതിന് ശേഷമാണ് ഇങ്ങനെ ഒരു ആഗ്രഹവുമായി ശിവദാസൻ ദേവകിയമ്മയെ സമീപിക്കുന്നത്. പഠിത്തം കഴിഞ്ഞു അല്ലറ ചില്ലറ ജോലികളും പിള്ളേരുടെ ട്യൂഷനും ഒക്കെ ആയി നിൽക്കുന്ന ഗിരിജയെ ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കണം എന്ന മട്ടായിരുന്നു അവർക്ക് എന്നു തോന്നുന്നു.
തികഞ്ഞ പാർട്ടി അനുഭവിയായിരുന്ന ശിവദാസന് വിവാഹ ചടങ്ങുകൾ വേണ്ട എന്നായിരുന്നു. ഒരു റെജിസ്റ്റർ വിവാഹം, പിന്നെ സുഹൃത്തുക്കൾക്കായി ചെറിയ ഒരു ചായ സൽക്കാരം. അതു മതി എന്ന് പറഞ്ഞപ്പോൾ ദേവകിക്ക് അതും സന്തോഷമായി.
ഒരിക്കൽ തനിച്ചു കണ്ടപ്പോൾ ശിവദാസനോട് ഒരു വിവാഹസാരിക്കു മാത്രം മോഹം പറഞ്ഞു ഗിരിജ. കൂട്ടുകാരന്റെ ഭാര്യയെ കൊണ്ട് പട്ടണത്തിൽ നിന്ന് നല്ലൊരു പട്ടുസാരി വാങ്ങിപ്പിച്ചു തലേ ദിവസം ഗിരിജക്ക് എത്തിച്ചു കൊടുത്തു. ആദ്യമായി നല്ലൊരു സാരി ഉടുക്കുന്നതിന്റെ സന്തോഷത്തിൽ, സ്ഥിരം ഇടുന്ന മാലയും രണ്ടു വളയും ഇട്ട്, ഇട തൂർന്ന മുടി മിടഞ്ഞിട്ടു ഇത്തിരി പൂവും വെച്ചപ്പോൾ അവൾ പൂർണ്ണയായെന്നു അവൾക്ക് തോന്നി.
അപ്പുറത്തെ വീട്ടിലെ ആമിനത്തക്ക് അവളും സ്വന്തം മകൾ സുഹറയും ഒരു പോലെ ആയിരുന്നു.
“വേറെ പൊന്നൊന്നും ഇടീക്കുന്നില്ലേ?” ദേവകിയോട് ആമിന ചോദിച്ചപ്പോൾ മറുപടി തണുപ്പൻ ആയിരുന്നു.
“അതൊക്കെ എവിടുന്ന്? അവളെ കെട്ടണം എന്നു പറഞ്ഞു ഇങ്ങോട്ട് വന്ന് ആവശ്യപ്പെട്ടതല്ലേ…. ഇതൊക്കെ മതി.”
“എന്നാലും നാട്ടു നടപ്പ് എന്നൊക്കെ ഇല്ലേ ദേവകി?”
“അതിന് ചടങ്ങൊനും ഇല്ലല്ലോ, ആരെയും വിളിക്കൊന്നും വേണ്ട എന്നാണ് അവന്. പിന്നെ നമ്മൾ എന്തിനാ വെറുതെ ചിലവുകൾ ഉണ്ടാക്കുന്നത്?”
“കേശവേട്ടൻ ഗിരിജക്ക് വേണ്ടി തട്ടാനെ കൊണ്ട് പണിയിപ്പിച്ച മാല അന്ന് വാങ്ങാൻ പോയി തിരിച്ചു പോക്കരാക്കന്റെ കൂടെ വീട്ടിൽ വന്നപ്പോ കാണിച്ചല്ലോ. അത് ഇടീക്കുന്നില്ലേ?”
“നീ ഇനി ഇപ്പൊ അതൊന്നും ആരോടും പറയാൻ നിൽക്കണ്ട. ഇവള് പ്രേമിച്ചു കെട്ടുന്നതല്ലേ. അവൾക്ക് അതൊന്നും കൊടുക്കണ്ട ആവശ്യമില്ല. നാളെ സുധക്കു നല്ല വല്ല ആലോചനയും വരുമ്പോൾ അവൾക്ക് കൊടുക്കാം.”
മക്കൾക്കിടയിൽ ദേവകി എന്തിനാണ് വകബേധം കാണിക്കുന്നത് എന്ന് ആമിനക്ക് ഒരിക്കലും മനസ്സിലായില്ല. ആമിന നേരെ വീട്ടിൽ പോയി സുഹറയുടെ മാല എടുത്തോണ്ട് വന്നു. ഒരുങ്ങിക്കൊണ്ടു നിന്ന ഗിരിജയുടെ കഴുത്തിൽ കെട്ടി കൊടുത്തു. ഗിരിജക്ക് കാര്യം മനസ്സിലായില്ല.
“കല്യാണത്തിന് ഫോട്ടോ ഒക്കെ എടുക്കൂലെടി പെണ്ണേ. ഇത് അവിടെ കിടന്നോട്ടെ. ഇയ് ഇട്ടിട്ട് പൂ തി തീരുമ്പോ തിരിച്ചു തന്നാ മതി…”
കല്യാണം കഴിഞ്ഞു പോകുമ്പോൾ ഗിരിജ കെട്ടിപ്പിടിച്ചു കരഞ്ഞത് ആമിനത്തെയെയും സുഹറയേയും ആയിരുന്നു.
കല്യാണം കഴിഞ്ഞു കൂടെ കൊണ്ടുപോകാനായി സ്വയം അധ്വാനിച്ച കാശു കൊണ്ടു വാങ്ങിച്ച സാരികൾ എടുത്തു വെച്ച പെട്ടികൾ എടുക്കാൻ അകത്തു കയറിയപ്പോൾ ദേവകി അവളെ മാറ്റി നിർത്തി പറഞ്ഞു.
“ഞാനും സുധയും ഒക്കെ അതേ സാരികൾ ഉടുക്കുന്നതല്ലേ. നല്ലതൊന്നും നീ കൊണ്ടൊണ്ട. ശിവദാസൻ ഉദ്യോഗസ്ഥൻ അല്ലെ. പുതിയത് വാങ്ങി തരാൻ പറഞ്ഞോ.”
കണ്ണീരിൽ മുങ്ങിയ ആദ്യ രാത്രിയിൽ ശിവദാസൻ തീരുമാനിച്ചിരുന്നു, ഗിരിജയുടെ ഇനി അങ്ങോട്ടുള്ള ജീവിതം സന്തോഷം നിറഞ്ഞത് ആവും എന്ന്. ഗിരിജക്കും ഒരു വരുമാനമാർഗം ഉണ്ടാക്കി കൊടുക്കൽ ആയിരുന്നു അയാളുടെ ആദ്യത്തെ തീരുമാനം. ഇഷ്ടമുള്ളതൊക്കെ സ്വന്തം കാശിനു വാങ്ങാൻ ഉള്ള പ്രാപ്തി അവൾക്ക് ഉണ്ടാക്കും എന്നത് അയാളുടെ വാശി ആയിരുന്നു. അയാൾ അതിൽ വിജയിച്ചു.
അവളെ വീണ്ടും പഠിക്കാൻ വിട്ടു. അവൾക്ക് നല്ലൊരു ജോലി നേടാനുള്ള സാഹചര്യങ്ങൾ അയാൾ ഉണ്ടാക്കി. അങ്ങനെ പതിയെ പതിയെ അവർ അവരുടെ ജീവിതം കെട്ടി പടുത്തു.
കാലം കുറെ കഴിഞ്ഞു. സുധയുടെ കല്യാണമാണ്. സുധക്ക് സ്വന്തം അധ്വാനം കൊണ്ട് ഉണ്ടാക്കിയ രണ്ടു വള അവൾ സമ്മാനിച്ചു. ഇരവൽ പണ്ടം ഇട്ടു പടിയിറങ്ങിയ സ്വന്തം കല്യാണ നാളിനെ എവിടെയോ കളഞ്ഞു, അനിയത്തിയുടെ കല്യാണപന്തലിൽ, കഴുത്തിൽ രണ്ടു സ്വർണ്ണ മാലയും കയ്യിൽ സ്വർണ വളകളും , അന്നാട്ടിൽ ആരുടെയും കയ്യിൽ കാണാത്ത പോലത്തെ ഭംഗിയുള്ള പച്ചപ്പട്ടും ഉടുത്തു, മോളേയും ഒക്കത്തിരുത്തി നാട്ടുകാരോടും കുടുംബക്കാരോടും വർത്തമാനം പറയുന്ന ഗിരിജയെ നോക്കി സന്തോഷത്തോടെ നെടുവീർപ്പിട്ട രണ്ടു പേർ ഒന്ന് ശിവദാസനും മറ്റൊന്ന് ആമിനത്തയും ആയിരുന്നു. ചുണ്ട് കോട്ടിയവർ സ്വന്തം ചോ.രയും.
(എല്ലാ അമ്മമാരും മക്കളെ ഒരേ പോലെ കാണുന്നവർ അല്ല. ഒരുപാട് മക്കൾ ഉള്ള കാലങ്ങളിൽ മക്കൾക്കിടയിൽ വേർതിരിവുകൾ കാണിക്കുന്നവരിൽ അമ്മമാരും മോശമല്ലായിരുന്നു.
അതുപോലെ തന്നെ യഥാർത്ഥ ഭാര്യാ ഭർത്തൃ ബന്ധം രക്തബന്ധങ്ങളെക്കാൾ മുകളിൽ നിൽക്കുകയും, മറ്റെല്ലാത്തിനും മുകളിൽ സ്വന്തം എന്ന വാശിയോടെ ജീവിക്കുകയും ചെയ്യും.)