Story written by Jishnu Ramesan
=============
കല്യാണം കഴിഞ്ഞന്ന് വൈകുന്നേരം ചെക്കൻ്റെ കൂടെ പോകുമ്പോ നാട്ടുനടപ്പ് പോലെ ആ പെണ്ണിൻ്റെ നെഞ്ച് വിങ്ങി, കണ്ണ് കലങ്ങി…
മുരടനെന്ന് തോന്നിക്കണ ഒരാളുടെ കയ്യും പിടിച്ച് അവള് അവിടുന്ന് ഇറങ്ങി…
കണ്ണ് കലങ്ങി ചീർത്തിട്ടുണ്ടായിരുന്നു…സ്വാതന്ത്ര്യത്തോടെ ആ പെണ്ണ് നടന്നിരുന്ന അവളുടെ കുഞ്ഞി നാട്ടുമ്പുറം ഇനി വല്ലപ്പോഴും അതിഥിയെ പോലെ സ്വീകരിക്കും…
വീട്ടുമുറ്റത്ത് നിന്ന് അലങ്കരിച്ച കാറിൽ യാത്ര പറഞ്ഞിറങ്ങുമ്പോ എന്നും ചെന്നിരിക്കാറുള്ള പേര കൊമ്പ് വെറുതെ അവളെ നോക്കുന്നത് പോലെ തോന്നി…
അങ്ങാടിയിലേക്ക് നടക്കാറുള്ളപ്പോ വഴിയിൽ അവളോട് കുശലം ചോദിക്കാറുള്ള വറീതേട്ടൻ അവളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…
തുന്നല് പഠിക്കാൻ പോണ ആ പെണ്ണിൻ്റെ കൂട്ടുകാരിയെ പിന്നെയേ കെട്ടിക്കുന്നുള്ളു എന്ന് കേട്ട് അസൂയ കൊണ്ട് നെടുവീർപ്പിട്ടു…
വൈകുന്നേരം നടക്കാനിറങ്ങുമ്പോ കൊടിച്ചി കുന്നിലെ സൂര്യൻ്റെ ചോപ്പ് പാട ഇനി വല്ലപ്പോഴും മാത്രേ കാണാൻ പറ്റൂ എന്നോർത്ത് ആ പെണ്ണ് വിതുമ്പി…
അങ്ങാടിയിലെ പീടികേന്ന് അച്ഛൻ്റെ പറ്റ് പറഞ്ഞ് വാങ്ങണ തേൻ നിലാവിൻ്റെ സ്വാദ് ഇനി എന്നാണ്…!
പാടത്തിനു നടുവിലെ കുഞ്ഞി പാലം കടക്കുമ്പോ അല്പ നേരം കിട്ടുന്ന തണവ് ഇനിയെന്നാണ് എന്നോർത്ത് അവള് കണ്ണ് ഇറുക്കി…
പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച സ്കൂളിന് മുന്നിലൂടെ കടന്നു പോയപ്പോ കണ്ണിൽ ചെതുമ്പല് നിറഞ്ഞത് പോലെ തോന്നി ആ പെണ്ണിന്…
അവളുടെ കുഞ്ഞി നാട്ടിൻപുറവും, പട്ടണവും വേഗത്തിൽ കടന്നു പോയിരുന്നു…
അവിടെ വേറൊരു വീട്ടിൽ, വേറൊരു രീതിയിൽ സ്വല്പം കണ്ണ് നീറി, വിങ്ങി ആ പെണ്ണ് ഒരു രാത്രി കഴിച്ചു കൂട്ടി…
പിറ്റേന്ന് പുലർച്ചെ നാല് മണിക്ക് എണീറ്റ അവള് താലി കെട്ടിയ അയാളെ കുലുക്കി വിളിച്ചിട്ട് ചോദിച്ചു,
“ഞാൻ അടുക്കളയിൽ പോട്ടെ, അവിടെ അമ്മ എഴുന്നേറ്റിട്ടുണ്ടാവില്ലെ…?”
അയാള് കണ്ണ് തിരുമ്മി അവളെ ഒന്ന് നോക്കിയിട്ട് പറഞ്ഞു, ‘അവിടെയും നാല് മണിക്ക് എഴുന്നേൽക്കോ…? ഇവിടെ അങ്ങനെ നിയമങ്ങളൊന്നുല്യ…പിന്നെ ഇന്നലെ വരുന്ന വഴി കണ്ണ് കലങ്ങി നീ നോക്കി കണ്ട കുന്നും, പാടവും, സ്കൂളും ഇവിടെയുമുണ്ട്…സ്വല്പം വ്യത്യാസം ഉണ്ടാവുമെന്ന് മാത്രം…നെനക്ക് ഇവിടുത്തെ പാടവും തോടും കാണാൻ തോന്നുമ്പോ പോയി കണ്ടിട്ട് വായോ…ആരും പോണ്ടാന്ന് പറയില്യ…
പെണ്ണ് കാണാൻ വന്നപ്പോ ഇരുന്ന് തൂങ്ങിയ പേര കൊമ്പ് കണ്ടിരുന്നു ഞാൻ…പകരം ഇവിടെയൊരു ചെമ്പകം മാത്രേ ഉള്ളൂ…അവിടുത്തെ പോലെ തന്നെ മതി നീ ഇവിടെയും…’
ആ പെണ്ണ് അയാള് പറയണത് കേട്ട് പുലർച്ചെ വെറുതെ അങ്ങനെ വിങ്ങി പൊട്ടി…
മനസ്സ് നൊന്തിട്ടല്ല…സന്തോഷം കൊണ്ട്, ചിരിച്ചോണ്ട് തൻ്റെ ഇഷ്ടങ്ങളും താൽപര്യങ്ങളും ഒന്നും മാറാൻ പോണില്യ എന്നോർത്തിട്ട് വിതുമ്പി…
~Jishnu Ramesan