Story written by Aparna Dwithy
==============
“അപരിചിതമായ ഒരു പ്രദേശം. മയക്കത്തിൽ നിന്നും എഴുന്നേറ്റ് ചുറ്റും നോക്കിയപ്പോൾ അടുത്തെങ്ങും ഒരു വീട് പോലും കാണാൻ ഇല്ല. ഇതെവിടെയാണ് ? ഞാൻ എങ്ങനെ ഇവിടെ എത്തിപ്പെട്ടു? എനിക്കെന്താണ് സംഭവിച്ചത് ?
ട്രെയിനിൽ ഹോസ്റ്റലിലേക്ക് പുറപ്പെട്ടതായിരുന്നു താൻ. ഇടയ്ക്കെപ്പോഴോ വെള്ളം വാങ്ങാൻ വേണ്ടി ഏതോ ഒരു സ്റ്റോപ്പിൽ ഇറങ്ങി. അപ്പോളായിരുന്നു ഒരാൾ തന്റെ ബാഗും തട്ടിപ്പറിച്ചു ഓടിയത്. കള്ളൻ എന്നലറി വിളിച്ചു പറഞ്ഞെങ്കിലും ആരും തന്റെ രക്ഷയ്ക്കെത്തിയില്ല. എത്ര ദൂരം ഓടിയെന്നറിയില്ല. ഇടയ്ക്കെപ്പോളോ തളർന്നു വീണു. ഇപ്പോളാണ് ബോധം തിരിച്ചു കിട്ടിയത്.
ഞാൻ ചുറ്റിലും നോക്കി. അടുത്തെങ്ങും ഒരു മനുഷ്യൻ പോലുമില്ല. വല്ലാത്ത വിശപ്പും ദാഹവും. ഒരിറ്റു വെള്ളം കിട്ടിയിരുന്നെങ്കിൽ…..ഞാൻ മുന്നിൽ കണ്ട വഴിയിലൂടെ വേച്ചു വേച്ചു നടന്നു. എത്ര ദൂരം നടന്നെന്നറിയില്ല. വിശപ്പ് സഹിക്കാൻ പറ്റണില്ല. എവിടുന്നെങ്കിലും ഇത്തിരി ഭക്ഷണം കിട്ടിയിരുന്നെങ്കിൽ. വീട്ടിൽ നിന്നും മൂന്ന് നേരം ഭക്ഷണം കിട്ടുമെങ്കിലും ഇഷ്ട്ട ഭക്ഷണം ഉണ്ടാക്കാതിരുന്നതിന്റെ പേരിൽ അമ്മയെ വഴക്ക് പറഞ്ഞു പ്ലേറ്റ് തട്ടിതെറിപ്പിച്ചെറിയുന്നതോർത്ത് മനസ്സൊന്ന് പിടഞ്ഞു.
“എപ്പോളെങ്കിലും ഭക്ഷണത്തിന്റെ വില നി മനസിലാക്കും മോളേ…..ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാത്ത ഒരുപാട് പേര് നമ്മുടെ നാട്ടിൽ ഉണ്ട്. എന്നിട്ട് മൂന്ന് നേരം ഭക്ഷണം കിട്ടുന്ന നിനക്കൊക്കെ അഹങ്കാരം അല്ലേടി. നീയൊക്കെ അനുഭവിക്കും…… ” അമ്മയുടെ ശബ്ദം ശാപവാക്കുകൾ പോലെ കാതിൽ അലയടിച്ചു.
ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു ഞാൻ പിന്നെയും മുന്നോട്ട് നടന്നു….
നടന്നു നടന്നൊടുവിൽ ഒരു ഗ്രാമത്തിൽ എത്തിപ്പെട്ടു. മുന്നിൽ കണ്ട ഒരു കടയിലേക്ക് ഞാൻ ചെന്നുകയറി. ചില്ലുകൂട്ടിൽ അടുക്കിവെച്ചിരിക്കുന്ന പലഹാരത്തിലേക്ക് ഞാൻ ആർത്തിയോടെ കൈ ചൂണ്ടി അത് വേണമെന്നാവിശ്യപെട്ടു. കടക്കാരൻ എന്നെ അടിമുടി ഒന്നു നോക്കിയിട്ട് പലഹാരത്തിന്റെ വില കൊടുക്കാൻ പറഞ്ഞു. നിസ്സഹായതയോടെ ഞാൻ അയാളുടെ മുന്നിൽ കൈകൂപ്പി ഭക്ഷണത്തിനായി യാജിച്ചു. ഇല്ല പണമില്ലാതെ ഭക്ഷണമില്ല അയാൾ തറപ്പിച്ചു പറഞ്ഞു. ഞാൻ അവിടുന്നിറങ്ങി പിന്നെയും നടന്നു.
ഇടയ്ക്കെപ്പോളോ മുന്നിൽ കണ്ട ഒരു പൈപ്പിൽ നിന്നും ഇറ്റിറ്റു വീഴുന്ന രണ്ടുതുള്ളി വെള്ളം കൊണ്ട് തൊണ്ട നനച്ചു. പിന്നെയും മുന്നോട്ട്…..
ഇല്ല ഇനിയൊരടി മുന്നോട്ട് നടക്കാൻ വയ്യ. ഞാൻ ആ വഴിയിൽ തളർന്നിരുന്നു. മുന്നിലൂടെ കടന്നു പോയ പലരുടെ മുന്നിലും ഒരു ഭിക്ഷക്കാരിയെ പോലെ ഭക്ഷണത്തിനും വെള്ളത്തിനുമായി യാചിച്ചെങ്കിലും ആരും കനിഞ്ഞില്ല. മാത്രമല്ല എല്ലാവരും ആട്ടിയോടിച്ചു.
പിന്നെയും മുന്നോട് നടക്കാൻ ഒരു ശ്രമം നടത്തി. അപ്പോളായിരുന്നു അടുത്ത് ഉണ്ടായ ഒരു തെരുവ് നായയെ ഞാൻ ശ്രദ്ധിക്കുന്നത്. കുറച്ചു നേരമായി അതെന്നെ പിന്തുടരുന്നു. ഞാൻ തളർച്ചയുടെ അതിനെ ഒന്നു നോക്കി. എന്റെ ആവിശ്യം മനസിലായിട്ടാവണം അടുത്ത് കണ്ട ചവറ്റുകൊട്ടയിൽ നിന്നും ഒരു ഭക്ഷണപൊതി കടിച്ചെടുത്തു അതെന്റെ മുന്നിൽ കൊണ്ടിട്ടത്. ആർത്തിയോടെ അത് തുറന്ന് നോക്കുമ്പോൾ ആരോ കഴിച്ച ഭക്ഷണത്തിന്റെ ബാക്കി അതിൽ ഇരിപ്പുണ്ട്. ആ തെരുവ് നായയെ നന്ദിയോടെ ഒന്നു നോക്കി ആ ഭക്ഷണം വാരി വലിച്ചു കഴിക്കുമ്പോൾ എനിക്ക് അറപ്പോ വെറുപ്പോ ഒന്നും തോന്നിയില്ല. നിലത്തു കിടന്ന അവസാന അന്നവും വായിൽ വെച്ചപ്പോൾ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി വന്നുകൊണ്ടേയിരുന്നു…
*******************
‘നേരം ഇത്രയായിട്ടും നി എഴുനേൽക്കുന്നില്ലേ…. ‘ അമ്മയുടെ ശബ്ദം കേട്ട് ഞാൻ കണ്ണ് തുറന്ന്.
“അപ്പോൾ കണ്ടതൊക്കെയും ഒരു സ്വപ്നമായിരുന്നോ…… “
‘നീയെന്താ പിറുപിറുക്കുന്നെ നേരം എത്രയായെന്നാ വിചാരം. പെട്ടന്ന് എഴുന്നേറ്റ് കോളേജിൽ പോകാൻ നോക്ക് ‘ അമ്മ വീണ്ടും പറഞ്ഞു.
അതെ ഒക്കെയും ഒരു സ്വപ്നമായിരുന്നു. എപ്പോളെങ്കിലും തന്റെ ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന ഒരു സ്വപ്നം.
എപ്പോളും അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തെ പഴി പറഞ്ഞു മാത്രം കഴിക്കാറുള്ള ഞാൻ, അന്ന് ബഹുമാനത്തോട് കൂടി, ഒരു വറ്റു പോലും പാഴാക്കാതെ കഴിച്ചു. മാത്രമല്ല വഴിയരികിൽ വിശന്നിരിക്കുന്നവർക്കു വേണ്ടി ഒരു പൊതിച്ചോറ് കയ്യിൽ കരുതാനും മറന്നില്ല…
“ചില സ്വപ്‌നങ്ങൾ ഒക്കെയും നമ്മുക്കൊരു മുന്നറിയിപ്പായിരിക്കും, ചെയ്തു പോയ തെറ്റുകൾ തിരുത്താനുള്ള മുന്നറിയിപ്പ്.”
~അപർണ