അവസാനത്തെ ആശ…
എഴുത്ത്: നിഷ പിള്ള
==================
“ത്രേസ്യാമ്മച്ചി എന്റെ അമ്മുവിനെ കണ്ടോ ? മീൻ മേടിക്കാൻ പോയതാ അങ്ങാടിയിൽ, ഇതുവരെ തിരികെ വന്നില്ല”
“അവള് വരുമെടീ ശാരദേ, കൊച്ച് എന്നും പോകുന്നതല്ലേ…മീൻകാരൻ വൈകി കാണും .”
“പന്ത്രണ്ടു വയസായെങ്കിലും കുട്ടിക്കളി മാറിയിട്ടില്ല,.ഇപ്പോഴും കുഞ്ഞാണെന്നാ അവളുടെ വിചാരം..അവളെ പറയുന്നതെന്തിനാ, ഞാനീ പ്രായത്തിൽ പെറ്റിക്കോട്ടിട്ടു അച്ഛന്റെ മടിമേൽ കയറി ഇരിക്കുവാരുന്ന്. ഇന്നത്തെ ശരീര വളർച്ച അന്നില്ലല്ലോ, ഞാനാകെ മെലിഞ്ഞുണങ്ങി ഇരിക്കുവാരുന്ന് “
“നീ വെറുതെ ഓരോ പായാരം പറയാതെ, കൊച്ചിങ്ങ് വരും, ചെറുക്കൻ ജോലി കഴിഞ്ഞു ഇപ്പോൾ വരും. ഞാനവനെ അങ്ങാടിയിൽ തിരക്കാൻ വിടാം.”
ശാരദയുടെ വീടിന്റെ വരാന്തയിൽ ഇരിക്കുവാണ് രണ്ടു പേരും…വീടിന്റെ മുൻവശത്തെ ടാറിട്ട റോഡിനപ്പുറം കണ്ണെത്താത്ത ദൂരം പറന്നു കിടക്കുന്ന വയലേലകളാണ്..അവിടെയിരുന്നാൽ ദൂരെയുള്ളതു കാണാം ടാറിട്ട റോഡിലൂടെ ബൈക്കോടിച്ചു വന്ന ചെറുപ്പക്കാരൻ ത്രേസ്യാമ്മയുടെ മകൻ ജോഷ്വ ആയിരുന്നു.
“എടാ ജോഷ്വ കൊച്ചെ , അമ്മുക്കുട്ടി മീൻ വാങ്ങാൻ പോയിട്ട് ഇതുവരെ മടങ്ങി വന്നില്ല, നീയൊന്നു അങ്ങാടി വരെ പോയി നോക്കി വാ. അവള് നടന്നുവരാമെന്നു പറയും. നീ ബൈക്കേലിങ്ങ് കൂട്ടിക്കോ .”
ശാരദ കരയാൻ തുടങ്ങി.
“നീയൊന്നടങ്ങു ശാരദ പെണ്ണെ ബൈക്കിലല്ലിയോ,.അവൻ ചട് പിടീന്ന് ഇങ്ങു കൂട്ടികൊണ്ടു വരും.”
“എനിക്കങ്ങു പേടിയാ ത്രേസ്യാമ്മച്ചി. നമ്മുടെ പഴയ കാലം വല്ലതുമാണോ, ഒരു വയസ്സ് തികയാത്ത കൊച്ചിനെ കാണുമ്പോഴും ഓരോരുത്തന്മാർക്ക് അങ്ങ് ഇളകും…ഒന്നോർത്താൽ പെണ്ണായി ജനിക്കേണ്ടായിരുന്നു….ഇവൻമാർക്ക് കുട്ടികളെ ഉപദ്രവിച്ചാൽ എന്ത് സന്തോഷമാണ് ലഭിയ്ക്കുന്നത്.”
“നീ ഒന്നടങ്ങ് പെണ്ണെ .”
തൊഴിലുറപ്പിനു പോയി മടങ്ങിയ മാലതിയും അയിഷയും വേലിച്ചെടികൾക്കിടയിലൂടെ എത്തി നോക്കി.
“എന്നതാ ശാരദേച്ചി വല്യ ഗൗരവത്തിൽ “
“ടീ പെണ്ണുങ്ങളെ, അങ്ങാടിയിൽ വച്ച് നമ്മുടെ അമ്മുക്കുട്ടീനെ കണ്ടിരുന്നോ.?മീൻ മേടിക്കാൻ പോയതാ .”
“ഇല്ലല്ലോ ത്രേസ്യാമ്മച്ചി….മീൻകാരൻ അയല കൂട്ടിയിട്ട് വിൽക്കുന്നുണ്ടായിരുന്നു. നാളെയാ ചിട്ടി കാശു കൊടുക്കേണ്ടത്, കാശു കുറവായതിനാൽ ഞാൻ മീൻ മേടിക്കാൻ നിന്നില്ല. പക്ഷെ വഴിയിലെങ്ങും അമ്മൂനെ കണ്ടില്ലല്ലോ ശാരദേച്ചി.” ആയിഷയാണ് മറുപടി പറഞ്ഞത്.
“അമ്മുകൊച്ച് ഇനി വയൽ ക്രോസ്സ് ചെയ്ത വായനശാല വഴി പോയി കാണുമോ ?”
“ആ വഴി പോകരുതെന്ന് ആ പെണ്ണിനോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുള്ളതാ. രാവിലെ മാത്രമേ അവിടെ ആള് കാണൂ. വൈകുന്നേരങ്ങളിൽ അവിടം വിജനമായിരിക്കും. ലേബർ ക്യാംപിലെ ബംഗാളികൾ മാത്രമേ ആ വഴി വരൂ.”
ജോഷ്വ മടങ്ങി വന്നു.
“അമ്മുകുട്ടിയെ അങ്ങാടിയിൽ കണ്ടില്ല..ഞാൻ വാട്സാപ്പ് ഗ്രൂപ്പിൽ മെസ്സേജിട്ടിട്ടുണ്ട്..അവൾ ഇപ്പോഴിങ്ങെത്തും. ഞങ്ങളുടെ “അരയാലുംമൂട് ബുള്ളറ്റ്‌സ് ” എന്ന ഗ്രൂപ്പിൽ നിറയെ നമ്മുടെ പയ്യന്മാരാ. ശാരദേച്ചി കരയാതിരിക്കു..അവന്മാർ അമ്മൂനെ ഇപ്പോൾ കൊണ്ട് വരും.”
“അമ്മുന് എന്തേലും പറ്റി കാണുമോ ?എന്റെ ഈശ്വര, എനിക്ക് ആരാ ഉള്ളത് .”
ശാരദ വിങ്ങി പൊട്ടി.
ജോഷ്വയുടെ ഫോൺ ബെല്ലടിച്ചു. അതിൽ സംസാരിച്ചയുടൻ അവൻ വണ്ടിയുമെടുത്തു മടങ്ങി പോയി..കുറച്ചു കഴിഞ്ഞു മാലതിയുടെ ഫോണിൽ ബെല്ലടിച്ചു.
“എടാ ജോഷ്വ പറ, അമ്മൂനെ കണ്ടു പിടിച്ചോ.”
“ചേച്ചി, എനിക്കൊന്നും കേൾക്കാൻ വയ്യ, സ്പീക്കർ ഒന്ന് ഓഫ് ചെയ്തു, മാറി നിന്ന് സംസാരിക്കണേ, ഞാൻ പറയുന്നത് കേട്ട് ചേച്ചി ബഹളം വയ്ക്കരുത്. നമ്മുടെ അമ്മുക്കുട്ടി പോയി. നമ്മളെ വിട്ടു പോയി..നമ്മുടെ ദേശത്തെ ചെക്കന്മാർ അന്വേഷിച്ചു പോയിരുന്നു. ആ ചതുപ്പു നിലത്തിലും അവർ പോയി നോക്കി..ചതുപ്പിൽ നിന്ന് കുമിളകൾ ഉയരുന്ന കണ്ടെന്ന്, കാലിയെ അഴിച്ചു കെട്ടാൻ പോയ ബീവാത്തു പറഞ്ഞു..ചവിട്ടിയാൽ താഴ്ന്നു പോകും. അവരു വെറുതെ കോലിട്ടൊന്നു ഇളക്കിയതാ, പെറ്റിക്കോട്ടിൽ കോലു കുടുങ്ങി. വലിച്ചു പൊക്കിയപ്പോൾ നമ്മുടെ അമ്മുവായിരുന്നു. ആംബുലൻസും പോലീസും വന്നു ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഇപ്പോൾ ശാരദേച്ചിയും അമ്മച്ചിയും ഒന്നും അറിയണ്ട. വാസുവേട്ടനെ വിവരം അറിയിച്ചു. ഞാനവളോടൊപ്പമേ തിരിച്ചു വരൂ.”
അവന്റെ തേങ്ങലിന്റെ ശബ്ദം അവളുടെ കാതിൽ എത്തി…ഫോൺ കട്ടായി.
“എന്താ മാലതി അവൻ പറഞ്ഞത്.” ശാരദയാണ് ചോദിച്ചത്.
“പോലീസെത്തിയെന്ന്, അവൻ കൊച്ചിനെയും കൊണ്ടേ മടങ്ങി വരൂവെന്നു.”
മാലതി കരച്ചിലടക്കാൻ വയ്യാഞ്ഞിട്ട് ആയിഷയുടെ അടുത്തിരുന്നു..ആയിഷ അവളുടെ കൈകൾ കൂട്ടി പിടിച്ചു. ആയിഷയ്ക്കും അത് കണ്ടുകൊണ്ടിരുന്ന ത്രേസ്യാമ്മക്കും എന്തോ ആപത്ത് മണത്തു. അവരും വിങ്ങി പൊട്ടി. പരിസരത്തുള്ള എല്ലാവരുടെയും പൊന്നോമനയായിരുന്നു അമ്മുക്കുട്ടി.
വീടിനു മുന്നിലുള്ള റോഡിൽ ചെറിയൊരു ആൾകൂട്ടം രൂപപ്പെട്ടു. അയാൾ വീട്ടിലെ സ്ത്രീകൾ ഓരോരുത്തരായി വരാന്തയിലും പടിക്കെട്ടിലും ഇരിക്കാൻ തുടങ്ങി.
“പരിഭവം അന്നമ്മ ” എന്നറിയപ്പെടുന്ന വൃദ്ധയായ അയൽക്കാരി ഒരു തൂക്കുപാത്രത്തിൽ കൊണ്ട് വന്ന കട്ടൻ ചായ ഗ്ലാസ്സിലൊഴിച്ചു ശാരദക്കു നീട്ടി. അവരുമായി നല്ല സുഹൃദത്തിലല്ലായിരുന്ന ശാരദക്കു ദേഷ്യം തോന്നി
“എന്തിനാ അന്നമ്മച്ചി കഷ്ടപെട്ടത്. ഇവിടെ ഗ്യാസടുപ്പും തേയില പഞ്ചസാര ഒക്കെ ഉണ്ടായിരുന്നല്ലോ..ഇവിടെ തിളപ്പിക്കാമായിരുന്നില്ലേ ചായ..ശാരദ കയ്യിലിരുന്ന ഗ്ലാസ് ത്രേസ്യാമ്മക്ക് നീട്ടി.
“ശാരദേ, ശവമടക്ക് കഴിയാതെ മരണ വീട്ടിൽ അടുപ്പു പുകയ്ക്കില്ല. അത് നിനക്കറിഞ്ഞൂടെ.”
“മരണ വീടോ…എന്റെ വാസുവേട്ടന് എന്ത് പറ്റി, വീണ്ടും നെഞ്ച് വേദന വന്നോ?”
ശാരദ മോഹാലസ്യപ്പെട്ടു വീണു. എല്ലാവരും കൂടി പിടിച്ചവളെ അകത്തെ കട്ടിലിൽ കൊണ്ട് പോയി കിടത്തി. മുറ്റത്തു വന്നു നിന്ന പെട്ടി ഓട്ടോയിൽ നിന്നും ഒരേ വർണത്തിലെ പ്ലാസ്റ്റിക് കസേരകൾ മുറ്റത്തു നിരത്തപ്പെട്ടു. വീടിന്റെ മുറ്റത്തു ടാർപ്പാളിൻ ഷീറ്റ് വലിച്ചു കെട്ടി. ആളുകൾ വരുകയും പോകുകയും ചെയ്തു കൊണ്ടിരുന്നു. ആളുകൾ കൂട്ടം കൂടി സംസാരിക്കാൻ തുടങ്ങി.
“കുട്ടിക്ക് ശരിക്കും എന്നാ പറ്റിയെ?”
“അങ്ങാടിയിൽ പോയതാ കുട്ടി, ലേബർ ക്യാമ്പിലെ ഒരു ചെ റ്റ, ബംഗാളിയാണോ ? ബംഗ്ലാദേശിയാണോ ? എന്നാർക്കറിയാം. ആ നാറിക്ക് ഈ പാവം കൊച്ചിനെ കണ്ടപ്പോൾ…പോലീസ് പിടിച്ചപ്പോൾ അവനു മാനസിക പ്രശ്നമുണ്ടെന്നു. ഓൺലൈൻ ഗെയിംമിന് അഡിക്ട് ആണെന്ന്, പബ്ജി എന്നോ മറ്റോ പേരുള്ള…ഒരു ഗെയിം.”
“കൊച്ചിന്റെ ദേഹത്ത് സ്വർണം വല്ലതും ഉണ്ടായിരുന്നോ ? ഇനി പണത്തിനു വേണ്ടി .”
“അതാ കഷ്ടം! , അതുമില്ല. ഒരു ഗ്രാം തികച്ചില്ലാത്ത രണ്ടു പൊട്ട് കമ്മലുകൾ മാത്രം.”
“അതെങ്ങനാ നാട് മുഴുവൻ അന്യനാട്ടുകാരല്ലേ, കാണുന്നതെല്ലാം അപരിചിതരാ. ഇവന്മാരെ പേടിച്ചു കുട്ടികൾക്കും മുതിർന്നവർക്കും പുറത്തിറങ്ങി നടക്കാൻ മേലാതായി. നമ്മുടെ നാട് നമ്മുടെ കൈവിട്ടു പോയ്കൊണ്ടിരിക്കുവാ.”
ആംബുലൻസ് എത്തി, അമ്മുക്കുട്ടിയുടെ ശരീരം വീട്ടുമുറ്റത്തെ മേശമേൽ കിടത്തുമ്പോൾ വാസുവേട്ടൻ വിങ്ങി പൊട്ടി. രാവിലെ ഭാര്യയോടും മകളോടും യാത്ര പറഞ്ഞു ജോലിക്കു പോകുമ്പോൾ, അച്ഛനെ യാത്രയാക്കുന്ന സമയത്ത് അമ്മ കേൾക്കാതെ ഒരു പുതിയ വെള്ളികൊലുസ് വേണമെന്ന് മകൾ ആവശ്യപ്പെട്ടിരുന്നു. അവളുടെ എല്ലാ ആവശ്യവും നിറവേറ്റി കൊടുത്തിരുന്നു. പക്ഷെ അവളുടെ അവസാനത്തെ ആശ, അത് മാത്രം….
അമ്മുക്കുട്ടിയെ അവസാനമായി ഒരു നോക്ക് കാണുവാൻ ശാരദയെ താങ്ങി പിടിച്ചു ത്രേസ്യാമ്മച്ചി മുറ്റത്തു കൊണ്ട് വന്നു. ആ ദയനീയ കാഴ്ച കണ്ടു ആ ഗ്രാമം മുഴുവൻ തേങ്ങി പോയി. അലമുറയിട്ടു കരഞ്ഞ ശാരദ എന്തോ ഓർത്തപോലെ പെട്ടെന്ന് കരച്ചിൽ നിർത്തി. കണ്ണ് തുടച്ചു കൊണ്ട് മകൾക്കു അന്ത്യചുംബനം കൊടുത്തു. എന്നിട്ടു ജനക്കൂട്ടത്തെ നോക്കി പറഞ്ഞു.
“എന്റെ മകൾക്കു നീതി കിട്ടണം, ഞങ്ങൾക്ക് നീതി കിട്ടണം.”
ഇത് പറഞ്ഞു ആ അമ്മ കയറി പോയി. ജനരോഷം ഭയന്ന് പോലീസ് പെട്ടെന്ന് തന്നെ പ്രതിയെ അറസ്റ് ചെയ്തു. സംസ്ഥാനത്തെ പ്രമുഖനായ ഒരു വക്കീൽ പ്രതിക്ക് വേണ്ടി ഹാജരായി. വിചാരണ കാലത്തു പ്രതിക്ക് വേണ്ടി മാനസികരോഗ ചികിത്സാ സർട്ടിഫിക്കറ്റ് വക്കീൽ കോടതിയിൽ ഹാജരാക്കി. അതിന്റെ അടിസ്ഥാനത്തിൽ കോടതി പ്രതിയുടെ തുടർചികിത്സക്കു വിധിച്ചു. വിധി കേൾക്കാൻ ആ ഗ്രാമം മുഴുവൻ കോടതി പരിസരത്തുണ്ടായിരുന്നു. വിധിയറിഞ്ഞു വാസുവേട്ടൻ, കയ്യിലിരുന്ന വെള്ളികൊലുസ് പ്രതിയുടെ മുഖത്തേക്കെറിഞ്ഞു.
നാട്ടുകാരായുള്ള ചെറുപ്പക്കാർ പ്രതിയെ രണ്ടു പൊട്ടിക്കാൻ ആഗ്രഹിച്ചെങ്കിലും മാധ്യമ ശ്രദ്ധ നേടിയ കേസായതു കൊണ്ട്, പോലീസ് പ്രതിക്കു ചുറ്റും കനത്ത വലയം സൃഷ്ടിച്ചു. സങ്കടത്തോടെ ആ ഗ്രാമം കോടതി വിട്ടു.
താമസിയാതെ വാസുവേട്ടൻ ഹൃദ്രോഗത്താൽ എല്ലാവരോടും വിട പറഞ്ഞു. ഒറ്റപ്പെടലിൻ്റേയും നിരാശയുടേയും പടുകുഴിയിൽ വീണ ശാരദ മാനസികാരോഗ്യ കേന്ദ്രത്തിലായി. മകളുടെ ഘാതകനുള്ള അതേ ആശുപത്രിയിൽ…
താമസിയാതെ അജ്ഞാത കരങ്ങളാൽ അയാൾ മരണപ്പെടുകയും ചെയ്തു. ലിം ഗഛേ ദനം മൂലം ര ക്തം വാർന്ന് ഭയാനകമായ രീതിയിലുള്ള മരണം.
സാഹചര്യത്തെളിവുകൾ അവശേഷിപ്പിക്കാതെ സമർത്ഥമായ കൊലപാതകം. മാനസിക രോഗിയായ ശാരദയെ ചോദ്യം ചെയ്യാൻ നിയമം അനുവദിക്കുന്നില്ല. ശക്തനായ ഒരു കൂട്ടുപ്രതിയുണ്ടെന്നും അല്ല പ്രതികാര ദുർഗ്ഗയായ അമ്മയുടെ കരങ്ങൾ മാത്രമാണെന്ന് അതിന് പിന്നിലെന്ന് പലരും വിശ്വസിക്കുന്നു. തെളിവുകളുടെ അഭാവത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടാത്ത അനേകം കേസുകളുടെ കൂടെ ഒന്നു കൂടി.
അമ്മുക്കുട്ടിയ്ക്ക് ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം നിഷേധിച്ച പ്രതിയും അതർഹിക്കുന്നില്ല. അവളുടെ ആത്മാവിന് സന്തോഷമാകട്ടെ…
~നിശീഥിനി