നീയെന്തൊക്കെയാ ഈ പറയുന്നേ. ഇതൊക്കെ കുട്ടിക്കളി ആണോ. വാ നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം…

കാണാകണ്മണി

Story written by Aparna Dwithy

================

“എങ്ങനെ ധൈര്യം വന്നു നിനക്ക് ഏതോ ഒരുത്തന്റെ കുഞ്ഞിനേയും വ യ റ്റിലുണ്ടാ ക്കി ഈ വീട്ടിലേക്ക് കയറി വരാൻ. ഇപ്പൊ ഇറങ്ങിക്കോണം ഈ വീട്ടിന്നു….അസത്ത് “

വീട്ടുകാർ ഇത്രയും പറഞ്ഞു അവൾക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞില്ല. അവൾക്ക്  പോകാൻ ഇനി ഒരിടം മാത്രമേ ഉണ്ടായിരുന്നുള്ളു. തന്റെ ഉള്ളിൽ വളരുന്ന ജീവന്റെ അവകാശിയുടെ അടുത്തേക്ക്. അവന്റെ ജീവന്റെ തുടിപ്പ് തന്റെ ഉള്ളിൽ വളരുന്നതറിയുമ്പോൾ അവനു സന്തോഷമായേക്കാം. സ്വപ്‌നങ്ങൾ പരസ്പരം പങ്കുവെക്കുമ്പോൾ അവൻ പലപ്പോളും പറയാറുണ്ട് ഒരു കുസൃതി കുടുക്കയെ പറ്റി. അവൾ പ്രതീക്ഷയോടെ അവന്റെ അടുത്തേക്ക് പോയി.

‘മീര നീയെന്താണ് ഈ പറയുന്നേ. നീ ഗ ർഭി ണി ആണെന്നോ’ അവന്റെ മുഖത്തുള്ള ടെൻഷൻ അവളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി.

“അതെ. പക്ഷേ നീ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത് രാഹുൽ, നമ്മുക്ക് രണ്ടുപേർക്കും ഒരു ജോലി ഉണ്ട്. പിന്നെന്താ പ്രശ്നം?”

“ഇപ്പോൾ ജോലിയാണോ ഇവിടുത്തെ  പ്രശ്നം വിവാഹത്തിന് മുൻപ് അമ്മയാവുക എന്ന് വെച്ചാൽ….നീ നിന്റെ ഭാവിയെ പറ്റി ചിന്തിച്ചോ?”

‘ഒരു താലിയിൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ നമ്മുക്കിടയിൽ ഉള്ളൂ. നി വീട്ടിൽ കാര്യം അവതരിപ്പിക്കൂ ‘

“നീയെന്തൊക്കെയാ ഈ പറയുന്നേ. ഇതൊക്കെ കുട്ടിക്കളി ആണോ. വാ നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം. അധികനാൾ ആവാത്തതുകൊണ്ട് ഒരു ടാബ്ലെറ്റിൽ എല്ലാം തീരും.”

‘നിനക്കെങ്ങനെ ഇങ്ങനൊക്കെ പറയാൻ പറ്റുന്നു. നിന്റെ കൂടെ ജീവനാണ് എന്റെ വയറ്റിലുള്ളത്. അതിനെ കൊ ല്ല ണ മെന്നോ. മനുഷ്യത്വം തീരെ ഇല്ലാതായോ നിനക്ക്. നീ എനിക്ക് തന്ന വാക്കുകൾ ഒക്കെ മറന്നോ ?’

“മീര ഞാൻ പറയുന്നത് നീയൊന്നു മനസിലാക്ക്…. “

‘വേണ്ട നീയൊന്നും പറയണ്ട. നിന്റെ ജീവിതത്തിൽ ഞാനും ഈ കുഞ്ഞും ഒരു ബാധ്യത ആവില്ല. ഞാൻ പോവുകയാണ്. ‘ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.  അവൾ തന്റെ വയറിൽ മൃദുവായി താലോടി കൊണ്ട് പറഞ്ഞു  ‘നീ മാത്രം മതി ഇനിയങ്ങോട്ട് എനിക്ക് ജീവിക്കാൻ ‘.

“മീര…..നിന്റെ ആഗ്രഹം നടക്കട്ടെ…നമ്മുക്ക് ഈ കുഞ്ഞിനെ വളർത്താം ” രാഹുൽ അവളെ തിരിച്ചു വിളിച്ചു.

‘സത്യമാണോ നീ പറയുന്നേ ‘അവൾ വിശ്വസിക്കാനാവാതെ അവന്റെ കണ്ണുകളിലേക്ക് നോക്കി.

“അതെ എന്റെ കൂടെ കുഞ്ഞല്ലേ. എനിക്ക് നഷ്ടപ്പെടുത്താൻ പറ്റില്ല. ഇപ്പോൾ  നീ ഹോസ്റ്റലിലേക്ക്  പോകു. നാളെ നമ്മുക്ക് ഹോസ്പിറ്റൽ വരെ ഒന്ന് പോകാം.”

അവൾ ഒരുപാട് സന്തോഷത്തോടെ മടങ്ങി. മനസ്സിൽ നിറയെ ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ മുഖമായിരുന്നു. ഒരുപാട് സ്വപ്‌നങ്ങൾ ഒറ്റ രാത്രി കൊണ്ടവൾ നെയ്തുകൂട്ടി. രാവിലെ തന്നെ അവൾ ഹോസ്പിറ്റലിൽ പോകാൻ റെഡിയായി നിന്നു. പോകും വഴിയിലുടനീളം അവൾ സംസാരിച്ചത് ജനിക്കാൻ പോകുന്ന കുഞ്ഞിനെ പറ്റിയായിരുന്നു ‘നീ പറയാറുള്ള പോലെ പെൺകുട്ടി ആയിരിക്കും അല്ലേടാ ‘ അവൻ അവളുടെ ചോദ്യങ്ങൾക്ക് ഒന്ന് മൂളുക മാത്രം ചെയ്തു.

‘നമ്മുക്ക് അടുത്തുള്ള വല്ല ഹോസ്പിറ്റലിലും പോയാൽ പോരായിരുന്നോ എന്തിനാ ഇത്രേം ദൂരെ വന്നത് ‘

“ഇവിടെ എനിക്ക് പരിചയമുള്ള ഒരു ഡോക്ടർ ഉണ്ട്. ഞാൻ ഇന്നലെ വിളിച്ചു സംസാരിച്ചിരുന്നു.”

അവർ ഡോക്ടറുടെ റൂമിലേക്ക്‌ കയറി. മീര ആ റൂമിലുടനീളം ഒന്ന് കണ്ണോടിച്ചു. ചുമരിൽ ഒരുപാട് കുഞ്ഞോമനകളുടെ മുഖം. എന്തോ ആ ചിത്രങ്ങൾ അവളുടെ മനസ്സ് നിറച്ചു.

“മീര ആലോചിച്ചെടുത്ത തീരുമാനമാണോ ഈ കുട്ടിയെ വളർത്തുക എന്നത് ?” ഡോക്ടറുടെ ചോദ്യം അവളെ ചിന്തകളിൽ നിന്നുണർത്തി.

‘അതെന്താ ഡോക്ടർ അങ്ങനെ ചോദിച്ചത്. ഞങ്ങൾ ഈ കുഞ്ഞിനെ വളർത്തും അല്ലേ രാഹുൽ ? ‘അവൾ രാഹുലിന്റെ മുഖത്തേക്ക് നോക്കി. അവൻ ഒന്നും മിണ്ടിയില്ല.

“ശരി ഞാൻ ഇപ്പോ ഒരു മരുന്ന് എഴുതി തരാം. ഇന്ന് രാത്രി ഇത് കഴിക്കു. ഒരാഴ്ച്ച കഴിഞ്ഞു നമ്മുക്ക് വിശദമായ ഒരു ചെക്കപ്പ് നടത്താം. ശരീരം നന്നായി ശ്രദ്ധിക്കണം, വെള്ളം ഒരുപാട് കുടിക്കണം കേട്ടോ ” അവൾ ഡോക്ടറുടെ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ കേട്ടു.

നന്ദി പറഞ്ഞു അവിടുന്നിറങ്ങിയപ്പോൾ രാഹുലിന്റെ മുഖത്തും ഒരുപാട് സന്തോഷം നിറഞ്ഞു.

‘ഡോക്ടർ പറഞ്ഞത് കേട്ടല്ലോ. മരുന്ന് മറക്കാതെ കഴിക്കണം. ഭക്ഷണവും.

“അതൊന്നും ഞാൻ മറക്കില്ല നമ്മുടെ കുഞ്ഞിന് വേണ്ടിയല്ലേ ” അവൾ സന്തോഷത്തോടെ പറഞ്ഞു.

തിരിച്ചെത്തിയപ്പോളേക്കും  യാത്രക്ഷീണം കാരണം പെട്ടന്ന് ഉറക്കം വന്നു. മരുന്ന് കഴിച്ചു കിടന്നപ്പോൾ തന്നെ അവൾ ഉറങ്ങിപ്പോയി. സ്വപ്നത്തിലും അവൾ അമ്മയെന്ന് വിളിച്ചോടി വരുന്ന ഒരു കുഞ്ഞു മുഖത്തെ കണ്ടു.

ഇടയ്ക്കെപ്പോളോ വേദന അനുഭവിച്ചപ്പോൾ അവൾ ഞെട്ടിയുണർന്നു. വേദന കൊണ്ടവൾ കിടന്നു പിടഞ്ഞു. തനിക്കെന്താണ് സംഭവിക്കുന്നതെന്നറിയാതെ സഹായത്തിനായി അവൾ കരഞ്ഞു. വയറിൽ കൈയമർത്തി അവൾ ഫോൺ എടുക്കുമ്പോളേക്കും രക്തത്തുള്ളികൾ അവളുടെ കാലുകളിലൂടെ ഒലിച്ചിറങ്ങി. ആ മരുന്ന് കഴിച്ചതോടൊപ്പം ഇല്ലാതായത് തന്റെ കുഞ്ഞാണെന്ന് മനസിലായപ്പോളേക്കും അവളുടെ ബോധം മറഞ്ഞിരുന്നു.

****************

ആ ഇരുണ്ട മുറിയുടെ ഒരു കോണിൽ ചങ്ങലകണ്ണികളിൽ ബന്ധിച്ചിരിക്കുമ്പോൾ അവൾ പിഴച്ചവളെന്ന വിളികേട്ട് ആർത്തു ചിരിക്കാറുണ്ട്. രാത്രിയിൽ ആകാശത്ത് കാണുന്ന കുഞ്ഞു നക്ഷത്രത്തിനോട്  അവൾ സംസാരിക്കാറുണ്ട്, അമ്മേ എന്ന വിളി കേട്ട് ഇടയ്ക്ക് ഞെട്ടിയുണരാറുണ്ട്. ആ കണ്ണുകൾ നിറയുമ്പോൾ പിഞ്ചുകൈകളെന്ന പോലെ ഒരു ഇളം കാറ്റു വന്നവളെ സ്വാന്തനിപ്പിക്കാറുണ്ട്….ഇപ്പോളും ഒരു കുഞ്ഞു പാവക്കുട്ടി അവളുടെ നെഞ്ചോടു ചേർന്നുറങ്ങുന്നുണ്ട്….!

~അപർണ