വീണ്ടും ചിരിയോടെ അതും പറഞ്ഞ് ജോലിക്ക് കൊണ്ട് പോകാനുള്ള സാധങ്ങൾ എടുത്ത് വച്ചു…

കൃഷ്ണേട്ടൻ…

എഴുത്ത് : ശ്യാം കല്ലുകുഴിയിൽ

================

” നീ അറിഞ്ഞോ നമ്മുടെ കൃഷ്ണേട്ടനും ആ ലോട്ടറിവിറ്റ് നടക്കുന്ന തമിഴത്തിയില്ലേ അവരും കൂടി ഒളിച്ചോടി പോയെന്ന്…. “

രാവിലെ ജോലിക്ക് പോകാൻ കവലയിൽ എത്തിയപ്പോഴാണ് കൂടെ ജോലി ചെയ്യുന്നവർ അത് പറയുന്നത്…..

“ഒളിച്ചോടി പോയെന്നോ എങ്ങോട്ടേക്ക് ഓടിയെന്നാ….”

ആ വാർത്തയിൽ തീരെ ഞെട്ടൽ ഇല്ലാതെ ചിരിച്ച് കൊണ്ട് തന്നെയാണ് ചോദിച്ചത്…

” എങ്ങോട്ടും ഓടിപ്പോയതൊന്നുമില്ല, അങ്ങേര് ആ പെണ്ണിനേയും കൊച്ചിനെയും വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നു….. “

” ആ അത്രേയുള്ളോ അതിനാണോ ഒളിച്ചോട്ടം എന്നൊക്കെ പറഞ്ഞത്….. “

വീണ്ടും ചിരിയോടെ അതും പറഞ്ഞ് ജോലിക്ക് കൊണ്ട് പോകാനുള്ള സാധങ്ങൾ എടുത്ത് വച്ചു…

” അങ്ങേരിത് ഇത്രയും കാലം പെണ്ണ് കെട്ടാതെ നടന്നിട്ട് അവസാനം, ഒരു കൊച്ചുള്ള തള്ളയെ , അതും ഒരു തമിഴത്തിയെ…… “

ഉച്ചയ്ക്ക് എല്ലാവരും വട്ടം കൂടിയിരുന്ന് ചോറ് കഴിക്കുമ്പോഴാണ് പിന്നെയും, കൃഷ്ണേട്ടന്റെ കാര്യം കൂടെയുള്ളവർ എടുത്തിട്ടത്…..

“ഈ പറയുന്ന നമ്മൾ ആരേലും നമ്മുടെ പെങ്ങളെ അങ്ങേർക്ക് കെട്ടിച്ചു കൊടുക്കുമായിരുന്നോ ഇല്ലാലോ, അപ്പൊ പിന്നെ അവർ എങ്ങനേലും ജീവിച്ചോട്ടെ, നമുക്കെന്താ….”

ഞാനത് പറഞ്ഞതിൽ പിന്നെ കൃഷ്ണേട്ടന്റെ കാര്യം ആരും ഉച്ചത്തിൽ പറഞ്ഞില്ല എങ്കിലും, ആ പേര് ഇടയ്ക്കൊക്കെ അവ്യക്തമായി കേട്ടിരുന്നു…..

വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള ലാസ്റ്റ് ബസ്സ്‌ കയറുമ്പോൾ, പതിവുപോലെ ബസ്സിന്റെ ഡ്രൈവിംഗ് സീറ്റിൽ കൃഷ്ണേട്ടൻ ഉണ്ടായിരുന്നു. ബസ്സിൽ കേൾക്കുന്ന പഴയ പ്രണയഗാനത്തിനൊപ്പം താളം പിടിക്കുന്ന കൃഷ്ണേട്ടനെ കുറെ നേരം നോക്കിയിരുന്നു…..

പഠിക്കുന്ന കാലം മുതലേ ആ ബസ്സിന്റെ ഡ്രൈവർ കൃഷ്ണേട്ടനാണ്, രാവിലെയും വൈകുന്നേരവും കുട്ടികളെയും കുത്തി നിറച്ച് ഉച്ചത്തിൽ ശബ്ദവും മുഴക്കി കൃഷ്ണേട്ടൻ ബസ്സ്‌ പറപ്പിക്കുമ്പോൾ, ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ അയാളെ ആരാധിച്ചിരുന്നു. ആ കുശുമ്പ് കണ്ടാണ് ഒരു ഡ്രൈവർ ആകാനുള്ള ആഗ്രഹം മനസ്സിൽ വന്ന് തുടങ്ങിയത്….

ബസ്സിന്റെ മുന്നിലുള്ള സൈഡ് സീറ്റിൽ ഇരിക്കുന്ന കണ്ണെഴുതിയ, നെറ്റിയിൽ ചന്ദനകുറി ചാർത്തിയ, എപ്പോഴും ചിരിക്കുന്ന മുഖമുള്ള ആ ചേച്ചിയിലേക്ക് ഇടയ്ക്കിടെ കൃഷ്ണേട്ടന്റെ കണ്ണുകൾ പതിയുന്നതും, അപ്പോഴൊക്കെ ആ ചേച്ചിയിൽ നാണത്തിന്റെ ചെറു പുഞ്ചിരി വിരിയുന്നതും, ബസ്സിൽ കേൾക്കുന്ന പട്ടിനൊപ്പം കൃഷ്ണേട്ടൻ ചുണ്ടുകൾ അനക്കുന്നതും, കൃഷ്ണേട്ടന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ ചേച്ചി നോക്കിയിരിക്കുന്നതും ആ ബസ്സിലെ സ്ഥിരം കാഴ്ചകൾ ആയിരുന്നു….

ഒരിക്കൽ ബസ്സ്‌ നിർത്തി ആ ചേച്ചി ഇറങ്ങി റോഡ് മുറിച്ചു കടക്കുമ്പോഴാണ് പുറകെ വന്ന ഒരു ടിപ്പർ ലോറി അവരെ ഇടിച്ചു തെറിപ്പിക്കുന്നത്. ബസ്സിൽ നിന്ന് ഇറങ്ങി കൃഷ്ണേട്ടൻ ഓടി ചെന്ന് രക്തത്തിൽ കിടക്കുന്ന ചേച്ചിയെ വാരി എടുക്കുമ്പോഴും അവർ കൃഷ്ണേട്ടനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഒരു പിടച്ചിലോട് കൂടി അവർ ആ കൈകളിൽ കിടന്ന് മരിക്കുന്നതും ഇപ്പോഴും ഓർമ്മയിൽ തളം കെട്ടി നിൽപ്പുണ്ട്….

ആ സംഭവത്തിന്‌ ശേഷം കുറെ നാൾ കൃഷ്ണേട്ടൻ ആ ബസ്സിൽ ഇല്ലായിരുന്നു. പിന്നെ ഡ്രൈവിങ് സീറ്റിലിരിക്കുമ്പോഴൊന്നും ആ സൈഡ് സീറ്റിലേക്ക് അയാൾ നോക്കിയിരുന്നില്ല, ബസ്സിൽ കേൾക്കുന്ന പാട്ടിനൊപ്പം പിന്നെ ആ ചുണ്ടുകൾ അനങ്ങിയിട്ടുമില്ല….

ആ കവലവരെയുള്ള ലാസ്റ്റ് ബസ്സ്‌ വന്ന് നിന്നതും കൃഷ്ണേട്ടൻ വണ്ടി സ്റ്റാർട്ട് ചെയ്തു. ആ ബസ്സിൽ നിന്ന് ഓടി വന്നവർക്ക് പിന്നിലായി ആ സ്ത്രീയും ഉണ്ടായിരുന്നു, കൃഷ്ണേട്ടനൊപ്പം ഒളിച്ചോടിയ ആ തമിഴത്തി, അവരെ കണ്ട് തുടങ്ങിയതും ബസ്സിലിരുന്ന പലരുടെയും മുഖത്ത് പരിഹാസ ചിരിയും, ഒപ്പം ചില മുറുമുറുപ്പുകളും കേട്ട് തുടങ്ങിയിരുന്നു…

പതിവ് പോലെ അവർ ബസ്സിന്റെ മുന്നിലുള്ള സൈഡ് സീറ്റിൽ ഇരുന്നു. ഇഷ്ട്ടപ്പെട്ടവനൊപ്പം ഈ നാട്ടിൽ എത്തിയവൾ ആയിരുന്നു ആ സ്ത്രീ, അവരുടെ ഭർത്താവ് കെട്ടിടപണിക്ക് പോയി അവർക്ക് ഒരു കുറവും വരുത്താതെ തന്നെയാണ് നോക്കിയിരുന്നത്, ജോലിക്കിടെ മുകളിലെ നിലയിൽ നിന്ന് താഴെ വീണ അയാൾ രണ്ട് നാൾ ആശുപത്രിയിൽ കിടന്ന് മൂന്നാം നാൾ മ രിക്കുകയായിരുന്നു….

രണ്ട് ചുവട് വേഗം നടക്കുമ്പോൾ ശ്വാസം മുട്ടലുള്ള ആ സ്ത്രീ ആരുടെയൊക്കെയോ സഹായം കൊണ്ടാണ് ലോട്ടറി കച്ചവടം തുടങ്ങിയത്, നഗരത്തിലെ തെരുവുകളിൽ ഭാഗ്യം വിറ്റവൾ ആരുടെയും മുന്നിൽ കൈ നീട്ടാതെ ജീവിക്കുന്നു. എന്നും ലാസ്റ്റ് ബസ്സിൽ സ്ഥിരം യാത്രക്കാരിൽ അവരും ഉണ്ടാകും, മുന്നിലെ സൈഡ് സീറ്റിൽ ഇരുന്ന് റോഡിലേക്ക് നോക്കിയിരിക്കുന്ന അവരുടെ നോട്ടം ഒരിക്കലും കൃഷ്ണേട്ടനിൽ പതിയുന്നത് കണ്ടിട്ടില്ല…..

ഇന്നും ആ സ്ത്രീയും കൃഷ്ണേട്ടനും പരസ്പരം ഒന്നും സംസാരിച്ചില്ലെങ്കിലും ഇടയ്ക്ക് അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കുന്നതും അവരുടെ മുഖത്ത് ചിരി വിരിയുന്നതും ആദ്യമായി കണ്ടു,….

ബസ്സ്‌ കവലയിൽ ഒതുക്കി എല്ലാവരും ഇറങ്ങിക്കഴിഞ്ഞ് അവസാനമാണ് ആ സ്ത്രീ ഇറങ്ങിയത്. അന്ന് പ്രത്യേകിച്ച് ആവശ്യം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും അവരെ ശ്രദ്ധിക്കാൻ വേണ്ടി തന്നെയാണ് കവലയിലെ കടയിൽ കയറിയത്. ബസ്സിറങ്ങിയ ആ സ്ത്രീ വാതിലിന്റെ ഒരു സൈഡിൽ ഒതുങ്ങി നിന്നു, കണക്ക് നോക്കി കിട്ടിയ പൈസ പോക്കറ്റിലിട്ട് കൃഷ്ണേട്ടൻ ഇറങ്ങുമ്പോൾ അവരോട് എന്തോ പറയുകയും രണ്ട് പേരും ഒരുമിച്ച് കടയിലേക്ക് കയറുകയും ചെയ്തു…..

വീട്ടിലേക്കുള്ള സാധങ്ങൾ അവർ കടയിൽ നിന്ന് വാങ്ങുമ്പോൾ അവർക്ക് പിന്നിലായി കൃഷ്ണേട്ടനും നിന്നു. വാങ്ങിയ സാധങ്ങൾക്ക് പൈസ കൊടുത്ത് സഞ്ചിയും തൂക്കി കൃഷ്ണേട്ടൻ നടക്കുമ്പോൾ ഒപ്പം ചേർന്ന് ആ സ്ത്രീയും ഉണ്ടായിരുന്നു….

ഇന്നലെവരെ തനിച്ച് ജീവിച്ചവർ, ബസ്സ്‌ ഇറങ്ങി ഇരുട്ടിനെ ഭയന്ന്, സ്വന്തം കുഞ്ഞിനെ കാണാൻ വീട്ടിലേക്ക് വേഗത്തിൽ നടക്കുന്ന സ്ത്രീ, കവലയിലെ കട അടയ്ക്കുന്നത് വരെ കവലയിൽ ഇരുന്ന്, ആരും കാത്തിരിക്കാനില്ലാത്ത വീട്ടിലേക്ക് തനിച്ച് നടക്കുന്ന കൃഷ്ണേട്ടൻ, അവരെ രണ്ടുപേരെയും കുറിച്ച് ഇന്നലെവരെ സമൂഹം ഒന്നും ചിന്തിച്ചിരുന്നില്ല, തനിച്ചായവർ പരസ്പരം താങ്ങായി ഒന്ന് ചേർന്നപ്പോൾ കുറ്റം മാത്രം കാണുന്ന ഒരു സമൂഹം…

ആ ചിന്തകൾക്കൊപ്പം മുഖത്ത് ഒരു ചിരി വിരിയുമ്പോൾ അവർ രണ്ട് പേരും ഇരുട്ടിന്റെ മറവിലേക്ക് കടന്നിരുന്നു……

” നീ ഇന്നെന്താ വീട്ടിൽ ഒന്നും പോകുന്നില്ലേ…. ആ അല്ലേ തന്നെ അവിടെ കാത്തിരിക്കാനൊന്നും ആരുമില്ലല്ലോ എപ്പോ ചെന്നാലും മതിയല്ലോ….”

ചോദ്യവും അതിന്റെ ഉത്തരവും സ്വയം കണ്ടെത്തി സമൂഹത്തിലെ മറ്റൊരു പ്രതിനിധിയായ സുഹൃത്ത് വീട്ടിലേക്ക് പോകുമ്പോൾ, ഇരിട്ടിലേക്ക് മൊബൈലിന്റെ പ്രകാശം തെളിയിച്ച് ഞാനും നടന്നു….

✍️ശ്യാം…