ഹർഷൻ അന്ന് വലിയ റൊമാന്റിക് മൂഡിൽ ആയിരുന്നു. പ്രണയം തുളുമ്പുന്ന ഉദ്ധരണികൾ കൊണ്ട് അവളുടെ ഡിസ്പ്ലേ നിറഞ്ഞു കവിഞ്ഞു…

ചില പെൺ വിശേഷങ്ങൾ…

എഴുത്ത് : ശാലിനി മുരളി

:::::::::::::::::::::

ദുർബലമായ വെയിൽ നാളങ്ങൾക്കിടയിലും ഹോസ്റ്റൽ മുറിയിലെ ജനൽ ചില്ലകളിൽ നനുക്കെ പറ്റിപ്പിടിച്ചു നിന്നിരുന്നു കുറെ മഞ്ഞു തുള്ളികൾ. തലവഴി പുതച്ചു മൂടി കിടക്കുന്ന നവമിയുടെ സമീപം തലേന്ന് വായിച്ചു പകുതിയാക്കിയ ഒരു പുസ്തകം ഉറക്കച്ചടവോടെ കിടന്നിരുന്നു.

വാതിൽക്കൽ ആരോ ശക്തിയോടെ കൊട്ടുന്നത് കേട്ടിട്ടും ഒരു സ്വപ്നത്തിലെന്നവണ്ണം അവൾ കണ്ണുകൾ തുറക്കാൻ മടിച്ചു കിടന്നു. നവമീ വാതിൽ തുറക്കൂ.. ഒരത്യാവശ്യം ഉണ്ട്. അടുത്ത റൂമിലെ റോസ്‌ലിൻ ആണ്. പുതപ്പ് വലിച്ചു മാറ്റി മുഖം രണ്ടു കൈകൾ കൊണ്ടും ഒന്നമർത്തി തുടച്ചു. മുടി മാടിയൊതുക്കി. വാതിൽ തുറന്നതും കൂടെയുള്ള ഒരപരിചിതയായ പെൺകുട്ടിയെ മുറിയിലേയ്ക്ക് കയറ്റി റോസ്‌ലിൻ വാതിൽ അകത്തു നിന്നും വലിച്ചടച്ചു!

ഒന്നും മനസ്സിലായില്ല. കണ്ണുകളിൽ നിന്നിനിയും ഉറക്കം ഇറങ്ങിപ്പോയിട്ടില്ല. രണ്ട് പേരെയും വീണ്ടും ഒന്ന് സൂക്ഷിച്ചു നോക്കി. അല്ല ഉറക്കത്തിൽ കാണുന്ന സ്വപ്നമൊന്നുമല്ല.

ഉറക്കച്ചടവോടെ തങ്ങളെ തുറിച്ചു നോക്കുന്ന നവമിയെ നോക്കി റോസ്‌ലിൻ ചിരിച്ചു.. നീയാദ്യം പോയി മുഖം കഴുകിയിട്ടു വാ..അവൾ ടവൗലുമായി ബാത്‌റൂമിലേയ്ക്ക് പോയി.

റോസ്‌ലിൻ താറുമാറായ കട്ടിലിലേക്ക് ഒന്ന് നോക്കി.പിന്നെ എല്ലാം വൃത്തിയായി വിരിച്ചിട്ടു. അപ്പോഴേക്കും നവമി ഫ്രഷ് ആയി പുറത്തേയ്ക്ക് വന്നു.

ഇതാരാണ്? നീയിരിക്ക്, ഞാൻ എല്ലാം പറയാം..അവൾ വെളുത്തു മെലിഞ്ഞ ആ പെൺകുട്ടിയെ ഒന്ന് നോക്കി. അവളാകട്ടെ ഏതോ കുറ്റം ചെയ്‌തത കുട്ടിയെ പോലെ മുഖം താഴ്ത്തി കളഞ്ഞു!

ഇത് ശ്രീദേവി. എന്റെ അയല്പക്കകാരിയാണ്. എന്നെ അന്വേഷിച്ചു വന്നതാണ്. കുറച്ചു ദിവസം അവൾക്ക് ഇവിടെ ഒന്ന് താമസിക്കണം. റൂം ഒന്നും ഒഴിവില്ല. നിനക്ക് അറിയാല്ലോ എന്റെ റൂമിൽ ആകെ രണ്ടു കട്ടിലും നാലുപേരും ഉണ്ട്!ഇവിടെയാണെങ്കിൽ നീ മാത്രമല്ലെ ഉള്ളൂ..കുറച്ചു ദിവസത്തേയ്ക്ക് മതി. അപ്പോഴേക്കും ഇവളെ വേറെ ഏതെങ്കിലും ഹോസ്റ്റലിൽ ആക്കാം .

നവമി വെറുതെ മുറിയിലാകമാനം ഒന്നു നോക്കി . അതെ! താനിവിടെ ഒറ്റയ്ക്കാണ്. പക്ഷെ ഒഴിഞ്ഞു കിടക്കുന്ന മറ്റേ കട്ടിലിന്റെ അവകാശി എപ്പോൾ വേണമെങ്കിലും കയറി വരാമല്ലോ. അവൾ വരുമ്പോൾ എന്ത് പറയും.. പോരെങ്കിൽ വല്ലാത്ത ചൂടത്തിയും!

നവമിയുടെ ചിന്തകൾക്കുള്ള മറുപടിയെന്നോണം റോസ്‌ലിൻ പറഞ്ഞു. അനുവിന്റെ കാര്യം നീ വിഷമിക്കണ്ട. അവൾ പോയിട്ട് ഇപ്പൊ എത്ര ദിവസങ്ങൾ ആയി. വരുമ്പോൾ നമുക്ക് എന്തെങ്കിലും ചെയ്യാം. ഇപ്പോൾ എനിക്ക് നിന്റെ സമ്മതമാണ് ആവശ്യം. അവൾ വീണ്ടും ശ്രീദേവിയെന്ന പെൺകുട്ടിയെ സൂക്ഷിച്ചു നോക്കി. എങ്ങനെ ഉള്ള ടൈപ് ആണെന്ന് ആർക്കറിയാം. പക്ഷെ കണ്ടിട്ട് എന്തൊക്കെയോ മറച്ചു പിടിക്കാൻ വെമ്പൽ കൊള്ളുന്നത് പോലൊരു പരുങ്ങൽ അവൾക്ക് ഉണ്ടെന്ന് തോന്നി.

റോസ്‌ലിന്റെ മുഖം കണ്ടപ്പോൾ മറുത്തൊന്നും പറയാൻ തോന്നിയില്ല. അവളാണ് പലപ്പോഴും ഓഫിസിലേയ്ക്ക് ലിഫ്റ്റ് തരാറുള്ളത്. ഓക്കേ. താങ്ക്സ് മോളെ എന്ന് പറഞ്ഞവൾ സന്തോഷം പ്രകടിപ്പിച്ചു. ശ്രീദേവി നന്ദി സൂചകമെന്ന പോലെ ഒരു നോട്ടം നോക്കി.

ഇന്ന് എന്തായാലും ഹോളിഡേ ആയതു നന്നായി. ഇവളെ ഒന്ന് നന്നായി പരിചയപ്പെടാമല്ലോ.

രാവിലെ വിസ്‌തരിച്ചൊന്നു കുളിക്കാൻ വലിയ ആഗ്രഹമുണ്ട്. പക്ഷെ അന്തരീക്ഷം അപ്പോഴും തണുത്തുറഞ്ഞു കിടന്നു. ഈ തണുപ്പത്ത് ദേഹത്തേയ്ക്ക് പച്ച വെള്ളം വീഴുമ്പോഴുള്ള അവസ്ഥ ഓർത്തിട്ട് തന്നെ കിടുകിടാ വിറയ്ക്കുന്നു . അമ്മയെ സമ്മതിക്കണം. തണുപ്പായാലും ചൂടായാലും എന്നും ഒരേ ദിനചര്യ തന്നെ.

രാവിലത്തെ കുളിയും ജപവുമൊന്നും അണുവിട തെറ്റിക്കില്ല. എന്തായാലും കുളിക്കാതെ വയ്യല്ലോ. ഷവറിൽ നിന്ന് വീണ കുളിരുകളുടെ ആഘാതത്തിൽ അവൾ തുള്ളിപ്പോയി! ഒടുവിൽ കുളിയും കഴിഞ്ഞു ഒരു മൂളിപ്പാട്ടും പാടി മുറിയിലേക്ക് വരുമ്പോഴും പുതു മുഖം കട്ടിലിൽ എന്തോ ഗഹനമായ ചിന്തയിലായിരുന്നു. ഏയ്‌..എന്താ ഇങ്ങനെ ഇരിക്കുന്നത്.വല്ലതും കഴിക്കണ്ടേ.. എനിക്ക് ഒന്നും വേണ്ട.ചേച്ചി പോയി കഴിച്ചിട്ട് വരൂ..

അതെന്താ.. നമ്മൾ കാശു കൊടുക്കുന്നതല്ലേ.വെറുതെ അല്ലല്ലോ.ഇന്ന് സൺഡേ ആയതു കൊണ്ട് ജലജ ചേച്ചി എന്തെങ്കിലും സ്പെഷ്യൽ ഒക്കെ ഉണ്ടാക്കിയിട്ടുണ്ടാവും.വരൂ..

മടിച്ചു നിന്ന അവളുടെ കയ്യിൽ സ്വാതന്ത്ര്യത്തോടെ പിടിച്ചു വലിച്ചു കൊണ്ട് നവമി ഹാളിലേയ്ക്ക് നടന്നു..അവൾ തന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് പോകുന്ന നവമിയെ ഉറ്റു നോക്കി.എത്ര സുന്ദരിയാണീ ചേച്ചി..എന്തൊരു നിറമാണ്.നടക്കുമ്പോൾ ചുരുണ്ട മുടിയിഴകളിൽ നിന്ന് വീഴുന്ന നനവ് തറയിൽ അനേകം വൃത്തങ്ങൾ വരയ്ക്കുന്നുണ്ടായിരുന്നു!

റോസ്‌ലിൻ നേരത്തെ കഴിച്ചിട്ട് പോയിക്കാണും.അവൾക്ക് സൺ‌ഡേയിലും ഹോസ്പിറ്റലിൽ ഡ്യൂട്ടിയുണ്ട്.നഴ്സ് ആയാൽ ഇതാണ് പ്രശ്നം. ഒരു രാത്രിയോ സൺ‌ഡേയോ ഒന്നും ഒഴിവ് കിട്ടാറില്ല.

തിരിച്ചു റൂമിൽ എത്തിയതും നവമി വീണ്ടും ശ്രീദേവിയെ പിടികൂടി. പറയൂ.എന്തൊക്കെയാണ് കുട്ടിയുടെ വിശേഷങ്ങൾ?വീട്ടിൽ ആരൊക്കെയുണ്ട്? എന്ത് വരെ പഠിച്ചു.ജോലിയുണ്ടോ..?

ചോദ്യവർഷങ്ങളുടെ നീർ ചുഴിയിൽ പെട്ട് അവൾ വല്ലാതെ പകയ്ക്കുന്നുണ്ടായിരുന്നു..വീട്ടിൽ അമ്മയും അനിയത്തിയും മാത്രമാണെന്നും, ഡിഗ്രി പഠനം കഴിഞ്ഞു തുടർന്ന് പഠിക്കാൻ നിവൃത്തിയില്ലാത്തതിനാൽ ചെറിയ ജോലികൾ ചെയ്‌തു അമ്മയെ സഹായിക്കുന്നു. അനിയത്തിയെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കണം.ഇവിടെ ടൗണിലെ ഒരു വലിയ ടെക്സ്റ്റയിൽ ഷോറൂമിൽ സെയിൽസ് ഗേൾ ആയിട്ട് ജോലി ചെയ്യുന്നു.

ഇത്രയും പറഞ്ഞു നിർത്തിയിട്ടും അവളുടെ മുഖത്ത് എന്തൊക്കെയോ ഇനിയും പറഞ്ഞു തീരാത്ത വിശേഷങ്ങൾ അവശേഷിക്കുന്നുണ്ടെന്നു തോന്നി നവമിക്ക്. എല്ലാം പറയുമ്പോഴും എന്തോ ബാക്കി വെക്കുന്നത് പോലെ..വന്നു കയറിയതല്ലേയുള്ളു.കുത്തികുത്തി ചോദിക്കുന്ന രീതി അല്ലെങ്കിൽ തന്നെ അവൾക്കിഷ്ടവുമല്ലായിരുന്നു.

മഞ്ഞു കാലമായത് കൊണ്ടാവും പ്രകൃതി പോലും ഒരു മടിച്ചിയെ പോലെ ഉറഞ്ഞു കിടന്നു..ആ മുറിയിൽ രണ്ട് പേര് അവരുടെ ലോകത്ത് മാത്രം തങ്ങി നിന്നു. നവമി വാട്സ്ആപ്പ് ചാറ്റിങ്ങിൽ ആയിരുന്നു. ശ്രീദേവി നവമി വായിച്ചു പകുതിയാക്കിയ പുസ്തകം ആദ്യം മുതൽക്കേ വായിക്കാൻ തുടങ്ങിയിരുന്നു.

ഹർഷൻ അന്ന് വലിയ റൊമാന്റിക് മൂഡിൽ ആയിരുന്നു. പ്രണയം തുളുമ്പുന്ന ഉദ്ധരണികൾ കൊണ്ട് അവളുടെ ഡിസ്പ്ലേ നിറഞ്ഞു കവിഞ്ഞു. അവൾക്ക് അതൊക്കെ വായിച്ചിട്ടു ചിരിയാണ് വന്നത്.

ഇവൻ ഇപ്പോഴും ഏത് ലോകത്താണ്? വയസ്സ് മുപ്പത്തി മൂന്നായി. വിവാഹം ആലോചിക്കാൻ വീട്ടിലേയ്ക്ക് വരുന്നു എന്ന് പറഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു. നിനക്ക് താല്പര്യം ഇല്ലെങ്കിൽ തുറന്നു പറ.അച്ഛൻ വേറെ ചെക്കനെ കണ്ടു വെച്ചിട്ടുണ്ട്. ഈ കൊനഷ്ട് ഉള്ളത് കൊണ്ട് മാത്രമാണ് ഞാൻ യെസ് മൂളാത്തത്..

നിനക്ക് എന്താണ് ഇത്ര ധൃതി. ഞാൻ അത്രയ്ക്കും കിളവൻ ഒന്നുമായിട്ടില്ലല്ലോ. കാണാൻ സുന്ദരനല്ലേ. ഏത് പെണ്ണും എന്റെ നോട്ടം കണ്ടാലൊന്നു ചൂളി പോകില്ലേ?.നമുക്ക് കുറച്ചു നാളുകൂടി ഇങ്ങനെ അടിച്ചു പൊളിച്ചു ജീവിക്കാം പെണ്ണെ..കെട്ടിക്കഴിഞ്ഞാൽ പിന്നെ ഈ റൊമാൻസൊന്നും ഏഴയലത്തു പോലും ഉണ്ടാവില്ല.ബോറ് പരിപാടി!

അപ്പോൾ നീയെന്നെ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.നിന്റെ ഇഷ്ടത്തിന് തുള്ളുന്ന ഒരു വെറും പെണ്ണെന്നോ?നീ വിളിക്കുന്നിടത്തെല്ലാം വരുന്ന ഒരു വെറും പെണ്ണാകാൻ എന്നെ കിട്ടില്ല.ഇഷ്ടം തോന്നി.അത് സത്യമാണ്.അത് നിന്റെ സൗന്ദര്യം മാത്രം കണ്ടിട്ടല്ല.നല്ല ജോലിയും പെരുമാറ്റവും കൂടി കണ്ടിട്ടാണ്. പക്ഷെ ഇതൊക്കെയാണ് നിന്റെ മനസ്സിലിരിപ്പ് എന്ന് ഞാനറിഞ്ഞില്ല.

അയ്യോ മുത്തേ,ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.നിന്റെ മനസ്സിലിരിപ്പ് അറിയാൻ വേണ്ടി.. ഞാൻ എന്തായാലും അടുത്ത സൺഡേ നിന്റെ വീട്ടിൽ എത്തുന്നതായിരിക്കും.വിത്ത്‌ മൈ ലവ്‌ലി മമ്മ.

എന്തോ മനസ്സിൽ വല്ലാത്ത ഒരു നിരാശയാണ് തോന്നിയത്.ഇതൊന്നും ആയിരുന്നില്ല പ്രതീക്ഷിച്ചത് എന്നൊരു തോന്നൽ.എന്തോ എവിടെയോ ഒരു തൃപ്തിക്കുറവ്.ഇത് മുന്നോട്ട് കൊണ്ട് പോകണോ എന്ന് കുറച്ചു നാളുകൾ ആയി തോന്നിത്തുടങ്ങിയിട്ട്..വിവാഹം വളരെ ബോറാണത്രെ.അപ്പോൾ പിന്നെ താൻ അവന്റെ ആരായിട്ടാണ് കൂടെ നടക്കേണ്ടത്.. മനസ്സ് ജാഗരൂകമായി.ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ് എന്ന് ഉള്ളിലിരുന്ന് ആരോ പറയുന്നുണ്ടോ?

ശ്രീദേവി പുസ്തകം വായിച്ചു ഉറങ്ങിപ്പോയിരുന്നു.വൈകുന്നേരം പിറ്റേന്ന് ജോലിക്ക് ഉടുത്തു കൊണ്ട് പോകാനുള്ള സാരി തേച്ചു മടക്കി വെയ്ക്കുന്ന തിരക്കിൽ ആയിരുന്നു നവമി.

ട്രാവൽ ഏജൻസിയിൽ ആയതു കൊണ്ട് ഡ്രസ്സ്‌ എപ്പോഴും ടിപ്ടോപ്പ് ആയിരിക്കണം എന്നാണ് ഉത്തരവ്.അവിടെ വന്നു കണ്ടാണല്ലോ ഹർഷൻ തന്നെ ഇഷ്ടപ്പെടുന്നതും!

ശ്രീദേവി അന്ന് രാത്രിയിൽ ഉറക്കത്തിൽ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. അവളുടെ ടെക്സ്റ്റയിൽ ഷോപ്പിന്റെ പേര് ചോദിക്കാൻ വിട്ടു പോയിരുന്നു.രാവിലെ മഞ്ഞും കുളിരുമൊന്നും വകവെയ്ക്കാതെ അവൾ ദിനചര്യകളിലേക്ക് കടന്നു. ശ്രീദേവി അപ്പോഴും നല്ല ഉറക്കമായിരുന്നു. തൊട്ട് വിളിച്ചു.എനിക്ക് പോകാനുള്ള ടൈം ആയി. കുട്ടി എപ്പോഴാണ് ഇറങ്ങുന്നത്?അതുകേട്ട് അവളൊന്നു വിരണ്ടത് പോലെ തോന്നി. ഞാൻ.. ഇന്ന് അവധിയിലാണ് ചേച്ചി. വിളിച്ചു പറഞ്ഞിരുന്നു. നല്ല സുഖമില്ല. ഓക്കേ. ടേക്ക് റസ്റ്റ്‌..

റോസ്‌ലിനെ കാണുമ്പോൾ ഒന്ന് ചോദിക്കണം. ഇവൾക്ക് എന്താണ് പ്രശ്നമെന്ന്. പതിവ് പോലെ പുറത്ത് അവളെ കാത്തത് പോലെ റോസ്‌ലിൻ വണ്ടിയുമായി നിന്നിരുന്നു.നീ നല്ല കക്ഷിയെ ആണ് ഏൽപ്പിച്ചു തന്നത്. എന്താടോ അവളുടെ പ്രോബ്ലം?

റോസ്‌ലിൻ ഒന്നും മിണ്ടാതെ വണ്ടി മുന്നോട്ട് എടുത്തു. തണുത്ത കാറ്റ് മുഖത്തേയ്ക്ക് ഒരുപാട് ചുംബനങ്ങൾ നൽകി മറയുന്നു.

എടാ.. അവൾ വീട്ടിൽ നിന്ന് കുറച്ചു നാൾ ഒന്ന് മാറി നിൽക്കാൻ വേണ്ടി എന്റെടുത്തേയ്ക്ക് വന്നതാണ്. പേടിക്കേണ്ട ആളൊന്നുമല്ല കേട്ടോ. ജീവിക്കാൻ വേണ്ടി ജീവിതത്തോട് തന്നെ പൊരുതുന്നവൾ!

ഒന്നും മനസ്സിലായില്ല നവമിക്ക്.എങ്കിൽ പിന്നെ അവൾക്കൊരു ജോലിക്ക് പൊയ്ക്കൂടേ..? അവൾ പോകുന്നിടത്തെല്ലാം ഒരുത്തൻ ചെന്നു ശല്യം ചെയ്യുന്നത് പതിവായത് കൊണ്ടാണ് എങ്ങും പോകാത്തത്. ഏറ്റവും ഒടുവിൽ ജോലിക്ക് നിന്നിടത്തും അവളെ കാണാൻ ചെന്നയാൾ പ്രശ്നമുണ്ടാക്കിയത്രേ. ചോദിക്കാനും പറയാനും ആരുമില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണീ പെരുമാറ്റം. മുൻപ് ജോലിചെയ്‌തിരുന്ന കണ്ണാടി കടയിൽ അവളുടെ കൂടെ ജോലി ചെയ്‌തയാളാണ്. മൊബൈലിൽ അവൾപോലും അറിയാതെ അവളുടെ ഫോട്ടോയും വീഡിയോയും എടുക്കുന്നതാണ് അവന്റെ വിനോദം. ഒരിക്കൽ അത് ചോദ്യം ചെയ്‌തതിനു അവൾ അവന്റെയൊപ്പം കൂടെ കിടന്നു കൊടുത്തിട്ടുണ്ട്. അതിന്റെ വീഡിയോ കയ്യിലുണ്ടെന്നൊക്കെ പറഞ്ഞു കടയിലുള്ളവർ കേൾക്കെ അവളെ അപമാനിച്ചു. അന്ന് അവിടെത്തെ ജോലിയും അവൾക്ക് നഷ്ടമായി . പിന്നീട് എങ്ങോട്ടും പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു. കഴിഞ്ഞ ആഴ്ച രാത്രിയിൽ വീട്ടിൽ കയറി ചെന്ന അവനെ വെട്ടുക ത്തിയെടുത്ത് അവൾ വീശി. അവന്റെ കയ്യ്ക്ക് അഞ്ചെട്ടു കുത്തിക്കെട്ട് ഉണ്ടത്രെ. അതോടെ അവിടെ നിൽക്കാൻ ഭയന്ന് എന്റെ വീട്ടിൽ ആയിരുന്നു പാവം രണ്ടു രാത്രി. അമ്മ വിളിച്ചു പറഞ്ഞപ്പോഴാണ് ഞാൻ കാര്യങ്ങൾ അറിയുന്നത്. ഇവിടെയ്ക്ക് പോരാൻ പറഞ്ഞത് ഞാനാണ്. അവൻ എന്തായാലും ഇങ്ങോട്ട് തപ്പി വരില്ലെന്ന് ഉറപ്പാണ് .

ഒരു സിനിമക്കഥ കേൾക്കുന്ന ഭാവമായിരുന്നു നവമിക്കപ്പോൾ. ദൈവമേ! ഇത്രയൊക്കെ സഹിച്ചതാണോ ആ ദുർബലയായ പെൺകുട്ടി.

അന്ന് ജോലിത്തിരക്കുകൾക്കിടയിൽ ശ്രീദേവിയെ കുറിച്ച് ചിന്തിക്കാൻ പോലും നേരം കിട്ടിയിരുന്നില്ല.ഓർത്തപ്പോഴാകട്ടെ വിളിച്ചു ചോദിക്കാൻ നമ്പർ കയ്യിൽ ഇല്ലല്ലോ എന്ന് എന്നോർത്തത് അപ്പോഴാണ്. മുറിയിൽ ഒരാൾ കൂടിയുണ്ടല്ലോ എന്നോർത്താണ് കടയിൽ നിന്ന് മധുരം കുറച്ചു കൂടുതൽ വാങ്ങിയത്. ജോലി കഴിഞ്ഞുള്ള മടക്കയാത്ര എപ്പോഴും ബസിലായിരുന്നു. റോസ്‌ലിനു നൈറ്റ്‌ ഷിഫ്റ്റ്‌ ഉള്ളപ്പോൾ നവമിയുടെ പകൽ യാത്രകളും ഒറ്റയ്ക്കായിരുന്നു.

ഹോസ്റ്റലിൽ അന്ന് തന്നെ കാത്തിരുന്നത് പോലെ മേട്രൻ മുന്നിൽ വന്നു നിന്നു. നവമിയുടെ റൂമിൽ ഉണ്ടായിരുന്ന ആ കുട്ടിയില്ലേ അത് ഒരു കത്ത് ഏൽപ്പിച്ചിട്ട് ഉച്ചയോടെ മടങ്ങിപ്പോയി.

കത്തുമായി മുറിയിൽ എത്തിയത് വെപ്രാളത്തോടെ ആയിരുന്നു. ഒട്ടും വടിവില്ലാത്ത അക്ഷരത്തിൽ കുറച്ചു വരികൾ. ചേച്ചി എന്നോട് ക്ഷമിക്കണം. ഞാൻ പറഞ്ഞതെല്ലാം കളവാണ്. എന്റെ വീട്ടുകാരെ തനിച്ചു വിട്ടിട്ട് എനിക്കിവിടെ ഒളിച്ചു കഴിയേണ്ട. കൊ ല്ലുന്നെങ്കിൽ കൊല്ലട്ടെ. എങ്കിലും എന്റെ അമ്മയെയും അനിയത്തിയെയും അവൻ തൊടാൻ ഞാൻ സമ്മതിക്കില്ല. എന്റെ വീട്ടിൽ ഇനിയും നല്ല മൂർച്ചയുള്ള മൂന്ന് ക ത്തികളുണ്ട്. പെണ്ണിനൊറ്റയ്ക്ക് ജീവിക്കാൻ ആരുടെയും സഹതാപം വേണ്ട. റോസ്‌ലിൻ ചേച്ചിയുടെ വീട്ടുകാരെപ്പോലെയുള്ള നല്ല മനുഷ്യരുടെ സഹായമുണ്ട് ..ഒരു ദിവസം കൊണ്ട് ഞാൻ നവമി ചേച്ചിയെ ഏറെ ഇഷ്ടപ്പെട്ടു കേട്ടോ. പിന്നെ..ആ ഹർഷനോടുള്ള ബന്ധം അത്ര നല്ലതല്ല. അയാൾ ചീത്തയാണ്. ഞാൻ കണ്ണാടിക്കടയിൽ വെച്ച് മറ്റൊരു പെണ്ണിനോടൊപ്പം അയാളെ അവിടെ കണ്ടിട്ടുണ്ട്. ഒരുത്തനെയും വിശ്വസിക്കരുത്. എല്ലാം ചതിയൻമ്മാരാണ്..

നവമിയുടെ കണ്ണുകൾ മിഴിഞ്ഞു. ഇവളെങ്ങനെ ഹർഷനെ കുറിച്ചറിഞ്ഞു! ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.. അപ്പോഴാണ് കയ്യിലിരുന്ന മൊബൈൽ റിങ് ചെയ്‌തത്. അതിൽ ഹർഷന്റെ ചിരിക്കുന്ന ഫോട്ടോ! ഇന്നലെ എപ്പോഴെങ്കിലും ഹർഷൻ വിളിച്ചിരുന്നോ. താൻ മുറിയിൽ ഇല്ലാതിരുന്ന നേരത്തെപ്പോഴെങ്കിലും.. ഉച്ച നേരത്ത് ശ്രീദേവി ഉറങ്ങുമ്പോഴാണ് താൻ മൊബൈൽ മേശപ്പുറത്ത് വെച്ചിട്ട് പുറത്ത് തുണി വിരിക്കാൻ പോയത്! മൊബൈൽ റിങ് ചെയ്‌തവസാനിച്ചിരുന്നു. പെട്ടന്ന് കാൾ ലിസ്റ്റ് പരിശോധിച്ചു. യെസ്! ഇന്നലെ രണ്ട് മണിക്ക് ശേഷം അവൻ വിളിച്ചിട്ടുണ്ട്. അത് കഴിഞ്ഞായിരുന്നല്ലോ അവനുമായി താൻ ചാറ്റ് ചെയ്‌തത്..

മേശപ്പുറത്ത് ഇരുന്ന ജഗ്ഗ് വായിലേയ്ക്ക് കമഴ്ത്തി കുറെ വെള്ളം കുടിച്ചത് പകുതിയും നിറുകയിലാണ് തടഞ്ഞത്. ചുമച്ചു ചുമച്ച് അവൾ ഒടുവിൽ കണ്ണീരണിഞ്ഞതും സന്ധ്യ വന്നു ചേക്കേറിയതിൽ കൂട് കൂട്ടാനെത്തിയ മഞ്ഞു കൂട്ടങ്ങൾ അവളുടെ മെയ്യിൽ പുണർന്നു തുടങ്ങിയതുമൊന്നും ആ ഇരുട്ടിലവൾ അറിഞ്ഞതേയില്ല.

~ശാലിനി മുരളി