എഴുത്ത്: മഹാ ദേവൻ
==============
പെണ്കുട്ടികളായാൽ ഇച്ചിരി അടക്കോം ഒതുക്കോം ഒക്കെ വേണ്ടേ സാവിത്രി. ഇതിപ്പോ ഇവിടെ ഒരുത്തിയുണ്ട്. ആണുങ്ങളേക്കാൾ മേലെയാ അവള്ടെ നിൽപ്പ്. അച്ഛനെന്നോ അമ്മയെന്നോ ചേട്ടനെന്നോ ഇല്ല. അവളെ കൂട്ടി പുറത്തേക്ക് ഇറങ്ങാൻ പറ്റൂല. ന്തേലും വാങ്ങാൻ കടേൽ കേറിയാ അവിടെ കിടന്ന് അടി ഉണ്ടാക്കും. ന്റെ പോന്നോ..എനിക്ക് മതിയായി “
സ്വന്തം മകളെ കുറിച്ചാണ് ശുഭയുടെ പരാതി. മതിലിനപ്പുറത്തു നിൽക്കുന്ന സാവിത്രിക്കാനെൽ ഇതൊക്കെ കേൾക്കുന്നതോ ഒരു ഹരവും. ഇച്ചിരി കൂടെ കൂട്ടി അപ്പുറത്തും ഇപ്പുറത്തും ഒക്കെ പറയുമ്പോൾ ഒരു സമാധാനവും….
“സത്യം പറയാലോ സാവിത്രി, നിന്റ മോളെ കാണുമ്പോൾ നിക്ക് അസൂയ തോന്നാ..ന്തൊരു അടക്കോം ഒതുക്കവുമാ നിന്റ മോൾക്ക്. ആരോടും അതികം മിണ്ടാനും നിൽക്കില്ല. എന്ത് ചോദിച്ചാലും ഒരു ചിരിയിൽ ഒതുക്കും. അങ്ങനെ വേണം പെൺകുട്ടികൾ. ഇതിപ്പോ ഇവിടെ ഉള്ളത് വാനരന്റെ ജന്മമാ..വെറുതെ ചാടിക്കൊണ്ടിരിക്കും “
ഒരു ദീർഘനിശ്വാസത്തോടെ സ്വന്തം മകളെ കുറ്റം പറയുന്ന ശുഭയെ നോക്കിക്കോ ഉള്ളാൽ പുഞ്ചിരിക്കുമ്പോൾ സാവിത്രി പറയുന്നുണ്ടായിരുന്നു
“ഞാൻ ന്റെ മോളെ അങ്ങനെയാ വളർത്തിയത് ശുഭേ..അവൾക്ക് വീട്ടുകാരെ പേടിയുണ്ട്. വളർത്തുദോഷം ആണെന്ന് ആരെകൊണ്ടും ഞാൻ പറയിക്കില്ല “
ശുഭയ്ക്കിട്ട് ഒന്ന് ശരിക്കും കുത്തിക്കൊണ്ട് ആയിരുന്നു സാവിത്രിയുടെ സംസാരം.
“അല്ലേ ഞാൻ ഒന്ന് ചോദിക്കട്ടെ ശുഭേ, നിന്റ പെണ്ണിന്റ കൂടെ മൂന്നാല് ചെക്കന്മാർ ഇന്നലെ വീട്ടിലേക്ക് കേറിവരുന്നത് കണ്ടല്ലോ. കുറെ ചപ്രതലയന്മാർ. ആരാ അവരൊക്കെ.? “
പാട്ടാക്കാൻ ഒരു വാർത്ത കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു സാവിത്രിയുടെ ചോദ്യം.
“അതോ..അത് അവള്ടെ കൂടെ പഠിക്കുന്ന പിള്ളേരാ….”
അത് കേട്ടതെ സാവിത്രി നെറ്റി ചുളിച്ചു.
“ന്റെ ശുഭേ, അവറ്റകളെ കണ്ടാൽ അറിയാം ക ഞ്ചാ വ് ആകും. അവന്മാരുടെ കൂടെ നടന്നു ഇനി നിന്റ മോളും അതൊക്കെ ഉപയോഗിക്കുന്നുണ്ടോ എന്ന് ആർക്ക് അറിയാം. അതുപോലെ വെടിപ്പും മേനേം ഇല്ലാത്തതുങ്ങളെ ഒന്നും വീട്ടിൽ കേറ്റരുത്. ഒന്നല്ലെങ്കിൽ പ്രായപൂർത്തി ആയ പെണ്ണല്ലേ നിന്റ മോള്. നാളെ ന്തേലും സംഭവിച്ചാൽ… പിന്നെ വയറും പൊ ത്തിപ്പിടിച്ചു മറയ്ക്കാൻ ഒന്നും പറ്റില്ല..ശ്രദ്ധിച്ചാൽ നിനക്ക് കൊള്ളാം. “
കിട്ടുന്ന അവസരത്തിൽ ശുഭയുടെ മനസ്സിലേക്ക് ഒരു തീക്കൊള്ളി കൂടി എറിയുമ്പോൾ അത് നീറിതുടങ്ങിയിരുന്നു ശുഭയിൽ. പക്ഷേ അതവൾ പുറത്തുകാണിക്കാതെ പുഞ്ചിരിച്ചു, “ഏയ്യ്…അവരൊക്കെ നല്ല കുട്ടികളാ..കാഴ്ചയിലല്ലല്ലോ ആരേം വിലയിരുത്തേണ്ടത്. പെരുമാറ്റം കൊണ്ടല്ലേ. “
മനസ്സിൽ ഇച്ചിരി വെപ്രാളമൊക്കെ ഉണ്ടെങ്കിലും അതൊന്നും പുറത്തുകാണിക്കാതെ ശുഭ “ശരി, ഞാൻ പിന്നെ വരാം ” എന്നും പറഞ്ഞ് പോകാൻ തിരിയുമ്പോൾ പിന്നിൽ നിന്നും സാവിത്രി പറയുന്നുണ്ടായിരുന്നു “ശുഭേ, പെണ്ണിന്റ മെല് ഒരു കണ്ണ് വേണേ. പെട്രോളും തീയും അധികം അടുത്താൽ കത്തും ” എന്ന്.
അന്ന് വൈകീട്ട് ശാരി കോളേജ് വിട്ട് വീട്ടിൽ എത്തുമ്പോൾ തന്റെ മനസ്സിലുള്ള സംശയവും ചോദ്യവുമായി ശുഭ അവൾക്ക് മുന്നിലെത്തി.
“ശാരി, നീ എന്തേലും ചോദിക്കുമ്പോൾ ഞങ്ങടെ വായാടിപ്പിക്കാൻ വേണ്ടി വെറുതെ കിടന്ന് ചാടണ്ട. നിന്റ അമ്മയാണ് ഞാൻ, ആ എനിക്ക് അറിയണം നീ ഇവിടെ പോകുന്നു, നിന്റ കൂടെ ഉള്ള ചെക്കന്മാർ എങ്ങനെ ഉള്ളവരാ എന്നൊക്കെ. ക ഞ്ചാ വടിച്ചു കിറുങ്ങി നടക്കുന്ന ഇതുപോലെ കുറെ ഉണ്ട് കോളേജുകളിൽ. അതുപോലെ ഉള്ളവരാണ് നിന്റ കമ്പനി എങ്കിൽ ഇതോടെ നിർത്തിക്കോണം എല്ലാം. അവള്ടെ ഓരോ കൂട്ടുകെട്ട്. “
അമ്മയുടെ ചോദ്യം ശാരിയുടെ വല്ലതെ ദേഷ്യം പിടിപ്പിക്കുന്നുണ്ടായിരുന്നു. ദിവസവും ഓരോ കാര്യങ്ങളെ ചികഞ്ഞു വഴക്കിടാതെ അമ്മയ്ക്ക് പറ്റില്ലെന്ന് അറിയാവുന്നത് കൊണ്ട് അവൾ കലിതുള്ളി.
“എന്റെ അമ്മേ, അമ്മക്കിത് എന്തിന്റെ കെടാണ്? കൂട്ടുകാരായി നാല് ആണ്പിള്ളേര് ഉണ്ടായാൽ അവിടെ പെണ്ണുങ്ങൾ വഴിതെറ്റുമെന്ന് ആരാ പറഞ്ഞത്, അല്ലങ്കിൽ തന്നെ ഒന്ന് ചോദിക്കട്ടെ, ഇച്ചിരി മുടിയും താടിയും വളർത്തി നടന്നാൽ അവർ ക ഞ്ചാ വാണെ ന്ന് അമ്മ എവിടെ നിന്നാണ് പഠിച്ചത്? ഒരാൾക്ക് അവരുടെ ഇഷ്ട്ടങ്ങൾക്ക് അനുസരിച്ചു ജീവിക്കാൻ പാടില്ലേ? അവർ മുടിയൊ താടിയോ നീട്ടി വളർത്തട്ടേ, അതൊക്കെ അവരുടെ ഇഷ്ടം. എനിക്കവരെ ഇതുവരെ മോശക്കാരായി തോന്നിയിട്ടില്ല. അതുകൊണ്ട് ആരേലും ന്തേലും പറയുന്നത് കേട്ട് ഇതുപോലെ തല്ല് കൂടാൻ ന്തേലും കാരണം ഉണ്ടാക്കല്ലേ അല്ലേ “
അവൾ തൊഴുകയ്യോടെ പറഞ്ഞുകൊണ്ട് അകത്തേക്ക് നടക്കുമ്പോൾ ശുഭ ഇനി എന്ത് പറയുമെന്ന് അറിയാതെ അവിടെ തന്നെ നിന്നു.
ആ ഞായറാഴ്ച ഒരു ഫ്രണ്ടിന്റെ കല്യാണത്തിന് പോകാൻ ഇറങ്ങുമ്പോൾ ആയിരുന്നു സാവിത്രി ഓടിക്കിതച്ചു വരുന്നത് കണ്ടത്.
“എന്ത് പറ്റി ചേച്ചി ” എന്ന് ചോദിച്ചുകൊണ്ട് ശാരി അരികിലേക്ക് ചെല്ലുമ്പോൾ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് സാവിത്രി അവൾക്ക് നേരേ ഫോൺ നീട്ടി. അതിലേക്ക് നോക്കിയ അവൾ ഞെട്ടലോടെ സാവിത്രിയെ നോക്കുമ്പോൾ അവർ അലമുറയിട്ടു കരയുകയായിരുന്നു “എല്ലാം പോയല്ലോ മോളെ ” എന്നും പറഞ്ഞ്.
അവരുടെ അലർച്ച കേട്ട് പുറത്തേക്ക് വന്ന ശുഭ കാര്യമെന്തെന്ന് തിരക്കുമ്പോൾ ശാരി കയ്യിലെ ഫോൺ അമ്മയ്ക്ക് നേരേ നീട്ടി.
അതിൽ വിവാഹിതരായി നിൽക്കുന്ന സാവിത്രിയുടെ മോളെയും ഏതോ ഒരു ചെക്കനേയും കണ്ട് അവളും ഞെട്ടി.
“ന്റെ ശുഭേ…ഞാനിതെങ്ങനെ സഹിക്കും. കണ്ടില്ലേ ആ ഒരുമ്പട്ടവൾ കാണിച്ചത്. രാവിലെ അമ്പലത്തിലേക്ക് എന്നും പറഞ്ഞ് പോയതാ. ഇപ്പോൾ ദേ ഇങ്ങനെ…. “
അവരുടെ കരച്ചിലൊരു ഏങ്ങലായി മാറുമ്പോൾ അവരെ സമാധാനിപ്പിക്കാനെന്നോണം ശുഭ പറയുന്നുണ്ടായിരുന്നു “കഴിഞ്ഞത് കഴിഞ്ഞില്ലേ ചേച്ചി. ഇനിപ്പോ കരഞ്ഞിട്ട് ന്ത് കാര്യം. പിന്നെ പയ്യനെ കണ്ടാൽ കുഴപ്പമില്ലന്ന് തോനുന്നു. കാണാനും കൊള്ളാം. അവളെ പോലെ തന്നെ ആകെ ഒരു ഒതുക്കമുണ്ട് “
അമ്മയുടെ സമാധാനിപ്പിക്കൽ കേട്ട് ശാരി അമ്മയെ ഒന്ന് ഇരുത്തി നോക്കി. ഒതുക്കമുള്ള പെണ്ണിന്റ ഒതുക്കമുള്ള ചെക്കനെ ഓർത്തപ്പോൾ അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു. പക്ഷേ, ആ അവസ്ഥയിൽ ചിരിക്കുന്നത് ശരിയല്ലല്ലോ എന്ന് കരുതി വന്ന ചിരിയെ അടക്കിപിടിച്ചുകൊണ്ട് സ്വന്തം ഫോണെടുത്തു അമ്മയ്ക്ക് നേരേ നീട്ടി. അതിലെ വാർത്ത കണ്ട് ഒരു നിമിഷം ഞെട്ടി ശുഭ..
ക ഞ്ചാ വ് കേസിൽ അറസ്റ്റിൽ എന്ന വാർത്തയ്ക്ക് താഴെ അമ്മ പറഞ്ഞ ആ ഒതുക്കമുള്ള ചെക്കന്റെ ഫോട്ടോ നന്നായി ഒതുക്കി കൊടുത്തിട്ടുണ്ടായിരുന്നു..
“ഇനി അത് മിണ്ടണ്ട എന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് ശുഭ ഫോൺ തിരികെ നൽകുമ്പോൾ അത് വാങ്ങി ബാഗിലിട്ട ശാരി പുറത്തേക്ക് ഇറങ്ങുമ്പോൾ പറയുന്നുണ്ടായിരുന്നു “മിന്നുന്നതെല്ലാം പൊന്നല്ല അമ്മേ ” എന്ന്.
അവൾ എന്താണ് ഉദ്ദേശിച്ചത് എന്ന് ശുഭയ്ക്ക് മനസ്സിലായെങ്കിലും കാര്യമെന്തെന്ന് അറിയാതെ സാവിത്രി ഏങ്ങലടിച്ചുകൊണ്ടേ ഇരുന്നു.
ശാരി ഗേറ്റിനരികിൽ എത്തുമ്പോൾ സാവിത്രിയുടെ കരച്ചിൽ കേട്ട് മതിലിൽ നിന്ന് എത്തിനോക്കുന്ന നാട്ടുകാരിൽ ഒരാൾ “എന്ത് പറ്റി മോളെ ” എന്ന് ചോദിക്കുന്നുണ്ടായിരുന്നു.
അവൾ ചിരിയോടെ മറുപടിയും പറഞ്ഞ് വേഗം മുന്നോട്ട് നടന്നു….
“ഒന്നുമില്ലെന്റെ ചേച്ചി.. മിണ്ടാപ്പൂച്ച ഒരു കലം ഉടയ്ച്ചതാ!!! “
~ദേവൻ