മുഖപുസ്തകത്തിലെ മുഖമില്ലാത്തവർ…
എഴുത്ത്: നിഷ പിള്ള
==============
“ഓപ്പോളേ “
സ്വാതി നീട്ടി വിളിച്ചു….
ഇതൊന്നുമറിയാതെ ശ്രുതി തന്റെ പുതിയ ഐഫോണിൽ പാട്ടും കേട്ടിരിക്കുകയാണ്
“പാവം അങ്ങനെങ്കിലും ഒന്ന് സന്തോഷിച്ചു കൊള്ളട്ടെ.”
അവൾ കുറെ നേരം നോക്കി നിന്നു. അച്ഛന്റെ ചേട്ടന്മാരുടെ മക്കൾ വിളിച്ചത് കേട്ടാണ് സ്വാതിയും ചേച്ചിയെ ഓപ്പോൾ എന്ന് വിളിച്ചു തുടങ്ങിയത്. പൊതുവെ അധികം സംസാരിക്കാത്ത ആളാണ് ശ്രുതി ഓപ്പോൾ.
ഓപ്പോളുടെ കല്യാണം കഴിഞ്ഞു, അച്ഛൻ്റെ റിട്ടയർമെന്റ് കഴിഞ്ഞു, സ്വാതിക്ക് ജോലി കിട്ടി, പിന്നെ ഓപ്പോൾ വിധവയുമായി…എല്ലാത്തിനും പാലക്കാട്ടെ പുതിയ വീട് സാക്ഷിയുമായി.
ഓപ്പോളുടെ സന്തോഷമാണ് ഇപ്പോൾ വീടിന്റെ സന്തോഷം. ബാൽക്കണിയിലെ മുല്ലവള്ളിയുടെ ചുവട്ടിലിരുന്നു ഓപ്പോള് പാട്ടു കേൾക്കുന്നത് അടുക്കളയിൽ നിന്ന് അമ്മയും ഉമ്മറത്തിരുന്നു അച്ഛനും തൊട്ടു പുറകിൽ നിന്ന് സ്വാതിയും കേൾക്കുന്നുണ്ട്.
സ്വാതി ഓപ്പോളെക്കുറിച്ചു ആലോചിക്കുകയായിരുന്നു. നീണ്ടു മെലിഞ്ഞ നല്ല ഉയരവും നിറവുമുള്ള രണ്ടായി മെടഞ്ഞിട്ട ചെമ്പിച്ച മുടിയോട് കൂടിയ ഓപ്പോൾ…സ്കൂളിലെ മിടുക്കിയായ ഓപ്പോൾ, പഠിക്കാൻ രണ്ടാമതാണെങ്കിലും നൃത്ത നൃത്യത്തിൽ ഒന്നാം സ്ഥാനം. ധാരാളം ആരാധകർ ചുറ്റുവട്ടത്തുണ്ടെങ്കിലും ആരോടും മിണ്ടാത്ത നാണം കുണുങ്ങിയ ഓപ്പോൾ. എല്ലാവർക്കും ഓപ്പോളേ കുറിച്ച് നല്ലതു മാത്രമേ പറയാനുണ്ടായിരുന്നുള്ളു.
പക്ഷെ ഓപ്പോളേ കുറിച്ചുള്ള ധാരണകൾ ഒക്കെ പൊളിഞ്ഞ ഒരു സംഭവമുണ്ടായി. ഓപ്പോളും കൂട്ടുകാരി സന ബഷീറും കൂടെ റോഡ് ക്രോസ്സ് ചെയ്യാനായി സ്കൂളിന്റെ മുന്നിൽ നില്കുമ്പോളാണ് ബെല്ലില്ലാത്ത സൈക്കിളിൽ കടന്നു വന്ന പ്രമോദ് സുബ്രമണ്യൻ സനയെ ഇടിച്ചു തെറിപ്പിച്ചത്. സന ഒന്ന് വട്ടം കറങ്ങി നിലത്തു വീണു. പ്രമോദും സൈക്കിളും നേരെ പോയി സ്കൂൾ മതിലിൽ ഇടിച്ചു നിലത്തു വീണു. ഓപ്പോൾ സനയെ പിടിച്ചു ഉയർത്തിയപ്പോഴാണ്, കാലും കയ്യും ഉരഞ്ഞു ചോ ര വരുന്നത് കണ്ടത്. ചോ ര കണ്ടപ്പോൾ സനയുടെ ധൈര്യം ചോർന്നു, അവൾ ഉച്ചത്തിൽ കരയാൻ തുടങ്ങി. ആദ്യത്തെ ആശയകുഴപ്പം മാറിയപ്പോൾ ഓപ്പോൾ ഓടി ചെന്ന് പ്രമോദിനെ പൊക്കിയെടുത്തു രണ്ടു പെട കൊടുത്തു. പിന്നെ കുറെ തെ റിയും പറഞ്ഞു. അരിശം തീരാഞ്ഞു പ്രമോദിന്റെ സൈക്കിളിൽ രണ്ടു ചവിട്ടും കൊടുത്തു.
സംഭവം അറിഞ്ഞു സ്കൂളിന് പുറത്തു വന്ന ബാലൻ മാഷും നാസർ മാഷും ഓപ്പോളുടെ രൗദ്രഭാവം കണ്ടാദ്യം പിന്മാറി. പിന്നെയാണ് പരിക്കേറ്റു കിടന്ന സനയെയും പ്രമോദിനെയും ഓഫീസ് മുറിയിലേക്ക് മാറ്റിയത്. സ്കൂളിലെ ഒന്നാം സ്ഥാനക്കാരനായ പ്രമോദിന്റെ അച്ഛൻ സനയുടെ വീട്ടിൽ ചെന്ന് പ്രശ്നങ്ങൾ പറഞ്ഞു പരിഹരിച്ചു. പക്ഷെ രൗദ്രഭാവം പൂണ്ടു നിന്ന ഓപ്പോളുടെ മുഖം ആരും മറന്നതുമില്ല.
ആ സംഭവത്തിനു ശേഷം ഓപ്പോൾക്കു സ്കൂളിൽ ഒരു ഇരട്ടപ്പേര് വീണു. “ചിന്നമസ്ത ” ഭദ്രകാളിയുടെ മറ്റൊരു പേരാണ്..ഭദ്രകാളിയെന്നു വിളിക്കാൻ പോലും ആരും ധൈര്യപ്പെട്ടില്ല.
ഓപ്പോളും സനയും പ്രമോദും നഴ്സറി സ്കൂൾ മുതൽ ഒരേ ക്ലാസ്സിൽ പഠിക്കുകയാണ്. പ്രമോദിന് ഒപ്പോളോട് പ്രണയമാണെന്ന് സ്കൂളിൽ ഓപ്പോളിനൊഴിച്ചു മറ്റെല്ലാവർക്കും അറിയാം. മാഷന്മാരും ടീച്ചർമാരും ഓപ്പോളുടെ പുറകിൽ രണ്ടടി അകലത്തിൽ ആരാധനയോടെ നടക്കുന്ന പ്രമോദിനെ പലപ്പോഴും കയ്യോടെ പിടിച്ചിട്ടുണ്ട്. ഓപ്പോൾ പത്താം ക്ലാസ്സിൽ ആയിരുന്നപ്പോൾ ഏഴാം ക്ലാസ്സിൽ പഠിച്ചിരുന്ന സ്വാതിക്ക് പോലും പ്രമോദിനോട് സഹതാപം തോന്നിയിട്ടുണ്ട്. ഒരിക്കൽ ഓപ്പോൾ കേൾക്കാതെ അവൾ അമ്മയോട് പറഞ്ഞു ഓപ്പോളിന്റെ ഹൃദയം കരിങ്കല്ല് ആണെന്ന്. അന്ന് അമ്മ അവളെ കുറെ വഴക്കും പറഞ്ഞിട്ടുണ്ട്
ആ സംഭവത്തിനു ശേഷം പ്രമോദ് സുബ്രഹ്മണ്യൻ ഓപ്പോളിന്റെ മുന്നിൽ വരാറില്ല. ക്ലാസ്സിൽ അവസാനം കയറുകയും ആദ്യം ഇറങ്ങി പോകുകയും ചെയ്യുന്ന പ്രമോദിനെയാണ് പിന്നെ കണ്ടിട്ടുള്ളത്
ഓപ്പോളിനു ഈ ഭൂമിയിൽ ഏറ്റവും ഇഷ്ടവും വിശ്വാസവും അച്ഛനെ ആയിരുന്നു. അച്ഛൻ എന്ത് പറഞ്ഞാലും ഒരു എതിർപ്പുമില്ലാതെ ഓപ്പോൾ അനുസരിക്കുമായിരുന്നു. ബിരുദാനന്തര ബിരുദ പഠനം കഴിഞ്ഞപ്പോൾ അച്ഛന്റെ കൂടെ റെയിൽവേയിൽ ജോലി ചെയ്തിരുന്ന വിശ്വനാഥൻ മാമന്റെ മകന്റെ ആലോചന വന്നു. സുരേഷേട്ടൻ മിടുക്കനും സൽസ്വഭാവിയുമായിരുന്നു. ചെന്നൈയിലെ ഒരു പ്രൈവറ്റ് ബാങ്കിലായിരുന്നു ജോലി. അച്ഛന് ഇഷ്ടമായത് കൊണ്ട് ഓപ്പോൾ സമ്മതം മൂളി. അമ്മയ്ക്ക് കല്യാണത്തിന് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. പക്ഷെ അച്ഛന്റെ ഇഷ്ടത്തിന് എതിരു പറയാനുള്ള ധൈര്യം അമ്മയ്ക്കില്ലായിരുന്നു.
ഓപ്പോളുടെ കല്യാണം ഗംഭീരമായി നടത്തി. സ്വാതി എൻജിനീയറിങ് പഠനത്തിന് ഹോസ്റ്റലിൽ ആയതോടെ അച്ഛനും അമ്മയും വീട്ടിൽ തനിച്ചായി. വല്ലപ്പോഴും വരുന്ന ഓപ്പോളുടെ സാന്നിദ്യം വീട്ടിൽ ഉത്സവ ലഹരിയായി. ഓപ്പോളിനെ ജോലിക്കു വിടാനൊന്നും സുരേഷേട്ടന് ആഗ്രഹമുണ്ടായില്ല. കല്യാണം കഴിഞ്ഞു മൂന്നു വർഷമായിട്ടും ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ഓപ്പോളിനു കിട്ടിയതുമില്ല. അപ്പോഴേക്കും സ്വാതിയുടെ പഠനം കഴിഞ്ഞു അവൾക്കു നല്ലൊരു ജോലി തരമായി. അവൾക്കു കൂടെ ജോലി ചെയ്യുന്ന ഹരികൃഷ്ണനുമായി ഒരു പ്രേമബന്ധവുമുണ്ടായി.
സുഹൃത്തുക്കളോടൊപ്പം മൈസൂരിലേക്ക് ഒരു ട്രിപ്പ് പോയ സുരേഷ്, അവിടെ വച്ചുണ്ടായ ഒരു റോഡ് ആക്സിഡന്റിൽ മൂന്നു സുഹൃത്തുക്കളോടൊപ്പം മരണപെട്ടു. അവിചാരിതമായ ആ സംഭവത്തിൽ ഒപ്പോളാകെ തകർന്നു പോയി. അച്ഛനും അമ്മയും കൂടെ നിന്ന് പരിചരിച്ചെങ്കിലും തിരികെ ഓപ്പോളേ നാട്ടിലേക്കു വിടാൻ സുരേഷേട്ടന്റെ മാതാപിതാക്കൾ സമ്മതിച്ചതുമില്ല. ഓപ്പോൾ ആ വീട്ടിൽ അടിമയെ പോലായി.
അപ്പോഴാണ് സ്വാതിയും സുഹൃത്തുക്കളും ഒരു ഓഫീസ് ട്രിപ്പിൽ ചെന്നൈയിൽ എത്തുന്നത്. മറ്റുള്ളവർ കറങ്ങാൻ പോയപ്പോൾ സ്വാതി ഹരികൃഷ്ണനെയും കൂട്ടി ഓപ്പോളേ കാണാനെത്തുന്നത്, അവളുടെ ഫോണിൽ വന്ന ഒരു അജ്ഞാത ഫോൺകാൾ കാരണമായിരുന്നു. “your sister in danger” അത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്തു.
അവർ ഫ്ലാറ്റിന്റെ ഡോർ ബെല്ലടിച്ച് അഞ്ചു മിനിറ്റോളം കാത്തു നിന്നപ്പോഴാണ് വാതിൽ മെല്ലെ തുറന്നത്. ഓപ്പോൾ ഒറ്റയ്ക്കായിരുന്നു അവിടെയപ്പോൾ. വാതിലിനിടയിലൂടെ തന്നെ നോക്കി നിന്ന ഓപ്പോളിനെ കണ്ടു സ്വാതി ഞെട്ടി പോയി..പഴയ ഓപ്പോളിന്റെ പേക്കോലം. തങ്ങൾ വന്നകാര്യം ആരും അറിയണ്ടായെന്നു മുന്നറിയിപ്പ് കൊടുത്തു സ്വാതി ഹരിയേയും കൂട്ടി ഫ്ലാറ്റിൽ നിന്നിറങ്ങി.
നാട്ടിൽ വന്നു വലിയ ബഹളമുണ്ടാക്കി അച്ഛനെയും ബന്ധുക്കളെയും കൂട്ടി അവൾ വീണ്ടും ചെന്നൈയിലെ ഫ്ലാറ്റിൽ പോയി. അവിടെ നിന്ന് പോലീസിന്റെ സഹായത്തോടെ ബലമായി ആണ് ഓപ്പോളേ നാട്ടിലേക്കു തിരിച്ചു കൊണ്ട് വന്നത്.
ഭർതൃ വീട്ടിലെ ഒറ്റപ്പെടൽ ഓപ്പോളിനെ വീണ്ടും വിഷാദ രോഗിയാക്കി മാറ്റിയിരുന്നു. അവരുടെ കാലം കഴിയുന്നവരെ തങ്ങളെ സംരക്ഷിച്ചു പുത്രവധു അവിടെ കൂടെ കഴിയണമെന്ന സുരേഷിൻ്റെ മാതാപിതാക്കളുടെ സ്വാർത്ഥതയും, വിധവയെ പോലെ കൊടും പീ ഡനം അനുഭവിക്കേണ്ടി വന്നതും ഉറക്കം പോലും അടുക്കളയിലെ വെറും നിലത്തായിരുന്നു.
നാട്ടിലെത്തി ഓപ്പോളേ പഴയ മട്ടിലാക്കാൻ കുറെ പാട് പെട്ടു.
സുഹൃത്തുക്കളുമായി ആലോച്ചിട്ടാണ് ഓപ്പോളിനൊരു പുതിയ ഐഫോൺ വാങ്ങി കൊടുക്കാൻ പ്ലാനിട്ടത്. യൂട്യൂബും ഫേസ് ബുക്കും ഒക്കെ ഓപ്പോളേ സ്വാധീനിക്കട്ടേന്ന് കരുതിയാണ്. പുതിയ ഫേസ് ബുക്ക് അക്കൗണ്ട് വഴി പഴയ സുഹൃത്തുക്കളുമായി ഓപ്പോളേ കണക്ട് ചെയ്യാനാഗ്രഹിച്ചത്.
ഭർത്താവുമൊത്തു വിദേശത്തായിരുന്ന സന ബഷീർ ഇപ്പോൾ സന ഹാരിസ് ആയി മാറിയിരുന്നു. സനയുമായി എട്ടു വർഷത്തിന് ശേഷം സംസാരിക്കാൻ പറ്റി. പഴയ പത്താം ക്ലാസിന്റെ വാട്സ് ആപ്പ് കൂട്ടായ്മ. അങ്ങനെ ഓപ്പോളേ മാറ്റാൻ വേണ്ടി അവൾക്കു കുറെ പാട് പെടേണ്ടി വന്നു.
അങ്ങനെ ഓപ്പോൾ മാറി മാറി പഴയ ഒപ്പോളാകാൻ തുടങ്ങി. പഴയ നൃത്തമൊക്കെ പൊടിതട്ടിയെടുത്തു. അതിനായി വീടിനടുത്തുള്ള സുമതി ടീച്ചറുടെ കലാക്ഷേത്രയിൽ ചേരുകയും ചെയ്തു.
ഈയിടെയായി ഓപ്പോളിൽ ചിലമാറ്റങ്ങൾ തുടങ്ങിയത്…
കൂടുതൽ സമയം ഫോണിൽ തന്നെയാണ്. അപ്പോൾ ശ്രുതി പരിസരം മറന്നിരിക്കുകയും ചെയ്തു. ഇപ്പോൾ അതാണ് എല്ലാവർക്കും പ്രശ്നം. അതിനു കാരണക്കാരിയായി എല്ലാവരും അവളെയാണ് കുറ്റപ്പെടുത്തുന്നതു. അത് കൊണ്ട് അവളിപ്പോൾ ഓപ്പോളിന്റെ പുറകെയാണ്. ഒരേമുറി ഷെയർ ചെയ്യുന്നവരാണെങ്കിലും സംശയാസ്പദമായി ഒന്നും അവൾ കാണുന്നുമില്ല. ഇനി തുറന്നു ചോദിക്കാമെന്ന് കരുതുന്നു…
ഒടുവിൽ ഒപ്പോളോട് തുറന്നു ചോദിയ്ക്കാൻ തന്നെ തീരുമാനിച്ചു.
“ഓപ്പോളേ എന്തായിത്ര ആലോചന. ഇപ്പോഴും തിരക്കാണല്ലോ.”
“ഞാൻ ഒരാളുടെ പുറകേയാ, ഫേസ് ബുക്കിൽ .”
“ആരുടെ പുറകിൽ ?”
“ഞങ്ങളുടെ പത്താം ക്ലാസ് ബാച്ചിൽ 52 കുട്ടികളായിരുന്നു. രണ്ടു പെൺകുട്ടികൾ ഇപ്പോൾ ഇല്ല ,ഒരാൾ ആ ത്മഹത്യ ചെയ്തു. ഒരാൾ കാൻസർ ബാധിച്ചു മരിച്ചു. ആൺകുട്ടികളിൽ ഒരാൾ പ്ലെയിൻ അപകടത്തിൽ മരണപെട്ടു. ഇപ്പോൾ വെറും 49 ആളുകൾ മാത്രം. വാട്സാപ്പ് ഗ്രൂപ്പിൽ ഞാനടക്കം 38 പേരുണ്ട്. പതിനൊന്നുപേരെ കുറിച്ച് ഒരു വിവരവുമില്ല. ഓരോരുത്തരെ കണ്ടെത്തി കൊണ്ടിരിക്കുന്നു. ഫേസ് ബൂക്കിലൂടെ .”
“ഓപ്പോളിനു വേറെ പണിയൊന്നുമില്ലേ, അവർക്കു താല്പര്യമുണ്ടെങ്കിൽ വന്നോളും. ജീവിത സാഹചര്യങ്ങളുടെ വിഷമതകൾ മൂലമാകാം ഇതിൽ നിന്നൊക്കെ വിട്ടു നില്കുന്നത്. കൂടെ പഠിച്ചവരൊക്കെ സമൂഹത്തിൽ ഒരു നിലയിലെത്തി, ഞാൻ ആരും ആയില്ല എന്ന അപകർഷതാ ബോധമാകാം. ഒരു പക്ഷെ അവരെ പിന്നോട്ട് വലിക്കുന്നത്.”
“ഉം……അതെന്തോ ആയിക്കോട്ട്, അതല്ല എന്റെ ഇപ്പോഴത്തെ പ്രശ്നം. ഒരു ഖുശിയാണ്. ഒരു പെണ്ണ് എന്നെ ശല്യം ചെയ്യുന്നു. അതാണിപ്പോഴത്തെ എന്റെ പ്രശ്നം.”
“ഖുശി.. അതാരാ? അതെങ്ങനെയാ ഓപ്പോളുടെ പ്രശ്നമാകുന്നത്.”
“ഈയിടെയായി khushi123 എന്നൊരു ഫേസ്ബുക് ഐ ഡി യിൽ നിന്നും എനിക്ക് ധാരാളം മെസ്സേജ് വന്നുകൊണ്ടിരിക്കുന്നു..എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന ആരോ ആണ്. എന്റെ നൃത്തവും സ്കൂളിലെ ഓരോ സംഭവങ്ങളും എന്നെ ഓർമിപ്പിക്കുന്നു .”
“ഖുശി എന്ന പേരിൽ സ്കൂളിൽ ആരും ഉണ്ടായിരുന്നില്ലല്ലോ. ഇതാരോ ഓപ്പോളിനെ പറ്റിക്കാൻ ചെയ്യുന്നതാണ്. ഓപ്പോളിന്റെ ഫേസ് ബുക്ക് ഐ ഡി ആർക്കെങ്കിലും ഷെയർ ചെയ്തിരുന്നോ? ഫേസ് ബുക്കിൽ പലതരത്തിലുള്ള ഫ്രോഡുകൾ ഒളിഞ്ഞിരുപ്പുണ്ട്. സ്വന്തമായി പേരും മുഖവും വ്യക്തിത്വവും ഇല്ലാത്തവർ. ഇതൊരു ഫേക്ക് ഐ ഡി ആകും. എന്തായാലും നമുക്ക് കണ്ടു പിടിക്കാം.”
“എൻ്റെപ്പോളെ രാഷ്ട്രീയവും വർഗ്ഗീയതയും കപടപ്രണയത്തിനും ഒക്കെ ഒരു വേദിയാണ് ഈ മുഖപുസ്തകം. കണ്ടു പിടിക്കില്ലായെന്ന് ഉറപ്പിലാണ് അവരിങ്ങനെ മുഖം മറഞ്ഞിരിക്കുന്നത്. മുഖമില്ലാത്ത ആ കൂട്ടരെ വിശ്വസിക്കണ്ട. പേടിത്തൂ റികൾ.”
പിറ്റേന്ന് ഓഫീസിലെത്തിയപ്പോൾ അവളതു ഹരികൃഷ്ണനോട് ഷെയർ ചെയ്തു. അത് കേട്ട് ഹരിയാണവളെ ഓർമ്മിപ്പിച്ചത്.
“നിനക്ക് ചെന്നൈയിൽ വച്ചൊരു അനോണിമസ് കാൾ വന്നില്ലായിരുന്നോ? അത് ട്രൂ കാളറിൽ രജിസ്റ്റർ ചെയ്തിരുന്നത് ഖുശി എന്ന പേരിലായിരുന്നല്ലോ. ആരായാലും അത് ഓപ്പോളിന്റെ അഭ്യുദയകാംക്ഷിയാണ്..പക്ഷെ, അത് പെണ്ണല്ല,പുരുഷനാണ്. ആ ശബ്ദത്തിന്റെ മുഴക്കം ഇന്നും ഞാനോർക്കുന്നു..”
“ആണുങ്ങൾക്ക് ഖുശി എന്നാരെങ്കിലും പേരിടുമോ?”
“അതും ശരിയാ, പക്ഷെ ഖുശി എന്നാലെന്താണ്? സന്തോഷം, ഹാപ്പിനെസ്സ് എന്നൊക്കെയല്ലേ.ആ അർഥം വരുന്ന പുരുഷ നാമങ്ങൾ ഏതൊക്കെയാണ്?
“ആനന്ദ്, ജോയ്, ഹർഷ്, പ്രഹർഷ്, പ്രമോദ്, സാനന്ദ് അങ്ങനെ കുറെ പേരുകളുണ്ടല്ലോ.”
“ഈ പേരിലാരെങ്കിലും ഓപ്പോളിന്റെ ക്ലാസ്സിലോ, പരിചയത്തിലോ ഉണ്ടോ?”
“ഓർമ വരുന്നില്ല, ഓപ്പോളിനോട് ചോദിക്കാം, ആ ഹാ, ഒരു പ്രമോദ് സുബ്രഹ്മണ്യൻ ഉണ്ടായിരുന്നു ക്ലാസ്സിൽ, ഓപ്പോളോട് വൺ സൈഡ് പ്രണയമുണ്ടായിരുന്നു കക്ഷിക്ക്. ഇനിയത് അയാളാകുമോ.”
വീട്ടിൽ ചെന്നപ്പോൾ ഓപ്പോൾ ബാൽക്കണിയിലെ മരബെഞ്ചിലിരുന്നു മുല്ല മാല കോർക്കുന്നു. മുഖവുരയില്ലാതെ സ്വാതി ചോദ്യം ഉന്നയിച്ചു.
“ഓപ്പോൾ കല്യാണത്തിന് മുൻപ് ആരെയെങ്കിലും പ്രേമിച്ചിരുന്നോ? “
ഓപ്പോൾ പൊട്ടിത്തെറിക്കുമെന്നു കരുതിയെങ്കിലും മറുപടി ഒരു പൊട്ടിച്ചിരിയിൽ ഒതുക്കി.
“ഓപ്പോളേ ആരെങ്കിലും പ്രേമിച്ചിരുന്നോ? “
“അറിയില്ല.”
തല ഉയർത്താതെയുള്ള മറുപടിയായിരുന്നു അത്.
“ഓപ്പോൾക്കു പ്രമോദ് സുബ്രഹ്മണ്യനെ ഓർമ്മയുണ്ടോ? ആ ബാങ്ക് മാനേജരുടെ മകൻ .”
ഒപ്പോളൊന്നു ഞെട്ടിയ പോലെ തോന്നി.
“ക്ലാസ്സിലുണ്ടായിരുന്നു. ഇപ്പോളെവിടെയാണെന്നറിയില്ല.”
“ഇപ്പോൾ ഓപ്പോളിന്റെ തൊട്ടടുത്ത് തന്നെയുണ്ട് അയാൾ. ഓപ്പോളിന്റെ വിരൽ തുമ്പത്തു.”
ഓപ്പോൾ ആശ്ചര്യത്തോടെ അവളെ നോക്കി.
“ഞെട്ടണ്ട…അയാൾക്ക് ഓപ്പോളേ ഭയങ്കര ഇഷ്ടമായിരുന്നു..അന്നത്തെ സൈക്കിൾ സംഭവത്തിനു ശേഷം അയാൾക്ക് ഓപ്പോളേ ഭയങ്കര പേടിയായി. പക്ഷെ ഒപ്പോളോടുള്ള അയാളുടെ പ്രണയം കുറഞ്ഞതുമില്ല. അയാളിപ്പോഴും കല്യാണമൊന്നും കഴിക്കാതെ ഓപ്പോളിന്റെ ഒരു മറുപടിക്കായി കാത്തിരിക്കുകയാണ്.”
“പക്ഷെ ഞാൻ…അയാൾ…?”
“അയാളിപ്പോൾ ഇന്ത്യൻ ആർമിയുടെ ക്യാപ്റ്റൻ പ്രമോദ് സുബ്രഹ്മണ്യനാണ്..ഇപ്പോൾ പഞ്ചാബിലുണ്ട്. ഓപ്പോളുടെ ചെന്നൈയിലുള്ള അവസ്ഥ എന്നോട് വിളിച്ചു പറഞ്ഞത് അയാളാണ്. ഓപ്പോൾ ഖുശിക്കു ഒരു മെസ്സേജ് അയക്കു ഫേക്ക് ഐ ഡി യിൽ നിന്നും പുറത്തു വരാൻ. നേരിട്ട് കാണാമെന്നു.”
ഓപ്പോളുടെ മെസ്സേജ് കിട്ടിയപ്പോൾ തന്നെ പ്രമോദ് ഓപ്പോളിനെ വിളിച്ചു സോറി പറഞ്ഞു. മാർഗം തെറ്റായിരുന്നുവെങ്കിലും ലക്ഷ്യം നല്ലതായിരുന്നുവെന്നും. അയാളെ പോലെ ഉത്തരവാദമുള്ള പോസ്റ്റിലിരിക്കുന്നൊരാൾ ഇങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ലെന്നും, അയാളുടെ ജോലിയെ തന്നെ ബാധിക്കുമെന്നും. നാട്ടിൽ വരുമ്പോൾ കാണാമെന്നു പറഞ്ഞയാൾ ബൈ പറഞ്ഞു. ഓപ്പോളിനോട് വീണ്ടും മാപ്പു ചോദിച്ചു കൊണ്ടാണ് പിരിഞ്ഞത്.
ലീവിന് വന്ന പ്രമോദിനെ കാണാൻ സ്വാതിയും ഹരികൃഷ്ണനും ശ്രുതിയോടൊപ്പം പോയി. ഒരു റെസ്റ്റോറന്റിന്റെ എ സി റൂമിലിരുന്ന് വിയർക്കുന്ന പ്രമോദിനോട് ആദ്യം സംസാരിച്ചത് ഒപ്പോളായിരുന്നു.
“പ്രമോദ് എന്താ വിവാഹം കഴിയാഞ്ഞത്?.”
“എന്റെ മനസ്സിൽ ഒരു പെൺകുട്ടിയുണ്ടായിരുന്നു. ഞാൻ അവളറിയാതെ അവളുടെ പിന്നാലെ ഉണ്ടായിരുന്നു. ഒരിക്കൽ അവളെ നോക്കി സൈക്കിൾ ചവിട്ടി വന്ന ഞാൻ അവളുടെ കൂടെ വന്ന പെൺകുട്ടിയെ അറിയാതെ ഇടിച്ചു വീഴ്ത്തി. ശ്രുതിയെന്ന ആ പെൺകുട്ടി ആദ്യമായി സംഹാര രുദ്രയായതു ആ സ്കൂളും നാട്ടുകാരും ഒന്നടങ്കം അത്ഭുതത്തോടെ കണ്ടു. എന്റെ പ്രണയം അന്ന് തീർന്നതായി എനിക്ക് തോന്നി. എന്റെ സൈക്കിളിൽ ഞാനൊരു ബെൽ ഫിറ്റ് ചെയ്തു. ആ ബെല്ലിന്റെ ശബ്ദം കേൾക്കുമ്പോൾ ബാല്ക്കണിയിലേക്കു ഓടി വന്നു നിൽക്കുന്ന ഒരു പെൺകുട്ടി !!അവളെന്നെ വീണ്ടും അത്ഭുതപ്പെടുത്തി. എല്ലാവരുടെയും മുന്നിൽ വച്ച് എന്നെ അവഗണിച്ചുവെങ്കിലും, എന്നെ കാത്ത് വഴിയിൽ നിൽക്കുന്ന ശ്രുതിയെ ആണ് പിന്നെ ഞാൻ കണ്ടത്..കണ്ണുകൾ കൊണ്ട് ഞങ്ങൾ എന്നും സംസാരിക്കുമായിരുന്നു..പത്താം ക്ലാസ്സിൽ റാങ്ക് കിട്ടിയപ്പോൾ എന്നെ അനുമോദിക്കാൻ കൂടിയ സമ്മേളനത്തിൽ ആരും കാണാതെ ശ്രുതിയെനിക്കൊരു സമ്മാനം തന്നിരുന്നു.”
അയാൾ പേഴ്സിൽ നിന്നും ഒരു പേപ്പർ നിവർത്തി കാണിച്ചു..സ്റ്റേജിൽ നൃത്തം ചെയ്യുന്ന ഒരു പെൺകുട്ടി,.അടുത്ത് നിൽക്കുന്ന മെഡൽ ധരിച്ച ഒരു പൊടിമീശക്കാരൻ. താഴെ ശ്രുതിയെന്നു ഒപ്പു വച്ചിരിക്കുന്നു.
“അന്ന് മുതൽ എന്റെ മനസ്സിൽ ശ്രുതിയാണ്, ആ സൈക്കിൾ ആക്സിഡന്റ് ഒരു നല്ല നിമിത്തമായി. അച്ഛന് ട്രാൻസ്ഫറായി ഞങ്ങൾ തിരുവനന്തപുരത്തു താമസമായി. ഞാൻ എൻട്രൻസ് എഴുതി ആർമി എഞ്ചിനീയറിംഗ് കോളേജിൽ ചേർന്നു. കോഴ്സ് കഴിഞ്ഞു ,ജോലി കിട്ടി മടങ്ങി വന്നപ്പോഴേക്കും ശ്രുതിയുടെ കല്യാണം കഴിഞ്ഞിരുന്നു. കാത്തിരിക്കുവാൻ പറയാനുള്ള ധൈര്യമൊന്നും അന്നുണ്ടായില്ല. എനിക്കിപ്പോഴും ശ്രുതിയെ ജീവനാണ്. പഴയതൊക്കെ മറന്നു എന്റെ ജീവിതത്തിലേക്ക് വന്നു കൂടെ ശ്രുതിക്ക്.”
ഓപ്പോൾ മിണ്ടാതെയിരുന്നു. സ്വാതി നിർബന്ധിച്ചപ്പോഴാണ് മുഖം ഉയർത്തിയത്. ആ കണ്ണുകൾ നിറഞ്ഞിരുന്നു.
“അരുത്, ആ കാലമൊക്കെ കഴിഞ്ഞു. ഞാനൊരു ഭാഗ്യം കെട്ടവളാണ്.ഇപ്പോൾ വിധവയും, ഇനിയൊരാളുടെ ജീവിതം കൂടി നഷ്ടപ്പെടുത്താൻ…പ്രമോദിനെ എനിക്കും ഇഷ്ടമാണ്. പക്ഷെ..പ്രമോദിന് നല്ലൊരു പെൺകുട്ടിയെ ജീവിത സഖിയായി കിട്ടും.”
“നിർത്ത് ശ്രുതി,.എന്നെ പിന്തിരിപ്പിക്കാൻ ഇതിനൊന്നിനുമാവില്ല..എന്തായാലും മരണം വരെ ഞാൻ കാത്തിരിക്കാം നിന്റെ മനസ്സ് മാറാൻ.”
പ്രമോദ് കസേരയിൽ നിന്നും എഴുന്നേറ്റു..ഓപ്പോൾ അയാളുടെ കയ്യിൽ പിടിച്ചു അയാളെ കസേരയിൽ ഇരുത്തി.
“ഞാൻ മാനസികമായി പ്രശ്നം അനുഭവിച്ച ഒരു വ്യക്തിയാണ്. ആ പ്രശ്നങ്ങൾ മടങ്ങി വരുമോ എന്നറിയില്ല. ഞാൻ കാരണം പ്രമോദിന് ഒരു പ്രശ്നം ഉണ്ടാകാതിരിക്കാനാ.”
“അത് ഞാൻ സഹിച്ചോളാം…അപ്പോൾ എന്നാ താൻ എന്റെ കൂടെ വരുന്നേ .”
ഓപ്പോൾ സ്വാതിയെയും ഹരിയേയും നോക്കി.
“ഇപ്പോൾ വേണേലും കൊണ്ട് പൊയ്ക്കോ നിങ്ങളുടെ ചിന്നമസ്തയെ..”
സ്വാതിയെ അടിക്കാൻ ഓപ്പോൾ കൈ നീട്ടി. പ്രമോദും ശ്രുതിയും തനിച്ചായപ്പോൾ അവൾ അയാളോട് ചോദിച്ചു.
“എന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നോ?.”
“ലോകത്തു അച്ഛനും അമ്മയും കഴിഞ്ഞു ഏറ്റവും ഇഷ്ടം നിന്നോടാ. ഇപ്പോഴും എപ്പോഴും….നീ മാത്രമാണ് എന്റെ മനസ്സിൽ.”
അവൾ അയാളോട് കുറച്ചും കൂടെ ചേർന്നിരുന്നു.
~നിശീഥിനി.