എന്നോട് നിങ്ങൾ രണ്ടുപേരും ക്ഷമിക്കണം ജീവനെ ഞാൻ അത്രയും സ്നേഹിച്ചുപോയി അതുകൊണ്ടാണ് നിങ്ങളെയെനിക്ക്…

എഴുത്ത്: മിഥിലാത്മജ മൈഥിലി

===============

“ഏട്ടാ ഏട്ടനല്ലാതെ മറ്റൊരാളും എന്റെ കഴുത്തിൽ താലി കെട്ടില്ല. അങ്ങനെ വന്നാൽ ഈ ശിഖ പിന്നെ ജീവിച്ചിരിക്കില്ല.”

ഫോണിലൂടെ അവൾ പറയുന്നത് കേട്ട് ജീവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.

“ശിഖ അവളെന്റെ പ്രാണനാണ്. അവളെ ഒരു മരണത്തിനും വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ല. അങ്ങനെ സംഭവിച്ചാൽ പിന്നെ ഞാനും ജീവിക്കുന്നതിൽ അർത്ഥമില്ല.”

അവന്റെ മനസ് അവനോട് മന്ത്രിച്ചു കൊണ്ടിരുന്നു.

പിന്നെയൊട്ടും വൈകാതെ തന്റെ ബൈക്കിൽ കയറി അവളുടെ വീട്ടിലേക്ക് യാത്രതിരിച്ചു.

“ശിഖ….. ശിഖാ…..”

അവൻ ഉറക്കെ വിളിച്ചു.

ശബ്‍ദം കേട്ട് അവളുടെ അച്ഛനും അമ്മയും മുറ്റത്തോട്ടിറങ്ങി.

“ആരാ ആരാ നീ എന്തിനാണവളെ വിളിക്കുന്നത്?”

അവളുടെ അച്ഛന്റെ ചോദ്യങ്ങൾ കേട്ടതായി പോലും ഭാവിക്കാതെ അവൻ വീണ്ടും അവളുടെ പേര് വിളിക്കാൻ തുടങ്ങി,

“ശിഖ…….ശിഖ………. ഇറങ്ങി വാ ശിഖ…..”

തന്റെ മുറിയിൽ കരഞ്ഞു തളർന്നു കിടക്കുകയായിരുന്നു അവൾ. ജീവൻ വിളിക്കുന്നത് കേട്ട് കണ്ണുകൾ തുടച്ചുകൊണ്ട് മുറ്റത്തേക്ക് ഓടിയെത്തി.

“ജീവൻ…. അവസാനം നീ വന്നുവല്ലേ എനിക്കറിയാമായിരുന്നു നീ വരുമെന്ന്,”

അവളവനെ പരിസരം പോലും മറന്ന് കെട്ടിപിടിച്ചു മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടി.

അപ്പോഴാണ് അവളുടെ അച്ഛൻ വന്ന് അവളെ അവനിൽ നിന്നും അകറ്റി മാറ്റിയത്.അല്പം പോലും ചിന്തിക്കാതെ അയാളവളുടെ മുഖത്തേക്ക് ആഞ്ഞു തല്ലി.

വേച്ചു പോയ അവളെ അവൻ താങ്ങി. അത് കണ്ടതും അയാൾക്കുള്ളിൽ വീണ്ടും ദേഷ്യമിരച്ചു കയറി.

“കേറിപ്പോടി അകത്തേക്ക്…..”

അയാൾ അലറുകയായിരുന്നു. എന്നാൽ ജീവന്റെയും ശിഖയുടെയും മുഖത്ത് അല്പം പോലും ഭയം ഉണ്ടായിരുന്നില്ല.

“ഞാനൊരു പ്രായപൂർത്തിയായ പെൺകുട്ടിയാണ്, ഞാൻ ആരുടെ കൂടെ ജീവിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാൻ ആണ്. എന്റെ ജീവന്റെ കൂടെ പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്.”

അതുകേട്ടതും അയാളവളുടെ കൈയ്യിൽ പിടിച്ചു വലിച്ചു അകത്തേക്ക് പോകാനൊരുങ്ങി.

“അതേയ് ഒന്ന് നിന്നെ ഇവളെ നിങ്ങൾക്കിവിടെ പിടിച്ചുനിർത്താനൊന്നും പറ്റില്ല അതല്ല ബലമായി ഇവളെ പൂട്ടിയിടാനാണ് നോക്കുന്നതെങ്കിൽ ഞാനിപ്പോൾ പോലീസിനെ വിളിക്കും, അവർ വരട്ടേ എന്നിട്ടെന്ത് വേണമെന്ന് തീരുമാനിക്കാം.”

അത് കേട്ടതും അയാൾ ശിഖയുടെ കൈയ്യിലെ പിടിവിട്ടു.

“ഇവളെ ജനിപ്പിച്ചതിനു അങ്ങനെയൊരു നാണക്കേട്കൂടി വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് നിനക്കെന്ത് വേണമെങ്കിലും തീരുമാനിക്കാം ജനിപ്പിച്ചു ഇത്രേം വളർത്തി വലുതാക്കിയ ഞങ്ങളെ വേണോ അതോ ഇന്നലെക്കണ്ട ഇവനെ വേണോ?”

ശിഖയെ നോക്കിയാണ് അയാളത് പറഞ്ഞത്.

കുറച്ച് നേരം ആലോചിച്ച ശേഷം അവൾ ജീവന്റെ കൈയ്യിൽ മുറുകെ പിടിച്ചു.

“അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം എനിക്ക് ജീവന്റെ കൂടെ മാത്രമേ ഒരു ജീവിതമുണ്ടാകൂ. അച്ഛനുമമ്മയും ചൂണ്ടികാണിക്കുന്ന ആളിനെ ഞാൻ സ്വീകരിച്ചാൽ പൂർണ മനസോടെ എനിക്കയാളെ സ്നേഹിക്കാൻ കഴിഞ്ഞെന്ന് വരില്ല. ചിലപ്പോൾ ഒരു കുപ്പി വിഷത്തിലോ ഒരു ഷാളിലോ ഞാനെന്റെ ജീവിതം അവസാനിപ്പിക്കേണ്ടി വരും. അതുകൊണ്ട് ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന ജീവനൊപ്പം ഞാൻ പോകുകയാണ്.”

അവൾ  കരഞ്ഞുകൊണ്ട് അവരോട് കൈകൾ കൂപ്പി.അവളുടെ അമ്മയുടെ ശാപവാക്കുകൾ കേട്ടില്ലെന്ന് നടിച്ചു അവനൊപ്പം ബൈക്കിൽ കയറി അവനൊപ്പം യാത്രയായി.

അവളെയും കൊണ്ട് അവന്റെ വീട്ടിലെത്തിയ അവനെക്കണ്ട് അവന്റെ അച്ഛനും അമ്മയും ഏട്ടനും ഏടത്തിയും ഒന്ന് ഞെട്ടി.

“ആരാടാ ഇവൾ എന്തിനാ നീയിപ്പോൾ ഇവളെയും കൊണ്ട് ഇങ്ങോട്ട് വന്നത്?”

സംഭവിച്ച കാര്യങ്ങളെല്ലാം അവൻ അവരോട് പറഞ്ഞു.എല്ലാം കേട്ടു കഴിഞ്ഞ ശേഷം അവന്റെ അമ്മ അവളെയും വിളിച് മുറിയിലേക്ക് നടന്നു.

അരുതെന്ന് പറയണണമെന്നുണ്ടായിരുന്നെങ്കിലും ആ നിമിഷം അച്ഛൻ മൗനത്തെ കൂട്ടുപിടിച്ചു.

അവരെ പിന്തുടർന്നു മറ്റുള്ളവരും മുറിയിലേക്ക് വന്നു.

അച്ഛനെയും അമ്മയെയും അനുസരിക്കണമെന്നും മക്കൾക്ക് തെറ്റായി അവരൊന്നും ചെയ്യിലെന്നും പലകുറി ആവർത്തിച്ചെങ്കിലും അവൾ നിലപാട് മാറ്റാൻ കൂട്ടാക്കിയില്ല.

അത് മനസ്സിലാക്കിയതും ഏട്ടൻ ഇടപെട്ടു,

“സാരമില്ലമേ അതാണ് അവരുടെ ആഗ്രഹമെങ്കിൽ അങ്ങനെ നടക്കട്ടെ.നാളെ നമ്മുടെ കൃഷ്ണക്ഷേത്രത്തിൽ വെച്ച് താലികെട്ട് നടത്താം അതുവരെ ഇവളിവിടെ അമ്മയുടെ മുറിയിൽ നിൽക്കട്ടെ, ഞാനും അച്ഛനും ഒന്ന് പുറത്ത് പോയി വരാം.

അവർ രണ്ടുപേരും നേരെ പോയത് ശിഖയുടെ വീട്ടിലേക്കയിരുന്നു.

മകൾ വീടുവിട്ടുപോയതും ശോകമൂകമായി പോയി ആ വീടിന്റെ അവസ്ഥ കണ്ണീർവാർത് അമ്മയും മൗനമായി അച്ഛനും സ്വയം വെല്ലുവിളിച്ചു.

അപ്പോഴാണ് ജീവന്റെ അച്ഛനും ഏട്ടനും അവിടെയെത്തിയത്. തങ്ങളെ അവർ സ്വയം പരിചയപ്പെടുത്തി.

അതുകേട്ടതും ശിഖയുടെ അച്ഛന് ദേഷ്യം ഇരച്ചുകയറി. എന്തോ പറയാനൊരുങ്ങൊയതും അത് മനസ്സിലാക്കിയ അവളുടെ അമ്മ അയാളുടെ കൈയ്യിൽ അമർത്തി പിടിച്ചു, കണ്ണുകൾ കൊണ്ട് അരുതെന്ന് ആംഗ്യം കാണിച്ചു.വീട്ടിലേക്ക് ക്ഷണിച്ചു.

ഒരുപാട് നേരമെടുത്തു അവളുടെ അച്ഛനെയും അമ്മയെയും കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ.

“ശരി നാളെ ഞങ്ങൾ ഉറപ്പായും ആ കൃഷ്ണക്ഷേത്രത്തിൽ ഉണ്ടാകും ഒരു അച്ഛനെന്ന നിലയിൽ അവളെ ഞാനവന് കൈപിടിച്ച് കൊടുക്കാം.”

അതുകേട്ട് ജീവന്റെ അച്ഛനും ഏട്ടനും സമാധാനമായി.

സമയം രാത്രിയോടടുത്ത്തുടങ്ങി. അടുക്കളയിലെ പണികളെല്ലാം തീർന്നു തുടങ്ങി. അത്താഴം കഴിച്ച ശേഷം അവരെല്ലാം പൂമുഖത്ത് വന്നിരുന്ന് സംസാരിക്കാൻ തുടങ്ങി.

അപ്പോഴാണ് ശിഖ തന്റെ അച്ഛനെയും അമ്മയെയും കുറിച്ചൊർത്തത്. ചെയ്തത് തെറ്റായി പോയോ എന്ന ചോദ്യം അവളിൽ ഉയർന്നു.

നേരം പുലർന്നു.രാവിലെതന്നെ സെറ്റ് സാരിയും മുല്ലപ്പൂവും കുറച്ച് ആഭരണങ്ങളും അണിയിച്ചു ഏട്ടന്റെ ഭാര്യ അഞ്ജലി ശിഖയെ സുന്ദരിയായി ഒരുക്കി.

ശേഷം അവരെല്ലാവരും ഒരുങ്ങിയ ശേഷം അമ്പലത്തിലേക്ക് പോയി.

അപ്പോഴും ശിഖയുടെ ഉള്ളിൽ അച്ഛന്റെയും അമ്മയുടെയും മുഖമായിരുന്നു. അവരെ ഒന്ന് കാണണമെന്നും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങണമെന്നും അവൾ അതിയായി ആഗ്രഹിച്ചു.

ക്ഷേത്രനടയിൽ അവരെ രണ്ടുപേരെയും കണ്ടതും അവളോടിചെന്ന് കാലിൽ വീണു കരയാൻ തുടങ്ങി.

അവർ രണ്ടുപേരും അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.

“എന്നോട് നിങ്ങൾ രണ്ടുപേരും ക്ഷമിക്കണം ജീവനെ ഞാൻ അത്രയും സ്നേഹിച്ചുപോയി അതുകൊണ്ടാണ് നിങ്ങളെയെനിക്ക് ധിക്കരിക്കേണ്ടി വന്നത്.”

ശിഖ കൈകൾ കൂപ്പി കൊണ്ട് പറഞ്ഞു.

മകളുടെ കരച്ചിൽ കണ്ട് ആ അച്ഛന്റെയും അമ്മയുടെയും മനസ് നിറഞ്ഞു. അവരവളെ പൂർണമനസോടെ അനുഗ്രഹിച്ചു ക്ഷേത്രത്തിനകത്തേക്ക് നടന്നു.

താലി കെട്ടാനുള്ള സമയമടുത്തു. എല്ലാവരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും ജീവന്റെ അച്ഛൻ താലിയെടുത്തു അവനുനേരെ നീട്ടി. സന്തോഷത്തോടെയും സമാധാനത്തോടെയും അവളാ താലിയേറ്റ് വാങ്ങി. പിന്നീട് അവളുടെ അച്ഛൻ സന്തോഷത്തോടെ അവളെ അവന് കന്യാദാനം ചെയ്തു. അപ്പോഴൊക്കെയും അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകികൊണ്ടിരുന്നു……