Story written by Shaan Kabeer
================
“സുരേഷേട്ടാ, നാളത്തെ കാര്യം ഓര്‍ത്തിട്ട് എനിക്ക് ഉറങ്ങാന്‍ പറ്റണില്ല”
രമ്യ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് പരിഭ്രാന്തിയോടെ പറഞ്ഞു. സുരേഷ് കിടക്കയിൽ നിന്നും എഴുന്നേറ്റ് നഖം കടിച്ചിരുന്നു.
“എടീ, ഞാന്‍ ഇപ്പോ എന്താ ചെയ്യാ, ആരെങ്കിലും ഓര്‍ത്തോ മലപ്പുറത്തേക്ക് എനിക്ക് സ്ഥലം മാറ്റം കിട്ടുമെന്ന്. ജോലി തന്നെ രാജിവെച്ചാലോന്ന് ആലോചിക്കാ ഞാന്‍”
സുരേഷിന് മലപ്പുറത്തേക്ക് സ്ഥലം മാറാനുള്ള പേപ്പര്‍ കയ്യില്‍ കിട്ടിയ അന്ന് മുതല്‍ ഉറക്കം നഷ്ടപ്പെട്ടതാണ് രണ്ടു പേരുടേയും. മലപ്പുറത്ത് മുഴുവന്‍ തീവ്ര ചിന്താഗതി ഉള്ളവരാണ്, മലപ്പുറം ചോട്ടാ പാ ക്കി സ്ഥാൻ ആണ്, മലപ്പുറത്തെ മു സ്ലീ ങ്ങള് മറ്റു മതത്തിൽപെട്ടവരോട് കൂട്ടുകൂടില്ല എന്നിങ്ങനെയുള്ള കേട്ടുകേൾവിയായിരുന്നു അവരുടെ ഉറക്കം കെടുത്തിയിരുന്നത്.
ഒടുവില്‍ എല്ലാം വരുന്നിടത്ത് വെച്ച് കാണാം എന്ന് ഉറപ്പിച്ച് അവര്‍ മലപ്പുറത്തേക്ക് യാത്ര തിരിച്ചു. മലപ്പുറത്ത് ബസ് ഇറങ്ങിയ ഉടന്‍ രമ്യ സുരേഷിന്റെ കയ്യില്‍ മുറുകെ പിടിച്ചു
“സുരേഷേട്ടാ, തല താഴ്ത്തി നടന്നാല്‍ മതി. ആരുടെയും മുഖത്ത് നോക്കേണ്ട. നമ്മള് നോക്കുന്നത് ഇഷ്ടായില്ലെങ്കിൽ ഇവിടുത്തെ ആളുകള്‍ നമ്മളെ ഉപദ്രവിക്കും”
സുരേഷ് ഒന്നു മൂളി, എന്നിട്ട് ഓട്ടോ സ്റ്റാൻഡിൽ പോയി അവര്‍ക്ക് താമസിക്കാനുള്ള വാടക വീടിന്റെ അഡ്രസ് കാണിച്ചു. ഓട്ടോക്കാരൻ അവരെ അവിടെ എത്തിച്ചു.
അവരുടെ വീടിന്റെ തൊട്ടടുത്ത് ആമിനുമ്മയുടെ വീടായിരുന്നു. എന്നും രാവിലെ ആമിനുമ്മ പേരക്കുട്ടിയേയും എടുത്തോണ്ട് രമ്യയുടെ അടുത്ത് പോയി ഓരോ കുശലങ്ങൾ പറയും. പക്ഷെ രമ്യക്ക് അവരോട് സംസാരിക്കാന്‍ എന്തോ ഒരു ഭയമായിരുന്നു.
ഒരു ഞാറാഴ്ച്ച ദിവസം ഉച്ചയ്ക്ക് വീടിന്റെ കോളിംഗ് ബെൽ ശബ്ദിക്കുന്നത് കേട്ട് സുരേഷ് വാതില്‍ തുറന്നു. പുറത്ത് കയ്യില്‍ ഒരു പാത്രവും പിടിച്ച് ചിരിച്ചുകൊണ്ട് ആമിനുമ്മ
“മോനെ, ഇത് കൊറച്ച് കോഴി ബിരിയാണിയാണ്. ഇത്ണ്ടാക്കിയപ്പം ഇങ്ങളേയും ഞമ്മക്ക് ഓര്‍മ്മ വന്ന്”
ബിരിയാണി മേടിക്കണോ വേണ്ടയോ എന്ന് സുരേഷ് ആലോചിച്ച് നില്ക്കുമ്പോള് രമ്യ അവന്റെ കയ്യില്‍ ഒന്ന് അമര്‍ത്തി നുള്ളി
“സുരേഷേട്ടാ, വേഗം മേടിച്ചോ ഇല്ലെങ്കില്‍ ആകെ പ്രശ്നമാവും”
ഇത് കേട്ടതും സുരേഷ് ആമിനുമ്മയുടെ കയ്യില്‍ നിന്നും ബിരിയാണി വേഗം മേടിച്ചു. നല്ല മലപ്പുറം ദം ബിരിയാണിയുടെ മണം മൂക്കിൽ കയറിയപ്പോള്‍ രമ്യ അറിയാതെ ചോദിച്ചു പോയി
“നിങ്ങളുടെ വീട്ടിലൊക്കെ എന്നും ചിക്കന്‍ ബിരിയാണിയും ബീ ഫ് ബിരിയാണിയും ഒക്കെ ആവും ലേ..?”
ആശ്ചര്യത്തോടെ ആമിനുമ്മ
“അന്നോട് ഇത് ആരാ പറഞ്ഞേ..?”
“ഞാന്‍ സിനിമയിലൊക്കെ കണ്ടിട്ടുണ്ട്. മലപ്പുറത്തെ വീടുകള കാണിക്കുമ്പോഴൊക്കെ അവര്‍ ചിക്കന്‍ ബിരിയാണി കഴിച്ചോണ്ട് ഇരിക്കാവും അതാ ചോദിച്ചേ”
ആമിനുമ്മ ഒന്ന് പുഞ്ചിരിച്ചു
“എന്റെ മോളേ, സിനിമാക്കാർ അങ്ങനെ പലേതും പറയും. ഒന്നൊന്നര മാസായി ഞങ്ങളുടെ പെരേല് എ റച്ചീം മീനും ണ്ടാക്കിയിട്ട്. മണ്ഡല മാസം അല്ലായിരുന്നോ, അതാ”
രമ്യ അത്ഭുതത്തോടെ
“മണ്ഡല മാസോ…? അത് ഹിന്ദുക്കൾക്കല്ലേ.?
ആമിനുമ്മ ചിരിച്ചു കൊണ്ട് രമ്യയെ നോക്കി
“അതെ ഹിന്ദുക്കൾക്കാണ്. നിക്കൂണ്ട് ഹിന്ദുവായ ഒരു മോന്. ന്റെ മോന് ഷാനിന്റെ ചെങ്ങായി ഉണ്ണികൃഷ്ണന്. അവന്റെ അച്ഛന് എന്തോ വല്യ ഒരു ഓപ്പറേഷൻ കഴിഞ്ഞ് ആശുപത്രിയിലാണ്. അവന്റെ അമ്മ അച്ഛന് കൂട്ടായി അവിടേണ്. ഉണ്ണിയാണെങ്കിൽ എല്ലാ വര്‍ഷവും മല കേറാൻ പോവുന്നതാണ്. അതോണ്ട് തന്നെ ഇപ്രാവശ്യം പതിവ് തെറ്റിക്കണ്ടാ എന്ന് ഞാനും പറഞ്ഞു. അതോണ്ട് തന്നെ പെരേല് എറച്ചീം മീനും കേറ്റാറു പോലുല്യാ”
ഇത്രയും പറഞ്ഞ് ആമിനുമ്മ വീട്ടിലേക്ക് പോയി. രമ്യയും സുരേഷും കുറച്ച് സമയം മുഖത്തോട് മുഖം നോക്കി നിന്നു.
“അല്ല സുരേഷേട്ടാ, അപ്പോ നമ്മള് കേട്ടത് ഈ മലപ്പുറത്തെ കുറിച്ചല്ലേ..?”
സുരേഷ് ഒന്നും മിണ്ടിയില്ല.
അടുത്ത വെള്ളിയാഴ്ച ദിവസം ആമിനുമ്മയുടെ വീടിന് പുറത്ത് ബഹളം കേട്ട് രമ്യ ജനൽ വഴി അത് ശ്രദ്ധിച്ചു. ഉണ്ണിയും ഷാനും തമ്മിലായിരുന്നു വഴക്ക്
“ടാ ഷാനേ, കാര്യമൊക്കെ സമ്മതിച്ചു. ലാലേട്ടന്റെ സിനിമയാണ്, ടിക്കറ്റ് കിട്ടാന്‍ ഭയങ്കര പ്രയാസാണ്. പക്ഷെ നൂൺ ഷോ നമ്മള് കാണില്ല. മാറ്റിനിക്കോ, ഫസ്റ്റ് ഷോക്കോ പോവാം. നീ ആ ടിക്കറ്റ് വേറെ ആര്‍ക്കെങ്കിലും കൊടുത്തേ. വെള്ളിയാഴ്ച ആയിട്ട് പള്ളിയില്‍ പോവാതെ അവന് സിനിമക്ക് പോവാന്‍ നിക്കാ. അടിച്ച് കരണം ഞാന്‍ പൊളിക്കും…പോടാ..പള്ളീൽ പോ.
വര്‍ഷങ്ങള്‍ക്ക് ശേഷം….
“സുരേഷേട്ടാ, അപ്പോള്‍ നാളെ നമ്മള് മലപ്പുറത്തിനോട് വിട പറയാണ് ലേ…?”
“ഒരുപാട് സങ്കടം തോന്നുന്നു ഇവിടെ നിന്നും പോവാന്‍”
“സുരേഷേട്ടാ, ഇവിടുന്ന് പോയാലും നമുക്ക് ഇടക്കിടെ ആമിനുമ്മായുടെ അടുത്ത് വരണം ട്ടോ”
~ഷാൻ കബീർ