അച്ഛൻ
Story written by Aneesha Sudhish
===============
ജോസേട്ടന്റെ വീട്ടിലെ കിണറു കുത്തുമ്പോഴാണ് നിലവിളിച്ചു കൊണ്ട് ഭാര്യ ഓടി വന്നത്.
എന്നതാടി കാര്യം എന്നു ചോദിച്ച് കിണറ്റിൽ നിന്നു കയറിയപ്പോഴേക്കും അവൾ നെഞ്ചത്തടി തുടങ്ങിയിരുന്നു ഓടി വന്നതിന്റെ കിതപ്പിലും കരച്ചിലിലും അവൾ പറഞ്ഞു നമ്മുടെ മോനെ പോലീസു കൊണ്ടുപോയെന്ന്…
കേട്ടപ്പാതി കേൾക്കാത്തപ്പാതി ജോസേട്ടനോട് പറഞ്ഞ് പണിക്കൂലിയിൽ നിന്ന് കുറച്ച് പണം വാങ്ങി നേരെ കവലയിലേക്ക് ഓടി കൂടെ കരച്ചിലോടെ അവളും…
ഒരു ഓട്ടോ വിളിച്ച് പോലീസ് സ്റ്റേഷനിൽ എത്തുംവരെ ഒരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ അവനെ പോലീസുകാർ ഉപദ്രവിക്കല്ലേയെന്ന്.
അവിടെ ചെന്നപ്പോൾ കണ്ടു അടുത്ത വീട്ടിലെ സുകുവും ഭാര്യയും നിൽക്കുന്നത്. സുകുവിന്റെ ഭാര്യ ഹേമ വന്ന് എന്റെ നെഞ്ചത്തടിച്ച് ഷർട്ട് വലിച്ചു കീറി കരഞ്ഞു പറഞ്ഞപ്പോഴാണ് സത്യം അറിയാൻ കഴിഞ്ഞത്.
പത്തിൽ പഠിക്കുന്ന അവരുടെ മകൾ ഗ ർഭിണിയാണെന്നും അതിനുത്തരവാദി തന്റെ മകൻ ആണെന്ന്…
മകനെ കുറിച്ച് കണ്ട സ്വപ്നങ്ങളൊക്കെ ഒരു നിമിഷം കൊണ്ട് തകർന്നു വീണിരിക്കുന്നു. അച്ഛനെന്ന നിലയിൽ താനൊരു തികഞ്ഞ പരാജയമായി മാറിയിരിക്കുന്നു.
കണ്ണിൽ ഇരുട്ടു വ്യാപിക്കുന്നതു പോലെ തോന്നി. ആരൊക്കെയോ താങ്ങി അവിടെ ഇരുത്തി..
വയസുകാലത്ത് ഞങ്ങൾക്ക് താങ്ങാകേണ്ടവൻ മുഖം കുനിച്ച് ഒരു മൂലയ്ക്ക് നിൽക്കുന്നുണ്ടായിരുന്നു..
“എന്നാലും കൃഷ്ണേട്ടാ എന്റെ മോളുടെ ജീവിതം നിങ്ങൾ കാരണം നശിച്ചില്ലേ. ഇനി അവൾക്കൊരു ജീവിതമുണ്ടോ നാണക്കേടു കൊണ്ട് പുറത്തിറങ്ങി നടക്കാനാകോ ഞങ്ങൾക്ക് ? നിങ്ങൾ ഒരു മറയും ഇല്ലാതെ ഓരോന്ന് ചെയ്തതു കൊണ്ടല്ലേ അവനും കണ്ട് അത് എന്റെ മോളോട് ചെയ്തത്. ഞാൻ വെറുതെ വിടുമെന്ന് നിങ്ങൾ കരുതണ്ട എണ്ണിയെണ്ണി പകരം വീട്ടും ഞാൻ ഓർത്തോ ” സുകു ദേഷ്യത്തോടെ അതിലുപരി സങ്കടത്തോടെ കൂടിയാണത് പറഞ്ഞത്…
അവനോട് എന്തു മറുപടി പറയണമെന്ന് അറിയില്ലായിരുന്നു..
മക്കൾക്ക് അറിവു വെച്ചതോടെ തങ്ങളുടെ വികാരങ്ങളെ അടക്കിനിർത്തി രണ്ടിടത്തായി കിടന്നവരാണ് ഞാനും രാധയും ഒരിക്കലും മക്കൾ വഴി തെറ്റരുതെന്ന് ആഗ്രഹിച്ചിരുന്നു എന്നിട്ടിപ്പോൾ….
“സാറേ എന്റെ മകനുവേണ്ടി വാദിക്കാൻ ഞങ്ങൾ വരില്ല ഞങ്ങളുടെ മനസ്സിൽ അവൻ മരിച്ചു കഴിഞ്ഞു കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ തന്നെ അവന് വാങ്ങി കൊടുക്കണം. അവളോട് ചെയ്ത തെറ്റ് നാളെ സ്വന്തം പെങ്ങളോടും ചെയ്യില്ലെന്ന് എന്താ ഉറപ്പ് ” അതും പറഞ്ഞ് അവനെ ഒന്നു നോക്കു പോലും ചെയ്യാതെ ഭാര്യയേയും വിളിച്ച് അവിടെ നിന്നും ഇറങ്ങി..പോകും മുമ്പ് സുകുവിന്റെ കാൽക്കൽ വീണു.
“മാപ്പ് പറയാനേ എനിക്കാവു സുകൂ, അതല്ല നിനക്ക് എന്തെങ്കിലും എന്നെ ചെയ്യുണമെങ്കിൽ അതും ചെയ്തോളൂ മകൻ ചെയ്ത തെറ്റിന് പരിഹാരമാകില്ലെങ്കിലും നിന്റെ സംതൃപ്തിക്ക് വേണ്ടിയെങ്കിലും എന്നെ ഒന്നു തല്ലിയിട്ട് പോ…” ഇടനെഞ്ച് പൊട്ടിയാണ് ഞാനത് പറഞ്ഞത്.
“നിങ്ങളെ തല്ലിയാൽ എന്റെ മകളുടെ ഗ ർഭം ഇല്ലാതാകോ ? അവൻ ചെയ്ത തെറ്റിനു പരിഹാരമാകുമോ ” അവനെന്റെ കൈ പിടിച്ചു കരയുകയായിരുന്നു. ഹേമയും എന്തൊക്കെയോ പറഞ്ഞ് കരയുന്നുണ്ടായിരുന്നു..
ഗീതു മോള് മാത്രം ഒന്നും മിണ്ടാതെ ഇരിക്കുന്നു. ആ മോളോട് എന്തു പറയും?
ആ കുഞ്ഞിന്റെ അരികിൽ ചെന്ന് അവളുടെ തലയിൽ തലോടിയപ്പോൾ അവൾ അകന്നു മാറി…
വേണ്ട കൃഷ്ണമാമ്മാ എന്നെ തൊടണ്ട ഞാൻ ചീത്തയാ എന്നെ ചീത്തയാക്കി ഹരിയേട്ടൻ…വേണ്ടാ വേണ്ടാ എന്നു പല വട്ടം പറഞ്ഞതാ പക്ഷേ ബലമായി….ഒരിക്കലല്ല പലവട്ടം ” അതു പറഞ്ഞവൾ കരഞ്ഞു എന്റെ നെഞ്ചിലേക്ക് വീണപ്പോൾ ആ കണ്ണിൽ നിന്നും വീണ കണ്ണുനീർ എന്നെ ചുട്ടുപൊള്ളിക്കുന്നതായിരുന്നു..
അവളെ നീക്കി നിർത്തി പോകാനൊരുങ്ങിയ എന്നെ തടഞ്ഞു കൊണ്ട് സുകു ചോദിച്ചു
“പതിനഞ്ചു വയസുമാത്രമുള്ള ഞങ്ങളുടെ മോളെ ഇനി എന്തു ചെയ്യണം അതും കൂടി പറഞ്ഞിട്ടു പോ കൃഷ്ണേട്ടാ…”
“കിണറു കുത്തുന്ന പിക്കാസിരിപ്പുണ്ട് അതുകൊണ്ടവനെ കൊ ല്ലാ ൻ അറിയാഞ്ഞിട്ടല്ല സുകൂ അവനെ പോലൊരു നെറികെട്ടവനെ കൊ ന്ന് ജയിലിൽ പോയാൽ അത് ഞാനവന് കൊടുക്കുന്ന ഏറ്റവും ചെറിയ ശിക്ഷയാകും.
“ഒന്നുകിൽ കേസുമായി മുന്നോട്ട് പോകാം അല്ലെങ്കിൽ ഒരു ഒത്തുതീർപ്പ് ” ഇതിലേതാണ് വേണ്ടതെന്ന് എസ് ഐ ചോദിച്ചപ്പോൾ ഗീതു മോളുടെ ഭാവിയെ കരുതി കേസിനില്ല എന്നും പറഞ്ഞ് സുകുവും കുടുംബവും പോകാനൊരുങ്ങി…
പോകും മുമ്പായി ഗീതു മോൾ ഹരിയോടായി പറഞ്ഞു
“ഹരിയേട്ടാ നിങ്ങളുടെ കുഞ്ഞാണ് ഈ വയറ്റിലുള്ളത് എല്ലാവരും പറയുന്നതു പോലെ ഇതിനെ ഞാൻ പ്രസവിച്ചു വളർത്തും എന്നു പറയുന്നില്ല. ഈ കുഞ്ഞിന്റെ അച്ഛനാണ് നിങ്ങൾ എന്നു പറയുന്നതിനേക്കാൾ ഭേതം ഇതിനെ വയറ്റിൽ വെച്ച് കൊ ല്ലുന്നത് തന്നെയാണ്. കുഞ്ഞിനെ നശിപ്പിക്കുന്നത് പാപമാണെന്നറിയാം പക്ഷേ ഇതെനിക്ക് ചെയ്തേ പറ്റൂ അതിനു ദൈവം തരുന്ന ശിക്ഷ എത്രയായായും ഞാൻ അനുഭവിച്ചോളാം “
ഇത്രയൊക്കെ പറഞ്ഞിട്ടും ഹരി മുഖമുയർത്തി ഒന്നു നോക്കുകയോ മറുപടി പറയുകയോ ചെയ്തില്ല..
എന്റെ മര ണത്തിനു പോലും നീ ആ വീട്ടിലേക്ക് വരരുത് എന്ന് താക്കീതോടെ ഹരിയോട് പറയുമ്പോൾ ആ മുഖമുയർത്തി എന്നെ നോക്കി..അടിനീരു വന്നു വീർത്ത മുഖം. അതു കണ്ടപ്പോൾ ഉള്ളിലെവിടെയോ ഒരു വിങ്ങൽ. പിന്നെ ഒന്നും പറഞ്ഞില്ല തിരിഞ്ഞു നടന്നു.
സ്റ്റേഷനിൽ നിന്നിറങ്ങി രാധയെ വീട്ടിലോട്ട് പറഞ്ഞയച്ച് നേരെ പോയത് രചന ബാ റിലേക്കാണ് ജീവിതത്തിലാദ്യമായി ഞാനന്ന് കുടിച്ചു. ബോധം മറയുവോളം പക്ഷേ കരഞ്ഞു കലങ്ങിയ ഗീതു മോളുടെ മുഖം മാത്രം മനസ്സിൽ നിന്നും പോകുന്നില്ല..
പിറ്റേന്ന് സുകുവും കുടുംബവും എങ്ങോ പോയന്നു പറഞ്ഞപ്പോൾ മനസ്സിൽ ഒരു തീയായിരുന്നു..അവരെ കുറിച്ച് അന്വേഷിച്ചിട്ടും ഒന്നും അറിയാൻ കഴിഞ്ഞില്ല അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നതു പോലെ…ഹരിമോനെ കുറിച്ചും ഒരു വിവരവും ഇല്ലായിരുന്നു..
ഒരാഴ്ചയ്ക്കു ശേഷം റെയിൽപ്പാളത്തിൽ ചതഞ്ഞരഞ്ഞ ഒരു ആണിന്റെ ശരീരം കണ്ടെന്ന് പറഞ്ഞപ്പോൾ ആധി കയറി രാധയുടെ നിർബന്ധത്തിനു വഴങ്ങി ചെന്നു നോക്കാമെന്നു പറഞ്ഞു. അവിടെ ചെന്നു നോക്കിയപ്പോൾ കണ്ടത്….അവസാനമായി കണ്ടപ്പോൾ ഹരി ഇട്ട അതേ ഡ്രസ്സ് . മുഖം ചതഞ്ഞരഞ്ഞു പോയതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചില്ല പക്ഷേ എത്രയായാലും സ്വന്തം അച്ഛനു മകനെ തിരിച്ചറിയാൻ ഒരു തെളിവ് ബാക്കി വെച്ചിരുന്നു അവന്റെ കാലിലെ ആ മറുക്.
തന്റെ ആരെങ്കിലും ആണോ എന്ന് പോലീസുകാരൻ ചോദിച്ചപ്പോൾ അല്ല എന്നും പറഞ്ഞ് തിരിഞ്ഞു നടന്നു..
അവൻ തെറ്റു ചെയ്തവനാണെങ്കിലും എവിടെയെങ്കിലും സുഖമായി ജീവിക്കുന്നുണ്ടാകുമെന്ന് രാധയെങ്കിലും വിശ്വസിക്കട്ടെ…ഒരമ്മയ്ക്ക് മക്കൾ എത്ര തെറ്റു ചെയ്താലും അവർക്ക് അരുതാത്തത് എന്തെങ്കിലും സംഭവിച്ചെന്നറിഞ്ഞാൽ പിന്നെ താങ്ങാനാവില്ല..
ചെയ്ത തെറ്റിനുള്ള ശിക്ഷ അവൻ സ്വയം ഏറ്റുവാങ്ങി. ഗീതു മോൾ എവിടെയായായും സുഖമായിരിക്കട്ടെ എന്ന പ്രാർത്ഥന മാത്രമേ ഇനി എനിക്കുള്ളൂ….
~അനീഷ സുധീഷ്