ദേവകിയമ്മയെ നോക്കി ഒന്നു പുഞ്ചിരിച്ചു കൊണ്ട് അവൾ അകത്തേക്കു കയറി. കിടക്കയിലേക്കു മലർന്നു കിടക്കുമ്പോൾ…

പോറ്റമ്മ…

എഴുത്ത് : ശ്രീജിത്ത് പന്തല്ലൂർ

::::::::::::::::::::::::

പോസ്റ്റുമാൻ്റെ കൈയിൽ നിന്നും കത്തു വാങ്ങി വായിക്കാൻ തുടങ്ങിയപ്പോഴേക്കും ആതിരയുടെ കണ്ണു നിറഞ്ഞ് കാഴ്ച മങ്ങി.

” സന്തോഷവാർത്തയാണല്ലോ കുട്ട്യേ… കാവിലെ ഭഗവതി കണ്ണടച്ചിരിക്ക്യല്ല, എല്ലാം കാണണണ്ട്…”.

മറുപടിയായി നല്ലൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൾ ഉമ്മറത്തേക്കോടി…

”എവിടന്നാ മോളേ കത്ത്…?”.

ആതിരയുടെ കണ്ണീരു കണ്ട് വേവലാതിയോടെ ദേവകിയമ്മ ചോദിച്ചു. അടക്കാനാവാത്ത സന്തോഷത്തോടെ ദേവകിയമ്മയ്ക്കു നേരെ അവൾ ആ കത്ത് നീട്ടി.

കണ്ണട നേരെ വച്ച് കത്തു വായിച്ചതും അവർ ആതിരയെ കെട്ടിപ്പിടിച്ച് മൂർദ്ധാവിൽ ചുംബിച്ചു.

ചുവരിലെ ഫോട്ടോയിലേക്കു നോക്കി ആതിര മനസ്സിൽ പറഞ്ഞു. ” ഏട്ടാ, എനിക്കു ജോലി കിട്ടി. അമ്മയ്ക്കിനി ഒരു കുറവുമില്ലാതെ നോക്കിക്കോളാമെന്നു പറയാൻ എനിക്കിപ്പോൾ ധൈര്യമുണ്ട്…”.

ദേവകിയമ്മ നേര്യതു കൊണ്ട് കണ്ണീരൊപ്പി.

ആതിര മൊബൈൽ ഫോണും കൊണ്ട് മുറ്റത്തേക്കിറങ്ങി വീട്ടിലേക്കു വിളിച്ചു.

” അമ്മേ, ഒരു ഹാപ്പി ന്യൂസുണ്ട്. എനിക്ക് ജോലി കിട്ടി, ഓർഡറിപ്പോ ഒപ്പിട്ടു വാങ്ങിയതേയുള്ളൂ…”.

” ഓ… അതിപ്പോ വേണ്ടായിരുന്നു. ഇനീപ്പോ ഈ കടപ്പാടിന്റേം കൂടി പേരില് നിന്നെ വിട്ടു തരാതിരിക്ക്യാല്ലോ…”. അങ്ങേത്തലയ്ക്കൽ നിന്നും പെറ്റമ്മയുടെ വാക്കുകൾ കേട്ട പാടെ ആതിര ഫോൺ കട്ടു ചെയ്തു.

ഛെ… വേണ്ടായിരുന്നു… വെറുതെ ഉള്ള സന്തോഷം കളയാനായിട്ട്…

ദേവകിയമ്മയെ നോക്കി ഒന്നു പുഞ്ചിരിച്ചു കൊണ്ട് അവൾ അകത്തേക്കു കയറി. കിടക്കയിലേക്കു മലർന്നു കിടക്കുമ്പോൾ അവൾ ചിന്തിച്ചു. അമ്മയെ കുറ്റം പറയാൻ കഴിയില്ല. ഇത്ര ചെറുപ്പത്തിലേ സ്വന്തം മകൾ വിധവയായി കഴിയുന്നത് ഏതമ്മയ്ക്കാണ് സഹിക്കുന്നത്…

ആതിര മുഖം തിരിച്ച് ചുവരിലേക്കു നോക്കി. കല്യാണവണ്ടിയിൽ ഒട്ടിച്ചിരുന്ന വലിയ പോസ്റ്റർ ഇളക്കിക്കൊണ്ടു വന്ന് ഏട്ടനാണിവിടെ ഒട്ടിച്ചത്. എന്നുമിതു കാണാനാണെന്നും പറഞ്ഞ്… വർഷം അഞ്ചാറായിട്ടും ഇതുവരെ അതവിടെ നിന്നും മാറ്റിയിട്ടില്ല. ശരിക്കു പറഞ്ഞാൽ ആ ഫോട്ടോകളിൽ കാണുന്ന മുഖം മാത്രമേ ഓർമ്മയിലുള്ളൂ… ഓർമ്മിക്കാൻ നല്ല നിമിഷങ്ങൾ സമ്മാനിക്കുന്നതിനു മുൻപേ യാത്ര പറയാതെ പോയില്ലേ…

ഏതോ അമ്പലത്തിൽ വച്ചു കണ്ട് ഇഷ്ടപ്പെട്ടാണ് ജയാനന്ദൻ ആതിരയുടെ വീടന്വേഷിച്ച് കണ്ടുപിടിച്ചെത്തിയത്. വിവാഹാലോചന വന്നപ്പോൾ അച്ഛൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചത് സാമ്പത്തികപാരാധീനത കൊണ്ടു തന്നെയായിരുന്നു. കൈയിലും കഴുത്തിലുമൊന്നുമില്ലാതെ ഒരു പെൺകുട്ടിയെ ഇറക്കി വിടുന്നതെങ്ങനെ… കാര്യം മനസ്സിലാക്കിയ ജയാനന്ദൻ അടുത്തൊരു ദിവസം അമ്മയേയും കൂട്ടി വന്നത് വധുവിന് വേണ്ട പൊന്നും പുടവയുമെല്ലാം കൊണ്ടാണ്… അങ്ങനെ ആർഭാഢവും ലളിതവുമല്ലാത്ത രീതിയിൽ വിവാഹം ഭംഗിയായി നടന്നു…പ്രതീക്ഷിക്കാതെ പെട്ടെന്നുണ്ടായ വിവാഹത്തിൻ്റെ അന്ധാളിപ്പിൽ നിന്നും അവൾ മുക്തയാവും മുൻപേ ലീവു തീർന്ന് ജയാനന്ദന് പൂനെയിലെ ജോലിസ്ഥലത്തേക്കു പോകേണ്ടി വന്നു. അവിടെ വീടൊരെണ്ണം ശരിയാക്കിയതിനു ശേഷം കൂട്ടിക്കൊണ്ടു പോകാമെന്ന വാക്കും മനസ്സിലോർത്ത് നല്ലൊരു ദാമ്പത്യജീവിതവും സ്വപ്നം കണ്ടിരുന്ന ആതിരയെ തേടിയെത്തിയത് ജയാനന്ദൻ്റെ മരണവാർത്തയായിരുന്നു… ഇഷ്ടപ്പെട്ട പെണ്ണിനൊപ്പമുള്ള സന്തോഷകരമായ ജീവിതം സ്വപ്നം കണ്ടു കൊണ്ടുറങ്ങിയ ജയാനന്ദൻ പിന്നെ ഉണർന്നില്ല… മകരത്തിലെ കുളിരിൽ തണുത്തുറഞ്ഞു പോയ ജയാനന്ദൻ്റെ ശരീരം തലയണയെ പുണർന്നാണു കിടന്നിരുന്നത്… ഉറക്കത്തിനിടലെ ഹൃദയസ്തംഭനം, വേദനയറിയാത്ത സുഖമരണമെന്നൊക്കെ പറഞ്ഞ് ബന്ധുക്കൾ ആശ്വസിപ്പിക്കാൻ ശ്രമിച്ചപ്പോഴും ആതിര ഏതോ ഒരു പ്രത്യേക അവസ്ഥയിലായിരുന്നു. മനസ്സിൽ പതിയും മുൻപേ മാഞ്ഞു പോയ ചില ഓർമ്മകൾ…

ആ അവസ്ഥയിൽ നിന്നും കരകയറ്റാൻ വേണ്ടിയാണ് ദേവകിയമ്മ അവളെ തുടർന്നു പഠിപ്പിക്കാനയച്ചത്. വീട്ടിലെ സാഹചര്യം കൊണ്ടു മുടങ്ങിപ്പോയ പഠനം പൂർത്തിയാക്കാനുള്ള ഒരു അവസരമായാണ് ആതിര അതിനെ കണ്ടത്… അങ്ങനെ സ്വന്തം വീട്ടുകാരുടെ സമ്മതത്തോടെത്തന്നെ ആതിര ഭർതൃവീട്ടിൽ താമസം തുടർന്നു… ദിവസങ്ങളും മാസങ്ങളും കഴിയുന്തോറും തനിക്ക് ദേവകിയമ്മയോട് തോന്നിയിരുന്ന അകൽച്ച അലിഞ്ഞലിഞ്ഞില്ലാതാകുന്നത് ആതിര മനസ്സിലാക്കി. പിന്നെപ്പിന്നെ അമ്മായിയമ്മയും മരുമകളും എന്നതിനേക്കാൾ വലിയൊരു ആത്മബന്ധം അവർക്കിടയിൽ വളർന്നു…

മൊബൈൽ ഫോണിൻ്റെ ശബ്ദമാണ് ആതിരയെ ചിന്തകളിൽ നിന്നും ഉണർത്തിയത്. ഫോണെടുത്തു നോക്കിയപ്പോൾ അങ്ങേത്തലയ്ക്കൽ അമ്മയാണ്.

” നീയെന്തേ പെട്ടെന്ന് കട്ടാക്കിക്കളഞ്ഞേ…?”. അമ്മ ചോദിച്ചു.

” അതു പിന്നെ ഒരു സന്തോഷം അറിയിക്കാനായി വിളിക്കുമ്പോൾ അതു തല്ലിക്കെടുത്തുന്ന വർത്തമാനം കേട്ടാൽ പിന്നെന്താ ചെയ്യേണ്ടത്…?”.

” അല്ലേലും നിന്റെ തലേലേക്ക് ഒന്നുമങ്ങോട്ട് കേറില്ലാല്ലോ. നൊന്തു പെറ്റ എന്നേക്കാൾ വലുത് നിനക്കിപ്പോൾ ആ സ്ത്രീയാണല്ലോ…”.

” ഞാനിപ്പോ എന്തു വേണംന്നാ അമ്മ പറയുന്നേ… കഷ്ടപ്പെട്ട് പഠിച്ച് നേടിയ സർക്കാർ ജോലി വേണ്ടെന്നു വയ്ക്കണോ…?”.

”അങ്ങനെയല്ല ഞാൻ പറഞ്ഞത്. അവരിങ്ങനെ ഓരോന്നും പറഞ്ഞ് സഹായിക്കണത് കണ്ട് ഇനീം നീ അവിടെത്തന്നെ കെട്ടിക്കിടക്കാൻ നോക്കണ്ട. ഒന്നും കാണാണ്ട് അവരിങ്ങനെ ചെയ്യില്ലാന്ന് നിനക്ക് ഊഹിച്ചൂടെ. എന്നും നിന്നെയിങ്ങനെ അവരുടെ കൂടെ പിടിച്ചു നിർത്താൻ കാട്ടിക്കൂട്ടുന്ന പൊടിക്കൈയാണിതൊക്കെ… ഇപ്പോ ഒരു ജോലിയൊക്കെ ആയില്ലേ, ഇനി എന്തേലുമൊക്കെ പറഞ്ഞ് നമ്മുടെ വീട്ടിലേക്ക് പോന്നേക്ക്. ഒന്നു രണ്ട് നല്ല ആലോചനകൾ വരുന്നുണ്ട്. നീ അവിടെപ്പോയി നിന്നാൽ എങ്ങനെയത് നടത്തും…”.

” എനിക്കിനിയൊരു കല്യാണം വേണ്ടമ്മേ… എല്ലാരും കൂടി നടത്തിത്തന്നതല്ലേ ഇത്…അതു തന്നെ ഞാൻ ജീവിച്ചു തീർത്തോളാം, ആരും സഹായിച്ച് ഉപദ്രവിക്കാതിരുന്നാൽ മതി…”.

” അങ്ങനെ മുരടിച്ചു ജീവിക്കാൻ നീ മുതുക്കത്തിയൊന്നുമായിട്ടില്ലല്ലോ, വരുന്ന മേടത്തില് ഇരുപത്തഞ്ച് തെകയേയുള്ളൂ… ഒന്നാം കെട്ടുകാരുടെ വരെ ആലോചനകൾ വരുന്നുണ്ട്. ഇപ്പോൾ സർക്കാർ ജോലീം കൂടെ ആവുമ്പോൾ ഒന്നൂടെ ഡിമാൻ്റാവും. അതിൻ്റെടേല് ആ തള്ളയും അവിടത്തെ പൊറുതിയുമൊക്കെ തടസ്സമാണ്. പതുക്കെ അതങ്ങട്ട് ഒഴിവാക്കുക… അല്ലെങ്കിലും അത്രയ്ക്കങ്ങട് ആത്മാർത്ഥത കാണിക്കാൻ അവരുടെ മോൻ്റെ കൂടെ നീ വർഷങ്ങളോളം പൊറുത്തിട്ടൊന്നുമില്ലല്ലോ. വെറും ഒന്നര മാസം… അത്രയല്ലേ ഉള്ളൂ…”.

“അമ്മ ഫോൺ വച്ചിട്ട് പോയേ… അല്ലെങ്കിലെൻ്റെ വായിലിരിക്കണത് കേക്കും ട്ടാ…”. ആതിര ദേഷ്യത്തോടെ ഫോൺ കട്ടു ചെയ്തു.

” മോളേ…”.

ദേവകിയമ്മയുടെ ശബ്ദം കേട്ട് ആതിര വേഗം എണീറ്റു.

” മോള് വേണെങ്കി കൊറച്ച് ദിവസം വീട്ടീപ്പോയി നിന്നോളൂ. ജോലി കിട്ടിയ സന്തോഷം വീട്ടിൽ പങ്കുവച്ചിട്ടൊക്കെ വന്നാ മതി…”.

” അമ്മയിവിടെ തനിച്ചാവില്ലേ…?”.

”അത് സാരല്ല്യാന്നേ… എനിക്കിപ്പോ അങ്ങനെ വയ്യായ്കയൊന്നുമില്ലാന്ന് മോൾക്കറിഞ്ഞൂടെ…?”.

സ്വന്തം വീട്ടിലെത്തിയതും ഒരു മുറിയിൽ കയറി കതകടച്ചിട്ട് അമ്മ ഒരേ ഉപദേശം. വിഷയം വിവാഹക്കാര്യം, അതിനു വേണ്ടി ദേവകിയമ്മയുടെ കൂടെയുള്ള താമസം അവസാനിപ്പിക്കണമെന്നും…

അമ്മ പറയുന്നതിൽ കാര്യമുണ്ടെന്ന് ആതിരയ്ക്കു മനസ്സിലായി. ജീവിക്കാൻ തുടങ്ങിയിട്ടു കൂടിയില്ലായിരുന്നു. എല്ലാ പെൺകുട്ടികളെയും പോലെ ഭർത്താവും കുഞ്ഞുങ്ങളും കുടുംബവുമൊക്കെയേ താനും ആഗ്രഹിച്ചിട്ടുള്ളൂ… ഇനിയുള്ള കാലം മുഴുവനും മാനസികവും ശാരീരികവുമായ തൻ്റെ മോഹങ്ങളെല്ലാം അടക്കി വച്ച് ജീവിക്കണമെന്ന് നിർബന്ധിക്കാൻ ആർക്കാണധികാരം… താനും ഒരു പെണ്ണല്ലേ… എല്ലാ ജീവിവർഗ്ഗത്തിനുമുള്ള വികാരവിചാരങ്ങൾ തനിക്കുമില്ലേ… ഇനിയുമൊരു വിവാഹത്തിന് ജയേട്ടന്റെ ഓർമ്മകൾ തനിക്ക് തടസ്സമാവില്ല… ഓർമ്മിക്കാൻ മാത്രം അങ്ങനെ ഒന്നുമില്ല… ദേവകിയമ്മ എന്ന ഒറ്റ തടസ്സം മാത്രമേയുള്ളൂ… അവരെ തനിച്ചാക്കണം ഉപേക്ഷിക്കണം… അതേ മാർഗ്ഗമുള്ളൂ… അവിടെ, മരിച്ചു പോയ ഭർത്താവിൻ്റെ വീട്ടിൽ താമസിക്കുംതോറും കുഞ്ഞുങ്ങളും കുടുംബവുമെന്ന തൻ്റെ മോഹം കഴിച്ചുമൂടപ്പെടുകയേയുള്ളൂ… അമ്മ പറയുന്നതു ശരിയാണ്. ഒന്നും കാണാതെയല്ല അവർ തന്നെ പഠിപ്പിച്ചതും സഹായിച്ചതും… ഭർത്താവും മകനും മരിച്ചു പോയി തനിച്ചായ അവർക്ക് ജീവിതകാലം മുഴുവൻ ഒരു കൂട്ടു വേണം… അതു കൊണ്ടാണ് തനിക്കു വേണ്ടി ഓരോന്നു ചെയ്ത് കൂടെ നിർത്തുന്നത്… ശരിയാണ്… എല്ലാം തനിക്ക് ഊഹിക്കാവുന്നതേയുള്ളൂ…

എന്നാലും മറ്റെല്ലാവരെയുംപ്പോലെ ജീവിക്കാൻ കൊതിക്കുമ്പോഴെല്ലാം അവരെ തനിച്ചാക്കേണ്ടി വരുമെന്നോർക്കുമ്പോൾ ഒരു വിഷമം… ഈ ലോകത്ത് സ്വർത്ഥർക്കു മാത്രമേ നിലനിൽപ്പുള്ളൂ…

” എന്നു മുതലാണ് നിനക്ക് ജോലിക്കു പോയിത്തുടങ്ങേണ്ടത്…?”. അമ്മയുടെ ചോദ്യം ആതിരയെ ചിന്തകളിൽ നിന്നുമുണർത്തി.

” രണ്ടാഴ്ച സമയമുണ്ട്…”.

” ഉം… ടൗണിലല്ലേ… ഞാനൊരു കൂട്ടരോട് കാര്യം പറയുന്നുണ്ട്. അവര് ചെലപ്പോ നിൻ്റെ ജോലി സ്ഥലത്തേക്ക് കാണാൻ വന്നേക്കും… നീ ഉടക്കുവർത്താനം പറയാൻ നിന്നേക്കരുത്…”.

ആതിര വേണ്ടെന്നോ വേണമെന്നോ പറഞ്ഞില്ല.

പുതിയ ജോലിസ്ഥലത്ത് അധികം തിരക്കില്ലാത്ത സമയത്താണ് ഒരു ചെറുപ്പക്കാരൻ കയറി വന്നത്…

” ആതിരയല്ലേ…?”.

” അതെ…”.

” എൻ്റെ പേര് വിപിൻ. ഞാൻ ആതിരയുടെ അമ്മ പറഞ്ഞിട്ട് വന്നതാണ്…”. അയാൾ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ചോദിച്ചു. ” ഞാൻ വന്നത് ഒരു വിവാഹാലോചനയുമായാണ്. എനിക്കു വേണ്ടിത്തന്നെ… വിരോധമില്ലെങ്കിൽ നമുക്കല്പം സംസാരിക്കാമോ…?”.

കാൻ്റീനിലെ മേശയ്ക്കിരുവശത്തുമായി ഇരിക്കവേ അല്ലം ബോൾഡായിട്ടു തന്നെയാണ് ആതിര സംസാരിച്ചത്.

”അമ്മ നിർബന്ധിച്ചതുകൊണ്ടു മാത്രമാണ് കാണാനും സംസാരിക്കാനും ഞാൻ സമ്മതിച്ചതു തന്നെ… നിങ്ങൾക്ക് എന്നെക്കുറിച്ച് എല്ലാം അറിയാമോ…?”.

” ഒരിക്കൽ വിവാഹം കഴിഞ്ഞതാണെന്നും. ഭർത്താവ് മരിച്ചു പോയതാണെന്നുമറിയാം… കുറേയൊക്കെ കാര്യങ്ങൾ അമ്മ തന്നെ എനിക്കു പറഞ്ഞു തന്നിട്ടുണ്ട്. പ്രത്യേകിച്ചെന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയാനും അറിയാനുമാണല്ലോ ഈ കൂടിക്കാഴ്ച… എന്തായാലും എന്നെക്കുറിച്ചുള്ള കാര്യങ്ങൾ ഞാൻ ആദ്യമേ പറയാം. എൻ്റെ വിവാഹവും ഒരിക്കൽ കഴിഞ്ഞതാണ്. പ്രണയവിവാഹമായിരുന്നു. വിവാഹശേഷം ഞാൻ കൊടുക്കുന്ന പ്രണയം പോരെന്ന് പറഞ്ഞ് അവൾ അതു കൂടുതൽ കിട്ടുന്ന ഒരാളെ കണ്ടു പിടിച്ച് അയാൾക്കൊപ്പം പോയി. കുറച്ചു നാൾ തനിച്ചു ജീവിച്ചു മടുത്തപ്പോഴാണ് ഇനിയൊരു കൂട്ടു വേണമെന്നു തോന്നിയത്… പിന്നെ ഞാനൊരു സർക്കാർ ജോലിക്കാരനൊന്നുമല്ലാട്ടോ… കർഷകനാണ്. അത്യാവശ്യം പച്ചക്കറികളും പിന്നെ ആടും കോഴിയും പശുക്കളുമൊക്കെയായി ഒരു ഫാം നടത്തുന്നു…”. അയാൾ പറഞ്ഞു നിർത്തി.

എല്ലാം തുറന്നു പറഞ്ഞു കൊണ്ടുള്ള അയാളുടെ സംസാരരീതി ആതിരയ്ക്ക് ഇഷ്ടമായി.

” എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. എൻ്റെ ഭർത്താവ് മരിച്ചു പോയെങ്കിലും ഇപ്പോഴും ഞാൻ അദ്ദേഹത്തിൻ്റെ വീട്ടിലാണ് താമസിക്കുന്നത്. അവിടെ പ്രായമായ അമ്മ മാത്രമേയുള്ളൂ. എന്നെ പഠിപ്പിച്ചതും ഇപ്പോൾ ഈ ജോലി നേടാൻ സഹായിച്ചതും ആ അമ്മയാണ്. ശരിക്കു പറഞ്ഞാൽ അവരെൻ്റെ അമ്മായിയമ്മയല്ല, പോറ്റമ്മയാണ്… അവരെ തനിച്ചാക്കുന്ന കാര്യം എനിക്കു ചിന്തിക്കാൻ കൂടി കഴിയുന്നില്ല…”. ആതിര പറഞ്ഞു.

” അതിനെന്താ വിവാഹശേഷം നമുക്ക് ആ അമ്മയെ നമ്മുടെ കൂടെ താമസിപ്പിക്കാം… എനിക്കെന്തായാലും വേറെ വീടു വച്ചു മാറാതെ തരമില്ല. സ്വത്ത് ഭാഗം വെപ്പെല്ലാം കഴിഞ്ഞു. വീട് അനിയനുള്ളതാണ്…”. വിപിൻ പുഞ്ചിരിയോടെ പറഞ്ഞു.

” അതെങ്ങനെ…? ഏതെങ്കിലും അമ്മമാർ സ്വന്തം മകൻ്റെ വിധവയുടെ കല്യാണത്തിനു സമ്മതിക്കുമോ…”.

പുഞ്ചിരിയോടെ വിപിൻ പറഞ്ഞു.

”നമുക്കു ശ്രമിക്കാംന്നേ… എന്തായാലും ആതിരയ്ക്ക് എന്നോടും ഈ വിവാഹാലോചനയോടും ഇഷ്ടക്കേടൊന്നുമില്ലല്ലോ…”.

” ഇഷ്ടക്കേടു തോന്നാൻ നിങ്ങൾ എന്നോട് തെറ്റായിട്ടൊന്നും പെരുമാറിയിട്ടില്ലല്ലോ…”.

” എങ്കിൽ വരൂ… ആതിരയുടെ അമ്മയും എന്നോടൊപ്പം വന്നിട്ടുണ്ട്. അവിടെ വിശ്രമമുറിയിലിരിക്കുകയാണ്… അമ്മയോട് കാര്യം പറഞ്ഞിട്ട് ബാക്കി കാര്യങ്ങളെപ്പറ്റി തീരുമാനിക്കാം…”. വിപിൻ പറഞ്ഞു.

” ങാഹാ… അപ്പോ എൻ്റെ അമ്മ നിങ്ങളെ പിടിച്ച പിടിയാലെ കൊണ്ടു വന്നതാണല്ലേ…കൊള്ളാല്ലോ…”. ആതിര ചിരിച്ചു കൊണ്ടു പറഞ്ഞു.

” അമ്മ പറഞ്ഞാൽ മക്കൾ അനുസരിച്ചല്ലേ പറ്റൂ…”. വിപിനും ചിരിച്ചു.

വിപിനൊപ്പം വിശ്രമമുറിയിലേക്കു വന്ന ആതിര അവിടെയിരിക്കുന്ന ആളെ കണ്ട് ഞെട്ടിപ്പോയി…

അത് ദേവകിയമ്മയായിരുന്നു…

സ്തംഭിച്ചു നിൽക്കുന്ന ആതിരയ്ക്കരികിലേക്ക് വന്ന് പുഞ്ചിരിയോടെ ദേവകിയമ്മ ചോദിച്ചു.

” മോൾക്കീ വിവാഹത്തിന് സമ്മതമാണല്ലോ അല്ലേ…?”.

” എന്നെ പരീക്ഷിച്ചതാണല്ലേ… അമ്മയെ തനിച്ചാക്കി ഞാൻ പോകുമെന്നു തോന്നുന്നുണ്ടോ…”. കണ്ണീരോടെ ആതിര പറഞ്ഞു.

” ഞാനെന്തിനെൻ്റെ മോളെ പരീക്ഷിക്കണം. നിനക്ക് നല്ലൊരു ജീവിതമുണ്ടാക്കിത്തരേണ്ടത് എൻ്റെ കൂടി കടമയല്ലേ…”. ദേവകിയമ്മ പറഞ്ഞു.

” വേണ്ടമ്മേ, അങ്ങനെ അമ്മയെ തനിച്ചാക്കിയിട്ട് എനിക്കൊന്നും നേടണ്ട…”. ആതിരയുടെ തൊണ്ടയിടറി.

” എന്നു പറഞ്ഞാലെങ്ങനെയാ… വിവാഹപ്രായമായ പെൺമക്കളെ കെട്ടിച്ചു വിട്ടല്ലേ പറ്റൂ… അപ്പോൾ വീട്ടുകാരെ പിരിയാതെ കഴിയില്ലല്ലോ..”. ദേവകിയമ്മ പറഞ്ഞു.

” അതു പോലാണോ ഇത്… ഞാൻ അമ്മയുടെ മകൻ്റെ ഭാര്യയായല്ലേ ഇങ്ങോട്ടു വന്നത്. എന്നെ പറഞ്ഞയച്ചാൽ അമ്മയ്ക്കു പിന്നെ ആരുണ്ട്…?”. ആതിര ചോദിച്ചു.

” അങ്ങനെ വെറുമൊരു അമ്മായിയമ്മയായി മാത്രമാണോ മോളെന്നെ കണ്ടത്… അന്നെൻ്റെ മോൻ പോയിക്കഴിഞ്ഞതിനു ശേഷം ഞാൻ തീരുമാനിച്ചതാണ് മോൾക്ക് നല്ലൊരു ബന്ധം കണ്ടെത്തി വിവാഹം നടത്തിത്തരണമെന്ന്. പഴയ ഓർമ്മകളൊക്കെ മനസ്സിൽ നിന്നും മാഞ്ഞു പോകുന്നതിനു വേണ്ടിയാണ് തുടർന്നു പഠിക്കാൻ ഞാൻ നിർബന്ധിച്ചത്. ഇപ്പോ ഒരു ജോലിയൊക്കെ ആയതോടെ അല്പം കൂടി നിലയും വിലയും എൻ്റെ മോൾക്ക് കിട്ടും. ആർക്കു മുൻപിലും തലയുയർത്തി നിൽക്കാം… അല്ലാതെ എന്നും എൻ്റെ കൂടെ താമസിച്ച് ജീവിതം തുലച്ചു കളയാൻ വേണ്ടിയല്ല…”. ദേവകിയമ്മ പറഞ്ഞു.

ആതിരയ്ക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. അവളുടെ മിഴികൾ ഒന്നുകൂടി നിറഞ്ഞു.

” ഈ ചെറുക്കനെക്കുറിച്ച് എനിക്ക് നന്നായറിയാം… ഇവൻ നിന്നെ പൊന്നു പോലെ നോക്കിക്കോളും, അതെനിക്കുറപ്പാണ്…”. വിപിനു നേരെ നോക്കിക്കൊണ്ട് ദേവകിയമ്മ പറഞ്ഞു.

ആതിര വിപിനു നേരെ തിരിഞ്ഞു.

” അമ്മ പറഞ്ഞതു പോലെ എനിക്കിപ്പോൾ ഒരു നിലയും വിലയുമൊക്കെയായില്ലേ… അതു കൊണ്ട് ഞാനൊരു ഡിമാൻ്റ് വയ്ക്കുകയാണ്, എൻ്റെ ഈ അമ്മയെ തനിച്ചാക്കാതെ ആ വീട്ടിൽ എന്നോടൊപ്പം താമസിക്കാൻ തയ്യാറുള്ള ഒരാളെയേ ഞാൻ വിവാഹം കഴിക്കൂ…”.

ദേവകിയമ്മയുടെ മിഴികൾ നിറഞ്ഞു, ആതിരയുടേയും…

എന്തായാലും താമസിക്കാൻ ഒരു വീടു വേണം… ഇതിപ്പോൾ ആതിരയെ വിവാഹം ചെയ്യുകയാണെങ്കിൽ അതിനൊരു തീരുമാനമാവും… ആതിരയ്ക്ക് നല്ലൊരു ബന്ധം കിട്ടിയെന്ന് ദേവകിയമ്മയ്ക്കും അമ്മ തനിച്ചാവില്ലെന്ന് ആതിരയ്ക്കും ആശ്വസിക്കാം…

വിപിൻ മനസ്സിലോർത്തു കൊണ്ട് അവർക്കു മുൻപിൽ നിന്ന് പുഞ്ചിരിച്ചു…

~ശ്രീജിത്ത് പന്തല്ലൂർ